ഇതിപ്പോ ഈ അവസാനം നിമിഷം എന്നെ തേക്കാനുള്ള എല്ലാ സാധ്യതകളും ഞാൻ കാണുന്നുണ്ട്…

എഴുത്ത്: സനൽ SBT

വിവാഹത്തിൻ്റെ തലെ ദിവസം രാത്രി പത്തു മണിക്ക് ഭാവി വധുവിൻ്റെ പത്തൊൻപത് മിസ്ഡ് കോൾ കണ്ടപ്പോൾ ഞാൻ ഒന്നു ഞെട്ടി. ദൈവമേ ഇതെന്താ ഇപ്പോ ഇങ്ങനെ…?

വീട്ടിൽ അത്യാവശ്യം കുടുംബക്കാരും നാട്ടുകാരും ഒക്കെ ഉണ്ടായിരുന്നതുകൊണ്ട് ആകെ തിരക്കിലായിപ്പോയി ഇതിനിടയ്ക്ക് അവളെ ഒന്ന് വിളിക്കാനോ സംസാരിക്കാനോ സമയം തീരെ കിട്ടിയതും ഇല്ല . ഇവിടുത്തെ ഒരുക്കങ്ങൾ ഒക്കെ എന്തായി എന്ന് അറിയാൻ വേണ്ടി വിളിച്ചതാവും എന്ന് ഞാൻ സ്വയം സമാധാനിച്ചു. എന്തായാലും ഒന്ന് തിരിച്ച് വിളിച്ചേക്കാം.

“ഹലോ മിഴി എന്താ വിളിച്ചേ ഫോണിൽ ഒരുപാട് മിസ്ഡ് കോൾ കണ്ടല്ലോ?”

“ഇത് എവിടായിരുന്നു അരുണേട്ടാ ?”

“ഞാൻ കുറച്ച് തിരക്കിലായിപ്പോയി അതാ ഫോൺ എടുക്കാതിരുന്നത്. താൻ കാര്യം പറ”

“അത് പിന്നെ എനിക്ക് അരുണേട്ടനെ ഒന്ന് അത്യാവശ്യം ആയിട്ട് കാണണം ഒന്ന് ഇങ്ങോട്ട് വരുമോ?”

“മിഴി താൻ എന്താ ഈ പറയുന്നേ സമയം ഇപ്പോ എത്രയായി എന്ന് വല്ല പിടിയും ഉണ്ടോ? നാളെ നേരം വെളുത്താൽ നമ്മുടെ കല്യാണം ആണ്. താൻ എന്തായാലും ഫോണിലൂടെ പറ. എന്താ കാര്യം.”

“അത് ഫോണിലൂടെ പറയാൻ പറ്റാത്തതുകൊണ്ടാ നേരിൽ കാണണം എന്ന് ഞാൻ ആവശ്യപ്പെട്ടത്. ഞാൻ ഇത് ഒരു പാട് ആലോചിച്ച് എടുത്ത തീരുമാനം ആണ് ഇത് എന്തായാലും ഏട്ടൻ വന്നേ പറ്റൂ പ്ലീസ്.”

“ഉം. ശരിയെന്നാൽ ഞാൻ എങ്ങനെയെങ്കിലും ഇവിടെ നിന്ന് ചാടാൻ പറ്റുമോന്ന് നോക്കട്ടെ.”

“ഉം. ശരിയെട്ടാ.”

എൻ്റെ മാതാവേ തുടർച്ചയായ ഒന്നര വർഷത്തെ പെണ്ണുകാണൽ അതും എൻ്റെ ജീവിതത്തിൽ ഞാൻ കണ്ട അൻപത്തിയാറാമത്തെ പെൺകുട്ടി അതാണ് മിഴി. ഒന്നുകിൽ പെണ്ണിനെ എനിക്ക് ഇഷ്ടാവില്ല ഇഷ്ട്ടായാൽ തന്നെ ജാതകം ചേരില്ല, ഇതു രണ്ടു കൂടി ഒത്തു വന്നാൽ പെണ്ണിന് എന്നെ ഇഷ്ട്ടാവില്ല, അങ്ങനെ എൻ്റെ കല്ല്യാണം ഗണപതി കല്ല്യാണം പൊലെ നീണ്ടു പോയി. ഇതിപ്പോ ഈ അവസാനം നിമിഷം എന്നെ തേക്കാനുള്ള എല്ലാ സാധ്യതകളും ഞാൻ കാണുന്നുണ്ട്. അടുപ്പത്ത് കിടന്ന് തിളയ്ക്കുന്ന സാമ്പാറിനെ ഞാൻ നിസ്സഹായവസ്ഥയോടെ ഒന്ന് നോക്കി.

