പക്ഷേ അവനെ കാണുമ്പോൾ മരുഭൂമി ആകുന്ന നാക്കിനും വിയർപ്പ് പൊടിയുന്ന ശരീരത്തിനും അതിനു സാധിച്ചില്ല. അല്ലെങ്കിൽ തന്നെ അവൻ തന്നെ…

എഴുത്ത് : നീതു നീതു

“സഞ്ജു….സഞ്ജു…”

” എന്താ…എന്ത് പറ്റി ശിൽപ്പാ”

ശിൽപ്പയുടെ പരിഭ്രമം നിറഞ്ഞ വിളിയിൽ സഞ്ജു മുന്നിലെ കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും മുഖം മാറ്റി നോക്കി….അവന്റെ ടേബിൾ മുന്നിൽ ചെറുതായി കിതച്ചു കൊണ്ട് ശിൽപ്പ നിന്നിരുന്നു.

“എന്താടോ…എന്ത് പറ്റി??” അവൻ വീണ്ടും അവളോട് ചോദിച്ചു.

” മീ…മീര വിളിച്ചിരുന്നു എന്നെ…അവളുടെ കല്യാണം ആണ്…ഇൗ സൺഡേ”

ശിൽപ്പയുടെ ശബ്ദത്തിൽ ചെറുതായി വിറയൽ വന്നു..അവള് പരിഭ്രമത്തോടെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.

“ഹാ….ഇത് പറയാൻ ആണോ നീ ഇപ്പൊ ഓടി പിടിച്ചു വന്നത്….”സഞ്ജു ചെറു ചിരിയോടെ വീണ്ടും ലാപ്ടോപ്പിലെ സ്ക്രീനിലേക്ക് മുഖം തിരിച്ചു.

” ഞാൻ അറിഞ്ഞു ശിൽപ്പ…അവള് ഒരാഴ്ച മുൻപ് എന്നെ വിളിച്ചിരുന്നു.”

” അപ്പോൽ ….നിങ്ങള് തമ്മിൽ!!!???” ആകാംക്ഷയോടെ അവള് പിന്നെയും അവനോടു ചോദിച്ചു.

” ഞങ്ങൾ തമ്മിൽ ഒന്നും ഇല്ല…പോരെ??” ശിൽപ്പ പിന്നെയും വിശ്വാസം വരാതെ അവനെ തന്നെ നോക്കി.

” ശിൽപ്പക്ക് വർക് ഒന്നും ഇല്ലേ ചെയ്യാൻ??” അവള് പിന്നെയും അവിടെ തന്നെ നിൽക്കുന്നത് കണ്ട് അവൻ ചോദിച്ചു.

” ഉ.. ഉണ്ട്…”

” എങ്കിൽ പിന്നെ പോയി ചെയ്യെടോ “

” സോ.. സോറി..” ശിൽപ്പ ചെറു ചമ്മലോടെ അവളുടെ സീറ്റിലേക്ക് പോയി ഇരുന്നു.

‘ ശേ…ഞാൻ ഇത് എന്തൊക്കെയാ കാട്ടി കൂട്ടിയത്….മീര അവളുടെ കല്യാണം വിളിച്ചപ്പോൾ ഒന്നും ആലോചിക്കാതെ അവനോടു പോയി ചോദിച്ചതാ….വേണ്ടായിരുന്നു…’

ഓർക്കും തോറും ശിൽപ്പ ക്ക് വല്ലാത്ത നാണക്കേട് തോന്നി…ഒരു നിമിഷം ഒന്നും ആലോചിച്ചില്ല ….സഞ്ജുവും മീരയും തമ്മിൽ ഇപ്പോളും ഇഷ്ട്ടത്തിൽ ആണ് എന്ന് ആയിരുന്നു വിശ്വാസം…

പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും കോൾ വന്നപ്പോൾ മീര ആയിരിക്കും എന്ന് കരുതിയില്ല…കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോൾ നെഞ്ചില് ഒരു ഭാരം പോലെ തോന്നി…സഞ്ജു തന്നെ ആകും ആള് എന്ന് കരുതി കേൾക്കാൻ താൽപര്യം തോന്നിയില്ല…പക്ഷേ പ്രതീക്ഷകൾ തകിടം മറഞ്ഞു…അവന്റെ സ്ഥാനത്ത് വേറൊരു പേര് കേട്ടപ്പോൾ ഒന്നും ആലോചിക്കാതെ ചോദിക്കാൻ ഇറങ്ങി പുറപ്പെട്ടതാണ്.

അവള് പതുക്കെ അവന്റെ സീറ്റിലേക്ക് എത്തി നോക്കി….സഞ്ജു ഭാവ ഭേദം ഇല്ലാതെ ജോലിയിൽ മുഴുകി ഇരിപ്പാണ്…അന്ന് വൈകിട്ട് ജോലി കഴിഞ്ഞ് ഇറങ്ങും വരെ അവന്റെ കണ്ണിൽ പെടാതെ നടന്നു…..അവനെ നേരിടാൻ ഉള്ള ജാള്യത ഒഴിച്ചാൽ ഒരു സുഖമുള്ള സന്തോഷം തന്നെ പൊതിയുന്നത് ആയി അവൾക്ക് തോന്നി….

വീട്ടിൽ എത്തി തന്റെ മുറിയിലേക്ക് ചേക്കേരുമ്പോൾ ആ സന്തോഷത്തിന്റെ സുഖമുള്ള അനുഭൂതിയിൽ ആയിരുന്നു മനസ്സ്. ആറേഴു കൊല്ലം മുൻപുള്ള എൻജിനീയറിങ് ആദ്യ കൊല്ലത്തെ ക്ലാസ്സിലേക്ക് മനസ്സ് ഓടി എത്തി…..

