ഒരു പക്ഷെ ഈ ലോകത്തിലെ തന്നെ ധോണിയുടെ ഏറ്റവും വല്യ വിമർശകൻ ആയിരിക്കും അല്ലു എന്ന് ഞങ്ങൾ വിളിക്കുന്ന അലോഷി എബ്രഹാം…

Written by DARSARAJ R SURYA

Mahi7781☑️ Thanks. Thanks a lot for ur love and support throughout. from 1929 hrs consider me as retired

ഇൻസ്റ്റാഗ്രാമിൽ ഈ പോസ്റ്റ്‌ വന്ന് സെക്കന്റുകൾ കഴിയും മുമ്പേ ഞാൻ എന്റെ ഉറ്റ സുഹൃത്ത് അലോഷിയെ ഫോൺ വിളിച്ചു….ഒരു പക്ഷെ ഈ ലോകത്തിലെ തന്നെ ധോണിയുടെ ഏറ്റവും വല്യ വിമർശകൻ ആയിരിക്കും അല്ലു എന്ന് ഞങ്ങൾ വിളിക്കുന്ന അലോഷി എബ്രഹാം (പ്രണയം മുംബൈ ഇന്ത്യൻസിനോട് മാത്രം )

അളിയാ ധോണി വിരമിച്ചു………ഇൻസ്റ്റയിൽ പോസ്റ്റ്‌ വന്നു……

എന്തായിരിക്കും അവന്റെ മറുപടി എന്ന് 101% എനിക്ക് അറിയാമായിരുന്നു. എന്നാലും അവന്റെ കുറ്റം പറച്ചിൽ കേൾക്കാൻ, എന്നാൽ കഴിയും വിധം അയൽക്കൂട്ടത്തിലെ ചേച്ചിമാരെ പോലൊരു കുത്തിതിരിപ്പ്….ഒരു മന:സുഖം…..

ആദ്യമെ തന്നെ പൊട്ടി ചിരിച്ചോണ്ട് അവൻ മറുപടി തുടങ്ങി…..

അളിയാ അവനവൻ ചെയ്യുന്നതിന്റെ പാപം അവനവൻ തന്നെ അനുഭവിക്കും…. ധോണി കാരണം അർഹിക്കുന്ന വിടവാങ്ങൽ പോലും കിട്ടാതെ പോയ എത്ര എത്ര ലെജൻഡ്സ്……ചോര തുപ്പി വേൾഡ് കപ്പ് നേടി തന്ന ചങ്ക് യുവി,വീരു, ഗംഭീർ, സഹീർ….. പോരാഞ്ഞിട്ട് ഇപ്പോഴും അനാഥ പ്രേതം പോലെ ഇപ്പോഴും അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഹർഭജൻ സിംഗ് ……. ഈ ലിസ്റ്റ് ഇവിടം കൊണ്ടൊന്നും തീരില്ല, ഈ പാപവും…..

ധോണി വന്ന് ഫൈനലിൽ സിക്സ് അടിച്ചു ജയിപ്പിച്ചപ്പോൾ കപ്പ് ധോണിടെ പേരിൽ…. ഗംഭീർ ആരായി??? നിന്റെ മുൻകാമുകിയുടെ അച്ഛൻ… PP ശശി…..ഗാംഗുലി വിതച്ച നെല്ല് കൊയ്യാൻ ഉള്ള യോഗം, പൊട്ടൻ മാവിൽ എറിഞ്ഞ പോലെ അവനു കിട്ടി…ക്യാപ്റ്റൻ കൂൾ പോലും….

കോവിഡ്19 വൈറസ് പോലും ധോണിയെ വെറുത്തിട്ട് വന്നതെന്നാണ് എനിക്ക് തോന്നുന്നത്, അങ്ങനെ എങ്കിലും അവൻ കളി നിർത്തി പോവാൻ….

എന്തായാലും മനസ്സ് നിറഞ്ഞു… അവൻ വിടവാങ്ങൽ അർഹിക്കുന്നില്ല.. കർമ്മ എന്നൊന്നുണ്ട്…..നീ രാത്രി വാ നമുക്ക് കൂടാം,ഇതൊന്നു അടിച്ചുപൊളിക്കണം……

ഞാൻ തിരിച്ചൊന്നും പറയാതെ കാൾ കട്ട് ചെയ്‌തു…..

ഇപ്പോൾ അലോഷിയുടെ ഏകദേശ രൂപം നിങ്ങൾക്ക് കിട്ടിയല്ലോ????