“ടാ നീ എന്താ ഇവിടെ കുന്തം വിഴുങ്ങിയ പൊലെ നിക്കണത് നിന്നെ അമ്മാവൻ തിരക്കുന്നുണ്ട്.”

“ഇതാ വരുന്നു ഏട്ടാ എനിക്ക് ഒരു കോൾ വന്നതാ.”

“മോനെ അരുണേ സാധനം തീർന്നു പോയടാ നീ പോയി ഒരു ഫുള്ള് കൂടി എടുത്തിട്ട് വാ.”

“തീരുമ്പോൾ തീരുമ്പോൾ സാധനം എടുത്തു കൊണ്ട് വരാൻ ഞാനെന്താ വല്ല ബീവറേജും നടത്തുന്നുണ്ടോ…? ഇപ്പോ തന്നെ അങ്ങേരുടെ കാല് നിലത്ത് ഉറയ്ക്കുന്നില്ല ദേ ഏട്ടാ എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ട് കേട്ടോ…”

“നീ ഒന്ന് പതിയെ പറ, ഇനി അത് കേട്ടിട്ട് വേണം ഇങ്ങേര് അന്ന് എൻ്റെ കല്ല്യാണത്തിന് അലമ്പാക്കിയത് പൊലെ ഇവിടെ കിടന്ന് ഷോ ഇറക്കാൻ”

“എൻ്റെ ദൈവമേ എല്ലാ കല്ല്യാണ വീട്ടിലും കാണും ഇതു പൊലെ ഒരു മൊതല് ഏതെങ്കിലും വകയിൽ ഉള്ള ഒരു അമ്മാവൻ നാശം പിടിക്കാനായിട്ട്.”

“ബോട്ടില് എൻ്റെ ബെഡിൻ്റെ അടിയിൽ ഉണ്ട്. ഏട്ടൻ അതിൽ നിന്ന് ഒന്ന് എടുത്ത് കൊടുക്ക്. ആ പിന്നെ ബാക്കി അവിടെ തന്നെ വെച്ചോ എൻ്റെ കുറച്ച് ഫ്രണ്ട്സ് വരാൻ ഉണ്ട് അവർക്കും കൂടി കൊടുക്കാനുള്ളതാ. ചോദിക്കുന്നവർക്കൊന്നും ഇനി സാധനം എടുത്ത് കൊടുക്കണ്ട, കഴിഞ്ഞു എന്ന് പറഞ്ഞേര്.”

“ഉം. ശരി.”

“ഏട്ടാ കാറിൻ്റെ കീ എവിടെ? ഞാൻ ഇപ്പോ വരാം.”

“കാറെടുത്ത് അപ്പു തയ്ക്കാൻ കൊടുത്തത് മേടിക്കാൻ പോയി. അതൊന്നും ഇതു വരെ കിട്ടിയിട്ടില്ലത്ര.”

“ഏട്ടൻ എന്നാ ബൈക്കിൻ്റെ കീ ഇങ്ങ് താ.”

“അല്ല ഈ നേരത്ത് നീ ഇത് എങ്ങോട്ടാ…എന്താടാ നിൻ്റെ മുഖത്തൊരു ടെൻഷൻ.”

“ഏട്ടൻ ഇങ്ങ് വന്നേ എനിക്കൊരു കാര്യം പറയാൻ ഉണ്ട്.”

“നീ എന്നെയും കൂടി ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ.”

“ഏട്ടാ ഈ കല്യാണം നടക്കും എന്ന് തോന്നണില്ല്യാ. അവൾ ഇപ്പോ എന്നെ വിളിച്ചിരുന്നു. അത്യാവശ്യമായി എന്നെ ഒന്ന് കാണണം എന്ന്.”

“ഇപ്പഴോ ഈ സമയത്തോ?”

“അതെ വേഗം അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. എന്താ കാര്യം എന്ന് മാത്രം പറഞ്ഞില്ല. അതിൽ പിന്നെ ഞാൻ കാറ്റുപോയ ബലൂണ് പൊലെയായി.”

“നീ ഇങ്ങനെ കിടന്ന് ടെൻഷൻ ആവല്ലേ അത് വെറെ എന്തേലും പറയാനാവും.”

