മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
രഞ്ജിത്ത് സാറിൻറെ മുറിയിൽ അയാളുടെ ചോദ്യംചെയ്യലിന് കാത്തിരിക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു. “പിരീഡ് ഉണ്ടായിട്ടും ടീച്ചർ എന്താ ക്ലാസ് എടുക്കാതിരുന്നത്? എൻറെ വീട്ടിൽ വരുന്നതും മോളെ പഠിപ്പിക്കുന്നതും ഒക്കെ ഇവിടെ ജോലി എടുക്കാതെ ഇരിക്കാനുള്ള കാരണമല്ല എന്ന് ടീച്ചർക്ക് അറിയാലോ?.”
“ഞാൻ.. എൻറെ മനസ്സ് ശരിയല്ലയിരുന്നു… ചില ഫാമിലി പ്രോബ്ലംസ്…” കഷ്ടകാലത്തിന് നാവിൽ നിന്നും അങ്ങനെയാണ് വന്നു വീണത്..
“അതു കൊള്ളാലോ?.. ഞങ്ങളുടെയൊക്കെ കുടുംബം നന്നാക്കാൻ ഉപദേശിക്കുന്ന ടീച്ചർക്ക് സ്വന്തം കുടുംബം നോക്കാൻ അറിയില്ലേ?..ടീച്ചറെ കുറിച്ച് ചിലരൊക്കെ അന്വേഷിച്ച് വന്നത് തൊട്ടുള്ള സംശയമാ.. ടീച്ചറുടെ പ്രശ്നം എന്താ?.. അച്ഛൻറെ പേര് പോലുമില്ലല്ലോ മോൻറെ അഡ്മിഷൻ ഫോമിൽ?.. ചോദിക്കുന്നത് മോശമാണെന്ന് അറിയാം എങ്കിലും ചോദിക്കുവാ…എൻറെ മോൾക്ക് അമ്മയെ കൊടുക്കണം എന്ന് പറയുന്ന ടീച്ചർക്ക് സ്വന്തം മോന് അച്ഛനെ കൊടുക്കണം എന്ന് അറിഞ്ഞുകൂടെ?..കെട്ടൊക്കെ കഴിഞ്ഞിട്ട് അങ്ങേര് ടീച്ചറെ ഇട്ടിട്ട് പോയതാണോ?..
അതോ വേറെ വല്ല പറയാനാകാത്ത കേസ് കെട്ടും ആണോ ടീച്ചറെ…”
അയാള് പറഞ്ഞു മുഴുമിപ്പിച്ചു കാണുമോ എന്നറിയില്ല..ചാടിയെഴുന്നേറ്റ് കയ്യോങ്ങിയത് മാത്രമേ ഓർമ്മയുള്ളൂ.. അയാള് പകപ്പോടെ മുഖം ഉഴിയുന്നത് കണ്ടതും ശക്തി അല്പം കൂടുതൽ ആയിരുന്നു എന്ന് തോന്നി..ഒരു പെണ്ണിനോടും മേലാൽ ഇനി ഇത്തരം സംശയങ്ങൾ ചോദിക്കില്ലഎന്ന് ഉറപ്പായിരുന്നു .എന്തോ കാര്യമായി ചിന്തിച്ചു കസേരയിൽ അമർന്നിരുന്നത് കണ്ടു.അയാൾ ഇപ്പോൾ പറഞ്ഞതിൻറെത് മാത്രമല്ല.. എന്തൊക്കെയോ ചേർന്നാണ് ഇറക്കി വെച്ചത്..
സ്കൂളിൽ നിന്ന് ബാഗ് കയ്യിലെടുത്തു ഇറങ്ങി നടക്കുമ്പോൾ ലക്ഷ്യ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ആദി യെക്കുറിച്ച് ഓർത്തതും ഷോളി ടീച്ചറുടെ വീട്ടിലേക്ക് നടന്നു. സ്കൂൾവിട്ട് അക്കു എത്തിയിട്ടും ആദിയെ കാണാതിരുന്നപ്പോൾ.. അവനെ ഒരു അങ്കിൾ വന്നു കൊണ്ടു പോയി എന്നറിഞ്ഞതും താഴെ ഭൂമിയും മേലെ ആകാശവും അല്ലാതെ ഒന്നും നോക്കാനില്ലെന്ന ചിന്ത വന്നു.രഞ്ജിത്ത് സാറിൻറെ വാക്കുകൾ ചെവിയിൽ വീണ്ടും മുഴങ്ങുന്നു.ദേവൂട്ടിയുടെ സ്ഥാനത്ത് ആദി നിൽക്കുന്നത് മനസ്സിൽ കണ്ടു.അവൾ അമ്മയ്ക്ക് വേണ്ടി പോരാടുന്നതു പോലെ ആദി എന്നോട് പെരുമാറി തുടങ്ങിയാൽ..
സിദ്ധു എന്തിനായിരിക്കും ആദിയെ കൂട്ടിക്കൊണ്ടുപോയി കാണുക.. എന്തുവന്നാലും സിദ്ധുവിനെ വിട്ടുകൊടുത്തത് പോലെ ആദിയെ ഒരാൾക്കും വിട്ടുകൊടുക്കില്ല. ഉള്ളിലെ പോര് മുറുകി തുടങ്ങിയതും സിദ്ധുവിൻറെ കാറിൽ നിന്നും ആദി ഇറങ്ങി വരുന്നത് കണ്ടു.
റോഡിലേക്ക് ഇറങ്ങി ചെന്നു. അമ്മേ എന്ന് വിളിച്ച് ആദി അടുത്തേക്ക് വന്നെങ്കിലും അവനോട് വീടിനുള്ളിൽ പോയി ഇരിക്കാൻ പറഞ്ഞു. സിദ്ധുവിൻറെ അടുത്തേക്ക് നടന്നു ചെല്ലുന്ന ഓരോ നിമിഷവും ഞാൻ തകർന്നു പോകുന്നു. എൻറെ ഉള്ളിൽ എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് തന്നെ അറിയാത്ത അവസ്ഥ.
