ന്നിട്ട് ബുക്ക്‌ ചെയ്ത ന്റെ വിൻഡോ സീറ്റില്ക്ക് നോക്കിയപ്പോ അവിടൊണ്ട് ഒരു സെർക്കൻ അവന്റെം എന്റേം സീറ്റില് വിസ്തരിച്ച് ഇരിക്കേണ്. ഇതെന്തിത്?

ആനവണ്ടി – എഴുത്ത്: നിയ ജോണി

പേടിക്കേന്നും വേണ്ട…ഭയങ്കര വേദന ഒന്നും ണ്ടാവൂല്ല…..ന്നും പറഞ്ഞു ആള് ന്നെ സമാധാനിപ്പിക്കേണ്…പിന്നെ….ദേഹത്ത എല്ലാ എല്ലും ഒരുമിച്ച് ഒടിയണ വേദനേണ് ന്നാണ് എങ്ങോ വായിച്ചത്…ന്നിട്ടാണ് വല്യ വേദന ഇണ്ടാവൂല്ല പോലും…

ശൂ…. ശൂ…..ഏട്ടന് ടെൻഷൻ ണ്ടോ??? ന്ന് ചോയ്ച്ചപ്പ പറയാ…യേയ്…. ന്തിന്??? നീയല്ലേ പ്രസവിക്കണേ…. ന്ന്….ദുഷ്ടൻ….ന്നാലും മൊഖത്ത് എഴ്തി വെച്ചിട്ട് ണ്ട് ഒട്ടും ടെൻഷൻ ഇല്ലാന്ന്….പാവം….

അപ്പഴേക്കും ഒരു നഴ്സ് വന്നട്ട് ലേബർ റൂമിൽക്ക് ചെല്ലാൻ പറഞ്ഞു. നടന്ന് തന്നെ അങ്ട് ചെന്ന്. താലി ഒക്കെ അഴിച്ചു ഏട്ടന്റെരെ കൊടുത്ത്. പേടിക്കേന്നും വേണ്ടാ….എനിക്ക് പേടിയൊന്നും ഇല്ല…ഞാൻ പറഞ്ഞു. ഞാൻ ന്നോട് തന്നെ പറഞ്ഞേണ്…. ന്നു ഏട്ടൻ പറഞ്ഞപ്പോ ചിരിച്ചോണ്ട് അങ്ട് കേറി…തിരിഞ്ഞു നോക്കിയാ ശെരിയാവൂല്ല…ന്റെ അമ്മൂമ്മേം അമ്മേം അമ്മായമ്മേം ഉൾപ്പടെ മൂന്ന് ജനറേഷൻ ആണ് കരയാൻ റെഡിയായിട്ട് അവിട നിക്കണത്.

നഴ്‌സ്‌ ആണേൽ ന്നെ ഒരു ബെഡില് കൊണ്ടോയി കെടത്തി ഡ്രിപ് ഇട്ട്. വല്യ വേദന ആണ് വരാൻ പോണത്. അയിന്റെ എടേൽ ഇതൂടെ കുത്തി കേറ്റ്‌…ന്ന് ഒക്കെ മനസ്സില് പറഞ്ഞ് ഞാൻ അവടെ കെടന്ന്. ഡോക്ടർ വന്ന് നോക്കീട്ട് കൊറച്ചു സമയം കഴിയും ന്നിട്ടേ ണ്ടാവുള്ളൂന്ന്….ന്നാ പിന്നെ അപ്പൊ വിളിച്ചാ പോരാരുന്നോ????

അപ്പോണ്ട് ഒരു ചേച്ചിനെ അങ്ട് കേറ്റണ്…ആ ചേച്ചിയാണേല് അലറി കീറി കരയേണ്….പടച്ചോനെ…കാത്തോണേ….നഴ്സ് നോട്‌ ചോയ്ച്ചപ്പ പുള്ളിക്കാരിടെ രണ്ടാമത്തെ ആണ് ന്ന്. അപ്പൊ എക്സ്പീരിയൻസ്ണ്ട്…ന്നിട്ടും ഇങ്ങന കരയണോ??? അയിന് ന്നെ കണ്ടൂടെ….ഞാൻ ഫസ്റ്റ് ആയിട്ട് കരയണില്ലല്ലോ….

