തിരിച്ചറിവില്ലാത്ത പ്രായത്തിൽ തന്നെ അവളെ കോളേജിൽ നിന്നും പടിയിറക്കുന്നു, അവളെ ഭാര്യയാക്കുന്നു, അമ്മയാക്കുന്നു…

എഴുത്ത്: സമീർ ചെങ്ങമ്പള്ളി

“ഒന്നര വർഷമായില്ലേ, ഒരു കുട്ടിയൊക്കെ വേണ്ടേ, ഇങ്ങനെയൊക്കെ നടന്നാൽ മതിയോ??…

വയസ്സ് മുപ്പതായല്ലോ, ഇനിയും താമസിച്ചാൽ ചിലപ്പോൾ ദൈവം തരില്ല കേട്ടോ….

അവൾക്ക് കുട്ടി ആയാലും പഠിക്കാമല്ലോ, അങ്ങനെ എത്ര കുട്ടികൾ പഠിക്കുന്നുണ്ട്….”

ഒരു ബന്ധുവിന്റെ വീട്ടിലെ കല്യാണത്തിന് പോയതായിരുന്നു. ഇപ്പോൾ തോന്നുന്നു പോകേണ്ടിയില്ലായിരുന്നു….

എനിക്ക് മാത്രമല്ല അവൾക്കും….

” ഏട്ടാ, ഈ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു മടുത്തു. ഇനിയും നമ്മളിങ്ങനെ താമസിച്ചാൽ ഇവരെല്ലാവരും എന്നെ കൊത്തിക്കീറി തിന്നും. എന്റെ പഠിത്തത്തെ കുറിച്ച് നിങ്ങൾ വേവലാതിപ്പെടേണ്ട. ഒന്നോ രണ്ടോ കൊല്ലങ്ങൾ കഴിഞ്ഞാൽ അത് continue ചെയ്യാലോ??… “

” നമ്മളിത്രവരെ എത്തിച്ചില്ലേ, ഇനി ഒരു കൊല്ലം കൂടെ അല്ലേ ഒള്ളൂ, അപ്പോഴേക്കും നിന്റെ പഠിത്തം തീരുമല്ലോ, അത് കഴിഞ്ഞാൽ ദൈവം നമുക്ക് നല്ലൊരു കുഞ്ഞിനെ തരും, അതുവരെ ഒന്ന് ക്ഷമിക്ക്… “

ക്ഷമ നശിച്ചാവണം അവളിത് എന്നോട് പറഞ്ഞത്. പക്ഷേ എനിക്കിപ്പോൾ അവള് പറഞ്ഞതുപോലെ ചെയ്യാൻ പറ്റില്ല. അങ്ങനെ ചെയ്യേണ്ടി വന്നാൽ അതെന്റെ പരാജയാണ്…

അവളെ പെണ്ണുകാണാൻ പോയ ആ ദിവസം ഞാനിന്നും ഓർക്കുന്നു. അവളെന്നോട് ഒരു ആവശ്യവും അന്ന് ഉന്നയിച്ചിരുന്നില്ല, ഒന്നൊഴിച്ച്…

” എനിക്ക് പഠിക്കണം, എന്റെ അച്ഛൻ കഷ്ടപ്പെട്ടാണ് എന്നെ ഇതുവരെ എത്തിച്ചത്, അത് തുടരാൻ നിങ്ങളെനിക്ക് സമ്മതം തരണം “

ഒരു നിമിഷം പോലും ആലോചിക്കാൻ നിൽക്കാതെ ഞാനവളോട് പറഞ്ഞു

” പഠിക്കാം, നീ ആഗ്രഹിക്കുന്നത് വരെ, വാക്ക് “

അന്നവളുടെ കണ്ണുകളിൽ കണ്ട ആ തിളക്കം ഞാനിന്നും ഓർക്കുന്നു. അതെന്നെ കുറിച്ചുള്ള അവളുടെ ആത്മവിശ്വാസം മാത്രമായിരുന്നു…
ആ വിശ്വാസം എന്ത് വിലകൊടുത്തും എനിക്ക് കാത്തുസൂക്ഷിച്ചേ മതിയാകൂ…..

