ചേച്ചിക്കറിയോ രതീഷേട്ടന്‍ പോകും വരെ എന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടുപോലുമില്ല. രതീഷേട്ടന്‍ അടുത്തമാസം ലീവിനു വരും ചേച്ചി.

എഴുത്ത് – ഷിനോജ് TP

മിഥുനോടുള്ള ഇഷ്ടം വീട്ടിലറിയിച്ച അന്ന് അടച്ചതാണ് എന്നെ ഈ മുറിയില്‍…ഈ മുറിയില്‍ ഞാന്‍ തളയ്ക്കപ്പെട്ടിട്ട് ആഴ്ച ഒന്നാകുന്നു. മൊബൈല്‍ ഫോണ്‍ വരെ മേടിച്ചു വെച്ചു.

ഈ വരുന്ന ഞായറാഴ്ച ഒരു കൂട്ടര്‍ വരും പെണ്ണുകാണാന്‍, അവര്‍ക്ക് ബോധിച്ചാല്‍ അടുത്തമാസം കല്യാണം. ചെക്കന്‍ ഗള്‍ഫിലാണ്…അവര്‍ വരുമ്പോള്‍ എന്തെങ്കിലും നീരസഭാവം കാട്ടിയാല്‍ ഞങ്ങളാരും ജീവനോടുണ്ടാവില്ല. അച്ഛന്‍ മുറിയില്‍ വന്നത് പറയുമ്പോള്‍ അത് വെറും ഭീഷണി ആയി എനിക്കു തോന്നിയില്ല.

അവര്‍ വന്നു…പേര് രതീഷ്, എന്‍റെ പേര് രേവതി, ഇത് മാത്രമായിരുന്നു പെണ്ണുകാണല്‍ ദിവസത്തെ ഞങ്ങളുടെ ആകെ സംസാരം. ഗള്‍ഫുകാരന്‍ ആയതിനാലും ലീവ് കുറവായതിനാലും വിരൂന്ന്, നിശ്ചയം തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കി. മുന്നാമത്തെ ഞായറാഴ്ച കല്യാണം. ഞാന്‍ എത്രയൊക്കെ എതിര്‍ത്തീട്ടും അച്ഛന്‍ എന്‍റെ വിവാഹത്തില്‍ ഉറച്ചു നില്ക്കുവായിരുന്നു.

രതീഷ് വിളിക്കുമ്പോള്‍ മാത്രമാണ് എന്‍റെ കയ്യില്‍ ഒരൂ ഫോണ്‍ എത്തിയിരുന്നത്. ഫോണ്‍ രതീഷ് കട്ട് ചെയ്യുന്നതുവരെ കാതോര്‍ത്ത് അമ്മ അടുത്തിരുന്നു. കട്ട് ചെയ്ത് ഫോണ്‍ മേടിച്ചൂ പോകുന്ന അമ്മയെ ഞാന്‍ നിസ്സഹായതയോടെ നോക്കിയിരുന്നു. ഭക്ഷണം തരാന്‍ അനുവാണ് വന്നിരൂന്നത്. അവള്‍ എനിക്കു അനിയത്തി മാത്രമായിരുന്നില്ല, എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു. അവള്‍ക്കറിയാം ഞാന്‍ മിഥുനെ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന്…എന്തെങ്കിലും വഴി കാണാം ചേച്ചി…അനു എന്നോടത് പറയുമ്പോള്‍ ആത്മവിശ്വാസം എനിക്കു തീരെ ഇല്ലായിരുന്നു.

കല്യാണത്തിനു രണ്ടുദിനം മുന്നെ ഭക്ഷണവുമായി വന്ന അനു ഒരു കത്തും കൂടീ എനിക്കു തന്നു മിഥുന്‍ എഴുതി തന്നതാണ്. ഇന്നവനെ കണ്ടിരുന്നത്രേ…അവളത് തന്ന് താഴേക്ക് പോയി.

