പേരറിയാത്ത ഏതോവികാരം എന്നെ മൂടി. പെട്ടന്നൊരുൾ പ്രേരണയാൽ ഞാനാ ജനൽ പാളി വലിച്ചടച്ചു. കണ്ണുകൾ നിറയുന്നുണ്ട്. ഹൃദയം നീറുന്നുണ്ട്. എങ്കിലും പാടില്ല…

ഉടലാഴങ്ങൾ

എഴുത്ത്: സൗമ്യ ദിലീപ്

കസ്റ്റമേഴ്സെല്ലാം പോയിക്കഴിഞ്ഞ് കട പൂട്ടിയിറങ്ങുമ്പോൾ മണി ഒൻപതായിരുന്നു. മെയിൻ റോഡിലുള്ള എൻ്റെ കഫെറ്റീരിയയിൽ നിന്നും 15 മിനിറ്റ് നടക്കാനുണ്ട് താമസിക്കുന്ന വീട്ടിലേക്ക്. ചുറ്റും നോക്കി. വഴിയിൽ കുറച്ചു പേർ കൂട്ടം കൂടി നിൽക്കുന്നുണ്ട്. എതിരെയുള്ള തുണിക്കട അടച്ചിട്ടില്ല. അവിടെ കസ്റ്റമേഴ്സ് ഉണ്ട്. പിന്നെയും കുറച്ച് കടകൾ ഉണ്ട്. ചിലതെല്ലാം പൂട്ടിയിരുന്നു. ചുറ്റുപാടും ഒന്നു കണ്ണോടിക്കുന്നതിനിടയിൽ പ്രതീക്ഷിച്ച മുഖം കണ്ടു. ശ്രദ്ധിക്കാത്ത പോലെ നടക്കുമ്പോഴും പുറകിൽ ആളുണ്ടാവുമെന്ന വിശ്വാസമുണ്ടായിരുന്നു. വീടു തുറന്ന് ഞാൻ അകത്തു കയറുന്നതു വരെ ഒരു നിഴലായി എൻ്റെ കൂടെത്തന്നെയുണ്ടായിരുന്നു. അതിനു ശേഷമാണയാൾ തൊട്ടടുത്തുള്ള സ്വന്തം വീടിൻ്റെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്.

ശ്രാവൺ….എൻ്റെ വീട്ടുടമസ്ഥൻ. തൊട്ടയൽവക്കത്തു തന്നെയാണ് അയാളും അമ്മയും താമസിക്കുന്നത്. ശ്രീവേദ എന്ന ഞാൻ 2 വർഷം മുൻപാണ് ഈ നാട്ടിൽ ഒരു കഫെറ്റീരിയയും ഇട്ട് താമസം തുടങ്ങിയത്. അന്നു മുതൽ ഈ വീട്ടിലാണ് താമസം. ഒരു വാടകക്കാരിയോടുള്ള ബന്ധമല്ല ആ അമ്മക്കും മകനും എന്നോടുളളത്. ശ്രാവൺ ഒരു സ്റ്റുഡിയോ നടത്തുകയാണ് എൻ്റെ കഫെക്കരികിൽ തന്നെ.

ജനാലയിലൂടെ അരിച്ചിറങ്ങിയ നിലാവെട്ടത്തിൽ നക്ഷത്രങ്ങളേയും നോക്കി കിടക്കുകയായിരുന്നു ഞാൻ. തൊടിയിൽ പൂത്ത രാത്രി മുല്ലയുടെ വശ്യമായ സുഗന്ധം എന്നെ വേറൊരു ലോകത്തെത്തിച്ചിരുന്നു. സുന്ദരിയായ ഒരു പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന രാത്രി എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. കനത്ത നിശബ്ദതയിൽ കരയുന്ന ചീവീടിൻ്റെ ശബ്ദം പോലും എനിക്കപ്പോൾ സംഗീതമായി തോന്നി. സ്വയം മറന്ന് പുറത്തേക്കു നോക്കി നിൽക്കുന്നതിനിടയിലാണ് എൻ്റെ നേർക്കു നീളുന്ന രണ്ട് കണ്ണുകൾ കണ്ടത്. ഒരു നിമിഷം എൻ്റെ കണ്ണുകളും അതുമായി കോർത്തു. പേരറിയാത്ത ഏതോവികാരം എന്നെ മൂടി. പെട്ടന്നൊരുൾ പ്രേരണയാൽ ഞാനാ ജനൽ പാളി വലിച്ചടച്ചു. കണ്ണുകൾ നിറയുന്നുണ്ട്. ഹൃദയം നീറുന്നുണ്ട്. എങ്കിലും പാടില്ല. എന്നോട് ചേരാൻ ദാഹിക്കുന്ന ശ്രാവണിൻ്റെ മനസ് കാണാഞ്ഞിട്ടല്ല. എല്ലാമറിയുന്ന നാൾ തന്നെ ആട്ടിയകറ്റിയാൽ ഒളിക്കാൻ വേറൊരിടമില്ല. അതു കൊണ്ട് തന്നെ മോഹങ്ങളെല്ലാം തൻ്റെയുളളിൽ തന്നെ ഒടുങ്ങട്ടെ.

