അതെ അവനെന്റെ അച്ഛനെയാണ് നായ എന്ന് വിശേഷിപ്പിച്ചത്. ചോര നീരാക്കി വെയിലത്തു കൈക്കോട്ട് കിളച്ചു അദ്ധ്വാനിച്ചു…..

എഴുത്ത്: വിപിൻ‌ദാസ് അയിരൂർ

“നാ*&%ന്റെ മോനേ” എന്ന് വിളിച്ചതേ അവനോർമ്മയുള്ളൂ. വക്ക് പൊട്ടിയ സ്ലേറ്റ് അവന്റെ തലയിൽ വീണു.

അതെ അവനെന്റെ അച്ഛനെയാണ് നായ എന്ന് വിശേഷിപ്പിച്ചത്. ചോര നീരാക്കി വെയിലത്തു കൈക്കോട്ട് കിളച്ചു അദ്ധ്വാനിച്ചു നോക്കിയുണ്ടാക്കുന്നതാ എന്നെ എന്റെ അച്ഛൻ. ആ അച്ഛനെ ഒരാൾ അങ്ങനെ വിളിച്ചാൽ ഞാൻ ക്ഷമിക്കാനോ…

ഓർമ്മവെച്ചനാൾ മുതൽ കൈക്കോട്ടും പിടിച്ചു തോളിൽ ഒരു തോർത്തും ഇട്ട് രാവിലെ വീട്ടിൽ നിന്നിറങ്ങി പോകുന്ന അച്ഛനെയാ കാണാറുള്ളത്. കൂട്ടുകാരുടെ അച്ഛൻ വിദേശത്ത് ജോലിയുള്ളവരും നാട്ടിൽ ബിസിനസ്സും ഉള്ളവരൊക്കെയാ. അവരുടെ കൂടെ നടക്കുമ്പോൾ സ്വന്തം മോന് കുറച്ചിൽ ഉണ്ടാവാതിരിക്കാൻ ന്റെ അച്ഛൻ ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ട്.

കൂട്ടുകാരുടെ ദൂർത്തടിച്ച ജീവിതം ഞാൻ പഠിക്കാതിരിക്കാൻ വൈകുന്നേരങ്ങളിൽ അച്ഛനും ഞാനും പാടത്തെ വരമ്പത്തു പോയി ഇരുന്നു വർത്തമാനം പറയാറുണ്ട്, വർത്തമാനത്തിലൂടെ അച്ഛൻ പഠിപ്പിച്ചു തരാറുണ്ട് നമ്മുടെ ജീവിതം എന്താണെന്നും എങ്ങനെയാണു വേണ്ടതെന്നും.

കിളക്കുമ്പോൾ വിയർത്തിട്ട് പുറംഭാഗത്തു കീറിയ ഷർട്ട് കണ്ട് ഞാനൊരു പുതിയ ഷർട്ട് വാങ്ങി കൊണ്ടുചെന്നപ്പോൾ കീറിയ ഷർട്ടും തുന്നിക്കൊണ്ടിരുന്ന അച്ഛനെന്നോട് പറഞ്ഞു “ഈ ഷർട്ട് ഇനിയും ഒരു കൊല്ലം ഇടാമെന്നു”.

ഒരാഴ്ച അച്ഛന് പനി വന്നു കിടന്നപ്പോൾ മനസിലായി അച്ഛന്റെ തൊഴിലിന്റെ വില. ആ തൊഴിൽ മറ്റുള്ളവർക്കിടയിൽ കുറച്ചിൽ ആണെങ്കിലും ആരുടെ മുന്നിൽ ആയാലും ഞാൻ നെഞ്ച് വിരിച്ചു തല ഉയർത്തി പറയാറുണ്ട് ന്റെ അച്ഛന് കൈക്കോട്ട് കിളക്കലാണ് ജോലിയെന്ന്.

കോളേജിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ എന്നെ ആദരിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ അച്ഛനെ സ്റ്റേജിലോട്ട് വിളിച്ചപ്പോൾ വരാൻ മടിച്ച അച്ഛനെ തോളോട് ചേർത്ത് ഞാൻ സ്റ്റേജിൽ കയറ്റുമ്പോൾ ആ ഇത്രയും പേരുടെ മുന്നിൽ നില്ക്കാൻ പോകുന്നതിന്റെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു.

ഇന്നെനിക്ക് നല്ലൊരു ജോലിയുണ്ട് നല്ല വീടുണ്ട്. എങ്കിലും അച്ഛൻ ആ പഴയ കൈക്കോട്ടുമായി ജോലിക്ക് പോകുമ്പോൾ ഞാൻ തടയും. അപ്പോൾ അച്ഛൻ പുഞ്ചിരിച്ചുകൊണ്ട് പറയാറുണ്ട് “ന്റെ മക്കൾക്ക് ന്റെ മരണംവരെ ഈ കൈകൊണ്ടേ അന്നമൂട്ടുകയുള്ളു”എന്ന്.

അതേ.,ആ അച്ഛനാണ് എന്റെ റോൾ മോഡൽ.. അലങ്കാരമില്ലാത്ത അഹങ്കാരമില്ലാത്ത ന്റെ അച്ഛനാണ് ന്റെ നെടുംതൂൺ..