നീ തന്നെയല്ലേ എന്റെ ഹൃദയമായി തുടിക്കുന്നത്..അതില്ലാതായാൽ പിന്നെ ഞാൻ ഉണ്ടാകുമോ…? നിറഞ്ഞു തുടങ്ങിയ അവളുടെ…

എൻ ജീവനെ….

എഴുത്ത്: അക്ഷര മോഹൻ

“ജീവാാാ…..…നീ……നീ വന്നല്ലോ…നിക്കറിയായിരുന്നു നീ എന്റടുത്ത് വരുംന്ന്…ഇനി..ഇനി എന്നെ വിട്ട് പോകരുത്ട്ടോ…പോയാൽ ഞാനും വരും നിന്റെ കൂടെ…എങ്ങോട്ടായാലും…”നിഹ ആ ചെറുപ്പക്കാരനെ വാരിപുണർന്നുകൊണ്ട് പറഞ്ഞു…

“ആആആആആാാാ…”നിമിഷങ്ങൾക്കകം അവനെ ആഞ്ഞുതള്ളി അവൾ അലറിവിളിച്ചു. “അല്ലാ…നീ എന്റെ ജീവയല്ല…പോ…പൊക്കോ…ന്റെടുത്ത് വരണ്ടാ..പോാാ…”അവനെ തള്ളിമാറ്റി രണ്ട് കൈ കൊണ്ട് ഇരു ചെവികളും പൊത്തിപിടിച്ച് അവൾ അകത്തേക്ക് ഓടിമറഞ്ഞു.

“ജീവൻ…”ഒന്നും സംഭവിക്കാത്ത മട്ടിൽ തിരിഞ്ഞുനടന്ന അയാളെ ഞാൻ വിളിച്ചു. ഒരു നിമിഷം അയാൾ അവിടെ നിന്നു…

“ജീവൻ അല്ല…ദേവൻ…ദേവാനന്ദ് “ഒരു ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞു.

“ഓഹ്…സോറി..ഞാൻ കരുതി…നിഹയുടെ ജീവൻ…അത്..അത് താൻ ആയിരിക്കുമെന്ന്…പക്ഷെ അവളുടെ കഴുത്തിലെ ലോക്കറ്റിലുള്ള മുഖം…അത്… ഇത് തന്നെയാണല്ലോ…”അവന്റെ മുഖത്തെക്ക് ചൂണ്ടി തെല്ല് സംശയത്തോടെ ഞാൻ ചോദിച്ചു.

“ഡോക്ടർ ഇവിടെ പുതിയതാണല്ലേ?”ആശുപത്രിയുടെ പുറത്തെ സിമെന്റ് ബെഞ്ചിൽ ദേവൻ ഇരുന്നു.

“അതേ…”

“അത്കൊണ്ടാണ് ഡോക്ടർക്ക് ഈ സംശയം..ഇവിടുള്ള മിക്കവർക്കും അറിയാം..ഞാൻ ദേവൻ ആണെന്ന്…നിഹയുടെ നെഞ്ചിൽ പറ്റിചേർന്ന് കിടക്കുന്ന ആ മുഖം ജീവയുടെതാണെന്നും…”ദേവൻ പറഞ്ഞുനിർത്തി എന്റെ മുഖത്ത് നോക്കി.

“ജീവൻ…?”

**********************

“അച്ഛാ..എനിക്ക് ഇവിടെ മടുത്തു..ഞാൻ നാട്ടിലേക്ക് പോട്ടെ..മുത്തശ്ശിടേം മുത്തശ്ശന്റേം കൂടെ..ഞാൻ അവിടുണ്ടെങ്കിൽ അവർക്കും കൂട്ടായല്ലോ..”

“ഇതെന്താപ്പൊ ഇങ്ങനെ തോന്നാൻ..?”

“ഇപ്പോ അല്ല കുറേ നാളായി തോന്നി തുടങ്ങിട്ട്”

“എന്തായാലും കുറച്ച് കാലം കൂടെ കഴിയട്ടെ..”

