മുറി തുറന്നു അകത്തേക്ക് കയറിയപ്പോൾ, മാളു ടി പൊട്ടിക്കാളി ദാ ഇവിടെ…ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി

എഴുത്ത്: സിറിൾ കുണ്ടൂർ

ഇപ്പോ ഇറങ്ങിക്കോളണം എന്റെ വീട്ടിൽ ഇനി നിനക്ക് ഒരു സ്ഥാനവുമില്ല. അലറി കൊണ്ട് അച്ഛൻ ഏട്ടന്റെ കോളറിൽ പിടിച്ചു പുറത്തേക്ക് തള്ളിവിടുമ്പോൾ അമ്മ എന്നെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു. ഒരു പൊതു പ്രവർത്തകൻ വന്നിരിക്കുന്നു നാണമില്ലെടെ നായെ പോയി ചത്തുടെ നിനക്ക്….അച്ഛന്റെ ദേഷ്യം അടങ്ങാത്തതു കൊണ്ടാകാം വീണ്ടും വീണ്ടും എന്തൊക്കയോ വിളിച്ച് പറയുന്നുണ്ടായിരുന്നു.

എന്തേ ഇവിടെ ആരെങ്കിലും ചത്തോ…? പോയി കഞ്ഞിയെടുത്തു വെക്കടി രണ്ടും കൂടെ നിന്നു മോങ്ങുന്നു. ഏട്ടനെ ഇറക്കി വിട്ടിട്ടും അച്ഛന് ദേഷ്യം മാറിയിരുന്നില്ല. ഞങ്ങളെ അകത്ത് കയറ്റി വാതിലടക്കുമ്പോൾ ജനാലിലൂടെ ഞാൻ പുറത്തേക്ക് നോക്കി ഏട്ടനെ തിരഞ്ഞു. ഇരുട്ടു കനത്തതു കൊണ്ട് ഒന്നും കാണാൻ കഴിഞ്ഞില്ല. ചുമരിൽ ചാരി നിന്നു ഏട്ടനെ ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു.

അന്ന് രാത്രി അച്ഛൻ കഞ്ഞി കുടിച്ച് പോയി കിടന്നു. അമ്മയും ഞാനും പരസ്പരം മിണ്ടാതെ നേരം വെളുക്കുവോളം അങ്ങനെ തന്നെ ഇരുന്നു. അച്ഛന്റെ വിളി കേട്ട് ഞെട്ടി ഉണരുമ്പോൾ അമ്മ അടുക്കളയിൽ പണിയിലായിരുന്നു. പരസ്പരം ആരും മിണ്ടാതെ ദിവസങ്ങൾ തള്ളി നീക്കിയപ്പോൾ, ഞാനാണ് ആദ്യം അച്ഛനോട് ഏട്ടനെക്കുറിച്ച് പറഞ്ഞത്.

അച്ഛ എനിക്ക് എട്ടനെ കാണണം. ചായ കുടിച്ചു കൊണ്ടിരുന്ന അച്ഛൻ ദേഷ്യത്തോടെ നോക്കിയതും കൈയ്യിലുണ്ടായിരുന്ന ചായ ഗ്ലാസ്സ് താഴെക്ക് വലിച്ചെറിഞ്ഞതും ഒരിമിച്ചായിരുന്നു. ഇനി ഇവിടെ അവനെക്കുറിച്ച് ഒരക്ഷരം ആരും മിണ്ടിപോകരുത്.

ആദ്യ മുതൽ ഏട്ടനോടുള്ള വാശിക്ക് കഞ്ഞി കുടിച്ചിരുന്ന അച്ഛൻ പിന്നീട് ഒരു പേരിനെന്നോണം രണ്ട് ടീസ്പൂൺ കഞ്ഞിയിൽ ഒതുങ്ങി. ഏട്ടനെ ഇറക്കിവിട്ടതിന്റെ കാരണം പലപ്പോഴും അമ്മയും ഞാനും മാറി മാറി ചോദിക്കുമ്പോഴും മൗനമായിരിക്കുന്ന അച്ഛൻ പിന്നീട്…സന്ധ്യ സമയത്ത് വേലിക്കരികിൽ പോയി നിൽക്കുന്ന അച്ഛനെ നോക്കി അമ്മ കരയുന്നതു കണ്ടപ്പോൾ അതുവരെയില്ലാത്ത ഒരു പേടി എന്റെ മനസിൽ കടന്നു കൂടി. രണ്ട് ദിവസായി അച്ഛൻ ഒന്നും മിണ്ടുകയും കഴിക്കുകയും ഇല്ലന്നും പറഞ്ഞപ്പോൾ ഏട്ടനെക്കുറിച്ചോർത്ത് അച്ഛനും വിഷമിക്കുന്നുണ്ടെന്നു എനിക്കും മനസിലായി.