“ആദി എൻറെയാണ് .. നിങ്ങളുടെ സന്തോഷത്തിനായി ഗായത്രിക്കുവേണ്ടി എല്ലാം വലിച്ചെറിഞ്ഞ് പോന്നവളാണ് ഞാൻ. നിങ്ങൾക്ക് ഭാര്യയുണ്ട്. മകളുണ്ട്. വീട്ടുകാർ ഉണ്ട് സന്തോഷങ്ങളുണ്ട്..എനിക്ക് ഇവൻ മാത്രമേയുള്ളൂ…നിങ്ങളെ വിട്ടു കൊടുത്തത് പോലെ അവനെ നഷ്ടപ്പെടുത്തി കളയാൻ പറ്റില്ല എനിക്ക്. ഞാൻ നിങ്ങളുടെ കാല് പിടിക്കാം. എപ്പോഴെങ്കിലും എന്നോട് ഒരു തരി സ്നേഹം എങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അവനെ എനിക്ക് തരണം. പ്ലീസ്..”
ഏതോ ഒരു വീടിൻറെ മുറ്റത്താണ് നിൽക്കുന്നതെന്നു പോലും ഓർക്കാതെ കാലിൽ വീണ് പൊട്ടിക്കരയുന്ന മാളുവിനെ പെട്ടെന്ന് തന്നെ എഴുന്നേൽപ്പിച്ചു നിർത്തി. അവളെ കേട്ട് കഴിഞ്ഞതും ആദിയുടെ അച്ഛന് വേറെ പെണ്ണുണ്ട് എന്ന സീതമ്മയുടെ വാക്കുകളും ഓർമ്മവന്നു.
“നീയെന്താ മാളു പറയുന്നത്..നീ ഗായത്രിക്ക് എന്ത് വിട്ടുകൊടുത്തു എന്നാ..എനിക്ക് എവിടുന്ന ഭാര്യയും മകളും ഒക്കെ.. നീ തന്നെയല്ലേ എല്ലാം വിട്ടിട്ട് പോയത്…നിനക്കെന്താ പറ്റിയെ?.. നിനക്ക് അറിയാവുന്നതല്ലേ ഗായത്രിയുടെയും വൈശാഖിൻറെയും കാര്യങ്ങളൊക്കെ…പിന്നെ എന്താ ഇങ്ങനെയൊക്കെ?..”
“വൈശാഖ്…..” അതാരാ എന്ന മട്ടിൽ സിദ്ധുവിൻറെ മുഖത്തേക്ക് നോക്കി.
“നീ പഴയതൊക്കെ മറന്നോ?.. നീയും കണ്ണനും ഒക്കെ ചേർന്ന് അല്ലേ അവളെ അവൻറെ അടുത്തേക്ക് എത്തിച്ചത്?..”
“അപ്പോൾ ഗായത്രി സ്നേഹിച്ച.. അവളുടെ അച്ഛൻറെ സഹോദരിയുടെ മകൻ…മെഡിസിന് പഠിക്കുന്ന..”
“അതെ.. വൈശാഖ്..അമ്മയുടെ അനിയത്തി ചന്ദ്രിക കുഞ്ഞമ്മയുടെ മകൻ. ഞങ്ങളുടെ കോളേജിലാണ് പഠിച്ചത്. ഗായത്രിയെ പോലെ തന്നെ അവനെയും ഞാൻ കോളേജിൽ വച്ചാണ് പരിചയപ്പെടുന്നത്.ഞങ്ങളുടെ ഫാമിലി പ്രോബ്ലം കാരണംആർക്കും ആരെയും അറിയാതെ പോയി.പരിചയപ്പെട്ട് വന്നതും അവര് തമ്മിൽ പിന്നീട് സ്നേഹത്തിലുമായി..”
“ഇല്ല ഞാൻ വിശ്വസിക്കില്ല.. അപ്പോൾ എൻറെ കൈ കൊണ്ട് ഞാൻ എഴുതിയ കത്ത്.
അതിലെ അഡ്രസ്സ് നിങ്ങളുടേതാണല്ലോ?..”
“അത് പിന്നെ അവൻറെ വീട്ടഡ്രസ്സിലേക്ക് എങ്ങനെയാ കത്തെഴുതുന്നത് ? കുഞ്ഞമ്മയും ഗായത്രിയുടെ അച്ഛനും കീരിയും പാമ്പും അല്ലയോ?.. എൻറെ അമ്മ അച്ഛനെ കല്യാണം കഴിച്ച് പോന്നപ്പോ തന്നെ അമ്മാവൻ കുഞ്ഞമ്മയെ വിലക്കിയത് ആയിരുന്നു പ്രേമത്തിൽ ഒന്നും ചെന്ന് ചാടരുത് എന്ന്.ആള് പക്ഷേ കണ്ടെത്തിയത് വിക്ടർ അങ്കിളിനെ ആയിരുന്നു. അന്നത്തെ കാലത്ത് ജാതിയും മതവും ഒക്കെ വലിയ പ്രശ്നം അല്ലേ?.. പോരാത്തതിനു സ്വന്തം നാട്ടിൽ തന്നെയും.. അവളുടെ അച്ഛൻ അങ്കിളിനെയും വീട്ടുകാരെയും ഒത്തിരി ഉപദ്രവിച്ചുട്ടുണ്ട്. എന്തിന് പ്രേമിച്ച് വിവാഹം കഴിച്ച എൻറെ അമ്മയ്ക്ക് പോലും കുഞ്ഞമ്മയോട് പൊറുക്കാൻ ആയിട്ടില്ല. അതുകൊണ്ടു തന്നെ ഗായത്രിയും വൈശാഖും തമ്മിലുള്ള ബന്ധം അവരുടെ പഠനമൊക്കെ കഴിഞ്ഞ് സ്വന്തം കാലിൽ നിൽക്കുന്നത് വരെ ഒളിപ്പിച്ച് വെക്കേണ്ടത് ഞങ്ങൾ എല്ലാവരുടെയും ആവശ്യമായിരുന്നു. എൻറെ പേരിൽ വന്ന കത്ത് നമ്മുടെ വീട്ടിൽ ഇരുന്ന ഞങ്ങൾ വായിച്ചത്.. അതിനുള്ള മറുപടി അവൻ എഴുതിയതും നമ്മുടെ വീട്ടിൽവെച്ച.. അന്നൊക്കെ അവൻ എൻറെ വെറും കൂട്ടുകാരൻ മാത്രമാണെന്ന് അമ്മയുടെ ധാരണ .വീട്ടിൽ പോലും പറയാതെ ഞങ്ങൾ കൂട്ടുകാർ എല്ലാവരും കൂടെ പിരിവിട്ട് ഒപ്പിക്കുന്ന പണം കൊണ്ടായിരുന്നു അവളെ മെഡിസിന് പഠിപ്പിച്ചത്പോലും.