എന്റെ ഉറ്റ ചങ്ങാതി ആണവൻ…. സംഭവം ധോണിയുടെ കട്ട ഹേറ്റർ ആണെങ്കിലും ആള് പാവമാണ്, ഫ്രണ്ട്സ് എന്നാൽ മരിക്കും അവൻ …അലോഷിയോട് എനിക്ക് ഏറ്റവും കൂടുതൽ അസൂയ എന്തെന്നാൽ അവന്റെ കയ്യക്ഷരത്തോടാണ്, അച്ചടിക്കും പോലെ ആണ് അവന്റെ അക്ഷരം… അത് കണ്ടിട്ടാവാം ലോകത്തെ തന്നെ അപൂർവങ്ങളിൽ അപൂർവ്വം പേർ മാത്രം ചെയ്യുന്ന കലയിൽ അവൻ എത്തപ്പെട്ടത്… ചെന്നൈയിലെ റോയൽ എൻഫീൽഡ് ബൈക്കിന്റെ ഉത്പാദന കമ്പനിയിൽ, റോയലിന്റെ ടാങ്കിൽ ഒരു ലൈൻ പോലും റഫറൻസ് ഇടാതെ വെറും കൈ കൊണ്ട് ബോർഡർ വരക്കുക…..ടെക്നോളജി പോലും തോറ്റു പോകുന്ന പ്രതിഭാസം….ഇന്നും പലർക്കും അറിയില്ല,ആ സ്വർണ്ണ കളർ ബോർഡറിനു പുറകിൽ സ്റ്റിക്കർ കൂടാതെ, മനുഷ്യന്റെ കര സ്പർശം ഉണ്ടെന്ന സത്യം…സ്റ്റിക്കർ ബോർഡർ നിലവിൽ ഉണ്ടെങ്കിലും അലോഷിയുടെ കൈപ്പട തേടി പിടിച്ചു വരുന്നവർ നിരവധി ആണ്….. . അവൻ വല്യ ചിത്രകാരൻ ഒന്നുമല്ല… പക്ഷെ കയ്യക്ഷരത്തിലും ഈ ബോർഡർ വരപ്പിലും അവനെ വെല്ലാൻ വേറൊരുത്തൻ ഇനി ജനിക്കേണ്ടി ഇരിക്കുന്നു…

ഞങ്ങളുടെ ഗാന്ധിനഗർ ക്ലബിൽ അലോഷി വരച്ച ഒട്ടു മിക്ക എല്ലാ ക്രിക്കറ്റ്‌ താരങ്ങളുടേയും യും പടം ഉണ്ട്…. ധോണിയുടെ മാത്രം ഇല്ല, ധോണിയുടെ പടം വരയ്ക്കാൻ പറയുമ്പോൾ അവൻ പറയുന്ന സ്ഥിരം ഒരു ഡയലോഗ് ഉണ്ട്… മക്കളെ, ധോണിയുടെ പടം ഈ അലോഷി വരയ്ക്കുന്ന ദിവസവും എന്റെ നെഞ്ചിൽ റീത്ത് വെക്കുന്നതും ഒരു ദിവസം ആയിരിക്കും….

പടങ്ങളെക്കാൾ അതിൽ അവരുടെ പേര് എഴുതുന്ന അവന്റെ കയ്യക്ഷരം ആയിരുന്നു എന്നെ ഞെട്ടിച്ചിരുന്നത്…..

എന്നാൽ അതിനേക്കാൾ ഏറെ എന്നെ ഞെട്ടിച്ച സംഭവം ധോണി വിരമിച്ച ദിവസം രാത്രി ഉണ്ടായി………

അല്ലുവിന്റെ ക്ഷണ പ്രകാരം രാത്രി 10 മണിയോട് അകം ഞാൻ അവന്റെ വീട്ടിൽ ചെന്നു… അവൻ അപ്പോൾ എന്തോ ആവശ്യത്തിന് പുറത്ത് പോയിരിക്കുക ആയിരുന്നു…മിക്കവാറും ടച്ചിങ്‌സ് വാങ്ങാൻ ആവും എന്നാണ് ഞാൻ വിചാരിച്ചത്… അല്ലുവിന്റെ അമ്മ എന്നെ അവന്റെ റൂമിൽ ഇരിക്കാൻ പറഞ്ഞിട്ട് കിടക്കാൻ പോയി… കുറേ നേരം വെയിറ്റ് ചെയ്തിട്ടും അവനെ കാണാനില്ല.. ഫോൺ ആണെങ്കിൽ കൊണ്ട് പോയിട്ടും ഇല്ല….. അങ്ങനെ ഇരുന്നപ്പോഴാണ് അവന്റെ ഡയറി ഞാൻ കാണാൻ ഇട ആയത്…. അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി, അതിലെ ആദ്യ സെന്റൻസ് വായിച്ചപ്പോൾ …..തുടർന്ന് വായിക്കാൻ തുടങ്ങി….

