നമുക്ക് ഇവളെ ഗസ്റ്റ്‌ ഹൗസിൽ കൊണ്ട് പോകാം. അവിടേക്കു ആരും വരില്ല. ഒന്ന് കൂടി കുതറി നോക്കി…

വേശ്യയുടെ മകൾ

Story written by DEEPTHY PRAVEEN

” ഡീ നീ കൂടുതൽ നിഗളിക്കുക ഒന്നും വേണ്ട….നിന്റെ അമ്മ ഒരു വേശ്യ അല്ലേടി….”

ക്ലാസ്സിലെ വിഷ്ണു മുഖത്തടിച്ചതു പോലെ അത് പറഞ്ഞപ്പോൾ ഒരു നിമിഷം ഒന്ന് പകച്ചു പോയി …. ഈ വിളി ഭയന്നാണ് വീട്ടിൽ നിന്നും ഏറെ ദൂരം ഉള്ള ഈ സ്കൂൾ പ്ലസ് ടു പഠിക്കാൻ തിരഞ്ഞു എടുത്തത് തന്നെ….. ചുറ്റും കൂടിയ കണ്ണുകളിൽ ഒരു നിമിഷം കൊണ്ട് പകപ്പും പിന്നീട് ആ പകപ്പ് പരിഹാസത്തിലേക്കും മാറുന്നത് കണ്ടു മിഴികൾ ചേർത്തു അടച്ചു… നിനക്ക് ഇതു പരിചിതം അല്ലേ എന്ന് മനസ് ആശ്വസിപ്പിക്കുണ്ട് …..

“അമ്മ നാട്ടിലെ അറിയപ്പെടുന്ന വെ*%* ആണ് …. എന്നിട്ടും മോൾടെ അഹങ്കാരത്തിന് ഒരു കുറവും ഇല്ല… “

താനൊന്നു താഴ്ന്നപ്പോളെക്ക് വിഷ്ണു കത്തി കയറുന്നു….. ചുറ്റും അടക്കി പിടിച്ച ചിരി….. പഠനത്തിലോ മറ്റു കാര്യങ്ങളിലോ തന്നെ തോൽപ്പിക്കാൻ കഴിയാത്തവർക്ക് തന്നെ താറടിച്ചു രസിക്കാൻ കിട്ടിയ സുവർണ്ണവസരം ആണ് ഇതു…. ഇവിടെ താഴ്ന്നു കൊടുക്കാൻ പാടില്ല… താൻ തെറ്റ് ഒന്നും ചെയ്തില്ലലോ… പിന്നെ എന്തിനു തല കുനിക്കണം…

” അതേടാ….. എന്റെ അമ്മ വേശ്യ തന്നെയാ…. അതിനു ഇപ്പോൾ എന്ത് വേണം….നിന്റെ അടുത്ത് എന്റെ അമ്മ വന്നോ…. ഇല്ലല്ലോ …. അമ്മ വേശ്യ ആയതിനു ഞാൻ എന്ത് പിഴച്ചു…. എന്നെ പറ്റി വല്ലതും പറയാൻ ഉണ്ടെങ്കിൽ പറയ് … “

വിജയിച്ചു എന്നാ ഗർവോടെ നിന്ന അവന്റെ മുഖത്തു അടിച്ചത് പോലെ അത് പറഞ്ഞു സീറ്റിൽ പോയി ഇരിക്കുമ്പോൾ വിഷ്ണു ഒന്ന് പകച്ചു…

അടുത്ത പീരിയഡ് സർ വരുന്നത് വരെ ചുറ്റും കേട്ട പിറുപിറുക്കൽ തന്റെ ജീവിതത്തെ പറ്റി ആണെന്ന് ഉറപ്പു ഉണ്ടായിരുന്നത് കൊണ്ട് രണ്ടു ചെവിയും അടച്ചു വെച്ച് പുസ്തകത്തിൽ ഊളിയിട്ടു…