പിന്നീട് ജോലിയൊക്കെ ആയതും അവളും അങ്കിളും കൂടെ പിണക്കം മാറിയതും അവൾക്ക് ഇഷ്ടപ്പെട്ട ആളുമായി വിവാഹം നടത്താമെന്നായി. പക്ഷേ കുഞ്ഞമ്മയും വിക്ടർ അങ്കിളും സമ്മതിച്ചില്ല. അവരുടെ സമ്മതം കിട്ടിയാലേ വിവാഹം നടക്കൂ എന്ന് വൈശാഖിനു നിർബന്ധം. ഒടുവിൽ അച്ഛനും മകളും തമ്മിൽ വഴക്കായപ്പോൾ അവൾ അന്ന് തിരിച്ചു വന്നു. ഗായത്രി വിദേശത്തേക്ക് ജോലിക്കായി പോവുകയാണ് എന്നറിഞ്ഞതും വീട്ടുകാർ സമ്മതിച്ചില്ലെങ്കിലും വേണ്ടെന്ന മട്ടിൽ വൈശാഖ് വിവാഹത്തിന് തയ്യാറായി.
കൃത്യമായി പറഞ്ഞാൽ നീ വീട് വിട്ട് പോയതിൻറെ പിറ്റേദിവസമാണ് വിവാഹം നടത്താം എന്ന് പറഞ്ഞു അവൻ വിളിക്കുന്നത്… അപ്പോഴേയ്ക്കും ഞങ്ങളുടെ മനസ്സ് ഒക്കെ മടുത്തു പോയിരുന്നു.ഞാൻ തളർന്നു പോയിരുന്നു. എങ്കിലും ഗായത്രിയുടെ അമ്മയ്ക്ക് വേണ്ടി അവരുടെ ആരോഗ്യം കണക്കിലെടുത്ത് വിവാഹം നടത്തി. വിവാഹശേഷവും അവരെ കുറേക്കാലം നമ്മുടെ വീട്ടിൽ തന്നെയായിരുന്നു താമസം.
വൈഗ മോള് ഉണ്ടായതിൽ പിന്നെയാ കുഞ്ഞമ്മ അവരെ സ്വീകരിച്ചത്…
ഇതൊക്കെയാണ് സത്യങ്ങൾ. എന്നെ വിശ്വാസമില്ലെങ്കിൽ വൈശാഖിനോട് ചോദിച്ചോളൂ. അല്ലെങ്കിൽ ഗായത്രിയോട്. എന്നാലും എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടുന്നത് അറിയില്ലായിരുന്നു. ഗായത്രി നിൻറെ സുഹൃത്ത് ആയിരുന്നില്ലേ?.. അവളോട് ഒരു വാക്ക് ചോദിച്ചു കൂടായിരുന്നോ?..ഒരു വാക്കിലോ നോക്കിലോ നിന്നോട് ഞാൻ ഇഷ്ടക്കേട് കാണിച്ചിട്ടുണ്ടോ?.. പിന്നെ എങ്ങനെ തോന്നി നിനക്ക് ഞാൻ വേറൊരുത്തിയെ സ്നേഹിച്ചു കാണുമെന്ന്..ഇനി അങ്ങനെ ഒന്ന് ഉണ്ടായിരുന്നെങ്കിൽ തന്നെ നീ എന്നെ വിട്ടു പോകാൻ പാടുണ്ടോ?..എന്നെ വിട്ടു കൊടുത്തിട്ടും നിനക്ക് വേദനിച്ചില്ല ?..എന്തിനാണ് പോകുന്നത് എന്ന് ഒരു സൂചനയെങ്കിലും തന്നിട്ട് പോകാമായിരുന്നില്ലേ?..”
“ഞാൻ എല്ലാം വ്യക്തമായി എഴുതി വെച്ചിരുന്നല്ലോ?..അത് സത്യം അല്ലായിരുന്നുവെങ്കിൽ അന്വേഷിച്ചു വന്നു കൂടായിരുന്നോ എന്നെ? അന്ന് കണ്ണേട്ടന് അപകടം പറ്റിയപ്പോൾ അരികിലായി ഞാൻ ഉള്ളത് കണ്ടിരുന്നില്ലേ ?.. എന്നിട്ടെന്താ നിർത്താതെ പോയത്?..”അത് കണ്ണേട്ടൻ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്നുവോ?..”
ആ ചോദ്യത്തിന് മുന്നിൽ മുട്ടുവിറയ്ക്കുന്ന പോലെ തോന്നി സിദ്ധുവിന്. ഇത്രകാലവും ഞാൻ വിചാരിച്ചു പോന്നിരുന്നത് എന്തായിരുന്നു എന്ന് അവൾ അറിഞ്ഞാൽ…കണ്ണനോടൊപ്പം പോയി എന്ന് അവളെ സംശയിച്ചിരുന്നു എന്ന് എങ്ങനെ പറയും. അമ്മ. മീനു ചേച്ചി. ഗായത്രി. അങ്ങനെ അവൾക്ക് പ്രിയപ്പെട്ട എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചത് ഞാനല്ലേ…
“പോട്ടെ. കാരണങ്ങൾ എന്തായാലും എനിക്ക് അറിയേണ്ട…പക്ഷേ നിങ്ങളോടൊ ഗായത്രിയോടോ സത്യങ്ങൾ ചോദിച്ച മനസ്സിലാക്കാഞ്ഞതിൽ …ഇറങ്ങി പോന്നതിൽ.. എല്ലാവരെയും വിഷമിപ്പിച്ചതിൽ..ഒക്കെ മാപ്പ്. ഞാനെൻറെ കുഞ്ഞിനോട് എങ്ങനെ മാപ്പ് ചോദിക്കും..എനിക്കറിയില്ല..എന്തൊരു പൊട്ട ബുദ്ധിയാണ് എൻറെത്.”
സ്വയം പഴിച്ചിരിക്കുന്ന മാളുവിനെ കെട്ടിപ്പിടിച്ച് കരയുമ്പോൾ കുറ്റബോധം കൊണ്ട് ചവിട്ടി മെതിയ്ക്കപ്പെ ടുകയായിരുന്നു സിദ്ധാർത്ഥ്. മാളവികയുടെ സ്നേഹത്തിനു മുന്നിൽ താൻ ഇല്ലാതാകുന്നത് പോലെ തോന്നി.അവൾക്കു മുന്നിൽ തോറ്റു പോയത് പോലെ തോന്നി.
