വൈകി വന്ന വസന്തം – ഭാഗം 23, എഴുത്ത്: രമ്യ സജീവ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ശ്രീനാഥിനെയും നന്ദനയെയും കണ്ട അനിരുദ്ധന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇനിയൊരിക്കലും ഒരു കൂടിക്കാഴ്ചക്ക് ഇടം കൊടുക്കാതെ ഇവിടന്ന് പോയ ശ്രീനാഥ്‌ ആണ് തനിക്കുമുന്നിൽ നില്കുന്നത് എന്ന്  വിശ്വസിക്കാൻ അയാൾക്ക്  കുറച്ചു സമയം എടുക്കേണ്ടി വന്നു. പെട്ടന്നു തന്നെ  സ്ഥലകാല ബോധത്തിലേക്ക്  തിരിച്ചുവന്ന  അനിരുദ്ധൻ അവരെ അകത്തേക്ക് ക്ഷണിച്ചു. അകത്തേക്ക് കയറിയ അവരോട്  ഒരു സോഫയിലേക്ക് ചൂണ്ടി ഇരിക്കാൻ പറഞ്ഞുകൊണ്ട് അയാൾ ശാന്തചേച്ചിയെ വിളിച് അവർക്ക് കുടിക്കാനുള്ളത് എടുക്കാൻ പറഞ്ഞുതിനുശേഷം അവർക്കു എതിർവശത്തുള്ള സോഫയിൽ വന്നദ്ദേഹവും ഇരുന്നു.

സോഫയിലേക്ക് ഇരിക്കുമ്പോൾ അനിരുദ്ധന്റെ നോട്ടം നന്ദനയുടെ നേർക്ക്  ആയിരുന്നു. അതുമനസ്സിലാക്കിയ ശ്രീനാഥ്‌ അവളെ ചേർത്തുപിടിച്ചുകൊണ്ട് അദ്ദേഹത്തിന് പരിചയപെടുത്തികൊടുത്തു. “അങ്കിൾ….ഇതാണ് എന്റെ  നന്ദന…” അവളെ ചേർത്തുപിടിച്ചുകൊണ്ട് അവനതുപറയുമ്പോൾ അവന്റെ കണ്ണുകളിലെ തിളക്കം അയാൾ ശ്രദ്ധിച്ചിരുന്നു. ആഗ്രഹിച്ചത് സ്വന്തമാകുമ്പോഴുള്ള  ഒരാളുടെ മനസ്സിന്റെ സന്തോഷം മുഴുവനും  അയാളുടെ കണ്ണുകളിൽ കൂടി കാണാൻ സാധിക്കും എന്നത് അവനിലൂടെ  അയാൾക്ക് മനസ്സിലായി. അവർ  സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവർക്ക് കുടിക്കാനുള്ള  ജ്യൂസുമായി ശാന്തച്ചേച്ചി അങ്ങോട്ട്‌ വന്നു.

“അങ്കിൾ അനന്യ….? അല്ല  കണ്ടില്ല , ഇവിടെ ഇല്ലേ? നന്ദന അനിരുദ്ധനോട് ചോദിച്ചു. അവളുടെ ചോദ്യം കേട്ടതും അയാൾ ഒന്നു ഞെട്ടി,  അവരെ രണ്ടാളെയും നോക്കി. ആ നോട്ടത്തിൽ നിന്നും അവർക്ക് മനസിലായി  അനന്യ വിളിച്ചത് അദ്ദേഹംഅറിഞ്ഞിട്ടില്ല എന്ന്. അപ്പോൾ…. നിങ്ങൾ അവളുടെ കാര്യം അറിഞ്ഞിട്ടു  വന്നതാണോ? അനിരുദ്ധൻ ചോദിച്ചു. അങ്കിൾ പറഞ്ഞതൊന്നും  മനസ്സിലായില്ല….. അനന്യക്ക് എന്തുപറ്റി ? ഞങ്ങൾക്ക് ഒന്നും അറിയില്ല. അനന്യ  ഇന്നലെ വിളിച്ചിരുന്നു. കാണണം എന്ന് പറഞ്ഞു. ആദ്യം വരേണ്ട എന്ന് കരുതിയത് ആണ്. പക്ഷെ…..നന്ദ, നന്ദയുടെ ഒറ്റ നിർബന്ധം കൊണ്ട് മാത്രമാണ് ഇപ്പോൾ വന്നത്. അവൻ അദ്ദേഹത്തിനോട് പറഞ്ഞു. ശ്രീനാഥ്‌ പറയുന്നത് കേട്ട അനിരുദ്ധന്  ഇവരോട് അനു ഒന്നും പറഞ്ഞട്ടില്ല എന്ന്  മനസ്സിലായി. അനിരുദ്ധൻ അന്നു  നടന്നകാര്യങ്ങൾ പറയാൻ തുടങ്ങി…..