ഒരു വിധം സ്കൂളിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ എന്നും കൂടെ ഉണ്ടാകുന്ന ദിവ്യയും അനിതയും കൂടെ വന്നില്ലലോന്നു ഓർത്തു …. തന്റെ ഇന്നലകളും ഇന്നും അത്രമേൽ ദുർഗന്ധം നിറഞ്ഞതാണോ ….??? ബാഗിന്റെ ചെറിയ ഉറ തുറന്നു നോക്കി … പത്തിന്റെ ഒരു ദുഷിച്ച നോട്ടും കുറെ ചില്ലറകളും ….. ചെറിയ പേഴ്സിൽ ചുളുവുകൾ വീഴാത്ത ഒരു നൂറിന്റെ നോട്ടും…. ക്ലാസ്സിലെ രംഗങ്ങൾ മനസിലേക്ക് ഓടിയെത്തി…..അപമാനത്താൽ മുഖം കുനിഞ്ഞു… അമ്മയുടെ മുഖം ഓർമ വന്നു…. വല്ലാത്ത ദേഷ്യവും വാശിയും തോന്നി കാലുകൾ നീട്ടി വലിച്ചു നടന്നു…. ആരെയോ തോൽപ്പിക്കാൻ ശ്രമിക്കും പോലെ…….

ഒരു ദിവസം ബസിൽ കയറാൻ പൈസ ഇല്ലാതെ നടന്നു വീട്ടിൽ എത്തിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു…… ഒരു പാടത്തിനു അക്കരെ ആണ് വീട് …. പാടവരമ്പിലൂടെ ചെന്നപ്പോളെ കണ്ടു മങ്ങിയ ബൾബിന്റെ വെട്ടത്തിൽ ചെറിയ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഒരു സ്ത്രീ രുപം… കണ്ടപ്പോൾ തന്നെ ഓടിയടുത്തു…

” മോളെ ജ്യോതി .. എവിടാരുന്നു …. അമ്മ എത്രത്തോളം വിഷമിച്ചു….. “”

” ബസിൽ വരാൻ കാശ് തികഞ്ഞില്ല… അതാ നടന്നു വന്നത്…. “

ചേർത്ത് പിടിച്ച കൈകളെ ഈർഷ്യയോടെ തട്ടി മാറ്റി കൊണ്ട് അത്രെയും പറഞ്ഞു അകത്തേക്ക് പോയി….. പിറ്റേന്ന് രാവിലെ പതിവ് വണ്ടി കൂലിയോട് ഒപ്പം നൂറിന്റെ ഒരു നോട്ടും കൂടി ഉണ്ടായിരുന്നു….

” ഇനി ബസിനു കാശ് ഇല്ലെങ്കിൽ നടന്നു വിഷമിക്കേണ്ട ….. ബസ് ഇല്ലെങ്കിൽ ഓട്ടോ പിടിച്ചു ആയാലും വീട്ടിൽ പോരെ….. ” തന്റെ നേരെ നീട്ടിയ കാശ് മടി കൂടാതെ ബാഗിലേക്കു വെച്ചു കൊണ്ട് അമ്മയെ തീർത്ത അവഗണിച്ചു …..

അമ്മയുടെ ചൂട് പറ്റി കിടന്നിരുന്ന ബാല്യത്തിൽ അമ്മയായിരുന്നു ജീവനും ശ്വാസവും….തനിക്കു വേണ്ടി മാത്രം ആണ് അമ്മ ജീവിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്…. എന്നാൽ എട്ടാം ക്ലാസ്സിൽ വെച്ചാണ് ആദ്യം ആയി ആ വിളി കേട്ടത്….

“ഡീ ഈ ജ്യോതിയുടെ അമ്മ വേശ്യ ആണെന്നു അമ്മ പറഞ്ഞു… അവളോട് കൂട്ട് കൂടരുതെന്നും പറഞ്ഞു … “

അടുത്തിരുന്ന ശരണ്യ അഞ്ചുനോട് പറയുന്നത് യാദൃച്ഛികമായി ആണ് കേട്ടത്….

” വേശ്യ എന്ന് പറഞ്ഞാൽ എന്താടി… ” അഞ്ചുന്റെ സംശയം മറച്ചു വെച്ചില്ല…എനിക്കും അറിയാൻ ആകാംഷ ഉണ്ടായിരുന്നു… ഞാനും ആ വാക്ക് ആദ്യം കേൾക്കുകയായിരുന്നു….

