എലി പോലിരുന്നവൾ പുലിയായി മാറി പറഞ്ഞു, ഒരു ദിവസം നിന്നൊന്നു ചെയ്തു നോക്ക് എന്തൊക്കെ മലയാ മറിക്കുന്നതെന്നറിയാമല്ലോ എന്ന്.

തോൽവി – എഴുത്ത്: എ കെ സി അലി

കൊച്ചിനെ മടിയിലേക്ക് വെച്ച് തന്നിട്ടവൾ പറഞ്ഞു…”സന്തുഷ്ടമായൊരു കുടുംബ ജീവിതത്തിൽ ഭാര്യക്കും ഭർത്താവിനും തുല്യ പങ്കാണെ” ന്ന്…

ഇതു വരെയില്ലാത്ത വെളിപാടെവിടെ നിന്ന് വന്നിവൾക്കെന്ന് കരുതി ഞാൻ അവളെ ഒന്ന് അന്തിച്ച് നോക്കി. രാവിലത്തെ ചായക്ക് നീട്ടി വിളിച്ചപ്പോഴും അവൾ ഉടക്കി പറഞ്ഞു….എനിക്കാകെ രണ്ട് കയ്യേ ഉള്ളു ഇവിടെ വന്നു കുടിച്ചാലും ചായ അകത്തോട്ടിറങ്ങുമെന്ന്…

ഇത് വരെയില്ലാത്ത തർക്കുത്തരം ഇവൾ എവിടെ നിന്ന് പഠിച്ചെന്നോർത്ത് അവളെ തല്ലാൻ തരിച്ച എന്റെ കൈ എടുത്ത് ഞാൻ താടിക്ക് തൂണു കൊടുത്തു. ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോൾ കറിയിൽ ഉപ്പൽപ്പം കൂടിയെന്ന് ഞാൻ പറഞ്ഞപ്പോൾ, അവൾ പറഞ്ഞു എന്നിട്ടും അകത്തേക്ക് തട്ടി വിടുന്നതിന് കുറവൊന്നുമില്ലല്ലോന്ന്…

പതിവില്ലാത്തൊരു ചൊറിയൽ. ഇവൾ ഇന്നെന്തിനുള്ള പുറപ്പാടാ എന്നോർത്ത് ഞാൻ ചോറിൽ ഒരു പിടി പിടിച്ച് ആശ്വാസം കണ്ടെത്തി…

ദേഷ്യം ഇരച്ചു വന്നപ്പോൾ ഞാൻ ചോദിച്ചു ഇതിനു മാത്രം എന്തു മലമറിക്കുന്ന പണിയാണീ വീട്ടിൽ നിനക്കുള്ളത് എന്ന്…

എലി പോലിരുന്നവൾ പുലിയായി മാറി പറഞ്ഞു, ഒരു ദിവസം നിന്നൊന്നു ചെയ്തു നോക്ക് എന്തൊക്കെ മലയാ മറിക്കുന്നതെന്നറിയാമല്ലോ എന്ന്.

പണ്ട് അമ്മിയിൽ അരച്ചും നെല്ല് കുത്തിയും വളർന്നു വന്നൊരു തലമുറയിൽ പെട്ട എന്നെയാണവൾ വെല്ലു വിളിച്ചത്…

അമ്മിയിൽ ഒരു ചമ്മന്തി അരച്ചെടുക്കാനറിയോടി നിനക്ക് എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞു, അറിയാവുന്ന ആൾ ഒന്നു ചെയ്തു കാണിക്കെന്ന്…

വെല്ലുവിളി ഏറ്റെടുത്ത ഞാൻ മിക്സി വന്ന പിന്നെ വെള്ളം കാണാതെ കിടന്ന അമ്മിയിലേക്ക് വെള്ളം തെളിച്ചു വൃത്തിയാക്കാൻ തുടങ്ങി. അടുത്ത കാലത്തൊന്നും ഒരു കരസ്പർശം ഏൽക്കാതെ കിടന്ന അമ്മിയിൽ എന്റെ കൈ സ്പർശം ഏറ്റതു കൊണ്ടാവാം അമ്മി വെട്ടി തിളങ്ങി…അമ്മയെ മനസ്സിൽ ധ്യാനിച്ച് അമ്മിക്കല്ലെടുത്ത് അമ്മിയിൽ വെച്ചു കുറച്ചു ഉണക്ക മുളക് അടുപ്പിലേക്കിട്ട് ചുട്ടെടുത്തു. അവൾ തുമ്മും വരെ ഞാൻ അതു തുടര്‍ന്നു കൊണ്ടിരുന്നു…

പിന്നെ കുറച്ചു തേങ്ങയും ഉപ്പും പിന്നെ അവൾ പുളി നോക്കാൻ വെച്ച ഒരു കഷണം മാങ്ങയും അമ്മിയിലേക്ക് വെച്ച് അമ്മിക്കല്ലെടുത്തൊരു പിടി പിടിച്ചു…കുറച്ചു കഴിഞ്ഞു വെള്ളം തൂവി ഒന്നു കൂടി അരച്ചെടുത്തു വടിച്ചെടുത്ത് പാത്രത്തിലാക്കി കൈ കഴുകി അവളുടെ മുന്നിലേക്ക് നീട്ടി വെച്ചു കൊണ്ട് കാണെടി എന്ന മട്ടിൽ ഞാൻ നിന്നു…