ഇന്നത്തെ എന്റെ ഡയറിയിൽ എന്ത് എഴുതണം എന്ന് എനിക്ക് അറിയില്ല… മനസ്സ് അത്രയധികം അസ്വാസ്ഥമാണ്…ധോണി വിരമിച്ചിരിക്കുന്നു…ഇപ്പോൾ ദാ തൊട്ടു പിന്നാലെ റൈനയും….. എല്ലാവർക്കും അലോഷി എന്നാൽ Die Hard Dhoni Hater ആണ്… പക്ഷെ സത്യം ആർക്കും അറിയില്ല, ഞാൻ അറിയിക്കുകയും ഇല്ല…ബെഞ്ചമിൻ ലൂയിസിന്റെ ഭാഷയിൽ പറഞ്ഞാൽ എന്റെ ഇഷ്ടങ്ങൾ എന്റെ മാത്രം പ്രൈവസി ആണ്…..

സച്ചിൻ എന്നത് ഒരു വികാരം ആണ്…എന്നെ ക്രിക്കറ്റ്‌ പ്രാന്തൻ ആക്കിയതും അദ്ദേഹം തന്നെയാണ്…. അപ്പോൾ ധോണി എനിക്ക് ആരാണ്?????

2004 ഡിസംബർ 23 ന് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 158 ആം പ്ലയർ ആയി ഏകദിനത്തിൽ ധോണി ക്രീസിൽ ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ തോന്നിയ സത്യസന്ധമായ തോന്നൽ ദാ ഇതാണ്… ഇവനൊന്നും മുടി വെട്ടാൻ ബാർബർ ഷോപ്പും ഇല്ലേ??? ഇത് ഫാഷൻ ഷോയോ??? ക്രിക്കറ്റോ !!!!!!!!!! ഒറ്റ പന്തിൽ എല്ലാം ശുഭം…..

പക്ഷെ ഞൊടി ഇടക്കാണ് കാര്യങ്ങൾ മാറി മറിഞ്ഞത്……..തുടക്കം നന്നായാൽ ഒടുക്കവും നന്നാവും എന്ന ചൊല്ല് ധോണിക്ക് ചേരില്ല….ഏത് പശ്ചാത്തലത്തിൽ നിന്നും വന്നു എന്നതല്ല, ഏത് പ്രസ്ഥാനത്തിൽ കഠിനാധ്വാനം കൊണ്ട് എത്തിപെട്ടു എന്നതാണ് മുഖ്യം….പാളിച്ചയിൽ തുടങ്ങുന്ന ഏതൊരു വ്യക്തിക്കും ധോണിയുടെ ജീവിതം മാതൃക ആണ്……ശരിക്കും ഞാൻ കൂട്ടുകാർക്കിടയിൽ ധോണി വിരോധി ആയി അഭിനയിക്കുക ആയിരുന്നു… എന്തിനെന്നാൽ ഞാൻ പറയുന്ന കുറ്റങ്ങൾക്ക് അവർ പറയുന്ന ന്യായീകരണങ്ങൾ എന്നിൽ ഉണ്ടാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തവ ആണ്… ഒരു തരം സൈക്കോ ആരാധന എന്ന് കൂട്ടിക്കോ……

ധോണിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് ഞാൻ പറയുന്നതിനേക്കാൾ നല്ലത് അദ്ദേഹത്തിന്റെ കീഴിൽ കളിച്ച ഒരാൾ പറയുന്നതല്ലേ … ഇത് പറഞ്ഞത് ആർ. പി. സിംഗാണോ ഇശാന്ത് ആണോ എന്ന് എനിക്ക് ഉറപ്പില്ല, എന്നിരുന്നാലും ആ വാചകങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചു

“ഒരു മത്സരം ജയിച്ചാൽ സഹകളിക്കാരെ മീഡിയക്ക് മുമ്പിൽ അന്നേ ദിവസം ധോണി പറഞ്ഞ് അയക്കും. അതേ സമയം തോൽവി ആണെങ്കിൽ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്തു മീഡിയയെ അഭിമുഖീകരിക്കും”.. ആ വാക്കുകളിൽ ഉണ്ട് ധോണി എന്ന ക്യാപ്റ്റൻ ആരായിരുന്നു എന്ന്………..