അമ്മയെ നോക്കി വന്ന ആദി ഈ കാഴ്ച കണ്ടതും ഇങ്ങോട്ട് വരുന്ന വഴിയിൽ മനസ്സിൽ തോന്നിയ തൻറെ ഊഹങ്ങൾ ശരിയായിരുന്നു എന്ന് അവന് മനസ്സിലായി. അവരുടെ സ്നേഹകൂട്ടിലേക്ക് അവനും ഇടിച്ച് കയറി. ആദിയെ കണ്ടതും മറ്റെല്ലാം മറന്നു പോയിരുന്നു. അവനെ മുറുകെപ്പിടിച്ചു നിന്നു. എത്രനേരം എന്നറിയില്ല ഫോൺ ബെൽ അടിക്കുന്നത് അറിഞ്ഞതും എഴുന്നേറ്റ് നിന്ന് അറ്റൻഡ് ചെയ്തു..
“ഏട്ടൻ എവിടെയാ?.. സ്കൂളിലും വീട്ടിലും ഇല്ലല്ലോ?.. മാളുവിനേയും കാണുന്നില്ലല്ലോ?.
എല്ലാം കുളമാക്കിയോ?…”
“ഞങ്ങൾ അങ്ങോട്ട് വരുവാ.. നീ വീട്ടിൽ എത്തിക്കോ..”
വീട്ടിലെത്തി ഗായത്രിയെ അഭിമുഖീകരിക്കുന്നത് ഓർത്തതും വല്ലായ്മ തോന്നി മാളുവിന്. വണ്ടി ഓടിക്കുന്നതിനിടയിലും കഴിഞ്ഞുപോയ കാര്യങ്ങൾ ഓരോന്നായി വിശകലനം ചെയ്യുകയായിരുന്നു സിദ്ധു..അന്ന് മാളവിക വീട് വിട്ട് ..തന്നെ വിട്ട് ഇവിടേയ്ക്ക് വന്നില്ലായിരുന്നുവെങ്കിൽ അവൾ ഗർഭിണിയാണെന്നറിയുമ്പോൾ തീർച്ചയായും അവളുടെ ആരോഗ്യം പ്രമാണിച്ച് ആ കുഞ്ഞിനെ നശിപ്പിച്ചു കളഞ്ഞേനേ..ഒരമ്മയാകണം എന്ന മാളുവിൻറെ ആഗ്രഹം നടത്തിയെടുക്കാൻ വിധി കണ്ട വഴിയാകും ഇതൊക്കെ എന്ന് കരുതിമാത്രം ആശ്വസിക്കാം..
വീട്ടുമുറ്റത്ത് ഇറങ്ങി ചെന്നതും ഗായത്രി ഓടിവന്ന് മാളുവിനെ കെട്ടിപ്പിടിച്ചു. “എന്നോട് നിനക്ക് ഇത്ര സ്നേഹമുണ്ടായിരുന്നു എന്ന് അറിഞ്ഞില്ലല്ലോടി…എന്തിൻറെ പേരിലായാലും എൻറെ ഏട്ടനെ വിട്ട് ഒരടി ദൂരത്തേക്ക് ഇനി നീ പോയി എന്നറിഞ്ഞാൽ ഗായുവിൻറെ തനിനിറം നീ അറിയും..” അവൾക്കു മുന്നിൽ ഉത്തരംമുട്ടി നിന്നു പോയി.
“വൈഗ മോൾ എന്തിയെ?.. നിൻറെ വൈശാഖ്.. ആൾ ഇവിടെ ഇല്ലെങ്കിലും ഫോട്ടോയെങ്കിലും കാണിച്ചു താ”
“അതൊക്കെകാണിച്ച് തരാം.. അതിനൊക്കെ മുൻപേ നീ കാണേണ്ട ഒരാളുണ്ട്.. നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ഈ സന്തോഷത്തിന് ഒക്കെ കാരണക്കാരനായ ആൾ.
ഏട്ടൻ എന്താ മിഴിച്ചു നിൽക്കുന്നെ… അകത്ത് പോയി കണ്ടു ആളോട് ചെറുതായി മാപ്പ് കൂടി പറഞ്ഞോ…”
ആകാംക്ഷയോടെ അകത്തേക്ക് ചെന്നതും വൈഗ മോളെ കളിപ്പിച്ചു നിൽക്കുന്ന കണ്ണേട്ടനേ കണ്ടു.
തന്നെ ഇവിടെ ഒട്ടും പ്രതീക്ഷിക്കാത്ത മട്ടിൽ നോക്കി നിൽക്കുന്ന മാളുവിനെ കണ്ടതും അയാൾക്ക് വേദന തോന്നി.
“അതിശയിച്ചു നോക്കണ്ട.. നീ ഇവിടെ ഉള്ള വിവരം എനിക്ക് തന്നത് കണ്ണേട്ടൻ തന്നെയാ. എന്നെ കാണാൻ വന്നിരുന്നു ഒരു മാസം മുൻപേ. നിൻറെ മനസ്സിലെ തെറ്റിദ്ധാരണകളും പിന്നെ ആദി ഉണ്ട് നിൻറെ കൂടെ എന്ന സത്യാവസ്ഥയും ഒക്കെ പറഞ്ഞു കൊണ്ട്.. ബാക്കിയെല്ലാം ആള് തന്നെ പറയും.. അല്ലേ കണ്ണേട്ടാ..”
ഗായത്രി പറഞ്ഞത് ഉൾക്കൊള്ളാനാവാതെ അതിശയത്തോടെ നിൽക്കാനേ സിന്ധുവിന് കഴിഞ്ഞുള്ളൂ…
“നിന്നോട് തിരികെ പോകാൻ അന്ന് ആശുപത്രിയിൽ വച്ച് തന്നെ പറഞ്ഞതല്ലേ മാളു..എത്ര ദൂരേ ഒളിച്ചു നിന്നാലും ഞാൻ നിന്നെ കണ്ടു പിടിക്കും എന്ന്നിനക്ക് പണ്ടേ അറിയാവുന്നതല്ലേ?..പക്ഷേ ഇത്തവണ കുറച്ച് കഷ്ടപ്പെട്ടു കേട്ടോ.. അതും ഈ പൊട്ട കാലും വെച്ച്…”
അപ്പോഴാണ് കണ്ണേട്ടനേ ശ്രദ്ധിക്കുന്നത്.. പുറമേയ്ക്ക് പ്രത്യക്ഷത്തിൽ കുഴപ്പമൊന്നുമില്ല. പക്ഷേ വൈഗ മോളുടെ പിന്നാലെ ചെറുതായി നടന്നതും ഒരു കാല് ഞൊണ്ടുന്നത് കണ്ടു.
