ഗുൽമോഹർ മരത്തിന്റെ താഴെ എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു നനുത്ത മുത്തം സമ്മാനിച്ചു. ഞങ്ങളുടെ മനസിലെ തീ അണയാനെന്നോണം…

ആകാശമേഘം

എഴുത്ത്: അക്ഷര മോഹൻ

“ഡീ സൂരജ് അല്ലേ ഇങ്ങോട്ട് വരുന്നേ..ഞാൻ കുറച്ച് നാളായി ശ്രദ്ധിക്കുന്നു..നീ എവിടെ പോയാലും നിന്റെ പുറകെ അവനും ഉണ്ട്..പ്രേമം ആണെന്നാ തോന്നുന്നേ…”

“കഴിഞ്ഞ ആഴ്ച ഈ ചേട്ടനല്ലേ ആകാശേട്ടന്റെ കൈയിൽ നിന്ന് കണക്കിന് അടി കിട്ടുന്ന കണ്ടേ..”

“ആ അതേ..ആകാശേട്ടന്റെ ക്ലാസ്സിലെ ഒരു ചേച്ചിയോട് മോശായി എന്തോ പറഞ്ഞതിന്..അടി കിട്ടിയ ശേഷം ആ ചേച്ചിയോട് മാപ്പും പറഞ്ഞിട്ടാ കക്ഷി അന്ന് കോളേജ് വിട്ടത്..”

“ആണോ..എന്നാ ഇവന്റെ കാര്യം ഞാൻ ഏറ്റു..”

“ഏഹ്..നീ എന്താ ചെയ്യാൻ പോണേ..”

“ആദ്യം അവൻ വന്ന് പറയെട്ടെ..ഞാൻ ആണോ അതോ വേറെ ആരേലും ആണോന്ന് അറിയണ്ടേ..ഞാൻ തന്നെ ആണെങ്കിൽ മറുപടിയും ഞാൻ ഇപ്പോ കൊടുക്കും..”

“ഡീ വേണ്ടാ അവന്റെ സ്വഭാവം അത്ര ശരിയല്ല..വെറുതെ ദേഷ്യം ഉണ്ടാക്കി വെക്കരുത്….ദാ എത്തി എത്തി..ഞാൻ പോണോ മോളേ..”

“പോയാൽ നിന്റെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും..”

കോളേജ് ക്യാന്റീനിൽ ചുമ്മാ കത്തി അടിച്ചിരിക്കുവായിരുന്നു ഞാനും എന്റെ ചങ്ക് ആതിരയും..അപ്പോഴാണ് കോളേജിലെ ഏറ്റവും വലിയ തെമ്മാടിയായ സൂരജിന്റെ വരവ്.അവൻ അടുത്തെത്തിയപ്പോൾ ഞാൻ ഈ ലോകത്തിലെ അല്ല എന്ന ഭാവത്തിൽ ഞങ്ങൾ രണ്ട് പേരും ഇരുന്നു.

“മേഘ..ഒന്നിങ്ങോട്ട് വരാവോ..എനിക്കൊരു കാര്യം പറയാനുണ്ട്..”

“എന്നോടാണോ..”അവൻ വിളിച്ചപ്പോൾ ഒന്നും അറിയാത്ത പോലെ ചോദിച്ചു.

“അതേ..പ്ലീസ്..ഒരു രണ്ട് മിനുട്ട്..”

ആതിരയെ നോക്കിയപ്പോൾ മേശയിൽ തല താഴ്ത്തി വച്ച് കിടക്കുവാണ് ദുഷ്ട. പതിയെ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് നടന്നു.

“എനിക്ക് തന്നെ ഇഷ്ടമാണ്..കുറച്ച് നാളായി തുടങ്ങിട്ട്.താൻ ആലോചിച് ഒരു മറുപടി പറഞ്ഞാൽ മതി..”

“അയ്യോ ചേട്ടാ..എനിക്ക് വേറൊരാളെ ഇഷ്ടാ..ആൾക്കെന്നെയും..” പെട്ടെന്ന് തന്നെ മറുപടി കൊടുത്തു.

“ആരാ ആൾ?”അവന്റെ ശബ്ദം കടുത്തു.