ധോണിയുടേത് ഒരു ഓർത്തഡോക്സ് ബാറ്റിംഗ് ശൈലി ഒന്നുമല്ല, സിക്സിന് വേണ്ടത് 6 റൺസ് ആണെങ്കിൽ അത് ധോണി അടിച്ചാലും സാക്ഷാൽ ബ്രാഡ്മാൻ അടിച്ചാലും ഒരേ മൂല്യം തന്നെയാണ്….വെറും 40 മത്സരങ്ങൾ പിന്നിട്ടപ്പോൾ ICC ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു ധോണി എത്തിയതല്ല അതിശയം, ഇതിനായി പോണ്ടിങ്ങും കോഹ്ലിയും സാക്ഷാൽ സച്ചിൻ പോലും നൂറിൽ പരം മത്സരങ്ങൾ കളിച്ചു എന്നതാണ്….. ഒട്ടേറെ നേട്ടങ്ങൾ മുൻനിരയിൽ ഇറങ്ങി സമ്പാദിക്കാൻ അവസരം ഉണ്ടായിരുന്നുവെങ്കിലും എപ്പോഴും പിൻനിരയിൽ രക്ഷകൻ ആയിട്ട് നിൽക്കാൻ ആയിരുന്നു അദ്ദേഹത്തിന് താല്പര്യം…വർഷങ്ങളോളം സിംഹത്തിന്റെ വാലായിട്ട് ഇരിക്കുന്നതിനേക്കാൾ അന്തസ്സ് ഒരു ദിവസം എങ്കിലും പൂച്ചയുടെ തല ആയിട്ട് ഇരിക്കുന്നത് ആണ് … ആ കൂൾ പൂച്ചക്ക് ഒരേ സ്വരത്തിൽ നമ്മൾ ഒരു വിശേഷണം ചാർത്തികൊടുത്തു

“തല “

സത്യം പറഞ്ഞാൽ IPL വന്നതിനു ശേഷമാണു ഫാൻ ഫൈറ്റ് ഇത്രയേറെ വഷളാകുന്നത്…ദിവസങ്ങൾ കഴിഞ്ഞാൽ പിറന്ന മണ്ണിനു വേണ്ടി ഒരുമിച്ച് കളിക്കേണ്ട ഗംഭീറും കോഹ്ലിയും വരെ IPL മൈതാനത്തു ഉടക്കായാൽ പിന്നെ നാട്ടിൻ പുറത്തെ പിള്ളേരെ കാര്യം പറയണോ… IPL ൽ ഇഷ്ട ടീം ആരെന്നു ചോദിച്ചാൽ അത് മുംബൈ ആണ്, കാരണം സച്ചിൻ എന്ന ഒരേ ഒരു വികാരം…. പക്ഷെ ധോണിയുടെ ടീമുമായി ഏറ്റു മുട്ടുമ്പോൾ അവിടെ ഫാനിസം ഇല്ല….. ആ ദിവസം വിജയം അർഹിക്കുന്ന ടീമിനൊപ്പം ….. അത് ചെന്നൈ ആയാലും മുംബൈ ആയാലും……..

ധോണി വിരമ്മിക്കൽ മത്സരം നൽകിയില്ല എന്ന് നമ്മൾ ചൂണ്ടി കാട്ടുന്ന ഒരു പ്ലെയറും പരസ്യമായോ രഹസ്യമായോ അതിനു കാരണം ധോണി ആണെന്ന് പറഞ്ഞ് ഞാൻ കേട്ടിട്ടില്ല….യുവരാജിന്റെ പിതാവ് യോഗ് രാജ് ഇത് വായിക്കാൻ ഇട വരരുതേ എന്ന് പ്രാർത്ഥിക്കുന്നു…..

