ഹോ അതാണോ കാര്യം. ഞാൻ വിചാരിച്ചു ഇവൻ ആക്രാന്തം മൂത്ത് സ്ലീവാച്ചായൻ വല്ലതും ആയതാണെന്ന്…

എഴുത്ത് : സനൽ SBT

ആദ്യരാത്രിയിൽ തന്നെ പുലർച്ചേ രണ്ടു മണിക്ക് നവവധുവിൻ്റെ ഉറക്കെയുള്ള നിലവിളി കേട്ടാണ് ഞാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റത്. എഴുന്നേറ്റ പാടെ ലൈറ്റ് ഓൺ ചെയ്തു നോക്കിയപ്പോൾ ബെഡിൽ കിടന്നു പുളയുന്ന ശിവാനിയെയാണ് ഞാൻ കണ്ടത്.

“ഡോ ശിവേ നിനക്ക് എന്താ പറ്റിയെ?”

അഴിഞ്ഞുവീണ മുണ്ട് ബെഡിൽ നിന്ന് തപ്പിയെടുത്ത് ഒരു വിധത്തിൽ ഞാൻ ഉടുത്തു. വീണ്ടും ഉച്ചത്തിലുള്ള അവളുടെ നിലവിളി വീട്ടിലെ എല്ലാവരേയും ഉണർത്തി. പിന്നെ വീട്ടിലെ മുക്കിലും മൂലയിലും ലൈറ്റുകൾ ഓരോന്നായി തെളിയാൻ തുടങ്ങി. അപ്പോഴും കാര്യം ഒന്നും മനസ്സിലാവാതെ ഞാൻ ഇടിവെട്ടിയ പൊലെ റൂമിൻ്റെ ഒരു മൂലയിൽ തന്നെ മിഴിച്ച് നിന്നു.

അതിശക്തമായി റൂമിൻ്റെ വാതിലിൽ ആരോ വന്ന് മുട്ടുന്നത് കേട്ടപ്പോൾ വീണ്ടും എൻ്റെ നെഞ്ചിടിപ്പ് ഒന്ന് കൂടി . വിറയാർന്ന കൈകളാൽ ഞാൻ റൂമിൻ്റെ വാതിൽ പതിയെ തുറന്നു. “എന്താടാ കണ്ണാ പറ്റിയത് ? എന്താ ഇവിടെ ഒരു നിലവിളി കേട്ടത് ?”

“എ…എനിക്ക് ഒന്നും അറിയില്ല അമ്മേ ദാ അവിടെ അവൾ….” ഞാൻ ബെഡിലേക്ക് വിരൽ ചൂണ്ടി. അമ്മയും ഏട്ടത്തിയും കൂടി ബെഡിൻ്റെ അരികിലേക്ക് ഓടി.

“മോളെ ശിവാനീ.” ഇരു കൈകളാൽ അവൾ അടിവയറ്റിൽ മുറുകെ പിടിച്ച് വീണ്ടും ബെഡിൽ കിടന്ന് പുളഞ്ഞു.

“അമ്മേ…എനിക്ക് തീരെ വയ്യ.”

അത് പറയുമ്പോൾ അവളുടെ കണ്ണുകൾ പാതി കൂമ്പിയടഞ്ഞിട്ടുണ്ടായിരുന്നു. എ സി മുറിയിലെ ആ കൊടും തണുപ്പിലും അവൾ അടിമുടി വിയർത്തൊഴുകി നെറ്റിയിലൂടെ ഊർന്നിറങ്ങിയ വിയർപ്പുതുള്ളികൾ മറുകൈ കൊണ്ടവൾ തുടച്ച് നീക്കി. അപ്പോഴേക്കും തൂവെള്ള ബെഡ് ഷീറ്റിൻ്റെ പാതി ഭാഗം രക്തത്താൽ ഈറനണിഞ്ഞിരുന്നു.