ക്ലാസ്സിലെ അധികം സംസാരിക്കാത്ത, സൗഹൃദ വലയങ്ങൾ തീർക്കാൻ അറിയാത്ത, ഒരു ശിൽപ്പ……അവള് ആരാധനയോടെ കണ്ടിരുന്ന , കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ ക്ലാസ്സിലെ എല്ലാവരുടെയും പ്രിയപ്പെട്ട സുഹൃത്തും, വിദ്യാർത്ഥിയും, നേതാവും ഒക്കെ ആയ സഞ്ജയ് എന്ന സഞ്ജു……നിറഞ്ഞ ചിരി ആയിരുന്നു അവനെ ഓർക്കുമ്പോൾ ഒക്കെ മനസ്സിൽ വരിക…..എന്തിനും ഏതിനും മുന്നിൽ നിൽക്കുന്ന , എല്ലാവരോടും സൗഹൃദം ഉള്ള ഒരുത്തൻ….അവന്റെ സുഹൃത്ത് വലയത്തിൽ എത്തിപ്പെടാൻ വല്ലാത്ത ഒരു ആഗ്രഹം ആയിരുന്നു തനിക്ക്….പക്ഷേ അവനെ കാണുമ്പോൾ മരുഭൂമി ആകുന്ന നാക്കിനും വിയർപ്പ് പൊടിയുന്ന ശരീരത്തിനും അതിനു സാധിച്ചില്ല…..അല്ലെങ്കിൽ തന്നെ അവൻ തന്നെ അറിയുമോ എന്ന് പോലും അന്ന് നിശ്ചയം ഇല്ലായിരുന്നു…..

ആരാധന പതുക്കെ പ്രണയം ആയി. അവനെ മാത്രം ശ്രദ്ധിച്ചിരുന്നു തള്ളി നീക്കിയ ക്ലാസുകൾ….വേണ്ടെന്ന് വെച്ചാലും ഒരിക്കലും നടക്കില്ലെന്ന് അറിഞ്ഞാലും മനസ്സ് സ്വയം നിർമ്മിക്കുന്ന സ്വപ്നങ്ങളുടെ കൂമ്പാരങ്ങൾ…….ഒക്കെയും തകർന്നു വീണത് അന്ന് മൂന്നാം വർഷ ക്ലാസ്സിൽ മീര യോട് ഒപ്പം പ്രണയം പങ്കിടുന്ന അവനെ കണ്ടപ്പോൾ ആയിരുന്നു…….ആരോരും പറയാത്ത തന്റെ പ്രണയം ആരും അറിയാതെ തന്നെ കൊന്നു കുഴിച്ചിട്ടു……അല്ലെങ്കിൽ തന്നെ അതൊന്നും പങ്കിടാൻ മാത്രം ഉള്ള സൗഹൃദം അന്നും ഇന്നും തനിക്കില്ല…..കൂട്ടം കൂടുമ്പോൾ ഉൾവലിഞ്ഞു നിൽക്കാൻ ആണ് അന്നും തനിക്ക് വശമുള്ളു…..

മറക്കുക എന്നാൽ അത്രമേൽ വേദനിപ്പിക്കുന്ന ഒന്നാണെന്ന് അന്ന് മനസ്സിലായി…..കണ്ണ് നീരിൽ കുതിർന്ന തലയിണയും കരഞ്ഞു വീർത്ത കൺപോളകളിൽ പിന്നെയും കോംപ്ലക്സിന്റെ പടുകുഴിയിൽ തള്ളി ഇട്ടു.

അല്ലെങ്കിൽ തന്നെ എന്തിന്??? നാല് വർഷത്തെ ഓർമിച്ചുള്ള പഠനത്തിന് ഇടക്ക് ഏറി വന്നാൽ മൂന്നോ നാലോ വാക്കുകൾ സംസാരിച്ചിട്ടു ഉണ്ടാകും അവൻ തന്നോട്…ഡിഗ്രീ കഴിഞ്ഞു വേറെ ഒന്നും ചെയ്യാൻ ഇല്ലാതെ പിജി ചെയ്തു……നീണ്ട നീണ്ട ഇന്റർവ്യൂ കൾക്ക് അവസാനം തന്റെ പ്രാർത്ഥന കേട്ടു സഹികെട്ട് ആകും ഇവിടെ പ്രോഗ്രാമിങ് ട്രെയിനർ ആയി ജോലി കിട്ടി…..

സഞ്ജയ്നേ വീണ്ടും ഒരു കണ്ടുമുട്ടൽ…..തന്നെ കണ്ട് വർഷങ്ങൾ ആയി പിരിഞ്ഞ് സുഹൃത്തിനെ പോലെ സംസാരിച്ചപ്പോൾ അമ്പരപ്പ് ആയിരുന്നു….അവന്റെ കൂടെ ആയിരുന്നു ആദ്യ ട്രൈനിംഗ്…വീണ്ടും പൂക്കാൻ തുടങ്ങിയ പ്രണയത്തെ മീരയുടെ പേരിൽ പിടിച്ചു നിർത്തി….അതിനാണ് ഇപ്പൊ തിരശ്ശീല വീണത്….മനസ്സ് വീണ്ടും അവനു ചുറ്റും പറക്കാൻ തുടങ്ങിയത് അറിഞ്ഞു…

പരസ്പരം ഒരുപാട് അറിഞ്ഞെങ്ങിലും ഒരിക്കലും മീരയെ പറ്റിയോ അവന്റെ പ്രണയത്തെ പറ്റിയോ സഞ്ജു പറഞ്ഞിട്ടില്ല….അറിയാൻ തനിക്ക് താൽപര്യവും ഉണ്ടായില്ല….

❤️❤️❤️❤️

പിന്നീട് ഉള്ള രണ്ടു മൂന്നു ദിവസം പരസ്പരം കൂടിക്കാഴ്ച മനപൂർവ്വം ഒഴിവാക്കി. അവൻ തന്നെ തെറ്റിദ്ധരിച്ചു കാണുമോ എന്നായിരുന്നു പേടി….. അന്ന് ശനിയാഴ്ച ധൃതിയിൽ ഓഫീസിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് സഞ്ജു കാബിനിൽ വന്നത് ..