ടീമിനുള്ളിലെ എല്ലാവരെയും സുഖിപ്പിച്ചു മുമ്പോട്ട് കൊണ്ട് പോകുന്ന ഒരാളിനെ ക്യാപ്റ്റൻ എന്ന് വിളിക്കാൻ സാധിക്കില്ല…..ഒരു ക്യാപ്റ്റൻ അങ്ങനെ ആയാൽ അവിടെ സ്വന്തം രാജ്യം തീർന്നു…… എന്റെ പരിമിതമായ അറിവിൽ വിടവാങ്ങൽ ഏർപ്പെടുത്തുന്നത് BCCI ആണ്, എന്നിരുന്നാലും സേവാഗിനെ പോലൊരു താരത്തിനൊക്കെ വേണ്ടി ധോണിക്കൊരു കത്ത് BCCI ക്ക്‌ എഴുതാമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്…. അതിൽ എത്രത്തോളം വാസ്തവം ഉണ്ടെന്നു എനിക്ക് അറിയില്ല….. എന്നാലും കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ വിരമിച്ച യുവരാജിന്റെ കേസിൽ ധോണി എങ്ങനെ കുറ്റകാരൻ ആയി എന്നത് ഇന്നും എനിക്ക് അറിയില്ല…..പക്ഷെ യുവരാജ് ഗംഭീര ഒരു വിട വാങ്ങൽ അർഹിച്ചിരുന്നു, മറ്റാരെക്കാളും…….

സഹകളിക്കാർക്കായി ബിസിനസ് ക്ലാസ്സ്‌, ഫ്ലൈറ്റിൽ ഒഴിഞ്ഞു കൊടുക്കുമ്പോഴും വിജയിച്ച ട്രോഫികൾ പുതുമുഖങ്ങൾക്ക് കൈ മാറുന്നതിനും ഒരു പറ്റം ചങ്ങാതിമാർ ധോണിക്കൊരു പേര് ചാർത്തി കൊടുത്തു.. സെൽഫിഷ് തുഴയൻ

കൈ വിട്ടു പോയ മത്സരങ്ങൾ വരെ ഒറ്റയ്ക്ക് അവസാനം വരെ നിന്ന് പൊരുതി വിജയിപ്പിച്ചതിനേക്കാൾ അവർക്ക് വേണ്ടത് ധോണി ക്രീസ്സിൽ നിന്നിട്ടും ജയിക്കാതെ പോയ ഒന്നോ രണ്ടോ മത്സരങ്ങളുടെ സ്റ്റാറ്റസ് ആണ്…. സാക്ഷാൽ സച്ചിന്റെ വീട്ടിൽ വരെ കല്ല് ഏറും നടു റോഡിൽ കോലം കത്തിപ്പും നടന്ന പ്രകടനങ്ങൾ വെച്ച് നോക്കുമ്പോൾ ഇതൊക്കെ കരിയറിന്റെ പാർട്ട്‌ ആയി മാത്രം കാണാൻ ആവും ധോണിക്ക് ഇഷ്ടം

ധോണിയുടെ തീരുമാനങ്ങൾ ഒന്നും കേവലം ഭാഗ്യദേവതയുടെ കടാക്ഷത്തിൽ ശരി ആയവ അല്ല… സൂക്ഷ്മമായ നിരീക്ഷണപാടവം തന്നെ ആയിരുന്നു അവ ഓരോന്നും…. 2007 T-20 വേൾഡ് കപ്പിൽ പാകിസ്ഥാന് എതിരെ ബൗൾ ഔട്ട്‌ ചെയ്യാൻ മുൻ നിര ബൗളേഴ്‌സ് തൊട്ടു മുമ്പിൽ നിന്നപ്പോഴും വീരു, റോബിൻ, ഭാജി എന്നിവരെ പന്ത് ഏൽപ്പിച്ചതിൽ തുടങ്ങുന്നു ആ യുഗം

ആക്‌സിഡന്റിൽ മരിച്ച ധോണിയുടെ കാമുകി പ്രിയങ്കയുടെ ഏറ്റവും വല്യ ആഗ്രഹം ആയിരുന്നു ധോണിയെ ഒരു ക്രിക്കറ്റ്‌പ്ലയർ ആയി കാണുവാൻ, പക്ഷെ ഇന്ന് ധോണിയുടെ ഈ വിരമ്മിക്കൽ വാർത്ത അറിയാൻ പ്രിയങ്കയോ, ഹെലികോപ്റ്റർ ഷോട്ട് പഠിപ്പിച്ചു കൊടുത്ത കൂട്ടുകാരൻ സന്തോഷ്‌ ലാലോ,തന്റെ ജീവിതം അഭ്രാപാളിയിൽ വിരിയിച്ച സുശാന്തോ ഇല്ല എന്നത് നൊമ്പരം ആണ്………..

