പിണങ്ങി മാറുമ്പോളേക്കും വീണ്ടും നെഞ്ചോടു ചേർത്തിരുന്നു. എന്നിട്ട് എനിക്കേറ്റവും പ്രിയപ്പെട്ട പക്കാവടയും ഡയറി മിൽക്കും കൈയിലേക്ക് വച്ചു തന്നു….

മുരടൻ

Story written by AMMU AMMUZZ

“”മുരടൻ…… കണ്ണിചോര ഇല്ലാത്തവൻ….. ദുഷ്ടൻ….. “”എത്ര വഴക്ക് പറഞ്ഞിട്ടും ദേഷ്യം മാറുന്നില്ലായിരുന്നു….

രണ്ടു കണ്ണുകളിൽ കൂടിയും ചാലിട്ടൊഴുകുന്ന കണ്ണുനീർ തുള്ളികൾ അമർത്തിതുടച്ചുകൊണ്ട് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു….

“”ഇത്തിരി എങ്കിലും സ്നേഹം കാട്ടിയാൽ എന്താ…. എന്നും താൻ സ്നേഹിച്ചിട്ടല്ല ഉള്ളു… “”

അയാളെന്നും ഒരു മുരടനായിരുന്നു …ആദ്യമായി കണ്ട ദിവസം മുതൽക്കേ…

ആദ്യം കണ്ട ദിവസമായിരുന്നു ഓർമ്മയിൽ വന്നത്… അച്ഛന്റെയും അമ്മയുടെയും കൂടെ ഗൾഫിൽ നിന്നും ലീവിന് നാട്ടിൽ വന്നതായിരുന്നു…. വർഷങ്ങൾക്ക് ശേഷമായിരുന്നു അങ്ങനെ ഒരു വരവ്… അതുകൊണ്ട് തന്നെ പല കാര്യങ്ങളും ഓർമ്മയിലെ ഇല്ലായിരുന്നു….

“”നീ ഫാഷൻ ഡിസൈനിങ് പഠിച്ചു നിൽക്കുവല്ലേ… ഇനിയിപ്പോൾ വേണമെങ്കിൽ ആദിയുടെ കമ്പനിയിൽ ജോലി ചെയ്യാല്ലോ….””” ആദ്യമായി അമ്മാവൻ അങ്ങനെ പറഞ്ഞപ്പോൾ ആരാണ് ആദി എന്നായിരുന്നു സംശയം മുഴുവൻ…

കുറച്ചു നേരത്തെ അന്വേഷണം വേണ്ടി വന്നു ആളെ പിടി കിട്ടാൻ…. ആദിൽ വൈശാഖൻ…

വൈശാഖൻ മാമന്റെയും രമ മാമിയുടെയും മൂത്ത മകൻ….. ആളെ കുറിച്ച് ചോദിച്ചപ്പോൾ മൂക്കിന്റെ തുമ്പിലുള്ള ദേഷ്യത്തെക്കുറിച്ചും ഒരിക്കലും കൈവിടാത്ത ഗൗരവത്തെക്കുറിച്ചും മാത്രമേ എല്ലാർക്കും പറയാനുണ്ടായിരുന്നുള്ളു….

കേട്ടപ്പോൾ പേടി തോന്നാതെ ഇരുന്നില്ല…ഇത്തിരി ഭീമാകാരനായ ഒരു രൂപം ഞാൻ തന്നെ മനസ്സിൽ സങ്കല്പിച്ചു…

“”എനിക്ക് പറ്റില്ല…””എന്ന് പറയാൻ തുടങ്ങുമ്പോളെക്കും അച്ഛനും അമ്മയും കൂടി ഒരു ദയയും ഇല്ലാതെ സമ്മതം മൂളി….

ആളന്നിവിടെ ഉണ്ടായിരുന്നില്ല…. ബിസ്സിനെസ്സ് ടൂർ കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞിട്ടേ വരൂ എന്ന് കേട്ടപ്പോൾ വല്ലാത്ത സമാധാനം തോന്നി…

ആ ഒരാഴ്ച ദാ ന്നു പറയുമ്പോളേക്കും പോയി…. നാല് ദിവസം കഴിഞ്ഞു അച്ഛനും അമ്മയും പോകാൻ നേരം കൂടെ വരണം എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കിയെങ്കിലും ആരും കേട്ടില്ല….

