കനിയും ഞാനും…

രചന: Sarath Saseendran Nair

നാളെ എന്റെ കല്യാണമാണ്. സത്യം…. വിശ്വസിക്കാൻ കഴിയുന്നില്ലല്ലേ ?. എനിക്കും. പെട്ടെന്നാരുന്നു എല്ലാം. തമാശ അതല്ല, എന്റെ അച്ഛനിത് നേരിൽ കണ്ടാൽ പോലും വിശ്വസിക്കില്ല. അതോണ്ട് പുള്ളിയോട് പറഞ്ഞില്ല. അമ്മയോടും. രാവിലെ ഇറങ്ങാൻ നേരം ആലോചിച്ചതാണ് എന്തെങ്കിലും താഴെയിട്ടു അത് എടുക്കുന്ന പോലെ കുനിഞ്ഞു അച്ഛന്റെ കാലിൽ തൊട്ടു തൊഴുതാലോ എന്ന്. പക്ഷെ അത് സിനിമേല് നടക്കും. എന്റെ വീട്ടിൽ നടക്കില്ല. എങ്ങനെയൊക്കെയോ ഇവിടം വരെ എത്തിച്ചു. അച്ഛന് ഡൗട്ട് തോന്നിയാൽ പിന്നെ ചോദ്യമായി പറച്ചിലായി. ചോദ്യവും പറച്ചിലും രണ്ടും പുള്ളി തന്നെ നടത്തിക്കോളും. ചിലപ്പോ ചെകിടത്തൊന്നു കിട്ടാനും ചാൻസുണ്ട്. ചിലപ്പോ അതിൽക്കൂടുതലും.. അതുകൊണ്ട് റിസ്ക് എടുത്തില്ല. നല്ല ക്ഷീണം തോന്നുന്നുണ്ട്. പത്തുപതിനെട്ടു മണിക്കൂർ യാത്രയുണ്ട്. വെളുപ്പിനേ ചെന്നൈയിലെത്തുള്ളൂ. പിന്നെ ഒന്ന് ഉറങ്ങാൻ പോലും സമയം കിട്ടില്ല.ട്രെയിനിൽ എനിക്ക് ഉറക്കം വരില്ല. പ്രത്യേകിച്ച് ഇന്നത്തെ രാത്രി. രണ്ടു ദിവസത്തെ അവധിക്കു വന്നതായിരുന്നു വീട്ടിൽ. രണ്ടു ദിവസം രണ്ടു മാസത്തേക്കാൾ ഇഴഞ്ഞാണ് പോയതെന്നു തോന്നി. സാധാരണ ഒരാഴ്ച വീട്ടിൽ നിന്നാലും സമയം പെട്ടെന്ന് പോയപോലെ തോന്നുമായിരുന്നു. ഇത്തവണ എന്തോ ആകെ ടെൻഷൻ. വെളിയിലിറങ്ങാനും നാട്ടിലെ കൂട്ടുകാരുടെ അടുത്തൊന്നും പോകാനും തോന്നിയില്ല. അകത്തു തന്നെ ഇരുന്നു സമയം കളഞ്ഞു. വല്ലാത്തൊരു അവസ്ഥയായിരുന്നു രണ്ടു ദിവസം ഞാൻ നേരിട്ടത്. ‘അമ്മ ചോറ് കൊണ്ട് വന്നു കയ്യിൽ തരുമ്പോഴും അച്ഛൻ കുളിക്കാൻ ചൂടുവെള്ളം വച്ചിട്ടുണ്ടെന്നു കുളിമുറിയിൽ നിന്ന് വിളിച്ചു പറയുമ്പോഴുമൊക്കെ ആകെയൊരു വിഷമം. അവരിപ്പോഴും എന്നെ കൊച്ചു കുട്ടിയെപ്പോലെയാണ് കരുതുന്നത്. പക്ഷെ ഞാനോ അവരെയെല്ലാം പറ്റിച്ചു നാളെ കല്യാണം കഴിക്കാൻ പോകുന്നു. എങ്കിലും ‘കനി’യെ എത്രയും പെട്ടെന്ന് സ്വന്തമാക്കേണമെന്നത് എന്റെ ആഗ്രഹം മാത്രമല്ല ആവശ്യം കൂടിയാണല്ലോ. ഉറക്കം വന്നില്ലെങ്കിലും ഞാൻ പയ്യെ കണ്ണുകളടച്ചിരുന്നു. ഞാൻ നടന്നെതെല്ലാം വീണ്ടും ഓർക്കാൻ തുടങ്ങി.


‘കനി’യെ ഞാൻ ആദ്യം കാണുന്നത് ലാവണ്യയുടെ കല്യാണത്തിനാണ്. അപ്പൊ എനിക്ക് അവളിൽ വലിയ പ്രത്യേകതയൊന്നും തോന്നിയില്ല. കാണാൻ കുറച്ചു സൗന്ദര്യമൊക്കെയുണ്ട്. നല്ല കിന്നരികളൊക്കെയുള്ള ദാവണിയാണ് വേഷം. തമിഴ്‌നാട്ടിൽ ഇപ്പോഴും ദാവണിക്കു കുറവൊന്നുമില്ല. ഒരു പത്തു പതിനെട്ടു വയസ്സ് പ്രായമുണ്ടാകും. അല്ലെങ്കിലും കല്യാണദിവസം കല്യാണപ്പെണ്ണ് എത്ര സുന്ദരിയായി ഒരുങ്ങീട്ടും കാര്യമില്ല. തോഴിമാരിലായിരിക്കുമല്ലോ നമ്മൾ പയ്യന്മാരുടെ ശ്രദ്ധ. അവൾ ലാവണ്യയുടെ അടുത്തും മറ്റു പെൺകുട്ടികളുടെ അടുത്തുമൊക്കെയായി അങ്ങനെ പാറി നടക്കുന്നു. ഇടയ്ക്കു ഫോണെടുത്തു ആർക്കൊക്കെയോ ഓഡിറ്റോറിയത്തിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുന്നുണ്ട്. സുന്ദരിയൊക്കെ ആണെങ്കിലും എനിക്കവളെ സൈറ്റടിക്കാനുള്ള തോന്നലില്ലാരുന്നു അവളെക്കുറിച്ചു കൂടുതൽ അറിയും വരെ.
അതിനു ശേഷം കാണുന്നത് അവളുടെ വീടിനടുത്തുള്ള ബസ്റ്റോപ്പിൽ വെച്ചാണ്. അതു പക്ഷെ അപ്രതീക്ഷിതമല്ലായിരുന്നു എനിയ്ക്കു. ഞാൻ പ്ലാൻ ചെയ്തു വന്നതാണ്. നേരെ ബൈക്ക് അവളുടെ അടുത്ത് നിർത്തി:
” സ്ക്യൂസ്‌ മി .. ഇങ്ക ഈ സെന്റ് സേവിയേഴ്‌സ് കോളേജ് എങ്കെ ഇറുക്കെന്നു തെറിയുമാ..?? ഞാൻ കഷ്ടപ്പെട്ട് എന്റെ ഫ്രണ്ട് കതിരിനെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് എനിക്കറിയാവുന്ന തമിഴിൽ ചോദിച്ചു.
അവൾ എന്റെ മുഖത്തേക്ക് നോക്കി. എന്നെ എവിടെയോ കണ്ടിട്ടുണ്ടോ എന്നൊരു ഡോട്ട് അവളുടെ നോട്ടത്തിലുണ്ടാരുന്നു.
” കോളേജ് താണ്ടി താങ്കെ നീങ്ക വന്തിരുക്കീങ്ക …നീങ്ക വന്ത വഴിയിലെ ഒരു2 കിലോ മീറ്റർ പിന്നാടി താങ്കെ കോളേജ് .” അവളുടെ മനോഹരമായ ശബ്ദം ഞാൻ ആദ്യമായി വളരെ അടുത്ത് നിന്ന് കേള്ക്കുന്നു. “awesome ..awesome.. “ഞാൻ മനസ്സിൽ പറഞ്ഞു . അവളോട് പറയാൻ പറ്റില്ലല്ലോ.
” ഓ അപ്പടിയാ .. അപ്പൊ ഞാൻ പിന്നാടി തിരിച്ചു പോണമാ ..??” അവൾ പറഞ്ഞത് മനസ്സിലായെങ്കിലും അവളുടെ ശബ്ദം ഒന്നൂടെ കേൾക്കാൻ വേണ്ടി ഞാൻ തമിഴറിയാത്ത പോലെ ചോദിച്ചു.
” ആമ”
ശെയ് .. അവൾ ഒരു’ആമ’യിലൊതുക്കി. സാരമില്ല..ഫസ്റ്റ് അറ്റംപ്റ് വിജയകരമായി കഴിഞ്ഞു. പക്ഷെ ആ ആശ്വാസത്തിൽ ഞാൻ റസ്റ്റ് എടുക്കാൻ തയാറായിരുന്നില്ല. കാരണം അവളെ ലവ് ചെയ്യുക എന്നത് എന്റെ ആഗ്രഹം മാത്രമല്ലല്ലോ ആവശ്യം കൂടിയാണ്.