അങ്ങനെ മൂന്നാമത്തെ ഞായറാഴ്ച എത്തി. വരനും കൂട്ടരും എത്തി. കല്യാണ പന്തലിലോട്ട് അണിഞ്ഞൊരുങ്ങി ഞാനും…പെട്ടെന്ന് മന്ത്രോച്ചാരണത്തിനേക്കാള്‍ ഉച്ചത്തില്‍ ഞാന്‍ വിളിച്ചു കൂവി ഈ കല്യാണം എനിക്കു വേണ്ട. ആ വലിയ ഹാള്‍ നിശബ്ദമായി. എല്ലാവരുടെയും നോട്ടം എന്നിലേക്കായി.

എനിക്കു മിഥുന്‍ എന്നയാളെ ഇഷ്ടമാണ്, അയാള്‍ ഇവിടെയുണ്ട്. അയാളുടെയൊപ്പം പോകാന്‍ അനുവദിക്കണം. പിന്നെ ആ ഓഡിറ്റോറിയത്തില്‍ ബഹളമായിരൂന്നു. ഈ ബഹളത്തിനിടക്ക് എനിക്കു തന്ന മൊട്ടുകമ്മലടക്കം ഞാന്‍ പൂജാതട്ടിലൂരിവെക്കുവായിരുന്നു. ഈ സമയമൊന്നും ഞാന്‍ എന്‍റെ അച്ഛന്‍റെയോ അമ്മയുടെയോ മുഖത്ത് നോക്കിയിരുന്നില്ല. നോക്കിയാല്‍ ഞാന്‍ തളര്‍ന്നു പോകൂമെന്നെനിക്കറിയാമായിരുന്നു.

മിഥുന്‍റെ കൈ പിടിച്ച് ഞാന്‍ ഓഡിറ്റോറിയം ഇറങ്ങുമ്പോള്‍ അവിടം നിശബ്ധമാക്കികൊണ്ട് അച്ഛന്‍റെ ശബ്ദമുയര്‍ന്നൂ. നിങ്ങള്‍ക്കൊക്കെ സമ്മതമാണെങ്കില്‍ എന്‍റെ ഇളയമോള്‍ അനുവിനെ അവള്‍ക്കുപകരം ഞാന്‍ കൈപിടിച്ചു തരാം. ഞെട്ടലോടെയാണ് ഞാനത് കേട്ടവിടെ നിന്നിറങ്ങിയത്.

ഞാനും മിഥുനുമായി ജീവിതം എങ്ങനെയൊക്കെയോ മുന്നോട്ട് കൊണ്ടു പോകുകയാണ്. അതിനിടക്ക് ഒരീക്കല്‍ പോലും ഞാന്‍ വീട്ടുകാരെപ്പറ്റി ചിന്തിച്ചേ ഇല്ല. പെടാപ്പാടിനിടയില്‍ അതിനുള്ള സമയം കിട്ടീയിരുന്നില്ലെന്നതാണ് സത്യം. അങ്ങനെയിരിക്കെ ഒരു ദിവസം പി.എസ്.സി യുടെ ഒരു പരീക്ഷ കഴിഞ്ഞു മടങ്ങുന്ന ദിനം അനുവിനെ ഞാന്‍ കണ്ടു. അവള്‍ എന്നെ കണ്ടില്ല, അതുകൊണ്ടുതന്നെ അവളെ കണ്ടു സംസാരിക്കാന്‍ ഞാന്‍ അവളുടെ അടുത്തോട്ടു നീങ്ങവേ അവള്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി.

ഞാനും അവള്‍ക്കു പുറകെ ആ സ്റ്റോപ്പില്‍ ഇറങ്ങി. അനുമോളെ ഞാന്‍ അവളെ പിന്നില്‍ നിന്ന് വീളിച്ചു. അവള്‍ തിരിഞ്ഞു നോക്കി, എന്നെ കണ്ടതും അവള്‍ ആദ്യമൊന്നു ഞെട്ടിയെങ്കിലും മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്നു. അവള്‍ക്കെന്നോട് എന്തെന്നില്ലാത്ത ദേഷ്യമുണ്ട് ഞാന്‍ അത് തിരിച്ചറിഞ്ഞു. പിന്നെ ഒന്നുടെ വിളിക്കാന്‍ എന്‍റെ മനസ്സ് സമ്മതിച്ചില്ല. ഞാനും ബസ്റ്റോപ്പിലേക്ക് തിരിച്ചു. പുറകില്‍ നിന്ന് ചേച്ചി എന്നവിളികേട്ടു തിരിഞ്ഞ എന്നെ ഇറുകനെ കെട്ടിപ്പിടിച്ചവള്‍ കരഞ്ഞു. അനുമോളെ ഇത് റോഡാണ് ആളുകള്‍ ശ്രദ്ദിക്കുന്നു. കരച്ചില്‍ നിര്‍ത്തു…

