പീറ്റർ കൊതിയോടെ അവളെ നോക്കി. നീളൻ ചെവിയും രോമവും. അവളൊരു കൊച്ചു സുന്ദരി തന്നെ. അവൻ അവൾക്കരികിലേക്ക്…

അറേഞ്ച്ഡ് മാരേജ് – എഴുത്ത്: ജിതിൻ ദാസ്

തല കുമ്പിട്ട് തന്റെ മുന്നിൽ നിൽക്കുന്ന ബെറ്റിയെ കാണുമ്പോൾ ചാക്കോച്ചിക്ക് പെരുവിരൽ മുതൽ പിന്നെയും വിറഞ്ഞു കയറി..
“പിഴച്ചവൾ… ” അവജ്ഞയോടെ അവളുടെ മുഖത്ത് കാലുകൊണ്ടൊരു തട്ട് കൊടുത്തിട്ട് അയാൾ കലിതുള്ളിക്കൊണ്ട് സിറ്റൗട്ടിൽ നിന്നും അകത്തേക്ക് പോയി..

അവൾ തലയും കുമ്പിട്ട് നിറകണ്ണുകളോടെ സിറ്റൗട്ടിനു വെളിയിൽ നിന്നു..വീടിനകത്തേക്ക് കയറാൻ അവൾക്ക് ഭയം തോന്നി.. ചാക്കോച്ചിക്ക് ഇപ്പോൾ അവളെ കാണുന്നതേ കലിയാണെന്ന് അവൾക്ക് നന്നായി അറിയാം. എത്ര പെട്ടന്നാണ് താൻ ഈ വീട്ടിലുള്ളവർക്ക് ആരുമല്ലാതായി തീർന്നത്.

അവൾ മുറ്റത്തെ ചാമ്പച്ചോട്ടിലെ തണലിലേക്ക് നീങ്ങി. അവിടെത്തന്നെ ചടഞ്ഞു കിടന്നു.. ആകെ ഒരു ക്ഷീണമാണ്..നല്ല വിശപ്പും.

രണ്ട് ദിവസം മുന്നേ ആ വലിയ രഹസ്യം ലോലാമ്മ ചാക്കോച്ചിയുടെ ചെവിയിൽ എത്തിക്കുന്നത് വരെ എല്ലാം നല്ലപടിയായിരുന്നു.. ബെറ്റി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ചാക്കോച്ചിയുടെ മുഖത്തെ ദേഷ്യം ഒന്ന് കാണേണ്ടതായിരുന്നു.. അതിനു കാരണക്കാരൻ ആരാണെന്നും അയാളെ അറിയിക്കുന്നതിൽ ലോലാമ്മ ഒരു വിലോപവും കാണിച്ചുമില്ല…

അവൾ അവനെക്കുറിച്ചോർത്തു..ഇനി അവൻ തന്നെ കാണാൻ വരുമോ?..ഇന്നലെ അവന്റെ വാലിൽ മാലപ്പടക്കം കെട്ടിവെച്ച് ചാക്കോച്ചി തീ കൊടുക്കുന്നതിനു തൊട്ടു മുൻപാണ് അവന്റെ മുഖം അവസാനമായി കണ്ടത്..പൊട്ടിത്തെറിക്കുന്ന വാലുമായി ജീവനും കൊണ്ട് ഓടുന്ന അവന്റെ ചിത്രം ബെറ്റിയുടെ മനസ്സിൽ തെളിഞ്ഞു.. കറുപ്പിൽ വെളുത്ത പുള്ളികളുള്ള അവൻ പാടത്തിനക്കരെ നിന്നും ഇനിയൊരിക്കലും അവളെ കാണാൻ വരില്ല എന്ന് അവൾക്ക് തോന്നി..അവൾ ചാമ്പച്ചോട്ടിൽ നിന്നും അടുക്കളപ്പടിയിലെ തണുപ്പിലേക്ക് തല ചേർത്ത് കിടന്നു..അവൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു.

****************

വയറു നല്ലപോലെ വേദനിച്ചപ്പോൾ അവൾ കണ്ണുകൾ തുറന്നു..വീട്ടിലുള്ള ആരെയും പുറത്ത് കണ്ടില്ല. തുറന്നു കിടന്ന കൂട്ടിൽ നിന്നും അവൾ പതുക്കെ പുറത്തേക്കിറങ്ങി.. വയറിനുള്ളിൽ ആകെ ചവിട്ടും കുത്തുമാണ്.. വിളഞ്ഞ വിത്തുകൾ തന്നെ.. നാലെണ്ണം ഉണ്ടെന്ന് തോന്നുന്നു..അവളുടെയുള്ളിൽ തനിക്ക് സംഭവിക്കാൻ പോകുന്ന മാറ്റത്തെക്കുറിച്ച് നല്ല ധാരണയുള്ളപോലെ തോന്നി..അത് ഉടനെ സംഭവിച്ചേക്കുമെന്നും തുടർന്നുള്ള അവളുടെ പ്രവർത്തിയിൽ നിന്നും വ്യക്തമായിരുന്നു..