“വേണ്ട..എനിക്കിപ്പോ പോണം..ഞാൻ ഇനി അവിടെ പഠിച്ചോളാം..അമ്മേ പ്ലീസ്..ഇവിടെ ദേവൻ ഉണ്ടല്ലോ..എനിക്കവിടെയാ ഇഷ്ടം..കുന്നും കാവും കുളവും..എനിക്ക് അവിടെ നിന്നാൽ മതി അച്ഛാ..”

ആ എട്ടാം ക്ലാസ്സ്‌കാരന്റെ വാശിയും നാടിനോടുള്ള അടങ്ങാത്ത ഇഷ്ടവും ബാംഗ്ലൂരിൽ നിന്ന് ജീവനെ നാട്ടിലെത്തിച്ചു…ലീവിന് നാട്ടിലേക്ക് പോകുമ്പോൾ അവൻ എന്നെയും കൊണ്ട് ആ നാട് മുഴുവൻ അലയും…അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് പുറത്ത് വന്ന വ്യത്യാസത്തിൽ നിമിഷങ്ങൾ കൊണ്ട് ഞാനാണ് ഏട്ടനെങ്കിലും അനുഭവങ്ങൾ കൊണ്ട് ഒരുപാട് മുതിർന്നത് അവനായിരുന്നു…ഡിഗ്രിയും കഴിഞ്ഞു നാട്ടിൽ വന്നപ്പോഴാണ് ജീവൻ അവന്റെ പ്രണയത്തെ കുറിച്ച് പറയുന്നത്..ജീവന്റെ ജീവനായ നിഹയെ പറ്റി..

ഒമ്പതാം ക്ലാസ്സ്‌ മുതൽ സ്നേഹിച്ചു തുടങ്ങിയ കഥ ഉണ്ടായിരുന്നു അവന് പറയാൻ…പിജി ക്ക് അവരുടെ കൂടെതന്നെ നാട്ടിലെ കോളേജിൽ ചേർന്നപ്പോൾ ഞാൻ അടുത്തറിയുകയായിരുന്നു അവരുടെ പ്രണയം…അവിടെ എല്ലാവർക്കും പറയാൻ ഉണ്ടായിരുന്നതും നിഹയെയും നിഹയുടെ ജീവനെയും കുറിച്ചായിരുന്നു.

“ദേവാ..നിഹ ഇപ്പോൾ ഇങ്ങോട്ട് വരും..നീ ഇവിടെ ഇരിക്ക്..ഞാൻ അപ്പുറമുണ്ടാകും..”

എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ ആ വലിയ ഗുൽമോഹർ മരച്ചുവട്ടിലെ ബെഞ്ചിലിരുത്തി ജീവൻ പതുങ്ങിയിരുന്നു. ഇളംനീല ചുരിദാറിൽ അരയ്ക്കൊപ്പം നീണ്ട മുടി മെടഞ്ഞ് വിടർന്ന കണ്ണിൽ നിറയെ കണ്മഷിയിട്ട് പുരികത്തിന്റെ ഒത്തനടുവിൽ ഒരു കുഞ്ഞു കറുത്ത പൊട്ട് തൊട്ട് വരുന്ന നിഹയെ ആര് കണ്ടാലും കണ്ണെടുക്കാതെ നോക്കി നിൽക്കും..അത്രയ്ക്ക് ഐശ്വര്യമായിരുന്നു ആ മുഖത്ത്..അവൾ മുഖത്തിന് നേരെ വിരൽ ഞൊടിച്ചപ്പോൾ പകരമൊന്ന് പുഞ്ചിരിച്ച് ഞാൻ എഴുന്നേറ്റു. കുറച്ച് നിമിഷങ്ങൾ എന്റെ കണ്ണുകളിലേക്ക് അവൾ ഉറ്റുനോക്കി.ശേഷം എനിക്കരികിലേക്ക് ചേർന്നു നിന്ന് പെട്ടെന്ന് തന്നെ അകന്നു മാറി.