” വേശ്യ എന്ന് പറഞ്ഞാൽ ചീത്ത സ്ത്രീകൾ ആണെന്ന്…. അപ്പോൾ ജ്യോതിയും ചീത്ത ആകില്ലേ… അതാ കൂട്ട് കൂടേണ്ടന്നു പറഞ്ഞത്… “

അമ്മ ചീത്ത സ്ത്രീയോട് …. മറ്റു വീടുകളിൽ പോയി പണി എടുത്താണു അമ്മ തന്നെ വളർത്തുന്നത് …. അവരോടു എതിർത്തു പറയണം എന്ന് ഉറച്ചു നോക്കിയപ്പോളേക്കും അവർ മാറി ഇരുന്നു കഴിഞ്ഞിരുന്നു… അന്ന് സ്കൂളിൽ നിന്നും വന്ന ഉടനെ അമ്മയോട് ഈ കാര്യം ചോദിച്ചെങ്കിലും മിണ്ടാതെ ഇരുന്നു കരയുകയാണ് ചെയ്തത്…

അതുകൊണ്ട് വേറെ ഒന്നും ചോദിക്കാനും തോന്നിയില്ല…

പക്ഷെ അന്ന് മുതൽ ക്ലാസ്സിലെ കുട്ടികൾ അകലം പാലിച്ചു തുടങ്ങി … തീർത്തും ഒറ്റപെട്ടു …… പത്താം ക്ലാസ്സിൽ ആയപ്പോൾ ശരിക്കും വേശ്യ എന്നാൽ എന്താണെന്നു മനസിലായപ്പോൾ അമ്മയോട് വെറുപ്പായി…. അമ്മയോട് ഒപ്പം കിടക്കുന്നതു മാറ്റി.. എങ്ങനെ എങ്കിലും പഠിച്ചു ആ ചെളി കുഴിയിൽ നിന്ന് രെക്ഷപെട്ടാൽ മതി എന്നായി…. അമ്മയോട് മിണ്ടുന്നതു വരെ വിരളം…

താൻ ചെല്ലുമ്പോൾ അമ്മ വീട്ടിൽ ഉണ്ടാകും… വിളമ്പി വെക്കുന്നത് കഴിച്ചു മുറിയിൽ കയറി വാതിൽ അടക്കും …

ചില ദിവസം രാവിലെ എഴുനേറ്റു വരുമ്പോൾ പുറത്തു നിന്നും തിടുക്കത്തിൽ കയറി വരുന്ന അമ്മയെ കണ്ടിട്ടുണ്ട് …. അടുത്ത വീട്ടിലെ നാണിത്തള്ളയെ കൂട്ട് കിടക്കാൻ വിളിക്കുന്നത്‌ എന്തിനാണെന്ന് അപ്പോളാണ് മനസിലായത്…. അമ്മയോട് ഉള്ള അറപ്പു കൂടി വന്നു…

ചെറുപ്പത്തിൽ അച്ഛൻ മരിച്ചു പോയി എന്നാ അറിവേയുള്ളൂ… ഇവരുടെ സ്വഭാവം കൊണ്ട് ഉപേക്ഷിച്ചു പോയതാകും…. ദേഷ്യം പതഞ്ഞു പൊങ്ങി…

വീട്ടിൽ ചെന്ന് കേറുമ്പോൾ വാതിലിൽ തന്നെ ഉണ്ട്‌…

“” എന്താ മോളെ താമസിച്ചേ…. “

” , ഇങ്ങോട്ട് വരണ്ടാന്നു കരുതിയതാ…. മടുത്തു …. വേശ്യയുടെ മോളെന്ന വിളി കേട്ടു മടുത്തു…. മാന്യമായി ജീവിക്കാൻ വേറെ എത്രയോ ജോലികൾ ഉണ്ട്‌. അതെങ്ങെനയാ അപ്പോൾ സ്വന്തം കാര്യങ്ങൾ നടക്കേണ്ടേ … പ്രായം ആയ ഒരു മോള് ഉണ്ടെന്ന ചിന്ത ഉണ്ടോ നിങ്ങള്ക്ക്…. ” ഭ്രാന്തമായി അന്ന് ആദ്യം ആയി അവരോടു പൊട്ടിത്തെറിച്ചു …. പിന്നെയും എന്തൊക്കെയോ പറഞ്ഞു….