ഹോസ്‌പിറ്റലിൽ നിന്നും  വന്നതിനുശേഷം അവളിൽ നല്ല മാറ്റമാണുണ്ടായത്. തികച്ചും സന്തോഷവതിയായിരുന്നു. പണ്ടത്തെ അനുവിൽ നിന്നും ഒരുപാട് മാറ്റങ്ങൾ അവളിൽ ഉണ്ടായി. ഒറ്റക്കാകും എന്നാ തോന്നലുകൾ കൊണ്ടാകും എപ്പോഴും എന്റെ കൂടെ നടക്കും. അധികമൊന്നും പുറത്തേക്ക് ഇറങ്ങാറില്ല….പോകുകയാണെങ്കിൽ പപ്പയും കൂടെ വരണം എന്ന് നിർബന്ധം പിടിക്കും. മിക്കവാറും സമയങ്ങളിലും വീടിനുള്ളിൽ തന്നെ കഴിയാനാണ് അവൾക്കിഷ്ട്ടം. അങ്ങനെ ഒറ്റക്കിരിക്കുമ്പോൾ പഴയ ചിന്തകൾ വീണ്ടും അവളുടെ മനസ്സിനെ ബാധിച്ചാലോ എന്നതുകൊണ്ട് ഞാൻതന്നെ  മുൻകൈ എടുത്ത് അവളുടെ മുടങ്ങിപ്പോയ  പഠിത്തം വീണ്ടും തുടരാൻ പറഞ്ഞു. കുറേ നിർബന്ധിച്ചതിനു ശേഷമാണ് അവൾ അതിന് സമ്മതിച്ചത്.

പക്ഷെ…മുൻപ് പഠിച്ച കോളേജിൽ പഠിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് ഇവിടെ അടുത്തുള്ള  ഒരു പ്രൈവറ് കോളേജിൽ അവളെ  ചേർത്തു. അതാകുമ്പോൾ ദിവസവും പോയി വരാം…അതായിരുന്നു അവൾകിഷ്ടവും. അങ്ങനെ ഹോസ്പിറ്റലിൽ നിന്നും മടങ്ങി വന്നു ഏകദേശം ഒരു മാസം കഴിഞ്ഞാണ് അവൾ പഠിക്കാൻ പോയി തുടങ്ങിയത്. ഒരു ദിവസം പഠിക്കാൻ പോയി തിരിച്ചുവരുന്ന  സമയം കഴിഞ്ഞിട്ടും അവളെ കാണാതായപ്പോൾ എനിക്കാകെ ടെൻഷൻ ആയി. ഇനിയും അവൾ പഴയതുപോലെ….മനസ്സിലേക്ക് ആ പഴയ കാര്യങ്ങൾ ഓർമ്മവന്നതും ഞാൻ ആകെ തളർന്നുപോയി.