ആക്ച്വലി അവൾ പഠിക്കുന്നത് അതേ കോളേജിലാണെന്ന് അറിഞ്ഞു കൊണ്ട് തന്നേയാണ് ഞാൻ അന്ന് വഴി ചോദിച്ചത്. എന്റെ ഫ്രണ്ട് കതിർ അതിനടുത്തുള്ള ബാങ്കിലാണ് വർക്ക് ചെയ്യുന്നത്. സൊ, കോളേജ് ഗേറ്റിനു മുമ്പിലെ സിസി ക്യാമറയുടെ ജോലി ഞാൻ അവനു കൊടുത്തു. അവന്റെ ഡ്രൈവറുടെ ജോലി അവൻ എനിക്ക് തന്നു. അതുകൊണ്ടു തന്നെ ഇനി എനിക്ക് ധൈര്യമായി അവിടെ പോകാം. പാവം അത്രേം നാൾ 9:55 നു ബാങ്കിൽ എത്തിയിരുന്ന കതിർ അതിനു ശേഷം 8:30 നു തന്നെ വന്നു തുടങ്ങി. വെറേ വഴിയില്ല. പിന്നെ സ്ഥിരം അവൾ പോകുന്ന ബസിനു പുറകിൽ ഞാനും…സോറി ഞങ്ങളും .. അവൾ ബസ് ഇങ്ങുമ്പോ അവളെ പാസ് ചെയ്തു പോകുന്നതു പതിവാക്കി. ആദ്യ ദിവസം ഞാൻ അവളെ കണ്ടിട്ട് അറിയാത്ത ഭാവത്തിൽ പോയി. പക്ഷെ സൺഗ്ളാസിനുള്ളിലൂടെ എന്റെ കണ്ണുകൾ അവളെ വീക്ഷിക്കുന്നുണ്ടാരുന്നു. അവൾക്കെന്നെ അന്ന് വഴി ചോദിച്ചതായാളാണെന്നു മനസ്സിലായെന്നും ഞാനിതെങ്ങോട്ടാണെന്ന് അറിയാനുള്ള ചെറിയൊരു ത്വരയുണ്ടെന്നും ആ രണ്ടു സെക്കന്റ് നോട്ടത്തിലൂടെ ഞാൻ മനസ്സിലാക്കി.
രണ്ടു ദിവസം അങ്ങനെ പോയി.. മൂന്നാം നാൾ ഞാൻ വളരെ നിഷ്കളങ്കമായി നാല് സെക്കന്റ് അവളെ നോക്കി. ‘ ഇതേതാ ഈ കുട്ടി ? എവിടെയോ കണ്ടിട്ടുണ്ടല്ലോ ? എവിടെയാണെന്ന് ഒരു പിടീം കിട്ടുന്നില്ല..’ മുതലായ ഒരുപാട് ചിന്തകൾ എന്റെ മനസ്സിലുണ്ടെന്നു ആ നോട്ടത്തിലൂടെ അവൾക്കും പിടികിട്ടി.
പിന്നെയുള്ള ദിവസങ്ങളിൽ രണ്ടുപേരും മുഖത്തോടു മുഖം നോക്കി പോകാൻ തുടങ്ങി. ഒരു നാൾ അപ്രതീക്ഷിതമായി (വളരെ വളരെ അപ്രതീക്ഷിതമായി) ഞങ്ങളുടെ ബൈക്കിന് സ്റ്റാർട്ടിങ് ട്രബിൾ. പിന്നെ ബസ്സിൽ പോയല്ലേ പറ്റൂ..അതും അവൾ പോകുന്ന അതെ ബസിൽ.
കോളേജിന് രണ്ടു സ്റ്റോപ്പ് മുമ്പിലാരുന്നു നമ്മൾ താമസിച്ചിരുന്നത്. ബസ് വരുന്നതിനു ഒരു മണിക്കൂർ മുമ്പ് തന്നെ സ്റ്റോപ്പിൽ വന്നു വെയിറ്റ് ചെയ്തു. വല്ലാത്തൊരു ത്രില്ല്. ഞാൻ ഇടയ്ക്കിടയ്ക്ക് ഫോണെടുത്തു സമയം നോക്കിക്കൊണ്ടിരുന്നു. ബസ് വന്നു. ഇറങ്ങാനുള്ളവർ ഇറങ്ങിക്കഴിഞ്ഞു നമ്മൾ കയറുന്നതുവരെയുള്ള 2 മിനിറ്റിനുള്ളിൽ ഞാൻ കണ്ടു, വെള്ള ദാവണിയും പിങ്ക് പാവാടയുമൊക്കെയുടുത്ത് തമിഴ് ദേവതൈ. പക്ഷെ പാവം കുട്ടി എന്നെ കണ്ടില്ലാന്നു തോന്നുന്നു.
” ഹലോ , വൈറ്റ് സട്ട … ടിക്കറ്റ് ..” കണ്ടക്ടറുടെ മുരടൻ ശബ്ദം കേട്ടിട്ടും ആ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഞാൻ പൈസ നീട്ടിയിട്ടു ‘ഒരു കോളേജ് ജംഗ്ഷൻ’ എന്ന് പറഞ്ഞു.
പെട്ടെന്നാണത് സംഭവിച്ചത് .. തമിഴ് ദേവതയുടെ ആ രണ്ടു കണ്ണുകൾ അത്രയും നേരം റോഡിലും അങ്ങിങ്ങുമൊക്കെയായി ഓടിനടന്ന ആ രണ്ടു ഉണ്ടക്കണ്ണുകൾ അതാ എന്റെ നേർക്ക് വന്നു അനങ്ങാതെ നിന്നു. ‘എന്റമ്മോ ‘..ആ നോട്ടത്തിനു വേണ്ടിയാണ് ഞാൻ വന്നതെങ്കിലും അതെനിക്ക് താങ്ങാവുന്നതിലും ഹെവിയായിരുന്നു.’ അവൾ എന്നെ ചെറിയൊരു ആശ്ചര്യത്തോടെ നോക്കി. അത് വേണമല്ലോ..! പിന്നെ ഒരു പുഞ്ചിരി. സത്യായിട്ടും ഒരു 2 സെക്കന്റ് എക്സ്ട്രാ നോക്കിയിരുന്നേൽ ഞാൻ ഹാർട്ട് അറ്റാക്ക് വന്നു ചത്തിട്ടുണ്ടാകും. എങ്ങനെയോ എവിടെനിന്നോ ഞാനും ഒരു കൊച്ചു പുഞ്ചിരി ഒപ്പിച്ചു അവൾക്കും കൊടുത്തു. ഇന്നിനി എനിക്ക് ഒന്നിനും വയ്യ. ആകെ തളർന്നു പോയിരുന്നു. സ്റ്റോപ്പ് എത്തി. ധും …ധും .. എന്റെ ഹൃദയം ബാന്റ് മേളം തുടങ്ങി. അവളിറങ്ങിയപ്പോ ചെറിയ സമാധാനമായി. പുറകെ വേറെ കുറെ കുട്ടികളും പിന്നെ ടീച്ചേഴ്സും പിന്നെ ആരൊക്കെയോ ഇറങ്ങി. അവസാനം ഞാനും കതിരും. പക്ഷെ അപ്രതീക്ഷിതമായി അവൾ ഇറങ്ങിയിട്ട് അവിടെ തന്നെ നിന്നു. എന്നെ പ്രതീക്ഷിച്ചുള്ള നിപ്പാണ്.
“..ഹായ് ..” കിളിനാദം ..!!
“..ഹായ് ..” എന്റെ വിറയാർന്ന നാദം..!!
” എന്ന നാപകം ഇറുക്കാ ..??” നാപകം ..സോറി ഓര്മയുണ്ടെന്നു അവൾക്കു നല്ലവണ്ണം അറിയാം എങ്കിലും എന്നോട് മിണ്ടാൻ വേറെ വാചകമൊന്നും അവൾക്കുണ്ടായിരുന്നില്ല.
” ആ ജ്ഞാപകം ഉണ്ട്. ഞാനന്നു വഴി ചോദിച്ച …..?” ഞാൻ വിക്കി വിക്കി ചോദിച്ചു
” ആമ .. ഇങ്കേയാ വേല പൻറീങ്ക ? “
” അല്ല .. കൊഞ്ചം കൂടെ ദൂരെ. ഇത് എന്നോട ഫ്രണ്ട് ..” ഞാൻ കാതിരിനെ ചൂണ്ടിക്കാട്ടി . ഒരു ധൈര്യം കിട്ടാനും കൂടി ആയിരുന്നു. “ഇവൻ ഇങ്കേ വേല ചെയ്യുന്നു. ഇന്ത ബാങ്കിലെ. നമ്മൾ ഡൈലി ഒന്നാ വരും. അല്ല ഒന്നാ വന്തിടും…”
” ഒന്നാ താൻ വരുവീങ്ക..” ബാക്കി അവൾ ആണ് പൂരിപ്പിച്ചത്. എന്നിട്ടൊരു ചിരി … അയ്യോ …..!!!
” മ്.. എനക്ക് തമിഴ് അവളോ അറിയില്ല. കേട്ടാൽ പുരിയും. ബട്ട് തിരുമ്പി പറയാൻ കൊഞ്ചം..”
” മ് തെരിയുത്… അതെല്ലാം പ്രച്ചനയില്ല ..എനക്ക് മലയാളം ഒരു വേർഡ് കൂട തെരിയാത്. അപ്പൊ നീങ്ക എന്നവിട എവളോ മേൽ ..! “
” ആമ ..ആമ ..കറക്റ്റ് കറക്റ്റ് ….” ഞാൻ ആ പറഞ്ഞ ശൈലി ഇഷ്ടപ്പെട്ടിട്ടു അവളും ഞാൻ തലയാട്ടിയ പോലെ ചിരിച്ചുകൊണ്ട് തലയാട്ടി. അത് ഒന്ന് കാണേണ്ടത് തന്നെയാണ്. ഇത്രേം ക്ലോസ് ആയിട്ട് നുണക്കുഴിയൊക്കെ കാണിച്ചു ആ പുഞ്ചിരി കിട്ടുകയാണ് വെച്ചാ ..ആം സൊ ലക്കി..യു നൊ? ..??
