ആദ്യം ഉണ്ടായത് നീ എന്‍റെ മോനായി ജനിച്ചൂ. അന്നിട്ടാ അവള്‍ക്ക് ഭര്‍ത്താവായത്. അമ്മയുടെ മറുപടികേട്ട് വീണ്ടും എന്‍റെ കിളിപോയി.

എഴുത്ത്: Shenoj TP

എന്തോ ചെറിയ ഒച്ച കേട്ടാണ് ഞാന്‍ അടുക്കളയില്‍ എത്തിയത്. അപ്പോഴേക്കും ഭാര്യ രേവു ആണ് തകര്‍ക്കുന്നത്. അവള്‍ നിര്‍ത്തിയിടത്തു നിന്ന് അമ്മ തുടങ്ങി. എന്താ സം ഭവം എന്നു ചോദിച്ചിട്ടു ഉത്തരം തരാതെ രണ്ടും കൂടീ വീണ്ടും ബഹളം തുടര്‍ന്നു.

ഇനിയൊരു അക്ഷരം മിണ്ടിയാല്‍ നിന്‍റെ കര്‍ണ്ണം അടിച്ചു പൊളീക്കും ഞാന്‍ ചുമ്മാതെ കണ്ണുരുട്ടികൊണ്ട്, രേവുവിന്‍റെ കൈയ്യില്‍ പിടിച്ചൂ വിരട്ടി. അവള്‍ കരഞ്ഞുകൊണ്ട് മൂറിയിലോട്ടു കയറിപ്പോയി…

നിന്‍റെ പെണ്ണുമ്പിള്ളയുടെ ചീത്തവിളി കേള്‍ക്കാനോന്നും എന്നെ കിട്ടില്ലാട്ടോ…എനിക്കു ഇഷ്ടമില്ലാത്തത് ഞാന്‍ പറയും. ഇതെന്‍റെ വീടാണ്. എനിക്കും എന്‍റെ തായ അഭിപ്രായം ഉണ്ട്. അമ്മെ എന്താ ഉണ്ടായെ ഞാന്‍ കാര്യം തിരക്കി. കാര്യം നീ കണ്ടില്ലേ ?

അതിന് മുന്നെ എന്താ ഉണ്ടായത് ? അമ്മയുടെ ഒച്ചയാണല്ലോ ആദ്യം കേട്ടത്…

ഓഹോ അപ്പോള്‍ ഞാനാണ് തുടങ്ങിയതെന്ന്, മനസ്സിലായെടാ നീ പറഞ്ഞു വരുന്നത്. നിനക്കല്ലേലും ഭാര്യ പറയുന്നത് മാത്രം വിശ്വാസമുള്ളവനല്ലേ…ഞാന്‍ നിന്‍റെ അമ്മയാണ് അത് നീ മറക്കണ്ട…നിന്നെ പെറ്റു വളര്‍ത്തിയ അമ്മ…

ഇനിയെന്തേലും ചോദിച്ചാല്‍ അടുത്തത് എന്നോടാവൂം…ഞാന്‍ അത് മനസ്സിലോര്‍ത്ത് റൂമിലോട്ട് ചെന്നു. രേവു നല്ല കരച്ചിലാണ്. എന്താടി കാര്യം…?

നമുക്ക് വാടക വീട്ടിലോട്ട് മാറാടോ, തന്‍റെ അമ്മയുടെ ഒപ്പം ജീവിക്കാന്‍ എനിക്കു പറ്റില്ല…അവള്‍ പറഞ്ഞു. ശ്ശെടാ ഇതവിടെ വരെയെത്തിയോ ? നീ കാര്യം പറ ആദ്യം.

ആ നിങ്ങള്‍ക്കല്ലേലും അമ്മ പറയുന്നതല്ലേ വിശ്വാസമുള്ളു. ഇവിടെ നടന്നതൊക്കെയും അമ്മ പറഞ്ഞതും താന്‍ കണ്ടതല്ലേ…ഞാന്‍ നിങ്ങളുടെ ഭാര്യയാണ്. നിങ്ങളുടെ കുഞ്ഞിന്‍റെ അമ്മ അത് മറക്കണ്ട…

ഒന്നും മിണ്ടാതെ ഞാന്‍ ഹാളിലേക്കെത്തി അച്ഛന്‍ അവിടെ ഇരുന്നു ടി വി കാണുന്നുണ്ട്. എന്താ അച്ഛാ ഉണ്ടായെ അച്ഛന്‍ വല്ലതും മനസ്സിലായോ…?