വീട്ട് ജോലിക്കിടെയിൽ കിട്ടുന്ന ഇടവേളകൾ അവൾ ഓരോ പുസ്തകങ്ങൾക്കായി വീതിച്ചു നൽകി. അതിനിടെയിൽ എനിക്ക് വേണ്ടി ചിലവഴിക്കാനും അവൾ സമയം കണ്ടെത്തിയിരുന്നു…..

എല്ലാ ദിവസവും മാർക്കെറ്റിൽ പോകാൻ ഒരുങ്ങി നിൽക്കുന്ന എന്നോട് അവൾ ചില ആവശ്യങ്ങൾ പറയും…

“ഏട്ടാ, ഒരു നീല മഷി പേന, പിന്നെ ഒരു പച്ച മഷി, രണ്ട് വരയില്ലാത്ത നോട്ടുബുക്കുകൾ… “

ചില ദിവസങ്ങളിൽ എന്റെ മുഖത്തേക്ക് നോക്കി ദൈന്യതയോടെ പറയും…

“ഒരു ടെക്സ്റ്റ്‌ ബുക്ക്‌ ഉണ്ട്, എനിക്ക് പഠിക്കേണ്ട എല്ലാം അതിലുണ്ട്. പക്ഷേ പൈസ അൽപ്പം കൂടുതലാ, രണ്ടായിരമാകും, ഓർഡർ ചെയ്താൽ മതി, വേണോ…

അല്ലേൽ വേണ്ടല്ലേ, നെറ്റിൽ നിന്ന് എടുക്കാൻ പറ്റുമോന്ന് നോക്കട്ടെ…. “

അവളുടെ ഓരോ ആവശ്യങ്ങൾക്കും വേണ്ടിയും കീശയിലേക്ക് കൈ ഇറക്കുമ്പോൾ എനിക്കൊരല്പം പോലും നഷ്ടബോധം തോന്നാറില്ല….

രാത്രി പതിനൊന്നും പന്ത്രണ്ടും കഴിഞ്ഞാലും പാതികൂമ്പിയ കണ്ണുകളോടെ പുസ്തകത്തിൽ പരതി നോക്കുന്ന അവളോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്….

” ഡീ, മതിയെടീ, ഇനി ഒന്ന് ഉറങ്ങേടി, ബാക്കി നാളെ നോക്കാം…. “

” ഏട്ടൻ എന്റെ ഉറക്കിനെ ചൊല്ലി വേവലാതിപ്പെടേണ്ട, എന്റെ മുത്ത് പോയി സുഖമായി ഉറങ്ങ്… “

അവളെന്റെ നെറ്റിയിൽ മൃദുവായി ചുംബിക്കും, പിന്നെ എന്നെ പുതപ്പിച്ചതിന് ശേഷം വീണ്ടും വായനയിലേക്ക് മടങ്ങും…

പക്ഷേ, പ്രഭാതമാകുന്നതിന് മുൻപേ അവളുടെ സംസാരം അടുക്കളയിൽ നിന്ന് കേൾക്കുമ്പോൾ ഞാൻ ആശ്ചര്യപ്പെടും….

” ഇവളിത് എപ്പോ ഉറങ്ങി, എപ്പോ എണീറ്റു…. “

ഒരു നല്ല ഭാര്യാകുന്നത്പോലെ ബുദ്ധിമുട്ടാണ് നല്ല വിദ്യാർത്ഥിനി ആകുന്നതും, ഭാഗ്യവശാൽ ഇവ അവൾ രണ്ടുമാണെന്ന് എനിക്ക് തോന്നീട്ടുണ്ട്….