“എന്താ പേര് …?? ” പേരറിയാത്ത പോലെ പുരികം ചുളിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
” കനി ..ഉങ്ക പേര്..? “
” കനി … വെറൈറ്റി .. ഒരു പ്രത്യേക … ” അല്ലെങ്കിൽ വേണ്ട …ഞാൻ പകുതിക്കു വച്ച് വിഴുങ്ങി. “എന്റെ പേര് അവിനാശ്.”
” അപ്പൊ സരി .. പാക്കലാം .. എനക്ക് ക്ലാസ്‌ക്ക് ടൈം ആകുത് …” പ്രതീക്ഷിക്കാതെയാണ് അവളെങ്ങനെ പറഞ്ഞത്
‘’അയ്യോ ..ഇത്ര പെട്ടന്ന് പോകല്ലേ’ എന്നെനിക്കു പറയണമെന്നുണ്ടാരുന്നു ..എന്തോ അതും ഞാൻ അപ്പോഴേ വിഴുങ്ങി.
” ശെരി പാക്കലാം ..” ഞാനും പറഞ്ഞൊപ്പിച്ചു
എന്തോ ഒരു വല്ലാത്ത ആശ്വാസം .. കളഞ്ഞു കിട്ടിയ ലോട്ടറിക്ക് ഫസ്റ്റ് പ്രൈസ് അടിച്ച പോലെ ഒരു ഫീലിംഗ്. അവൾ ക്യാമ്പസിന്റെ ഗേറ്റ് കടന്നു ഉള്ളിൽ പോയിട്ടും എന്റെ കാഴ്ച്ചയിൽ നിന്ന് മറഞ്ഞിട്ടും ഞാൻ അങ്ങനെ തന്നെ നോക്കി നിന്നു. ഇപ്പൊ ഞാൻ ഒരു കാര്യം മനസ്സിലാക്കുന്നു. കനിയെ കല്യാണം കഴിക്കുക എന്നത് എന്റെ ആവശ്യത്തേക്കാൾ അതെന്റെ സ്വപ്നവും ലക്ഷ്യവുമായി മാറാൻ തുടങ്ങിയിരിക്കുന്നു.


“ചായേ ..ചായ ചായേ …” ആ വിളി കേട്ടാണ് ഞാൻ ഓർമയിൽ നിന്നുണരുന്നത്. തിരുച്ചിറപ്പള്ളി സ്റ്റേഷൻ എത്തി. ഈ പാതിരാക്കാന് ചായ..!! ഞാൻ ബാഗിലുണ്ടാരുന്ന ബോട്ടിലിൽ നിന്ന് ഒരു കവിൾ വെള്ളം കുടിച്ചിട്ട് തിരിച്ചു വച്ചു.
ചെറുതായി ഉറക്കം വരുന്നുണ്ടോ ..?? പക്ഷെ ഇനി ഉറങ്ങിയാൽ ശെരിയാവില്ല. രാവിലെ നല്ല ക്ഷീണമായിരിക്കും. കല്യാണം കഴിക്കാനുള്ളതാണ്..!! അയ്യോ ഓർക്കുമ്പോൾ ഒരു ഞെട്ടൽ. പതിയെ വീണ്ടും എന്റെ ഓർമ്മകൾ കനിയിൽ ചെന്ന് നിന്നു.
ഇപ്പൊ ഏകദേശം ഒരു വർഷമാകുന്നു ഞാൻ അവളെ പരിചയപ്പെട്ടിട്ട്. നമ്മുടെ ബന്ധം ഞാൻ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് വളർന്നത്. ഇതിനിടക്ക് നാലഞ്ചു സിനിമ, പിന്നെ ഒരു ഫ്രണ്ടിന്റെ കല്യാണം, പിന്നെ രണ്ടു തവണ വേളാങ്കണ്ണി ദർശനം, പിന്നെ കുറെ തവണ മറീന ബീച്ച് അങ്ങനെ നമ്മൾ ഒരുമിച്ചു കുറെയിടങ്ങളിൽ. ഇപ്പൊ അവളെ കോളേജിൽ ഡ്രോപ് ചെയ്യുന്ന ജോലിയും ഏന്റെയാണ്. ബസ് സ്റ്റോപ്പ് മുതൽ കോളജ് ജംഗ്‌ഷൻ വരെ അവൾ വാ തോരാതെ സംസാരിക്കും. അത് കേള്ക്കാന് വേണ്ടി ഞാൻ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചുകൊണ്ടിരിക്കും. പാവം കതിർ ബസിൽ. അവൾക്കു കൂടുതലും പറയാനുണ്ടാവുക കല്യാണം കഴിഞ്ഞിട്ട് നമുക്ക് പോകേണ്ട സ്ഥലങ്ങളെ പറ്റിയും നമ്മൾ സ്വന്തമായി വയ്ക്കുന്ന വീടിനെപ്പറ്റിയുമൊക്കെയായിരിക്കും. പക്ഷെ അവൾ ഇതുവരെ നമ്മുടെ കാര്യം വീട്ടിൽ പറഞിട്ടില്ല. ഞാനും. പറഞ്ഞാൽ സമ്മതിക്കില്ലെന്ന് രണ്ടു പേർക്കും അറിയാം. കാരണം ഞാൻ പറയണ്ടല്ലോ. എന്റെ വീട്ടിൽ ഒരു തൃഷ ഫാനുമില്ല അവളുടെ വീട്ടിൽ ഒരു സിമ്പു ഫാനുമില്ല. ദേശവും ഭാഷയും വിട്ടൊന്നും കളിക്കുന്ന കൂട്ടത്തിലല്ല അവളുടെ ഫാമിലിയും എന്റെ ഫാമിലിയും. പിന്നെ സമയമാകുമ്പോ ഒരു ഒളിച്ചോട്ടം അതേയുള്ളു വഴി.
സമയം എത്ര പെട്ടെന്നാണ് പോകുന്നത്. അതുപോലെ ഞാനും കനിയും എത്ര പെട്ടെന്നാണ് അടുത്തത് ..?? അത് ആലോചിച്ചാൽ എനിക്ക് തന്നെ അത്ഭുതം തോന്നും. ഇടക്കൊക്കെ ഞാൻ ചിന്തിക്കും ലാവണ്യയുടെ കല്യാണത്തിന് വന്നില്ലാരുന്നെങ്കിൽ കനിയെ ഞാൻ കാണുകയോ ഇങ്ങനെയൊക്കെ സംഭവിക്കുകയോ ഇല്ലാരുന്നെന്നു.
ഓ …ലാവണ്യയെ കുറിച്ചു പറഞ്ഞില്ലാ ..?? പറയണോ ..?? പറഞ്ഞാൽ ഇതുവരെ എന്റെ കഥ കേട്ട നിങ്ങൾക്ക് എന്നോട് ചിലപ്പോ ദേഷ്യമാവും …എങ്കിലും പറയാം. കഥ മുന്നോട്ടു പോണമല്ലോ ..
അപ്പൊ ഫ്ലാഷ് ബാക്ക്.


“മച്ചാ… എന്റെ പെരുമാറ്റത്തിൽ എന്തേലും പ്രശ്നമുണ്ടോ.??” അത് ചോദിക്കുമ്പോ ഒരു തണുത്ത കാറ്റടിച്ചിട്ടു ഞാൻ കണ്ണടച്ച് പിടിച്ചിരുന്നു.
” പേരെ മാത്തപ്പൊരിയാ ..എതുക്ക് ..? ഉൻ പേര് നല്ലാ താനേ ഇരുക്ക് ..??” കതിർ നിഷ്കളങ്കമായി എന്നെ നോക്കി.
” പേര് മാറ്റാനല്ലെടാ, പെരുമാറ്റം ..എന്നുവെച്ചാൽ ..ബിഹേവിയറിൽ എന്തെങ്കിലും പ്രശനം ഇറുക്കാ ..??”
” ഡേയ് നീ തങ്കം ഡാ..സുത്തത്തങ്കം .. ഉനക്കെന്നടാ കൊറ..??” കതിർ എന്റെ തോളിൽ എത്തി കൈ തട്ടി ആശ്വസിപ്പിക്കാനെന്നവണ്ണം ആഞ്ഞു. പക്ഷെ നടുവിൽ ഗ്ലാസ്, ഓംലറ്റ്, മാങ്ങാ ഉപ്പിലിട്ടത് മുതലായവ പിന്നെ എന്തോ പേരുള്ള രണ്ടു കുപ്പിയും തടസ്സമായി ഇരിക്കുന്നത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു.
” അതല്ലെടാ.. ഇപ്പൊ ..ഇപ്പൊ .. ഞാൻ പെരുമാറുന്നതിൽ എന്തെങ്കിലും വ്യത്യാസം ,?.. മീൻസ് .. ഞാൻ പേശുന്നതിൽ പിന്നെ ഞാൻ നിന്നെ നോക്കുന്നതിൽ സോറി.. പാക്കുന്നതിൽ എന്തെങ്കിലും പ്രച്ചനൈ..?? ഞാൻ കണ്ണ് അടഞ്ഞു പോകാതിരിക്കാൻ കണ്ണുരുട്ടി ചുണ്ടു കൂർപ്പിച്ചു പിടിച്ചു.
” മച്ചാ.. ഇന്ത മാരി കേൾവി കേക്കുറത് താൻ പ്രച്ചനയെ .. “
” അല്ലേടാ എനിക്ക് വല്യ ഫീൽ ഒന്നും തോന്നുന്നില്ലടാ ..ഒരു വ്യത്യാസവും ഇല്ല .. അതാണ്..!”