“അത്..അത് നമ്മുടെ ആകാശേട്ടൻ..ഫൈനൽ ഇയർ കെമിസ്ട്രിലെ..”

ഞാൻ പറയുന്നത് കേട്ട് ഞെട്ടിത്തരിച് ആതിര തല ഉയർത്തി എന്നെ നോക്കി..ഓഹോ അപ്പൊ പറയുന്ന കേൾക്കാൻ കാത് കൂർപ്പിച് കിടക്കുവാണല്ലേ മരങ്ങോടി..മനസ്സിൽ പറയുമ്പോഴേക്കും അടുത്ത ചോദ്യം വന്നു.

“സഖാവ് ആകാശോ..”

“മ്മ്മ്..ആരും അറിയണ്ടാന്ന് ആകാശേട്ടനാ പറഞ്ഞെ..അതോണ്ട് ആർക്കും അറിയില്ല..”

എന്നെ ഒന്ന് ദഹിപ്പിച്ചു നോക്കി സൂരജ് പുറത്തേക്ക് നടന്നു.

“ഹാവു..സമാധാനായി..”ഒരു നെടുവീർപ്പോടെ ആതിരയുടെ അടുത്ത് ചെന്നിരുന്നു.

“എടി എടി..നിന്റെ ഈ മനസാക്ഷിസൂക്ഷിപ്പുകാരിയായ എന്നോട് പോലും നീ പറഞ്ഞില്ലല്ലോ മഹാപാപി..”

“എന്ത്?”

“നീയും ആകാശേട്ടനും തമ്മിൽ ഇഷ്ടത്തിലാണെന്ന്..ആട്ടെ എപ്പോഴാ തുടങ്ങ്യെ..”

“ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് നിന്റെ കുഞ്ഞമ്മേടെ പതിനാറാം അടിയന്തിരത്തിന്..”

“ഏഹ്”ഒന്നും മനസ്സിലാവാതെ പൊട്ടത്തിയെ പോലെ അവൾ ഇരുന്നു..എന്റെ ഭാഗത്തും തെറ്റുണ്ട്..ഇവളെപോലെയുള്ള പൊട്ടത്തി കേൾക്കെ പറയാൻ പാടില്ലായിരുന്നു.

“എടി പോത്തേ..അവന്റെ കൈയിൽന്ന് രക്ഷപ്പെടാൻ ഒരു അടവ് പുറത്തെടുത്തതാ..ആകാശേട്ടൻ ആവുമ്പോ അടി പേടിച് അവൻ ഒന്നും ചോദിക്കാനും പോണില്ല..എങ്ങനിണ്ട് എന്റെ ഐഡിയ..”പുരികം പൊക്കികൊണ്ട് അവളോട് ചോദിച്ചു.

“കൊള്ളാം മോളെ..ആകാശേട്ടനോട്‌ അവൻ ഇത് വല്ലതും പറഞ്ഞാൽ പുതിയ ഐഡിയ ഉണ്ടാക്കാൻ നിന്റെ ഈ പൊട്ടത്തല ഇനി ഇവിടെ ഉണ്ടാകില്ല..”

“പറയുവോടി..ഏയ്‌ ഇല്ല..ഒരു അടി കിട്ടിയതിന്റെ ക്ഷീണം അവന് മാറുന്നല്ലെ ഉള്ളു..ഇനി ഇപ്പോഴേ അവൻ ആകാശേട്ടന്റെ മുന്നിൽ പോകില്ല..” എല്ലാം ഞാൻ തന്നെ പറഞ്ഞു.

“പറഞ്ഞില്ലേൽ നിനക്ക് കൊള്ളാം..അല്ലെങ്കിൽ ഈ ഒരു ഐഡിയ കൊണ്ട് നീ നാറും..കേട്ടിട്ടില്ലേ..An Idea can change your life..”

“പറഞ്ഞു പേടിപ്പിക്കാതെ മരഭൂതമേ..വാ പോവാം..ഈ ഹൗർ ക്ലാസ്സിൽ കേറാനുള്ള ഉദ്ദേശം ഒന്നുല്ലേ..”

“ഇല്ല..”ഒരു കള്ളചിരിയോടെ അവൾ എന്നെ നോക്കി.

“ഓ..എന്നാ എന്റെ മോള് സൊള്ള്…എക്സാം fail ആകുമ്പോ നീ പഠിക്കും..”

