എന്റെ കിളി പോയി. സത്യം പറഞ്ഞാൽ ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്കങ്ങനെ ചെയ്യേണ്ടി വന്നിരുന്നു. പക്ഷേ ഈ കുരിപ്പ്…

ഒറ്റുക്കാരി – രചന: ദിയ കൃഷ്ണ

“ഈ ഒപ്പിട്ടത് നീയാണോ? “

ഈ ചോദ്യം ഇന്നൊന്നും അല്ല വർഷങ്ങൾക്കിപ്പുറം അഞ്ചാം ക്ലാസ്സിലെ കുട്ടി കുപ്പായക്കാരിയോടാണ്..

“ദിയയെ ഹെഡ് മാസ്റ്റർ വിളിക്കുന്നുണ്ട്”. രാകേഷ് സാറിന്റെ ഇംഗ്ലീഷ് ക്ലാസ്സിൽ ഒന്നും മനസിലാവാതെ വായും തുറന്നിരിക്കുമ്പോഴാണ് ഏഴാം ക്ലാസ്സിലെ സീനിയർ ചേട്ടൻ വന്നു പറഞ്ഞത്….

ഞാൻ സാറിന്റെ മുഖത്തേക്ക് ഒന്നു നോക്കി. സാറ് പൊയ്ക്കോളാൻ പറഞ്ഞപ്പോൾ ക്ലാസ്സിന്ന് രക്ഷപ്പെട്ട സന്തോഷത്തിൽ നല്ലൊരു ചിരിയും പാസ്സ് ആക്കി ഹെഡ് മാസ്റ്ററുടെ ക്യാബിനിലേക്ക് വച്ചു പിടിച്ചു.

May i coming sir? (അന്ന് may i coming ആയിരുന്നു.. ഇന്നാണ് may i come in ആയത് ) ആകെ അറിയാവുന്ന ഇംഗ്ലീഷ് നീട്ടി വലിച്ചു ചോദിച്ച് അകത്തു കയറി.

അകത്ത്, കരഞ്ഞ് ചുവന്ന കണ്ണുമായി എന്റെ മൂന്നാം ക്ലാസ്സുകാരി അനിയത്തി നന്ദു ഉണ്ടായിരുന്നു. പിന്നെ കാണുമ്പോ തന്നെ എനിക്ക് മുട്ട് വിറയ്ക്കുന്ന ഹിന്ദി സർ കയ്യും കെട്ടി നിൽക്കുന്നു…

എന്റെ മുന്നിലേക്ക് ഹെഡ് മാസ്റ്റർ അവളുടെ ഓണപരീക്ഷയുടെ answer പേപ്പർ വച്ചു. അതിലെ ഒപ്പ് ചൂണ്ടി കാണിച്ചു കൊണ്ട് എന്നോട് പറഞ്ഞു രക്ഷിതാവിനെ കൊണ്ട് answer ഷീറ്റ് ഒപ്പിട്ടു കൊണ്ടു വരാൻ പറഞ്ഞിട്ട് ഇതിലെ ഒപ്പിട്ടിരിക്കുന്നത് അവൾ തന്നെയാണ്.

അപ്പൊ ഞാൻ ഭയങ്കര നിഷ്കളങ്കമായ മുഖത്തോടെ തന്നെ നിന്നു. അവൾ തെറ്റു ചെയ്തു. ചേച്ചിയായതു കൊണ്ട് എന്നെ അറിയിച്ചതാവുമല്ലോ… എന്നെ അപ്പൊ കണ്ടാൽ അത്രേം നിഷ്കളങ്ക വേറെ ആരും ഇല്ലെന്ന് തോന്നി പോവും… ശ്യോ എജ്ജാതി ഞാൻ.. !!

പക്ഷേ അടുത്ത നിമിഷം കഥ മാറി. ഹെഡ് മാസ്റ്ററുടെ ശബ്ദം ഒന്നൂടി കനത്തിലായി. “നന്ദുവിനോട് ചോദിച്ചപ്പോൾ പറഞ്ഞത് ചേച്ചി ചെയ്യുന്നത് കണ്ടിട്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ്. ശരിയാണോ?? “

എന്റെ കിളി പോയി. സത്യം പറഞ്ഞാൽ ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്കങ്ങനെ ചെയ്യേണ്ടി വന്നിരുന്നു. പക്ഷേ ഈ കുരിപ്പ്‌ അത് അനുകരിക്കുമെന്നും കൂടെയുള്ള എല്ലാ തല തെറിച്ച കൂട്ടുക്കാരികൾക്കും suggest ചെയ്യുമെന്നും ടീച്ചർ പിടിക്കുമെന്നും ഞാനുണ്ടോ അറിയുന്നു.

എനിക്ക് വന്ന ദേഷ്യം പറയാനുണ്ടോ. അവൾക്ക് സ്വയം ഏറ്റെടുത്താൽ പോരേ…എന്നെ കൂടി ഇതിലേക്ക് ചാടിക്കണോ..!!!

ഞാൻ സാറിന്റെ മുൻപിൽ നിന്ന് ഒന്നു പരുങ്ങി..”സാർ അത്…… !!” എനിക്ക് പറയാൻ ഉള്ള കഥ ഒന്നും കേൾക്കാൻ സർ നിന്നില്ല…

“ഒറ്റ ചോദ്യം മാത്രം, നീ answer ഷീറ്റിൽ രക്ഷിതാവിന്റെ ഒപ്പിട്ടിരുന്നോ??… “

ആ ചോദ്യത്തിൽ തന്നെ എന്റെ പകുതി ജീവൻ പോയിരുന്നു.

“ഉവ്വ്…. “

മേശ പുറത്തിരുന്ന മരത്തിന്റെ സ്കെയിൽ സാറിന്റെ കയ്യിലായി. എന്റെ കൈ നീണ്ടു… !!! കണ്ണിൽ നിന്ന് പൊന്നീച്ച പാറുന്ന 2 അടി….എല്ലാ ലോകവും ആ അടിയിൽ ഞാൻ കണ്ടു. കുറേ വഴക്കും കേട്ടു, ക്ലാസ്സിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു.

ക്ലാസ്സിലെത്തും വരെ ചുരുട്ടി പിടിച്ച അടി കൊണ്ട കൈ തുറന്നില്ല. ഡസ്കിന്റെ അടിയിൽ വച്ച് കൈ പതിയെ തുറന്നു നോക്കി, ചുവന്നിരുന്നു. ക്ലാസ്സിൽ ആരോടും കാര്യം പറഞ്ഞില്ല. കണ്ണുകളൊക്കെ കരയാൻ വെമ്പി നിന്നിരുന്നു.

വീട്ടിൽ സ്കൂളിൽ നിന്ന് വിളിച്ചു പറഞ്ഞിരുന്നു. അവിടത്തെ വഴക്ക് വേറെ. 2 ദിവസം ഞാൻ നന്ദുവിനോട് മിണ്ടിയില്ല…രണ്ടാമത്തെ ദിവസം അവളുടെ മഞ്ചിന്റെ പകുതി എനിക്ക് തന്നതോണ്ട് മാത്രം മിണ്ടി…

ഇത്രേം നടന്നിട്ട് ഞാൻ നന്നായെന്ന് മാത്രം കരുതരുത്…. പിന്നെയും എത്ര എത്ര കള്ളൊപ്പുകൾ…

ഗുണപാഠം :എന്തേലും കുരുത്തക്കേട് ഒപ്പിക്കുമ്പോൾ ഇജ്ജാതി കുരിപ്പുകൾ വീട്ടിൽ ഉണ്ടേൽ അവർ അറിയാതെ ചെയ്യുക.