” ശിൽപ്പ നീ വരുന്നുണ്ടോ നാളെ മീരയുടെ കല്യാണത്തിന്???”

” ഞാൻ ….ഞാനെങ്ങും പോകുന്നില്ല”

” അതെന്താ….നിന്നെ അവള് വിളിച്ചതല്ലെ ..പോയി വരാം”

” ഹേയ്…ഞാനില്ല….അവള് എന്നെ ഒരു ഫോർമാലിട്ടിക്ക് വിളിച്ചത് ആകും…ഞങൾ തമ്മിൽ അങ്ങനെ അടുപ്പം ഒന്നും ഇല്ല..”

” ഓഹോ…എങ്കിൽ ഓക്കേ”

” സ..സഞ്ജു പോകുന്നുണ്ടോ??” പുറത്തേക്ക് പോകാൻ തുടങ്ങിയ സഞ്ജു ശിൽപ്പയുടെ ചോദ്യം കേട്ട് തിരിഞ്ഞു നോക്കി.

” ഞാൻ പോകും….എന്തേ???”

” ഓ…ഒന്നുമില്ല…ചോദിച്ചു എന്നെ ഒള്ളു..'”

അവളെ നോക്കി കനപ്പിച്ച് ഒന്ന് മൂളിയ ശേഷം അവൻ ഇറങ്ങിപ്പോയി.

❤️❤️❤️❤️❤️

പിറ്റേന്ന് ഒരുപാട് വൈകി ആണ് ശിൽപ്പ എഴുന്നേറ്റത്….

ഞായറാഴ്ച അത് പതിവ് പരിപാടി ആണ്…..ശനിയാഴ്ച രാത്രിയാണ് വായന ,സിനിമ കാണൽ തുടങ്ങിയ പരിപാടി ഒക്കെ…കിടക്കാൻ വൈകും….ഏകദേശം ഒൻപതു മണിയോട് അടുത്തിരുന്നു സമയം….ഉറക്കച്ചടവോടെ മുറിയിൽ നിന്ന് ഇറങ്ങി ഹാളിൽ വന്നപ്പോൾ ആണ് കോളിംഗ് ബെൽ കേട്ടത് ..ഒന്നും ആലോചിക്കാതെ ഓടിപ്പോയി തുറന്നു…മുന്നിൽ നിൽക്കുന്ന ആളെ കണ്ടിട്ട് ഇറങ്ങി ഓടിപ്പോയാലോ എന്ന് അവൾക്ക് തോന്നി….

സഞ്ജു..!!

ശിൽപ്പയുടെ നിൽപ്പ് കണ്ട് ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പിന്നെ അതൊരു ചിരിയായി മാറി. പുഞ്ചിരിയോടെ അവളെ തന്നെ നോക്കി നിന്നു പോയി…..കോളിംഗ് ബെല്ല്ന്റേ ശബ്ദം കേട്ട് അനക്കം ഒന്നും ഇല്ലാതെ വന്നപ്പോൾ ആണ് ശിൽപ്പയുടെ അമ്മ അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു നോക്കിയത്.

” അല്ല..ആരിത്.. സഞ്ജു…വാ മോനെ അകത്തേക്ക് കയറി വാ..”

അമ്മയുടെ ശബ്ദം കേട്ടു ശിൽപ്പ ഞെട്ടിത്തിരിഞ്ഞു…പിന്നെ മുറിയിലേക്ക് തിടുക്കത്തിൽ ഓടിപ്പോയി…. സഞ്ജു അത് കണ്ട് ചിരി അമർത്തി പിടിച്ചു….

അമ്മ സഞ്ജുവിനെ ഷണിച്ച് ഇരുത്തി ചായയും കൊടുത്തു വർത്തമാനം പറഞ്ഞു ഇരിപ്പായി…..വാഷ് റൂമിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ പോലും ശിൽപ്പയുടെ അന്ധാളിപ്പു മാറിയിരുന്നില്ല…കുറച്ചു നാള് മുന്നേ ഒരിക്കൽ പനി പിടിച്ചു രണ്ടു ദിവസം കിടപ്പായിപ്പോയിരുന്നു… അന്ന് സഞ്ജു വന്നിട്ടുണ്ട് തന്റെ വീട്ടിൽ… ഒരു സുഹൃത്തിനോട് ഉള്ള കരുതൽ ….പക്ഷേ മീരയുടെ കല്യാണത്തിന് പോകാതെ ഇപ്പൊൾ ഇങ്ങോട്ട് വന്നതിനെ പറ്റി എത്ര ആലോചിച്ചിട്ടും അവൾക്ക് പിടികിട്ടിയില്ല….തിടുക്കത്തിൽ കുളിയും പല്ല് തേപ്പും കഴിഞ്ഞു അവള് ഹാളിലേക്ക് ചെന്നു..

” ഹാ.. താൻ വേഗം കഴിച്ചിട്ട് വാടോ….ഒന്നര മണിക്കൂർ ഡ്രൈവ് ഉണ്ട്…പെട്ടെന്ന് പോണം”

“എവി… എവിടെ പോകാൻ???” സഞ്ജുവിന്റെ സംസാരം കേട്ട് ശിൽപ്പ അമ്പരന്നു പോയി..

” നീ മോന്റെ കൂടെ കല്യാണത്തിന് പോകാൻ ഏറ്റിട്ടു ഇങ്ങനെ ആണോ പെണ്ണേ കാണിക്കുന്നെ??” അമ്മയുടെ ശകാരം നിറഞ്ഞ പറച്ചിൽ കേട്ട് ശിൽപ്പ അന്തം വിട്ട് സഞ്ജുവിനെ നോക്കി… അവൻ ഒരു കള്ളച്ചിരി ചിരിച്ചു അവളെ നോക്കി കണ്ണിറുക്കി കാട്ടി..

” പോ പെണ്ണേ…പോയി റെഡി ആക്…” അമ്മ ഉന്തി തള്ളി അവളെ മുറിയിലേക്ക് കയറ്റി.