എടാ മോനെ ഉത്തരം കിട്ടാത്ത ഇങ്ങനത്തെ പല ചോദ്യങ്ങളെയും അതിജീവിച്ചാണ് ഞാന്‍ ഇന്നീ പ്രായത്തില്‍ എത്തിയത്. അവര്‍ രണ്ടു പേരും നിന്നോട് പറഞ്ഞത് ഞാന്‍ കേട്ടു.

അതല്ലച്ഛ ഇവിടെ ഇപ്പോള്‍ എന്താ നടന്നതെന്നറിയാനറിയാനായിരുന്നു…

എടാ മോനെ അമ്മയക്കും ഭാര്യക്കുമിടയില്‍ നമ്മള്‍ അനുഭവിക്കുന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങളും സമ്മര്‍ദ്ധങ്ങളുമാണ് ജീവിതം.

അച്ഛന്‍ വല്ല കഞ്ചാവ് വലിക്കാനും തുടങ്ങിയോ ? തത്വമല്ലാതെ അച്ഛനും ഉത്തരം തരുന്നില്ലല്ലോ ഞാന്‍ മനസ്സിലോര്‍ത്തു. വീണ്ടും റുമില്‍ കയറി രേവു കരച്ചില്‍ നിര്‍ത്തിയിട്ടില്ല. ഞാന്‍ ഈ വീട്ടില്‍ എന്തോരം മാനസിക സമ്മര്‍ദ്ധം അനുഭവിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയോ ? അവള്‍ വീണ്ടും തുടങ്ങി.

കാര്യം പറയെടി രേവു എന്താ ഉണ്ടായത്. അമ്മ വിളിച്ചു കൂവിയതൊക്കെ നിങ്ങളും കേട്ടില്ലേ ? അത് കേട്ടു. അതിന് മുന്നെ ഉണ്ടായതെന്താ ?

നിങ്ങളല്ലേലും അമ്മയുടെ സൈഡാ…ഇവളോട് ചോദിച്ചിട്ടു കാര്യമില്ല അമ്മയോടു തന്നെ ചോദിക്കാം. കാര്യം അറിഞ്ഞട്ടേയുള്ളു ഇനി. ഞാന്‍ അമ്മയുടെ അടുത്തെത്തി. അമ്മേ ആദ്യം എന്താ ഉണ്ടായത് ?

ആദ്യം ഉണ്ടായത് നീ എന്‍റെ മോനായി ജനിച്ചൂ. അന്നിട്ടാ അവള്‍ക്ക് ഭര്‍ത്താവായത്. അമ്മയുടെ മറുപടികേട്ട് വീണ്ടും എന്‍റെ കിളിപോയി.

സത്യത്തില്‍ തൂടക്കമെന്താണെന്നൂ വഴക്കിട്ട അമ്മയ്ക്കോ ഭാര്യക്കോ ഓര്‍മ്മപോലും ഇല്ല. പക്ഷെ അതെതുടര്‍ന്നു ജയിക്കാനായി പരസ്പരം പറഞ്ഞത് രണ്ടു പേര്‍ക്കും നല്ല ഓര്‍മ്മയുണ്ടു താനും…ഞാന്‍ ഹാളില്‍ എത്തി. അച്ഛന്‍ എന്‍റെ മുഖത്തു നോക്കി നിര്‍വ്വികാരനായി പറഞ്ഞു.

എടാ മോനെ അവര്‍ അമ്മയും മകളുമാകാന്‍ ശ്രമിക്കുമ്പോളാണ് വഴക്കു കുടുന്നത്. അമ്മായിഅമ്മയും മരുമോളുമായി ചീന്തിക്കുമ്പോള്‍ അത് മാറിക്കോളും. പിന്നൊരു കാര്യം മോനെ…പ്രസവ വേദനയൊന്നും ഒന്നുമല്ല, അമ്മയ്ക്കും ഭാര്യയ്ക്കും ഇടയ്ക്കു നമ്മള്‍ അനൂഭവിക്കുന്ന മാനസികസങ്കര്‍ഷവും വേദനയുമില്ലെ, അതാണ് യഥാര്‍ത്ഥവേദന…!!

ന്യായം തീര്‍ക്കാന്‍ പോവണ്ട , നിനക്കീ സമ്മര്‍ദ്ദം അതിജിവിക്കാനുള്ള കരൂത്ത് നല്കാന്‍ ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കാം…അച്ഛന്‍റെ പ്രാര്‍ത്ഥന ഈശ്വരന്‍ പെട്ടെന്നു കേള്‍ക്കട്ടെ…ഞാനും പ്രാര്‍ത്ഥിച്ചു…