നല്ലപ്രായത്തിൽ ഭർത്താവ് മരിച്ചുപോയ സുന്ദരിയായ ജോലിക്കാരിയോട് മുതലാളിക്ക് പ്രണയം. അറുപതു കഴിഞ്ഞ ആ…

അഭിസാരികയിലേക്കുള്ള ദൂരം – എഴുത്ത്: ജിതിൻ ദാസ്

“ഞാൻ ചോദിച്ച പൈസയുടെ കാര്യം എന്തായി..” ഹാൻഡ് ബാഗിലേക്ക് കുട തിരുകികൊണ്ട് മുറ്റത്തേക്കിറങ്ങുമ്പോൾ പിന്നിൽ നിന്നും ഒരോർമ്മപ്പെടുത്തൽ പോലെ ദീപുവിന്റെ പതിഞ്ഞ ചോദ്യം അവളുടെ കാതുകളിൽ വീണു..

“അമ്മ ഒന്നുരണ്ടു പേരോട് ചോദിച്ചിട്ടുണ്ട് മോനേ.. പക്ഷെ എവിടുന്നും തരപ്പെട്ടിട്ടില്ല..” ഇടറിയ ശബ്ദത്തിൽ സുമ മകനെ നോക്കി പറഞ്ഞു.

“എനിക്കത് അത്യാവശ്യാർന്നു..പൈസ കിട്ടിയില്ലെങ്കിൽ ബുദ്ധിമുട്ടാകും..” അവളുടെ മുഖത്ത് നിന്നും നീരസത്തോടെ മുഖം തിരിച്ചുകൊണ്ട് ദീപു അകത്തേക്ക് കയറിപ്പോയി..

എന്ത്‌ പറയണമെന്നറിയാതെ അവൾ ഒരു നിമിഷം അവിടെ തറഞ്ഞു നിന്നു..നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ഒന്നും മിണ്ടാതെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി തിരിഞ്ഞു നടക്കുമ്പോൾ അവളുടെ കണ്ണുകൾ അനുസരണയില്ലാതെ വീണ്ടും ആർദ്രമായിക്കൊണ്ടിരുന്നു..

ഒരു കുഞ്ഞു മൊബൈൽ ഫോണാണ് ചോദിക്കുന്നത്. ഏഴായിരം രൂപയെങ്കിലും മതിയത്രേ.. പക്ഷെ വേണ്ടേ ഏഴായിരം ! കഴിഞ്ഞ മാസം വാടക കൊടുത്തത് തന്നെ തപ്പിപ്പെറുക്കിയാണ്.

ഒരുപാട് ജോലികൾ ചെയ്ത് മടുത്താണ്, ഒരു പരിചയക്കാരി മുഖാന്തരം നഗരത്തിലെ ഒരു ഇടത്തരം ടെക്സ്റ്റൈൽ ഷോപ്പിലെ ഈ ചെറിയ ജോലി തരപ്പെടുത്തിയത്..ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു.പക്ഷെ.. പഴയ സ്ഥലത്തെല്ലാം ജോലി മതിയാക്കാനുള്ള അതേ കാരണം തന്നെ ഇവിടെയും തലപൊക്കിയിരിക്കുന്നു.. നല്ലപ്രായത്തിൽ ഭർത്താവ് മരിച്ചുപോയ സുന്ദരിയായ ജോലിക്കാരിയോട് മുതലാളിക്ക് പ്രണയം.. അറുപതു കഴിഞ്ഞ ആ തന്തയുടെ സൂക്കേട് വേറെയാണെന്ന് മനസിലാവാഞ്ഞിട്ടല്ല… പക്ഷെ പറക്കമുറ്റാത്ത കുഞ്ഞിനേയും കൊണ്ടുള്ള അതിജീവനത്തിന്റെ പരക്കം പാച്ചിലുകളിൽ, ഏതൊരവസ്ഥയുടെയും അങ്ങേയറ്റം വരെ സഹിച്ചും ക്ഷമിച്ചും പിടിച്ചു നിൽക്കാൻ കഴിഞ്ഞകാലങ്ങളിൽ എപ്പോഴോ അവൾ ശീലിക്കപ്പെട്ടിരുന്നു..

*******************

പതിവില്ലാതെ അമ്മ നേരത്തെ വരുന്നത് കണ്ട് ദീപു ടീവിയുടെ മുന്നിൽ നിന്നും എഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നു.. ഒട്ടും തെളിച്ചമില്ലാത്ത അമ്മയുടെ മുഖം കണ്ടപ്പോൾ അവൻ ഊഹിച്ചു.. ഇന്നും പൈസ കിട്ടിയിട്ടില്ല..

“പൈസ കിട്ടിയില്ല അല്ലേ?” അവൻ സുമയുടെ മുഖത്തേക്ക് നോക്കി..

“ഇല്ല.. ” അവൾ അവനെനോക്കി വേദനയോടെ ഒന്ന് മന്ദഹസിച്ചു..