“” നിന്റെ നല്ലതിനാണത്രെ…. “”എന്നേ ജീവനോടെ ആ സിംഹത്തിന്റെ മടയിൽ എറിഞ്ഞു കൊടുത്തിട്ടാണ് ഇങ്ങനെ പറയുന്നത്…

പിന്നെ ഉള്ള രണ്ടു മൂന്ന് ദിവസവും ശാലിനി ചേച്ചിയുടെയും കുഞ്ഞാറ്റ മോളുടെയും കൂടെ അങ്ങ് നടന്നു…. ആ മുരടന്റെ അനിയത്തിയാണ്…. കെട്ടി ഒരു കൊച്ചും ആയി…

അങ്ങേരിപ്പോഴും സിംഗിൾ പസങ്കേ കളിച്ചു നടക്കുന്നു…. ഒരു കല്യാണം കഴിച്ചിരുന്നെങ്കിൽ ആ പ്രാന്ത് ഇത്തിരി എങ്കിലും കുറഞ്ഞേനേ…

പാതിരാത്രി വിശപ്പ് സഹിക്കാൻ പറ്റാതെ അടുക്കളയിൽ ചെന്നു വറുത്തു വച്ചിരിക്കുന്ന പഴവും പക്കാവടയും കൂടി കഴിക്കുമ്പോളാണ് തൊട്ട് പിന്നിൽ ഒരനക്കം കേൾക്കുന്നത്… ഞെട്ടി തിരിഞ്ഞു നോക്കുമ്പോളേക്കും നെറുകയിൽ കേറിയിരുന്നു…

ഇരുമ്പ് പോലുള്ള ആ കൈ വച്ചു തല അടിച്ചു ചപ്പാത്തി പോലെ ആക്കി…. ഇതിലും ഭേദം നെറുകയിൽ കേറി ചാകുന്നതാണെന്ന് തോന്നി…

ചുമ ഒന്നടങ്ങിയപ്പോളാണ് നേരെ നോക്കുന്നത്…. തുറിച്ചു നോക്കി മുൻപിൽ നിൽപ്പുണ്ട്… കോട്ടും സ്യുട്ടും ഇട്ടേക്കുന്നൊണ്ട് ആളെ മനസ്സിലാക്കാൻ വല്യ പാടൊന്നും ഇല്ലായിരുന്നു… “”ഈശ്വരാ ഫസ്റ്റ് ഇമ്പ്രെഷൻ തന്നെ വെള്ളത്തിൽ ആയല്ലോ… “”

ചമ്മിയ ഒരു ചിരി വെളുക്കെ ചിരിച്ചു…. എവിടുന്ന്… അവിടെ ഒരു കുലുക്കവും ഇല്ല…

“”ഞാൻ മീര…. ലതയമ്മേടെ മോളാണ്…””. ഇനി എന്നേ മനസ്സിലായില്ലെങ്കിലോ എന്ന് വിചാരിച്ചു അങ്ങോട്ട് പരിചയപ്പെടുത്തി…

“”നാളെ രാവിലെ ഞാൻ ഓഫീസിൽ പോകുമ്പോൾ ഇവിടെ റെഡി ആയി നിൽക്കണം….”” അളന്നു മുറിച്ച വാക്കുകൾ… അതുപോലും പറയുമ്പോൾ പല്ല് കടിച്ചു തിന്നുന്നുണ്ട് എന്ന് തോന്നി…

പിന്നൊന്നും പറയാതെ മുറിയിലേക്ക് കേറി പോകുന്നത് കണ്ടു… വാതിൽ കടക്കും മുൻപ് തിരിഞ്ഞൊന്ന് നോക്കി…. അത് കണ്ടപ്പോളേക്കും കൈയിൽ ഇരുന്ന പാത്രങ്ങൾ ഒക്കെ താഴെ വച്ചു മുറിയിലേക്ക് ഞാനും ഓടിയിരുന്നു…

ആകെ ഒരു വെപ്രാളം ആയിരുന്നു പിറ്റേന്ന് മുതൽ…. ജീവിതത്തിൽ ഇന്ന് വരെ പണിക്ക് പോകാത്ത ഞാനാ… അതും ഈ മുരടന്റെ കൂടെ…

