അന്ന് രാത്രി അവളോട്‌ ഫോണിൽ കുറെ സമയം സംസാരി ച്ചെങ്കിലും എനിക്കെന്തോ തൃപ്തിയായില്ല. നാളെ അവളെ…


സ്നേഹപൂർവ്വം….ശിവ

ഭാര്യയെ അവളുടെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കിയിട്ടു വന്നപ്പോൾ മുതൽ എന്തോ ഒരു മൂഡ് ഓഫായിരുന്നു…..അവളുടെ കലപില ശബ്ദമില്ലാതെ വീടാകെ ഉറങ്ങിയത് പോലെ…..

പ്രണയവിവാഹം ആയിരുന്നു ഞങ്ങളുടേത്..മിക്ക പ്രണയങ്ങളിലെയും പോലെ ജാതിയും മതവുമൊക്കെ ഞങ്ങളുടെ പ്രണയത്തിലും വില്ലൻ വേഷം അണിഞ്ഞപ്പോൾ വീട്ടുകാരെ എതിർത്ത് അവൾക്ക് ഇറങ്ങി വരേണ്ടി വന്നു..

പിന്നെ ഒന്നും നോക്കിയില്ല നേരെ പോയി രജിസ്റ്റർ ചെയ്തു….അതോടെ ഇങ്ങനെ ഒരു മോളില്ല എന്ന് പറഞ്ഞവർ അവളെ തള്ളി പറഞ്ഞതാണ് ..അന്ന് തൊട്ടു ഇന്നോളം കൊച്ചു കൊച്ചു വഴക്കുകളും പിണക്കങ്ങളും ഇണക്കങ്ങളുമായി അവളെന്റെ കൂടെ ഉണ്ട്….അവളുടെ കുസൃതിയും കുറുമ്പുമായി…

അങ്ങനെ മാസങ്ങൾ കടന്നു പോവുന്നതിന്റെ ഇടയിലാണ് ഇന്നലെ അവളെ ഒന്നു കാണണം എന്നും പറഞ്ഞു അവളുടെ അമ്മ വിളിച്ചത്…..എനിക്കും അവൾക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നപ്പോൾ…. കാരണം ഞങ്ങളുടെ ഏക വിഷമം എന്നത് അവളുടെ അമ്മയുടെ പിണക്കമായിരുന്നു…. അതുമാറി എന്നറിഞ്ഞപ്പോൾ പിന്നെ ഒട്ടും താമസിച്ചില്ല ഇന്ന് രാവിലെ തന്നെ അവളും ഞാനും കൂടി അവളുടെ വീട്ടിലേക്ക് ചെന്നു …..

ഞങ്ങളെ കണ്ടപ്പോൾ ആ അമ്മയുടെ മുഖത്തു വിടർന്ന സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തത് ആയിരുന്നു…..രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞു….ഞങ്ങളോട് ഉള്ള എതിർപ്പും വെറുപ്പും ഒക്കെ മകളോടുള്ള വാത്സല്യത്തിൽ അലിഞ്ഞു പോയിരുന്നുവെന്ന് ആ അമ്മയുടെ കണ്ണുകളിൽ നിന്നെന്നിക്ക് വായിച്ചെടുക്കാമായിരുന്നു….

ഞങ്ങളെ സന്തോഷത്തോടെ അവർ സ്വീകരിച്ചു….പിന്നെ വിശേഷം പറച്ചിലുകളും പരാതികളും പരിഭവങ്ങളും ഒക്കെ കൈമാറി സമയം പോയപ്പോൾ ആണ് അവളെ കുറച്ചു ദിവസം ഇവിടെ നിർത്തിക്കൂടെ എന്നമ്മ ചോദിച്ചത്….അത് കേട്ടപ്പോൾ പിന്നെ മറുത്തൊന്നും പറയാൻ എനിക്കായില്ല…..അങ്ങനെ അവളെ അവിടെ നിർത്തി ഞാൻ ഇങ്ങ് പോന്നു…