“ഈ നട്ട പാതിരായ്ക്ക് വെറെ എന്ത് പറയാനാ…”

“എടാ ഇനി അവൾക്ക് വെറെ വല്ല റിലേഷനും…?”

“പണ്ടൊരുത്തൻ അവളെ തേച്ചു പോയ കഥ എന്നോട് പറഞ്ഞിട്ടുണ്ട്. ഇനി ആ തെണ്ടിയെങ്ങാനും വലിഞ്ഞ് കയറി വന്നോ ആവോ.”

“എന്നാൽ രണ്ടിൻ്റെയും ശവം ഇന്ന് വീഴും. നീ വണ്ടിയെടുക്ക് ഞാനും കൂടി വരാം.”

“ഹേയ് ഏട്ടൻ വരണ്ട. ഇവിടുത്തെ ബാക്കി കാര്യം നോക്കിയാൽ മതി. ആ പിന്നെ ഒരു കാര്യം അമ്മയും ഏട്ടത്തിയും ഒരു കാരണവശാലും ഇത് അറിയരുത്. അമ്മയാണേൽ എന്തേലും കേൾക്കാൻ വേണ്ടി നിക്കുവാ ബോധം കെടാൻ.”

“ഉം. ശരി ആരും അറിയാതെ ഞാൻ നോക്കിക്കോളാം, നീ പോയിട്ട് വാ.”

“എന്താ ഏട്ടനും അനിയനും കൂടി ഒരു സ്വകാര്യം വാഴത്തോപ്പിൽ ഇരുന്ന് വെള്ളമടിയാണല്ലേ….?”

“വെള്ളമടിയൊന്നും അല്ല എൻ്റെ പൊന്നെട്ടത്തി.”

“അല്ല നിന്നെ ഇപ്പോ ആരാ ഇങ്ങോട്ട് ക്ഷണിച്ചേ നീതു.”

“ഞാൻ ഒരു കാര്യം പറയാൻ വേണ്ടി വന്നതാ എൻ്റെ പൊന്നെ, അത് പറഞ്ഞിട്ട് ഇപ്പോ തന്നെ പൊയ്ക്കോളാം.”

“എന്താ കാര്യം വേഗം പറഞ്ഞിട്ട് പൊയ്ക്കേ…”

“തട്ടാൻ സതീശൻ ചതിച്ചു. താലി മാല ഇപ്പോഴും റെഡിയായിട്ടില്ല. ഒരു പന്ത്രണ്ട് മണിയാവുമ്പോൾ ചെല്ലാൻ പറഞ്ഞു. അപ്പോഴേക്കും റെഡിയാക്കി തരാം എന്ന്…”

“നിന്നോടൊക്കെ അന്നേ ഞാൻ പറഞ്ഞതാ താലി വല്ല ജ്വല്ലറിയിൽ നിന്നും എടുക്കാം എന്ന്, അപ്പോ ആലിലയിൽ കൃഷ്ണൻ കുഴലും ഊതി നിക്കണ ആ ഡിസൈൻ തന്നെ വേണം എന്ന വാശിയിൽ ആയിരുന്നില്ലേ…ഇനി നാളെ മുഹൂർത്തത്തിന് മുൻപ് കിട്ടിയാൽ കിട്ടി എനിക്ക് അത്ര പറയാനുള്ളൂ….”

“ആ ഇനിയിപ്പോ അതിൻ്റെ ഒന്നും ആവശ്യം വരും എന്ന് തോന്നണില്ല….”

“അരുണേ നീ എന്താ പറഞ്ഞേ….”

“അല്ല ഞാൻ തന്നെ പോയി മേടിച്ചോണ്ട് വരാം എന്ന് പറയുവായിരുന്നു.”

“ആ ശരി അപ്പോ ഇനി മറക്കണ്ട ദേ ഞാൻ പോണൂ.”