പറഞ്ഞ സമയത്തിന് മുൻപ് ഒരുങ്ങി വന്നപ്പോൾ എന്നേ നോക്കിയ കണ്ണുകളിൽ എല്ലാം അതേ സഹതാപം ഉണ്ടായിരുന്നു… അറുക്കാൻ കൊണ്ട് പോകുന്ന മാടിനെ അവസാനമായി കാണും പോലെ അവരെല്ലാം അതേ സഹതാപം നിറഞ്ഞ നോട്ടം എനിക്കായ് തന്നു…

കുഞ്ഞാറ്റ മാത്രം ഇതൊന്നും അറിയാതെ കൈവിരൽ വായിൽ ഇട്ടുകൊണ്ട് മുരടനെ നോക്കി ചിരിച്ചുകൊണ്ട് ഇരിപ്പുണ്ട്…

“”ഹ്മ്മ്…. ഇപ്പൊ മൈൻഡ് ചെയ്യും…”” മനസ്സിൽ പറഞ്ഞു നിർത്തിയതും അയാളാ കുഞ്ഞിനെ എടുത്തു രണ്ടു കവിളിലും ഉമ്മ കൊടുക്കുന്നത് കണ്ടു….

കണ്ണും തള്ളി നോക്കി നിന്നപ്പോളേക്കും “”വാ പോകാം… “”എന്നൊരു ആജ്ഞ കേട്ടു…

ബാഗും വാരി എടുത്തു പിന്നാലെ ഓടി…

ഓഫിസിൽ ചെന്നു കഴിഞ്ഞിട്ടും പീഡനം തന്നെ ആയിരുന്നു… വരാൻ പോകുന്ന സമ്മർ കളക്ഷൻ നു വേണ്ട ഡിസൈൻ തയ്യാറാക്കാനാണ് ആദ്യം കിട്ടിയ ജോലി…

കഷ്ടപ്പെട്ട് മണിക്കൂറുകൾ നീണ്ടു ഉറക്കം പോലും കളഞ്ഞു ഒടുവിൽ മൂന്നെണ്ണം തയ്യാറാക്കി എടുത്തു….. ഞാനിതുവരെ വരച്ചതിൽ ഏറ്റവും മികച്ചത് തന്നെ ആയിരുന്നു അത്….

എന്നെക്കുറിച്ച് ഓർത്തു വല്ലാത്ത അഭിമാനം തോന്നി…. അതേ അഭിമാനത്തോടെയാണ് പിറ്റേന്ന് ഓഫീസിൽ ചെന്നതും…

മുരടന്റെ കൈയിലേക്ക് കൊടുത്തു…. ഒന്നേ നോക്കിയുള്ളൂ…. എടുത്തൊരേറായിരുന്നു….

കരച്ചിൽ വന്നു പോയി…. എന്റെ രണ്ടു ദിവസത്തെ കഷ്ടപ്പാടാണ് ഒരു വിലയും കൊടുക്കാതെ….

കണ്ണുകൾ രണ്ടും നിറച്ചു മുരടനെ തന്നെ നോക്കി നിന്നു കുറച്ചു നേരം…. പിന്നെ നേരെ വാഷ്റൂമിലേക്ക് നടന്നു അവിടെ നിന്ന് കരഞ്ഞു തീർത്തു….

തിരിച്ചു വന്നപ്പോളേക്കും മുരടൻ അടുത്ത ജോലി റെഡി ആക്കി വച്ചിരുന്നു… പിന്നെ അതൊരു ശീലമായി…. ഞാൻ വരക്കും അയാളെടുത്തു ചവറ്റുകുട്ടയിൽ എറിയും…. പതുക്കെ പതുക്കെ എനിക്കത് ശീലമാകുകയായിരുന്നു…. അങ്ങനെ കളയുന്ന ഓരോ തവണയും ഞാനയാളെ മനസ്സാ സ്മരിച്ചുകൊണ്ടിരുന്നു….