അവർ അമ്മയും മകളും തമ്മിൽ എല്ലാം പരിഭവങ്ങളും സംസാരിച്ചു സമാധാനമാവട്ടെ അതിനിടയിൽ ഞാൻ വേണ്ടെന്ന് തോന്നി പോന്നതാണ്…..പക്ഷേ വന്നപ്പോൾ തൊട്ടു എന്തോ ഒറ്റക്ക് ആയത് പോലെ ഒരു തോന്നൽ…..അവൾ പോയതിൽ പിന്നെ അനക്കം ഇല്ല അല്ലേടാ എന്ന അമ്മ കൂടി പറഞ്ഞതോടെ അമ്മയ്ക്കും അവൾ പോയതിൽ നല്ല വിഷമം ഉണ്ടെന്ന് മനസിലായി..വന്നു കേറിയ അന്നാളു തൊട്ടു എന്നെ കുറ്റം പറഞ്ഞും കളിയാക്കിയും ഓരോരോ പൊട്ടത്തരങ്ങൾ പറഞ്ഞു ചിരിപ്പിച്ചും അമ്മയുടെ പിന്നാലെ നടന്നിരുന്നവൾ ആണ്…. അതുകൊണ്ട് തന്നെ അവൾ പെട്ടെന്ന് പോയപ്പോൾ എന്തോ ഒരു ശൂന്യത അമ്മയ്ക്കും തോന്നിക്കാണും..

അന്ന് രാത്രി അവളോട്‌ ഫോണിൽ കുറെ സമയം സംസാരി ച്ചെങ്കിലും എനിക്കെന്തോ തൃപ്തിയായില്ല.. നാളെ അവളെ പോയി കൂട്ടികൊണ്ടു വരാം എന്ന് തന്നെ തീരുമാനിച്ചു കൊണ്ട് ഫോണിൽ പാട്ടു കേട്ട് കിടന്നു എപ്പോഴോ ഉറങ്ങി പോയി….

എന്നും രാവിലെ അടുക്കളയിൽ അരിയോടും പച്ചക്കറികളോടും ഉള്ള അവളുടെ മൽപ്പിടുത്തതിന്റെ ബഹളം കേട്ടു ഉണർന്നിരുന്ന എനിക്കെന്തോ ഇന്ന് അതൊക്കെ കേൾക്കാതെ എഴുന്നേറ്റപ്പോൾ ഒരു ഉഷാർ ഇല്ലാത്തത് പോലെ തോന്നി ….അവളെ ഫോൺ എടുത്തു വിളിച്ചിട്ട് അവളൊട്ട് കോൾ എടുത്തതുമില്ല…..എന്തായാലും ഉച്ചയോടെ അങ്ങോട്ട്‌ ചെല്ലാം എന്ന് കരുതി എഴുന്നേറ്റു കുളിയും രാവിലത്തെ കഴിപ്പുമൊക്ക കഴിഞ്ഞു റെഡിയായി വന്നപ്പോളേക്കും മുറ്റത്ത്‌ ഒരു ഓട്ടോ വന്നു നിന്നു….

ഞാൻ നോക്കുമ്പോൾ ഓട്ടോയിൽ നിന്നും കലിതുള്ളി അവൾ ഇറങ്ങി വരുന്നുണ്ട്….”എന്താടി എന്തുപറ്റി എന്താ നീ പോന്നത് എന്ന എന്റെ ചോദ്യം കേട്ടു ഉണ്ടക്കണ്ണു മിഴിച്ചു എന്നെ ഒന്നു തറപ്പിച്ചു നോക്കിയിട്ട് അവൾ അകത്തേക്കു കേറി പോയി……ശ്ശെടാ ഇനി അമ്മയും ഇവളും തമ്മിൽ അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായോ..അതോ അവിടെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കാണുമോ….എന്താണാവോ ഇനി നടന്നത് എന്ന് ഞാൻ ചിന്തിച്ചു കൊണ്ടു ഇരിക്കുബോൾ ആണ് അവളുടെ അമ്മയുടെ കോൾ വന്നത്…..

“മോനെ അവൾ അങ്ങ് എത്തിയോ ഇവിടുന്നു രാവിലെ പോന്നിട്ടുണ്ട്….

“ഹാ വന്നമ്മേ.. എന്താ അമ്മേ അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായോ ആളാകെ ദേഷ്യത്തിൽ ആണ് വന്നു കേറിയത്….