“അപ്പൊ കണ്ണേട്ടൻ അന്ന് പറഞ്ഞ തെറാപ്പിക്ക് പോയില്ലേ?.. രണ്ടാഴ്ച കിടന്നാൽ ശരിയാകും എന്നല്ലേ ഡോക്ടർ പറഞ്ഞത്?”
ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള ഉത്തരം..
“കണ്മുന്നിൽ വച്ച് നിന്നെ കാണാതെ പോയാൽ ഞാൻ എന്നെ ചികിത്സിക്കാൻ പോകുമോ അതോ നിന്നെ തേടി പിടിക്കാൻ ശ്രമിക്കുമോ?.. നീ പോകാനുള്ള സ്ഥലത്തെല്ലാം തിരക്കി. ബസ്റ്റാൻഡിൽ, റെയിൽവേ സ്റ്റേഷനിൽ, എന്തിന വല്ല അപകടവും പറ്റിയോ എന്നറിയാൻ ആശുപത്രികളിൽ, പത്രത്തിൻറെ താളുകളിൽ..
ആഴ്ചകൾ പിന്നിട്ടതും അവിടെയെങ്ങും കണ്ടുകിട്ടാൻ സാധ്യതയില്ല എന്ന് അറിഞ്ഞിട്ടും ചന്ദ്രോത്ത് പോയി നോക്കി. വീട് പൂട്ടിയിട്ടിരിക്കുന്നു.
അത് കഴിഞ്ഞു സിദ്ധാർത്തിൻറെ വീട്ടിൽ ചെന്നു നോക്കി. ഓട്ടോ ഇറങ്ങിയപ്പോഴേ ഗായത്രിയും മീനുവും മുറ്റത്ത് നിൽക്കുന്നത് കണ്ടു..ഗായത്രിയുടെ കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂരവും മുഖത്തെ തിളക്കവും ഒക്കെ കണ്ടതും അവിടെ പിന്നെ തിരക്കാൻ തോന്നിയില്ല…വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ഇനി സിദ്ധാർഥനെ കണ്ടിട്ട് കാര്യമില്ല എന്ന് മനസ്സിലായി…ഒരു കണക്കിന് മാളുവിൻറെ തീരുമാനം ശരിയായിരുന്നു എന്ന് തന്നെ തോന്നി.
പിന്നെ മാളുവിന് വേണ്ടിയുള്ള അലച്ചിലുകൾ ആയി.. അതിലും തമാശ ഞാൻ പണ്ട് ഇവിടെ വന്നിട്ടുണ്ട്. ഇവിടുത്തെ ഹോസ്പിറ്റലിൽ നോക്കി പോയിട്ടുമുണ്ട്.. പക്ഷേ മെറ്റേണിറ്റി വാർഡിൽ മാത്രം അന്വേഷിച്ചില്ല.. ഒടുവിൽ എൻറെ ജോലി പോകുന്ന അവസ്ഥയായപ്പോൾ തിരച്ചിലിന് രീതി മാറ്റി. ഓരോ നാടുകളിലേക്ക് ട്രാൻസ്ഫർ ചോദിച്ചു വാങ്ങിക്കും. പരിസരപ്രദേശങ്ങളിൽ ഒക്കെ അന്വേഷിക്കും…അങ്ങനെ ഒരിക്കൽ ആണ് ഗായത്രിയെ മറ്റൊരാളോടൊപ്പം കറങ്ങി നടക്കുന്നത് കണ്ടത്. അന്വേഷിച്ചു നോക്കിയതും അത് അവളുടെ ഭർത്താവ് ഡോ : വൈശാഖ് ആണെന്ന് അറിഞ്ഞു…
അന്ന് എങ്ങാനും മാളുവിന് എൻറെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ കൊന്നു കളഞ്ഞേനെ ഞാൻ..പക്ഷേ അവളെ കാണാൻ കാലം പിന്നെയും വേണ്ടിവന്നു. ഒരുതരത്തിൽ പറഞ്ഞാൽ അവള് ആയിട്ട് എന്നെ തേടി വന്നു.
“ഓർമ്മയുണ്ടോ നിനക്ക്.. നിൻറെ ലോണിൻറെ കാര്യങ്ങൾ സംസാരിക്കാൻ നീഒരിക്കൽ ബാങ്കിൽ മാനേജറെ തേടി വന്നത്. ഒരു കണ്ണാടിച്ചില്ലിനിപ്പുറം വിസിറ്റേഴ്സ് ബെഞ്ചിൽ നിന്നെ കാണുന്ന നിമിഷത്തിലെ എൻറെ മാനസികാവസ്ഥ ..അത് ഈ ലോകത്തിൽ ഒരാൾക്കും പറഞ്ഞാൽ മനസ്സിലാവില്ല..
നിനക്ക് അന്ന് മുഖം തന്നില്ലെങ്കിലും എൻറെ ക്യാബിനിൽ ഇരിപ്പുണ്ടായിരുന്ന ഞങ്ങളുടെ ക്ലയൻറ് രഞ്ജിത്ത് സാറിനോട് നിന്നെ കുറിച്ച് അന്വേഷിച്ചു. അയാളുടെ സ്കൂളിലെ ടീച്ചർ ആണെന്നും ഒരു കുഞ്ഞുണ്ട് എന്നൊക്കെ അറിഞ്ഞതും കൂടുതൽ കൂടുതൽ ചോദിച്ചു.
അവസാനം നിൻറെ ഷോളി ടീച്ചറോട് ചോദിച്ചോളൻ പറഞ്ഞു അയാൾ.. അവരിൽ നിന്നും എല്ലാം അറിഞ്ഞതിനുശേഷം എത്രയും പെട്ടെന്ന് സിദ്ധാർത്ഥനെ കാണാൻ ചെന്നപ്പോൾ അയാൾ ഇല്ലായിരുന്നു. പകരം ഗായത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. അവളിൽ നിന്നും കൂടുതൽ കാര്യങ്ങൾ അറിഞ്ഞതും പിന്നെ എന്തോ അയാളെ കാത്തിരുന്നു കാണാൻ തോന്നിയില്ല.
ഞങ്ങളായിട്ട് നിങ്ങളോട് ഒന്നും പറയേണ്ട എന്ന് തോന്നി. സിദ്ധാർത്ഥനെ ഇവിടെ എത്തിച്ചു കിട്ടിയാൽ എല്ലാം ശരിയാകും എന്നു തോന്നി. എന്തോ ഭാഗ്യത്തിന് ആ സമയത്ത് തന്നെ നിങ്ങളുടെ വീട് ഒഴിഞ്ഞു കിട്ടി. എങ്കിലും നിങ്ങൾ നേരായ വഴിക്ക് പോയില്ലെങ്കിൽ അന്നേരംതീർച്ചയായും ഞങ്ങൾക്ക് ഇടപെടാം എന്നു കരുതി..”