നീല കുപ്പായത്തിൽ ഒന്ന് കൂടി കാണുവാൻ ഞാൻ ഉൾപ്പെടെ ഉള്ള ക്രിക്കറ്റ്‌ പ്രേമികൾ ആഗ്രഹിക്കുന്നു, ഒരേ ഒരു മത്സരത്തിൽ എങ്കിലും ഒരിക്കൽ കൂടി ക്യാപ്റ്റൻ ആയി….. നിങ്ങൾ അത് അർഹിക്കുന്നു, അർഹിക്കുന്ന പലർക്കും അത് കിട്ടിയില്ല എന്നത് ബോധപൂർവ്വം മറക്കുക അല്ല.. അതിനു കാരണം ധോണി ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല…മാതാപിതാക്കൾ, സ്വന്തം രാജ്യം അത് കഴിഞ്ഞേ ഭാര്യ ഉള്ളൂ എന്ന് പറഞ്ഞു തന്നെയാണ് ധോണി സാക്ഷിയെ ജീവിത സഖി ആക്കിയത്,എന്തിനേറെ പറയുന്നു ആദ്യത്തെ കുഞ്ഞ് ജനിച്ചത് പോലും ധോണി അറിഞ്ഞത് സുരേഷ് റൈന വഴി ആണ്….കൂടാതെ ആർമി സേവനങ്ങൾ…… എത്ര എഴുതിയാലും ഒട്ടേറെ കാര്യങ്ങൾ വിട്ടു പോകും എന്ന തിരിച്ചറിവോടുകൂടി നിർത്തുന്നു…കൂട്ടുകാർക്കിടയിൽ ഇനിയും ധോണി ഹേറ്റേർ ആയി ഈ ഞാൻ അഭിനയം തുടരും………..

എന്ന് അലോഷി, ഒപ്പ്

സത്യം പറഞ്ഞാൽ എനിക്ക് ഈ ഡയറി വായിച്ച് കഴിഞ്ഞപ്പോൾ അവനോടു ദേഷ്യം ആണ് തോന്നിയത്… എന്നോട് പോലും ഒരു വാക്ക്…..ഒന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു, ധോണിയുടെ മനസിലിരുപ്പ് ഒരു പക്ഷെ അദ്ദേഹത്തിന്റെ വൈഫിനെങ്കിലും അറിയാമായിരിക്കും. പക്ഷെ അലോഷിയുടെ മനസ്സ് ….. നമിച്ചു………

ഏറെ നേരം കഴിഞ്ഞിട്ടും അലോഷി വന്നില്ല…. പെട്ടെന്ന് ആയിരുന്നു ആ വാർത്ത എന്റെ ഫോണിൽ എത്തിയത്…..

…. നമ്മുടെ അലോഷി പോയടാ…….. പൊട്ടികരഞ്ഞോണ്ട് പോളേട്ടൻ എന്നെ വിളിച്ചു………..

നമ്മുടെ ക്ലബ്ബിന്റെ മുമ്പിലെ ഹമ്പിൽ വെച്ച് ഒരു ലോറിയുമായി അവന്റെ സ്കൂട്ടി ആക്‌സിഡന്റ് ആയി….. സ്പോട്ടിൽ മരിച്ചു…….എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന നിൽപ്പിൽ ഫോൺ വലിച്ചെറിഞ്ഞോണ്ട് ഞാൻ തലയിൽ കൈ വെച്ച് കരയാൻ തുടങ്ങി… മോനെ അല്ലു വന്നോ എന്ന് അപ്പുറത്തെ മുറിയിൽ നിന്നും അവന്റെ അമ്മയുടെ ചോദ്യം കേട്ടതും ഞാൻ ആ വന്നു എന്ന് വിങ്ങലോടെ പറഞ്ഞോണ്ട് അവിടെ നിന്നിറങ്ങി…..

************************

ദിവസങ്ങൾ കടന്നു പോയി……………

കണ്ണടക്കുമ്പോൾ ധോണിയെ കുറ്റം പറഞ്ഞ് കൊണ്ടുള്ള അവന്റെ ചിരി തന്നെയാണ് മനസ്സിൽ… പറ്റുന്നില്ല അവൻ ഇല്ലാണ്ടായി എന്ന് ഉൾകൊള്ളാൻ …. കണ്ടു നിന്നവർ പറഞ്ഞത് അനുസരിച് ക്രിക്കറ്റ്റിന്റെ ഭാഷയിൽ വിവരിച്ചാൽ 2020 സെമിയിൽ ധോണി റൺ ഔട്ട്‌ ആയ പോലെ തല നാരിഴ വ്യത്യാസം.. കേവലം ഇഞ്ചുകൾ മുമ്പോട്ട് പോയെങ്കിൽ കുറുകെ വന്ന ലോറി അവനെ ഇടിക്കില്ലായിരുന്നു… ഇനി ആ രാത്രി അവൻ എവിടെ പോയത് ആണെന്ന് കൂടി നിങ്ങൾ അറിയണം…..