“എനിക്കറിയാർന്നു കിട്ടൂലന്ന് ” അവൻ മുഖം കറുപ്പിച്ചുകൊണ്ട് വീണ്ടും ടീവി യുടെ മുന്നിൽപോയി ഇരുന്നു. “നിക്ക് നാട്ടാരെക്കാണിച്ചു നടക്കാനല്ല. പഠിക്കാനാ അത് വേണംന്ന് പറഞ്ഞത്..അതില്ലാതെ ഒന്നും നടക്കില്ല..” ഇച്ഛാഭംഗത്തിന്റെ അസ്വസ്ഥതയോടും തെല്ല് അമർഷത്തോടെയും അവൻ പിന്നെയും സുമയെ നോക്കി ഒച്ച കൂട്ടി…

“അമ്മയൊന്നു കിടക്കട്ടെ കണ്ണാ”.. അവന്റെ എണ്ണിപ്പെറുക്കലിന് ചെവി കൊടുക്കാതെ , വസ്ത്രം മാറുക പോലും ചെയ്യാതെ അവൾ മെല്ലെ കട്ടിലിലേക്ക് കയറി കൂനിക്കിടന്നു. മുതലാളിയുടെ ശ്വാസം ഇപ്പോഴും തന്റെ പിൻകഴുത്തിലൂടെ താഴേക്ക് അരിച്ചിറങ്ങുന്നത് പോലെ അവൾക്ക് തോന്നി… ഭയങ്കര തലവേദന.. അവൾ നീറിക്കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു.

അൽപനേരം കഴിഞ്ഞിട്ടും അനക്കമൊന്നും കേൾക്കാഞ്ഞിട്ടാണ് അവൻ കട്ടിലിനരികിൽ പോയി നോക്കിയത്..തലയിണയിൽ മുഖം പൂഴ്ത്തി അമ്മ വളഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ അവന്റെ മനസ്സ് പിടഞ്ഞു.

“സാരല്ല്യ… എനിക്ക് യോഗമില്ല ന്ന് ഞാൻ കരുതിക്കോളാം” അവൻ സങ്കടത്തോടെ പറഞ്ഞു..

കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചെണീറ്റുകൊണ്ട് സുമ, ദീപുവിന്റെ കയ്യിൽ പിടിച്ചു..ഉള്ളിലേറ്റ പൊള്ളൽ പിന്നെയും കണ്ണുകളിലൂടെ ഉരുകി വീണുകൊണ്ടിരുന്നു. അവൾ മകനെ ചേർത്ത് പിടിച്ച് ഒന്നും മിണ്ടാനാവാതെ, അപമാനഭാരത്തോടെ ഏങ്ങലടിച്ചു കരഞ്ഞു…പരാതികേൾക്കാൻ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയുടെ മുഖമായിരുന്നു അവൾക്കപ്പോൾ..

*************************

നേരം ഇരുട്ടിത്തുടങ്ങി. ദീപു ഇത് വരെയും വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. ഇരിക്കപ്പൊറുതിയില്ലാതെ സുമ മുറ്റത്തേക്കിറങ്ങി വഴിയിലേക്ക് കണ്ണയച്ചു..ജോലി സ്ഥലത്ത് നടന്നതൊന്നും അവനോട് പറയണ്ടായിരുന്നു എന്ന് അവൾക്ക് തോന്നി. ആ അമ്മ മനസ്സ് ആധിയോടെ പിന്നെയും വഴിയിലേക്ക് കണ്ണും നട്ടിരുന്നു.

മുറ്റം കടന്നു വരുന്ന ദീപുവിനെ കണ്ടപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്. “എവിടായിരുന്നു നീ ഇത് വരെ..മനുഷ്യൻ ഇവിടിരുന്ന് തീ തിന്നു ചാകാറായി..”

പുഞ്ചിരിച്ചുകൊണ്ട് അവൻ അമ്മയെ ചേർത്തുപിടിച്ചു. “അമ്മ പേടിക്കണ്ട.. ഞാനാ വൃത്തികെട്ടവനോട് വഴക്കുണ്ടാക്കാൻ പോയതല്ല. ഒന്ന് രണ്ട് കൂട്ടുകാരെ കാണാൻ വേണ്ടി പോയതാണ്.ടൗണിലെ സൂപ്പർ മാർക്കറ്റിൽ ഒരു ചെറിയ ജോലി ശരിയാക്കിയിട്ടുണ്ട്. നാളെ മുതൽ അമ്മ ജോലിക്ക് പോകണ്ട. നമുക്ക് ജീവിക്കാനുള്ള വക മാന്യമായ എന്ത്‌ ചെയ്തും ഞാൻ സമ്പാദിച്ചോളാം. മാനത്തിനു വിലയിടുന്ന ദാരിദ്ര്യത്തിന്റെ മുന്നിൽ ഗതികേടുകൊണ്ട് എന്റെ അമ്മയിനി എവിടെയും ചൂളി നിൽക്കരുത്.. അതെനിക്ക് നിർബന്ധമാണ്…അവന്റെ സ്വരത്തിൽ നിശ്ചയദാർഢ്യം സ്ഫുരിച്ചിരുന്നു..

പരസ്പരം ആശ്വസിപ്പിച്ചുകൊണ്ട് കണ്ണീർ പങ്കിടുന്ന രണ്ട് ഹൃദയങ്ങൾക്കിടയിൽ വീർപ്പുമുട്ടുന്ന സ്നേഹത്താൽ അവൻ അമ്മയെ തന്നോട് ചേർത്ത് കെട്ടിപ്പിടിച്ചു.. അവിടെ, തിരിച്ചറിവ് തീർത്ത കുറ്റബോധത്തിന്റെ ഗാഢതയ്ക്കുമപ്പുറം, ഭാവിയിൽ എന്നേക്കുമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന അമ്മയോടുള്ള അവന്റെ കരുതലിന്റെ ഇളം ചൂടും അവൾ ആദ്യമായി അനുഭവിച്ചറിയുകയായിരുന്നു.