കണ്ണനെ കേട്ടതും അയാളുടെ മുന്നിൽ താൻ വല്ലാതെ ചെറുതാകുന്നത് പോലെ തോന്നി സിന്ധുവിന്. നിറഞ്ഞു വന്ന കുറ്റബോധത്താൽ മെല്ലെ അയാളുടെ അടുത്തേക്ക് നടന്നടുത്തു.ഒരു പുഞ്ചിരിയോടെ ആയിരുന്നു സംസാരം.
“ആദ്യമായി നിങ്ങൾ എന്നെ കാണാൻ വന്നത് ഓർമ്മയുണ്ടോ?.. അന്ന് ഇവളുടെ മനസ്സിൻറെ ഒരു കോണിൽ പോലും നിങ്ങൾ ഇല്ലായിരുന്നു.. ഇന്നിപ്പോൾ നമ്മൾ വീണ്ടും കാണുമ്പോൾ അതിൽ പൂർണ്ണമായും നിങ്ങളാണ്..അതുകൊണ്ട് ഇനിയും കൈവിട്ടു കളയരുത്. ഒരിക്കൽ കൂടി ഇവൾ ഇറങ്ങി വന്നാൽ തീർച്ചയായും ഞാനിനി മടക്കി തരില്ല…”
അത് കേട്ടതും കണ്ണനെ കെട്ടിപ്പിടിച്ച് കരയുന്ന മാളുവിനെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ .
പിറ്റേ ദിവസം രാവിലെ സ്കൂളിലേക്ക് ചെന്നു. ഷോളി ടീച്ചറെ കണ്ടു നന്ദിയും പരിഭവവും പറഞ്ഞു. രഞ്ജിത്ത് സാറിനെ കണ്ടു മാപ്പുപറയണം എന്നുണ്ടായിരുന്നു. പക്ഷേ ആളെ കണ്ടുകിട്ടിയില്ല. ദേവൂട്ടിയെ ചെന്നു കണ്ടു. അവളാകെ സന്തോഷത്തിലാണ്. അവളുടെ അമ്മയെ തിരികെ കൂട്ടാൻ പോയതാണത്രെ അച്ഛൻ..
” അച്ഛൻ ഇന്നലെ അമ്മയെ വിളിച്ച് മാപ്പുപറഞ്ഞു..പിന്നെയും എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു. പിന്നെ എൻറെ അച്ഛൻ എന്തിനാണെന്ന് അറിയാമോ അമ്മയെ പിണക്കി വിട്ടത്. പണ്ട് അമ്മയോട് എന്തോ പറഞ്ഞത് സഹിക്കാൻ കഴിയാതെ വന്നപ്പോൾ അമ്മ അച്ഛനെ അടിച്ചിരുന്നു അത്രേ.. വേണ്ടാത്തത് പറഞ്ഞാൽ ഏതു പെണ്ണും ദേഷ്യപ്പെടും എന്ന് അച്ഛനെ ഇപ്പോഴാണത്രേ മനസ്സിലായത്എന്ന് അമ്മയോട് പറയുന്നത് കേട്ടു… എന്നാലും ആരായിരിക്കും ടീച്ചറെ അച്ഛനെ തല്ലിയ ആ പെണ്ണ്…”
“അറിയില്ല ദേവൂട്ടി..അച്ഛൻറെയും അമ്മയുടെയും കൂടെ മോള് നല്ല മിടുക്കി കുട്ടി ആയി പഠിക്കണം. അച്ഛനോട് മാളവിക ടീച്ചറുടെ പ്രത്യേക നന്ദി പറയണം..പോയിട്ട് വരാട്ടോ..”
സീതമ്മയോട് യാത്ര പറയാൻ ആയിരുന്നു ബുദ്ധിമുട്ട്. ഗായത്രി അവിടെതന്നെ സെറ്റിൽ ചെയ്യാൻ തീരുമാനിച്ചതിനാൽ എപ്പോഴെങ്കിലുംഎനിക്കും ഇവിടേക്ക് തിരിച്ചു വരാം എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു.
സരോവരത്തിൽ എത്തി വർഷങ്ങൾക്കിപ്പുറം അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടന്നു മീനു ചേച്ചിയുടെ പരാതികളും പരിഭവങ്ങളും കേൾക്കുമ്പോൾ എല്ലാ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിയെത്തി. അമ്മ പക്ഷേ പരാതിയോ പരിഭവമോ ഒന്നും പറഞ്ഞില്ല..ഇത്തവണയും അമ്മ എന്നെ മനസ്സിലാക്കി എന്ന് തോന്നി .
ആദി മിനു ചേച്ചിയുടെ മക്കളെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു. ഒരു ചേച്ചിയും ഒരു അനിയത്തിയും.. അച്ഛച്ഛാനും മക്കളുംകൂടി വീട് എടുത്തു തല തിരിച്ചു വയ്ക്കും എന്ന് തോന്നി.കളിചിരികൾ കൂട്ടിന് എത്തിയ ഒരു ദിവസം വീണ്ടും.അവരോട് സംസാരിച്ചിരിക്കുമ്പോൾ യാത്രാക്ഷീണമോ വർഷങ്ങളുടെ വിള്ളലോ ഒന്നും കയറി വന്നതേയില്ല.അവരുടെ സംസാരത്തിൽ നിന്നുംഞാൻ ഒരംഗമായി ആ വീട്ടിൽ തന്നെ ഉണ്ടായിരുന്നു ഇക്കാലമത്രയും എന്ന് തോന്നി.
.കുറച്ചു കഴിഞ്ഞതും ആദി കുട്ടികളുടെ കൂടെ താഴെ തന്നെ ഉറങ്ങി.സിദ്ധു ഇടയ്ക്കൊക്കെ വന്ന് നോക്കി പോയെങ്കിലും അമ്മയേയും ചേച്ചിയേയും വിട്ടു പോകാൻ തോന്നിയില്ല.പാതിരാത്രി എപ്പോഴോ മുകളിലേക്ക് ചെന്നതും സിദ്ദു കിടക്കുന്നതു കണ്ടു.
ഞാൻ പക്ഷേ ഉറക്കം വരാതെ കഴിഞ്ഞുപോയ രാത്രികളെ ഓർത്തു പുറത്തേക്ക് നോക്കി നിന്നു..