ദിനരാത്രങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു. ശ്രാവണിനു മാത്രം മാറ്റമൊന്നുമില്ല. എന്നും രാത്രിയിൽ കട പൂട്ടിയിറങ്ങുമ്പോൾ കാത്തുനിൽപുണ്ടാവും വീടു വരെ ഒന്നും മിണ്ടാതെ ഒരുമിച്ചു നടക്കും. പലവട്ടം വിലക്കിയതാണ് എന്നിട്ടും അയാൾ പതിവു മാറ്റാതായപ്പോൾ ഞാനും പറയുന്നത് നിർത്തി.

ഒരു ഞായറാഴ്ച ദിവസം ഏതോ പുസ്തകവും നോക്കി ഉമ്മറത്തെ തിണ്ണയിലിരിക്കുമ്പോഴാണ് ശ്രാവണിൻ്റെ അമ്മ കടന്നു വരുന്നത്. കൈയിൽ പഴുത്ത മാമ്പഴവും ഉണ്ട്. എനിക്ക് മാമ്പഴം ഇഷ്ടമായതുകൊണ്ട് കൊണ്ടുവന്നതാവാം.
അമ്മ തന്നെ അകത്തു പോയി കത്തിയെടുത്ത് എൻ്റെ അരികിലിരുന്നു. ഓരോ മാമ്പഴവും തൊലി കളഞ്ഞ് പൂളുകളാക്കിത്തന്നു. അതു കണ്ടപ്പോൾ തൊടിയിൽ നിന്നു വീണ മാമ്പഴം പിടിച്ച് അമ്മക്കു പിറകെ നടക്കുന്ന കുട്ടിയെ ആണ് എനിക്കോർമ വന്നത്. എൻ്റെ കണ്ണിൽ നീർ നിറഞ്ഞതു കണ്ടിട്ടാവണം അമ്മയാ മാമ്പഴത്തിൻ്റെ കഷണം എൻ്റെ വായിൽ വച്ചു തന്നു. അടരാൻ വെമ്പി നിന്ന ഒരുതുള്ളി കണ്ണിൽ നിന്നും കവിളിലേക്കൊലിച്ചിറങ്ങി.

“സാരല്യ കുട്ടീ, അച്ഛനമ്മമാരൊന്നും എന്നും നമ്മുടെ കൂടെയുണ്ടാവില്ല. കുട്ടി എന്നെ സ്വന്തം അമ്മയായിട്ട് കണ്ടോളൂ. ” ആ വാക്കുകൾക്ക് മറുപടി പറയാനാവാതെ ഞാനാ കൈയിൽ മുറുക്കിപ്പിടിച്ചു.

“മോളേ, ഞാനൊരു കാര്യം പറയാൻ വന്നതാണ്.”

“എന്താണമ്മേ “

“അത് പിന്നെ, ശ്രാവണിൻ്റെ കാര്യമാണ്. അവന് മോളെ ഇഷ്ടമാണെന്ന് എനിക്കറിയാം. എനിക്ക് പ്രായമായി. ഇനി എത്ര കാലം ഉണ്ടെന്നറിയില്ല. മോൾക്ക് വിരോധമില്ലെങ്കിൽ നമുക്ക് നിങ്ങളുടെ വിവാഹത്തെപ്പറ്റി ആലോചിച്ചു കൂടെ?”