മുറിയിൽ കയറി കുറച്ചു നേരം അവള് പിന്നെയും കാര്യം മനസ്സിലാകാതെ അമ്പരന്നു നിന്നു….പിന്നെ അമ്മ വാതിൽ മുട്ടാൻ തുടങ്ങിയപ്പോൾ കയ്യിൽ കിട്ടിയ ചുരിദാർ എടുത്തിട്ട് ഒരുവിധം ഒരുങ്ങി ഇറങ്ങി.

” ഒരു കല്യാണത്തിന് പോകുമ്പോൾ എങ്കിലും നിനക്ക് വൃത്തിക്ക് പോയ്ക്കൂടെ പെണ്ണേ”

അമ്മയുടെ ഡയലോഗ് കേട്ട് ചമ്മി ചുണ്ട് കൂർപ്പിക്കുമ്പോൾ സഞ്ജു ചിരി കടിച്ചു അമർത്തുന്നത് കണ്ടൂ.

❤️❤️❤️❤️

കാറിലെ പാട്ടിന് താളം പിടിച്ചു വളരെ സന്തോഷത്തിൽ ആണ് സഞ്ജു ഡ്രൈവ് ചെയ്യുന്നത്….എന്തിനാണ് തന്നെയും കൂടി ഒരുക്കി കെട്ടി പോകുന്നത് എന്നോർത്ത് ആലോചനയിൽ ആണ് ശിൽപ്പ….കാറിലെ തണുപ്പിന് ഇടയിലും കയ്യും കാലും വിയർപ്പിൽ കുളിക്കുന്നത് അവളറിഞ്ഞൂ.

” നീ പേടിക്കണ്ട…ഞാൻ എനിക്കൊരു കൂട്ടിന് ആണ് നിന്നെ കൊണ്ട് പോകുന്നേ….ഇത്രേം ദൂരം ഇല്ലേ….”

സഞ്ജു അവളുടെ മനസ്സറിഞ്ഞ പോലെ അവളോട് പറഞ്ഞു. അത് കൂടി കേട്ടപ്പോൾ അവൾക്ക് ചെറിയ ഈർഷ്യ തോന്നി…ഇങ്ങനൊരു പോക്ക് പതിവില്ല…അവധി ദിവസങ്ങളിൽ വീട്ടിൽ ഒതുങ്ങാൻ ആണ് ഇഷ്ട്ടം …. അത് മറച്ചു വെച്ച് അവനെ നോക്കി ചെറുതായി ചിരിച്ചു .

” സഞ്ജുവിന് വിഷമം ഒന്നും ഇല്ലേ??? മീരയുടെ….???” ചോദ്യം പാതി വഴിക്ക് നിർത്തി അവള് തല ചെരിച്ചു അവനെ നോക്കി ..അവൻ തിരിച്ചു അവളെ നോക്കി മനോഹരമായി ചിരിച്ചു.

” സത്യം പറഞ്ഞാല് തീരെ വിഷമം ഇല്ല…. മറിച്ച് ഒരുപാട് സന്തോഷവും”

അവന്റെ മറുപടി അവളെ വീണ്ടും അമ്പരപ്പിച്ചു….നെറ്റി ചുളിച്ചു അവനെ മനസ്സിലാകാതെ നോക്കി അവള്….സഞ്ജു പിന്നെയും അവളെ നോക്കി പുഞ്ചിരിച്ചു ..

” അപ്പോ നിങ്ങള് തമ്മില് ഇഷ്ട്ടത്തിൽ ആയിരുന്നല്ലോ…അല്ലേ??” സംശയതോട് ഒപ്പം അവരുടെ കഥ അറിയാൻ ഉള്ള ആകാംക്ഷയോടെ അവള് പിന്നെയും അവനെ നോക്കി.

” യെസ്…ആയിരുന്നു….ഒരു രണ്ടു രണ്ടര കൊല്ലം മുൻപ് വരെ…ഇപ്പൊൾ നല്ല സുഹൃത്തുക്കൾ മാത്രം…”

സന്തോഷം ഉള്ളിൽ ഒരു മഞ്ഞുപോലെ വീണു എന്നു തോന്നി അവൾക്ക്…അതൊരു പുഞ്ചിരി ആയി അവളുടെ ചുണ്ടിൽ വിരിഞ്ഞു…തല ചെരിച്ചു അവനെ നോക്കിയപ്പോൾ ആണ് അവൻ ഒരു ചിരിയോടെ തന്നെ നോക്കുന്നത് കണ്ടത്…പെട്ടെന്ന് ചിരി ഒക്കെ തല്ലികൊഴിച്ച് അവള് ഗൗരവം നടിച്ചു പുറത്തേക്ക് നോക്കി.

” പിന്നെ..പിന്നെ എന്ത് പറ്റി…നിങ്ങൾക്ക് ഇടയിൽ???”