ഞാൻ അവടെ കെടന്ന് ഓരോന്ന് ആലോയിക്കാൻ തൊടങ്ങി….പെങ്കൊച്ചാണേല് നിഹാരിക ന്ന് പേരിടാം….ലൂക്ക കണ്ടപ്പോ മൊതല് ഓർത്തു വെച്ചേക്കണ പേരാണ്. ആങ്കുട്ട്യാണേല് ജതിൻ ന്ന് ഇടാം…അങ്ങന ആലോയിച്ച് ആലോയിച്ച് ഒള്ള കണ്ട കാടും ഫോറെസ്റ്റും ഒക്കെ കേറി രണ്ട് വർഷം മുന്നത്തെ ആനവണ്ടില് ചെന്ന് കേറി…

ഇങ്ങേരിത് ന്തോന്ന് ഈ കാണിക്കണത്???? ന്റെ പൊന്ന് ചേട്ടാ….ഇങ്ങന പടർന്നു പന്തലിച്ചു നിക്കാതെ കൊറച്ചു സ്ഥലം തരുവോ…ഞാൻ ഒന്ന് കേറട്ട്…ന്നു പറഞ്ഞു കണ്ടക്ടർനെ ഉന്തി ഇട്ട് ആനവണ്ടിടെ ഉള്ളില് കേറിയപ്പോ ബല്ലാത്ത ജാതി തെരക്ക്..ട്രെയിൻ ഒന്നും അല്ലേലും ഒരു ചെറിയ വാരണം ആയിരം ഒക്കെ പ്രതീക്ഷിച്ചേണ്…. ഇതിപ്പോ വാഗൺ ട്രാജഡി പോലായല്ലോ…ന്നിട്ട് ബുക്ക്‌ ചെയ്ത ന്റെ വിൻഡോ സീറ്റില്ക്ക് നോക്കിയപ്പോ അവിടൊണ്ട് ഒരു സെർക്കൻ അവന്റെം എന്റേം സീറ്റില് വിസ്തരിച്ച് ഇരിക്കേണ്….ഇതെന്തിത്???? ഇങ്ങന വിജനംഭിച്ച് ഇരിക്കാൻ ഇതെന്തോന്ന് ഇങ്ങേരുടെ കുടുംബസൊത്തോ????? തൊട്ടപ്പ്രത്ത് ഞാൻ ബുക്ക്‌ ചെയ്ത സീറ്റ്‌ തന്നല്ലേ???? ആണല്ലോ….

ഞാൻ ബാഗ് പുള്ളീടെ അടുത്തായിട്ട് താഴെ വെച്ച്. അപ്പൊ അങ്ങേര് കാല് നീക്കി വെച്ച്. ന്നിട്ടും ഈ കൊരങ്ങന് മനസിലായില്ലേ ഇത് ന്റെ സീറ്റ്‌ ആണ് ന്ന്…ചേട്ടാ….അത് ന്റെ സീറ്റാണ്…ന്ന് ഞാൻ പറഞ്ഞപ്പോ അങ്ങേര് നേരെ ഇരുന്ന്. അടിപൊളി…ഇത്രേം ചെറിയ ഗ്യാപ് ല് കൂടേ ഞാനും ന്റെ ആനക്കുട്ടി പോലത്തെ ട്രാവൽ ബാഗും അങ്ങേര മുട്ടാതെ കേറണം…നടന്നത് തന്ന….ന്ന് ആലോയിച്ചു ഞാൻ നിക്കണ കണ്ടപ്പ ആള് എണീറ്റ് തന്ന്. ഇതങ്ങുട് നേരത്തെ ചെയ്താ പോരാരുന്നോ???വെർതെ സമയം കളഞ്ഞ്.

കഷ്ടപ്പെട്ട് ന്റെ ആനക്കുട്ടിനെ കേറ്റി ഞാനും സീറ്റില് ഇരുന്ന്…ന്റെ അമ്മച്ചി….ദോ… പിന്നേം ലവൻ വിജനംഭിച്ച് ഇരിക്കണ്….സാധാരണ ഒരു പെൺകൊച്ച് വന്നിരുന്ന സെർക്കൻ മാര് പരമാവധി ഒതുങ്ങി തരാറാണ് പതിവ്. ഇതിപ്പം ഞാൻ ഒതുങ്ങി കൊടുക്കണോ???പടച്ചോനെ….. ഇനി ഇത് വല്ല ഞെരമ്പ് രോഗി വല്ലോം ആണാ???? ന്നാ താൻ തീർന്നഡോ…ന്റെ അടുത്ത് കളിച്ചാ കൈ ഞാൻ തല്ലി ഒടിക്കും ന്നൊക്കെ മനസ്സില് പറഞ്ഞു ഞാൻ ഹെഡ് സെറ്റ് ചെവീല് കുത്തി തിരുകി നൊക്ലാച്ചിയ പാട്ടും വെച്ച് വിൻഡോനെ കെട്ടി പിടിച്ചു ഇരിക്കാൻ തൊടങ്ങി. ഇനി ഞാൻ ആയിട്ട് സേട്ടന് അവസരം ണ്ടാക്കി കൊടുക്കണ്ടന്ന് വെച്ച്.