അവളുടെ  വിവരമൊന്നും അറിയാതെ  നിൽക്കുമ്പോഴാണ്  അലക്സ്  വിളിക്കുന്നത്. അനുവിന് ഒരാക്‌സിഡന്റ് പറ്റിയെന്നും ഇപ്പോൾ അവൾ ഹോസ്പിറ്റലിൽ ആണെന്നും പറഞ്ഞുകൊണ്ട് അവൻ വിളിച്ചത്. അപ്പോൾ തന്നെ ഞാൻ ഹോസ്പിറ്റലിലേക്ക് ചെന്നു. ഞാൻ ഹോസ്പിറ്റലിലേക്ക്  ചെല്ലുമ്പോഴേക്കും ഓപ്പറേഷൻ  കഴിഞ്ഞ് അനുവിനെ  റൂമിലേക്ക്മറ്റിയിരുന്നു. വലത്തേ കാലിലും കയ്യിലും പ്ലാസ്റ്റർ ഇട്ട് കിടക്കുന്ന  അനുവിനെയാണ് ഞാൻ കണ്ടത്. എന്താ ഉണ്ടായത് എന്ന് ഞാൻ  അലക്ക്സിനോട്  ചോദിച്ചപ്പോൾ അവനും സംഭവിച്ചത് എന്താണെന്ന്  അറിയില്ലായിരുന്നു.

“”കോളേജ് റോഡ്  വഴി പോകുമ്പോഴാണ്  ഒരു പെൺകുട്ടി  ഓടിച്ച വണ്ടി ആക്‌സിഡന്റ് ആയെന്നും ഇടിച്ചിട്ട വണ്ടിക്കാർ  നിർത്താതെ പോയതും , അവിടെ കൂടി നിന്നആളുകൾ എന്നെ കണ്ടപ്പോൾ പറഞ്ഞത്. അവർ പറഞ്ഞ പ്രകാരം ഞാൻ അവിടേക്ക് ചെന്നപ്പോൾ കണ്ടത്  മറിഞ്ഞു കിടക്കുന്ന അനുവിന്റെ സ്കൂട്ടി  ആയിരുന്നു. അപ്പോഴാണ് കുറച്ചു മാറി കാലും, കൈയും  അനക്കാൻ കഴിയാതെ  ഇരിക്കുന്ന അനുവിനെ കണ്ടതും. അപ്പോൾ തന്നെ  എന്റെ വണ്ടിയിൽ   അവളെ   നേരെ  ഇങ്ങോട്ട് കൊണ്ടുവന്നു. ഇവിടെ എത്തുമ്പോഴേക്കും അവളുടെ ബോധവും പോയിരുന്നു. പിന്നെ നേരെ ഓപ്പറേഷൻ   തീയേറ്ററിലേക്ക്  കേറ്റി. അങ്കിൾ വരുന്നതിന് അരമണിക്കൂർ മുന്പാണ് റൂമിലേക്ക് മാറ്റിയത്. എന്താ നടന്നത് എന്ന് അനുവിനോട് ചോദിച്ചാൽ മാത്രമേ അറിയൂ…

അലക്സ്  അനിരുദ്ധനോട് പറഞ്ഞുകൊണ്ട് നിൽകുമ്പോൾ ഒരു ഞെരക്കത്തോടെ പതിയെ കണ്ണുകൾ ചിമ്മിക്കൊണ്ട് അവൾ  ഉണർന്നത്””. “എന്താ സംഭവിച്ചത് എന്ന്  അന്വേഷിച്ചില്ലേ”? അങ്കിൾ….അനിരുദ്ധൻ  പറയുന്നത് കേട്ടുകൊണ്ടിരുന്ന  ശ്രീനാഥ്‌  അദ്ദേഹത്തിനോട്   ചോദിച്ചു. “”മ്മ്മ്…..ചോദിച്ചു . കണ്ണുതുറന്നപ്പോൾ  എന്താ നടന്നത് എന്ന് അലക്സ് അവളോട് ചോദിച്ചു. എന്താ പറ്റിയത് എന്ന് എനിക്കറിയില്ല. പക്ഷെ…റോങ്ങ്‌  സൈഡ് വന്ന ഒരു വണ്ടി എന്റെ വണ്ടിയിന്മേൽ  ഇടിച്ചതാണെന്നതും ആരാണെന്നോ എന്തിനാണെന്നോ അത് ചെയ്തത് ഒന്നും എനിക്കറിയില്ല….എന്നുമാണ്  അവൾ പറഞ്ഞത്.