രാവിലെ ഒരിടം വരെ പോകാനുണ്ടെന്ന് സിദ്ധു പറഞ്ഞത് പ്രകാരം ആദിയെ കുട്ടി ഒരുങ്ങി ഇറങ്ങി.അമ്പലമുറ്റത്ത് ആണ് യാത്ര ചെന്ന് നിന്നത്.
“നമ്മൾ തമ്മിൽ ആദ്യമായി കണ്ടത് ഓർമ്മയുണ്ടോ നിനക്ക്?..നിൻറെ തൊട്ടു പുറകിൽ നിന്ന് ഞാൻ പ്രാർത്ഥിച്ചത്..ആദ്യമായി സംസാരിച്ചത്..ഈ നടയിൽ വെച്ച് നമ്മൾ ഒന്നും കൂടി തുടങ്ങുകയാണ്.”
കയ്യിൽ താലി കിടക്കുന്നത് കണ്ടു.അന്ന് ഇത് കെട്ടി തരുമ്പോൾ ഞങ്ങൾക്ക് പരസ്പരം സ്നേഹം ഇല്ലായിരുന്നു.രണ്ടുപേർക്കുംപ്രാർത്ഥിക്കാൻ ഒത്തിരി കാര്യങ്ങൾ ഉണ്ടായിരുന്നു..ഇന്ന് പ്രാർത്ഥിക്കാൻ ഒന്ന് മാത്രമേ ഉള്ളൂ .എന്തൊക്കെ സംഭവിച്ചാലും അരികെ എന്നും കൂട്ടായി വേണമെന്ന് മാത്രം.
അമ്പലനടയിൽ നിന്നും നേരെ പോയത് ചന്ദ്രോത്ത്ക്ക് ആണ്.പൊടിപിടിച്ച് വൃത്തികേടായി കിടക്കുന്നതിനു പകരം വീട് ചിട്ടയിലും അടുക്കത്തിലും കിടക്കുന്നത് കണ്ടു.വാതിൽ തുറന്ന് കിടന്നതും ആരോ അകത്തു ഉണ്ടെന്ന് മനസ്സിലായി .മുറ്റത്ത് തൂങ്ങിക്കിടക്കുന്ന നാഴികമണിയിൽ ആദി കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കുന്നത് കണ്ടു. മുത്തശ്ശി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അവനെ വഴക്കു പറഞ്ഞെനേ…ശബ്ദം കേട്ട് അകത്തു നിന്നും വരുന്ന രൂപത്തിൻറെ നിഴലിൽ പോലും മുടന്ത് ഉള്ളതായി തോന്നി.
“എനിക്ക് ഇങ്ങോട്ട് ട്രാൻസ്ഫർ ആയ കാര്യം പറയാൻ വിട്ടുപോയി.ഞാൻ നിങ്ങളെക്കാൾ മുൻപേ ഇങ്ങ് പോന്നു” ചിരിയോടെ സംസാരം വന്നു.
“കണ്ണേട്ടൻ ഇവിടെയാണോ താമസം”
“അങ്ങനെയൊരു മോഹം തോന്നി എനിക്ക്.അന്ന് ഗായത്രിയെ കണ്ടു കഴിഞ്ഞ് ഞാൻ നേരെ ഇങ്ങോട്ട വന്നത്.ഇതൊക്കെ പൊടിപിടിച്ച് ഒരു കോലം ആയിരുന്നു.ആളെ വിളിച്ച് എല്ലാം വൃത്തിയാക്കി വെച്ചിട്ടാ തിരിച്ചുപോന്നത്.ഇവിടെ ആരെങ്കിലും ഒക്കെ വേണമെന്ന് തോന്നി..
നീ പോയി അവരെയൊക്കെ കണ്ടിട്ട് വാ മാളു…”
ആരെ എന്ന അർത്ഥത്തിൽ സിദ്ദു നോക്കുന്നത് കണ്ടു. ഒന്നു കണ്ണടച്ച് കാണിച്ച് ഞാൻ ആദിയുടെ കൈപിടിച്ച് അച്ഛൻറെയും മുത്തശ്ശിയുടെയും അടുത്തേക്കു നടന്നു. ചേച്ചിയെ പോലെ അവർക്കും പറയാൻ ഒത്തിരി പരിഭവങ്ങൾ ഉണ്ട് എന്ന് തോന്നി. ഇത്തിരി കഴിഞ്ഞ് ആദിയുടെ കൈ പിടിച്ച് പുറത്തേക്ക് നടക്കുമ്പോൾ അവനെ കണ്ടു കൊതി തീർന്നില്ല എന്ന് അവര പരാതി പറയുന്നതുപോലെ തോന്നി.
വീട്ടു മുറ്റത്ത് എത്തിയതുംകണ്ണേട്ടനും സിദ്ധുവുംഎന്തോ സംസാരിച്ചിരിക്കുന്നത് കണ്ടു.കൂട്ടത്തിൽ ഒരു സ്റ്റീൽ ഗ്ലാസിൽ എന്തോ ഊതി കുടിക്കുന്നുണ്ട്.നോക്കിയതും കട്ടൻ ചായയാണ്.
“ആദ്യമായിട്ടല്ലേ എൻറെ കൈകൊണ്ട് വല്ലതും കുടിക്കുന്നത്.അഭിപ്രായം പറ..”
ചായ പോലും കുടിക്കാത്ത സിദ്ദു കുടിക്കുന്നത് കണ്ടതും വായിൽ വച്ച് നോക്കി. കടുപ്പത്തിൽ ഉള്ള വായിൽ വയ്ക്കാൻ കൊള്ളാത്ത ഒരു തേയിലവെള്ളം. എന്തിനോ അറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു.
“കണ്ണേട്ടൻ എന്തിനാ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നത്?.ഒന്നുകിൽ അപ്പച്ചിയുടെ അടുത്തേക്ക് തിരിച്ചു പോണം.. അല്ലെങ്കിൽആരെയെങ്കിലും കൂടെ കൂട്ടണം..ഇങ്ങനെ എന്തായാലും ശരിയാവില്ല..”
“എനിക്ക് അമ്മയോട് പിണക്കം ഒന്നുമില്ല..വേണമെങ്കിൽ ഇവിടെ വന്നു താമസിച്ചോട്ടെ…വിരോധമില്ല..പക്ഷേ അങ്ങോട്ടേക്ക് ഞാൻ ഇനി പോവില്ല..ഇവിടെ ഞാൻ ഓക്കെയാണ്…
ഈ വരാന്തയിലെ ചാരുകസേരയിൽ കാലും നീട്ടി കിടക്കുമ്പോഴുള്ള സുഖം നിനക്ക് പറഞ്ഞാൽ അറിയില്ല..