അവൾ അതു കണ്ടിട്ടും പുച്ഛം വിതറി ഇത് കൊണ്ടൊന്നും ഞങ്ങൾ പെണ്ണുങ്ങളെ തോൽപ്പിനാകൂല എന്ന മട്ടിൽ മുഖം തിരിച്ചു കളഞ്ഞു…

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ കൈ ആകെ നീറാൻ തുടങ്ങി, ഒരാശ്വാസത്തിനായ് കൈ പൊക്കി പിടിച്ചു ഊതി നോക്കി. കൈ വെള്ളത്തിൽ കൊണ്ട് പോയി ഇട്ടു നോക്കി. കുറച്ചു നേരം ഒരു പുകച്ചിൽ അവൾ വന്നെത്തി നോക്കുമ്പോൾ ആ നീറ്റൽ ഒതുക്കി പിടിച്ച് ഞാൻ ആണുങ്ങളോട് കളിക്കരുത് എന്ന മട്ടിൽ അവളെ നോക്കി.

റിമോട്ടിൽ ഞെക്കി ടിവി ചാനൽ മാറ്റി കളിക്കുന്നതിനിടയിൽ അവൾ എനിക്കിട്ടൊരു പണി തരാനെന്ന മട്ടിൽ കുഞ്ഞിനെ എടുത്ത് എന്റെ മടിയിലേക്ക് വെച്ച് തന്ന് പറഞ്ഞു…

“എനിക്കിനിയും പണിയുണ്ട് കുറച്ചു നേരം ഈ കുഞ്ഞിനെ നോക്കെന്ന്…”

ഞാൻ കുഞ്ഞിന് ടിവിയിലെ കാഴ്ചകൾ കാട്ടി കൊടുത്തു ചിലതൊക്കെ കണ്ടവൻ ചിരിച്ചു. ചിലതെല്ലാം കണ്ടവൻ പേടിച്ച് നെഞ്ചിലേക്ക് ഒട്ടി പിടിച്ചു കയറി…കുറച്ചു കഴിഞ്ഞപ്പോൾ അവൻ താഴെയിറങ്ങി ടിവി സ്റ്റാന്‍ഡിൽ എത്തി പിടിച്ച് നിന്ന് അവിടെ കണ്ട സകലതും താഴേക്ക് തട്ടി വിട്ടു. ഞാൻ അതെല്ലാം പെറുക്കി ഇരുന്നിടത്ത് തന്നെ വെച്ചു. അവൻ വീണ്ടും അതെല്ലാം താഴേക്ക് തന്നെ തട്ടിയിട്ടു. ഞാൻ വീണ്ടും എടുത്തു വെച്ചു. വീണ്ടും കുഞ്ഞത് തട്ടി വീഴ്ത്തി ചിരിച്ചു. ഞാൻ അതെല്ലാം പെറുക്കി അവന്റെ കാൽ കീഴിൽ വെച്ച് തോൽവി സമ്മതിച്ചു.

അതു കുഞ്ഞിന് ഇഷ്ടമായില്ല, അതിൽ നിന്ന് എന്തോ ഒന്നെടുത്ത് എന്നെ എറിഞ്ഞു. ഒഴിഞ്ഞു മാറാനായില്ല എന്റെ തലയിൽ തന്നെ കൊണ്ടു…ഇനി നിന്നോടൊപ്പം കളിക്കാൻ ഞാൻ ഹെൽമറ്റ് വെക്കേണ്ടി വരുമല്ലോ എന്ന് ഞാൻ കുഞ്ഞിനോട് പറയുമ്പോൾ അവൻ കുഞ്ഞു പല്ലും കാട്ടി ചിരി തുടങ്ങി.

വീണ്ടും എന്തോ എടുത്തെറിഞ്ഞു ഞാൻ ഒഴിഞ്ഞു മാറി, അതു കുഞ്ഞിനിഷ്ടായില്ല അവൻ കരച്ചിലിന്റെ അങ്കപ്പുറപ്പാട് തുടങ്ങി. അതു കേട്ടവൾ പാഞ്ഞു വന്നു എന്നിട്ടവനെ എടുത്തു, അവൻ കരച്ചിലും നിർത്തി.

അന്നേരം അവളെന്നെ തലയെടുപ്പോടെ ഒന്നു നോക്കി, പെണ്ണുങ്ങളെയൊന്നും തോൽപ്പിക്കാനവില്ല എന്ന മട്ടിൽ…

അവിടെ പെണ്ണെന്ന അത്ഭുത്തെ ഞാൻ നോക്കി കാണുകയായിരുന്നു. അവിടെ അവൾ അമ്മയാകുന്ന മാറ്റം ഞാൻ നോക്കി കാണുകയായിരുന്നു. അവിടെയാണ് ഞങ്ങൾ ആണുങ്ങൾ സുഖമുള്ള പരാജയം ഏറ്റുവാങ്ങുന്നത്.

മനസ്സ് നിറയുന്ന ഈ തോൽവികൾ എനിക്കും ഏറെ ഇഷ്ടമായിരുന്നു. ആ തോൽവികളായിരുന്നു ഏറ്റവും വലിയ സന്തോഷമെന്നോർത്ത് ഞാൻ ഒരു പുഞ്ചിരി കലഹത്തിനിടയിൽ അവൾക്ക് സമ്മാനിച്ചിരുന്നു….