“ബ്വേ..നീ പോയി പഠിക്ക്..എനിക്ക് വല്ലപ്പോഴും മാത്രേ സൊള്ളാൻ പറ്റു..അവനെ എപ്പോഴും കിട്ടില്ല..അതോണ്ടല്ലേ..”

“മ്മ്മ്..ഞാൻ പോകുവാ..”

“ഡീ..ഞാൻ ഗേറ്റിനടുത്ത് നിൽക്കാട്ടോ..”ഞാൻ തിരിഞ്ഞു നടക്കുമ്പോൾ അവൾ വിളിച്ചുപറഞ്ഞു.

ഇലക്ട്രോമാഗ്നെറ്റിക് തിയറി തീയായി ബോർഡിൽ പടർന്നപ്പോഴാണ് ലാസ്റ്റ് ഹൗർ കഴിഞ്ഞത്.ആതിര ഇല്ലാതെ ബോറടിച്ചെങ്കിലും ജനലിലൂടെ പുറത്തെ കാഴ്ചകൾ കണ്ടിരുന്നതോണ്ട് സമയം പോയതറിഞ്ഞില്ല.ബാഗുമെടുത്ത് ഗേറ്റിന്റെ ഒരു സൈഡിൽ എത്തിയപ്പോ രണ്ടും കൂടെ സൊള്ളിക്കൊണ്ട് നിക്കണുണ്ട്.

“അശ്വന്തേ..ഇങ്ങനെ ആണെങ്കിൽ ഇവൾ എക്സാമിനു എട്ട് നിലയിൽ പൊട്ടുംട്ടോ..നീയും..സൊള്ളൽ നിർത്താൻ നോക്ക്..പോവാം..”

അവളുടെ കൈയും പിടിച്ച് നടക്കാൻ തുടങ്ങുമ്പോഴാണ് ‘മേഘാ..’എന്ന വിളി കേട്ടത്..”ന്തോ..”എന്ന് പറഞ്ഞു തിരിയുമ്പോ കണ്ടത് എന്റെ നേരെ നടന്നു വരുന്ന ആകാശേട്ടനെയാണ്.

“എടി..സൂരജ് പറഞ്ഞെടി..നീ തീർന്നു മോളേ..നീ തീർന്നു..”

“ആതിരേ..തിരിഞ്ഞുനോക്കാതെ നടന്നോ..എന്റെ കരണം പൊളിക്കാനുള്ള വരവാ..” തിരിഞ്ഞുനോക്കാതെ ഞങ്ങൾ നടന്നു..അല്ല ഓട്ടത്തിന്റെ വേഗതയിൽ നടന്നു..

“ഡീ..നിക്കെടി അവിടെ..”അതൊരു അലർച്ച ആയിരുന്നു.ആൾ ചൂടൻ ആണെന്ന് അറിയാവുന്നതോണ്ട് സ്വിച്ചിട്ട പോലെ നിന്നു. പുറകിൽ കൈ കെട്ടി നേരെ എന്റെ മുന്നിൽ വന്നു നിന്നു.ആ മുഖത്തു നോക്കി വളരെ മനോഹരമായി വിളറിയ ചിരി സമ്മാനിച്ചു.

“അയ്യോ ചേട്ടാ തല്ലല്ലേ..സൂരജ് ചേട്ടന്റെ കയ്യിൽന്ന് രക്ഷപ്പെടാൻ പറഞ്ഞതാണെ..ഇനി ആരോടും ഞാൻ ഇങ്ങനെ പറയില്ല..ഇത് ഫസ്റ്റ് ആൻഡ് ലാസ്റ്റ്..”

ആകാശേട്ടൻ പുറകിൽ കെട്ടിയ വലതുകൈ മുന്നോട്ട് നീട്ടിയതും എന്റെ രണ്ട് കൈയും എന്റെ മുഖത്തിനു കുറുകെ വച്ചു കണ്ണ് രണ്ടും മുറുകെ അടച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“ഡീീീ..കണ്ണ് തുറന്ന് നോക്ക്..”ആതിര കൈയിൽ പിച്ചി. കൈ മാറ്റി കണ്ണ് തുറന്നു നോക്കിയപ്പോ ആകാശേട്ടൻ ഒരു പേപ്പർ എന്റെ നേരെ നീട്ടി അന്തംവിട്ട് നിൽക്കുവാണ്.