തെക്ക് ഭാഗത്തെ വാഴച്ചോട്ടിലെ ഇളകിയ മണ്ണിൽ, കിടക്കാൻ പാകത്തിൽ അവൾ ചെറിയൊരു കുഴി മാന്തിയെടുത്തു. പ്രകൃതി തന്നെ ഏല്പിച്ചിരിക്കുന്ന ആ വലിയ കർത്തവ്യത്തിലേക്ക് കടക്കേണ്ട സമയമായെന്ന് അവൾക്ക് തോന്നി. അവൾ മണ്ണിലേക്ക് ചേർന്ന് അരഭാഗം മുകളിലേക്കുയർത്തിപ്പിടിച്ചു കിടന്നു..

“നാലെണ്ണമുണ്ട്.. രണ്ട് വെള്ളയും രണ്ട് കറുത്തതും..” അവളെ ഉറ്റു നോക്കിക്കൊണ്ട് ലോലാമ്മ ചാക്കോച്ചിയോടായി പറഞ്ഞു. തെല്ലുമാറി ആഴത്തിൽ മറ്റൊരു കുഴിയെടുക്കുന്ന തിരക്കിലും അയാൾ അവളെയും കുഞ്ഞുങ്ങളെയും സൂക്ഷിച്ചു നോക്കി. ഒന്നും മിണ്ടാതെ കയ്യിലിരുന്ന മൺവെട്ടി കൊണ്ട് വീണ്ടും ഇളകിയ മണ്ണിൽ ചാക്കോച്ചി ആഞ്ഞു വെട്ടി..

*****************

പുറത്തേക്കിറങ്ങുവാൻ ഒരു നിവർത്തിയുമില്ല..കൂട് പൂട്ടിയിരിക്കുകയാണ്. ഇത്ര നേരമായിട്ടും കുഞ്ഞുങ്ങളെ കണ്ടില്ല. കൂട്ടിലേക്ക് അവളെ മാത്രമേ മാറ്റിയിട്ടുള്ളു.. മക്കളെക്കുറിച്ചോർത്തപ്പോൾ അവളുടെ മാതൃഹൃദയം വിങ്ങി. അവർക്ക് വിശക്കുന്നുണ്ടാവുമെന്നോർത്തപ്പോൾ അവൾക്ക് കണ്ണുകൾ നിറഞ്ഞു.

അവൾ ചെവി വട്ടം പിടിച്ചു പരിസരം ശ്രദ്ധിച്ചു.കുഞ്ഞുങ്ങളുടെ ദുർബ്ബലമായ കരച്ചിലും ഇപ്പോൾ കേൾക്കുന്നില്ല. ചാക്കോച്ചി കുഴി മൂടി ഇടിച്ചുറപ്പിക്കുന്ന ശബ്ദം അവൾക്ക് കേൾക്കാമായിരുന്നു. അവൾ അസ്വസ്ഥമായ ഹൃദയത്തോടെ വീണ്ടും കൂടിനു വെളിയിലേക്ക് കണ്ണുകൾ നീട്ടി.പക്ഷെ അവളുടെ പുറം കാഴ്ചകൾ പരിമിതപ്പെട്ടിരുന്നു…

*********************

ഒത്തിരി നാളുകൾക്ക് ശേഷമാണ് ഒരു യാത്ര. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ അടച്ചിട്ട ഗ്ളാസ്സിലൂടെ ബെറ്റി പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. വഴിയിലെവിടെയും അവൾ കറുപ്പിൽ വെളുത്ത പുള്ളികളുള്ള അവളുടെ കൂട്ടുകാരനെ കണ്ടില്ല. കണ്ടിട്ടും വലിയ പ്രയോജനമൊന്നുമില്ലെങ്കിലും പ്രതീക്ഷയോടെ അവൾ വഴിയത്രയും സശ്രദ്ധം വീക്ഷിച്ചു പോന്നു.

വലിയ ഗേറ്റ് ഉള്ള ഒരു രണ്ടുനില വീടിന്റെ മുറ്റത്താണ് ആ യാത്ര അവസാനിച്ചത്. പണ്ടെങ്ങോ ചെറുപ്പത്തിലേ താനിവിടെയൊക്കെ ഓടിനടന്നപോലെ ഒരോർമ്മ ബെറ്റിയെ കടന്നുപോയി. ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ ചാക്കോച്ചിക്കു പിന്നാലെ അവളും ചാടി പുറത്തേക്കിറങ്ങി.