“‘ ഞാൻ പൂവാ… എനിക്ക് ഇവിടെ ഈ അപമാനവും സഹിച്ചു ജീവിക്കാൻ വയ്യ… “”

കൈയിൽ ഇരുന്ന ബാഗ് വലിച്ചെറിഞ്ഞു മുറ്റത്തിലൂടെ കുതിക്കുമ്പോൾ പിന്നിൽ നിന്നും കേട്ട വിളിയെ പാടെ അവഗണിച്ചു… പാടവരമ്പത്തൂടെ റോഡിൽ എത്തുമ്പോളേക്കും നന്നായി ഇരുട്ടിയിരുന്നു…. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഒരു ലക്ഷ്യവും ഇല്ലാതെ പായുമ്പോൾ മനസിലെ രോഷം അടങ്ങിയിരുന്നില്ല…. അവരുടെ വഴിവിട്ട ജീവിതത്തിന്റെ പങ്കു പറ്റാതെ ജീവിക്കണം…. മനസ്സിൽ ഉറപ്പിച്ചു… മുന്നിലെ തെരുവ് ഏറെക്കുറെ വിജനമായിരുന്നു…

എത്ര നേരം നടന്നു എന്ന് അറിയില്ല … വല്ലാത്ത വിശപ്പ്‌… ഉച്ചക്ക് കഴിച്ചതാണ് …. ചുറ്റും ഇരുട്ടാണ്… റോഡിന്റെ രണ്ടു സൈഡിലും മരങ്ങൾ വളർന്നു നിൽക്കുന്നു. മരങ്ങളുടെ ചില്ലകൾക്കു ഇടയിലൂടെ അരിച്ചു ഇറങ്ങുന്ന നിലാവെളിച്ചം … പെട്ടന്നാണ് നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ആരുടെയോ പൊട്ടിച്ചിരി ഉയർന്നത് … പെട്ടന്ന് ശബ്ദം കേട്ട് ഞെട്ടി ചുറ്റും നോക്കി .. അവിടെ വഴി അരികിൽ ബൈക്കിൽ ചാരി രണ്ടുപേര്…. പെട്ടന്നു അവരെ കണ്ടു ഒന്ന് പരിഭ്രമിച്ചെങ്കിലും കാണാത്ത മട്ടിൽ മുന്നോട്ടു നടന്നു…

” ഡാ നോക്കിയെ…. ദേ ഒരു ചരക്കു പോകുന്നു …. മുൻപ് ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ…. ” പിന്നിൽ നിന്നും ഉയർന്ന വാക്കുകൾ നെഞ്ചിൽ കനൽ കോരിയിട്ടു….

” വാടാ നോക്കാം… “”

പുറകിൽ അവരുടെ പാദത്തിന്റെ ശബ്‍ദം അടുത്ത് വന്നു…. അവർ അടുത്ത് എത്തിയതും അവർ തീരെ പ്രതീക്ഷിക്കാത്ത തരത്തിൽ പെട്ടന്നു തിരിഞ്ഞു ഓടി… എങ്ങനെയും വീട്ടിൽ എത്തുക എന്നതായിരുന്നു ലക്ഷ്യം… ഞാൻ മുന്നോട്ടു ഓടും എന്ന് പ്രതീക്ഷിച്ചു വന്ന അവർ പകച്ചു നില്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു… അവരുടെ ബൈക്കിന്റെ അടുത്ത് എത്തിയതും അതിന്റെ ചാവി എടുത്ത അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് എറിഞ്ഞു…

” നിൽക്കെടി അവിടെ “

എന്ന് ആക്രോശിച്ചു കൊണ്ട് വന്ന അവർ ബൈക്കിന്റെ അവിടെ എത്തി കുറച്ചു നേരം നിന്നു .. എനിക്ക് ആ സമയം മതിയാരുന്നു… എല്ലാ ശക്തിയും കാലിലേക്ക് ആവാഹിച്ചു ഓടി…. പക്ഷെ ഏറെ ദൂരം പിന്നിടും മുന്നേ അവർ എന്നെ പിടിച്ചു..

” അങ്ങനെ ഞങ്ങളുടെ കയ്യിൽ നിന്നും രക്ഷപെട്ടു പോകാം എന്ന് നീ കരുതിയോ… ” അതിൽ ഒരുത്തന്റെ കയ്യിൽ കിടന്നു പിടച്ചപ്പോൾ അവൻ ചെവിയിൽ മുരണ്ടു …. തന്റെ മുന്നിൽ വലിയ ഒരു ഗർത്തം രൂപപെടുന്നേ മനസ്സിൽ തെളിഞ്ഞു… എങ്ങനെ രക്ഷപെടും … ഈ രാത്രിയിൽ ആരു വരും … എല്ലാ വഴികളും അടഞ്ഞു.. ശരീരം കുഴയുന്നെ പോലെ… ബോധം നഷ്ട്ടപെടുന്നു….