പെട്ടെന്ന് കണ്ണീര്‍ തുടച്ചവള്‍ എന്നോടു ചോദിച്ചു…സുഖമാണോ ചേച്ചി…? സുഖം. മോള്‍ക്കോ…? അതിനുത്തരം അവളുടെ കണ്ണീരായി ഒലിച്ചിറങ്ങി. രതീഷേട്ടന്‍ എന്നെ ഒരു ഭാര്യയായി ഇന്നുവരെ നോക്കിയിട്ടു പോലുമില്ല ചേച്ചി. ചേച്ചിയോടുള്ള ദേഷ്യം തന്നെയാണതിന് കാരണം. അയാള്‍ എല്ലാവരുടെയും മുന്നില്‍ അപമാനിതനായതിന് പകരം വീട്ടുകയാണയാള്‍.

അച്ഛനും അമ്മയും…? അവര്‍ക്കോ ഞാന്‍ ചോദിച്ചു.

അവര്‍ക്കിതൊന്നും അറിയീല്ല ചേച്ചി. ഞാന്‍ അനുഭവിക്കുന്നതൊന്നും അവരോട് പറഞ്ഞിട്ടില്ല. അറിഞ്ഞാല്‍ അച്ഛന്‍ തകര്‍ന്നു പോകും. ഇവിടെ വീട്ടില്‍ എനിക്കു ഒരു കുറവും ഇല്ല ചേച്ചി. അമ്മയ്ക്കൊക്കെ എന്നെ ജീവനാണ്. പക്ഷെ രതീഷേട്ടന്‍ ലീവ് കഴിഞ്ഞ് പോകും വരെയോ പൊയ്ക്കഴിഞ്ഞോ എന്നോടു സംസാരിച്ചിട്ടു പോലുമില്ല. ചേച്ചിക്കറിയോ രതീഷേട്ടന്‍ പോകും വരെ എന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടുപോലുമില്ല. രതീഷേട്ടന്‍ അടുത്തമാസം ലീവിനു വരും ചേച്ചി. അന്നിട്ടു ഞാന്‍ തീരുമാനിക്കും ഞാന്‍ ജീവിക്കണോ വേണ്ടയോ എന്ന്…

ഞെട്ടലോടെയാണ് ഞാനതൊക്കെ കേട്ടത്…ഞാന്‍ കാരണം എന്‍റെ അനിയത്തി, അവളുടെ ജീവിതം അതൊക്കെ തകര്‍ന്നല്ലോ ദൈവമേ…ഞാന്‍ മനസ്സിലോര്‍ത്തു. രതീഷ് വരുമ്പോള്‍ വിളിക്ക് ഞാന്‍ ഒന്നു സംസാരിക്കാം അനുമോളെ, ഞാനവള്‍ക്ക് പുതിയ നമ്പര്‍ നല്കികൊണ്ട് പറഞ്ഞു.

ഒരു ദിവസം അനുമോളുടെ കാള്‍ വന്നു, രതീഷേട്ടന്‍ ലീവിനു വന്നിട്ടുണ്ട്. ഞാന്‍ രതീഷിന്‍റെ നമ്പര്‍ മേടിച്ചു. അന്ന് തന്നെ ഞാന്‍ രതീഷിനെ വിളിച്ചു. അയാളോട് ഞാന്‍ ഫോണിലുടെ മാപ്പു പറഞ്ഞു നിലവിളിച്ചു. തെറ്റുകാരി ഞാനാണെന്നും, എന്‍റെ അനിയത്തിയുടെ ജീവിതം തകര്‍ക്കരൂതെന്നുമപേക്ഷിച്ചു. രതീഷെന്നോട് പറഞ്ഞു…നമൂക്കൊന്ന് നേരിട്ടു സംസാരിക്കാം ഫോണിലുടെ വേണ്ട…