“ജീവൻ എവിടെ ദേവാ..”

ഞാൻ അമ്പരപ്പോടെയായിരുന്നു അവളെ നോക്കിയത്…ആർക്കും മനസ്സിലാക്കാൻ പറ്റാത്ത ജീവനെയും ദേവനെയും നിമിഷങ്ങൾ കൊണ്ട് അവൾ മനസ്സിലാക്കിയെടുത്തു.

“കണ്ടോ ദേവാ..ഇതാണ് എന്റെ പെണ്ണ്..എത്ര പെട്ടന്ന് മനസ്സിലായെന്ന് നോക്ക്യേ..” ജീവൻ അവളെ ചേർത്തു നിർത്തി.

“നിന്റെ കണ്ണുകളിൽ അലയടിക്കുന്നത് നിറയെ എന്നോടുള്ള പ്രണയമല്ലേ ജീവാ…നിന്റെ ഈ ഹൃദയം മിടിക്കുന്നത് എനിക്ക് വേണ്ടിയല്ലേ…ആ താളം മതി…നിന്റെ ഈ കണ്ണുകൾ മതി…എനിക്ക് നിന്നെ അറിയാൻ…”ജീവന്റെ നെഞ്ചിൽ തല വച്ച് നിഹ പറയുമ്പോൾ അത്ഭുതമായിരുന്നു എനിക്ക്.എവിടെ ആയാലും നിഹയുടെ കൈകൾ ജീവന്റെ കൈകളിൽ ഭദ്രമായിരുന്നു..നിഹയുടെ ജീവൻ തന്നെ ആ ജീവനിലാണെന്ന് അധ്യാപകർ പോലും പറയുമായിരുന്നു…

“നിഹയുടെ പേരെന്റ്സ്??” ജീവനോടായിരുന്നു എന്റെ ആ ചോദ്യം.

“അച്ഛൻ അവളുടെ ചെറുപ്പത്തിൽ തന്നെ മരിച്ചതാണ് ദേവാ..അമ്മയാണ് പിന്നീട് വളർത്തിയത്..അവർ ഹാർട്ട്‌ പേഷ്യന്റ് ആണ്..എപ്പോൾ വേണമെങ്കിലും അവർക്ക് എന്തും സംഭവിക്കാം..അവളെ എന്റെ കൈയിൽ ഏൽപ്പിച്ചു വേണം കണ്ണടക്കാനെന്ന് ഇടയ്ക്കിടെ പറയും..”

“മറ്റാരും ഇല്ലേ അവർക്ക് കൂട്ടിന്?”

“ഒരു കൊച്ചച്ചൻ ഉണ്ട്..പക്ഷെ അയാൾ നിഹയുടെ ശരീരം മാത്രം മോഹിച്ചാണ് നടപ്പ്..ഒരു തവണ എന്റെ കൈയുടെ ചൂടറിഞ്ഞതാ..”

“എന്താണിവിടെ…ഇരട്ടസഹോദരങ്ങൾ തമ്മിൽ ഒരു സ്വകാര്യം പറച്ചിൽ?”

“നിന്നെ വീട്ടിലേക്ക് കെട്ടികൊണ്ട് പോകാനുള്ള പ്ലാൻ ഉണ്ടാക്കുവാണ്..ഇപ്പൊ തന്നെ പോയാലോ”

അവിടെക്ക് വന്ന നിഹയുടെ കൈ പിടിച്ചു അവനോട് ചേർത്തിരുത്തി ജീവൻ കുസൃതി ചിരിയോടെ പറഞ്ഞു..അവർക്കിടയിലെക്ക് വരുന്ന ഇളങ്കാറ്റിൽ ഗുൽമോഹർ ഇതളുകൾ പൊഴിച്ചു..