” ഇല്ല മച്ചാ.. നീ പേസുരത്തെല്ലാം ഓകെ ..ആനാ ഉന്നോടാ ലുക്കപ്പാത്താലേ തെരിയും മച്ചാ നീ അടിച്ചിരുക്കേന്നു.”
” ആണല്ലേ… പക്ഷെ ..പേടിയാകുന്നു മച്ചാ …” ഞാൻ കരയുമ്പോലെ കതിരിനേ നോക്കി.
” പേടിയാ..??”
” ഛെ.. പേടി എന്ന് വെച്ചാ ഭയം .. ഭയമാകുത് … ഡാ.. ഒന്നുകിൽ നീ എനിക്ക് തമിഴ് പഠിപ്പിച്ചു താ ഇല്ലേൽ നീ മലയാളം പഠി ..” ഞാൻ ദേഷ്യം ഭാവിച്ചുകൊണ്ട് ഒരു ഗ്ലാസ് ബിയർ കൂടി ഒറ്റ വലിക്കു കുടിച്ചു.
” പുരിയുത് മച്ചാ.. യെന്ന ബയം ..?? “
” അച്ഛൻ അറിഞ്ഞാ എന്നെ കൊല്ലുംടാ … സത്യം..”
” ങേ..എന്നാ ..???”
” ഡാ അപ്പാ .. അപ്പാക്കു തെറിഞ്ഞാ കോല പണ്ണുമെന്നു..”
” ഡേയ് മച്ചാ ലവ് ഫെയിലിയെരെല്ലാം യരാച്ചും അപ്പാക്കിട്ട സൊല്ലുവിയാ..?”
” ലവ് ഫെയിലിയർ അല്ലേടാ തെണ്ടീ .. തണ്ണി അടിച്ചത്…”
” ഓ..തണ്ണിയടിച്ചതാ .. ഇതെല്ലാം ഒരു മാറ്റെരാഡാ..??” അപ്പടിന്ന നാങ്കെല്ലാം നൂറുവാട്ടി സത്തിരുക്കണം..” കതിർ ഷിർട്ടിന്റെ കോളറിൽ പിടിച്ചു അഭിമാനത്തോടെ ചിരിച്ചു.
” മച്ചാ.. അമ്മേ കാണണം ..” ഞാൻ പയ്യെ എഴുന്നേക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു ..
” ങേ..???”
” അമ്മാവ കാണണം ..”
” ഡേയ് എന്നടാ ആച്ചു .?? ഉക്കാരെടാ …” കതിർ ചെറുതായി ദേഷ്യം ഭാവിച്ചു.
” ഞാൻ അമ്മെ വിളിക്കാൻ പോണു ..എന്റെ ഫോൺ എങ്കെ ..??
“മച്ചാ..നാൻ സോൽറത കേള്. നീ അടിച്ചിരിക്കേ ..അതും ഫസ്റ്റ് ടൈം… വേണ മച്ചാ.. “
“അപ്പൊ ഞാൻ പോണു …ബൈക്കിന്റെ ചാവി കൊട് ..”
” അത് വേറെയാ …? നീ വാ റൂമുക്ക് പോലാം..”
ഞാൻ ചുറ്റും നോക്കി. ശെരിയാണ്..ഇത് റൂം അല്ല, പിന്നെവിടേണ് ..?? മുകളിലെ വിശാലമായ ആകാശവും അമ്പിളിമാമനും നക്ഷത്രവുമൊക്കെ കണ്ടപ്പോഴാണ് ടെരേസിലാണെന്നു മനസ്സിലായത് …അപ്പോഴേ എനിക്കുഡൗട് ഉണ്ടാരുന്നു റൂമിലെ ഫാനിന്റെ കാറ്റിനു ഇത്രേം തണുപ്പില്ലല്ലോന്നു.. എന്നാലും ഇവിടെങ്ങനെയെത്തി ..???
” മച്ചാ.. ഇങ്കെ എപ്പോഴ വന്തത്..?? “
കതിർ എന്റെ ചോദ്യം കേട്ട്അ റിയാതെ ചിരിച്ചുപോയി . ” ഉൻ ബിഹേവിയറില ഒരു പ്രചനയുമില്ല. സെമ്മ കൺട്രോളിൽ ഇരിക്കെ. ഇപ്പൊ നീ ഉൻ അപ്പാവുക്കെ കോൾ പണ്ണലാം.” അവൻ എന്നെ കളിയാക്കി“
“അല്ലേടാ’അമ്മ….”
” അമ്മാക്കിട്ടെല്ലാം നാളേക്ക് പെസലാംടാ ..” കതിർ എന്റെ തോളിൽ പിടിച്ചു. ” ഇപ്പൊ നീ എന്ന പന്നാപ്പോറെൻ.. ശാപ്പിട്ടു തൂൻക്രോം .. നാളേക്ക് കാലയിലെയെ എയ്ൻതിരിച്ചു ആഡിറ്റോറിയതുക്കു പൊറോം….”‘
” ആഡിറ്റോറിയ… ഞാനൊന്നുമില്ല.. “
” നീ ഇല്ലയാ …? നീ മട്ടുമില്ല നാനും വരെൻ … അവള പാക്കുറെൻ.. വിഷ് പൻറെൻ ..അപ്പുറം നീ അമ്മക്കിട്ട പേശ് ..”
” ഡാ എന്താഡാ സൊള്ളുന്നെ .. അവളെ പാക്കണമാ ..?.അതെല്ലാം ശെരിയാവില്ലെടാ ….” എനിക്കു ചെറുതായി വിഷമോം സങ്കടോം വന്നു.. ” നിനക്ക് തെറിയുമല്ലെടാ .. അവളെന്നെ തേച്ചതാടാ .. ഏമാത്തിയെടാ ..”
” അതെല്ലാം എനക്ക് തെരിയും ..ഇരുന്താലും നീ അവളെ കടസിയാ ഒരു വാട്ടി പാക്കപോരെൻ .. ഇല്ലെന്നാ റൊമ്പ നാൾ കലിച്ചു നീ ബയങ്കരമാ ഫീൽ പണ്ണും.” അവൻ നല്ല സീരിയസായിട്ടാണ് അങ്ങനെ പറഞ്ഞത്. പകുതി ബോധമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവൻ പറയുന്നത് കറക്റ്റ് ആണെന്ന് തോന്നി. .. പോണം.. ലാവണ്യയെ കാണണം .. രണ്ട് പറയണം .. രണ്ട് എന്ന് വെച്ചാല് രണ്ടു തെറി അല്ല .. ബെസ്ററ് വിഷെസ് …അല്ലാതെ തെറി പറഞ്ഞു കല്യാണം മുടക്കാനൊന്നും എന്നെക്കൊണ്ട് പറ്റില്ലല്ലോ .. മുടക്കീട്ടും കാര്യമൊന്നുമില്ല .. അവൾ പോയി..പോയത് പോയി..എന്നാലും ലാവണ്യാ ……
ഞാൻ കതിരിനു ഒരു ഉമ്മേം കൊടുത്തു കട്ടിലിൽ പോയി കിടന്നു.. അല്ലേലും ആദ്യമായിട്ട് വെള്ളമടിക്കുന്നവന്മാർക്കെല്ലാമുള്ള സൂക്കേടാണല്ലോ ഫീലായി ഫ്രണ്ടിനെ കെട്ടിപ്പിടിച്ചു ഉമ്മകൊടുക്കൽ..അതിന്റെ അർഥം.. ‘ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ലളിയാ.. എനിക്ക് നീ ഉണ്ടല്ലോ എന്റെ ചങ്കായിട്ടു’ എന്നാണു .. എല്ലാ ലവ് ഫെയിലിയാറിന്റെയും അവസാനം ഈ സീനാണ് നമ്മൾ പയ്യന്മാർക്ക്.
കിടന്നു രണ്ടു മണിക്കൂറായിട്ടും ഉറക്കം വരുന്നില്ല .. ഞാൻ എഴുന്നേറ്റ് മൊബൈൽ എടുത്തു സമയം നോക്കി..ഒന്നര മണി . സാധാരണ കേട്ടിട്ടുള്ളത് വെള്ളമടിച്ചാൽ നല്ല ഉറക്കം വരുമെന്നാണ്.. ഇത് ഉറക്കം പോകുന്ന ബ്രാൻഡ് ആണോ..? ഒന്നര എന്നുള്ളത് രണ്ടരയായി.. മൂന്നായി ..പയ്യെപ്പയ്യെ ബോധം വന്നതല്ലാതെ ഉറക്കം വന്നില്ല. കൂടെ അവളുടെ മുഖവും തെളിഞ്ഞു വന്നു .. ലാവണ്യയുടെ …!!
ക്ഷമിക്കണം.. ഫ്ലാഷ്ബാക്കിനിടക്ക് വീണ്ടുമൊരു ഫ്ലാഷ്ബാക്ക്


ലാവണ്യ.. അവളെന്റെ ജൂനിയർ ആയിരുന്നു..വല്യ പഠിപ്പി ഒന്നുമല്ലെങ്കിലും ..ക്ലാസ്സിലെ താരമായിരുന്നു അവൾ. ക്‌ളാസ്സിലെ അല്ല ആ ക്യാമ്പസ്സിലെ തന്നെ. ഞാൻ ആ വര്ഷം നാട്ടിലെ കോളജിൽ നിന്ന് ട്രാൻസ്ഫെരായി വന്നതാരുന്നു ഇവിടേയ്ക്ക്. ഇവിടെ എന്ന് പറഞ്ഞാൽ CMS കോളജ് ചെന്നൈ. അച്ഛനു ജോലിയിൽ സ്ഥലം മാറ്റം കിട്ടിയതായിരുന്നു കാരണം. അച്ഛൻ സ്ഥലം മാറിയത്തോടു കൂടി നമ്മൾ മൊത്തത്തിൽ ഇങ്ങോട്ടു മാറി..