പിറ്റേന്ന് തന്നെ ഞങ്ങള്‍ തമ്മില്‍ കണ്ടു. അനുമോളെ ഞാന്‍ എന്‍റെ ഭാര്യയായി കൂടെ ചേര്‍ത്തു നിര്‍ത്താം പക്ഷെ…അയാളെന്‍റെ കരങ്ങള്‍ ഗ്രസിച്ചു. ഞെട്ടിപ്പോയി ഞാന്‍. കൈകള്‍ വിടുവിച്ച് അയാളുടെ മുഖത്ത് ദയനീയമായി നോക്കി. എന്‍റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകിതുടങ്ങി.

കൈയ്യില്‍ പിടിച്ചതിന് ക്ഷമ ചോദിച്ചുകൊണ്ട് അയാളെന്നോട് പറഞ്ഞു…ഈ കണ്ണുനീര്‍ കാണുവാന്‍ മനപ്പൂര്‍വ്വമാണ് ഞാന്‍ ചേച്ചിയുടെ കൈയ്യില്‍ പിടിച്ചത്. നൂറുകണക്കിനാളുകളുടെ മുന്നില്‍ അപമാനിതരായി നിന്ന്, എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയില്‍ ഇതുപോലെ കൈകോര്‍ത്തു പിടിക്കപ്പെട്ടവരാണ് ഞാനും അനൂവും…ചേച്ചിയുടെ കണ്ണില്‍ നിന്ന് വീഴുന്ന ഈ കണ്ണീര്‍ എനിക്കായോ…നിങ്ങളുടെ ഇഷ്ടം നോക്കാതെ എന്നോടൊപ്പം ചേര്‍ക്കാന്‍ നോക്കിയ നിങ്ങളുടെ അച്ഛനമ്മമാര്‍ക്കു വേണ്ടിയോ അല്ല…ഇത് അവള്‍ക്കു വേണ്ടിയാണ്…അനുമോള്‍ക്കു വേണ്ടിയാണെന്നു ഞാന്‍ തിരിച്ചറിയുന്നു.

അപമാനിതരായി നിന്ന എനിക്കും നിങ്ങളുടെ കുടുംബത്തിനുമൊക്കെ വേണ്ടി പൊടുന്നനെ എന്‍റെ ഭാര്യയാകേണ്ടി വന്നവളാണ് അനു. അവളുടെ ജീവിതം തകര്‍ക്കുവാന്‍ ഒരിക്കലും ഞാന്‍ ശ്രമിച്ചിട്ടില്ല. നീ തന്ന മുറിവില്‍ നിന്ന് ഞാന്‍ സുഖം പ്രാപിച്ചു വരുന്നേയുള്ളു…ആ വേദനയില്‍ അവളെ അഭിമുഖീകരീക്കാന്‍ ഞാന്‍ ബുദ്ധിമുട്ടിയിട്ടുണ്ട് ഇന്ന് വരെ, അത് സത്യമാണ്. അവളുടെ ഇഷ്ടങ്ങളൊന്നും തിരക്കാതെ അറിയാതെയാണ് ഞാന്‍ അവളെ കൂടെ കൂട്ടിയത്, ഇത് വരെ എന്‍റെ വീട്ടില്‍ അനുവിനൊരു കുറവും എന്‍റെ വീട്ടുകാര്‍ വരുത്തിയിട്ടില്ല. ഇന്ന് ഞാനവളോട് എന്‍റൊപ്പം ജീവിക്കാന്‍ ഇഷ്ടമാണോന്ന് ചോദിക്കും. അവള്‍ സമ്മതിച്ചാല്‍ ഒരു രാജകുമാരിയേപ്പോലെ ഞാന്‍ അവളെ വാഴിക്കും. നിങ്ങളുടെ അച്ഛന്‍റെ തീരുമാനം തെറ്റായിരുന്നില്ലെന്നു ഞാന്‍ തെളിയിക്കും. ചേച്ചി പൊയ്ക്കോളു….