” എടോ..അത് പറയാൻ ആണെങ്കിൽ…പഠിക്കുന്ന സമയത്ത് ഒരു ഇഷ്ട്ടം തോന്നിത്തുടങ്ങി…അവൾക്കും തിരിച്ചു എന്നോട് അങ്ങനെ തോന്നിയപ്പോൾ
പരസ്പരം ഇഷ്ടപ്പെടാൻ തുടങ്ങി….ഫോൺ വിളിയും ഒക്കെ ആയി ….ഒരേ ക്ലാസ്സിൽ ആയെ കൊണ്ട് വലിയ റിസ്ക് ഒന്നും ഇല്ലാതെ മുന്നോട്ട് പോയി….നമ്മള് ലാസ്റ്റ് വർഷം പഠിക്കുമ്പോൾ ആണ് വീട്ടിൽ ഒരു മോശം സംഭവം ഉണ്ടാകുന്നത്…എനിക്കൊരു അനിയത്തി ആണ്…അവള് അന്ന് ഡിഗ്രീ ആദ്യ വർഷം…ചെറിയൊരു എഫെയർ ഉണ്ടായിരുന്നു അവൾക്ക്….അച്ഛൻ അറിഞ്ഞു ഒരു ദിവസം ചോദ്യവും പറച്ചിലും ആയി…..സങ്കടം മൂത്ത് അവള് ചെറിയൊരു വിവരക്കേട് കാട്ടി…അവന്റെ കൂടെ ഇറങ്ങിപ്പോയി…..അതൊരു അടിയായിപ്പോയി ഞങ്ങൾക്ക്…അവള് ചെറിയ കുട്ടി അല്ലേ…അവളുടെ സീനിയർ പയ്യൻ ആയിരുന്നു ആളു….പിന്നെ നിനക്ക് ഊഹിക്കാലോ…നാട്ടുകാർ , ബന്ധുക്കൾ….കല്യാണം നടത്തേണ്ടി വന്നു അവസാനം….പെട്ടെന്നൊരു വിവാഹം നടത്താൻ ഉള്ള സാഹചര്യം അല്ലായിരുന്നു ഞങ്ങൾക്ക്…ഞാൻ ലോൺ എടുത്ത് ആണ് പഠിച്ചത്….പിന്നേം പണം ലോൺ എടുക്കേണ്ടി വന്നു…. അച്ഛൻ ആകെ തളർന്നു പോയി…അച്ഛന്റെ പുന്നാര മകൾ ആയിരുന്നു അവള്…ഇങ്ങനെ ഒരു പെരുമാറ്റം അവളിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല….ആകെ മൊത്തം വല്ലാത്ത അവസ്ഥ…..ഞാൻ തന്നെ എല്ലാത്തിനും ഓടി നടക്കേണ്ടി വന്നു…..മീരയും ആയി നീരസം വന്നത് അവിടെ നിന്നുമാണ്….പലപ്പോളും അവളുടെ സപ്പോർട്ട് പ്രതീക്ഷിച്ച എനിക്ക് അവളിൽ നിന്നും കിട്ടിയത് നിറയെ പരാതികൾ….അവളെ പറഞ്ഞിട്ടും കാര്യം ഇല്ല… സാമ്പത്തികമായി ഭദ്രത ഉള്ള വീടിലെ ഏക മകൾ….രാത്രിയിലെ ഫോൺ വിളികളും ഒരുമിച്ച് പുറത്ത് പോയി അടിച്ചു പൊളിച്ചു നടക്കുന്നതും ഒക്കെ ആയിരുന്നു അവളുടെ പ്രണയ സങ്കൽപ്പങ്ങൾ….പലപ്പോളും എനിക്ക് അതൊന്നും സാധിച്ചില്ല …അതിന്റെ കാരണം അറിയാൻ ഒന്നും അവൾക്ക് നേരം ഇല്ലായിരുന്നു ….പറഞ്ഞു മനസ്സിലാക്കാൻ എനിക്കും സാധിച്ചില്ല….അങ്ങനെ ക്ലാസ്സ് കഴിഞ്ഞു……ഞാൻ ഒരു ജോലി സംഘടിപ്പിക്കാൻ ഉള്ള പരക്കം പാചിലിലും…ഇടക്ക് ഒരു ക്രാഫ്റ്റ് കോഴ്സിന് പോയി ഞാൻ ചേർന്നു….പിന്നെ ഒട്ടും സമയം കിട്ടിയില്ല …..അവസാനം അവൾക്കും മടുത്തു….ഇങ്ങോട്ട് വന്നു പറഞ്ഞു പിരിയാൻ ..അതൊരു അനുഗ്രഹം ആയിരുന്നു എനിക്ക്….അവളെ വേദനി പ്പിക്കേണ്ടി വരുമോ എന്ന് പേടി ഉണ്ടായിരുന്നു…അത് ഏതായാലും വേണ്ടി വന്നില്ല…..സൗഹൃദം ഇപ്പോളും തുടരുന്നു….”

ചെറു ചിരിയോടെ സഞ്ജു പറഞ്ഞു നിർത്തി…എല്ലാം കേട്ട് കഴിഞ്ഞു ശിൽപ്പ ക്ക് വല്ലാത്ത ആശ്വാസം തോന്നി….അവനെ പ്രണയിച്ചിരുന്ന പഴയ പതിനെട്ട് കാരിയിലേക്ക് പെട്ടെന്ന് ഓടിപോയപോലെ തോന്നി….

❤️❤️❤️❤️

മണ്ഡപത്തിൽ വരനോട് ഒപ്പം നിന്നിരുന്ന മീരയെ കണ്ണ് ചിമ്മാതെ ശിൽപ്പ നോക്കി നിന്നു….വളരെ സന്തോഷവതി ആയിരുന്നു അവള്…..സഞ്ജു വിന്റെ മുഖത്ത് നിരാശയുടെ ചെറു കണിക പോലും കണ്ടില്ല….നിറഞ്ഞ സന്തോഷം മാത്രം….

ഡിഗ്രീ ബാച്ചിൽ നിന്നു് ഞങൾ രണ്ടു പേരും പിന്നെ അവളുടെ ഒന്ന് രണ്ടു ക്ലോസ് ഫ്രണ്ട്സ്ഉം മാത്രേ ഉണ്ടായുള്ളൂ …..സ്റ്റേജിലേക്ക് കയറാൻ മടിച്ചു നിന്ന എന്നെ കൈപിടിച്ചു സഞ്ജു കേറ്റി കൊണ്ട് പോയി ..മീര അമ്പരന്നു ഞങ്ങളെ നോക്കുന്നത് കണ്ടൂ….സ്റ്റേജിൽ കയറി ഒരു ചെറിയ ജുവൽ ബോക്സ് എടുത്ത് സഞ്ജു എന്റെ നേരെ നീട്ടി….അപ്പോളാണ് ഞാൻ അങ്ങനെ ഒരു കാര്യത്തെ പറ്റി പോലും ആലോചിക്കുന്നത്…നിർബന്ധിച്ച് എന്നെ കൊണ്ട് അത് മീരക്ക് കൊടുപ്പിച്ചു….അവള് മിഴിച്ചു നോക്കുന്നത് കണ്ടൂ…..