കുഞ്ഞാറ്റ ടെ കൂടെ നിൽക്കുമ്പോൾ മാത്രം അയാൾ വേറെ ഒരു മനുഷ്യൻ ആണെന്ന് തോന്നി…. അവരുടേത് മാത്രമായ ഒരു ലോകത്തിൽ ആയിരുന്നു പലപ്പോഴും…

ഇടക്കെപ്പോൾ മുതലാണ് മുരടനും എന്നേ ശ്രദ്ധിച്ചു തുടങ്ങിയത് എന്നറിയില്ല…. ഞാനെവിടെ പോയാലും ആൾ അവിടെ കാണും…

ആദ്യമൊന്നും ഞാനത് കാര്യമാക്കിയില്ല…. പിന്നെ മനസ്സിലായി കക്ഷി ഭയങ്കര അഭിനയം ആണെന്ന്…. നൂറു പ്രാവശ്യം വായിച്ച പത്രവും കൊണ്ടോ അല്ലെങ്കിൽ ഫോണും കൊണ്ടോ ഞാനിരിക്കുന്നതിന്റെ പരിസരത്ത് തന്നെ കാണും….

എന്തെങ്കിലും തമാശ പറഞ്ഞു നോക്കുന്നത് ആളിന്റെ മുഖത്തേക്കാകും….. ഞാൻ കണ്ടു എന്ന് കാണുന്ന ഉടനേ വെപ്രാളപ്പെട്ട് നോട്ടം മാറ്റുന്നത് കാണാം…. അതെന്നിൽ വല്ലാത്ത ഒരു കൗതുകം നിറച്ചു…

എറിഞ്ഞെറിഞ്ഞു മടുത്തിട്ടാണ് എന്ന് തോന്നുന്നു…. ഒരു ദിവസം ഞാൻ കൊടുത്ത എല്ലാ ഡിസൈനുകളും വളരെ ശ്രദ്ധയോടെ നോക്കുന്നത് കണ്ടു…. “”ഇത് തന്നെ മതി ഫാഷൻ ഷോ ക്ക് “”എന്ന് പറഞ്ഞപ്പോൾ കേട്ടത് വിശ്വസിക്കണോ വേണ്ടയോ എന്ന ചിന്തയിൽ ആയിരുന്നു….

ആ ഷോക്കിൽ തിരിച്ചിറങ്ങുന്ന വഴിക്ക് പടി ഒന്ന് കണ്ടില്ല… കാല് മടങ്ങി നേരെ താഴേക്ക് വീണു….

കാലവിടെ ഇപ്പോഴും ഉണ്ടോ എന്ന് പോലും തോന്നിപ്പോയി…. അതുപോലെ ഉള്ള വേദന ആയിരുന്നു…. അലറി വിളിച്ചു കരഞ്ഞപ്പോൾ ക്യാബിനിൽ നിന്നും ഓടി വരുന്നത് കണ്ടു…..

ഒരു നിമിഷം പോലും ആലോചിച്ചു നിൽക്കാതെ കൈകളിൽ കോരിയെടുത്തു ആശുപത്രിയിയിലേക്ക് പാഞ്ഞു…. ആ മുഖത്തെന്താണെന്നോ….. ഒന്നും നോക്കാൻ പറ്റിയില്ല…. വേദന സഹിക്കാൻ കഴിയുന്നതായിരുന്നില്ല…. ഒരു ഇൻജെക്ഷൻ പോലും എടുത്താൽ കരയുന്ന ഞാൻ അന്ന് pain കില്ലർ കുത്തി വെക്കാൻ വേണ്ടി ആയിരുന്നു കരഞ്ഞത് മുഴുവൻ….

ഒടുവിൽ ഏറെ നേരത്തെ യുദ്ധത്തിനൊടുവിൽ കരഞ്ഞു തളർന്നു മയങ്ങി…. ഉറക്കം ഉണരുമ്പോളും അയാൾ അടുത്ത് തന്നെ ഉണ്ടായിരുന്നു…. ഷർട്ടിൽ ചെറുതായി ചോരക്കറ ഉണ്ട്…. നെറ്റിയിലുള്ള ചെറിയ മുറിവിൽ നിന്നും പറ്റിയതാകണം…

ആ കണ്ണുകൾ ചുവന്നു കലങ്ങി ഇരിപ്പുണ്ടായിരുന്നു…. ഒരക്ഷരം പോലും ആള് മിണ്ടിയില്ല…. വെറുതെ നെറുകയിൽ ചുണ്ട് ചേർത്ത് കണ്ണുകൾ അടച്ചിരുന്നു….