“നിഹാ….” “മ്മ്മ്..”

“നിഹാ…….” “എന്താടാ ചെക്കാ..”

“ഞാൻ മരിച്ചു പോയാൽ നീ എന്താ ചെയ്യ്വാ ..?”

“ദേ..ജീവാ..നീ ഇത് എപ്പഴും ചോദിക്കണുണ്ടല്ലോ…ഞാൻ എത്ര തവണ പറഞ്ഞതാ ഇതിന്റെ ഉത്തരം…”

“ഒന്നൂടി പറ പെണ്ണേ..”

“ഇല്ല…ഞാൻ പറഞ്ഞതല്ലേ എനിക്കിഷ്ടല്ലാ ഈ ചോദ്യംന്ന്..ഞാൻ പറയില്ല..”അവൾ പിണങ്ങി അവനിൽ നിന്നകന്നിരുന്നു.

“നിന്റെ ആ ഉത്തരം കേൾക്കാൻ എനിക്ക് അത്രക്ക് ഇഷ്ടം ആയോണ്ടല്ലെ…പറ നിഹാ..”അവളുടെ അടുത്തേക്ക് അവൻ കൂടുതൽ ചേർന്നിരുന്നു.

“എന്നാൽ ഞാൻ ചോദിക്കട്ടെ…ഞാൻ മരിച്ചു പോയാൽ നീ എന്ത് ചെയ്യും..?”

“……നീ പോയാൽ പിന്നെ ഞാൻ ഉണ്ടോ പെണ്ണേ…എന്റെ ജീവൻ നിന്റെ ഉള്ളിൽ അല്ലേ..നീ ഇല്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ…ഇനി പറ നിഹാ..ഞാൻ ഇല്ലാതായാൽ…?”

“നിന്റെ ജീവൻ തന്നെ അല്ലേ ജീവാ..എന്റേതും?നീ തന്നെയല്ലേ എന്റെ ഹൃദയമായി തുടിക്കുന്നത്..അതില്ലാതായാൽ പിന്നെ ഞാൻ ഉണ്ടാകുമോ…?” നിറഞ്ഞു തുടങ്ങിയ അവളുടെ കണ്ണിലേക്കു അവൻ ആർദ്രമായി ചുംബിച്ചു.കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിനെ ചുണ്ട് കൊണ്ട് ഒപ്പിയെടുത്തു.

“സങ്കടപ്പെടല്ലെ നിഹാ…നീ പറയുന്ന ആ ഉത്തരം എന്റെ ഉള്ളിൽ തട്ടി അലയടിക്കുന്നത് കേൾക്കാൻ എനിക്കെന്ത്‌ ഇഷ്ടാണെന്നോ..അത് കേൾക്കാനല്ലേ ഞാൻ…”പറഞ്ഞു തീരുന്നതിനു മുന്നേ നിഹ അവളുടെ ചൂണ്ടുവിരൽ അവന്റെ ചുണ്ടിന് കുറുകെ വച്ചു.

“നീ എന്നിൽ നിന്ന് അകന്നു പോകുമെന്ന വാക്കുകൾ പോലുമെന്നെ ഭ്രാന്തിയാക്കുന്നു ജീവാ..നീ ഇല്ലാതാകുന്നത് എന്റെയുള്ളിലെ ഞാൻ ഇല്ലാതാകുന്നതിന് തുല്യമല്ലേ..” ആ ചൂണ്ടുവിരലിൽ അവൾ അവളുടെ ചുണ്ടുകൾ അമർത്തി…

ഒരു ദിവസം ക്ലാസ്സ്‌ കഴിയാൻ ഒരുപാട് വൈകി..അന്ന് അവളെ വീട്ടിൽ കൊണ്ടുവിട്ട് തിരിച്ചു വരുന്ന വഴി ആയിരുന്നു..പെട്ടന്ന് റോഡിലേക്ക് അമ്മയുടെ കൈ വിട്ട് ഓടിയ ഒരു കുഞ്ഞുമോളെ രക്ഷിക്കാൻ ബൈക്ക് വെട്ടിച്ചതായിരുന്നു ജീവൻ..എതിരെ വന്ന ബസിലിടിച്ച്….

