എന്റെയും ഏട്ടന്റെയും അടുത്ത് അവൾക്കിനി നിൽക്കാൻ പറ്റില്ലെന്ന്. അവനെയും കൂട്ടി ഒരു ഫ്ലാറ്റ് എടുക്കാൻ പോവുകയാണത്രെ….

എഴുത്ത് : വിപിൻ‌ദാസ് അയിരൂർ

“മാളു… നേരം ഒരുപാടായി.. എഴുന്നേൽക്ക്.. അച്ഛൻ ഉമ്മറത്തിരുന്ന് പിറുപിറുക്കാൻ തുടങ്ങീട്ടുണ്ട്”

രാഹുൽ കട്ടിലിൽ ഇരുന്ന് മാളുവിനെ തട്ടി വിളിച്ചു. വിവാഹം കഴിഞ് ഇതാദ്യമായാണ് മാളു ഇത്രയും നേരം വൈകി എഴുന്നേൽക്കുന്നത്. കണിശക്കാരനായ അച്ഛൻ വേണു മരുമകൾ എഴുന്നേൽക്കാൻ നേരം വൈകിയതിന് ഭാര്യ സുലോചനയോട് പിറുപിറുക്കാൻ തുടങ്ങി. അച്ഛനെ ഭയന്ന് ജീവിക്കുന്ന മകൻ രാഹുൽ മാളുവിനെ എഴുന്നേൽപ്പിക്കാതെ റൂമിൽനിന്നും വരാനും പറ്റാതെ നിന്നു.

പതിവ് ദിനങ്ങളിൽ മാളു ഉമ്മറത്ത് കത്തിച്ചുവെക്കുന്ന നിലവിളക്കിന്റെ വെളിച്ചത്തിലാണ് ആ വീട് ഉണരാറുള്ളത്. ഇന്നിപ്പോ മാളുവിന്റെ സാന്നിദ്ധ്യം ഉമ്മറത്ത് എത്തിയിട്ടില്ല. ചാരു കസേരയിൽ പത്രവും പിടിച്ചു മുഖം കനപ്പിച്ച് അച്ഛന്റെ ഇരുപ്പ് കണ്ടാലറിയാം ആ മനസ്സിൽ എന്താണെന്ന്.

“അതേ.. എനിക്കിനി ഒട്ടും വയ്യാട്ടാ ഇവിടിങ്ങനെ പണിയെടുക്കാൻ.. കാലിലെ നീര് കൂടിക്കൂടി വരികയാ. എനിക്കൊരുകൂട്ടിന് മോനെകൊണ്ട് കെട്ടിക്കണം. വേഗം രാഹുലിന് പെണ്ണുനോക്കണം” എന്ന് ഭാര്യ സുലോചന പറഞ്ഞതുകേട്ടപ്പോൾ ഉമ്മറത്തെ ചാരു കസേരയിൽ ഇതുപോലൊരു ഇരുപ്പ് ഇരുന്നതാ. അതന്ന് ഭാര്യയോടുള്ള ദേഷ്യമാണോ അതോ ഒരു ജോലി കണ്ടെത്താതെ നിൽക്കുന്ന തന്റെ മകനെ സ്വന്തം പോക്കറ്റിൽ നിന്നും പൈസ ചിലവാക്കി കെട്ടിക്കേണ്ട അവസ്ഥ ഓർത്തുള്ള വെപ്രാളമോ.. അറിയില്ല..

ഭാര്യയുടെ വാക്കിനെ മാനിച്ച് വേണുവും അനിയനും നാനാ ദിക്കിലേക്കും പെണ്ണ് തിരഞ്ഞു നടപ്പിലായി. ബ്രോക്കറിന് പൈസ കൊടുത്തു കൊടുത്തു അവസാനം ബ്രോക്കർ സ്വന്തമായൊരു ബൈക്ക് വാങ്ങി എന്ന് അറിഞ്ഞപ്പോൾ വേണു പിന്നെ ബ്രോക്കറോടൊത്തുള്ള യാത്ര മതിയാക്കി സ്വയം പെണ്ണ് തിരഞ്ഞു നടന്നുതുടങ്ങി.