“അത്……. അമ്മേ…. ഞാൻ ” വാക്കുകളില്ലാതെ ഞാൻ പരുങ്ങി.

“മോൾടെ കാര്യമൊക്കെ ആ ബ്രോക്കർ സുരേഷ് പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും മരിച്ചപ്പൊ കൂടപ്പിറപ്പുകളെല്ലാം കൂടെ ഇറക്കിവിട്ടതല്ലേ വീട്ടിൽ നിന്ന്. അതൊന്നും സാരല്യാ. ഇവിടത്തെ അമ്പലത്തിൽ വച്ച് ചെറിയൊരു ചടങ്ങ് അത്രയും മതി. കുറേ ദിവസായിട്ട് ഉണ്ണീടെ അച്ഛൻ സ്വപ്നത്തിൽ വരുന്നുണ്ട്. ചിലപ്പൊ എന്നെയും കൊണ്ടുപോകാനാവും. സന്തോഷേയുള്ളു പോകാൻ പക്ഷേ എൻ്റെ മോനെ ഒറ്റക്കാക്കി പോകാൻ വയ്യ. അതാ അമ്മ നിർബന്ധിക്കുന്നേ. പറ്റില്ലാന്നു പറയല്ലേ മോളേ.”

ആ അമ്മയുടെ കണ്ണീരിനു മുന്നിൽ എന്തു പറയണമെന്നറിയാതെ ഞാൻ നിന്നു. എന്നിൽ നിന്നും മറുപടിയൊന്നും കിട്ടാത്തത്തതു കൊണ്ടാവാം അമ്മയെൻ്റെ കവിളിൽ തട്ടി പോയി വരാം എന്നും പറഞ്ഞ് നടന്നകന്നു.

നേരം കടന്നു പോകുന്തോറും എന്തോ ഒരു ഭീതിയെന്നിൽ നിറഞ്ഞു. എന്നെക്കുറിച്ചുള്ള കാര്യങ്ങൾ ശ്രാവൺ അറിഞ്ഞാൽ……

വേണ്ട …ആരും ഒന്നും അറിയണ്ട. ആട്ടിപ്പുറത്താക്കും മുൻപ് ഞാനായിട്ടു തന്നെ ഒഴിഞ്ഞു പോയ്ക്കോളാം. കിട്ടിയതെല്ലാം ബാഗിൽ നിറച്ച് രാത്രിയാവാൻ കാത്തിരുന്നു.

പോവുന്നതിനു മുൻപ് ശ്രാവണെ ഒരിക്കൽ കൂടി കാണണമെന്നു തോന്നി. റൂമിൻ്റെ ജനാല തുറന്നിട്ടു. ബാൽക്കണിയിൽ എന്നെയും പ്രതീക്ഷിച്ച് ശ്രാവൺ നിൽപ്പുണ്ടായിരുന്നു. എന്നത്തേയും പോലെ കതക് വലിച്ചടക്കാൻ നിന്നില്ല. ആ കണ്ണുകളിലേക്ക് നോക്കി നിന്നു. ശ്രാവണും എന്നെത്തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു. കുറച്ചു നേരം അവിടെത്തന്നെ നിന്നു. എനിക്കെന്നെ നഷ്ടപ്പെടുന്ന പോലെ തോന്നി. പതിയെ കൈ ഉയർത്തി ഗുഡ് നൈറ്റ് പറഞ്ഞു. ശ്രാവണിൻ്റെ മുഖത്തെ പുഞ്ചിരി എനിക്കു കാണാമായിരുന്നു.അതു മതിയായിരുന്നു എനിക്ക് ഇനിയെന്നും ഓർക്കാൻ. പതിയെ കതക് ചേർത്തടച്ചു.

സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. പാതിരാവായപ്പോൾ പതിയെ ബാഗുമെടുത്ത് പുറത്തിറങ്ങി. വീടുപൂട്ടി താക്കോൽ എവിടെ വക്കുമെന്ന് ശങ്കിച്ചു നിൽക്കുമ്പോഴാണ് പിന്നിൽ അനക്കം കേട്ടത്.

