എവിടെയൊക്കെയോ അഴിഞ്ഞാടി നടന്ന് ഒരു കുഞ്ഞിനേയും താങ്ങി പിടിച്ചു വന്നാല്‍ അതെല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ട്.

ജനനി

എഴുത്ത്: ദിപി ഡിജു

‘അറിഞ്ഞോ… മാളികപ്പുരേലെ ലക്ഷ്മീടെ മോള് അമേരിക്കയില്‍ നിന്ന് ഒരു കൈക്കുഞ്ഞിനെയും കൊണ്ടാ വന്നത്…’

‘ഏത് ഗായത്രിയോ…??? ആ പെണ്‍കൊച്ചിന്‍റെ കല്ല്യാണം കഴിഞ്ഞിട്ടില്ലല്ലോ… പിന്നെങ്ങനെ…???’

‘ഹോ… അതിപ്പോള്‍ പിള്ളേരുണ്ടാകാന്‍ കല്ല്യാണം കഴിക്കണോന്നുണ്ടോ…??? അമേരിക്കയില്‍ നഴ്സിങ്ങ് ജോലി ആണെന്നും പറഞ്ഞു പോയതാ… അവിടെ ആരുടെയൊക്കെ കൂടെ ആയിരുന്നൂന്ന് ആര്‍ക്കറിയാം…???’

‘എന്നാലും… ആ സുഗുണന്‍ ഇത് എങ്ങനെ സഹിക്കും…??? വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടക്കുവായിരുന്നില്ലേ ആ പെണ്ണിനെ അവന്‍… ഇത്തവണ വരുമ്പോള്‍ കല്ല്യാണം ഉണ്ടാകും എന്ന് രാജീവനോടു പറഞ്ഞു എന്നാ അവന്‍ പറഞ്ഞേ…’

‘ഹാ… എന്തു പറയാനാ…??? ഓരോന്നുങ്ങള്‍ ഇങ്ങനെ ഒരുമ്പെട്ടു ഇറങ്ങിയിരിക്കുവല്ലേ… പെണ്ണുങ്ങളുടെ വില കളയാന്‍… ആ ഗോവിന്ദനും ലക്ഷ്മിക്കും ഇനി നാട്ടുകാരുടെ മുന്‍പില്‍ തല ഉയര്‍ത്തി നടക്കാന്‍ പറ്റുമോ…??? അവള്‍ക്ക് ഇളയ ആ പെണ്‍കൊച്ചിനെ കുറിച്ചെങ്കിലും ഓര്‍ത്തൂടാര്‍ന്നോ…???’

‘അതു തന്നെ… ഇനി അതിന് നല്ല ഒരു കല്ല്യാണക്കാര്യം വരുമോ…???’

നാട്ടിലെ അറിയപ്പെടുന്ന തറവാട്ടുകാരായിരുന്നു മാളികപ്പുരയ്ക്കല്‍. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഏറെ ഉണ്ടായിരുന്നെങ്കിലും കുലമഹിമ അവര്‍ എന്നും ഉയര്‍ത്തിപിടിച്ചിരുന്നു.

നാട്ടുകാര്‍ക്കിടയില്‍ വളരെ വലിയ ഒരു സ്ഥാനം ഉണ്ടായിരുന്നു ഗോവിന്ദന്‍ നായര്‍ക്ക്. ഒരു ചെറിയ ആക്സിഡന്‍റിന് ശേഷം ജോലി ചെയ്യാനുള്ള ആരോഗ്യം അദ്ദേഹത്തിന് ഇല്ലാതായതോടെ ആണ് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

മൂത്തമകള്‍ ഗായത്രി നഴ്സിങ്ങ് ജോലിക്കായി കടല്‍ കടന്നതിനു ശേഷം ആണ് ആ കുടുംബം വീണ്ടും സാമ്പത്തികമായി മെച്ചപ്പെട്ടത്. ഗോവിന്ദന്‍റെ ചികിത്സയ്ക്കായി വീടും പുരയിടവും പണയം വച്ചിരുന്നതെല്ലാം അവളായി തന്നെ തിരിച്ചെടുത്തിരുന്നു.