ആ അമ്മയുടെ പുണ്ണ്യമെന്നോണം ഒരു പെണ്ണിന്റെ ജാതകം ഒത്തു. പെൺകുട്ടി ഇരുനിറം, ചെറിയ വീട്.. എങ്കിലും തൊലി വെളുത്ത രാഹുലിന്റെ മനസ്സും വെളുത്തതുകൊണ്ട് അവളെ മതിയെന്ന് രാഹുൽ പറഞ്ഞു. സ്ത്രീധനം അധികമൊന്നും തരാനില്ലാന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞപ്പോൾ വേണു എടുത്തുചാടി പറഞ്ഞു…

“ഞങ്ങൾക്ക് ഈ കുട്ടിയെ ഒന്ന് ഇറക്കി തന്നാൽ മാത്രം മതി. ഒരു പണ്ടവും പണവും വേണ്ടാ” എന്നും.

അതുകേട്ട് മനം നിറഞ്ഞ പെൺകുട്ടിയുടെ അച്ഛൻ സന്തോഷത്തോടെ സമ്മതിച്ചു. അധികം വൈകാതെ രാഹുലും മാളുവും തമ്മിലുള്ള വിവാഹം നടന്നു. വിവാഹം കഴിഞ്ഞു വൈകാതെ രാഹുലിന് വിദേശത്ത് ഒരു ജോലി കിട്ടി അങ്ങോട്ട് പോയി. മാളു തന്റെ പഠനം നിർത്തി രാഹുലിന്റെ വീട്ടിൽ നല്ലൊരു മരുമകളായി ജീവിച്ചു

നേരത്തെ എഴുന്നേൽക്കുന്ന മാളു വീട്ടിലെ സകല ജോലികളും നേരത്തെ ചെയ്തതീർക്കും. ബാക്കിയുള്ള സമയത്തും മാളു വീട്ടിൽ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ സുലോചനക്ക് മാളുവിനെ ഒത്തിരി ഇഷ്ട്ടമായി. എന്തും കണ്ടറിഞ്ഞു ചെയ്യുന്നവൾ. അവരുടെ വീടിന് ഇപ്പൊ എന്തെന്നില്ലാത്ത വെളിച്ചവും ഐശ്വര്യവും കൈവന്നു. സുലോചനക്ക്‌ വയ്യാതെ വീട് വൃത്തിയാക്കലും മറ്റും ഇല്ലായിരുന്നു. മാളു വന്നു കയറിയതിൽ പിന്നെ അതെല്ലാം അവൾ തന്നെ ചെയ്തു. ഒരുനേരം പോലും വെറുതെ ഇരിക്കാറില്ല.

അച്ഛൻ വേണു പ്രഷറിന് ഗുളിക കഴിക്കാറുണ്ട്. കഴിക്കേണ്ട സമയം ആയാൽ വേണു പറയാതെതന്നെ മാളു ഒരു ഗ്ലാസ് വെള്ളവും ഗുളികയും വേണുവിന്റെ അടുത്ത് എത്തിച്ചിരിക്കും. മുട്ടിന് താഴേക്ക് ഇടക്ക് നീരുവന്ന് വീർക്കാറുള്ള സുലോചനയുടെ കാലുകൾ മാളുവാണ് ഇപ്പോൾ കുഴമ്പും തൈലവും ഇട്ടു ഉഴിയാറുള്ളത്. അപ്പോഴൊക്കെ മാളുവിന്റെ തലയിൽ തലോടി സുലോചന പറയാറുണ്ട്..
“നീയെനിക്ക് പിറക്കാതെ പോയ എന്റെ സ്വന്തം മോൾ തന്ന്യാ”.

ദിവസങ്ങൾ കഴിഞ്ഞു…..

വേണുവിന്റെ അനിയൻ ദിവാകരന്റെ മകന് വിവാഹം ആയി. വലിയ ഒരു വീട്ടിൽ നിന്ന് 75 പവനും ഒരു കാറും ആ പയ്യന് ആ പെണ്ണിന്റെ വീട്ടുകാർ കൊടുത്തു. പെൺകുട്ടിയാണേൽ നല്ല ചൊകചൊകാന്ന് ഇരിക്കുന്നു. കല്യാണപ്പന്തലിൽ വേണുവിന്റെ നോട്ടം പെൺകുട്ടിയിൽ മാത്രമായിരുന്നു. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ വേണു സുലോചനയോടായ് പറഞ്ഞു.