അപ്പോൾ ഞാൻ വീട്ടിലെത്തിയതെ ഉണ്ടായുള്ളൂ..ഓടിപിടിച്ചു ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവനെ സ്നേഹിച്ച, അവൻ സ്നേഹിച്ച എല്ലാവരും ഉണ്ടായിരുന്നു.

ICU വിന്റെ മുന്നിൽ നിലത്ത് കരഞ്ഞു വീർത്ത കണ്ണുകളോടെ ആരോടും ഒന്നും മിണ്ടാൻ പോലും കൂട്ടാക്കാതെ നിഹയും..നീണ്ട സമയത്തെ കാത്തിരിപ്പിനു ശേഷം നേഴ്സ് പുറത്ത് വന്നു.

“നിഹ..പേഷ്യന്റിന് സംസാരിക്കണം..കൂടെ ദേവനും..നിങ്ങൾ രണ്ട് പേരും മാത്രം കയറിയാൽ മതി..”

എന്റടുത്ത് കരഞ്ഞു തളർന്ന അമ്മയുടെ കൈയിൽ മുറുകെ പിടിച്ച് ഞാൻ നിഹയെ പിടിച്ചെഴുന്നേൽപ്പിച്ച് അകത്തേക്ക് കയറി. അവിടെ കിടന്നിരുന്നത് എന്റെ ജീവൻ തന്നെയാണോന്ന് സംശയിച്ചു പോയി ഞാൻ..കരയാതിരിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അവന്റെ അവസ്ഥ കണ്ട് എന്റെ കണ്ണുകൾ എന്നെ തോൽപ്പിച്ചു. ദേഹം മുഴുവൻ നുറുങ്ങുന്ന വേദനയിലും അവനിൽ എപ്പോഴുമുള്ള പുഞ്ചിരിയോടെയായിരുന്നു അവൻ ഞങ്ങളെ നോക്കിയത്.

“ജീവാ….”

“ഒ….ഒന്നും…..പറ…യല്ലേ ദേ..വാ..ഞാൻ പോ..യാൽ എന്റെ……നി..നിഹാ…അവളെ നോ…ക്കണേ ദേവാ…എ..ന്റെ കൂ…ടെ അവ..ളും വ..രും..എനിക്കറിയാം…പക്ഷേ ആ അ…മ്മ…”

അവനെ പലതും പറഞ്ഞു ആശ്വാസിപ്പിക്കണമെന്നുണ്ടായിരുന്നു.. പക്ഷെ തൊണ്ടക്കുഴിയിൽ കനം നിറഞ്ഞതല്ലാതെ ശബ്ദം പുറത്തു വന്നില്ല..

“ജീവാ..നിനക്കൊന്നും പറ്റില്ല ജീവാ.. എന്നും കൂടെ ഉണ്ടാകുമെന്ന് എനിക്ക് വാക്ക് തന്നതല്ലേ നീ…എന്നെ ഒറ്റക്കാക്കി നിനക്ക് പോകാൻ പറ്റ്വൊ ജീവാ…നീ തിരിച്ചു വരില്ലേ ജീവാ…എനിക്ക് വേണ്ടി….പറ ജീവാ…നീ വരില്ലേ…” സാന്ത്വമായി ആരംഭിച്ച നിഹയുടെ വാക്കുകൾ ഭ്രാന്തമായി തുടങ്ങിയിരുന്നു.

