എഴുത്ത്: സമീർ ചെങ്ങമ്പള്ളി
എന്റെ കയ്യിൽ കയറിപ്പിടിച്ച പുരുഷന്റെ കവിളിൽ ഒന്ന് ആഞ്ഞടിച്ചുപോയതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ അപരാധം…
പെൺകുട്ടികളായാൽ ഇത്രയും അഹങ്കാരം പാടില്ല, നാട്ടുകാരായ ഞങ്ങളെല്ലാം ഇവിടെയുള്ളപ്പോൾ അവനെ കൈകാര്യം ചെയ്യാൻ അവൾ ശ്രമിക്കരുതായിരുന്നു…
ഞാൻ ആണധികാരം ചോദ്യം ചെയ്തത് അവർക്കാർക്കും അത്ര പിടിച്ചിട്ടില്ല…
മോളെ, ഒരു പുരുഷനെ പരസ്യമായി മർദ്ദിക്കാൻ തുനിഞ്ഞ പെൺകുട്ടിയെ ലോകം വളരെ മോശമായാണ് കാണുക, നീ അവനെ തല്ലാൻ പാടില്ലായിരുന്നു, അതിന് പകരം കൂടെയുള്ള ഏതെങ്കിലും നാട്ടുകാരനോട് കാര്യം പറഞ്ഞാൽ മതിയായിരുന്നു….
അച്ഛൻ ആശങ്കയോടെയാണ് എന്റെ പ്രവർത്തിയെ കണ്ടത്….
പിറ്റേദിവസം, വീട്ടിൽ നിന്നും റോഡിലേക്കിറങ്ങിയതും പലരും എന്നെ രൂക്ഷമായി നോക്കാൻ തുടങ്ങി, ബസ് സ്റ്റോപ്പിലും കോളേജിലുമെല്ലാം പരസ്പരം പിറുപിറുത്തുകൊണ്ട് ആളുകൾ എന്റെയൊപ്പം കൂടി…
എന്നേക്കാൾ കൂടുതൽ പിന്തുണ കിട്ടിയത് എന്റെ കയ്യിൽ നിന്നും അടി ഇരന്നു വാങ്ങിയ ആ ഭ്രാന്തനായിരുന്നു. സംഭവം നടക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് ഒരു മാന്യൻ ഫേസ്ബുക്കിൽ ഒരു ലൈവ് വീഡിയോ പോസ്റ്റ് ചെയ്തു….
അതിൽ പറയുന്ന പ്രകാരം, ഞാനാണ് എല്ലാം തുടങ്ങിവെച്ചത്, ചുമ്മാ ബസ്സ് കാത്തുനിൽക്കുകയായിരുന്ന ഒരു പയ്യനെ തുറിച്ചുനോക്കുന്നെന്ന് പറഞ്ഞു വഴക്കുണ്ടാക്കിയതും അവൻ കയ്യിൽ കയറിപിടിക്കാൻ പാകത്തിൽ അത് വഷളാക്കിയതുമെല്ലാം ഞാനായിരുന്നുവെന്നാണ് അവന്റെ കണ്ടുപിടുത്തം, അത് മാത്രമല്ല ഞാൻ ഒരു ഫെമിനിസ്റ്റ് ചിന്താഗതിയുള്ള പെൺകുട്ടികൂടിയാണത്രെ…..
ഒരു ചെറുപ്പക്കാരൻ തന്റെ നെഞ്ചിൽ നോക്കി കണ്ണിറുക്കി ചിരിച്ചാൽ അതുവെറും തോന്നലായിരുന്നുവെന്ന മട്ടിൽ കണ്ണടച്ചു നിൽക്കാൻ പെൺകുട്ടികൾ തയ്യാറാകണമെന്നാണ് കക്ഷി പറഞ്ഞതിന്റെ മറുവശം, അല്ലെങ്കിൽ അവൾ ഫെമിസ്റ്റാണെന്ന്…
ഓണാഘോഷത്തിനിടെ, പൂക്കളമത്സരം അവസാനിച്ചപ്പോൾ ക്ലാസ് റൂം വൃത്തിയാക്കാൻ പെൺകുട്ടികളോട് മാത്രം പ്രത്യേകമായി ആവശ്യപ്പെട്ട പ്രിൻസിപ്പലിന്റെ മുഖത്ത് നോക്കി ആൺകുട്ടികൾ അടിച്ചുവാരിയാൽ മാനമിടിഞ്ഞുപോകുമോ എന്ന് ചോദിച്ചതേ ഓർമയുള്ളൂ…
“നീ ഒരു പയ്യനെ മുഖത്ത് അടിച്ച പെണ്ണല്ലേ, നിന്നെപ്പോലുള്ള ഫെമിനിസ്റ്റുകളോടല്ല, കുടുംബത്തിൽ പിറന്ന പെൺകുട്ടികളോടാണ് പറഞ്ഞത്….” പ്രിൻസിപ്പൽ മാസ്സ് ഡയലോഗടിച്ചു ആർപ്പു വിളികളുടെ അകമ്പടിയോടെ പുറം തിരിഞ്ഞു നടന്നതും എല്ലാവരുടെയും ആ സംശയവും പൂർണ്ണമായും മാറിക്കിട്ടി…. ഇവൾ ഫെമിനിസ്റ്റ് തന്നെ…..
