രചന: നെജ്മുദ്ദീൻ
മുറ്റത്ത് പടർന്ന് പന്തലിച്ച് നിൽക്കുന്ന മൂവാണ്ടൻ മാവ് അതിനെ വാരിപ്പുണർന്ന് മുല്ലവള്ളിയും അച്ഛൻ പാടത്തെ പണിയും കഴിഞ്ഞ് വീട്ടിലെത്തി അത്താഴത്തിന് ശേഷം അതിൻ്റെ ചുവട്ടിൽ കോലായിൽ ചുരുട്ടി വെച്ചിരിക്കുന്ന തഴപ്പായ നീളത്തിൽ വിരിച്ച് എന്നെ നെഞ്ചോട് ചേർത്ത് കിടക്കും.
ആ കിടപ്പിൽ തെളിഞ്ഞ ആകാശം ചൂണ്ടി ഒരു പാട് നക്ഷത്രകാഴ്ചകളും കഥകളും പറഞ്ഞ് തരും.മഞ്ഞ് മാസം കഴിഞ്ഞാൽ ആകാശത്തെ നക്ഷത്രങ്ങളൊക്കെ മൂവാണ്ടൻ മാവിൻ്റെ ചില്ലയിൽ ചേക്കേറിയോ എന്ന് തോന്നിപ്പോകും വിധം മുല്ല പൂത്ത് നിൽക്കുന്നുണ്ടാകും.
ചില വേളകളിൽ അതിൽ പല നക്ഷത്രങ്ങളും പൊഴിഞ്ഞ് ഞങ്ങളുടെ ദേഹത്തും തഴപ്പായയിലും പതിക്കും. ചില കല്ല്യാണ രാത്രികളിൽ മണവാളന്മാർ മെത്തയിൽ വാരിയെറിയും പോലെ. രാവിലെ തന്നെ അതെല്ലാം പെറുക്കി ഞാൻ സ്കൂൾ സഞ്ചിയിൽ സൂക്ഷിക്കും ക്ലാസ്സിലിരുന്ന് ഓരോ പ്രാവശ്യവും സഞ്ചി തുറക്കുമ്പോൾ അതിൻ്റെ സുഗന്ധം ക്ലാസ്സിലാകെ പരക്കും.
ഒരിക്കൽ സ്കൂളിൽ പുതുതായ് വന്ന കണക്ക് മാഷ് അത് ശ്രദ്ധിച്ച് തുടങ്ങി. ഈ സുഗന്ധം എവിടെന്നാണ് വരുന്നതെന്നറിയാതെ മാഷാകെ കുഴഞ്ഞു. അവസാനം എല്ലാവരോടായ് അത് ചോദിക്കുകയും ചെയ്തു.കട്ടികൾ വളരെ ആവേശത്തോടെ എൻ്റെ നേർക്ക് വിരൽ ചൂണ്ടി അങ്ങനെ ക്ലാസ്സിൽ സുഗന്ധം സമ്മാനിക്കുന്ന എനിക്ക് മാഷ് ഒരു പേരും സമ്മാനിച്ചു “മൊല്ലാക്ക” മാഷിൻ്റെ വീടിനടുത്തൊരു അത്തർ വിൽക്കുന്ന മൊല്ലാക്കയുണ്ട് പോലും അദ്ദേഹം വഴിയിലൂടെ നടന്ന് പോകമ്പോഴും സുഗന്ധം പരക്കുമത്രെ ആ ഓർമ്മയിൽ നിന്നാണ് എനിക്കാ പേര് സമ്മാനിച്ചത്.
എത്ര പെട്ടന്നാണ് ഞങ്ങൾ കുട്ടികൾക്ക് മാഷ് പ്രീയപ്പെട്ടവനായത്. വളരെ മനോഹരമായിട്ടായിരുന്നു മാഷ് ക്ലാസ്സ് എടുത്തിരുന്നത് അതിലും മനോഹരമായി നല്ല കഥകൾ പറഞ്ഞ് തരുമായിരുന്നു. അതിനായ് പലപ്പോഴും ക്ലാസ്സിൻ്റെ അവസാനം ഒരു അഞ്ച് മിനിറ്റ് സമയം കണ്ടെത്തിയിരുന്നു.
ഒരു ദിവസം ഉച്ചക്കഞ്ഞി കുടിയും കഴിഞ്ഞ് ക്ലാസ്സിലിരിക്കുമ്പോഴാണ് മാഷ് കേറി വന്ന് എന്നോടായ് പറഞ്ഞു “ഉണ്ണീ… നമ്മുക്ക് രണ്ടാൾക്കും കൂടി ഉണ്ണീടെ വീട് വരെയൊന്ന് പോകാം, നിൻ്റെ മാവും മുല്ലവള്ളിയും പൂക്കളും എനിക്കും കാണാമല്ലോ” എനിക്കെന്തോ വല്ലാത്ത സന്തോഷം തോന്നി പെട്ടെന്ന് തന്നെ പുസ്തകം എടുത്ത് സഞ്ചിയിൽ തിരുകി മാഷിനൊപ്പം പുറത്തേക്ക് നടന്നു.