“അലക്സ്….അപ്പോൾ ഇതിനെക്കുറിച്ചൊന്നും  അന്വേഷിച്ചില്ലേ   അങ്കിൾ.” “ഉവ്വ്  ശ്രീനാഥ്‌”…ആക്‌സിഡന്റിനെക്കുറിച്ച  അന്വേഷിക്കുമ്പോഴേക്കും അലക്ക്സിന് ഏതോ ട്രൈബൽ കോളനിയുമായി ബന്ധപ്പെട്ട്  ഒരു കേസ് വന്നതുകൊണ്ട് അവൻ  അങ്ങോട്ട് പോയി. അതുകൊണ്ട് തത്കാലത്തേക്ക്  കേസ് ഒന്നും വേണ്ടാന്ന് വച്ചു. അല്ലെങ്കിലും കേസിനോന്നും പോകുന്നതിൽ വലിയ  അർത്ഥമില്ല. ഇതിനു മുന്ന് ഒരാക്‌സിഡന്റ് മനഃപൂർവം സൃഷ്ടിച് ഒരു ജീവൻ കളഞ്ഞവൾ അല്ലേ….ഇപ്പോൾ ഈശ്വരനായി അവൾക്ക് ഒരു  ശിക്ഷ  കൊടുത്തു. അങ്ങനെ കരുതിയാൽ മതി. ഒരു നെടുവീർപ്പോടെ അനിരുദ്ധൻ  അതു പറഞ്ഞു നിർത്തി.

അനിരുദ്ധൻ അതുപറയുമ്പോൾ ശ്രീനാഥിന് തന്റെ അച്ഛനെ നഷ്ടപെട്ടത് ഓർമയിൽ തെളിഞ്ഞു വന്നു. അതുമനസ്സിലാക്കിയ  നന്ദ അവന്റെ കയ്യിൽ ചേർത്തുപിടിച്ചു അവനെ സമാധാനിപ്പിച്ചു. “പപ്പാ…..  പപ്പാ….. അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുകളിലെ അനന്യയുടെ റൂമിൽ നിന്നും അവളുടെ  വിളി വന്നത്. തനിച്ചല്ലേ…ഒന്നു അനങ്ങാൻ പോലും  പറ്റാതെ  ഒരേ കിടപ്പ് തന്നെയാ….ബോറടിക്കുന്നുണ്ടാകും. മൂന്ന് മാസത്തെ റസ്റ്റ്‌ ആണ് പറഞ്ഞിരിക്കുന്നത്. ഇതിപ്പോൾ ഒരാഴ്ചയേ ആയിട്ടുള്ളു. ഇനിയും കിടക്കുന്നു ദിവസങ്ങൾ…മുകളിലേക്ക് നോക്കികൊണ്ട് അനിരുദ്ധൻ  അതുപറഞ്ഞു കഴിയുമ്പോഴേക്കും  വീണ്ടും വിളി വന്നു.

അങ്കിൾ …ഞങ്ങൾ…അനന്യയെ …നന്ദന  അതു ചോദിച്ചതും അവൾ വിളിച്ചിട്ട് വരില്ല എന്ന് പറഞ്ഞു വന്നത് അല്ലേ….പോയി   കണ്ടോളു  അവൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ…..ഒരു  പുഞ്ചിരിയോടെ അയാൾ അവരോട്  പറഞ്ഞു. ആ പിന്നെ, അനുവുമായി സംസാരിച്ചു നിങ്ങൾക്കിടയിലുണ്ടായ എല്ലാ പ്രശ്നങ്ങളും ഇന്നത്തോടുകൂടി അവസാനിക്കണം കേട്ടോ ശ്രീനാഥ്‌….അനുവിന്റെ അടുത്തേക്ക് പോകാനായി എഴുന്നേറ്റ ശ്രീനാഥിന്റെ ചുമലിൽ തട്ടിക്കൊണ്ടു ഒരു ചിരിയോടെ അയാൾ പറഞ്ഞു