“എന്റെ മോൻ ഇവനെക്കാൾ എത്രയോ ഭംഗിയുണ്ട്. എന്നിട്ട് കിട്ടിയത് ഒരു കരികൊള്ളിയെ. ത്ഫൂ.!!

വേണുവിന്റെ മനസ്സിലെ സ്വാർത്ഥ ചിന്തകൻ പുറത്തുവന്നു. അന്നുമുതൽ വേണു മാളുവിനോട് അകൽച്ച കാണിച്ചു. മാളു കൊണ്ടുവന്ന ഗുളിക കഴിക്കാറില്ല. മാളുവിനെ കാണുമ്പോൾ പുച്ഛിക്കുന്ന മുഖവുമായി വേണു തല തിരിക്കും. ഇതെന്താ മറിമായം എന്നറിയാതെ മാളു ആലോചിക്കും. പിന്നീട് വേണു റൂമിൽ വേണു സുലോചനയോട് തലയണമന്ത്രം ചൊല്ലിത്തുടങ്ങി.

“ഹും.. എന്റെ അനിയന്റെ മോൻ നമ്മുടെ മോന്റെ അത്ര ഭംഗിയുണ്ടോടി? നമ്മുടെ മോന്റെ അത്ര ശമ്പളം ഉണ്ടോടി? എന്നിട്ടും അവന് കിട്ടിയ പെണ്ണിനേയും വീട്ടുകാരെയും സ്ത്രീധനവും ഒന്ന് നോക്ക്യേ.. ഇവിടൊന്നു കേറി വന്നിട്ടുണ്ടല്ലോ അടുക്കളയിലെ മല്ലുപോലെയുള്ളതൊന്ന്. അവരുടെ കയ്യിൽ ഒന്നുമില്ലത്രേ. ത്ഫൂ.. ഏത് നേരത്താ ദൈവമേ എനിക്ക് ഈ കുരുപ്പിനെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത്”

“ദേ മനുഷ്യാ ആ പെൺകുട്ടി അപ്പുറത്തുണ്ട്. കേൾക്കണ്ടാ.”

“കേട്ടാൽ എനിക്കെന്താ ഉള്ളതുതന്നെയല്ലേ പറഞ്ഞത്. അർഹതപ്പെടാത്തത് ആഗ്രഹിക്കാൻ പാടില്ല. അവർക്ക് അന്ന് തോന്നണമായിരുന്നു നമ്മളെപ്പോലെ ഉള്ള വലിയ കുടുംബത്തേക്ക് ബന്ധം ചേരില്ലാന്ന്.”

“അതിന് നിങ്ങൾ തന്നെയല്ലേ മനുഷ്യ അവളെ മാത്രം ഇറക്കിത്തന്നാൽ മതിയെന്നും പൊന്നും പണവും വേണ്ടാന്നോക്കെ പറഞ്ഞത്. എന്നിട്ടിപ്പോ അവരെയാണോ കുറ്റപ്പെടുത്തുന്നത്.”

“ഞാൻ അങ്ങനെ പലതും പറയും. അതെന്ന് വെച്ച് അവർ സ്ത്രീധനം കുറക്കാൻ പാടുണ്ടോ.”

“ആ എനിക്കൊന്നും പറയാനില്ല. നിങ്ങൾക്ക് വേണ്ടേൽ മോനെ നാട്ടിലോട്ട് വിളിച്ചുവരുത്തി എന്താന്നുവെച്ചാൽ തീരുമാനിച്ചോ. ഞാനൊന്നിനും ഇല്ല്യ”

“ആഹ് അത് തന്നെയാ ചെയ്യാൻ പോകുന്നത്. എന്റെ മോന് നല്ല ചാമ്പക്ക പോലെയുള്ള ഒരു പെണ്ണിനെ കണ്ടെത്തും ഞാൻ. നോക്കിക്കോ നീ”

ഇതെല്ലാം കേട്ട് കണ്ണുനീർ വാർത്ത് കയ്യിൽ വെള്ളത്തിന്റെ ജഗ്ഗുമായി മാളു അവിടെനിന്നു.