മുൻ കാമുകിയുടെ ഭർത്താവിന്റെ പിറ്റേ ദിവസത്തെ ഓപ്പറേഷന് ഹോസ്പിറ്റലിൽ പൈസയുമായി പോയ വഴി ആയിരുന്നു…അവൻ അവളെ എന്ത് മാത്രം സ്നേഹിച്ചിരുന്നു എന്ന് എനിക്ക് അറിയാം, എന്നിട്ട് ഞങ്ങളുടെ തന്നെ കോമൻ ഫ്രണ്ട് ആയ വിവേകുമായി അവൾ ഒളിച്ചോടി… എന്നിട്ടും അലോഷി അവരെ വെറുത്തില്ല, അതിനു തെളിവാണ് പിറ്റേ ദിവസത്തെ ഓപ്പറേഷന് വേണ്ടി ഇരുന്ന ബാക്കി രൂപയുമായി അവൻ പോയത്….ഒരുപക്ഷെ അന്ന് ആ ഓപ്പറേഷൻ നടന്നില്ലെങ്കിൽ വിവേക് ഇന്ന് ജീവിച്ചിരിക്കിലായിരുന്നു…അലോഷിയുടെ ഏറെ നാളത്തെ സ്വപ്നം ആയിരുന്നു ഒരു റോയൽ എൻഫീൽഡ് വാങ്ങുക എന്നത്.. ഞാൻ അറിഞ്ഞടത്തോളം അതിനായി അവൻ സമ്പാദിച്ച നല്ലൊരു ശതമാനം പൈസയും വിവേകിന്റെ ചികിത്സക്കായി അവൻ കൊടുത്തു… പക്ഷെ ദൈവത്തിനു വേണ്ടത് എന്റെ അലോഷിയെ ആയിരുന്നു…

അറം പറ്റിയ പോലെ ക്ലബ്ബിന്റെ പടിക്കൽ നിന്നും എനിക്ക് അന്നൊരു ഫോട്ടോ കിട്ടി… അലോഷി വരച്ച ധോണിയുടെ ഫോട്ടോ!!!!!!!! അതും രക്തത്തിൽ കുളിച്ച് കിടക്കുന്നു….. ഒരു പക്ഷെ വിവേകിനു പൈസ കൊടുത്ത ശേഷം തിരിച്ചു വരും വഴി ക്ലബിൽ കയറി ആ ഫോട്ടോ ഒട്ടിക്കാൻ എടുത്തത് ആവും, ആ ഫോട്ടോ ഇപ്പോൾ എന്റെ കയ്യിൽ ഇരിക്കുമ്പോൾ അവൻ പറഞ്ഞ അറം പറ്റിയ വാക്കുകൾ എന്നെ വല്ലാതെ വേട്ട ആടുന്നു.”മക്കളെ, ഞാൻ ധോണിയുടെ പടം വരക്കുന്നതും എന്റെ ദേഹത്തു റീത്ത്‌ വെക്കുന്നതും ഒരു ദിവസം ആയിരിക്കും”…കൂടാതെ ഫോട്ടോയിൽ അച്ചടിച്ച പോലെ അവൻ എഴുതിയ വരികൾ, പ്രിയ ധോണി താങ്കൾ വിരമിക്കുന്ന ദിവസം എന്റെ ഈ വര പുറം ലോകം കാണട്ടെ എന്ന്………ധോണി അത്രത്തോളം ചിരിച്ച്,മുമ്പ് ഒരു ഫോട്ടോയിലും ഞാൻ കണ്ടിട്ടില്ല….