പിന്നെ ഒട്ടും വൈകിയില്ല ഒരു വിധത്തിൽ ആരും കാണാതെ ഞാൻ വണ്ടിയുമെടുത്ത് മിഴിയുടെ വീട്ടിലേക്ക് യാത്രയായി. ബുള്ളറ്റിനേക്കാൾ ശബ്ദം എൻ്റെ നെഞ്ചിടിപ്പിനായിരുന്നു. അത് പെരുമ്പറ കൊട്ടും പൊലെ കിടന്ന് മുഴങ്ങി. ഇനി അഥവാ ഈ വിവാഹം നടന്നില്ലെങ്കിൽ നാളെ രാവിലെ നാട്ടുകാരുടെയും വീട്ടുകാരുടേയും മുഖത്ത് ഞാനിനി എങ്ങനെ നോക്കും എൻ്റെ ഈശ്വരാ…എന്തായാലും പിന്നെ വീട്ടിലേക്ക് മടക്കം ഇല്ല. വല്ല കാശിയിലോ രാമേശ്വരത്തോ പോയി ഭജന ഇരിക്കാം, അതാ നല്ലത്…എല്ലാം ഒന്ന് കെട്ടടങ്ങിയിട്ട് തിരിച്ച് വരാം.

അങ്ങിനെ ഒരായിരം ചിന്തകൾ എൻ്റെ മസസ്സിലൂടെ മിന്നി മറഞ്ഞു. അല്പസമയത്തെ യാത്രയ്ക്ക് ശേഷം ഞാൻ മിഴിയുടെ വീടിൻ്റെ ഗെയ്റ്റിന് മുൻപിൽ എത്തി. എന്നെ കണ്ടതും അവളുടെ അച്ഛൻ പന്തം കണ്ട പെരുച്ചാഴിയെ പൊലെ വീട്ടിൻ്റെ മുറ്റത്ത് നിന്നു.

“എന്താ മോനെ ഈ രാത്രിയില് എന്തെങ്കിലും പ്രശ്നം ഉണ്ടോ?”

“ഇല്ലഛാ മിഴി കുറച്ച് സമയം മുൻപ് എന്നെ വിളിച്ചിരുന്നു. ഇങ്ങോട്ട് വരണം എന്തോ സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞായിരുന്നു.”

“ആഹാ അതാണോ കാര്യം ഞാനും ഒന്ന് പേടിച്ച് പോയി. അതിന് അവൾ ഇവിടെ ഇല്ലല്ലോ കസിൻസും ഫ്രണ്ട്സും ഒക്കെയായിട്ട് അല്പം മുൻപ് ഓഡിറ്റോറിയത്തിലേക്ക് പോയി.”

“എന്നാൽ ഞാൻ അവിടെ പോയി കണ്ടോളാം അച്ഛാ.”

“എന്നാൽ അങ്ങിനെ ആവട്ടെ മോനെ…ആ വളവ് തിരിഞ്ഞ് നേരെ പോയാൽ മതി, ഇവിടെ അടുത്താ ഓഡിറ്റോറിയം.”

“ഉം. ശരി.”

ഇനി ഒന്നും നോക്കാനില്ല അപ്പോൾ സംഭവം അതു തന്നെ…എന്തായാലും വീട്ടുകാർ അറിഞ്ഞിട്ടില്ല എല്ലാത്തിൻ്റെയും പുറകിൽ അപ്പോൾ അവരാണ്…അവളുടെ ഫ്രണ്ട്സ്. നാറികൾ അങ്ങ് ചെല്ലട്ടെ എല്ലാത്തിനും കണക്കിന് കൊടുക്കുന്നുണ്ട് ഞാൻ മനസ്സിൽ ഓർത്തു.

ബുള്ളറ്റിൻ്റെ ശബ്ദം കേട്ടതും ഓഡിറ്റോറിയത്തിൽ നിന്നും അവളുടെ ഒരു കൂട്ടുകാരി പുറത്തേക്ക് വന്നു.

“അരുണേട്ടന് ബുദ്ധിമുട്ടായോ?”

“ഹേയ് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല…എന്നിട്ട് എവിടെ മിഴി…?അവളെയാണ് എനിക്ക് ആദ്യം കാണേണ്ടത് നിങ്ങൾക്കുള്ളത് പിന്നെ തരാം.”

“അയ്യോ അരുണേട്ടാ അവളെ ചീത്തയൊന്നും പറയല്ലേ….ഞങ്ങൾ നിർബന്ധിച്ചപ്പോൾ അവൾ സമ്മതിച്ചു എന്ന് മാത്രം.”

“എനിക്ക് അറിയാം ഇതിൻ്റെ പുറകില് നിങ്ങള് കുറച്ച് മരമാക്രികൾ ഉണ്ടെന്ന്. നീ ആദ്യം അവളെ ഇങ്ങ് വിളിക്ക്.”