“നീ അല്ലേ എന്റെ ജീവൻ..ആ നീ പോയാൽ ഞാനുണ്ടോ..നീ മരിച്ചാൽ ഈ നിഹയും മരിച്ചില്ലേ…നമുക്ക് ജീവിക്കണ്ടേ ജീവാ..നീ പറഞ്ഞ പോലെ..ആരുമില്ലാത്ത താഴ് വരയിൽ ഒരു കൊച്ചുവീട്ടിൽ… നീ എന്നെയും ഞാൻ നിന്നെയും മാത്രം സ്നേഹിച്ച്…ഒരുപാട് കാലം…വേണ്ടേ..നിന്റെ ആഗ്രഹല്ലേ…എനിക്കറിയാം..നിനക്ക് എന്നെ വിട്ട് പോകാൻ പറ്റില്ല..ഞാൻ കാത്തിരിക്കും ജീവാ..നിനക്ക് വേണ്ടി..നിനക്കറിയാലോ..ഈ നിഹയ്ക്ക് ഒറ്റ വാക്കേ ഉള്ളു….”

കണ്ണുകൾ അമർത്തി തുടച്ചു നെറ്റിയിലെക്ക് വീണ അവന്റെ മുടികൾ ഒതുക്കി അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു.

“നി….ഹാാാ…….”ഒരു തേങ്ങലോടെ…തേങ്ങലിനിടയിലും നിറഞ്ഞ പുഞ്ചിരിയോടെ നിഹയുടെ കവിളിൽ തലോടി ജീവന്റെ കണ്ണുകൾ അടഞ്ഞു.

“ജീ…..വാ…….ജീവാാാ……കണ്ണ് തുറക്ക് ജീവാ…ഞാനല്ലേ വിളിക്കണേ..നിന്റെ നിഹയല്ലേ വിളിക്കണേ…കണ്ണ് തുറക്ക് ജീവാ…എന്നെ കളിപ്പിക്കല്ലേ…കണ്ണ് തുറന്നേ…ജീവാ…എന്നെ ഇങ്ങനെ പറ്റിക്കല്ലേ ജീവാ…ജീവാ….”

ഒരു മരവിപ്പോടെ നോക്കി നിന്നതല്ലാതെ ഒന്നും ചെയ്തില്ല ഞാൻ. ഭ്രാന്തമായി പെരുമാറിയ നിഹയെ നിമിഷങ്ങൾക്ക് ശേഷം പുറത്ത് കൊണ്ട്പോകാൻ ഡോക്ടർ പറഞ്ഞപ്പോഴാണ് ഞാൻ സ്വബോധം വീണ്ടെടുത്തത്..

“നിഹാ…”

“ദേവാ..കണ്ണ് തുറക്കാൻ പറ ജീവനോട്..എനിക്ക് പറ്റണില്ലാ അവൻ മിണ്ടാതെ..പറ ദേവാ അവനോട്..എന്നെ പറ്റിക്കല്ലേന്ന് പറ ദേവാ..”

“നിഹാ..അവൻ… അവൻ പോയി…ജീവൻ പോയി..”നിറഞ്ഞ കണ്ണുകളെ തടയാൻ പറ്റാതെ അവൾക്കരികിലായി ഞാൻ നിന്നു.

“പോവാനോ..എന്നെ ഒറ്റക്കാക്കിട്ടോ..?ഇല്ലാ അവന് പറ്റില്ല….

ജീവാ..നോക്ക് ജീവാ…എന്നെ നോക്ക് ജീവാ….എന്നെ വിട്ട് നിനക്ക് പോവാൻ പറ്റ്വോ ജീവാ….പറ ജീവാ..നീ ഇല്ലാതെ ഞാനുണ്ടോ…ജീവാ…കണ്ണ് തുറക്ക് ജീവാ…എന്നെ ഒറ്റക്കാക്കി പോകല്ലേ…ജീവാാ…”