ഊണ് കഴിക്കുമ്പോൾ എന്റെ കൂടെ തന്നെ സഞ്ജു ഇരിക്കുവാൻ ശ്രമിക്കുന്നതും അത് വരെ ഇല്ലാത്ത ഒരു അടുപ്പം കാട്ടുന്നതും ഒക്കെ സന്തോഷത്തിന്റെ കൊടുമുടിയിൽ എന്നെ എത്തിച്ചു…..എങ്കിലും മനസ്സിലെ ശാസനയോടെ പിടിച്ചു നിർത്തി….ഇപ്പോളും അവന്റെ മുന്നിൽ എനിക്ക് കുറവുകൾ മാത്രേ ഒള്ളു….

തിരിച്ചുള്ള യാത്രയിൽ സുഖമുള്ള ഒരു നിശബ്ദത എന്നെ മൂടി….ജീവിതത്തിലെ ആദ്യ അനുഭവം ആയ കൊണ്ട് തന്നെ അവനോടു ഒപ്പമുള്ള ചെറിയ കാര്യങ്ങൽ പോലും എന്നെ ഒരുപാട് സന്തോഷിപ്പിച്ചു..

” അല്ല നിനക്ക് കല്യാണം ഒന്നും നോക്കുന്നില്ലേ??”

അതുവരെ ഉള്ള നിശ്ശബ്ദത ഭേദിച്ച് സഞ്ജു വിൻെറ ചോദ്യം വന്നു…സന്തോഷത്തിന്റെ നെറുകയിൽ നിന്ന ഞാൻ പെട്ടെന്ന് തട്ടി വീണ പോലെ അവനെ മിഴിച്ചു നോക്കി…

” അല്ല നിനക്കിപ്പോ ഏകദേശം ഇരുപത്തഞ്ചു വയസ്സ് ഇല്ലേ…കെട്ടി പോക്കുടെ” ആക്കി ഒരു ചിരി ആയിരുന്നു അവന്റെ മുഖത്ത്..

” ഓഹോ നീ ബ്രോക്കറുടെ പണിയും തുടങ്ങിയോ??”

വായിൽ വന്നത് അതാണ്….ദേഷ്യത്തിന് മുകളിൽ സങ്കടം ആണ് അവന്റെ ചോദ്യം കേട്ട് തോന്നിയത്.

” നീ ചൂടാകണ്ട..ഞാൻ വെറുതെ പറഞ്ഞതാ” അവൻ ഒരു കുസൃതി ചിരിയോടെ അവളെ നോക്കി

” അതോ പഴയ ഇഷ്ട്ടം ഇപ്പോളും മനസ്സിൽ ഉണ്ടോ??”

അവൻ ചോദിച്ചത് കേൾക്കാത്ത പോലെ ഞെട്ടി ശിൽപ്പ അവനെ നോക്കി….തൊണ്ട വരണ്ടു മിഴിച്ചു നോക്കിപ്പോയി അവനെ.

“പ്രണയം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിയിരുന്ന ഒരു ശിൽപ്പയെ എനിക്ക് വേണ്ടപോലെ മനസ്സിലാക്കാൻ എനിക്ക് സാധിച്ചില്ല……പക്ഷേ ഇപ്പൊൾ ഞാൻ അറിയുന്ന ശിൽപ്പക്ക് പഴയ ഇഷ്ട്ടം അതുപോലെ ഉണ്ടെങ്കിൽ നമുക്ക് ഒരുമിച്ചൂടെ???”

ഒരു നിമിഷം സങ്കടം ആണോ സന്തോഷം ആണോ അവൾക്ക് തോന്നിയത് എന്ന് മനസ്സിലായില്ല….ഒരുപക്ഷേ പഠനകാലത്ത് ഒരു ആയിരം വട്ടം മനസ്സിൽ സങ്കൽപ്പിച്ച ഒരു കാര്യം ആണ് ഇന്ന് നടന്നിരിക്കുന്നത്…മനസ്സ് തുള്ളി പോകേണ്ടത് ആണ്…പക്ഷേ എന്തോ ഒരു അപൂർന്നത പോലെ…..ഒരു പക്ഷെ അവന്റെ കണ്ണിൽ താൻ തന്നോടുള്ള പ്രണയം കണ്ടുപിടിക്കുന്നതിന് മുന്നേ അവനിൽ നിന്ന് ഇങ്ങനെ ഒരു പ്രോപോസൽ കേട്ടത് കൊണ്ട് ആകാം.

” അത്…അത് ശരിയാവില്ല സഞ്ജു…” അങ്ങനെ പറയാൻ ആണ് തോന്നിയത്.

ചെറു ചിരിയോടെ മുഖത്തേക്ക് ഭവഭേദം ഒന്നുമില്ലാതെ അവൻ തിരിഞ്ഞു നോക്കി.

” നിനക്ക് ഒരു ചെറിയ കോംപ്ലക്സ് ഉണ്ടെന്ന് എനിക്ക് അറിയാം…അതുകൊണ്ട് ആണ് ഇങ്ങനെ ഒരു മറുപടി എങ്കിൽ അത് വേണ്ട….ഇന്ന് രാവിലെ ഞാൻ വന്നപ്പോൾ കണ്ട രൂപം ഉണ്ടല്ലോ നിന്റെ, അതാണ് കൂടുതൽ ഇഷ്ട്ടം എന്ന് ഞാൻ പറയും…പിന്നെ രൂപം നോക്കി ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നി വരാൻ എനിക്ക് പതിനെട്ടോ ഇരുപതോ വയസ്സ് അല്ല….”

മറുപടി പറയാതെ ശിൽപ്പ കുറെ നേരം പുറത്തേക്ക് നോക്കി ഇരുന്നു..