” നമുക്ക് ഇവളെ ഗസ്റ്റ്‌ ഹൗസിൽ കൊണ്ട് പോകാം.. അവിടേക്കു ആരും വരില്ല… ” ഒന്ന് കൂടി കുതറി നോക്കി… അവർ പിടി മുറുക്കി റോഡിലൂടെ വലിച്ചിഴച്ചു….

” വിടാടാ എന്റെ കുഞ്ഞിനെ… ” ആ ശബ്ദത്തോടൊപ്പം ഒരു അടിയുടെ ഒച്ച കൂടി.

“”അമ്മ…””

താഴാൻ തുടങ്ങിയ കൺപോളകൾ വലിച്ചു തുറന്നു നോക്കി ….

അമ്മയാണ് തന്റെ കയ്യിൽ പിടിച്ചവന്റെ തലയിൽ അടിച്ചത്… അമ്മയുടെ കയ്യിൽ ഇരുന്ന വലിയ തടി കഷ്ണത്തിൽ ചോര… ചുടു ചോരയുടെ മടുപ്പിക്കുന്ന ഗന്ധം.. അപ്രതീക്ഷിതമായ ആക്രമണത്തിൽ അവർ ഭയന്നു.. അമ്മ അടുത്ത ആക്രമണത്തിന് മുതിരുന്നതിനു മുന്നേ തല പൊട്ടിയ കൂട്ടുകാരനെയും വലിച്ചു കൊണ്ട് മറ്റവൻ ഓടിയിരുന്നു..

” അമ്മേ.. ‘ ഏറെ നാളുകൾക്കു ശേഷം ആ ശരീരത്തിലേക്ക് അമരുമ്പോൾ എന്റെ ശരീരം ആലില പോലെ വിറക്കുന്നതു അറിയുന്നുണ്ടാരുന്നു….. അമ്മയുടെ മാതൃത്വത്തിന്റെ സുരക്ഷിതത്വതിന് ചൂട് അനുഭവിച്ചു അറിയുകയായിരുന്നു….

എന്നെയും ചേർത്ത് പിടിച്ചു വീട്ടിലേക്കു നടക്കുമ്പോൾ കേട്ടുമറന്ന പല കഥകളിലും പോലെ ചെറു പ്രായത്തിൽ പെട്ടു പോയ പ്രണയവും മടുത്തപ്പോൾ ഗർഭിണിയായ ഭാര്യയെ വിറ്റിട്ടു പോയ ഭർത്താവിനെ പറ്റിയും ജീവിക്കാൻ വേണ്ടി ഈ തൊഴിൽ തിരഞ്ഞു എടുത്ത നിസ്സഹായാവസ്ഥയെ പറ്റിയും എല്ലാം അമ്മ പറഞ്ഞപ്പോൾ മൗനം പാലിക്കാനെ കഴിഞ്ഞുള്ളു…

അമ്മയുടെ വാക്കുകൾക്ക് അപ്പുറം ഒരു രാത്രിയിൽ ഒറ്റ പെട്ടു പോകുന്ന പെണ്ണിന്റെ അനുഭവം കണ്മുന്നിൽ ഉള്ളപ്പോൾ അമ്മയെ കുറ്റപ്പെടുത്താൻ തോന്നിയില്ല…

വർഷങ്ങൾക്കു ശേഷം അമ്മയുടെ കയ്യിൽ നിന്നും ചോറ് കഴിച്ചു ആ മടിയിൽ തല ചായ്ച്ചു ഉറങ്ങുമ്പോൾ മനസ് ശാന്തം ആയിരുന്നു…

പഠിച്ചു നല്ല നിലയിൽ എത്തി വേശ്യയുടെ മകൾ എന്നാ പേര് മാറ്റി ജ്യോതിയുടെ അമ്മ എന്നാക്കി കളങ്കം അമ്മയിൽ നിന്നും മായിച്ചു കളയണം എന്ന് ദൃഢനിശ്ചയം എടുത്തിരുന്നു…..