ആഴ്ചകൾക്ക് ശേഷം ഏറ്റവും മികച്ച ഡിസൈനർ നുള്ള അവാർഡ് വാങ്ങുമ്പോൾ ആ കണ്ണുകൾ തന്നെ അഭിമാനത്തോടെ നോക്കുന്നുണ്ടായിരുന്നു…. എന്നിൽ നിന്നും ഏറ്റവും മികച്ചത് പുറത്തെടുക്കാൻ ആയിരുന്നു ഈ ഗൗരവം ഒക്കെ എന്ന് അപ്പോളാണ് മനസ്സിലായത്….

മനസ്സ് നിറയുന്ന ഒരു ചിരി ഞാനും തിരികെ നൽകി…

“”എന്താണ് ഭാര്യേ എന്റെ കുറ്റം പറയുവാണോ…”” പിന്നിൽ കൂടി രണ്ടു കൈകൾ വന്നു പൊതിഞ്ഞു പിടിച്ചു…

ദേഷ്യത്തോടെ കൈകൾ തട്ടി മാറ്റി….

“” എനിക്കിത്തിരി പക്വത കുറവാണ്…. എന്നോടാരും മിണ്ടാൻ വരണ്ട… “”

“”ശെടാ…. ആരും മിണ്ടണ്ടെ….അപ്പൊ ഞാനീ വാങ്ങിയ മസാല ദോശ പിന്നെ ആർക്ക് കൊടുക്കും….. എന്റെ പെണ്ണ് തന്ന ഷർട്ട്‌ ഇട്ടതും വെറുതെ ആയല്ലോ…. “”

ഒളികണ്ണിട്ട് നോക്കിയപ്പോൾ ശെരിയാണ്…. താൻ കുറച്ചു മുൻപേ കൊടുത്ത ഷർട്ടാണ് ഇട്ടേക്കുന്നത്…..ഒന്നാമത്തെ വിവാഹ വാർഷികം ഇത്തിരി സംഭവ ബഹുലം ആക്കാൻ വേണ്ടി പിറകിൽ കൂടി ചെന്നു ഹാപ്പി ആനിവേഴ്സറി എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തതാ…. പിന്നെയാണ് കണ്ടത് ആള് വീഡിയോ കോൺഫറൻസ് ഇൽ ആയിരുന്നു എന്ന്….

ഗിഫ്റ്റായി കൊണ്ട് ചെന്ന ഷർട്ടും വലിച്ചെറിഞ്ഞു എന്തൊക്കെയോ പറഞ്ഞു…. പറഞ്ഞു പകുതി ആയപ്പൊളേക്കും കരഞ്ഞുകൊണ്ട് ഇങ്ങോട്ട് ഓടിപ്പോന്നു…

“”ഡീ… ഇതെന്താലോചിച്ചു നിൽക്കുവാ…. എന്റെ മോൾക്ക് വിശക്കുന്നുണ്ടാകും…. “”ചെറുതായി വീർത്തു വരാൻ തുടങ്ങിയ വയറിൽ ഒന്ന് തടവി ആള് പറഞ്ഞു…

വീണ്ടും കുശുമ്പ് ഉള്ളിൽ നിറയുന്നതറിഞ്ഞു….

“” ഓഹോ… അപ്പോൾ എനിക്കല്ല അല്ലേ… “”

പിണങ്ങി മാറുമ്പോളേക്കും വീണ്ടും നെഞ്ചോടു ചേർത്തിരുന്നു…. എന്നിട്ട് എനിക്കേറ്റവും പ്രിയപ്പെട്ട പക്കാവടയും ഡയറി മിൽക്കും കൈയിലേക്ക് വച്ചു തന്നു….

കൂടെ സമ്മാനമായി നൽകിയ ചുംബനത്തിലും വിവാഹ വാർഷിക ആശംസയിലും ഉള്ളിലെ പരിഭവങ്ങൾ എല്ലാം തന്നെ അലിഞ്ഞില്ലാതായിരുന്നു…

നെഞ്ചോടു ചേർന്നു നിന്ന് ഒരിക്കൽ കൂടി പതിയെ വിളിച്ചു… “”മുരടൻ… “”

ശുഭം….

പെട്ടെന്ന് തോന്നിയപ്പോൾ വെറുതെ എഴുതിയതാ…. ശെരിയായോ എന്നൊന്നും അറിയില്ല??….അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…