“സഞ്ജു..നിനക്ക് എന്നോട് ഉള്ളത് പ്രണയം ആണെന്ന് എനിക്ക് തോന്നുന്നില്ല….ബുദ്ധിപരമായ ഒരു തിരഞ്ഞെടുപ്പ്….തന്നോടൊപ്പം അല്ലെങ്കിൽ തന്നെക്കാൾ എന്തുകൊണ്ടും താഴെ നിലയിൽ ഉള്ള ഒരു ലൈഫ് പാർട്ണർ വേണം എന്നുള്ള തീരുമാനം….നീ പറഞ്ഞത് ശരിയാണ്, എനിക്ക് നിന്നെ ഇഷ്ട്ടമായിരുന്നൂ…എല്ലാ അർത്ഥത്തിലും…മറന്നു കളഞ്ഞതാണ്…അല്ലെങ്കിൽ മറന്നു എന്ന് ഞാൻ വിശ്വസിച്ചിരുന്നു….നീയും മീരയും തമ്മിൽ ഒന്നും ഇല്ല എന്ന് എറിഞ്ഞത് മുതൽ വീണ്ടും ആ ഇഷ്ട്ടം തോന്നുന്നുണ്ട്….പഴ്യതിനേക്കൾ കൂടുതൽ ആയി…പക്ഷേ നിന്നിൽ എനിക്കത് കാണാൻ കഴിയുന്നില്ല സഞ്ജു….പ്രണയം ഇല്ലാതെ ലൈഫ് മുന്നോട്ട് പോകാൻ പ്രയാസം ആയിരിക്കും….എനിക്ക് അതിനു താല്പര്യമില്ല…. സോറി”

അതുവരെ പുഞ്ചിരിച്ച് നിന്നിരുന്ന അവന്റെ മുഖം മങ്ങി ….പിന്നെ അവൻ ഒന്നും സംസാരിച്ചില്ല…..വീടെതും വരെ കനത്ത നിശ്ശബ്ദത ആയിരുന്നു വണ്ടിയിൽ….വീടിന് മുന്നിൽ ഇറക്കി ഒരു യാത്രപോലും പറയാതെ അവൻ പോയപ്പോൾ നെഞ്ച് വിങ്ങിപ്പോയി അവളുടെ….

അവനിൽ നിന്നും തന്നോട് അടങ്ങാത്ത പ്രണയം ആണെന്ന് കേൾക്കാൻ അവള് കൊതിച്ചിരുന്നു ..അതിനു വേണ്ടി തന്നെയാണ് അങ്ങനെ ഒരു കാര്യം പറഞ്ഞത് പോലും….പക്ഷേ താൻ പറഞ്ഞത് ശരി വെക്കും പോലെ ആയിപ്പോയി അവന്റെ പെരുമാറ്റം….ആർക്കും മുഖം കൊടുക്കാതെ മുറിയിൽ തന്നെ കഴിച്ചു കൂട്ടി….പണ്ട് അവനെ മീരയോട് ഒപ്പം കണ്ടത്തിനേക്കൾ വേദന തോന്നുന്നു ഇപ്പൊൾ…. അങ്ങനെ ഒരു സംസാരം വേണ്ടിയിരുന്നില്ല….അല്ലെങ്കിൽ ഒരു സൗഹൃദം എങ്കിലും തമ്മിൽ ഉണ്ടായിരുന്നെനെ…

❤️❤️❤️❤️

പിറ്റേന്ന് നേരെത്തെ ഓഫീസിൽ എത്തി എങ്കിലും സഞ്ജു വന്നില്ല….സമയം നീണ്ടു പോകുന്തോറും നെഞ്ചിന്റെ ഭാരം കൂടി വരും പോലെ തോന്നി അവൾക്ക്….അവനെ ഒന്ന് വിളിച്ചു നോക്കാൻ പലപ്പോളും ശ്രമിച്ചു എങ്കിലും എന്തോ ഒന്ന് അത് തടഞ്ഞു….വൈകിട്ട് വരെ എങ്ങനെയോ തള്ളി നീക്കി ഇറങ്ങി ….

❤️❤️❤️❤️

അച്ഛന്റെ ഉറക്കെ ഉള്ള സംസാരം മുറ്റത്ത് എത്തിയപ്പോൾ തന്നെ കേട്ടു…..ഇന്ന് പതിവില്ലാതെ നേരെത്തെ എത്തി എന്ന് തോന്നുന്നു….അമ്മയോട് അടുക്കളയിൽ ഇരുന്നു ഭയങ്കര വർത്തമാനം ആണ്….കൂടെ കൂടാൻ തോന്നിയില്ല….ഒന്ന് തല കാണിച്ചിട്ട് മുറിയിലേക്ക് വലിഞ്ഞു…കുളി കഴിഞ്ഞു കണ്ണാടിക്കു മുന്നിൽ നിന്ന് തല തുവർത്തുമ്പോൾ ആണ് പരിചയം ഇല്ലാത്ത സംസാരം ഹാളിൽ നിന്നും കേട്ടത്…..മുടി ഒതുക്കി പതുക്കെ അങ്ങോട്ട് ചെന്നു…

ഇല്ലാത്ത പക്വത ഉണ്ടെന്ന് വരുത്തി തീർക്കാൻ എന്നോണം സാരിയും ഉടുത്ത് ഇരിക്കുന്ന ഒരു ചെറിയ പെൺകുട്ടിയിൽ ആണ് ആദ്യ കാഴ്ച പോയത്….അടുത്ത് തന്നെ ഏകദേശം തന്നോളം പ്രായം ഉള്ള പയ്യനും ഇരിപ്പുണ്ട്……അച്ഛൻ ആരോ ഒരാളുമായി സംസാരത്തിൽ ആണ്….ആളെ കാണാൻ പറ്റുന്നില്ല….അമ്മ ചായയും പലഹാരവും കൊണ്ട് വെച്ച് ചിരിയോടെ നിൽപ്പുണ്ട്….അമ്പരന്നു നോക്കുമ്പോ ലേക്കും ആ പെൺകുട്ടി വന്നു കയ്യിൽ പിടിച്ചു.

” വാ ചേച്ചി….എന്തേ അവിടെ നിന്ന് പോയെ?”