ബസ് ല് തെരക്ക് കൂടണ അനുസരിച്ചു സെർക്കന്റെ ദേഹത്തേക്ക് ആൾക്കാർ ചാരാൻ തൊടങ്ങിയപ്പോ സെർക്കൻ ദോ….എന്നെ ചാരണു….ഞാൻ ആണേൽ ഇനി ജനലില് കൂടെ പൊറത്തേക്ക് പോവും അത്രേം മുട്ട്യാണ് ഇരിക്കണേ….പിന്ന തെരക്ക് മാറിയപ്പോ ലവൻ നേരെ ഇരുന്ന്. ഹാവൂ….ആശ്വാസം…ഞാനാണേല് ഇതില് കേറിയപ്പോ ന്റെ തല എടുത്തു വെളിയില് ഇട്ടേണ്. ഇത് വരെ ആ സെർക്കന്റെ വശത്തേക്ക് നോക്കീട്ടില്ല….ഇനി ഞാൻ നോക്കി, കണ്ണും കണ്ണും ഒടക്കി, പിന്നെ പ്രേമം ആയി തേപ്പായി തേപ്പ്പെട്ടിയായി….ന്തിന് വെർതെ unnecessary പ്രശ്നങ്ങൾ…

ചുമ്മാ ഒരു രസത്തിന് ഓട്ടക്കണ്ണിട്ട് നോക്കിയപ്പോ സേട്ടൻ കൊള്ളാം. ഒരു വർക്കത്തൊക്കെണ്ട്…അതും പാട്ട് കേട്ടിരിക്കേണ്….ഇത് ഇരിക്കണോണ്ട് മൻഷ്യന് ഒറങ്ങാനും പറ്റണില്ല തേങ്ങാക്കൊല…ഇനി ഒറങ്ങിയ സെർക്കന്റെ തോളത്ത് എങ്ങാനും ചെന്ന് വീണാലോ???അപ്പോണ്ട് പുള്ളി ഹെഡ്സെറ്റ് ചെവീന്ന് ഊരി കറക്കി കളിക്കണു. ഞാൻ അങ്ട് ശ്രദ്ധിക്കാൻ പോയില്ല. എടക്ക് എടക്ക് ഇങ്ട് നോക്കണിണ്ട്. ഞാൻ പിന്നെ ഓട്ടക്കണ്ണിന്റെ ആളായോണ്ട് ഞാൻ നോക്കണത് അങ്ങേര് കാണണില്ല…അല്ലേലും ന്നെ വായിനോക്കാൻ ഒന്നും പഠിപ്പിക്കണ്ട കാര്യം ഇല്ലല്ലോ…..ഹുഹുഹു…

അപ്പോ പിന്നെ ഹെഡ്സെറ്റ് ഇട്ട് കൊട്ടണ്. മൊബൈലിന്റെ ഡിസ്പ്ലേല് കൊട്ടണ്…ഒ ഒ ഒ ഓ…..അപ്പോ ഞാൻ നോക്കാനാണ് സേട്ടൻ ഈ പരുപാടി ഒക്കെ ചെയ്യണത് ല്ലേ…അമ്പട പുളു….ന്റെ പട്ടി നോക്കും….അപ്പോ ദോ….. ഹെഡ്സെറ്റ് വെച്ചിട്ട് ന്റെ കൈക്കിട്ട് തട്ടി ജന്തു….ന്റെ പൊന്നേ….വല്ലാത്ത വേദന…ഞാൻ നോക്കിയപ്പോ സെർക്കൻ ഒന്നും മിണ്ടണില്ല. ന്താന്ന് ചോയ്ച്ചപ്പോ എവിടാ ഇറങ്ങണേന്ന്….സ്ഥലം പറഞ്ഞപ്പോ ആളും അവിടത്തന്നേണ് ന്ന്.