“ഒരു പ്രശ്നവും ഉണ്ടായില്ല.. അവൾക്ക് നിന്നെയും കാണാതെ ഇരിക്കാൻ വയ്യ അത്രതന്നെ..വന്നപ്പോൾ തൊട്ട് തുടങ്ങിയതാണ് അവൾ ഇല്ലാത്ത കൊണ്ട് നീയും അമ്മയും വിഷമിക്കും അത് ചെയ്തു കാണില്ല ഇത് ചെയ്തു കാണില്ല ഞാൻ ഇല്ലെങ്കിൽ അവിടെ ഒന്നും നടക്കില്ല എന്നൊക്ക പറഞ്ഞു പോന്നതാണ്…..” അതുകേട്ടപ്പോൾ എനിക്ക് ചിരി വന്നു….

“ശെരിയമ്മേ ഞാൻ വിളിക്കാം എന്നും പറഞ്ഞു ഞാൻ കോൾ കട്ട്‌ ചെയ്തു….

അമ്പടി കള്ളി ആള് കൊള്ളാം എന്താ പെട്ടെന്ന് വന്നതെന്ന് ഞാൻ ചോദിക്കാതെ ഇരിക്കാനുള്ള അഭിനയം ആയിരുന്നപ്പോൾ വന്നപ്പോൾ കാണിച്ച ദേഷ്യം…..നിന്നെ ഞാൻ ശെരിയാക്കി തരാം എന്നും പറഞ്ഞു ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ ആൾ അടുക്കളയിൽ ഉണ്ടായിരുന്നു..

“ഞാൻ ഒരു ദിവസത്തേക്ക് ഒന്ന് മാറി നിന്നപ്പോൾ കണ്ടില്ലേ അടുക്കളയുടെ കോലം..അമ്മയും മോനും രണ്ടും കണക്കാണ് ഒരു ഉത്തരവാദിത്തവും ഇല്ല എന്നൊക്കെ പറഞ്ഞു കൊണ്ട് അവൾ പത്രങ്ങളൊക്കെ കഴുകി അടുക്കി വെക്കുകയായിരുന്നു..എല്ലാം കേട്ടു ചിരിച്ചു കൊണ്ട് അമ്മയും അടുത്തുണ്ട്….

എന്നെ കണ്ടതും അവൾക്കെന്ത് പറ്റി എന്ന് അമ്മ ആംഗ്യത്തിൽ ചോദിച്ചു..ഒന്നും മിണ്ടണ്ട അമ്മയോട് അവിടുന്നു മാറിക്കോളാൻ പറഞ്ഞു….. അമ്മ അടുക്കളയിൽ നിന്നും ഇറങ്ങി അപ്പുറത്തെ വീട്ടിലേക്ക് പോയി.. അമ്മ പോയതും ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…..

“ഡി എന്തുപറ്റി എന്താ നീ പെട്ടെന്ന് പോന്നത്..

“ഓ അപ്പോൾ ഞാൻ ഇപ്പോൾ വന്നത് നിങ്ങൾക്ക് ഇഷ്ടമായില്ലേ..

“ഹേ അങ്ങനെ അല്ല പറഞ്ഞത് രണ്ടു ദിവസം നിന്നിട്ട് പോന്നാൽ പോരായിരുന്നോ..എനിക്ക് സമാധാനവും കിട്ടിയേനെ..”

“ഓഹോ അപ്പോൾ ഇത്രയും കാലം ഞാൻ സമാധാനക്കേട് ആയിരുന്നല്ലേ….എനിക്കറിയാം നിങ്ങൾ ഇത് പറയുമെന്ന് ഇനി ഒരു നിമിഷം ഞാൻ ഈ വീട്ടിൽ നിൽക്കില്ല ഞാൻ എന്റെ വീട്ടിലേക്ക് പോവാണെന്നു പറഞ്ഞു കൊണ്ടവൾ റൂമിലേക്ക് പോയി ബാഗ് ഒക്കെ എടുത്തു…..”ഇനി ഞാൻ ഒരിക്കലും തിരിച്ചു വരില്ല എന്നും പറഞ്ഞവൾ ബാഗും പിടിച്ചു നിൽപ്പായി..

“ഡി നിന്റെ ഫോണും കൂടി എടുത്തോണ്ട് പോ എന്നും പറഞ്ഞു ഞാൻ ചിരിച്ചു..അത് പറഞ്ഞപ്പോളേക്കും ബാഗ് എന്റെ നേരെ പറന്നു വരുന്നത് ആണ് ഞാൻ കണ്ടത്….