അമ്മ അതിരൂക്ഷമായി എന്നെ ഒന്ന് നോക്കി. ഷർട്ടിൻ്റെ മീതെ മുണ്ട് ഉടുത്ത് റൂമിൻ്റെ ഒരു ഓരത്ത് പതുക്കി നിൽക്കുന്ന എൻ്റെ അടുത്തേക്ക് അമ്മ ഓടി അടുത്തു എന്നിട്ട് കരണം നോക്കി ഒന്ന് തന്നു. “എന്താടാ മഹാപാപീ നീ എൻ്റെ കൊച്ചിനെ ചെയ്തത്.” അടിയുടെ വേദനയിൽ കിളി പോയി നിൽക്കുന്ന എൻ്റെ ഷർട്ടിൻ്റെ കോളറയിൽ പിടിച്ച് കുലുക്കി വീണ്ടും അമ്മ ചോദിച്ചു. “നീ എന്താടാ നാറീ അവളെ ചെയ്തത്.”

“സത്യായിട്ടും അമ്മേ ഞാനൊന്നും ചെയ്തില്ല. അവളെ ഞാനൊന്ന് തൊട്ടിട്ടുപോലും ഇല്ല, അതിനാണോ എൻ്റെ കരണം അടിച്ച് പൊളിച്ചത്.”

“എൻ്റെ പൊന്നെടത്തി ഞാൻ പറഞ്ഞത് നേരാ ഇല്ലെങ്കിൽ അവളെ ഒന്ന് വിളിച്ച് ചോദിച്ച് നോക്ക്.”

വീണ്ടും ഇരുവരും അവളുടെ അടുത്തേക്ക് നീങ്ങി. ബെഡിൽ നിന്നും പിടിച്ച് എഴുന്നേൽപ്പിച്ച് അവളെ കട്ടിലിൽ ചാരി ഇരുത്തി. മേശപ്പുറത്ത് ഇരുന്ന ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്ത് അവൾക്ക് നേരെ നീട്ടിക്കൊണ്ട് ഏട്ടത്തി ചോദിച്ചു. “ന്താ ശിവേ പറ്റിയെ കണ്ണൻ മോളെ എന്തേലും ചെയ്തോ?”

“ഇല്ല ഏട്ടത്തി കണ്ണേട്ടൻ എന്നെ ഒന്നും ചെയ്തില്ല. ഒരാഴ്ച മുൻപായിരുന്നു എൻ്റെ ഡേറ്റ്. ഇനി അത് എങ്ങാനും മാറി ഇതിനിടയ്ക്ക് ആവരുത് എന്ന് കരുതി ഞാൻ മെഡിക്കൽ സ്റ്റോറിൽ നിന്നും ഗുളിക മേടിച്ച് കഴിച്ചായിരുന്നു. ദേ ഇപ്പം ആയി എനിക്കാണേൽ വേദന സഹിക്കുന്നില്ല. അതാ ഉറക്കെ നിലവിളിച്ചത്.” അടിവയറ്റിൽ പൊത്തി പിടിച്ചു കൊണ്ട് ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി. അടി കൊണ്ട കവിളും തടവിക്കൊണ്ട് ഞാൻ അമ്മയേയും ഏട്ടത്തിയേയും മാറി മാറി ഒന്ന് നോക്കി. അമ്മ പതുക്കെ തല താഴ്ത്തി.

“ഉം. നീ മുണ്ടും വാരി ചുറ്റി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ കരുതി. ഹും ഇനി സാരല്ല പറ്റി പോയില്ലേ. നീ റൂമിൻ്റെ പുറത്തേക്ക് ഒന്ന് നിന്നെ, അവൾ കുളിച്ച് ഡ്രസ്സ് ഒന്ന് മാറിക്കോട്ടെ…ആ മോളെ നീതു നീ പോയി കുറച്ച് ഉലുവ ചൂടാക്കിയ വെള്ളം ഇങ്ങ് എടുത്തോണ്ട് വാ.”

“ഉം. ശരിയമ്മേ.”