***************

സ്റ്റെപ്  കയറിച്ചെന്ന് ആദ്യം കാണുന്ന മുറിയായിരുന്നു  അനന്യയുടേത്. വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. സ്റ്റെപ് കയറിച്ചെല്ലുമ്പോൾ വീണ്ടും കേട്ടു  പപ്പാ….എന്ന്  നീട്ടിയുള്ള  വിളി. അതുകേട്ടപ്പോൾ  ശ്രീനാഥിന്  മുഖത്തു പുഞ്ചത്തോടെയുള്ള  ഒരു ചിരിയാണ് വന്നതെങ്കിലും വാതിലിനടുത്തേക്ക് ചെന്നപ്പോൾ കണ്ട  കാഴ്ചയൊന്ന്  കണ്ട്  അവർ രണ്ടാളും ഞെട്ടിത്തരിച്ചു  നിന്നുപോയി . എന്തോ ആവശ്യത്തിനായി  എഴുനേൽക്കാൻ പ്രയാസപ്പെടുന്ന  അനന്യയെ  കണ്ടപ്പോൾ നന്ദയുടെ  മനസ്സൊന്നു പിടഞ്ഞു .

പെട്ടന്നാണ് അത് സംഭവിച്ചത്….ഒരു കൈ കുത്തി എഴുനേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ  ബാലൻസ് തെറ്റി കട്ടിലിൽ നിന്നും വീഴാൻ  പോയതും , ആ നിമിഷം തന്നെ നന്ദ  ഓടിച്ചെന്ന്  അവളെ  താങ്ങിപിടിച്ചതും  ഒരുമിച്ചായിരുന്നു. കുറച്ചു സമയം മുന്ന്….ഉറക്കം  കഴിഞ്ഞെഴുനേറ്റ  അനന്യക്ക് ഒന്നു  ബാത്‌റൂമിൽ പോകാൻ വേണ്ടി കുറേ നേരമായി പപ്പയെ  വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു . താഴെ ശ്രീനാഥും , നന്ദനയും വന്നതും , പപ്പയുമായി  സംസാരിച്ചതും  ഒന്നും    അനന്യ    അറിഞ്ഞിട്ടില്ല. അതറിയാതെയാണ് അവൾ പപ്പയെ വിളിച്ചുകൊണ്ടിരുന്നത്.

പപ്പാ  വരാതെയായപ്പോൾ  ഒന്നെഴുനേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ബാലൻസ് തെറ്റുകയും , വീഴാൻ പോയതും….അതുകണ്ടുകൊണ്ടാണ്  നന്ദനയും  ശ്രീനാഥും അവിടേക്ക് കയറിവന്നതും,  നന്ദന  അവളെ താങ്ങിപിടിച്ചതും. വീഴാൻ പോയ തനിക്ക് താങ്ങായി വന്നു  സഹായിച്ച നന്ദനയെ  കണ്ട്  അനന്യ   അത്ഭുതത്തോടെ  നോക്കി നിന്നു. പെട്ടന്ന്….ആ നിമിഷം തന്നെ  ആ കണ്ണുകൾ നിറയുകയും ചെയ്തു. ഇത്രയേറെ ദ്രോഹം  ചെയ്തിട്ടും താൻ ഒന്നു വിളിച്ചപ്പോൾ  തന്നെ കാണാൻ വന്നതും ,വീഴാൻ പോയ തനിക്ക് താങ്ങായി കൂടെ നിന്നതും  കണ്ടപ്പോൾ അവളുടെ മനസ്സ് പതറിപ്പോയി.

“ഏയ്യ്…..ഇയാൾ  കരയുന്നോ? ….. ഞാൻ കണ്ട, എല്ലാവരും പറഞ്ഞുകേട്ട അനന്യ ഇങ്ങനെ അല്ലാലോ…വേണ്ടാട്ടോ….ഈകരയുന്ന  മുഖം തനിക്ക് ചേരില്ല. അന്ന്  കണ്ടതുപോലെ തന്നെ ബോൾഡ് ആയി തന്നെ ഇരുന്നാൽ മതി . അതും പറഞ്ഞു  നന്ദന അനന്യയുടെ കണ്ണുകൾ തുടച്ചുകൊടുത്തു , അവളെ കട്ടിലിലേക്ക് ചാരി ഇരുത്തി  , പതുക്കെ അവളുടെ കാലിനടിയിലേക്ക് താഴെ വീണുപോയ തലയിണ എടുത്ത്  വച്ചു കൊടുത്തു. ഇതെല്ലാം കണ്ടുകൊണ്ട്  അവിടെ നിൽക്കുന്ന ശ്രീനാഥിന്റെ  ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായി .  നന്ദുട്ടി  ഇവളെ കുറിച്  പറയുമ്പോൾ  ഇത്രയും മാറ്റം  ഉണ്ടാകും എന്ന് വിചാരിച്ചില്ല  ശ്രീനാഥ്‌ മനസ്സിൽ ഓർത്തു.