ഏട്ടൻ പോകാനിടയുള്ള എല്ലായിടത്തും തിരക്കിയെങ്കിലും അവിടെ എങ്ങും എട്ടൻ എത്തിയിട്ടില്ലന്നറിഞ്ഞപ്പോൾ ഉള്ളിൽ വല്ലാത്തൊരു ഭയം തോന്നി. പിന്നീട് എപ്പോഴൊ അച്ഛൻ പുറത്തേക്കുള്ള പോക്ക് നിർത്തി വീട്ടിനുള്ളിൽ തന്നെയായി.

പിന്നെ മുറി വിട്ട് ഇറങ്ങാതെയായപ്പോൾ അച്ഛൻ…എടീ ശാരദേ, നീ കതകൊന്നും കുറ്റിടേണ്ട അവൻ വെല്ല സിനിമക്കും കയറി കാണും അതാ ഇത്ര വൈകുന്നെ…അച്ഛനിപ്പോ പരസ്പര ബന്ധമില്ലതെ എന്തൊക്കയോ പറയുന്നത് പതിവായപ്പോൾ…അമ്മ ചെറിയമ്മാവനെ വിളിച്ച് കാര്യം പറഞ്ഞു. എല്ലാവരും കൂട്ടത്തോടെ വീട്ടിലേക്ക് വന്നു കയറുമ്പോഴും അച്ഛന്റെ കണ്ണുകൾ ഏട്ടനെ തിരയുകയായിരുന്നു. പല വിധ അന്വേഷണങ്ങളും നടന്നു എങ്കിലും ഒരു വിവരവും ഇല്ലാതായപ്പോൾ ഒരിക്കൽ അച്ഛൻ എന്നെ വിളിച്ചു.

മോളെ അവൻ വന്നോ…? ഇല്ലല്ലേ…? അച്ഛന് തണക്കുന്നു മോളു പോയി അവന്റെ ഒരു ഷർട്ട് എടുത്ത് താ…

ഏട്ടൻ പോയതിൽ പിന്നെ ഞാനും എട്ടന്റെ മുറിയിൽ കടക്കാറില്ല. വെറുതെയെങ്കിലും എന്റെ ഒരു വിശ്വാസം ഉണ്ട് ഏട്ടൻ മുറിയിൽ ഉണ്ടെന്നു…മുറി തുറന്നു അകത്തേക്ക് കയറിയപ്പോൾ, മാളു ടി പൊട്ടിക്കാളി ദാ ഇവിടെ…ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി. ഇല്ല…എന്റെ ഏട്ടൻ ഇവിടെ ഉണ്ട്. അല്ലന്നു വിശ്വസിക്കുവാൻ കഴിയില്ല എനിക്ക്. എട്ടന്റെ മുറിയിലെ ഷർട്ട് എടുത്ത് പുറത്തേക്കിറങ്ങിയപ്പോഴാണ് ഏട്ടന്റെ ഡയറിയെക്കുറിച്ച് ഓർത്തത്…

ഓടിച്ച് വായിച്ചു പോകുമ്പോഴും കണ്ണുനീർ തുള്ളികൾ മുത്തമിട്ട താളുകളിൽ ഏട്ടൻ എന്നോട് സംസാരിക്കുന്ന പോലെ തോന്നി. അവസാന താളുകൾ മറച്ചു വായിക്കുമ്പോഴും കണ്ണു നിറഞ്ഞിരുന്നു. ഒരുപാടു നാളത്തെ ആഗ്രഹം ഞാൻ അച്ഛനോട് ആവശ്യപ്പെട്ടു. ആദ്യം കേട്ടപ്പോൾ അച്ഛൻ ഒരു അമ്പരപ്പോടെ നിന്നു എങ്കിലും നിറകണ്ണുകളോടെ എന്റെ ആഗ്രഹം അച്ഛൻ സാധിച്ചു തന്നു….