അയിന് ഞാൻ ഇപ്പൊ ന്തോ വേണം??? ഞാൻ പിന്നേം ഹെഡ്സെറ്റ് എടുത്തു വെച്ച്….തൃശൂർ സ്റ്റാൻഡിൽ ബസ് ഒരു 15 മിനിറ്റ് പിടിച്ചിട്ട്. രാത്രി ആയോണ്ട് ഞാൻ എറങ്ങാൻ പോയില്ല. പച്ചവെള്ളം കയ്യില് ഇല്ല. വെശന്നിട്ട് ആമാശയം അമ്മക്ക് വിളി തൊടങ്ങിയിട്ട് മണിക്കൂർ രണ്ടായി….അങ്ങേര് എറങ്ങി പോയി റോന്ത്‌ ചുറ്റി തിരിച്ചു വന്ന്. കയ്യിലാണേൽ രണ്ട് പാക്കറ്റ് ലെയ്സ്. കാലമാടൻ….. ഞാൻ ന്നൊള്ള ജന്തു അടുത്ത് ഇരിക്കണപോലും നോക്കാതെ രണ്ട് പാക്കറ്റും തിന്ന് തീർത്തു. ആർത്തി പണ്ടാരം…. വേണോന്ന് പോലും ചോയിച്ചില്ല…..

ഞാൻ ഹെഡ്സെറ്റില് പാട്ട് ഫുൾ സൗണ്ട്ല് വെച്ച് കണ്ണടച്ച് ഇരുന്ന്….വയറ്റിന്റെ ഉള്ളില് ന്തോ ഗുളു ഗുളു ഒക്കെ കേക്കണ് ണ്ട്. ബാഗ് തൊറന്ന് നോക്കിയപ്പോ ഒരു കാലി കുപ്പി. അപ്പോ ആ സെർക്കൻ അവന്റ വെള്ളം കുപ്പി നീട്ടിയപ്പോ…..എടം വലം നോക്കാതെ ണോ താങ്ക്സ്…ന്ന് അങ്ട് പറഞ്ഞു. അല്ല പിന്നെ….ലെയ്സ് തരാത്തവൻ വെള്ളം തരണ്ട….ഹും…

പിന്നെ കൊറച്ചു നേരം കൈഞ്ഞപ്പോ ന്റെ സ്ഥലം എത്തി. ഞാൻ എറങ്ങാൻ എണീറ്റപ്പോ ദോണ്ടേ അങ്ങേരും എണീക്കണു…ഓ…ഇതും ഇവിടാണല്ലോ എറങ്ങണേ….ഞാൻ ബാഗും എടുത്തു ബസ്‌ല് ന്ന് എറങ്ങി. അച്ഛൻ വരാന്ന് പറഞ്ഞിട്ട് വരാത്തോണ്ട് വിളിച്ചു ചോയ്ച്ചപ്പോ എറങ്ങാൻ പോണ് ന്ന്….അപ്പോ അത്രേം നേരം ഞാൻ ഇവിട ഒറ്റക്ക് നിക്കാനോ….ന്ന് ചോയ്ച്ചോണ്ടു തിരിഞ്ഞപ്പോ സേട്ടൻ അവിട നിക്കണ്. ഇത് പോയില്ലേ???? കൊറച്ചു കൈഞ്ഞപ്പോ അച്ഛൻ വന്നു. ഞാൻ അച്ഛന്റെ വണ്ടീല് കേറി ഇരുന്ന്. ഒരു താങ്ക്സ് പോലും പറഞ്ഞില്ലല്ലോ….ന്ന് വിചാരിച്ചു തിരിഞ്ഞു നോക്കിയപ്പോ….ദോ…എന്നേം നോക്കി നിക്കണ്…

പിന്നെ എടക്ക് എടക്ക് അവിടേം ഇവിടേം ഒക്കെ വെച്ച് കാണാൻ തൊടങ്ങി…അങ്ങേര് നോക്കി ചിരിക്കും ഞാനും ചിരിക്കും. അയിന് tax ഒന്നും കൊടുക്കണ്ടല്ലോ….ഒരൂസം അമ്പലത്തില് തൊഴുത് കയിഞ്ഞ് എറങ്ങാൻ നേരം ആള് വരണ്. അകത്തേക്ക് കേറിയോണ്ട് ഷർട്ട്‌ ഇട്ടട്ടില്ല…. അയ്യേ … ഞാൻ ഒന്നും കണ്ടില്ലേന്നും പറഞ്ഞു ഞാൻ തലേം കുനിച്ചു പോന്നു. ന്നെ കണ്ടപ്പോ പുള്ളീടെ ഒരു നാണം… ന്റെ പൊന്നോ….. ഞാൻ ചിരിച്ച് ചത്ത്‌…പിന്നെ പിന്നെ കാണുമ്പം ആള് ഇങ്ട് വന്ന് സംസാരിക്കും. ഞാനും ന്തേലും ഒക്കെ ചോയ്ക്കും..ന്നിട്ടും ആള് കാര്യത്തിലേക്ക് വരണില്ല…..അവസാനം അങ്ങേര് തന്നെ പറഞ്ഞു ഇഷ്ടാണ് ന്ന്….