ചലനമറ്റ് കിടന്ന അവനെ ബോധം മറയും വരെ അവൾ കുലുക്കി വിളിച്ചു. പിന്നീട് അവൾ കണ്ണ് തുറന്നത് പിറ്റേന്ന് രാവിലെ ആയിരുന്നു. അതിന് ശേഷം നിഹ കരഞ്ഞില്ല. അവനെ കിടത്തിയതിനരികെ ചുരുണ്ടുകൂടി കാൽമുട്ടിൽ മുഖം ഒളിപ്പിച്ചിരുന്നു..ഒടുവിൽ സമയമായപ്പോൾ അവന്റെ കൈ വിരലുകൾ കോർത്തുപിടിച്ചു അവനെ ഭ്രാന്തമായി ചുംബിച്ചതല്ലാതെ ഒരുതുള്ളി കണ്ണീർ പൊടിഞ്ഞില്ല.

ചിത കത്തിതുടങ്ങിയപ്പോൾ ജീവാാാ എന്ന നിലവിളിയോടെ ചിതയിലേക്ക് പാഞ്ഞടുത്ത നിഹയെ ആരൊക്കെയൊ ചേർന്നു പിടിച്ചു വയ്ക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം ഞാൻ അറിയുന്നത് നിഹ കൈഞരമ്പ് മുറിച്ചു ആശുപത്രിയിൽ ആണെന്നാണ്….

മണിക്കൂറുകൾക്ക് ശേഷം കണ്ണ് തുറന്നു എന്നെ കണ്ട നിഹ കിടക്കയിൽ നിന്ന് എല്ലാം വലിച്ചെറിഞ്ഞ് ഓടി എന്നെ മുറുകെ കെട്ടിപിടിച്ചു.

“ജീവാ…നീ…നീ വന്നല്ലോ ജീവാ..എനിക്കത് മതി..”

എന്റെ ഹൃദയതാളം മനസ്സിലാക്കിയെന്നോണം എന്റെ കണ്ണുകളിലെക്കും ഒരു നിമിഷം നോക്കി എന്നിൽ നിന്നടർന്ന്മാറി അവൾ കട്ടിലിൽ കമിഴ്ന്നു കിടന്നു. “അല്ല…അത് ജീവയല്ല..എന്റെ ജീവ വന്നില്ല..വരുന്നേ ഉള്ളു..വന്നിട്ട് എന്നേം കൊണ്ടോവും…” അവൾ കമിഴ്ന്നുകിടന്ന് പിറുപിറുക്കുന്നത് നിശ്ചലനായി നിന്ന് കൊണ്ട് ഞാൻ കേട്ടു..

പിന്നീടുള്ള നാളുകളിൽ ഇത് പതിവായി..എന്നെ കാണുമ്പോൾ വാരിപുണരും..പിന്നീട് ഞെട്ടലോടെ അകന്നുമാറും..

“ജീവ എന്താ വരാത്തെ..എന്നെ കൊണ്ടോവാൻ വരാംന്ന് പറഞ്ഞതാണല്ലോ..നിങ്ങൾ കണ്ടോ വന്നത് ..? എനിക്കറിയാം..ഒളിച്ചുനിക്കാ..എന്നെ പറ്റിക്കാൻ..ഇനി വരട്ടെ..മിണ്ടില്ല ഞാൻ…”

“നിഹാ…മോളേ…”

“വേണ്ട..എന്നോട് ആരും കൂട്ട് കൂടണ്ട..അമ്മയും കൂടിയല്ലേ ജീവയെ ഒളിപ്പിച്ചുനിർത്ത്യെ..അതോണ്ട് അമ്മയും കൂട്ട്കൂടണ്ട..ജീവ വന്നിട്ട് മിണ്ടിയാൽ മതി എല്ലാരും എന്നോട്…”