കുറച്ചുനാളത്തെ ഇടവേള കഴിഞ്ഞു രാഹുൽ നാട്ടിൽ മടങ്ങിയെത്തി. പോകുമ്പോൾ ഉള്ള സാഹചര്യമല്ല ഇപ്പോൾ വീട്ടിൽ ഉള്ളതെന്ന് രണ്ടുദിവസത്തിനുള്ളിൽ തന്നെ രാഹുലിന് മനസ്സിലായി. രാഹുൽ കാര്യം മാളുവിനോട് ചോദിച്ചെങ്കിലും മാളു ഒന്നും പറഞ്ഞില്ല. അച്ഛനോട് ചോദിക്കാൻ ധൈര്യമില്ലാത്തതുകൊണ്ട് രാഹുൽ അച്ഛന്റെ അടുത്തും ചോദിച്ചില്ല. കുറച്ചുദിവസം കഴിഞ്ഞു അച്ഛൻ തന്നെ രാഹുലിന്റെ അടുത്തുവന്നു പറഞ്ഞു.

“മോനെ നമ്മൾ പേരുകേട്ട തറവാട്ടുകാരാണ്. അച്ഛന് ഈ നാട്ടിലെ വില മോന് അറിയുന്നതല്ലേ. അതുകൊണ്ട് ഞാൻ ഒരു കാര്യം പറഞ്ഞാൽ മോൻ അനുസരിക്കണം. ഞാനായിട്ട് നിനക്ക് കണ്ടെത്തിതന്ന നിന്റെ ഭാര്യയെ നീ ഒഴിവാക്കി വേറെ നല്ല കുടുംബത്തിൽനിന്നും കാണാൻ കൊള്ളാവുന്ന ഒരു പെൺകുട്ടിയെ നീ വിവാഹം കഴിക്കണം. അല്ലെങ്കിൽ അച്ഛന് സമൂഹത്തിൽ ഇറങ്ങി നടക്കാൻ പറ്റാതാകും. നമ്മുടെ നിലക്കും വിലക്കും ചേർന്ന ബന്ധമല്ല ഇത്. അതുകൊണ്ട് നമുക്കിത് അവസാനിപ്പിക്കാം.”

ഇന്നുവരെ അച്ഛന്റെ വാക്കുകൾക്ക് എതിർത്തൊരു മറുപടി പറയാത്ത രാഹുൽ സ്വന്തം ജീവിതത്തിന്റെ കാര്യത്തിലും ഒരു തീരുമാനം എടുക്കാൻ പറ്റാത്ത മനുഷ്യനായിമാറി. ഒന്നും മിണ്ടാതെ തിരിഞ്ഞുനടക്കാൻ മുതിർന്ന രാഹുൽ കണ്ടത് മുഖം പൊത്തിപിടിച്ചു അകത്തേക്ക് ഓടിയ മാളുവിനെയാണ്. രാഹുൽ മാളുവിന്റെ അടുത്തേക്ക് ചെന്നു.

“മോളെ മാളു.. ഞാൻ”

“വേണ്ട ഏട്ടാ.. ഒന്നും പറയേണ്ട.. അച്ഛൻ പറഞ്ഞതാ ശരി. അച്ഛന്റെ പേരിനും പ്രൗഢിക്കും ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവരുമായുള്ള ബന്ധം ചേരില്ല. നമ്മൾ അധികമൊന്നും ജീവിച്ചില്ലല്ലോ. അച്ഛൻ പറഞ്ഞപോലെ ചെയ്യാം. അല്ലെങ്കിൽ അച്ഛന്റെ ഉള്ളിൽ ഞാൻ ഇത്രയും വലിയൊരു കരടായി ഇവിടെ കഴിയേണ്ടിവരും. അതുവേണ്ടാ. നമുക്ക് പിരിയാം. എന്തായാലും ഏട്ടൻ എന്നെ ഉപേക്ഷിച്ചാലും ഈ മാളു വേറെ ഒരാളെ വിവാഹം കഴിച്ചു ജീവിക്കാനൊന്നും പോണില്ല. ഏട്ടന് വേണ്ടി അച്ഛൻ നല്ലൊരു പെണ്ണിനെ കണ്ടെത്തി തരും. ആ കുട്ടിയെ വിവാഹം ചെയ്തു സന്തോഷത്തോടെ ജീവിക്കണം.”