ഹായ് ഹായ്…. ഇനി എനിക്കും ദേവുനേം നച്ചുനേം പോലെ പ്രേമിച്ചു നടക്കാം ന്നൊക്കെ വിചാരിച്ചപ്പോ ദോണ്ടേ…. ന്റെ സ്വപ്‌നങ്ങൾ എല്ലാം തല്ലി തകർത്തു അങ്ങേര് ആൾടെ അച്ഛനേം അമ്മനേം കൂട്ടി പെണ്ണ് ചോയ്ക്കാൻ വന്ന്. ആാാ….. കല്യാണം ഒറപ്പിച്ചാലും പ്രേമിച്ചു നടക്കാല്ലോന്ന് വിചാരിച്ചപ്പ അവർക്ക് എത്രേം വേഗം നടത്തണം ന്ന്. ന്റെ സ്വപ്‌നങ്ങൾ…. ന്റെ ആഗ്രഹങ്ങൾ….ഞാൻ ഇനി ആരോടു പറയും…..ങ്ങീ… ങ്ങീ…

അങ്ങന കെട്ടും കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞപ്പ ഞാൻ ദോണ്ടേ ലേബർ റൂമിലും എത്തി….

കൊറേ നേരായി ന്നെ ലേബർ റൂമില് കേറ്റീട്ട്. എത്ര നേരം കഴിഞ്ഞിട്ടും വിട്ട് വിട്ട് വേദന വരണത് അല്ലാതെ മര്യാദക്ക് വേദന വരണില്ല….നിക്കാണേൽ വെശന്നട്ടും വയ്യ…..വെള്ളം പോലും കുടിക്കരുത് ന്ന് പറഞ്ഞു ഡോക്ടറ് പോയി….അത്രേം നേരം ണ്ടാരുന്ന നേഴ്സും ന്തോ കാര്യത്തിന് പൊറത്തേക്ക് പോയി….പാരാമെഡിക്കൽ പഠിക്കണ ഒരു ഫസ്റ്റ് ഇയർ കൊച്ച് മാത്രം ന്റെ കൂടെ ലേബർ റൂമില് ണ്ട്. അയിനാണേൽ വല്യ കാര്യായിട്ട് ഒന്നും അറിഞ്ഞൂടാന്ന് കണ്ടാ അറിയാം…പാവം….ന്റെ വേദന കണ്ടിട്ട് അതിന് പേടിയാവണ്….അപ്പൊ ന്റെ അവസ്ഥ…..

ആള് ഇപ്പൊ ന്തായാലും ടെൻഷൻ അടിച്ചു പൊറത് നിപ്പ്ണ്ടാവും…ഇനി സിനിമല് കാണണ പോലെ തേരാപാരാ അങ്ങ്ടും ഇങ്ങ്ടും നടക്കുവാരിക്കോ??? കൊറച്ചു നേരം കൈഞ്ഞപ്പോ ദോണ്ടേ…വല്ലാത്ത വേദന…..ഭയങ്കരായിട്ട്….ഞാൻ ആണേൽ കരയാൻ തൊടങ്ങി…വെർതെല്ലാ എക്സ്പീരിയൻസ് ണ്ടായിട്ടും ആ ചേച്ചി കരഞ്ഞേ….അപ്പഴേക്കും കറക്റ്റ് ഒരു നഴ്‌സ്‌ അങ്ട് വന്നു. പുള്ളിക്കാരി നോക്കിയപ്പോ കുഞ്ഞിന്റെ തല ഒക്കെ താഴേക്ക് വന്ന് ഇപ്പൊ ഡെലിവറി ആവും ന്നായി…ന്നെ അപ്പ്രത്തേക്ക് കെടത്താൻ ആ കൊച്ചിനോട് പറഞ്ഞിട്ട് നഴ്സ് ഡോക്ടർനെ വിളിക്കാൻ പോയി. നിക്ക് ആണേൽ വേദന കൊണ്ട് നടക്കാൻ പറ്റണില്ല…ഞാൻ ഇപ്പൊ താഴെ ഇരിക്കും ന്ന് ഒള്ള സിറ്റുവേഷനായി… നാലടി വെച്ചാ മതി ആ ബെഡിലേക്ക്… പക്ഷെ ന്നെ കൊണ്ട് പറ്റണ്ടേ….ഞാൻ സഹിക്കാൻ പറ്റാതെ താഴെ ഇരിക്കുംന്നായപ്പോ ആ കൊച്ച് ന്റെ പൊന്ന് ചേച്ചി…. അങ്ങന ഒന്നും ചെയ്യല്ലേ ന്ന് പറഞ്ഞു ന്നെ എങ്ങന ഒക്കയോ കൊണ്ടോയി അവിട കെടത്തി.