അവളുടെ മനസ്സ് കൈ വിട്ടു പോയത് പിന്നീടാണ് അറിഞ്ഞത്..കരച്ചിലടക്കാൻ പാടുപെടുന്ന ആ അമ്മയെ സമാധാനിപ്പിക്കാൻ അല്ലാതെ നിഹയോട് സംസാരിക്കാൻ അവൾ അനുവദിചില്ല..മകളുടെ അവസ്ഥ കണ്ട് നിൽക്കാൻ കഴിയാതെ ആ അമ്മയും അധികം വൈകാതെ പോയി. സ്വയം മുറിവേൽപ്പിച്ച് സന്തോഷിക്കാനും മറ്റുള്ളവരെ ഉപദ്രവിക്കാനും തുടങ്ങിയപ്പോഴാ നിഹയെ ഇങ്ങോട്ട് കൊണ്ടുവന്നത്..ഇപ്പോൾ എട്ട് മാസങ്ങൾ കഴിഞ്ഞു. ജീവന്റെ മുഖം സ്വപ്‌നത്തിൽ വരുന്ന ദിവസങ്ങളിൽ ഞാൻ ഇവിടെ വരും..ഇപ്പോൾ ഡോക്ടർ കണ്ടപോലുള്ള ദൃശ്യങ്ങൾ ഉണ്ടാകും..ഇവിടുള്ളവർക്ക് അതുകൊണ്ട് ഇതൊന്നും പുതുതല്ല…കലങ്ങിയ കണ്ണുകൾ എന്നിൽ നിന്നും മറച്ചു കൊണ്ട് ദേവൻ പറഞ്ഞവസാനിപ്പിച്ചു..

“എന്നാൽ തനിക്ക് കൊണ്ട് പോയ്‌ക്കൂടെ നിഹയെ..തന്റെതായിട്ട്…തനിക്ക് ബേധമാക്കാൻ പറ്റിയാലോ അവളുടെ ഈ അവസ്ഥ…ഇതേ മുഖം തന്നെയല്ലേ ജീവയ്ക്കും…”ഒരുപാട് സമയത്തെ മൗനത്തിനു ശേഷം ഞാൻ തന്നെ സംസാരിച്ചു..

“പക്ഷേ..മനസ്സ് രണ്ടല്ലേ…നിഹ ദേവനെ അല്ല…ജീവനെയാണ് സ്നേഹിച്ചത്…നിഹയുടെ ജീവനായ ജീവനെ…ഞാൻ അവളെ കാണുന്നതും ജീവന്റെ ഭാര്യ ആയിട്ടാണ്…അവളുടെ മനസ്സറിയാനും ബേധമാക്കാനുമെല്ലാം ജീവയെ കൊണ്ട് മാത്രമേ സാധിക്കു…അവൾ ഒരിക്കലും മറ്റൊരാളുടെ ഭാര്യ ആവാൻ ആഗ്രഹിക്കില്ല..അതുപോലെ അവളെ ഭാര്യയായി കാണാൻ എനിക്കും…അത് എന്നെക്കാൾ നന്നായി അവനറിയാം…എനിക്കറിയാം..നിഹയെ ഇവിടെ ഇങ്ങനെ നരകിപ്പിക്കാതെ ജീവൻ കൊണ്ടുപോകും…വൈകാതെ തന്നെ…സ്വപ്നങ്ങളായി വന്നു അവൻ തന്നെ പറഞ്ഞിട്ടുണ്ട് അതെന്നോട്..പല തവണ….പൂർണമാക്കാൻ പറ്റാതെ പോയ ജീവാനന്ദിന്റെയും നിഹാരയുടെയും പ്രണയം മറ്റൊരു ലോകത്തിൽ വച്ച് സഫലമാകും…ആ സന്തോഷം എന്നെ അറിയിക്കാനായി അന്ന് അതൊരു മഴയായി ഭൂമിയിൽ പതിക്കും…”

നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ടു പോകുന്ന ദേവനെ ഒന്നും പറയാനാവാതെ ഞാൻ നോക്കി നിന്നു…അപ്പോഴും നിഹയുടെ “ജീവാാാ…”എന്ന വിളി മാത്രം അവിടാകെ മുഴങ്ങുന്നുണ്ടായിരുന്നു….