“താൻ എന്തൊക്കെയാ ഈ പറയണേ..ഞാൻ ഇത് തരാൻ വന്നതാ..തന്റെ വീടിനടുത്തല്ലെ കിരൺ..പാർട്ടി വക ലെറ്റർ ആണ്..അവൻ ലീവായതോണ്ട് തന്റെ കൈയിൽ കൊടുത്തയച്ചാൽ മതീന്ന് പറഞ്ഞു.അവന് കൊടുക്കണം..”

കണ്ണ് തുറിച്ചു നോക്കി നിന്ന എന്നെ കൈവിരൽ ഞൊടിച്ച് ആൾ വിളിച്ചു.സത്യം പറഞ്ഞാൽ അപ്പോഴാണ് എനിക്ക് സ്വബോധം വന്നത്.

“ആഹ്..കൊടുത്തോളാം..”

“ഒന്ന് നിന്നേ..”അത് വാങ്ങി തിരിഞ്ഞുനടക്കുമ്പോൾ വീണ്ടും വിളിച്ചു.

“സൂരജ് എന്താ പറഞ്ഞെ..അവൻ പ്രശ്നം വല്ലതും ആക്കിയോ..അല്ല അവനോട് എന്നെ കുറിച്ചെന്താ താൻ പറഞ്ഞെ..”

സൂരജ് ഒന്നും പറഞ്ഞില്ല..എല്ലാം ഇപ്പോൾ താൻ തന്നെ പറയേണ്ടി വരുവല്ലോന്ന് ഓർത്ത് പേടിച്ചരണ്ട് എല്ലാം ആളോട് പറഞ്ഞു.”തല്ലല്ലേ പ്ലീസ്..”എന്ന എന്റെ അവസാനത്തെ ഡയലോഗിൽ നെറ്റിചുളിച്ചു നോക്കികൊണ്ടിരുന്ന ആൾ പുഞ്ചിരിച്ചു.

“സാരല്യ പൊക്കോ..”എന്ന് പറഞ്ഞുകൊണ്ട് ആൾ തിരിഞ്ഞുനടന്നു.

“ഡോ..ഇനി ആരോടും കള്ളം പറയാൻ നിൽക്കണ്ട..ഞാനും നീയും ഇഷ്ടത്തിലാണെന്ന് ധൈര്യത്തോടെ പറഞ്ഞോ..തനിക്ക് എന്നെ ഇഷ്ടമാണെങ്കിൽ മാത്രം..”

ഒരു കള്ളച്ചിരിയോടെ തിരിഞ്ഞുനോക്കി അതും പറഞ്ഞുകൊണ്ട് നടന്നുപോയ ആളെ കണ്ണിമവെട്ടാതെ ഞാൻ നോക്കിനിന്നു.

“മോളേ..ഞാൻ പറഞ്ഞതല്ലെ..An idea can change your life..നീ വീണല്ലേടി..”

ആതിരയുടെ ചോദ്യത്തിന് ഉത്തരമൊന്നും പറയാതെ 500 വാൾട്ട് ബൾബ് കത്തിയ പോലെ ചിരിച്ചു ഞാൻ നടന്നു.

പിന്നീടങ്ങോട്ട് കലാലയം തൊട്ടുണർത്തിയ പ്രണയമായിരുന്നു.കോളേജിലെ ഒരു പുൽക്കൊടി പോലും ഞങ്ങളുടെ പ്രണയത്തിനു സാക്ഷിയായി.എല്ലാവരുടെയും സഖാവ് ആകാശ് എന്റെ മാത്രം ആശുവേട്ടനായി..എപ്പോഴാ എന്നെ ഇഷ്ടപെട്ടതെന്ന എന്റെ സ്ഥിരം ചോദ്യത്തിന് ഫ്രഷേഴ്‌സ് ഡേയ്ക്ക് സഖാവിനെകുറിച്ച് പാടിയ വെള്ളചുരിദാർ കാരി അന്ന് തന്നെ മനസ്സിൽ കയറിയതാണെന്ന് പറയും.സഖാവ് ആകാശിനെ മോഹിക്കാത്ത പെൺകുട്ടികൾ കുറവായിരുന്നു ആ കോളേജിൽ..അവർക്കെല്ലാം അസൂയപാത്രമായി ഞങ്ങളുടെ പ്രണയം ദിനംപ്രതി വളർന്നു..പാർട്ടി പ്രവർത്തനം കൊണ്ടുണ്ടാകുന്ന അടിപിടികളും മുൻകോപവുമെല്ലാം എന്റെ കണ്ണുനീരിന് മുന്നിൽ ആശുവേട്ടൻ ഒഴുക്കികളഞ്ഞു..പാർട്ടി മാത്രം ജീവിതമായി കണ്ടയാളെ മറ്റെന്തൊക്കെയോ ജീവിതത്തിൽ ഉണ്ടെന്ന് പഠിപ്പിച്ചത് ഞാൻ ആണെന്ന് പറയും..