പെട്ടന്നാണ്…അനന്യയുടെ  കണ്ണുകൾ   തന്നെ നോക്കി ചിരിക്കുന്ന ശ്രീനാഥിന് നേരെ  പോയത് . അതുകണ്ട  അവളിലും  ഒരു പുഞ്ചിരി ഉണ്ടായി . തന്നോടുള്ള ദേഷ്യമെല്ലാം  മാറിയത്തിന്റെ  സൂചനയാണ്  ആ ചിരി എന്ന് അവൾക്ക്  മനസ്സിലാക്കി. പിന്നെ….. കുറേ  നേരത്തേക്ക്  സന്തോഷത്തിന്റെ  നിമിഷങ്ങൾ  ആയിരുന്നു . അനന്യയുടെയും  ശ്രീനാഥിന്റെയും  ഇടയിലുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും  ഇതിനിടയിൽ  തന്നെ അവർ പരസ്പരം  പറഞ്ഞുതീർത്തു. നന്ദനയും അനന്യയും  തമ്മിൽ കണ്ടതും  എല്ലാം  ആ നിമിഷങ്ങൾക്കിടയിൽ  അവർ പരസപരം  പങ്കുവച്ചു . അപ്പോഴേക്കും അനന്യക്കുള്ള  ഭക്ഷണവുമായി  ശാന്തച്ചേച്ചി  അവിടേക്ക് വന്നു.

“ഇവർക്ക് ഫുഡ്‌  കൊടുത്തോ  ചേച്ചി”….അനു  ശാന്തേച്ചിയോട് ചോദിച്ചു. ഞങ്ങൾ  പിന്നെ കഴിച്ചോളാം . ഇപ്പോൾ അനു കഴിക്കു…..മരുന്നൊക്കെ കഴിക്കാനുള്ളത് അല്ലേ….നന്ദന  ശാന്തചേച്ചിയുടെ  കയ്യിൽ നിന്നും ഭക്ഷണം   വാങ്ങി  അവൾക്കു നേരെ  നീട്ടികൊണ്ട്  പറഞ്ഞു. തെറ്റുകൾ മാത്രം ചെയ്തിട്ടും തന്നോട് യാതൊരു ഇഷ്ടക്കേടും കാണിക്കാതെ സ്നേഹത്തോടെ പെരുമാറുന്ന നന്ദയെയും ശ്രീനാഥിനെയും നോക്കിയപ്പോൾ അനുവിന്റെ  മുഖം  പശ്ചാത്താപം കൊണ്ട് താഴ്ന്നു. മനസ്സാലെ അവൾ അവരോട്    ക്ഷമക്കായി  യാചിച്ചു. അതുമനസ്സിലാക്കിയെന്നോണം നന്ദ അവളെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു

**************

ഉച്ചയൂണ്  കഴിഞ്ഞു  എല്ലാവരും കൂടി  ഹാളിൽ ഇരുന്നു സംസാരിക്കുകയായിരുന്നു. പെട്ടന്നാണ്….അത്  സംഭവിച്ചത്. അവിടെ    അവരുടെ ഇടയിലേക്ക് കയറി വന്ന അലക്സ് അനന്യയുടെ അടുത്തേക്ക് വന്ന് അവളുടെ കവിൾ  നോക്കി ഒരടി വച്ചു കൊടുത്തു. പെട്ടന്ന്….എന്താ സംഭവിച്ചത് എന്നറിയാതെ എല്ലാവരും പരസ്പരം നോക്കി നിന്നു…

തുടരും…

അടുത്ത പാർട്ടോടുകൂടി അവസാനിക്കുന്നു.