“ഓഹോ അപ്പോൾ എന്നെ പറഞ്ഞു വിട്ടിട്ട് സുഖിച്ചു ജീവിക്കാമെന്ന് നിങ്ങൾ വിചാരിച്ചല്ലേ നടക്കില്ല മോനെ അങ്ങനെ ഇപ്പോൾ ഞാൻ പോവുന്നില്ല….അതു കേട്ടപ്പോൾ എനിക്ക് ചിരി വന്നു…..

“ഡി പൊട്ടിക്കാളി എനിക്ക് അറിയാം നീ പോവില്ലെന്ന്…. രണ്ടു ദിവസം അമ്മയോടൊപ്പം നിൽക്കണം എന്ന് പറഞ്ഞു അവിടെ നിന്നിട്ട് എന്നെ കാണാതെ ഇരിക്കാൻ പറ്റാത്ത കൊണ്ടല്ലേടി രാവിലെ തന്നെ തിരിച്ചു വന്നത്…..നിന്റെ അമ്മ എന്നെ വിളിച്ചു എല്ലാം പറഞ്ഞിരുന്നു..അത് കേട്ടവൾ ഒന്ന് ചമ്മി..

“അയ്യാ അത് നിങ്ങളെ കാണാതിരിക്കാൻ പറ്റാത്ത കൊണ്ടല്ല ഇവിടത്തെ എന്റെ അമ്മയെ കാണാതെ ഇരിക്കാൻ പറ്റാത്ത കൊണ്ടാണ്…..

“ഉവ്വ ഉവ്വേ….”

“അല്ല നിങ്ങൾ എങ്ങോട്ട് ആണ് ഈ ഒരുങ്ങി കെട്ടി പോവാൻ നിന്നത്…?”

“അതുപിന്നെ ഒരു പെണ്ണ് കാണാൻ….”

“ഓഹോ എന്നിട്ട് കാണാൻ പോവുന്നില്ലേ…”

“ഇല്ല അതിന് മുൻപ് പെണ്ണ് ഇങ്ങ് വന്നു എന്നും പറഞ്ഞു കൊണ്ട് അവളെ ഞാൻ വട്ടം ചുറ്റിപ്പിടിച്ചു എന്നിലേക്ക് ചേർത്തു….

“എനിക്കറിയാം ഇച്ചായാ നിങ്ങൾക്കും എന്നെ കാണാതെ ഇരിക്കാൻ പറ്റില്ലെന്ന് അതുകൊണ്ടാണ് ഞാൻ ഇങ്ങ് പോന്നത്…..പിന്നെ അമ്മയോട് രണ്ടു ദിവസം ഇവിടെ വന്നു നിൽക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു ഒരു കുസൃതി ചിരി അവൾ ചിരിച്ചു….

“അതെന്തായാലും നന്നായി….അതേ ഇന്നലത്തെയും ഇന്ന് രാവിലത്തേയും ചേർത്ത് പലിശ സഹിതം ഇപ്പോൾ തരട്ടെ എന്നും പറഞ്ഞു ഞാൻ അവളെ ഉമ്മ വെക്കാൻ ഒരുങ്ങിയതും….”ദേ അമ്മ വരുന്നു എന്നും പറഞ്ഞെന്നെ തള്ളി മാറ്റി ചിരിച്ചു കൊണ്ട് അവൾ റൂമിലേക്ക് ഓടി…..എന്നിൽ സന്തോഷത്തിന്റെ പുഞ്ചിരി വിടർത്തി കൊണ്ട് അവളുടെ കൊലുസ്സിന്റെ നാദം അവിടാകെ നിറയുക യായിരുന്നു ….

ഇതാണ് ഞങ്ങളുടെ പ്രണയം…എന്നും എന്തെങ്കിലും ഒക്കെ പറഞ്ഞു വഴക്കിടുമെങ്കിലും ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ ഞങ്ങൾക്ക് ആവില്ല..ഒരുപക്ഷേ ആ കൊച്ചു കൊച്ചു വഴക്കിലും പിണക്കത്തിലും ഇണക്കത്തിലും ഒക്കെയാവും ഞങ്ങളുടെ പ്രണയവും ഒളിഞ്ഞിരിക്കുന്നത്…..