പ്രതികാരം – എഴുത്ത്: രമ്യ വിജീഷ്
” ലീനാ ഞാൻ ബ്രേക്ക് അപ്പ് ചെയ്യുകയാണ്… വീട്ടിൽ നമ്മുടെ ബന്ധം ആരും സമ്മതിക്കുമെന്നു തോന്നുന്നില്ല.. അന്യ സമുദായത്തിൽ പെട്ടപെണ്ണിനെ വിവാഹം ചെയ്താൽ എന്നെ ആ വീട്ടിൽ നിന്നു തന്നെ പുറത്താക്കും.. എനിക്കവരെയൊന്നും ഉപേക്ഷിക്കാൻ കഴിയില്ല… എനിക്കു നല്ലൊരു ബന്ധം ഒത്തു വന്നിട്ടുണ്ട്… നിനക്കും കിട്ടും നല്ലൊരു പയ്യനെ.. ഇനി നീയെന്നെ വിളിക്കരുത്.. ഞാൻ നിന്റെ നമ്പരും വാട്ട്സാപ്പും ബ്ലോക്ക് ചെയ്യുന്നു.. ഇനി നമ്മൾ കാണില്ല.. ഒരിക്കലും “
തന്റെ വാട്ട്സാപ്പിലെക്കു രഞ്ജിത് അയച്ച മെസ്സേജ് വായിച്ചു ലീനക്ക് ശ്വാസം നില്ക്കുന്നത് പോലെ തോന്നി..
” ദൈവമേ എന്നെ പ്രാണനെപ്പോലെ സ്നേഹിക്കുന്നവൻ എന്നു ഞാൻ അഹങ്കരിക്കുന്ന എന്റെ രഞ്ജിത് തന്നെയാണോ ഈ പറയുന്നത്… ഇല്ല ഞാൻ ഇതു വിശ്വസിക്കില്ല.. “
അവനെ അപ്പോൾ തന്നെ തിരിച്ചു വിളിച്ചു.. ശരിയാണ് ബ്ലോക്ക് ചെയ്തിരിക്കുന്നു… ഫേസ്ബുക്, വാട്ട്സ്ആപ്പ് എല്ലാം ബ്ലോക്ക്..
കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ അവൾ പൊട്ടിക്കരഞ്ഞു….
തന്റെ പുറകേ നടന്നു ശല്യം ചെയ്തു കൂടെ കൂടിയതാണവൻ… ക്രിസ്ത്യാനിയായ തന്നെ ഒരു ഹിന്ദു ചെക്കൻ പ്രണയിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളൊക്കെ പറഞ്ഞു മനസ്സിലാക്കി… എന്റെ പപ്പയേയും മമ്മയെയും വേദനിപ്പിക്കാൻ കഴിയില്ലെന്നും പറഞ്ഞു.. എന്നിട്ടും ആത്മഹത്യാ ഭീഷണി മുഴക്കി അവൻ.. ഞാൻ അവനെയും പ്രണയിച്ചു തുടങ്ങിയിരുന്നു… ഒരുമിച്ചുള്ള ജീവിതം സ്വപ്നം കണ്ടു… വീട്ടിൽ കല്യാണാലോചന തുടങ്ങിയപ്പോൾ മുതൽ മമ്മ പറയും
“മോളെ നമുക്ക് മാട്രിമോണിയൽ പരസ്യം കൊടുക്കാം.. അതാവുമ്പോൾ ഒരുപാട് ആലോചനകൾ വരും. നമുക്ക് മനസ്സിനിണങ്ങിയ ബന്ധം കിട്ടും.. പപ്പക്ക് അതാണ് ഇഷ്ടം എന്നു “
രഞ്ജിത്തിനോടുള്ള എന്റെ പ്രണയം തുറന്നു പറഞ്ഞപ്പോൾ മനസ്സ് തകർന്നെങ്കിലും ഒറ്റമോളായ എന്റെ ആഗ്രഹം അവര് സമ്മതിച്ചു.. ആ സന്തോഷവാർത്ത ഞാൻ അവനോടു പറഞ്ഞപ്പോൾ മുതൽ ഒരു അകലം അവനിൽ നിന്നും ഉണ്ടായിരുന്നു…
കരഞ്ഞുകൊണ്ടിരിക്കേണ്ട സമയം അല്ലിത്.. അവനെ കാണണം.. സംസാരിക്കണം… ഓഫീസിൽ എന്തായാലും അവൻ വരാതിരിക്കില്ലല്ലോ
ലീന മുറിപൂട്ടി ബാഗുംഎടുത്തുകൊണ്ടു പുറത്തേക്കുപോയി..അവന്റെ ഓഫീസിൽ എത്തി… ഓഫീസിൽ അവൻ എത്തിയിട്ടുണ്ടായിരുന്നില്ല… അവൻ പോകാറുള്ള സ്ഥലങ്ങളിൽ ഒക്കെ അന്വേഷിച്ചു നടന്നു..കണ്ടെത്തിയില്ല.. വൈകുന്നേരങ്ങളിൽ സ്ഥിരമായി അവർ പോകാറുള്ള പാർക്കിൽ തണൽമരച്ചോട്ടിൽ അവൾ തളർന്നിരുന്നു.. ഓർമ്മകൾ അവളെ വേട്ടയാടി… കണ്ണടച്ച് കുറച്ചു നിമിഷം വെറുതെ ഇരുന്നു… കുറച്ച് അടുത്ത്തായി ആരുടെയോ അടങ്ങിയ സ്വരത്തിലുള്ള സംസാരവും ചിരിയും കേട്ടവൾ നോക്കുമ്പോളാണ് അവൻ മറ്റൊരു പെണ്ണുമായി കൊഞ്ചിക്കുഴയുന്നത് കണ്ടത്…
ലീനയുടെ സകല നിയന്ത്രങ്ങളും തെറ്റി..