ഇളയമകള്‍ ഗൗരി മെഡിസിന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആണ് ബാംഗ്ളൂരില്‍. അവളുടെ പഠനകാര്യങ്ങളും നോക്കിയിരുന്നത് ഗായത്രി തന്നെയായിരുന്നു.

‘എടീ… നിന്നോടാണ് ഞങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്… ഇത് ആരുടെ കുഞ്ഞാണെന്ന്…???’

‘ഇതു എന്‍റെ കുഞ്ഞാണ് അമ്മേ… തല്‍ക്കാലം നിങ്ങള്‍ അത്രമാത്രം അറിഞ്ഞാല്‍ മതി…’

‘അതു തന്നെയാണ് ഞങ്ങള്‍ക്ക് അറിയേണ്ടത്… ദിവ്യഗര്‍ഭം ഒന്നുമല്ലല്ലോ… ഇതിന്‍റെ തന്ത ആരാണെന്നു പറഞ്ഞിട്ടു മതി ഇനി നിന്‍റെ ഇവിടുത്തെ താമസം…’

‘അച്ഛാ… ഇവന്‍ എന്‍റെ കുഞ്ഞാണ്… അങ്ങനെ തന്നെ വളര്‍ന്നാല്‍ മതി…’

തന്‍റെ മാറോടു ചേര്‍ന്നു ഉറങ്ങുന്ന കുഞ്ഞിനെ അവള്‍ ഒന്നു കൂടെ ഇറുകെ പുണര്‍ന്നു.

‘ഈ കുഞ്ഞുമായി നീ ഇവിടെ നില്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്… എവിടെയൊക്കെയോ അഴിഞ്ഞാടി നടന്ന് ഒരു കുഞ്ഞിനേയും താങ്ങി പിടിച്ചു വന്നാല്‍ അതെല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ട്…’

‘അച്ഛാ…’

‘ഇനി നീ എന്നെ അങ്ങനെ വിളിക്കരുത്… ഇങ്ങനെ തോന്ന്യസത്തിനു മുതിരുമ്പോള്‍ നിനക്ക് ഞങ്ങളേയും ഗൗരി മോളേയും പറ്റി കൂടി ഓര്‍ക്കാമായിരുന്നു… നിനക്ക് ഇവിടുന്നു ഇറങ്ങാം…’

‘ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല അച്ഛാ…’

‘ഒരക്ഷരം നീ ഇനി മിണ്ടരുത്… നിന്‍റെ കൈയ്യില്‍ ഇരിക്കുന്ന ഈ നാശം പിടിച്ചതു തന്നെയാ ഏറ്റവും വലിയ തെറ്റ്…. ഇനി നീ ഒരു നിമിഷം ഇവിടെ നില്‍ക്കരുത്… ഈ വീടുമായി നിനക്ക് യാതൊരു ബന്ധവുമില്ല…’

അവള്‍ നിറക്കണ്ണുകളോടെ ആ കുഞ്ഞുമാലാഖയെ മാറോടടക്കി പിടിച്ചു കൊണ്ടു ആ പടി ഇറങ്ങി.

‘റിട്ടേണ്‍ ടിക്കറ്റ് പെട്ടെന്ന് കിട്ടില്ല…. അതുവരെ തങ്ങാന്‍ ഒരിടം വേണം…’

ഗായത്രി ചിന്തകളില്‍ ആണ്ടുനടക്കവേ ആണ് ഒരു പിന്‍വിളി കേട്ട് തിരിഞ്ഞു നോക്കിയത്. വിളിച്ച ആളെ കണ്ട് അവളുടെ ചുണ്ടുകള്‍ അറിയാതെ മന്ത്രിച്ചു.

‘സുഗുണേട്ടന്‍….’

‘നീ ഈ കൊച്ചിനേയും താങ്ങിപ്പിടിച്ച് അസമയത്ത് ഇത് എങ്ങോട്ടാ…???’

‘സുഗുണേട്ടാ അത്…’

‘ഉംംംം… നീ ഒന്നും പറയേണ്ട… ഞാന്‍ എല്ലാം അറിഞ്ഞു… ചെറുതാണേലും എനിക്കും ഒരു വീട് ഉണ്ട്… നിനക്ക് ബുദ്ധിമുട്ട് ആവില്ലെങ്കില്‍ അങ്ങോട്ടു വരാം…’

അവന്‍ അവളുടെ കൈയ്യില്‍ നിന്ന് പെട്ടി പിടിച്ചു വാങ്ങി.