ഒരുപാട് പരിചയം ഉള്ള പോലെ അവളു കയ്യിൽ പിടിച്ചു ഹാളിലേക്ക് കൊണ്ടുപോയി. കാര്യം മനസ്സിലാകാതെ ചുറ്റും കണ്ണോടിക്കുമ്പോൾ വാതിൽക്കൽ ഗൗരവത്തിൽ നിൽക്കുന്ന സഞ്ജുവിൽ കണ്ണ് ഉടക്കി….വന്നത് അവന്റെ പെങ്ങളും ഭർത്താവും അച്ഛനും ആണ്…..പെണ്ണുകാണൽ തന്നെ….കുറച്ചു നേരം അവരോടൊപ്പം അവിടെ ഇരുന്നു എങ്കിലും മനസ്സ് ഇന്നലെ മറുപടി പറയാതെ പോയ സഞ്ജുവിൽ തന്നെ ആയിരുന്നു…

❤️❤️❤️❤️

മുറ്റത്തെ ചെറിയ പേര മരത്തിനു അടുത്ത് അവനോടൊപ്പം നിൽക്കുമ്പോൾ അവൻ എന്ത് മറുപടി പറയും എന്നുള്ള ആധിയിൽ ആയിരുന്നു അവള്…..സഞ്ജു ദൂരെ എങ്ങോ മിഴികൾ പായിച്ചു നിൽപ്പാണ്….

” അപ്പോൾ എനിക്ക് നിന്നോട് പ്രണയം ഉണ്ടോ എന്ന് അറിയണം അല്ലേ???” നിശബ്ദതയെ ഭേദിച്ച് അവന്റെ ചോദ്യം വന്നു…ഞാൻ ഒന്നും മിണ്ടിയില്ല….നോട്ടം താഴേക്ക് ആക്കി നിന്നു…

” നിന്നോട് ആദ്യം എന്താണ് തോന്നിയത് എന്ന് എനിക്കും അറിയില്ലായിരുന്നു. ക്ലാസ്സിൽ വെച്ച് പലപ്പോളും നിന്റെ നോട്ടം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്…. അന്ന് പിന്നെ ബാക്കി കാര്യങ്ങൽ നിനക്ക് അറിയാലോ….പിന്നെ ഓഫീസിൽ നീ വന്നപ്പോൾ കൗതുകം ആയിരുന്നു….പഴയ നോട്ടം നിന്നിൽ ഉണ്ടോ എന്നുള്ള ആകാംഷ ..പക്ഷേ ഒരിക്കൽ പോലും ഞാൻ അത് കണ്ടില്ല…പിന്നെ സൗഹൃദം ആയി….എന്തോ ഒരു സ്പെഷ്യാലിറ്റി നിന്നോട് തോന്നിയത് എന്തിനാണ് എന്ന് ഞാനും കൺഫ്യൂഷണിൽ ആയിരുന്നു….അത് മാറിയത് നിനക്ക് പനി വന്നു ഓഫീസിൽ വരാതെ ഇരുന്ന ദിവസം ആണ്….നിന്നെ കാണാതെ അതുവരെ ഇല്ലാത്ത അസ്വസ്ഥത തോന്നി …. വർക്കിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല…എന്ത് ചിന്തിച്ചാലും അത് അവസാനം നിന്നിലേക്ക് തന്നെ എത്തിപ്പെടുന്നു….തീരെ നിവർത്തി ഇല്ലാതെ വന്നപ്പോൾ ആണ് പിറ്റേന്ന് ഞാൻ വീട്ടിൽ വന്നത്…നിന്നെ ഒന്ന് കണ്ടാൽ മതി എന്ന് തോന്നിപ്പോയി….പക്ഷേ നിന്നോട് അത് സമ്മതിച്ചു തരാൻ എന്തോ ഒരു ഈഗോ പോലെ..പക്ഷേ പോകെ പോകെ നീ അതും കീഴടക്കി….മീരയുടെ കല്യാണ കാര്യം പറയാൻ നീ ഓടി പിടിച്ചു വന്നപ്പോൾ ആ പഴയ ഇഷ്ട്ടം നിന്നിൽ ഉണ്ടെന്ന് എനിക്ക് മനസ്സിലായി … തുള്ളിച്ചാടാൻ ആണ് തോന്നിയത്……നിന്നെ കല്യാണത്തിന് മനപൂർവ്വം കൊണ്ടുപോയത് ആണ്..നിന്നോടൊപ്പം കുറച്ചു നേരം ചിലവിടാൻ…എന്റെ ഇഷ്ട്ടം പറയാൻ””

ഒന്ന് നിർത്തി സഞ്ജു ശിൽപയെ ഒന്ന് നോക്കി .

” ഇനി നീ തന്നെ പറ…എനിക്ക് നിന്നോട് പ്രണയം ഉണ്ടോ??? കാണാതെ ഇരിക്കുമ്പോൾ കാണാനും മിണ്ടാതെ ഇരിക്കുമ്പോൾ മിണ്ടാനും തോന്നുന്ന ഇത് തന്നെ ആണോ പ്രണയം?””

ശിൽപ്പ തല ഉയർത്തി അവനെ നോക്കി….മറുപടി പറയാതെ തന്നെ അവളുടെ മുഖത്ത് ഉണ്ടായിരുന്നു….ഒരുപാട് ആഗ്രഹിച്ച എന്തോ ഒന്ന് ജീവിതത്തിൽ സംഭവിച്ച പോലെ അവളുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു….ഒട്ടും പ്രതീക്ഷിക്കാതെ അവള് അവനെ ആഞ്ഞ് പുൽകി…..ഒരു നിമിഷത്തെ അമ്പരപ്പിന് ശേഷം അവന്റെ മുഖത്തും വശ്യമായ പുഞ്ചിരി നിറഞ്ഞു….അവന്റെ കൈകൾ കൊണ്ട് അവളെ ചുറ്റി പിടിച്ചു ആ കവിളിൽ ചുണ്ടുകൾ കൊണ്ട് നനുത്ത ഒരു ചുംബനം പകർന്നു ….