” ഡാ ദുഷ്ടാ” എന്നാക്രോശിച്ചുകൊണ്ടവൾ അവന്റെ നേരെ പാഞ്ഞടുത്തു
പ്രതീക്ഷിക്കാതെ ലീനയെ കണ്ടവൻ അമ്പരന്നു..
” ലീന ” എന്നവൻ വിളിക്കുന്നതിന് മുമ്പായി അവളുടെ കൈ അവന്റെ കവിളിൽ പതിഞ്ഞു…
” കുട്ടീ നീയിവനെ വിശ്വസിക്കരുത്… എന്റെ പുറകെ കുറേനാൾ ശല്യം ചെയ്തു കൂടെ കൂടിയവൻ ആണിവൻ… കുറേ സ്വപ്നങ്ങൾ എനിക്കിവൻ തന്നു.. അവനുവേണ്ടി എന്റെ പപ്പയെം മമ്മയേം വരെ ഞാൻ വേദനിപ്പിച്ചു… അവസാനം ഒരു മെസ്സേജിൽ എല്ലാം ഉപേക്ഷിച്ചു ഇവൻ വളരെ എളുപ്പത്തിൽ.. “
” നിമ്മീ നീയവളെ വിശ്വസിക്കരുത്.. ഇവൾ പറയുന്നതൊക്കെ പച്ചക്കള്ളമാ “
രഞ്ജിത്തിന്റെ വാചകം കേട്ട് വീണ്ടും ലീനക്ക് കലി കയറി.. അവൾ ഉറഞ്ഞു തുള്ളിക്കൊണ്ട് വീണ്ടും അവനു നേരെ കയ്യോങ്ങി..
“തൊട്ടുപോകരുത് അവനെ “എന്നു പറഞ്ഞുകൊണ്ട് നിമ്മി അവളുടെ കൈയിൽ ബലമായി പിടിച്ചു…
ലീന പകച്ചുപോയി.. അങ്ങനെ ഒരു പ്രതികരണം അവൾ പ്രതീക്ഷിച്ചതേയില്ല..
രഞ്ജിത്ത് വിജയഭാവത്തിൽ അവളെ നോക്കി.. നാണംകെട്ടു തൊലിയുരിയുന്നതുപോലെ തോന്നി അവൾക്കു.. കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.. ഒന്നും പറയുവാനാകാതെ അവൾ തിരിഞ്ഞു നടന്നു…
പടക്കംപൊട്ടുന്ന പോലുള്ള ശബ്ദം കേട്ടാണവൾ തിരിഞ്ഞു നോക്കിയത്… രഞ്ജിത്തിനോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടു അവന്റെ രണ്ടു കരണത്തും മാറി മാറി അടിച്ചിട്ട് ആ പെൺകുട്ടി നടന്നു പോകുന്ന ആ മനോഹരമായ കാഴ്ച്ച ലീന ആസ്വദിച്ചു നോക്കി നിന്നു…
തിരികെ റൂമിലെത്തി ആ വൃത്തികേട്ടവനെ തല്ലിയ കൈകൾ നല്ല പോലെ സോപ്പിട്ടു കഴുകി… മെല്ലെ ഫോൺ എടുത്തു മമ്മയെ വിളിച്ചു..
” ഹലോ മമ്മാ പപ്പയോടു പറഞ്ഞേക്കു പത്രത്തിൽ പരസ്യം കൊടുക്കാൻ “
ഒരു നിമിഷത്തെ നിശബ്ദദക്കു ശേഷം അങ്ങേത്തലക്കൽ മമ്മ പൊട്ടിച്ചിരിക്കുന്നതുകേട്ടു കൂടെ അവളും…