“നീയെന്തൊക്കെയാ മാളു പറയുന്നത്. അച്ഛൻ അങ്ങനെ ഓരോന്നും പറഞ്ഞെന്നുവെച്ചു നീ കാര്യമാക്കേണ്ട ആവശ്യമില്ല”

രാഹുലിന്റെ വാക്കുകൾ മുഴുവൻ കേൾക്കാതെ മാളു കണ്ണുകൾ തുടച്ചു റൂമിലേക്കോടി.

പിറ്റെന്നാൾ കയ്യിൽ രണ്ട് ബാഗുമായി റൂമിൽ നിന്നും വരുന്ന മാളുവിനെക്കണ്ട രാഹുൽ അവളെ പിന്തിരിപ്പിക്കാൻ കുറെ ശ്രമിച്ചു. അന്നേരം അച്ഛന്റെ മുഖം കണ്ട് രാഹുൽ ആ പിന്തിരിപ്പിക്കലിൽ നിന്നും പിൻവാങ്ങി. ‘അമ്മ അടുക്കളയിൽനിന്നും മോളെ എന്ന് വിളിച്ചു അടുത്തുവന്നപ്പോൾ അമ്മയുടെ വലതു കൈ പിടിച്ചു അച്ഛൻ അതിനും തടസ്സം നിന്നു. അവസാനം നിറഞ്ഞൊഴുകിയ കണ്ണുകളുമായി മാളു ആ പടിയിറങ്ങി നടന്നു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം വേണുവിന്റെ അനിയനും ഭാര്യയും കൂടി വീട്ടിൽ വന്നു. രാവിലെ പുറത്തോട്ടിറങ്ങാൻ തുടങ്ങിയ വേണു പതിവില്ലാതെ അനിയനെയും ഭാര്യയെയും കണ്ടപ്പോൾ അവിടെ നിന്നു.

“എന്തേ രണ്ടാളുംകൂടി രാവിലെതന്നെ”?

“ഒന്നും പറയണ്ടാ… ആകെയുള്ള സന്തതി ഒരു മൂധേവിയെ കെട്ടികൊണ്ടുവന്നതിനു ശേഷം ആ വീടിന്റെ ഐശ്വര്യവും സമാധാനവും എല്ലാം പോയി.”

“എന്താടാ ഒന്ന് തെളിച്ചുപറ”

അനിയന്റെ ഭാര്യ തുടർന്നു.

“ഏട്ടാ.. രണ്ടുനില വീടല്ലേ വലിയ പഠിപ്പും പത്രാസ്സുമുള്ള പെണ്ണല്ലേ സൗന്ദര്യം തുളുമ്പി നിൽക്കുന്ന പെണ്ണല്ലേ എന്നൊക്കെ പറഞ്ഞു അന്ന് നമ്മളെല്ലാവരും അവനെക്കൊണ്ട് കെട്ടിച്ചു. പക്ഷെ അന്നുമുതൽ ഈ നിമിഷംവരെ അവളെ എനിക്കൊരു മരുമകളായി കാണാൻ പറ്റിയിട്ടില്ല അവൾക്ക് എന്നെ ഒരു അമ്മായിഅമ്മ ആയി കാണാനും പറ്റിയിട്ടില്ല.”

“വീട്ടിൽ ഒരു ജോലി പോലും ചെയ്യില്ല. അതുപോട്ടെ, രാവിലെ എഴുന്നേൽക്കുന്നത് 10 മണിക്ക്. എന്നിട്ട് ആ വെള്ളാമ്പിച്ചു നിൽക്കുന്ന മുഖത്തു എന്തൊക്കെയോ തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂർ ഇരിക്കും. പിന്നെയാണ് കുളിയും തേവാരവും. അതുമാത്രമല്ല, അവൾക്ക് മാത്രമായി ഒരു കറി ഉണ്ടാക്കണം. ഉണ്ടാക്കിയില്ലേൽ അവൾ അവനെയും കൂട്ടി കാറിൽ ഹോട്ടലിൽ പോയി കഴിക്കും. ഏത് സമയവും ടീവിയുടെ മുന്നിൽ അല്ലേൽ കമ്പ്യൂട്ടറും മടിയിൽ വെച്ച് ഇരിക്കും.