“ഇത് സാരല്ല ആ ഉലുവ വെള്ളം കുടിച്ചാൽ തീരാവുന്ന വേദനയെയൊള്ളൂ..മോള് വിഷമിക്കണ്ട ട്ടോ പോയി കുളിച്ച് ഈ ഡ്രസ്സ് ഒക്കെ ഒന്ന് മാറ് അമ്മ അപ്പോഴേക്കും ബെഡ് ഷീറ്റ് മാറ്റി വിരിക്കാം.” അമ്മ ശിവയുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു.

ഞാൻ ഏട്ടത്തിയോടൊപ്പം റൂമിന് പുറത്തേക്ക് ചാടി. റൂമിന് വെളിയിൽ തന്നെ ആ വീട്ടിലുള്ള എല്ലാവരും കാര്യമറിയാൻ വരിവരിയായി നിൽക്കുന്നുണ്ട്. അവരുടെ നടുവിലൂടെ ഞാൻ അടികൊണ്ട കവിളും പൊത്തിപിടിച്ചു കൊണ്ട് നടന്നു. അതിനിടയിൽ പലരുടേയും മുഖത്തെ പരിഹാസം കലർന്ന ചിരി വെറെയും.

“എന്താടാ കണ്ണാ ന്താ അവൾക്ക് പറ്റിയത്.”

“എന്ത് പറ്റാൻ എല്ലാ മാസവും നിങ്ങൾക്ക് ഒക്കെ പറ്റുന്നത് തന്നെ അവൾക്കും പറ്റിയത്.” ഞാൻ ചെറിയമ്മയെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് മറുപടി പറഞ്ഞു. എന്നിട്ട് നേരെ അടുക്കളയിലേക്ക് നടന്നു. കൂടെ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഏട്ടനും…

“കണ്ണാ സത്യത്തിൽ എന്താ അവിടെ സംഭവിച്ചത്.”

“എൻ്റെ പൊന്നെട്ടാ അല്ലെങ്കിലെ ഞാൻ പിടി വിട്ട് നിക്കുവാണ് എന്നെ ചുമ്മാ ദേഷ്യം പിടിപ്പിക്കല്ലേ.” ഏട്ടൻ എൻ്റെ കൈ അകലത്തു നിന്നും രണ്ട് സ്‌റ്റെപ്പ് പുറകോട്ട് മാറി. “നീതു എന്നാ കാര്യം ഇവൻ എന്തിനാ എന്നോട് ചൂടാവുന്നത്.”

“അത് അവൾ മെൻസസ് ആവാതിരിക്കാൻ ഗുളികയോ മറ്റോ കഴിച്ചായിരുന്നു. ദാ ഇപ്പം ആയി അതിൻ്റെ വേദനയാണ്.”

“ഹോ അതാണോ കാര്യം ഞാനും വിചാരിച്ചു ഇവൻ ആക്രാന്തം മൂത്ത് സ്ലീവാച്ചായൻ വല്ലതും ആയതാണെന്ന്.”

“ദേ. ചുമ്മാ ഓരോന്ന് പറയാതെ പോയി കിടന്ന് ഉറങ്ങിക്കേ നിങ്ങൾക്ക് എന്താ അവിടെ കാര്യം”

“ഓ ശരി ഞാൻ പോണേണ്.” ഏട്ടൻ വീണ്ടും എൻ്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു. “ഏട്ടത്തി ഇതുകൊണ്ട് വേദന മാറുമല്ലോ അല്ലേ…? ഹോസ്പിറ്റലിൽ പോകണം എന്ന് മാത്രം പറയല്ലേ…പിന്നെ അത് മതി നാട്ടുകാർക്ക് പറഞ്ഞ് ചിരിക്കാൻ. മാത്രമല്ല പല കഥകളും അടിച്ചിറക്കും നാട്ടിൽ എനിക്ക് ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാവും അതാ…”

“ഹേയ് നീ പേടിക്കണ്ട ഉലുവ വെള്ളം കുടിച്ച് മാറിയില്ലെങ്കിൽ വയറ്റിൽ ചെറു ചൂട് കൊള്ളിച്ചാൽ മതി മാറിക്കോളും. അതല്ലെങ്കിൽ പപ്പായ ജ്യൂസ് കുടിച്ചാലും അതി.”