ആരിൽ നിന്നുമാണ് സത്യം അറിഞ്ഞതെന്ന അച്ഛന്റെ ചോദ്യത്തിന് മറുപടി നൽകാതെയാണ് ഞങ്ങൾ വീട്ടിലേക്ക് മടങ്ങിയത്…അത്രമാത്രം അച്ഛൻ എന്നെ സ്നേഹിച്ചിരുന്നു. മാളു വരുന്നതിന് മുമ്പ് അത്രത്തോളം സ്നേഹം വരിക്കോരി തന്ന അച്ഛനോട് ഞാൻ ഒരു കാര്യം കൂടി ആവശ്യപ്പെടുകയാണ്. ഒരിക്കൽ പോലും മാളുവും അമ്മയും അച്ഛനും എന്റെ അല്ലെന്നു വിശ്വസിക്കാൻ എനിക്കാവില്ല. എങ്കിലും അനാഥനാക്കാതെ എന്നെ വളർത്തിയ അച്ഛനും അമ്മയുമാണെന്റെ ലോകം….അതു കൊണ്ട് അച്ഛൻ സമ്മതിക്കുമെന്നുറപ്പുണ്ട്…

രണ്ട് ദിവസമെങ്കിലും വയ്യാതെ കിടക്കുന്ന എന്റെ അമ്മയുടെ കൂടെ നിൽക്കണം. ഇന്നുതന്നെ യാത്ര തിരിക്കണം. കാരണവും കാര്യങ്ങളും ചിന്തിക്കുന്നില്ല. മരണത്തിന് മുമ്പുള്ള ആഗ്രഹം നിറവേറ്റുവാനുള്ള മകന്റെ കടമ….

ഡയറി അടച്ച് അച്ഛന്റെ അടുത്തേക്ക് ചെല്ലുമ്പോൾ, അച്ഛാ ഏട്ടനെ ഇനി കാത്തിരിക്കണ്ട അല്ലെ. അച്ഛൻ ഒന്നു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. അവൻ വരും അവൻ വരും അച്ഛന്റെ ശബ്ദം താഴുന്നു താഴ്ന്നു പോകുമ്പോൾ…ഞാൻ ഉമ്മറത്തേക്ക് ഓടിച്ചെല്ലും ഇല്ല വരില്ല. ഇനി വരില്ല.

പ്രതീക്ഷകൾ എല്ലാം അവസാനിച്ച നാൾ…രാത്രി ഏറെ വൈകി മഴ നനഞ്ഞു ഏട്ടൻ വന്നു കയറിയതും ഏട്ടന്റെ ശബ്ദം കേട്ട് ആദ്യം ഇറങ്ങി വന്നത് അച്ഛനായിരുന്നു. ഇറങ്ങി പോകാൻ പറയുമ്പോഴേക്കും നീ പോകും അല്ലടാ നിന്നെ ഞാൻ…തല കുനിച്ചു നിന്ന ഏട്ടന്റെ തലയിലെ വെള്ളം അച്ഛൻ തോർത്തി കൊണ്ട് നെറുകയിൽ ഒരുമ്മ വെച്ചു. മഴ നനഞ്ഞതുകൊണ്ടാകണം ഏട്ടന്റെ കണ്ണുനീർ തിരിച്ചറിയാതെ മഴ വെള്ളത്തിൽ അലിഞ്ഞു ചേർന്നു.

അച്ഛനെ കെട്ടിപ്പിടിച്ചു കരയുമ്പോഴും, പോയി…അമ്മ പോയി…വിങ്ങിപ്പൊട്ടിയ ഏട്ടനെ ചേർത്തു പിടിച്ചു അച്ഛൻ അകത്തേക്ക് പോകുമ്പോഴും എല്ലാം അറിയുന്ന അമ്മ നിറകണ്ണുകളോടെ നിൽക്കുന്നുണ്ടായിരുന്നു.

ശേഷക്രിയ പൂർത്തിയാക്കി മടങ്ങിയ മകന്റെ സ്നേഹം ഇനി വേറാർക്കും പങ്കുവെക്കാനില്ലാതെ ഞങ്ങൾക്കെന്നു ഓർത്തപ്പോൾ കണ്ണുകൾ വീണ്ടും നിറഞ്ഞു കൊണ്ടിരുന്നു…