വേണുവും ഭാര്യയും മുഖാമുഖം നോക്കി. അപ്പോൾ ഭാര്യ വേണുവിന്റെ മുഖത്തുനിന്ന് ദേഷ്യത്തോടെ തലവെട്ടിച്ചു. അനിയന്റെ ഭാര്യ തുടർന്നു.

“ന്റെ ചേച്ച്യേ.. അവൾക്ക് ആർത്തവം ഉണ്ടായാൽ പോലും വീട്ടിലെ ഉമ്മറത്തെ പൂജാമുറിയുടെ മുന്നിലൂടെയൊക്കെയാ നടത്തം. അതൊക്കെ സാമാന്യം ബുദ്ധിയുള്ള പെൺകുട്ടികൾ ചെയ്യുമോ? എന്നിട്ട് ഞാൻ എന്തേലും പറയാൻ പോയാൽ എന്നോട് തട്ടിക്കേറും. മിനിഞ്ഞാന്ന് ഞാനൊന്ന് കിണറിന്റെ അവിടെ വഴുക്കി വീണു. കാലിൽ നീരും വന്നു. നടക്കാൻ പറ്റാതെ അന്ന് കിടന്നു. അന്ന് ഈ മനുഷ്യനാ അടുക്കള പണി ചെയ്തത്. അവൾക്ക് വെട്ടിവിഴുങ്ങാൻ വെച്ചുണ്ടാക്കിയത്. ഒരു തൈലത്തിന്റെ കുപ്പി എടുക്കാൻ പറഞ്ഞപ്പോൾ അവൾ പറയാ അതിന്റെ മണം കേട്ടിട്ട് ചർദ്ധിക്കാൻ വരുന്നെന്ന്.

ഞങ്ങൾക്കും ഇല്ലേ ഒരു കൊച്ചിനെ താലോലിക്കാനൊക്കെ മോഹം. അതിനുപോലും അവൾ മുടക്കം പറഞ്ഞു. എന്തോ പഠിക്കാൻ പോണമത്രേ. അപ്പോൾ വയറു വീർത്താൽ മോശമാണെന്ന്. അവസാനം എന്റെയും ഏട്ടന്റെയും അടുത്ത് അവൾക്കിനി നിൽക്കാൻ പറ്റില്ലെന്ന്. അവനെയും കൂട്ടി ഒരു ഫ്ലാറ്റ് എടുക്കാൻ പോവുകയാണത്രെ.

“എന്തൊക്കെയാ ഈ കേള്ക്കുന്നെ ദൈവമേ. ഇങ്ങനെയും പെൺകുട്ടികൾ ഉണ്ടോ”

സുലോചന മുഖത്ത് കൈവെച്ചു പറഞ്ഞു.

“ഇതൊക്കെയല്ലേ ചേച്ചി അവിടത്തെ കാര്യം. പോകുവാണേൽ പോട്ടെ. നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കും അവളും അവനും. അത് ഞങ്ങൾ സഹിച്ചോളാം.
അല്ല മാളു എന്ത്യേ. കണ്ടില്ലല്ലോ. അല്ലേൽ ചായയുമായി വരേണ്ട സമയം കഴിഞ്ഞല്ലോ”

അനിയന്റെ ഭാര്യയുടെ ചോദ്യം കേട്ട് വേണു സുലോചനയെ നോക്കി. എന്താ പറയാ എന്നുള്ള ചിന്തയിൽ.

“അവൾ രണ്ടൂസം അവളുടെ വീട്ടിൽ നിൽക്കാൻ പോയി.”

സുലോചനയുടെ മറുപടി കാക്കാതെ വേണു പറഞ്ഞു.

“ഏട്ടാ നിങ്ങളുടെ ഭാഗ്യമാണ് മാളു. ഇന്നത്തെ കാലത്തു അങ്ങനെയുള്ള ഒരു കുട്ടിയെ എവിടെയും കിട്ടില്ല. പഠിത്തവും നിർത്തി ഭർത്താവിന്റെ മാതാപിതാക്കളെ ശുശ്രൂഷിക്കാൻ തീരുമാനമെടുക്കുന്ന ആ മനസ്സുണ്ടല്ലോ അതാണ് ഏറ്റവും വലിയ പുണ്യം”

വേണുവിന്റെ അനിയൻ പറഞ്ഞതുകേട്ട് വാക്കുകൾ ഇല്ലാതെ വേണു ഇരുന്നു.