ഒരു ഞായറാഴ്ച ദിവസം, തലവേദന സഹിക്കാനാകാതെ റൂമിൽ കിടന്ന് വിശ്രമിക്കുകയായിരുന്ന എന്നോട് അമ്മ പറഞ്ഞു
“ഞാൻ അമ്മയെ കാണാൻ പോകാ, അച്ഛൻ വന്നാലുടനെ ഭക്ഷണം വിളമ്പി കൊടുക്കണം, പാത്രങ്ങൾ എല്ലാം കഴുകി വൃത്തിയാക്കണം…. “
“എനിക്ക് സുഖല്ലമ്മേ, ഇന്നൊരു ദിവസം അവനോട് വിളമ്പിക്കൊടുക്കാൻ പറ, പാത്രങ്ങൾ വൃത്തിയാക്കാനും…. “
“അയ്യേ, അവനൊരു ആണല്ലേ, അവനെങ്ങനെയാടീ പെണ്ണുങ്ങളെ പണിയെടുക്കുക… “
അതിന് മറുപടി ഞാൻ പറയുന്നതിന് മുൻപേ അവൻ ഇടയിൽ കേറിപ്പറഞ്ഞു…
“അപ്പോൾ അമ്മയ്ക്കറിയില്ലേ, ഇവൾ ഫെമിനിസ്റ്റാ, നമ്മുടെ കയ്യിലൊന്നും നിക്കത്തില്ല…
പക്ഷേ അച്ഛൻ വന്നപ്പോൾ ചോറ് വിളമ്പാനൊ പാത്രങ്ങൾ കഴുകാനോ അവൻ വന്നില്ല, അവനെപ്പോഴേക്കും സുഹൃത്തിന്റെ കൂടെ സിനിമക്ക് പോയിരുന്നു….
അച്ഛൻ വീട്ടിൽ വന്ന് കയറുന്ന ശബ്ദം കേട്ടതും ഞാൻ കട്ടിലിൽ നിന്നും പണിപ്പെട്ടെഴുന്നേറ്റു, അടുക്കളയിൽ കയറി, ഭക്ഷണങ്ങൾ ഓരോന്നും തീന്മേശയിലേക്ക് കൊണ്ടുപോയി, നിരത്തിവെച്ചു….
കൈ കഴുകി പ്ളേറ്റിന് മുൻപിൽ ഇരുന്ന അച്ഛന് ഞാൻ ചോറ് വിളമ്പി, കറി ഒഴിച്ചു , അവിയലും തോരനും പപ്പടവും വിളമ്പി, അച്ഛൻ അവയെല്ലാം ആസ്വദിച്ചു കഴിക്കാൻ തുടങ്ങുന്നതിനിടെ…
“മോളെ, അമ്മ എന്നെ വിളിച്ചിരുന്നു, നിനക്ക് സുഖമില്ലെന്ന് പറഞ്ഞ്, ഞാനൊരു കാര്യം പറഞ്ഞാൽ എന്റെ മോള് ശ്രദ്ധയോടെ കേൾക്കണം, പുരോഗമനമൊക്കെ നല്ലത് തന്നെയാ, എന്നാലും ഫെമിനിസ്റ്റ് ആകേണ്ട, അത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല…. “
“അച്ഛാ, ഞാൻ ഫെമിനിസ്റ്റൊന്നുമല്ല, ചില നിസ്സഹായാവസ്ഥയിൽ പോലും നീയൊരു പെണ്കുട്ടിയാണെന്ന പേര് പറഞ്ഞ് എന്നെ ചൂഷണം ചെയ്യുന്നവരോട് പറ്റില്ലെന്ന് മുഖത്ത് നോക്കി പറയാൻ ഞാൻ ധൈര്യം കാണിച്ചെന്ന് മാത്രമേ ഒള്ളൂ,….”
എന്റെ മറുപടി കേട്ടതും അച്ഛൻ കുറേ നേരം മിണ്ടാതിരുന്നു…
അച്ഛന്റെ പ്ളേറ്റ് കാലിയായത് കണ്ടതും ഞാൻ ഞാൻ ചോറെടുക്കാൻ തവിയിലേക്ക് കൈ നീട്ടി…
അതുകണ്ടതും അച്ഛൻ എന്റെ കയ്യിൽ പിടിച്ചു…
“വേണ്ട മോളെ, നീ പോയിക്കിടന്നോ, സുഖമില്ലാത്തതല്ലേ, ചോറ് ഞാനെടുത്തോളം “…