ഒരു പുരുഷ നഗ്നതയാണ് ആദ്യം കണ്ണിലുടക്കിയത്…ആകാംഷയോടെ അല്പം കൂടി അടുത്ത് നോക്കിയപ്പോഴാണ് അതൊരു ജീവനുള്ള മനുഷ്യ ശരീരമാണെന്ന് ബോധ്യപ്പെട്ടത്…

ഫേസ് ആപ് – എഴുത്ത്: ജിതിൻ ദാസ്

മഴ വല്ലാതെ കൂടിയപ്പോഴാണ്, റെയ്ൻകോട്ട് ഉണ്ടായിട്ടും ഞാൻ ബൈക്ക് ആ ചായക്കടയുടെ അടുത്ത് സൈഡാക്കിയത്. കുറച്ചുനേരമായി മഴയിൽ നിന്നും ഒരല്പം ആശ്വാസത്തിന് ഒന്ന് കയറി നിൽക്കാൻ ഒരു കട അന്വേഷിക്കുന്നു. ചായക്കടയാവുമ്പോൾ കടുപ്പത്തിലൊരു കട്ടനും കൂടി പിടിപ്പിക്കാം അതായിരുന്നു ചായക്കടയിലേക്കുള്ള പ്രലോഭനം…

റെയ്ൻകോട്ട് ഊരിവെച്ച് കടയിലേക്ക് കയറാൻ നേരമാണ്, കടയോട് ചേർന്ന ചായ്പ്പിലെ ഒരു കാഴ്ച എന്നെ അടപടലം പിടിച്ചുനിർത്തിയത്…ഒരു പുരുഷ നഗ്നതയാണ് ആദ്യം കണ്ണിലുടക്കിയത്…ആകാംഷയോടെ അല്പം കൂടി അടുത്ത് നോക്കിയപ്പോഴാണ് അതൊരു ജീവനുള്ള മനുഷ്യ ശരീരമാണെന്ന് ബോധ്യപ്പെട്ടത്…

അതൊരു വൃദ്ധനായിരുന്നു…. ഒരപ്പൂപ്പൻ…..”ഇയാളെന്താണിങ്ങനെ…??” ഞാനയാളെ സൂക്ഷിച്ചു നോക്കി. ഒരു പാവം പടുവൃദ്ധൻ…ക്ഷീണിച്ചൊട്ടിയ മുഖത്ത് വെട്ടാത്ത വെളുത്ത തലമുടിയും പിന്നെ വെളുത്ത താടിയും. ഒരു കണ്ണിന് കാഴ്ചയില്ലെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും. ഊന്നി നടക്കാനാവണം അരികിൽ വേലിപ്പത്തലിന്റെ ഒരു നീളമുള്ള കഷണവുമുണ്ട്….

എന്തുകൊണ്ടോ എന്റെ കാൽപാദങ്ങൾ അയാൾക്കുനേരെ ചലിച്ചു. അയാളുടെ മുണ്ട് പിടിച്ച് നേരെ ചൊവ്വേയിട്ട്, ശേഷം ഞാൻ അയാളോട് ചോദിച്ചു…

“എന്ത് സീനാണ് പാപ്പാ….””എന്തൊരു ഇരിപ്പാണിത്…”

സത്യത്തിൽ, ആ ചോദ്യം ചോദിക്കുമ്പോൾ എന്റെ ശബ്ദത്തിൽ ഞാൻ അല്പം കുട്ടിത്തം കലർത്തിയിരുന്നു. അല്ലെങ്കിലും വല്ലാതെ പ്രായമായവർക്ക് മുന്നിൽ ഞാനിപ്പോഴും ഒരു കൊച്ചു കുട്ടിയാവാറുണ്ട്…

മ്മടെ പാപ്പൻ ആകെയുള്ള നാല് പല്ല് കാട്ടി നിഷ്കളങ്കമായി പുഞ്ചിരിച്ചു. അപ്പോഴേക്കും ചായക്കടക്കാരൻ രംഗപ്രവേശം ചെയ്തു…

“ഇവിടെയെന്താണ് വേണ്ടത്…?” അയാൾ ചോദിച്ചു.