നേരം ഇരുട്ടി തുടങ്ങിയിരുന്നതു കൊണ്ട് അവന്‍ അവളോടു മറ്റൊന്നും ചോദിച്ചു ബുദ്ധിമുട്ടിക്കാന്‍ നിന്നില്ല.

രാവിലെ കുളി കഴിഞ്ഞു ഒരു ചായയുമായി സുഗുണനു അടുത്തേക്ക് എത്തിയതാണ് ഗായത്രി.

അവന്‍ ചായ വാങ്ങി കുടിച്ചശേഷം അവളുടെ മുഖത്തേക്ക് നോക്കി.

‘ഉംംംം…. ഇനി പറഞ്ഞോളൂ… അത് ആരുടെ കുട്ടിയാണ്…???’

‘ഇവന്‍ എന്‍റെ കുഞ്ഞാണ് സുഗുണേട്ടാ… എന്‍റെ സ്വന്തം കുഞ്ഞ്….’

‘അതേ… അത് നിന്‍റെ കുഞ്ഞ് തന്നെ… പക്ഷേ… അവനെ പ്രസവിച്ചതു നീയാണോ…??? അതാണ് എന്‍റെ ചോദ്യം…’

ഗായത്രി കുറച്ചു സമയം മിണ്ടാതെ നിന്നു.

‘പ്രസവിച്ചാല്‍ മാത്രമേ ഒരുവള്‍ അമ്മയാകുകയുള്ളോ…??? സുഗുണേട്ടാ…. ഇവന്‍… ഇവന്‍ എന്‍റെ കുഞ്ഞ് തന്നെയാണ്… ഞാന്‍ പ്രസവിക്കാത്ത… എന്‍റെ പൊന്നു മോന്‍…’

അവള്‍ ആ കുഞ്ഞിന്‍റെ നെറുകയില്‍ ഒന്നു തലോടി കൊണ്ട് പറഞ്ഞു.

‘ഇവന്‍… ഇവന്‍ എന്‍റെ കൂട്ടുകാരിയുടെ കുഞ്ഞാണ് സുഗുണേട്ടാ… എന്‍റെ ആന്‍സിയുടെ കുഞ്ഞ്… അനാഥയായ അവളെ പ്രണയിച്ചു വിവാഹം കഴിച്ചതായിരുന്നു അവളുടെ മോഹനേട്ടന്‍… അതിന്‍റെ പേരില്‍ അയാളുടെ വീട്ടുകാര്‍ അയാളെ പടിയടച്ചു പിണ്ഡം വച്ചു… അമേരിക്കയില്‍ ചെന്നകാലം മുതല്‍ ഞാന്‍ അവരോടൊപ്പം ആണ് താമസിച്ചിരുന്നത്… നാലു വര്‍ഷത്തെ അവരുടെ കാത്തിരിപ്പിനുശേഷം ആണ്… ഇവന്‍ അവരുടെ ജീവിതത്തിലേക്ക് വന്നത്…’

ഒന്നു ദീര്‍ഘമായി നിശ്വസ്സിച്ചിട്ടു അവള്‍ തുടര്‍ന്നു.

‘അന്ന്… ആ നശിച്ച ദിവസം… അവര്‍ കുഞ്ഞിനെ എന്‍റെ കൈയ്യില്‍ ഏല്‍പ്പിച്ചിട്ടാണ് ജോലിക്ക് പോയത്… രണ്ടു പേരും ഒരു സ്കൂളില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്… സ്കൂളിലേക്ക് വന്ന ഒരു കുട്ടിയുടെ കൈയ്യിലെ തോക്കിലെ ഉണ്ടകള്‍ക്ക് ഇരയാകാനായിരുന്നു അവരുടെ വിധി… പറക്കമുറ്റാത്ത ഈ കുഞ്ഞിനെ ഞാന്‍ എന്തു ചെയ്യും…??? മോഹനേട്ടന്‍റെ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ വീട്ടുകാരെ ഉപേക്ഷിച്ചു അന്യമതസ്ഥയെ വിവാഹം കഴിച്ച അയാളുടെ കുഞ്ഞിനെ ഏറ്റെടുത്തു വളര്‍ത്താന്‍ അവര്‍ക്ക് പറ്റില്ല എന്നു തീര്‍ത്തു പറഞ്ഞു…’

അവളുടെ കണ്ണുകളില്‍ നീര്‍കണങ്ങള്‍ രൂപപ്പെട്ടു.