ജൂനിയർ ആണെന്ന് വച്ച് അതിന്റെ പേടി ഒന്നും സീനിയർ പയ്യന്മാരോട് അവൾക്കുണ്ടാരുന്നില്ല. പ്രത്യേകിച്ച് നമ്മളോട്. ഞാൻ കേരളത്തിൽ നിന്നു വന്നതാണല്ലോ. മാത്രമല്ല എല്ലാ മലയാളികളും കൊച്ചി രാജാവിലെ ദിലീപൊന്നുമല്ലല്ലോ കേറിയങ്ങ് ഹീറോ ആകാൻ…
ലാവണ്യ എല്ലാരോടും നല്ല കമ്പനി ആരുന്നു..
എന്നോടും അവൾ ഇങ്ങോട്ട് വന്നു പരിചയപ്പെടു കയാണ് ചെയ്തത്..!
“ഹോയ്.. നീങ്ക താനാ പുതു അഡ്മിഷൻ..കേരളാവിലിരുന്ത്‌ ..??”
” ആ അതേ.. അവിനാശ് …”
“കേരളാവില എങ്ക ..??”
“ആറ്റിങ്ങൽ… ട്രിവാൻഡ്രം ..”
” ആലപ്പുഴ പക്കം താനേ ..?”
” ട്രിവാൻഡ്രം… ആലപ്പുഴ പക്കം…??.തന്ന..തന്ന..” എനിക്ക് ചിരി വന്നെങ്കിലും ഞാൻ നിഷ്കളങ്ക ഭാവത്തിൽ അവളോട് പറഞ്ഞു:.. “ആമ ..ആമ ..പക്കം…”
അവൾക്കു കേരളാ ഫുഡ് ഭയങ്കര ഇഷ്ടമാണത്രെ .. ഇടക്കൊക്കെ എന്നോട് വന്നു പറയും..”നാട്ടിൽ പോയിട്ട് വരുമ്പോ…” അയ്യോ സോറി ” ഊര്ക്കു പോയിവരുമ്പോത് ബനാന ചിപ്സ്, അച്ചാർ” ഇതെല്ലാം എടുത്തിട്ട് വരണം പോലും..!!
പയ്യെപ്പയ്യെ ഞാൻ അവളുടെ ഫാൻ ആയി മാറി. കാണുമ്പോഴുള്ള സൗന്ദര്യം മാത്രമല്ല .. തമിഴ് ഭാഷയുടെ ഒരു പ്രത്യേക സ്റ്റൈൽ ഉണ്ടല്ലോ .. പ്രത്യേകിച്ച് ഒരു നവാഗതൻ എന്ന നിലക്ക് അതെന്നെ ഭയങ്കരമായി സ്വാധീനിച്ചു . അച്ചാറും ചിപ്സുമൊക്കെ അവൾ പറയാതെ തന്നെ ഞാൻ അവൾക്കു എത്തിച്ചു കൊടുക്കാൻ തുടങ്ങി. എന്റെ ബർത്ത്ഡേക്ക് സർപ്രൈസ് ആയി ഗിഫ്റ്റു തന്നപ്പോഴേ എനിക്ക് മനസ്സിലായി ഞാൻ വെറുമൊരു ഫ്രണ്ട് അല്ലാ അവൾക്കെന്നു. പോരേ പൂരം .? പിന്നങ്ങോട്ട് പുകഴ്ത്തലുകൾ ..ബോർ അടിക്കുമ്പോ ചുമ്മാ കാണാൻ തോന്നൽ .. ഒരു ലവിന്റെ എല്ലാ വശങ്ങളും ഞാൻ കണ്ടു.
ഒരിക്കൽ എന്നോട് ചോദിച്ചു ” ഉങ്ങള്ക്കു തമിൾ പുടിക്കുമാ ഇല്ല മലയാളം പുടിക്കുമാ.?”
“മലയാളം .. എന്താ .. എന്തുപറ്റി ..?”
“ഇല്ല ..അപ്പൊ തമിൾ പുടിക്കാതാ ..??”
” പുടിക്കും .. എങ്കിലും ഞാൻ കേരളാ താനേ സോ മലയാളം ..”
” സരി .. തമിൾ പടം പുടിക്കുമാ ഇല്ല ….മലയാളം …..?”
” തമിഴ് …..” ഞാൻ സംശയത്തോടെ അവളെ നോക്കി
” പൊൺഗൾ …? മീൻസ് തമിൾ പൊൺഗൾ പുടിക്കുമാ ഇല്ല കേരളാ ..?”
എങ്ങോട്ടാണ് പോക്ക് എന്ന് മനസ്സിലായെങ്കിലും ഞാൻ ചോദിച്ചു : “ഇതുവരെ നീ ചുറ്റിവലിച്ചു സംസാരിക്കുന്ന പെണ്ണാണെന്ന് തോന്നീട്ടില്ലാ.. സ്ട്രൈറ്റ് സബ്ജെക്റ്ക്കു വാ.. എന്താ പ്രോബ്ലം ..??”
അവൾ കുറച്ചു നേരം എന്റെ മുഖത്ത് നോക്കിയിട്ടു ചോദിച്ചു : “എന്നെ പുടിക്കുമാ..??”.
ഹാർട്ട് അറ്റാക്ക് രണ്ടു വിധത്തിലുണ്ട്- ഒന്ന് വേദനയോടെ മരണത്തിൽ കൊണ്ടെത്തിക്കുന്നത്, പിന്നെ സന്തോഷത്തോടെ … ഫസ്റ്റ് ലവ് .!!. സന്തോഷം കൊണ്ട് തട്ടിപ്പോകുമെന്നു തോന്നുന്ന നിമിഷം …
ഈ മറീനാ ബീച്ച് മറീനാ ബീച്ച് എന്നൊക്കെ കേട്ടിട്ടില്ലേ ..ചെന്നൈയിൽ ഇത്രേം നാൾ ഉണ്ടായിട്ട് ഞാൻ ആദ്യമായിട്ട് കാണുന്നത് അവൾക്കൊപ്പമാണ്. രണ്ടാമതും ..മൂന്നാമതും…
വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി എന്നൊക്കെപ്പറഞ്ഞു രാത്രി ഒറ്റക്കിരുന്നു സംസാരിക്കുന്ന പരിപാടിയൊക്കെ ഞാൻ തുടങ്ങി .. വാരണം ആയിരം പ്രൊപോസൽ സീൻ ഒക്കെ എത്രവട്ടം കണ്ടെന്നു ഒരു പിടീമില്ല. ക്ലാസ്സ്‌മേറ്റ്സിൽ പൃഥ്വിരാജ് പറയുമ്പോലെ ലോകത്ത്‌ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഞാനാണെന്നൊക്കെ തോന്നിപ്പോയ ദിവസങ്ങളിലായിരുന്നു അത്. ഒരു ദുർബല നിമിഷത്തിൽ കയ്യിൽ ലാവണ്യയെന്നു പച്ചകുത്താമെന്നുവരെ ചിന്തിച്ചു. അങ്ങനെയെങ്ങാനും ചെയ്തെങ്കിൽ ദൈവമേ ‘ലോകത്തിലെ ഏറ്റവും വലിയ ഊളയായ മനുഷ്യൻ ഇപ്പൊ ഞാനായനേ..!!
അങ്ങനെയിരിക്കെ ഒരു ഫെബ്രുവരി 14. സാധാരണ യുവാക്കൾക്ക് ലൈൻ ഓക്കേ ആകുന്ന ദിവസം ..അല്ലെങ്കിൽ പ്രൊപ്പോസൽ ചെയ്യുന്ന ദിവസം ..ചിലർക്കത് എല്ലാ ദിവസവും പോലൊരു ദിവസം.. ആദ്യമായിട്ടായിരിക്കും അതൊരുത്തന്റെ ലൈൻ തകരുന്ന ദിവസമാകുന്നത്. എന്റെ…..!!
ലാവണ്യ ഭയങ്കര മൂഡ് ഓഫ് ആയിരുന്നു .. ഞാൻ ഒരു റെഡ് ഷർട്ടൊക്കെയിട്ട് അവളുടെ മുമ്പിൽ ചെന്ന് മുരടനക്കി. അവൾ എന്നെ നോക്കി ഒരു വല്ലാത്ത വേണം വേണ്ട എന്ന രീതിയിലുള്ളൊരു ചിരി സമ്മാനിച്ചു
” സൊല്ല് അവിനാശ്.. “
” എന്ത് അവിനാശോ ..??”
” അഭി..സൊല്ലുങ്ക ….” ഒരു മടി പോലുള്ള ഭാവം അവൾക്ക് !
” ശെരി വാ കോഫി കുടിക്കാം..” ഞാൻ അവളുടെ കയ്യിൽ പിടിച്ചു. “
” ഇല്ല…വേണ..ഇപ്പൊ വേണാ ..”
“എന്നാച്ചു …എന്താ പ്രശ്നം ..?? “
“പ്രച്ചന ഒന്നുല്ല തല വലിക്കുത് ..”
” തലവലി ഒന്നുല്ലാ നീ വാ .” ഞാൻ അവളുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു. “
” അഭി നീ പോ .. അപ്പുറം വരേൻ ..” ഒരു അനിഷ്ടം അവളുടെ മുഖത്ത് ഞാൻ കണ്ടു.