“ഉം. ദൈവമേ മാറിയാൽ മതിയായിരുന്നു. ഏട്ടത്തി ഞാൻ പോയി പപ്പായ എങ്ങനേലും സംഘടിപ്പിച്ചു കൊണ്ട് വരാം.”

“ഈ നട്ട പാതിരയ്ക്ക് എവിടുന്ന് കിട്ടാൻ ?”

“ഉം. ഞാനൊന്ന് നോക്കട്ടെ ഏട്ടത്തി, ആദ്യം ഈ ഉലുവ വെള്ളം ഒന്ന് പരീക്ഷിച്ച് നോക്ക്.” പിന്നെ ഒന്നും നോക്കിയില്ല നേരെ ഏട്ടൻ്റെ റൂമിലേക്ക് വെച്ച് പിടിച്ചു. “ഏട്ടാ “

“ഉം. എന്താടാ…”

“ഒന്നിങ്ങ് വന്നേ നമുക്ക് ആ ശാന്തേച്ചിയുടെ വീട് വരെ ഒന്ന് പോകണം.”

“എന്തിന് ഈ പാതിരാത്രിക്ക് ആരുടെ പേറ് എടുക്കാനാ. ?”

“ഓ അതല്ല രണ്ട് പപ്പായ കിട്ടുമോന്ന് നോക്കാനാ…”

“പാതിരാത്രിയിൽ പച്ച മാങ്ങ തിന്നാൻ പെണ്ണുങ്ങൾക്ക് പൂതിയാവും എന്ന് കേട്ടിട്ടുണ്ട്. ഇതെന്താപ്പോ പപ്പായ…”

“പപ്പായ ജ്യൂസ് കുടിച്ചാൽ വേദന മാറും എന്ന് ഏട്ടത്തി പറഞ്ഞു അതാ..”

“ഹോ ബെസ്റ്റ് ഇതപ്പോ അവൾടെ പരിപാടി ആണല്ലേ ?”

“ഏട്ടൻ വരുന്നുണ്ടോ ഇല്ലയോ.”

“ഹോ വരാം ഏതായാലും ഉറക്കം പോയി വാ നടക്ക് . ആ ടോർച്ചും കൂടി എടുത്തോ എനിക്ക് വയ്യ ഇനി പാമ്പിൻ്റെ കടി കൂടി കൊള്ളാൻ…”

“അല്ലേട്ടാ ഈ പാതിരാത്രി വിളിച്ച് ഉണർത്തി കാര്യം എങ്ങനെ പറയും.”

“വിളിച്ച് ഉണർത്തി കാര്യം പറയാനോ ? നിനക്ക് എന്താ തലയ്ക്ക് ഓളം വല്ലതും ഉണ്ടോ. ആരോടും പറയാതെ രണ്ടെണ്ണം എടുത്തോണ്ട് ഇങ്ങ് പോരണം പപ്പായ അല്ലേ വെറെ ഒന്നും അല്ലല്ലോ?”

“എന്നാൽ ശരി വേഗം നടക്ക്.”

” ഉം.”

അങ്ങിനെ ഒരു വിധത്തിൽ രണ്ട് പപ്പായ ഞങ്ങൾ ആരും കാണാതെ പറിച്ചോണ്ട് പോന്ന് ഏട്ടത്തിയുടെ കയ്യിൽ ഏൽപ്പിച്ചു. “ഏട്ടത്തി അവൾക്ക് കുറവുണ്ടോ? ഇല്ലെങ്കിൽ ഇതു കൂടി ജ്യൂസ് അടിച്ച് കൊടുക്ക്.”

“ഇപ്പോ വല്യ കുഴപ്പം ഇല്ല്യ പാവം കുളി കഴിഞ്ഞ് കിടന്നു. ഞാനിത് ജ്യൂസ് അടിച്ച് തരാം നീ കൊണ്ടുപോയി കൊടുത്ത് നോക്ക്…”

“ഉം. ശരി ഏട്ടത്തി.”