‘എന്‍റെയും കൂടെ നെഞ്ചില്‍ കിടന്നു വളര്‍ന്നവനല്ലേ… അവന്‍റെ അമ്മയെ പോലെ ഒരു അനാഥനായി വളരാന്‍ വിടാന്‍ മനസ്സു അനുവദിച്ചില്ല… എന്‍റെ വീട്ടുകാര്‍ എന്നെ മനസ്സിലാക്കും എന്നാണ് ഞാന്‍ കരുതിയത്… പക്ഷേ….’

‘ഉംംംം…. നാട്ടുകാര്‍ പലതും പറഞ്ഞപ്പോഴും എനിക്ക് അപ്പോഴെ അറിയാമായിരുന്നു എന്‍റെ പെണ്ണിന് അങ്ങനെ ഒരു മോശമായ മനസ്സല്ലെന്ന്… അതു കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇത്രയും നാള്‍ ഞാന്‍ നിന്നെ മനസ്സില്‍ കൊണ്ടു നടന്നതില്‍ ഒരര്‍ത്ഥവും ഇല്ലല്ലോ… ഏതായാലും നീ അമേരിക്കയിലേക്ക് പോകാനുള്ള കാര്യങ്ങള്‍ നോക്കിക്കോളൂ… നമ്മുടെ നാട്ടിലുള്ളവര്‍ക്ക് നിന്‍റെ ഈ നല്ല മനസ്സു മനസ്സിലാക്കാന്‍ ഉള്ള വിവരം ഒന്നുമില്ല… വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്ന കാര്യം നീ എനിക്കു വിട്ടേക്കൂ…’

‘എന്‍റെ മോന്‍ ഉണര്‍ന്നു എന്നാണ് തോന്നണേ…’

‘ഗായത്രി… അവന്‍ ഇനി മുതല്‍ നിന്‍റെ മോന്‍ അല്ല… നമ്മുടെ മോന്‍ ആണ്… നീ തിരിച്ചു പോകുന്നതിനു മുന്‍പ് കൊട്ടും കുരവയും ഒന്നും വേണ്ട… ഒരു താലി ആ കഴുത്തിലേക്ക് ഞാന്‍ അങ്ങ് അണിയിക്കും… പിന്നെ എന്‍റെ പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം ഏകദ്ദേശം പൂര്‍ത്തി ആയി കഴിഞ്ഞു അധികം വൈകാതെ ഞാനും അങ്ങോട്ടു വരും… എന്‍റെ ഭാര്യയുടെയും കുഞ്ഞിന്‍റെയും അടുത്തേക്ക്…’

അവള്‍ അവന്‍റെ നെഞ്ചിലേക്ക് തലചായ്ച്ചു.

‘സുഗുണേട്ടാ….’

അവന്‍ അവളുടെ മൂര്‍ദ്ധാവില്‍ ഒന്നു ചുംബിച്ചു.

‘മറ്റൊരാളുടെ കുഞ്ഞിനു വേണ്ടി… സ്വന്തം ജീവിതം പോലും വേണ്ടെന്നു വയ്ക്കുന്ന എന്‍റെ ഈ പെണ്ണിന്‍റെ മനസ്സ്… അത് വിട്ടു കളയാന്‍ ആവില്ല എനിക്ക്… നിന്നെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനം ഉണ്ട് പെണ്ണേ… നീ ആണ് പെണ്ണ്… മാറു ചുരത്തിയില്ലേലും അമ്മമനസ്സുമായി മാറോടു അടക്കി പിടിക്കാന്‍ അറിയുന്ന ഒരു യഥാര്‍ത്ഥ പെണ്ണ്….’