“ലാവണ്യ പ്ളീസ് എല്ലാരും നമ്മളെ പാക്കുറാൻ ..വാ “
“സരി നട” എന്ന് പറഞ്ഞു അവൾ എന്റെ പുറകെ വന്നു.
“അണ്ണാ രണ്ടു കോഫീ ..” കാന്റീനിൽ ചെന്നയുടനെ ഞാൻ അകത്തോട്ടു നോക്കി വിളിച്ചു പറഞ്ഞു.
” ഇരി.. ഉക്കാറ് .. എന്നാച്ചു സൊല്ല് ലാവണ്യാ ..”
അവൾ എന്റെ മുഖത്തേക്ക് നോക്കി ” ടെന്ഷനാര്ക്കു അഭീ “
” അത് എന്താണെന്നു സൊല്ല്. .” ലാഗ് പുല്ല് .. എനിക്ക് ദേഷ്യം വരുന്നുണ്ടാരുന്നു ചെറുതായിട്ട്
” വീട്ടുല കല്യാണ പേച്ചു നടക്കുത് ..പ്രൊപോസൽ..”
” അതിനെന്തിനാ ഇവളോ ടെന്ഷനാകുന്നത് ..അല്ല ടെന്ഷനാകിരാ ..??” എനിക്ക് ടെന്ഷനാകുന്നുണ്ടാരുന്നൂ സത്യത്തിൽ..! “അതെല്ലാം എല്ലാര്ക്കും വരുന്നതല്ലേ കല്യാണം ഫിക്സ് ഒന്നുമായില്ലല്ലോ..?”
“ഇല്ല അപ്പാവുക്കു റൊമ്പ പുടിച്ച പയ്യൻ ..അപ്പയ്ക്ക് മട്ടുമില്ല …”
“നിനക്കുമാ ..?” ഞാൻ ഇടയ്ക്കു കയറി ചോദിച്ചു
” പോടാ .. ഫാമിലിയിലെ എല്ലാർക്കുമേ .. സൊ എനക്ക്.. എനക്ക് ഒരു റീസൺ ഇല്ല അവനെ റിജെക്ട് പാണരുതുക്ക് .. അവൻ വേറെ സിഗരട് പുടിക്കാത് തണ്ണിയടിക്കാത്ന്നു മിസ്റ്റർ ക്ലീനാ ഇമഗെല്ലാം വച്ചിരിക്കാ ..എന്ന സൊല്ലി അവനെ റിജെക്ട് പണ്ണനുംന്നു താൻ യോസിക്കിറാൻ”
” സത്യം സൊല്ല് .. വേറെ ഒരുത്തനോട് ലവ് ഉണ്ടെന്ന് “
” യാരുന്നു കേട്ടാ..? എന്ന സൊല്ലണം..?? കോളേജ്മേറ്റ്ന്നാ..? എന്ന വേല പാൻറിന് കേട്ടാ ..?? എപ്പടി വാളുവീണു കേപ്പാം.. എന്ന സൊല്ലണം ?? ” അവൾ ദേഷ്യപ്പെട്ടു ചോദിച്ചു..
” ഇതെല്ലം നിനക്ക് നേരത്തെ അറിയില്ലേ ?.. കേള് .. നീ അപ്പയോടു പറ ഇപ്പൊ കല്യാണം ഒന്നും വേണ്ടാ മിനിമം ഒരു രണ്ടു വര്ഷം വേണമെന്ന്”
” അതാൻ അപ്പ ഒത്തുക്കമാട്ടാര് .. യെൻ കൂടവേ ഒരു തങ്കച്ചി ഇറുക്ക്‌..നാൻ അവളെയും വെയിറ്റ് പന്ന വയ്ക്കണം ല്ലാ ??”
” ശെരി ഞാൻ ഇപ്പൊ എന്ത് ചെയ്യണമെന്നാ ..?ഞാൻ വീട്ടിൽ വന്നു നിന്റെ അപ്പാവോടു പറയട്ടെ ..??”
” ലൂസ് .. അതാനെ നാൻ ഇവ്‌ളോ നേരമേ സോലിട്ടെര്ക്കു.. അപ്പ അതെല്ലാം ഒത്തുക്കവേ മാട്ടാ”
” അപ്പൊ ഞാൻ എന്ത് ചെയ്യണം പറ..” എനിക്ക് ദേഷ്യം വരുന്നുണ്ടാരുന്നു].
” തെരിയാത്…. നാൻ സൊല്ലിപ്പാക്കുറേൻ വീട്ടുല…”
” ശെരി .. അപ്പാ സമ്മതിക്കമാട്ടേൻ എന്ന് പറഞ്ഞാലോ..”
” അതാൺ തെരിയാത്..”
കുറച്ചു നേരം മിണ്ടാതിരുന്നിട്ടു ഞാൻ തലയുയർത്തി, പക്ഷെ അത് ചോദിക്കും മുൻപ് ഞാൻ ആലോചിച്ചു ഇതിനവൾ തരുന്ന മറുപടിയിൽ നിന്ന് മനസ്സിലാകും അവളുടെ ദേഷ്യവും സങ്കടവും എന്തിനാരുന്നു എന്ന്. അത് എത്രത്തോളം സത്യമായിരുനെന്നു… എന്നോടുള്ള ലവും….! ഞാൻ അവളുടെ കണ്ണിലേക്ക് നോക്കിക്കൊണ്ടു ചോദിച്ചു: ” ശെരി നാൻ കൂപ്പ്ട്ടാ എന്റെ കൂടെ വരുമാ..?”
അവൾ ചെറുതായൊന്നു ഞെട്ടി “വ .. വന്ത് .. ?എന്ന പണ്ണപ്പോരെൻ..?? ഓൺ വീട്ടുല ഒത്തുക്കുമാ ..? ഒത്തുക്കലേനാ എപ്പടി വാഴുവേൻ .?? ഉനക്ക് വേല ഏതുവും ആകല ഇല്ലാ? പടിച്ചിട്ടു താനേ ഇരുക്ക്..??
“എന്റെ വീട്ടിൽ ഒത്തുകിട്ടാലോ ..?? ശെരി ..എനിക്ക് രണ്ടുനാൾ താ. എല്ലാം റെഡി ആക്കിയിട്ടു ഞാൻ വിളിക്കാം.”
അവൾ കുറച്ചുനേരം ഒന്നും മിണ്ടിയില്ല. മിണ്ടാൻ ഒന്നുമില്ലല്ലോ ..മെല്ലെ തലയുയർത്തി : “അപ്പാവ അമ്മാവെല്ലാം അവോയ്ഡ് പ ണ്ണി എപ്പടിഡാ ??”
എനിക്ക് മനസ്സിലായിരുന്നു അവൾക്കു എന്താണ് വേണ്ടതെന്ന്
ഞാൻ വീണ്ടും അവളോട് ചോദിച്ചു : ” ഉൻ അപ്പാവുക്കു എന്ന വേണം .?? എനക്ക് വേല ഇല്ലാത്തതാണോ പ്രശ്നം …അതോ നമുക്ക് സെയിം ഏജ് ആയൊണ്ടോ .. ഇല്ലാ വേറെന്തെങ്കിലും ..??”
” എല്ലാമേ..!! ഒരു കേരളാ പയ്യനെ .. അപ്പാ ക്ക് തെറിഞ്ചാലേ എന്നെ കൊന്നിടുവാ …”
“പിന്നെന്തിനാടീ .. ഇത്രേം നാള് നീ എന്നെ കൊണ്ട് നടന്നേ..?? അപ്പോഴൊക്കെ നിന്റെ അപ്പ എവിടെ പോയിരുന്നു..??….” അല്ലെങ്കിലും ദേഷ്യം വരുമ്പോ തമിഴൊന്നും നാവിൽ വരില്ലല്ലോ .???
” എനക്ക് ഏതുവും തെരിയാതടാ … അപ്പാക്കിട്ടെ നാൻ സൊല്ലിപ്പാക്കുറെൻ …”
“നീ എന്ത് വേണേ ചെയ്..” എനിക്ക് അവളിലെ വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു
അതിനു ശേഷം നടന്നതെല്ലാം എനിക്ക് വിചിത്രമായിരുന്നു. അവൾ പലപ്പോഴും എന്റെ കോൾ അറ്റൻഡ് ചെയ്യാതെയായി. മിക്കപ്പോഴും ബിസി.. കാൾ എടുത്താലും ഞാൻ വിളിക്കാം ക്ലാസ്സിലാണ്.. അല്ലേൽ അപ്പയുടെ അടുത്താണ്, അടുക്കളയിലാണ്, എന്നൊക്കെ പറഞ്ഞു കട്ട് ചെയ്യാൻ തുടങ്ങി. എന്നാൽ അവൾ ഒരിക്കൽപ്പോലും തിരിച്ചു വിളിച്ചില്ല. വിളിച്ചത് ഒരു ശനിയാഴ്ചയാണ്
” ഹലോ .. അഭി .. എനക്ക് എന്ന പണ്ണനുമ്ണ് തെരിയാത്..യെൻ എൻഗേജ്മെന്റ് മുടിവ് പണ്ണിട്ടാ ഇന്നും മൂന്നേ നാളില ..ഭയമാര്ക്കെടാ ..ഉന്ന പാക്കണം പോലിരിക്കെടാ..”
അത് എന്നിൽ ഒരുപാട് വിഷമമുണ്ടാക്കി . അവളോട് തോന്നിയ ദേഷ്യമെല്ലാം ഒരു നിമിഷത്തിൽ ഞാൻ മറന്നു
“പറ..ഞാൻ എവിടെ വരണം ..?”