വാതിൽ തുറന്നു പുറത്തേക്ക് വന്ന വീട്ടുകാരന്റെ പുറകിൽ അനുസരണയോടെ നിൽക്കുന്ന അവനെ ബെറ്റി ഒളികണ്ണിട്ടു നോക്കി..പീറ്റർ എന്നാണ് അവന്റെ പേരെന്ന് അവരുടെ സംഭാഷണത്തിൽ നിന്നും അവൾ മനസിലാക്കി. നല്ല വെളുത്ത നിറത്തിൽ നിറയെ നീളൻ രോമങ്ങളുള്ള അവൻ ഒറ്റ നോട്ടത്തിൽ തന്നെ ഉന്നത കുലജാതനെന്നു തോന്നിപ്പിച്ചു. മഞ്ഞ് പോലെ വെളുത്ത അവന്റെ കറുത്ത കണ്ണുകൾക്കും കൊച്ചു മൂക്കിനും ഒരു പ്രത്യേക ഭംഗിതന്നെ ഉണ്ടായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ അവന്റെ പ്രണയാർദ്രമായ നോട്ടത്തിനു മുന്നിൽ നാണിച്ചു പോയ ബെറ്റി ചാക്കോച്ചിയുടെ പിന്നിലേക്ക് നീങ്ങി ഒതുങ്ങി നിന്നു..

“ഒരാഴ്ച അവൾ ഇവിടെ നിൽക്കട്ടെ. നല്ലപോലെ പിടിക്കട്ടെ. എന്നിട്ടേ കൊണ്ടുപോകുന്നുള്ളു ” കൂട്ടുകാരനോട് കുശലം പറഞ്ഞുചിരിച്ചു കൊണ്ട് ചാക്കോച്ചി വീടിനകത്തേക്ക് കയറി.

പീറ്റർ കൊതിയോടെ അവളെ നോക്കി. നീളൻ ചെവിയും രോമവും.. അവളൊരു കൊച്ചു സുന്ദരി തന്നെ. അവൻ അവൾക്കരികിലേക്ക് ചെന്നു. മുഖം അവളുടെ ചെവിയിലേക്ക് അടുപ്പിച്ചുകൊണ്ട് അവൻ അവന്റെ പ്രണയം അവളെ അറിയിച്ചു. അവൾ നാണത്തോടെ മുഖം താഴ്ത്തി.

“പീറ്റർ…. കം ഹിയർ.. “

അകത്തുനിന്നും വീട്ടുകാരന്റെ ഉച്ചത്തിലുള്ള വിളി കേട്ടതും, അവളെ കണ്ണുകൊണ്ട് അകത്തേക്ക് ക്ഷണിച്ചുകൊണ്ട് അവൻ അകത്തേക്ക് പാഞ്ഞു.. ഒരു നിമിഷം ശങ്കിച്ചു നിന്ന ശേഷം അവൾ പതിയെ പടികൾ കയറി വാതിലിനു മുന്നിൽ നിന്നു..മൂക്കിലേക്ക് പരിചയമുള്ള ഒരു ഗന്ധം അടിച്ചു കേറുന്നു..അവൾ വേവലാതിയോടെ ചുറ്റും നോക്കി.. അവളുടെ കണ്ണുകൾ അടഞ്ഞു കിടക്കുന്ന ഗേറ്റിനു നേർക്ക് നീണ്ടു.. അവിടെ, കണ്ണ് നിറച്ചുകൊണ്ട് പിന്തിരിഞ്ഞു നടക്കുന്ന കറുപ്പിൽ വെളുത്ത പുള്ളികളുള്ള രൂപത്തെ കണ്ട് അവളുടെ ഹൃദയം തകർന്നു..അവൻ കണ്ണിൽ നിന്നും മായുന്നവരെ അവൾ അവനെ നോക്കി അവിടെത്തന്നെ തറഞ്ഞു നിന്നു. നാളിതുവരെ അവനോട് പറയാൻ കരുതിവച്ചിരുന്ന അവളുടെ സങ്കടങ്ങളൊക്കെയും ഉരുണ്ടു വന്ന രണ്ട് കണ്ണുനീർ തുള്ളിക്കൊപ്പം അവൾ കുടഞ്ഞുകളഞ്ഞു… ശേഷം നിസ്സഹായതയുടെ നിറഞ്ഞ കണ്ണുകളോടെ അവൾ അകത്തേക്ക് കയറി.. പീറ്റർ ഓടി വന്ന് ശൃംഗാര ഭാവത്തിൽ അവളോട് മുട്ടിയുരുമ്മി നിന്നു. ചാക്കോച്ചിയും കൂട്ടുകാരനും എന്തോ തമാശ കണ്ട സന്തോഷത്തോടെ അവരെ നോക്കി ആർത്തു ചിരിച്ചു…