ഗുൽമോഹർ മരച്ചുവട്ടിനു കീഴിൽ ഇരുന്ന് സന്തോഷവും സങ്കടവും പരിഭവങ്ങളും പങ്ക് വെക്കുമ്പോൾ അതിനെല്ലാം അടയാളമായി ഞങ്ങൾക്കിടയിലേക്ക് ഗുൽമോഹർ പൊഴിഞ്ഞുവീഴും..

ഒടുവിൽ ആ കലാലയം വിട്ട് ആശുവേട്ടൻ ഇറങ്ങുമ്പോൾ ഗുൽമോഹർ മരത്തിന്റെ താഴെ എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു നനുത്ത മുത്തം സമ്മാനിച്ചു. ഞങ്ങളുടെ മനസിലെ തീ അണയാനെന്നോണം വീശിയ ഇളങ്കാറ്റിൽ ഒരു ഗുൽമോഹർ അടർന്നു എന്റെ കൈയിലേക്ക് വീണു.

“ഈ ആകാശ് എന്നും മേഘയുടെത് മാത്രമായിരിക്കും..ആകാശത്തിലെ മേഘം പോലെ ഞാനും നീയും എന്നും ചേർന്നിരിക്കു”മെന്ന് പറഞ്ഞു പെയ്തൊഴുകിയ എന്റെ കണ്ണുകളെ തുടച്ചു കൊണ്ട് ആശുവേട്ടൻ അവിടെ നിന്നുമിറങ്ങി. ആശുവേട്ടന്റെ ഓർമകളിൽ എന്റെ കണ്ണുകൾ നിറയുമ്പോൾ ഒരു മഴയായി മേഘം അത് ആശുവേട്ടനെ അറിയിക്കും..എന്നെ ചേർത്ത്പിടിച്ചു കണ്ണുനീർ ഒപ്പി കാർമേഘത്തെ അല്ല..തൂവെള്ളമേഘമാണ് ഈ ആകാശത്തിനിഷ്ട്ടമെന്ന് പറയുമ്പോൾ പെയ്യാൻ വെമ്പി നിന്ന എന്നിലെ കടൽ ഞാൻ പോലുമറിയാതെ ആ ആകാശത്തിൽ ചെന്നൊളിക്കും.

പഠിച്ചിറങ്ങിയ അതേ കോളേജിൽ തന്നെ ആശുവേട്ടന് ശേഷം ഞാനും അധ്യാപികയായി കയറിയപ്പോൾ ഞങ്ങൾ ഒരുമിച്ച് പോയത് ആ ഗുൽമോഹറിന് കീഴിലായിരുന്നു..വർഷങ്ങൾക്ക് ശേഷം ഞങ്ങളെ ഒരുമിച്ച് കണ്ട സന്തോഷത്തിൽ അനേകം ഗുൽമോഹർ ഞങ്ങളിലേക്ക് പൊഴിഞ്ഞു വീണു..

എട്ട് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ എന്റെ കഴുത്തിൽ ഒരു ആലിലതാലി ചാർത്തി എന്നെ ആശുവേട്ടന്റെ സ്വന്തമാക്കിയപ്പോൾ എന്റെ കാതിൽ പറഞ്ഞു

“ഇനിയെന്നും ഈ ആകാശത്തിൽ മാത്രം ചേർന്നിരിക്കും ഈ മേഘം..ആകാശിന്റെ സ്വന്തം മേഘയായി..”