കുറച്ചു നാളുകൾ കഴിഞ്ഞു. സുലോചനയുടെ കാലിൽ നീര് കൂടിവന്നു. മുറ്റം അടിച്ചുവാരാതെ പുല്ലുകൾ മുളച്ചുതുടങ്ങി. അരിമണികൾ കാത്ത് മുറ്റത്ത് വീട്ടിലെ കോഴികളും താറാവുകളും കാത്തുനിൽക്കാൻ തുടങ്ങി. നിലവിളക്കിലെ കരി ദിവസങ്ങളോളം അങ്ങനെ ഇരുന്നു. ഉമ്മറത്തെ മുലകളിലും മറ്റും മാറാലകൾ വന്നു തുടങ്ങി. വേണുവിന്റെ പ്രഷറിന്റെ ഗുളിക കഴിക്കേണ്ട സമയം തെറ്റി തുടങ്ങി. എല്ലാംകൊണ്ടും ആ വീട് ഉറങ്ങി. അനക്കമില്ല വെളിച്ചമില്ല ശബ്ദമില്ല. ഓരോരുതരും ഒരു മൂലയിൽ ഇരുന്നു.

“അച്ചാ.. എനിക്ക് ടിക്കറ്റ് കിട്ടി. മറ്റന്നാൾ പോണം. അതിനുമുൻപ് അച്ഛന്റെ തീരുമാനം എന്താണെന്നുവെച്ചാൽ എടുക്കണം. കാരണം ഒപ്പിടാൻ ഞാൻ വേണമല്ലോ. പിന്നൊരു കാര്യം, എന്നെ വേറെ പെണ്ണ് കെട്ടിക്കാം എന്നുള്ള ആഗ്രഹം നടക്കില്ല. ഇന്നുവരെ അച്ഛനെ ഞാൻ ധിക്കരിച്ചിട്ടില്ല. പക്ഷെ അച്ഛനും അമ്മയും കണ്ടെത്തിത്തന്ന പെണ്ണിനെത്തന്നെയാണ് ഞാൻ വിവാഹം ചെയ്തതും. എനിക്കില്ലാത്ത പോരായ്മ അച്ഛൻ അവളിൽ കണ്ടെത്തി കുറ്റം ചുമത്തി പറഞ്ഞയച്ചു. ഞാൻ പിന്നെ അവളെ കാണാനും മിണ്ടാനും പോയിട്ടില്ല. രാഹുലിന്റെ ഭാര്യ അത് മാളു തന്നെയാണ്. എന്റെ മരണം വരെ.”

വേണു ഒന്നും മിണ്ടാതെ ചാരുകസേരയിൽ ചാഞ്ഞിരുന്നു. സുലോചന അകത്തിരുന്നു പുഞ്ചിരിച്ചു.

രാഹുലിന് പോവേണ്ട ദിവസമെത്തി.

“അമ്മേ.. അച്ഛനെന്ത്യേ.. ഇറങ്ങേണ്ട സമയമായി.”

“അപ്പൊ നീ പോവാണ് അല്ലേടാ. ആ പാവം പെണ്ണിന്റെ ശാപം വാങ്ങിവെച്ച് പോവുകയാണല്ലേ?”

“അതിനി ഇവിടെ സംസാരിക്കേണ്ട അമ്മേ, ഞാൻ പോട്ടെ.. “

രാഹുൽ പെട്ടിയുമായി ഉമ്മറത്തോട്ട് നടന്നു. അപ്പോൾ മുറ്റത്ത് ഒരു കാർ വന്നുനിന്നു. ഡോർ തുറന്നു വേണു ഇറങ്ങിവന്നു.

“നീ ഇറങ്ങുവാനായോ.?”

“മ്മ്.. സമയമായി. അച്ഛനെ കാക്കുവായിരുന്നു. ഇനി യാത്ര പറയുന്നില്ല. പോയിവരാം”

“മ്മ്.. പോയിവാ..”

അച്ഛൻ സമ്മതം മൂളി ചവിട്ടുപടി കയറി. കൂടെ രാഹുൽ മുറ്റത്തോട്ടിറങ്ങി.