സ്ക്കൂൾ മുറ്റത്ത് കിടന്ന ഒരു ഓട്ടോറിക്ഷ ലക്ഷ്യമാക്കിയാണ് മാഷ് നടന്നത് പുറകേ ഞാനും അതിൽ കയറാൻ മാഷ് കൈ കൊണ്ട് ആഗ്യം കാണിച്ചു ഓട്ടോറിക്ഷ മുരണ്ട് മുന്നോട്ട് കുതിച്ച് തുടങ്ങി വല്ലപ്പോഴും കിട്ടുന്ന യാത്രാനുഭവം. ആ യാത്ര ചെന്ന് നിന്നത് എൻ്റെ വീട്ടുപടിക്കൽ.
പതിവില്ലാതെ ചുറ്റിനും ചെറിയൊരു ആൾക്കൂട്ടം പരിചയമുള്ളതും ഇല്ലാത്തതുമായ പല മുഖങ്ങൾ. പതിയെ വീട്ടിലേക്ക് നടക്കുമ്പോൾ മാഷെൻ്റെ കയ്യിൽ മുറുക്കെ പിടിച്ചിരുന്നു. ഒരു കാഴ്ച എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി എൻ്റെ മൂവാണ്ടൻ മാവിനെ ചാരി വെച്ച നിലയിൽ ഒരു മുർച്ഛയുള്ള കോടാലി. അതിൻ്റെ ഉടമസ്ഥൻ്റെ മുഖവും എൻ്റെ കണ്ണിലുടക്കി മരം വെട്ടുകാരൻ മണിമാമൻ അച്ഛൻ്റെ ഉറ്റ ചങ്ങാതി.
എനിക്കൊന്നും മനസ്സിലാകുന്നില്ലായിരുന്നു. അച്ഛനേയും അമ്മയേയും എത്ര തിരഞ്ഞിട്ടും അവിടെ യൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. ആൾക്കാർ തിരക്കിട്ട് അങ്ങോട്ടും ഇങ്ങോട്ടും പായുന്നു ചിലർ മാറി നിന്ന് സ്വകാര്യം പറയുന്നു. അതിനിടയ്ക്കാണ് മെമ്പർ പരമു പിള്ള പറയുന്നത് ഞാൻ കേട്ടത് “ഈ കർഷകരൊക്കെ ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ എന്താ ചെയ്യാ ഇതിപ്പോ എത്രാമത്തെയാ ഒന്നും രണ്ടുമല്ലല്ലോ”
മാഷിൻ്റെ മുഖത്തോട്ട് നോക്കി ഞാൻ മെല്ലെ ചോദിച്ചു എന്താ മാഷേ…മാഷ് എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു ഉണ്ണീടെ അച്ഛനും അമ്മയും മോനെ വിട്ട്പോയി…ഞാൻ അത് കേട്ടതും കണ്ണുകൾ ഇറുക്കിയടച്ചു എന്നിട്ടും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
പെട്ടെന്നൊരു ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി കണ്ണ് തുറന്നത് മൂവാണ്ടൻ മാവിൻ്റെ ഒരു ചില്ല വെട്ട് കൊണ്ട് നിലംപതിച്ചിരിക്കുന്നു മുല്ലവള്ളി അതിനെ പുണർന്ന് തന്നെ കിടക്കുന്നു മരണത്തിലും പിരിയാതെ…
മണിക്കൂറുകൾ കടന്ന് പോയ് മൂവാണ്ടൻ കഷണം കഷണമായ് ചിതറിക്കിടക്കുന്നു.
അതാ ഇന്ന് വരെ കാണാത്ത ഒരു വെളുത്ത വണ്ടി വീട്ടുപടിക്കൽ വന്നു നിന്നു അതിൽ നിന്ന് അരൊക്കെയൊ എടുത്ത് കൊണ്ടുവരുന്ന വെളുത്ത തുണിയിൽ പൊതിഞ്ഞ അച്ഛനും അമ്മയും വീടിൻ്റെ ഉമ്മറത്തിട്ടിരുന്ന കട്ടിലിൽ രണ്ടു പേരെയും ചേർത്ത് കിടത്തി മൂവാണ്ടൻ മാവും മുല്ലവള്ളിയും ചേർന്ന് കിടന്നത് പോലെ…
എന്നെ അനാഥത്തിൻ്റെയും ഏകാന്തതയുടേയും കുഴിമാടത്തിലേക്ക് തള്ളിവിട്ട് ആ സുഗന്ധങ്ങൾ, ഓർമ്മകൾ യാത്രയായ്… എൻ്റെ കണ്ണുകളിൽ ഇരുട്ട് കയറി തുടങ്ങി…