എഴുത്ത്: സമീർ ചെങ്ങമ്പള്ളി
ഉമ്മ കുഞ്ഞു നാൾ മുതലേ എന്നോട് ഒരുപാട് നുണകൾ പറയാറുണ്ട്….
ഉപ്പ കൊണ്ടുവരാറുള്ള മിട്ടായി പൊതിയിൽ നിന്ന് ഒരെണ്ണമെടുത്ത് ഉമ്മയുടെ നേരെ നീട്ടിയാൽ ഉമ്മ പറയും “എനിക്ക് മിട്ടായി ഇഷ്ടമല്ലെന്ന്”
ബാക്കിയായ മൂന്ന് മീൻ കഷ്ണങ്ങളിൽ രണ്ടെണ്ണമെടുത്ത് എനിക്കും ഏട്ടനും ഒന്നെടുത്ത് ഉപ്പക്കും നീക്കിവെക്കുമ്പോൾ ഞാൻ ഉമ്മയോട് ചോദിക്കാറുണ്ടായിരുന്നു…”ഇങ്ങക്ക് മാണ്ടേ??.. “
“എനിക്ക് ഈ മീൻ അത്ര പുടിച്ചിട്ടില്ല “…
അതെ മീൻ മൂന്നിൽ കൂടുതൽ ബാക്കിയാൽ മാത്രം ഉമ്മ ആ മീനിനെ ഇഷ്ടപ്പെടുന്നതിന്റെ മാജിക് ഇന്നും ഞാൻ ചോദിച്ചിട്ടില്ല…
അയൽവക്കത്തെ സൽക്കാര വീട്ടിൽ നിന്നും കൊടുത്തുവിടാറുള്ള ബിരിയാണി പ്ളേറ്റ് മൂന്ന് പേർക്ക് വീതം വെച്ച് നൽകുമ്പോൾ ഉമ്മ മാറി നിന്നുകൊണ്ട് പറയും…”വല്ലാത്ത ഗ്യാസ്, എനിക്കിത് വേണ്ട “
ടൂറിന് പോകാൻ പൈസ തരാനില്ലെന്ന് ഉപ്പ കട്ടായം പറയുമ്പോൾ ജീരകം മണക്കുന്ന ഒരുപിടി പഴയ നോട്ടുകൾ എന്റെ നേരെ നീട്ടിക്കൊണ്ട് ഉമ്മ പറയാറുണ്ട്. “ഉപ്പ തരാൻ പറഞ്ഞതാ, സൂക്ഷിച്ച് ചിലവാക്കണം “….
ഇന്നും ആ നുണച്ചിക്ക് ഒരു മാറ്റവുമില്ല…
നെഞ്ചുവേദനയും കൈ വിറയലും കൂടുതലാകുമ്പോൾ ഡോക്ടറെ കാണിച്ചതിന് ശേഷം ചില ടെസ്റ്റുകൾ കാണിക്കാമെന്ന് പറയുമ്പോൾ ഉമ്മ പറയും. “ഇനിക്കിപ്പോ അത്രയൊന്നുല്ലടാ…. ഈ മരുന്ന് കുടിച്ചാൽ തന്നെ മാറുമെന്ന്… “
ഉമ്മ പറയാറുള്ള കള്ളങ്ങൾ പടച്ചോനെപോലും കരയിപ്പിക്കാറുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്, കാരണം ആ കള്ളങ്ങൾ പറയാൻ സ്നേഹനിധിയായ ഒരു മാതാവിന് മാത്രമേ കഴിയൂ, ആ കള്ളങ്ങൾ കേൾക്കാൻ പുണ്യം ചെയ്ത ഒരു മകന് മാത്രമേ ഭാഗ്യമുണ്ടാകൂ…
നമ്മുടെ ഉമ്മമാർക്ക് ആയുസ്സും ആരോഗ്യവും സർവ്വശക്തൻ നൽകുമാറാകട്ടെ…