“പിന്നേ.. പോയിട്ട് ഒരു എട്ട് മാസം കഴിഞ്ഞിങ്ങു പോരെ. നിന്റെ കുട്ടിയെ കാണാൻ”

വേണു തിരിഞ്ഞുനിന്നു രാഹുലിനോടായ് പറഞ്ഞു. പറഞ്ഞത് എന്താണെന്ന് മനസ്സിലാവാതെ രാഹുലും സുലോചനയും വേണുവിനെ നോക്കി.

“അതേടാ… ദാ ഇരിക്കുന്നു കാറിൽ നിന്റെ മാളു. പോയി ചോദിക്ക് എന്താ കാര്യമെന്ന്.”

രാഹുൽ കാറിലേക്ക് നോക്കി. പുഞ്ചിരിച്ചു മുഖവുമായി മാളു കാറിൽ നിന്നിറങ്ങി. നീര് കൂടിയ കാലുമായി സുലോചന അതിവേഗം മാളുവിന്റെ അടുത്തുവന്നു.

“മോളെ മാളു”

സുലോചന അവളുടെ നെറുകയിൽ ഉമ്മ വെച്ചു.

“അമ്മേ.. ‘അമ്മ ഒരു അച്ചമ്മ ആവാൻ പോകുന്നു..
രാഹുലേട്ടാ.,”

മാളുവിന്റെ ആ വിളിയിൽ രാഹുലിന് മനസ്സിലായി താനൊരു അച്ഛൻ ആവാൻ പോകുന്നുവെന്ന്. മാളുവിനെ നെഞ്ചോട് ചേർത്തുപിടിച്ചു.

“രണ്ടാളും അകത്തോട്ട് പോയി സ്നേഹപ്രകടനം നടത്തിക്കോ. ഇവിടെ ആളുകൾ കാണും.”

വേണു ചിരിച്ചുകൊണ്ട് പറഞ്ഞു.

എല്ലാരും അകത്തോട്ട് കയറിപ്പോയി. നടക്കുന്നതിനിടയിൽ അച്ഛൻ പറഞ്ഞു.

“മോളെ മാളു.. അച്ഛനോട് ക്ഷമിക്കണം. നിന്നെ വാക്കുകൾ കൊണ്ട് ഒരുപാട് നോവിച്ചിട്ടുണ്ട് ഞാൻ. അതിനു തിരിച്ചൊരു വാക്കുപോലും പറയാതെ നീ എല്ലാം കേട്ടു. അതുകൊണ്ട് തന്നെയാ ഞാൻ തന്നെ നിന്നെ കൂട്ടികൊണ്ടുവന്നത്. നീ പോയതിൽ പിന്നെ ഈ വീടുറങ്ങി ഞങ്ങൾ തനിച്ചായി. നീയായിരുന്നു ഈ വീടിന്റെ വെളിച്ചം. ഇനി അച്ഛന്റെ ഭാഗത്തുനിന്ന് എന്റെ മോളെ വേദനിപ്പിക്കുന്ന ഒരുവാക്കുപോലും വരില്ല”

“എന്താ അച്ഛാ ഇതൊക്കെ.. അങ്ങനൊന്നും പറയണ്ടാ. ശാസിക്കേണ്ടിടത്ത് ശാസിക്കണം. എങ്കിലേ ഞാൻ നല്ല കുട്ടിയാകൂ”

മാളുവിന്റെ മറുപടി കേട്ട് എല്ലാരും ചിരിച്ചു. പിന്നീട് ആ വീട് സന്തോഷത്തിന്റെ നാളുകൾ മാത്രമായി.

NB: സ്ത്രീധനത്തിന്റെ പേരിൽ പല പെൺകുട്ടികളും ഇന്നും ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നവരുണ്ട്. സ്ത്രീധനം എന്നത് ഒരു പെൺക്കുട്ടിയുടെ നല്ല മനസ്സ് മാത്രമാണ്. അതിനേക്കാൾ വലിയ സ്ത്രീധനം ഇല്ല എന്ന് ചിന്തിക്കുക. ഇനി സ്ത്രീധനത്തിന്റെ പേരിൽ ഒരു പെൺകുട്ടിയും വിഷമിക്കാതിരിക്കട്ടെ.