ആദ്യരാത്രിയിൽ കയ്യിൽ പാലുമായി വരുന്ന പുതു മണവാട്ടിയെ പോലെ ഞാൻ ജ്യൂസുമായി റൂമിനകത്തേക്ക് കയറി. ദൈവമേ കഴിഞ്ഞു പോയ സീനെല്ലാം വീണ്ടും റിപ്പീറ്റ് ചെയ്യുകയാണല്ലോ…? ഇനി ലൈഫും ഇത് പോലെ ആവാതിരുന്നാൽ മതിയായിരുന്നു. “ശിവേ…” ബെഡിൽ തലയിണയും കെട്ടിപിടിച്ച് ചെമ്മീൻ ചുരുണ്ടു കിടക്കുന്നതു പൊലുള്ള അവളുടെ കിടപ്പ് കണ്ടപ്പോൾ എനിക്ക് തന്നെ പാവം തോന്നി. അവൾ ഞെട്ടി എഴുന്നേറ്റു. “കണ്ണേട്ടാ….”

“വേദന കുറവുണ്ടോ…? നിനക്ക് ഇല്ലെങ്കിൽ ദാ ഈ ജ്യൂസ് കൂടി കുടിക്ക്.”

“ഇപ്പം ഒരു ആശ്വാസം ഉണ്ട്. സാരല്ല അത് മാറിക്കോളും. പിന്നെ ഞാൻ കാരണം എല്ലാവർക്കും ഒരു ബുദ്ധിമുട്ട് ആയി ല്ലേ. ആവശ്യം ഇല്ലാതെ കണ്ണേട്ടന് അമ്മയുടെ കയ്യിൽ നിന്ന് അടിയും കിട്ടി വേദന അത്രയ്ക്കും സഹിക്കാൻ പറ്റാത്തതുകൊണ്ടാണ് ഞാൻ നിലവിളിച്ചത് കണ്ണേട്ടാ സോറി ട്ടോ.”

“ഹോ അത് സാരല്ലെടോ. സത്യം പറഞ്ഞാൽ ഞാനും കാര്യം അറിയാതെ കുറച്ച് നേരം പേടിച്ച് പോയി.”

“സാധാരണ എല്ലാ മാസവും ഇത്ര വേദന ഉണ്ടാവാറില്ല ഇത് ഞാൻ കഴിഞ്ഞ ഗുളികയുടെ റിയാക്ഷൻ ആവും അതാ.”

“ഉം. ശരിയാ…”

“കണ്ണേട്ടൻ കുറച്ച് നേരം എൻ്റെ കൂടെ ഇരിക്കുവോ? ഞാൻ ഉറങ്ങുന്നതു വരെ.”

“അതിനെന്താ ഞാൻ ഇരിക്കാലോ. വാ…”

അവൾ എൻ്റെ മടിയിൽ തല വെച്ച് ആ കുഞ്ഞു തലയിണവും കെട്ടി പിടിച്ച് കിടന്നു. ഞാൻ പതിയെ അവളുടെ ചുരുൾമുടിയിൽ തലോടിക്കൊണ്ടിരുന്നു. പതിയെ അവൾ കണ്ണുകൾ പാതി അടച്ച് ഉറക്കത്തിലേക്ക് വഴുതി വീണു. അപ്പോഴും എൻ്റെ ഉള്ളിൽ വല്ലാത്ത ഒരു വിങ്ങൽ അനുഭവപ്പെട്ടു. ആരോടും പുറത്ത് പറയാനാകാത്ത ആ രഹസ്യം ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി ഒരാഴ്ച കഴിയാതെ ഒരു പരിപാടിയും നടക്കൂല്ല….യെസ് ഐയാം ട്രാപ്പ്ഡ്….

ജഗ്ഗിൽ ബാക്കിയുണ്ടായിരുന്ന കുറച്ച് പച്ച വെള്ളവും കുടിച്ച് ഞാൻ കട്ടിലിൽ കമഴ്ന്നു കിടന്നു.