ഒരു ദിവസം അമ്മാവൻ വീട്ടിൽ വന്നു. ഏറെ നേരത്തെ അർത്ഥമുനയുള്ള സംസാരങ്ങൾക്ക് ശേഷം അമ്മാവൻ പറഞ്ഞു തുടങ്ങി….

” ഞാൻ ഇരുപത്തിയഞ്ചാം വയസ്സിലാണ് കെട്ടിയത്. ഒരു കൊല്ലം കഴിയുന്നതിനു മുൻപേ രവി ഉണ്ടായി.ഇപ്പോൾ എനിക്ക് അമ്പത് വയസ്സായി, അപ്പോഴേക്കും രവി വളർന്നു വലുതായി. ഇപ്പോൾ ഈ അമ്പതാം വയസ്സിൽ തന്നെ എനിക്ക് ധൈര്യമായി വിശ്രമിക്കാം. നേരെത്തെ കാലത്തെ കുട്ടികളെ ഉണ്ടാക്കിയാൽ അച്ചന്മാർക്ക് പെട്ടെന്ന് വിശ്രമിക്കാം…. “

അമ്മാവന്റെ ചോദ്യങ്ങൾക്കപ്പോൾ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അതിനുള്ള ഉത്തരം എന്റെ മനസ്സിൽ ഉണ്ടായിരുന്നു….

അച്ഛന്റെ വിശ്രമ ജീവിതത്തെ കുറിച്ച് വാചാലമാകുന്ന നമ്മുടെ സമൂഹം അമ്മയെ സൗകര്യപൂർവ്വം മറക്കുന്നു.

തിരിച്ചറിവില്ലാത്ത പ്രായത്തിൽ തന്നെ അവളെ കോളേജിൽ നിന്നും പടിയിറക്കുന്നു,അവളെ ഭാര്യയാക്കുന്നു, അമ്മയാക്കുന്നു…

അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ആ താലിച്ചരടിൽ തൂങ്ങി ആത്മഹത്യ ചെയ്യുന്നു….

വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ തന്നെ അച്ഛനാകേണ്ടി വന്നതിന്റെ സന്തോഷം നിങ്ങൾ ആഘോഷിച്ചു തീർക്കുമ്പോൾ നിങ്ങൾ എപ്പോഴെങ്കിലും അവൾ അത് മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നോ എന്ന് അന്വേഷിച്ചിട്ടുണ്ടോ….

ഒരു നറു ചിരിയോടെ അവൾ “അതേ” എന്ന് കള്ളം പറയാൻ ശ്രമിച്ചാലും ആ മനസ്സിൽ എന്നോ മരിച്ചുപോയ ചില ആഗ്രഹങ്ങളുടെ കൂമ്പാരങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും….

നിങ്ങളെപ്പോലെ നല്ലൊരു കോളേജിൽ പഠിക്കാൻ കൊതിച്ച, നല്ലൊരു കമ്പനിയിൽ ജോലി ചെയ്യാൻ കൊതിച്ച,താൻ അധ്വാനിച്ച പണത്തിൽ നിന്ന് സ്വന്തം അച്ഛന്റെ കയ്യിൽ ഒരു നൂറു രൂപ വെച്ച് കൊടുക്കാൻ കൊതിച്ച, ഒരു പാവം മനസ്സ് തന്നെയാണ് അവൾക്കുമുണ്ടായിരുന്നത്…

അത് നിങ്ങൾ മനസ്സിലാക്കാൻ വൈകിയെങ്കിൽ ഉടനെ തിരുത്താൻ ശ്രമിക്കുക….

നിങ്ങൾ സ്വപ്നങ്ങൾക്ക് പിന്നാലെ പായുമ്പോൾ അവളെയും കൂടെ ചേർത്തുപിടിക്കുക…

അവളെ ചേർത്തുപിടിക്കാൻ നിങ്ങൾ മാത്രമേ ഒള്ളൂ…