മുഖത്ത് വല്യ ഭാവവ്യത്യാസമൊന്നും കണ്ടില്ല. ഞാൻ കഥാനായകന്റെ മുഖത്തേക്കൊന്ന് പാളി നോക്കി. “ഒരു ചായ…” എന്നയാൾ തള്ളവിരൽ ചുണ്ടിനു നേർക്ക് നീട്ടി ഒരു ആംഗ്യം കാണിച്ചു.

“വേറെ എന്തേലും കൂടി വേണോ…?” പോക്കറ്റിൽ കിടന്ന ഒരു അഞ്ഞൂറിന്റെ നോട്ടിന്റെ ബലത്തിൽ ഞാൻ ഉദാരമനസ്കനായി…മറുപടി ഒരു പുഞ്ചിരി മാത്രം….രണ്ട് ചായയും പിന്നെ അയാൾക്ക് കഴിക്കാനെന്തെങ്കിലും പറയുമ്പോഴേക്കും ചായക്കടക്കാരൻ എന്തോ പിറു പിറുത്തുകൊണ്ട് എന്റെ മുന്നിലൂടെ നടന്നു പോയി….

രണ്ടാൾക്കും ഒരുമിച്ചാണ് ചായ വന്നത്. എന്റെ കട്ടൻ പകുതിയാവുമ്പോഴും ആ കാർന്നോരുടെ കഴിപ്പ് പകുതി പോലും ആയിട്ടുണ്ടായിരുന്നില്ല. പുള്ളി മെല്ലെ ആസ്വദിച്ചു കഴിക്കയാണ്. എനിക്കെന്തായാലും വിശപ്പില്ലാതിനാൽ അദ്ദേഹം കഴിക്കുന്നതെന്ത് എന്ന് ഞാൻ നോക്കിയതുമില്ല….

“അൻപത്തിയാറ്…” ചായക്കടക്കാരന്റ അന്നൗൻസ്മെന്റാണ് എന്നെ ഏതോ ചിന്തയിൽ നിന്നും ഉണർത്തിയത്.

അയാൾ പറഞ്ഞ കാശും കൊടുത്ത് തിരികെ വണ്ടിയിൽ കയറുമ്പോൾ, വിശപ്പിൽ നിന്നും കണ്ണുകളുയർത്തി ആ വൃദ്ധൻ എന്നെ ഒരു നോട്ടം നോക്കി…എന്റെ കണ്ണിലാണ് ആ നോട്ടം കൊളുത്തിയത്…എന്റെ നെഞ്ചിൽ എന്തിനോ ഒരു വേലിയേറ്റമുണ്ടായി..എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു തുളുമ്പി….കാഴ്ചകൾ അവ്യക്തമായി…

പുതിയൊരു ആപ്ലിക്കേഷനിൽ കണ്ട എന്റെ വാർദ്ധക്യം ബാധിച്ച മുഖം ഓർമ്മയിൽ തിരഞ്ഞ് ബൈക്കിന്റെ മിററിലേക്ക് ഞാൻ ഒന്നുകൂടി നോക്കി…അവിടെ ഞാൻ കണ്ടത് കുറച്ചു മുൻപ് കണ്ട അതേ മുഖമായിരുന്നു…സന്തോഷമില്ലാത്ത വാർധ്യക്യത്തിന്റെ അതേ ദയനീയ മുഖം.

തിരിഞ്ഞു നോക്കാൻ പറഞ്ഞ മനസ്സിനെ ശകാരിച്ചുകൊണ്ട് ഞാൻ നിറഞ്ഞ കണ്ണുകളുമായി വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ മഴ പിന്നെയും ഇടിച്ചുകുത്തി പെയ്യുകയായിരുന്നു…