അതൊക്കെ പോട്ടെ നിങ്ങൾ പെട്ടെന്ന് ഇറങ്ങാൻ നോക്ക്..”
ചിരിച്ചുകൊണ്ട് അത് പറയുമ്പോൾആ നെഞ്ചിനകത്ത് എന്താവുമെന്ന് തനിക്കിപ്പോൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട്..കണ്ണനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സുകൊണ്ട് 1000 തവണയെങ്കിലും മാപ്പ് പറയുന്നുണ്ടായിരുന്നു മാളു.അയാളെക്കുറിച്ച് കരുതിയിരുന്നത് എല്ലാം തെറ്റായിരുന്നു .അയാൾ ആയിരുന്നു ശരി എന്ന് കാലം കാണിച്ചു തരുന്നു..തനിച്ചുള്ള ജീവിതത്തിൽ നിന്നും എങ്ങനെയെങ്കിലും കരകയറാൻ കഴിയട്ടെ എന്ന് മാത്രമായിരുന്നു ചിന്തിച്ചത്..
അവർ ഇറങ്ങി കഴിഞ്ഞതും വല്ലാത്ത ഏകാന്തത തോന്നി. ഇത്രയും കാലം മാളുവിനെ തേടി നടക്കുക എന്നൊരുജോലി അല്ലെങ്കിൽ അർത്ഥം ഉണ്ടായിരുന്നു ജീവിതത്തിന്. കയ്യോ കാലോ ഒടിഞ്ഞിട്ടായാലുംഅവളെ ജീവനോടെ കണ്ടു കിട്ടിയാൽ മതി എന്നായിരുന്നു.
അവളെ കണ്ടുകിട്ടിയതും സുരക്ഷിതമായി സിദ്ധു വിനെ ഏൽപ്പിച്ചതോടു കൂടി അതും തീർന്നു. മാളു പറഞ്ഞതുപോലെ ഒരു കൂട്ട് കണ്ടുപിടിക്കാൻ ആകുമോ അതോ ഇല്ലയോ?..ഇല്ലെങ്കിൽ ജീവിതം ഒരു വെള്ളക്കടലാസ് പോലെ ശൂന്യമായി പോകുമോ.ഇനിയെന്തു വേണം എന്ന് അനിശ്ചിതത്വം തോന്നിയതും കണ്ണടച്ച് കാല് നീട്ടി വെച്ച് കിടന്നു..അകക്കണ്ണിൽ പോലും കൂരിരുട്ട് നിറഞ്ഞിരുന്നു.
“കണ്ണേട്ടാ..ഏയ്..കണ്ണേട്ടാ.ഓടി വാ. എന്നെ പിടിക്ക്…”
ആർത്ത് കിലുങ്ങി ചിരിച്ചു കൊണ്ട് ഓടുന്ന മാളുവിനെ കൈയെത്തിപ്പിടിക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. കാലിലെ ഈ മുടന്ത് വേഗത വല്ലാതെ കുറയ്ക്കുന്നു. ഞാൻ ഓടി തളർന്നിരുന്നതും അവള് കൊഞ്ചി കൊഞ്ചി ചിരിച്ചുകൊണ്ട് കൂട്ടിനെത്തി.
“കണ്ണനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല എന്നല്ലേ പറച്ചില്..ഇപ്പോ കണ്ടോ മാളുൻറെ മുന്നില് തോറ്റു തൊപ്പിയിട്ടു ഇരിക്കണേ…ഇനി വീമ്പ് പറയോ ന്നോട്…”
“ഈ മുടന്തില്ലേ കാണായിരുന്നുആരാ തോല്ക്കാന്ന്..അല്ലേലും എന്തെങ്കിലും കുറവുകൾ ഉണ്ടാകുമ്പോളല്ലേ മാളു നമ്മൾ തോറ്റു തുടങ്ങു..”
മാളു വിൻറെ മുഖം മങ്ങി ചിരി മറയുന്നത് കണ്ടു.
“ആരാ പറഞ്ഞേ എൻറെ കണ്ണേട്ടന് ഈ മുടന്ത് കുറവാണെന്ന്.മാളുൻറെ കണ്ണിൽ അതൊരു ചന്തമാ..അത് കാണുമ്പോഴാ കണ്ണേട്ടൻറെ മനസ്സില് മാളു ആരായിരുന്നു എന്ന് മാളുന് തന്നെ മനസ്സിലാകുന്നത്..പഴയ കണ്ണേട്ടനേകാളും മാളുവിന് ഇഷ്ടം ഈ മുടന്തൻ കണ്ണേട്ടനയാ..ഞാൻഎത്ര ദൂരേക്ക് ഓടി പോയാലും ഈ കാലിൽ ഒന്ന് തടവി നോക്കൂ..മാളു ദ ഇത്ര അരികേ കാണും..എങ്ങും പോകാതെ..കണ്ണേട്ടന് മാത്രം കാണാവുന്ന പോലെ.ഇനി പറയോ മാളു തനിച്ചാക്കി പോയിന്ന്..”
ഇല്ലെന്ന് തലയാട്ടിയതും അവള് പൊട്ടി പൊട്ടി ചിരിച്ചു.മയക്കത്തിലും അയാളുടെ ചുണ്ടുകളിൽ വശ്യമായ പുഞ്ചിരി വിടർന്നു.ചന്ദ്രോത്ത് മുറ്റത്ത് മഴ ശക്തിയിൽ പെയ്തു തുടങ്ങി.നനുത്ത ഗന്ധരാജൻറെ മണം അന്തരീക്ഷത്തിൽ പരന്നൊഴുകി .പ്രകൃതിയും ഓർമ്മകളും ആസ്വദിച്ച് കണ്ണൻ അയാളുടെ ജീവിതം തുടരുകയാണ്..അയാളുടെ കാലിലെ മുടന്തുമായി ഇപ്പോൾ അയാൾ അഗാത പ്രണയത്തിലാണ്. പൊട്ടിച്ചിരികളും കുറുമ്പും കുസൃതിയും ആയി പ്രണയം കൂട്ടിന് എത്തുമ്പോൾ അയാൾ അവളുടെ ചെവിയോരത്ത് അടക്കം പറയും..
“എൻറെ പ്രണയം എന്നെന്നും നിനക്കായ്…പകരക്കാർ ഇല്ലാതെ എന്നെന്നും നിനക്കായ് മാത്രം …”
ശുഭം….