എന്നാൽ ഇന്ന് അലോഷിയുടെ കുഴിമാടത്തിനു മുമ്പിൽ ഇരുന്നോണ്ട് കണ്ണ് നിറഞ്ഞു ടൈപ്പ് ചെയ്യുമ്പോഴും ഒരുപിടി ചോദ്യങ്ങൾ എന്നിൽ അവശേഷിക്കുന്നു…

ധോണി വിരമിക്കുന്നതിനും ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് അലോഷി ആ ചിത്രം വരച്ചിരിക്കുന്നത്….കൃത്യം അന്നേ ദിവസം രാത്രി 7:29 ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ചു…ധോണിയുടെ ചിത്രത്തിന് അവൻ പറഞ്ഞ അറം പറ്റിയ വാക്കുകൾ, ഇത്രയും വർഷങ്ങൾ ധോണി ഹേറ്റർ ആയി അവൻ ഞങ്ങൾക്ക് മുമ്പിൽ കെട്ടിപ്പൊക്കിയ ഇമേജ്, അവൻ എൽഫീൽഡിൽ ബോർഡർ ഇടുന്ന ഫോട്ടോക്കൊപ്പം സാക്ഷാൽ ധോണി അവനുമായി എടുത്ത സെൽഫി ഫോട്ടോ വരെ ആ ഡയറിയിൽ നിന്നും എനിക്ക് കിട്ടി…

ക്രിക്കറ്റ്‌ ഗ്രൂപ്പിലും സോഷ്യൽ മീഡിയയിലും ഏറെ സജീവം ആയിരുന്ന അവൻ ഒരിക്കൽ പോലും ആ ഫോട്ടോ എങ്ങും പോസ്റ്റ്‌ ചെയ്‌തിട്ടില്ല….ആക്‌സിഡന്റ് ആയ അവന്റെ സ്കൂട്ടിയുടെ മീറ്റർ പോലും നിലച്ചത് 17266 എന്ന അക്കത്തിലാണ്…. ആഴത്തിൽ ചിന്തിച്ചാൽ ധോണി മൊത്തത്തിൽ നേടിയ ഇന്റർനാഷണൽ റൺസ് (Odi-10,773 + Test-4876 + T-20-1617) തികച്ചും ആശ്ചര്യം ജനിപ്പിക്കുന്ന നിമിത്തം……. എനിക്ക് മനസ്സിക്കുന്നില്ല അലോഷി, നീ ആരായിരുന്നു എന്ന്….. എത്തും പിടിയും കിട്ടാത്ത ഒത്തിരി ചോദ്യങ്ങളും ഷോ റൂമിൽ അവനെ കാത്തിരിക്കുന്ന എൻഫീൽഡ് ടാങ്കുകളെയും ബാക്കി ആക്കി അവൻ യാത്രയായ്……

मैं पल दो पल का शायर हूँ

पल दो पल मेरी कहानी है

पल दो पल मेरी हस्ती है

पल दो पल मेरी जवानी है

मैं पल दो पल का शायर हूँ

मुझसे पहले कितने शायर आए और आकर चले गए

कुछ आहें भर कर लौट गए, कुछ नग्में गा कर चले गए

वो भी एक पल का किस्सा थे, मैं भी एक पल का किस्सा हूँ

कल तुम से जुदा हो जाऊंगा, वो आज तुम्हारा हिस्सा हूँ…..

“നൈമിഷികമാണ് എന്റെ കവിത്വം…. എന്റെ കഥ, എന്റെ സാന്നിധ്യം, എന്റെ യൗവനം… എല്ലാം ഒന്നോ രണ്ടോ നിമിഷത്തേക്ക് ഉള്ളത് മാത്രമാണ്.. എനിക്ക് മുമ്പ് എണ്ണമറ്റ കവികൾ നടന്ന് മറഞ്ഞിരിക്കുന്നു ഈ വഴിയിലൂടെ, ചിലരൊക്കെ വിങ്ങുന്ന ഹൃദയവുമായി. ചിലരൊക്കെ ആത്മ സംതൃപ്തിയോടെ…. ഇത്തിരി നേരം ഞാനും ഉണ്ടാകും നിങ്ങൾക്കൊപ്പം. എന്റെ രചനകൾക്ക് ആവശ്യക്കാർ ഏറെ ഉണ്ടല്ലോ ഇന്ന്, നാളെ എല്ലാം കലാഹാരണപെടും. പുതിയ ഗാന രചയിതാക്കൾ വരും, അവരുടെ കവിതകളുടെ സൗന്ദര്യം പഴയവ നിഷ്പ്രഭമാക്കും. എന്നേക്കാൾ നല്ല എഴുത്തുകാരും നിങ്ങളെക്കാൾ നല്ല ആസ്വാധകരും ഉണ്ടാവും ഇവിടെ. നാളെ ആരും ഓർക്കില്ല എന്നെ.. എന്തിനോർക്കണം?? തിരക്ക് പിടിച്ച ഈ ലോകത്ത് എന്നെ ഓർത്തു പാഴാക്കാൻ ആർക്കുണ്ട് സമയം”………