“മിഴി ദേ അരുണേട്ടൻ വന്നിട്ടുണ്ട്. ഇനി നീ തന്നെ കാര്യം പറഞ്ഞോ?” പേടിച്ചരണ്ട ഒരു പേടമാനിനെ പൊലെ തൂണിൻ്റെ മറവിൽ നിന്നും അവൾ എൻ്റെ അടുത്തേക്ക് പതുങ്ങി നിന്നു. വാക്കുകൾ പറയാൻ കഴിയാതെ അവളുടെ അധരങ്ങൾ വിറകൊള്ളുന്നുണ്ടായിരുന്നു.

“അരുണേട്ടാ അത് ഞാൻ….”

“നീ ഒരക്ഷരം മിണ്ടിപ്പോകരുത്. നിനക്ക് ഇത് പറയാൻ ഇത്രയും സമയം ഉണ്ടായിരുന്നില്ലേ…ലാസ്റ്റ് നിമിഷത്തിലാണോ വിളിച്ച് വരുത്തി ആളെ കളിയാക്കുന്നത്. നിശ്ചയം കഴിഞ്ഞിട്ട് ഇപ്പോ 4 മാസമായി ഇതിനിടയ്ക്ക് എപ്പോഴെങ്കിലും ഒന്ന് പറയാമായിരുന്നില്ലേ….”

“അരുണേട്ടാ ഇത് ഒന്നും മുൻകൂട്ടി തീരുമാനിച്ചതല്ല. ദാ ഇപ്പോ ഇവരെല്ലാം ചേർത്ത് തീരുമാനിച്ച് ഉറപ്പിച്ചതാണ്….”

“അല്ല ഇനിയിപ്പോ ഈ അവസാന നിമിഷത്തിൽ ഞാൻ എന്താ വേണ്ടത് നിങ്ങൾ അതും കൂടി പറ.”

“അരുണേട്ടാ ഇനി മിഴിയെ വഴക്ക് പറയണ്ട. എല്ലാം തീരുമാനിച്ചത് ഞാനായിരുന്നു. പക്ഷേ ഇത് അല്പം വൈകിപ്പോയി എന്ന് മാത്രം എന്നാലും പിന്നീട് ചിന്തിക്കുമ്പോൾ ഇതൊരു സുഖമുള്ള അനുഭവം ആവും.”

“ഓഹോ അപ്പോൾ നീയാണല്ലേ നായകൻ.”

“ഉം….അതെ ഞാൻ മാത്രമല്ല എൻ്റെ പുറകിൽ ദേ ഇവരും ഉണ്ട്.”

“ശരി എന്നാൽ നിങ്ങൾ തീരുമാനിച്ച് ഉറപ്പിച്ച പൊലെ എല്ലാം നടക്കട്ടെ. ഞാനായിട്ട് ഇനി തടസ്സം നിൽക്കുന്നില്ല.”

“എന്നാൽ ഇനി സമയം കളയണ്ട. അരുണേട്ടാ വാ സ്റ്റെപ്പ് പഠിക്കാം. എല്ലാം സിംപിൾ ആണ് ഞാൻ കാണിച്ചു തരാം.”

“സ്റ്റെപ്പോ എന്ത് സ്റ്റെപ്പ്…? നിങ്ങള് തമ്മില് ഒളിച്ചോടുന്നതിന് ഞാനെന്തിനാ ദാസപ്പൻകുട്ടീ ഡാൻസ് പഠിക്കുന്നത്…”

“ഒളിച്ചോട്ട വോ….എന്ത് ഒളിച്ചോട്ടം അപ്പോ നാളെ കളിക്കാനുള്ള സ്റ്റെപ്പ് പഠിക്കാനല്ലേ അരുണേട്ടൻ ഇങ്ങോട്ട് വന്നത്.” ഒന്നും മനസ്സിലാവാതെ ഞാൻ അവിടെ തന്നെ അന്തം വിട്ട് കുന്തം വിഴുങ്ങിയ പൊലെ നിന്നു. ചുറ്റും കൂടി നിന്നവർ എല്ലാം കൂട്ടച്ചിരി.