അപ്പഴേക്കും ഡോക്ടർ നഴ്സ് എല്ലാരും വന്നു. ന്നോട് വാ തൊറന്ന് കരയരുത് ന്ന് പറഞ്ഞ്. പിന്നെ എല്ലാം ശടപടേന്നാരുന്നു…കത്രിക വെച്ച് ചെർതായിട്ട് ഒന്ന് കട്ട്‌ ചെയ്ത്. കൊറച്ചു കൈഞ്ഞപ്പോ ന്റെ കുഞ്ഞ് ജനിച്ചു…പിന്ന ന്തൊക്കെയോ സാധനം ഒക്കെ കൊണ്ട് കുഞ്ഞിനെ ന്തോ ചെയ്യണു…ന്തോ സക്ഷൻ ന്നൊക്കെ പറയണ കേട്ട്. ന്റെ താഴേക്കൂടെ ന്തോ ഒക്കെ ഒഴുകണ് ണ്ട്. സത്യം പറഞ്ഞാ കുഞ്ഞിന കണ്ടപ്പോ അത്രേം നേരത്തെ വേദന ഒക്കെ കൊറച്ചു നേരത്തേക്ക് ഞാൻ മറന്നോയി…

കൊറേ നേരം കൈഞ്ഞപ്പോ ന്നേ റൂമില് കൊണ്ടോയി കെടത്തി. എല്ലാർടേം കണ്ണൊക്കെ നെറഞ്ഞിട്ട്ണ്ട്. ഇനി കരയണ എന്തിനാ??? ഞാനും വന്നു ന്റെ കെട്യോന്റെ ഫോട്ടോകോപ്പിയും വന്ന്. കുഞ്ഞിനെ കാണാൻ ഏട്ടന വരച്ചു വെച്ചത് പോലെന്നൊക്കെ എല്ലാരും പറയണിണ്ട്…നിക്ക് ഒന്നും തോന്നീല്ല…ഇപ്പൊ ജനിച്ച കൊച്ചിനെ കണ്ടാ എങ്ങനാ ഇങ്ങനെ ഒക്കെ പറയാൻ പറ്റണേ???? എനിക്കാണേൽ എല്ലാ കുഞ്ഞി പിള്ളേരേം ഒരേ പോലെ തോന്നുള്ളൂ…

എല്ലാരൂടെ കുഞ്ഞിന് പേര് ഇടാൻ നിക്കുവാണ്. ഇപ്പൊ ലോക്ക്ഡൗൺ ആയോണ്ട് ഇനി ലോക്ക്ഡൗൺന്ന് എങ്ങാനും പേരിട്ടു കളയോ???? അല്ലാ….ഇപ്പോ അതാണല്ലോ ട്രെൻഡ്….പിന്നേം ണ്ടല്ലോ കൊറേ….കൊറോണ, കോവിട്, സാനിറ്റയ്സർ, ക്വാറൻറ്റയിൻ…..അങ്ങന നിരന്നു കെടക്കുവല്ലേ വെറൈറ്റി…

ഏട്ടൻ ആണേല് ഒരക്ഷരം മിണ്ടാതെ ന്നേം കുഞ്ഞിനേം നോക്കി നിക്കണ് ണ്ട്. ആ കണ്ണില് ഇപ്പഴും അന്ന് ആനവണ്ടില് ന്ന് എറങ്ങി അച്ഛന്റെ കൂടെ പോകാൻ നേരം തിരിഞ്ഞു നോക്കിയപ്പോ കണ്ട അതേ തിളക്കം….