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു: ” മുരുഗൻ കോയില്ക്കു വാ. ഇന്നും അരമണി നേരത്തുല നാൻ അങ്ക ഇരുപ്പേൻ.”
മുരുകൻ കോവിലിലേക്ക് പോകുമ്പോ എന്റെ മനസ്സിൽ ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങളുണ്ടാരുന്നു.. ഇപ്പൊ അവൾ കൂടെ വരാൻ റെഡിയാണെങ്കിൽ എങ്ങോട്ടാ കൊണ്ട് പോകുക..?? ആരോടാ ഹെല്പ് ചോദിക്കുക..?? വീട്ടിൽ എന്താ പറയുക .?? പക്ഷെ അതിന്റെ ഒന്നും ആവശ്യം വന്നില്ല. അവൾ വന്നത് എന്റൊപ്പം വരാനല്ല എന്നോട് യാത്ര പറയാനായിരുന്നു
” അഭി .. എപ്പടി ഇറുക്കെൻ ..?”
“മ്മ് ..ഞാൻ ഓകെ ..നീ പറ..എന്തായി..??”
” എന്നാല മുടിയാതെടാ…അപ്പാക്കിട്ട നാൻ നെറയ വാട്ടി സൊല്ലിപ്പാത്ത്ട്ടാ.. എന്ത വിധത്തിലെയും ഒതുക്കല .. അതുക്കപ്പുറം അവർ ഏങ്കിട്ട പേസവേയില്ല .. എൻഗേജ്മെന്റില ഏതാച്ചും തപ്പാ നടന്തിട്ടാ അപ്പുറം അവരെ ഉയിരോടെ പാക്ക മുടിയാത്നു വേറെ സൊല്ലിട്ടാ..”
15 മിനിറ്റോളം നിറഞ്ഞു നിന്ന മൂകത. നമുക്കിടയിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനൊരു സിറ്റുവേഷൻ. ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു വന്നു.
അത് കണ്ടിട്ടാണെന്നു തോന്നുന്നു ആ മൂകതയെ ഭേദിച്ചു കൊണ്ട് അവൾ പറഞ്ഞു : ” എനക്ക് വാഴണംനേ ഇല്ലെടാ .. അപ്പാവുക്കാക മട്ടും താൻ നാൻ ഇതുക്കു ഒതുക്കിട്ടാ.. അനാ ഉന്ന എന്നാല അവളോ സീക്രമെല്ലാം മറക്കമുടിയാത് .. യെൻ ലൈഫ്ല ഒരേ ഒരു കാതൽ നീ താൻടാ …” വീണ്ടും രണ്ടു നിമിഷത്തെ മൗനത്തിനു ശേഷം അവൾ തുടർന്നു : ” ആനാ നീ എന്നെ പറ്റിയെ നിനച്ചിട്ടിരിക്കക്കൂടാത്. പഠിപ്പു മുടിച്ച ഉടനെ ഒരു വേല തേടി കണ്ടു പുടിക്കണം. സീക്രം കല്യാണം പണ്ണണം .. എന്നെവിട അഴകാന് ഒരു പൊണ്ണ..ഒരു നല്ല കേരളാ പൊണ്ണ ..””
പച്ച മലയാളത്തിൽ പറഞ്ഞാൽ തേച്ച് ….!! അതിനു ശേഷം അവൾ പറഞ്ഞ ഒന്നും എന്റെ കാതിൽ വീണില്ല .. ബൈക്ക് സ്റ്റാർട്ടാക്കി റിയർ വ്യൂ മിററിലൂടെ അവളെ ഞാൻ നോക്കി. അവൾ എന്നെ തടഞ്ഞത് പോലുമില്ല എന്നത് എന്റെ മനസ്സിനെ വീണ്ടും മുറിവേൽപ്പിച്ചു.
പിന്നെ അവളെ ഞാൻ കാണുന്നത് കല്യാണ വേഷത്തിലാണ്. കതിർ എന്നെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അയ്യോ സോറി മറന്നു ….വെൽകം ബാക് റ്റു ദ ഫസ്റ്റ് ഫ്ലാഷ് ബാക്!!!


ലാവണ്യയുടെ കല്യാണം ..!! എല്ലാ കല്യാണ മണ്ഡപത്തിലും കാണും ആയിരം പേര് ചിരിക്കുന്നതിന്റെ ഇടയ്ക്കു ഉള്ളിൽ കരഞ്ഞുകൊണ്ട് ഏതെങ്കിലും ഒരുത്തൻ. ഇവിടെ അത് ഞാനാണെന്നു മാത്രം. പക്ഷെ എന്റെ കരച്ചിൽ മാറി അത് ദേഷ്യമാകാൻ അധികനേരം വേണ്ടി വന്നില്ല. പിന്നിൽ മേക് അപ്പ് റൂമിൽ നിന്നുള്ള ലൈവ് വീഡിയോ മണ്ഡപത്തിൽ വെച്ചിട്ടുള്ള പത്തോളം ടീവികളിൽ ഒരുമിച്ചു പ്രദര്ശിപ്പിക്കുന്നുണ്ടായിരുന്നു. അതിലെ അവളുടെ ചിരിക്കുന്ന മുഖം. അതിൽ തെല്ലും വിഷമമോ നിരാശയോ എനിക്ക് കണ്ടുപിടിക്കാനായില്ല. അതിലേറെ എന്നെ അത്ഭുതപ്പെടുത്തിയത് കല്യാണത്തിന് ശേഷമുള്ള ഫോട്ടോഷൂട് ആണ്. കല്യാണച്ചെറുക്കന്റെ തോളിലൊക്കെ കയ്യിട്ടു ന്യൂജൻ പിള്ളേരുടെ പുതിയൊരു തരം ഭ്രാന്ത് ഫോട്ടോഷൂട്ടുണ്ടല്ലോ .. സൺഗ്ലാസ്സൊക്കെ വച്ച് നാക്കിന്റെ തുമ്പൊക്കെ കോട്ടിവെച്ചു .. !! അവൾ ഫുൾ ഹാപ്പിയാര്ന്നു. ഇപ്പോഴെനിക്ക് മനസ്സിലാകും ഞാനവളുടെ മനസ്സിൽ നിന്ന് എത്രയോ നേരത്തെ പടിയിറങ്ങിപ്പോയിരുന്നെന്നു.
ദൂരെ നിന്ന് ഒരു നോക്ക് കണ്ടിട്ടെങ്കിലും ‘ചന്ദ്രോത്സവത്തി’ലെ മോഹൻലാലിനെപ്പോലെ അവളെ അനുഗ്രഹിക്കാൻ വന്ന ഞാനാണ്. പക്ഷെ അവിടുന്ന് ഇറങ്ങുമ്പോ ഒരു ചിന്തയെ ഉണ്ടാരുന്നുള്ളു ദൈവമേ അവൾക്കൊരു പണി കൊടുക്കാൻ ഒരവസരം………!!!


നാളെ എന്റെ കല്യാണമാണ്. അല്ല ഇന്ന് .. നേരം വെളുത്തിരിക്കുന്നു. ഫോണിൽ റിങ്ടോൺ കേട്ട് ഞാൻ ചെറുതായൊന്നു ഞെട്ടി. കനി കാളിങ് ..!!
ഫ്ലാഷ് ബാക് എല്ലാം കഴിഞ്ഞു
സ്റ്റേഷനിൽ വണ്ടി സ്ലോ ആകുമ്പോഴേ ദൂരെ നിന്ന് കതിരിനെ കാണുന്നുണ്ടാരുന്നു ഞാൻ.
” മച്ചാ ഒരേ ടെൻഷനെടാ …” ഞാൻ കൈ കൊണ്ട് മുഖമാകെ ഒന്ന് തടവി
” തൂങ്കലയാ..?”
” എങ്ങനാടാ ..? വരാൻ നേരം അമ്മേടെ ഒരു നോട്ടമുണ്ട് .. ഓ .. ഭ്രാന്താകുന്നു. “
” ങേ..??എന്നാ ..??”
“പൈത്യം ..പൈത്യം പുടിക്കുന്നെന്നു …ശെരി നീ വണ്ടിയെടു .. കനിയെ കണ്ടോ ..??”
“മ്മ് .. അവളെ നാൻ താൻ ഡ്രോപ്പ് പണ്ണേ .. അവള്ക്കും ടെൻഷൻ താ ..”
“ശെരി വേഗം പോ …”
“ഡേയ് ടെന്ഷന്ന് സൊല്ലിട്ടു വേഗം പോണമാ ..?” അവൻ ചെറുതായെന്നെ കളിയാക്കി
“അവളെ കണ്ടാലേ എന്റെ ടെൻഷൻ മാറൂ…”
ഒരു സമ്മിശ്ര വികാരം എനിക്ക് ..! പേടിയും സന്തോഷവും ടെൻഷനും ചെറിയ വിഷമവും എല്ലാം കലർന്ന …
ബൈക്ക് റെജിസ്ട്രർ ഓഫീസിന്റെ ഗേറ്റ് കടന്നു അകത്തേക്ക് കയറി. എന്നെത്തന്നെ നോക്കിക്കൊണ്ടു അതാ കനി ..!!
എന്റമ്മോ സാരിയൊക്കെയുടുത്തു തിളങ്ങുന്ന മൂക്കുത്തിയൊക്കെയിട്ട് ഉണ്ടക്കണ്ണി … ആ നോട്ടം കൊണ്ട് എന്നെ കൊല്ലാൻ കൊട്ടേഷൻ വാങ്ങി വന്നപോലുണ്ട്. അവളെ എപ്പോക്കണ്ടാലും ആദ്യം കാണുമ്പോഴുള്ളൊരു ഫീലാണ്.