“എൻ്റെ അരുണേട്ടാ നാളെ ഇവൾ ദാ ഓഡിറ്റോറിയത്തിൽ നിന്നും കതിർ മണ്ഡപത്തിലേക്ക് കയറുമ്പോൾ ഞങ്ങൾ ഒക്കെ കൂടി ഒരു ഡാൻസ് പ്ലാൻ ചെയ്തിട്ടുണ്ട്. പിന്നെ താലികെട്ട് കഴിഞ്ഞ് നിങ്ങൾ രണ്ടു പേരുടേയും ചെറിയ ഒരു ഡാൻസും…അതിൻ്റെ ഒരു നാല് സ്റ്റെപ്പ് ഒന്ന് പഠിപ്പിക്കാനാ ഇപ്പോ അരുണേട്ടനെ ഇങ്ങോട്ട് വിളിപ്പിച്ചത്. ഇപ്പോ അതാണല്ലോ ട്രൻ്റ്. പിന്നെ ഇവൻ ഇന്ന് വൈകീട്ടാ ബാംഗ്ലൂരിൽ നിന്ന് എത്തിയത് എല്ലാം ഇവൻ്റെ ഐഡിയയാണ്.”

“ബ്ലാംഗ്ലൂരിൽ നിന്ന് വന്ന് ഞങ്ങളെ ഡാൻസ് പഠിപ്പിക്കാൻ ഇവൻ ആരാ കല്ല്യാണരാമനിലെ കുഞ്ചാക്കോ ബോബനോ ? എനിക്ക് വന്ന ദേഷ്യത്തിന് എല്ലാത്തിനേയും പിടിച്ച് വലിച്ച് കീറി അടുപ്പത്ത് വെക്കുകയാണ് വേണ്ടത്. ആ പിന്നെ മിഴി…നിനക്ക് ഉള്ളത് നാളെ തരാം ട്ടോ…കെട്ട് ഒന്ന് കഴിഞ്ഞോട്ടെ…പുല്ല് കുറെ ടെൻഷനും അടിച്ചു രാത്രിയിലെ ഉറക്കവും പോയി. ഇത് ഫോണിലൂടെ ഒന്ന് പറയാമായിരുന്നില്ലേ.”

“ആ ബെസ്റ്റ് നട്ട പാതിരായ്ക്ക് ഡാൻസ് പഠിക്കാനാന്ന് പറഞ്ഞാൽ അരുണേട്ടൻ ഇപ്പോ വരും.”

“ഒരു മിനിറ്റ് ഞാൻ ഏട്ടനെ ഒന്ന് വിളിച്ച് കാര്യം പറയട്ടെ നീ ആരുടേയോ കൂടെ ഒളിച്ചോടി പോകുവാന്ന് ഏട്ടനോട് പറഞ്ഞിട്ടാ ഞാൻ ഇങ്ങോട്ട് പോന്നത് ചിലപ്പോൾ നാട്ടുകാരുരെ ഒക്കെ കൂടി ഇപ്പോ ഇവിടെ എത്താനും സാധ്യതയുണ്ട്.”

“ദൈവമേ വീട്ടിൽ ഒക്കെ പറഞ്ഞോ ഞാൻ ഒളിച്ചോടി പോവ്വാന്ന്.”

“ഹേയ് ഏട്ടന് മാത്രമേ അറിയൂ.” അങ്ങിനെ ഏട്ടന് വിളിച്ച് കാര്യം പറഞ്ഞത് ഒരു വിധത്തിൽ ഞാൻ സംഭവം റെഡിയാക്കി. അപ്പോഴും എൻ്റെ മുഖത്തെ ആ ചമ്മല് മാറിയിട്ടുണ്ടായിരുന്നില്ല. ഞാൻ വല്ലാതെ തെറ്റിദ്ധരിച്ചു ശ്ശോ. പിന്നെ ഒന്നും നോക്കിയില്ല.

“കമോൺ എവരി ബഡി സ്റ്റാർട്ട് ദ മ്യൂസിക് ….”

മലയിലൂര് നാട്ടാമൻ മനസ്സ് കാട്ട് കൂട്ടമെ ഉന്നയ് പൊലെ യാരും ഇല്ലെയ് മാമാ തഞ്ചാവൂര് രാസാത്തി ധാരാളമാ കേട്ടാങ്കേ മനസ്സുക്കുള്ളെ എവനും ഇല്ലേൽ മാമാ…തൊട്ടതെല്ലാം ദൂൾ പറക്ക്ത് മമ്പട്ടിയാൻ അട മമ്പട്ടിയാൽ….

അവസാനം എൻ്റെ വക സുരേഷ് ഗോപിയുടെ രണ്ട് സ്റ്റെപ് കൂടിയായപ്പോൾ സംഭവം കളറായി…