അല്ലെങ്കിലും എന്റെ മോള് ഭാഗ്യമുള്ളവളാണ്. അവളുടെ കാര്യത്തിന് പോയാൽ എല്ലാം പെട്ടെന്നു ശരിയാകുമെന്ന് അമ്മയോട് സന്തോഷത്തോടെ…

എഴുത്ത്: ഷെഫി സുബൈർ

വിവാഹമുറപ്പിച്ച മകൾ പ്രണയിച്ചവന്റെയൊപ്പം ഇറങ്ങി പോയപ്പോൾ ഹൃദയംപ്പൊട്ടി നിൽക്കേണ്ടി വന്നു എന്റെ അച്ഛന്.

വിവാഹത്തിനു മുമ്പു പോയതു കാര്യമായി. അല്ലെങ്കിൽ പാവം പിടിച്ച വേറൊരുത്തന്റെ ജീവിതം കൂടി തകർന്നേനേയെന്നും. വളർത്തു ദോഷമാണെന്ന നാട്ടുകാരുടെ പരിഹാസം നിറഞ്ഞ വാക്കുകൾക്കു മുമ്പിൽ നിറഞ്ഞ മിഴികളോടെ നിൽക്കേണ്ടി വന്നു എന്റെ അമ്മയ്ക്ക്.

രാപ്പകലില്ലാതെ എന്റെ അച്ഛൻക്കൊണ്ട മഴയും, മഞ്ഞും, വെയിലുമെല്ലാം മറ്റൊരുവന്റെ കൈയ്യിലേക്കു മകളെ പിടിച്ചു കൊടുക്കുമ്പോഴുള്ള സുന്ദരമായ മുഹൂർത്തത്തിന് വേണ്ടിയായിരുന്നു.

ബാങ്കു ബാലൻസില്ലാത്ത അച്ഛന്റെ മേശ വലിപ്പിലെ ചിട്ടി ബുക്കിൽ ചരിച്ചെഴുതിയ അക്കങ്ങൾ മകളുടെ നേരെയുള്ള ജീവിതത്തിനു വേണ്ടിയായിരുന്നു.

വേറൊരു വീട്ടിലേക്കു കയറി പോകണ്ട പെണ്ണാണ്. ഒരു കുറവും വരുത്തരുത്. നാലാള് കാണുമ്പോൾ ഒരു കുറ്റവും പറയരുതെന്നു അമ്മയോട് അച്ഛൻ പറയുമായിരുന്നു.

ഓരോ ദിവസവും ബാങ്കുകളിൽ ലോണിന്റെ ആവശ്യത്തിന് പോയിട്ടു, ഉച്ചയ്ക്ക് വിയർത്തു കുളിച്ചു കയറി വരുന്ന അച്ഛന്റെ മുഖത്തു എപ്പോഴും നിറഞ്ഞ ചിരിയായിരുന്നു.

അല്ലെങ്കിലും എന്റെ മോള് ഭാഗ്യമുള്ളവളാണ്. അവളുടെ കാര്യത്തിന് പോയാൽ എല്ലാം പെട്ടെന്നു ശരിയാകുമെന്ന് അമ്മയോട് സന്തോഷത്തോടെ പറയുന്ന അച്ഛന്റെ മനസ്സിൽ കല്ല്യാണ മണ്ഡപവും, കല്ല്യാണ പെണ്ണുമായിരുന്നു.

ഒരു തടസ്സവും കൂടാതെ എന്റെ മോളുടെ കാര്യങ്ങളെല്ലാം മംഗളമാക്കി തരണേ ഈശ്വരായെന്നു അച്ഛൻ ഇടയ്ക്കിടെ പറയുമായിരുന്നു. പ്രായമായ മകളെ സുരക്ഷിതമായി വേറൊരാളുടെ കൈകളിലേൽപ്പിക്കുന്നിടം വരെ അച്ഛന് ആധിയായിരുന്നു.

പക്ഷേ, അച്ഛന്റെ കുഴിഞ്ഞ കണ്ണിലെ കണ്ണുനീർ അവൾ കാണാതെ പോയി.
അച്ഛന്റെ നെഞ്ചിലെ തേങ്ങൽ അവൾ കേൾക്കാതെ പോയി.

എന്നാലും അച്ഛൻ ഒരു വാക്കുകൊണ്ടുപ്പോലും മകളെ ശപിച്ചില്ല. എന്റെ അച്ഛൻ മകളെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു.

പുറത്തൊരു കാൽപ്പെരുമാറ്റം കേട്ടാൽ അച്ഛൻ പ്രതീക്ഷയോടെ പോയി നോക്കും.

ഇപ്പോഴും അച്ഛൻ മകളെ പ്രതീക്ഷിച്ചിരിയ്ക്കുന്നു….. !