“എന്താ റൊമ്പ നേരം വെയിറ്റ് ചെയ്തോ..??” ആ കണ്ണുകളിലേക്കു നോക്കി ഞാൻ ചോദിച്ചു.
” ഇല്ല .. എന്ന റൊമ്പ ടയേഡാര്ക്കെന് ..?? തൂങ്കാലയാ ..??” അവൾ ചെറിയൊരു വാത്സല്യത്തോടെയാണ് ചോദിച്ചത്. ” സരി എന്ന ഇന്ത ഡ്രസ്സിലായെ വന്തിരുക്ക് ..?? ” അവൾ നെറ്റി ചുളിച്ചു.
” ഏയ് ടൈമുണ്ടല്ലോ .. ഞാൻ പോയി കുളിച്ചു ഡ്രസ്സ് ചെയ്ഞ്ച് ചെയ്തു വരാം .. കൊഞ്ചം വെയ്റ്റ് ചെയ്യ് ..”
“അപ്പുറം ഡയറക്റ്റാ പോക വേണ്ടിയതാനേ ..യേ ഇപ്പടി വന്ത് അപ്പടി പോയി ..യേ ..??”
” ചുമ്മാ ഫസ്റ്റ് ഉന്ന കാണണമെന്ന് തോന്നി..”
എന്ന നാൻ വരമാട്ടെന്നു സന്ദേഹമാ..??”
” പോടീ പൊട്ടിക്കാളി ….” ഞാൻ ചിരിച്ചുകൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു.


പത്തു മണി
നെഞ്ച് വിറക്കണ്… പല്ലു കടിക്കണ്… മുഷ്ടി ചുരുട്ടണ്… ആകെ വിയർക്കണ്… ആകെ ടെൻഷൻ .. പക്ഷെ അവൾ എന്റെ കയ്യിൽ പിടിച്ചപ്പോ ഒരു ആശ്വാസം കിട്ടിയ പോലെ. ഒരു ആത്മ വിശ്വാസം .. കനി~ ഫുൾ ഓഫ് പോസിറ്റീവ്. റെജിസ്ട്രർ പേര് വിളിച്ചു . എന്തൊക്കെയോ ചോദിച്ചു ..ആരൊക്കെയോ മറുപടി പറഞ്ഞു. എവിടെയൊക്കെയോ ഒപ്പിടാൻ പറഞ്ഞു ..ഒപ്പിട്ടു. താലി കെട്ടുന്നതിന് മുമ്പ് അച്ഛനേം അമ്മയേം മനസ്സിൽ ഓർമ്മിച്ചു. എന്നോട് ക്ഷമിക്കണേയെന്നു കണ്ണടച്ച് മൗനമായിപ്പറഞ്ഞു. ലാവണ്യയുടെ മുഖവും ഒരു മിന്നായം പോലെ….മനസ്സിൽ. പിന്നെ പെട്ടെന്ന് താലി കെട്ടി.
വാവ്.!! ഭർത്താവായി…!!.ഒരുതരം ആത്മവിശ്വാസം നാല് സൈഡിൽ നിന്നും അരിച്ചു കയറുന്ന പോലെ… കനി എന്നെത്തന്നെ നോക്കി നിൽക്കുകയാണ്. ഒന്ന് കൈ നീട്ടിയാൽ ഇപ്പൊ കെട്ടിപ്പിടിക്കുമെന്ന രീതിയിൽ !. വെറുതെ രെജിസ്ട്രാറെക്കൊണ്ട് വല്ലതും പറയിപ്പിക്കണ്ടാന്നു വെച്ച് അത് വേണ്ടാന്നു വച്ചു. അതുകൊണ്ട് ഞാൻ കതിരിനെ കെട്ടിപ്പിടിച്ചു.: “താങ്ക്സ് മച്ചാ എല്ലാത്തിനും ..”
“ഓൾ ദി ബേസ്ഡ് ഡാ..” അവന്റേം കണ്ണ് നിറയുന്നുണ്ടാരുന്നു.
എല്ലാ ഫ്രണ്ട്സും വന്നു കെട്ടിപ്പിടിച്ചു .. പെൺകുട്ടികൾ വന്നു ഷേക്ക് ഹാൻഡ് തന്നു .. മൊബൈലിൽ കുറെ ഫോട്ടോയെടുത്തു .. രജിസ്ട്രാറുടെ വക അയാളുമെടുത്തു ഫോട്ടോ ..സ്നേഹം കൊണ്ടൊന്നുമല്ല, ഒരു തെളിവിനു.
എല്ലാം കഴിഞ്ഞു .. പതിയെ എല്ലാരും അവിടുന്നിറങ്ങി ..ചിലർ ബൈക്കിലും കതിരും വേറൊരു ഫ്രണ്ടും എന്റേം കനിയുടേം ഒപ്പം കാറിലും കയറി ..കാർ മെല്ലെ അവിടെനിന്നു ഓടിത്തുടങ്ങി ..എന്റെ ദാമ്പത്യ ജീവിതവും….


ഫസ്റ്റ് നൈറ്റ് ..
അത് പറയുമ്പോ എനിക്കൊരു കുളിരു വരും, സൂക്ഷിച്ചു കേട്ടോണം.
മാസം 2300 രൂപ വാടകയ്‌ക്കെടുത്ത ഒരു കുഞ്ഞു ഓടിട്ട വീടാണ്. കനി ആകെ ടെൻഷനിലാണ്. അവളുടെ വീട്ടിൽ നിന്ന് ഇതിനകം തന്നെ ഏഴെട്ടു കോൾ വന്നു. അവൾ ഒന്നും അറ്റൻഡ് ചെയ്തില്ല. പാവം പേടിച്ചിരിക്കുന്നു.
” ഏയ് കനീ .. ഫോൺ എട് …എതുക്ക് പേടിക്കുന്നത് ..??” ഞാൻ അവളുടെ തോളിൽ തട്ടി.
” അപ്പാകിട്ട എന്ന സൊല്ലണംന് തെരിയല..ഒരേ ഭയമാക്കാര്ക്ക് “
” ഇനിയും നീ കാൾ എടുത്തില്ലേൽ അവങ്ക ഭയപ്പെടും….ശെരി ഇനി കാൾ വരുമ്പോത് എനിക്ക് താ ഞാൻ പേസുരേന് ” തമിഴ് കുറച്ചൊക്കെ വഴങ്ങി തുടങ്ങിയിരുന്നു .. അത് വേണമല്ലോ
അപ്പൊതന്നെ വീണ്ടും കാൾ വന്നു.
” അവിനാശ്, ..അക്കാ …!! അക്കാ കൂപ്പിടരാറു ..” അവൾ ഫോൺ എന്റെ നേരെ നീട്ടി . ഞാൻ അത് വാങ്ങിച്ചിട്ടു റൂമിനു വെളിയിലേക്കിറങ്ങി.
എങ്കപ്പൊറേൻ ..?? ” അവൾ നെറ്റി ചുളിച്ചു
ഞാൻ അവളെ നോക്കി പേടിക്കേണ്ട സമാധാനമായിരിക്കൂ എന്ന രീതിയിൽ കണ്ണടച്ച് കാണിച്ചിട്ട് കാൾ അറ്റൻഡ് ചെയ്തു: “ഹലോ ..”
“ഹലോ.. യാര്.?? കനി എങ്ക ..??”
“അക്കാ നാൻ ഉങ്ക തമ്പി ക്കാ.. കനി സൈഫാ താ ഇരിക്കാൻ”
” ഏയ് യാർ നീ? കനിക്കിട്ട കൊട് ” ഫോണിന്റെ മറുവശത്തുള്ള പരിഭ്രമം എനിക്ക് തിരിച്ചറിയാമാരുന്നു.
” സൊന്നാല്ല ക്കാ.. നാൻ തമ്പി പേസുറെ …പുരിയാലയാ ? ..ഉങ്ക തങ്കച്ചിയോട ഹസ്ബന്റ് അവിനാശ് .. ഇല്ല നീങ്ക അഭീന്നു കൂപ്പുട്ടാ പോതും”
മറുവശത്തു മൗനം.
“ക്കാ … ലാവണ്യക്കാ .. ന്ന പേശാമ നിക്കുറാങ്ക..?? തമ്പിക്ക് തമിഴെല്ലാം നല്ലാ പേസ വരുത് ല്ലാ …?? ന്നാ പണര്ത്..? കത്തുകിട വേണ്ടിയതാ പോച്ച് ..നീങ്ക എന്ന പന്നാപ്പോരേ..?. നല്ലാ തൂങ്കപ്പൊറേൻ.. നാളേക്ക് നാനേ ഉങ്ക തങ്കച്ചിയോട ഉങ്ക വീട്ടുക്കേ വന്നു ഉങ്കള മീറ്റ് പണ്ണുവാ ..അതുവരേക്കും കൊഞ്ചം വെയിറ്റ് പണ്ണുങ്ക ..സോറി …” മറുപടിക്കു കാത്തു നിൽക്കാതെ ഞാൻ കാൾ കട്ട് ചെയ്തു
വല്ലാത്തൊരു ആശ്വാസം… ഇനി നന്നായി ഒന്നുറങ്ങണം ..
ബട്ട് ഇപ്പൊ ഒരു ഡൗട്ട് …,
ചോദിക്കട്ടെ …..??.
ഇന്ത കഥയില….. നാൻ ഹീറോവാ..?, ഇല്ല വില്ലനാ ……?????
The end
By Sarath Saseendran Nair