” താക്കോൽ എവിടേം വക്കണ്ട, ഇങ്ങു തന്നേക്ക്.” ശ്രാവൺ.

“ശ്രാവൺ….. ശ്രാവൺ എന്താ ഈ നേരത്ത് “

“തൻ്റെ വീട്ടിൽ മോഷ്ടിക്കാൻ കയറിയതൊന്നും അല്ല. റൂമിൽ ലൈറ്റ് കണ്ടപ്പോൾ കുറച്ചു നേരം സംസാരിക്കാമെന്നു വച്ച് വന്നതാണ് .ഒളിച്ചോടാനുള്ള പരിപാടിയാണെന്ന് അറിയില്ലായിരുന്നു.”

“അത്…… പിന്നെ….. ഞാൻ “

“അമ്മ പറഞ്ഞത് ഇഷ്ടായില്ലെങ്കിൽ തുറന്നു പറയാം അല്ലാതെ ഒളിച്ചോടുകയല്ല വേണ്ടത്. “

“തനിക്കെന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം.പിന്നെന്തിനാ എന്നിൽ നിന്ന് ഒളിച്ചോടുന്നത്? തനിക്ക് മറ്റാരോടെങ്കിലും പ്രണയം ഉണ്ടോ? അതോ ആരോടും പറയാനാവാത്ത എന്തെങ്കിലും രഹസ്യമുണ്ടോ തനിക്ക്?”

ഒന്നും മിണ്ടാനാവാതെ തലയും താഴ്ത്തി നിന്ന എൻ്റെ മുഖം പിടിച്ചുയർത്തി കവിളിലെ കണ്ണീർ തുടച്ചു കൊണ്ട് ശ്രാവൺ പറഞ്ഞു.

” ശ്രീ, എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ്. നീ ഇവിടന്ന് പോയാലും എൻ്റെ ജീവിതത്തിൽ മറ്റൊരു പെണ്ണുണ്ടാകില്ല. അത്രമേൽ ഞാൻ സ്നേഹിച്ചു പോയി. “

“ശ്രാവൺ, ഞാൻ….. എനിക്ക് ചിലതു പറയാനുണ്ട്.അതു കേട്ടിട്ട് നിനക്ക് തീരുമാനിക്കാം. എന്നെ വേണ്ടെന്നു വയ്ക്കണോന്ന്. “

കൈകൾ മാറിൽ പിണച്ചുകെട്ടി ശ്രാവൺ എൻ്റെ മുഖത്തേക്കുറ്റു നോക്കി നിന്നു.

” അച്ഛനമ്മമാർ മരിച്ചപ്പോൾ വീട്ടുകാർ ഇറക്കിവിട്ട ഒരു പെണ്ണ് എന്നു മാത്രമല്ലേ ശ്രാവണിന് എന്നെക്കുറിച്ചറിയൂ.എന്നാൽ അതല്ല. അതിനൊക്കെയപ്പുറത്താണ് എൻ്റെ ജീവിതം. നാട്ടിലെ വലിയൊരു തറവാട്ടിലാണ് ജനിച്ചത്.അതും മൂന്നു പെൺകുട്ടികൾക്കു ശേഷം ഒരു ആൺകുട്ടിയെ കിട്ടാൻ നേർച്ചയും കാഴ്ചയുമായി നടന്ന അച്ഛനമ്മമാരുടെ നാലാമത്തെ മകനായി. “

എന്നെ സൂക്ഷിച്ചു നോക്കി നിന്ന ശ്രാവണിൻ്റെ കണ്ണുകളിൽ ഒരു ഞെട്ടൽ ഉണ്ടായി. അതു ഗൗനിക്കാതെ ഞാൻ വീണ്ടും പറഞ്ഞു തുടങ്ങി.

” ശ്രീരാജ്…അതായിരുന്നു എൻ്റെ പേര്.അച്ഛനമ്മമാരുടേയും ചേച്ചിമാരുടേയും കണ്ണിലുണ്ണിയായി, സ്നേഹം ആവോളം അനുഭവിച്ചാണ് ഞാൻ വളർന്നത്. ചെറുപ്പത്തിലേ പെൺകുട്ടികളോടു കൂട്ടുകൂടാനായിരുന്നു എനിക്ക് താൽപര്യം. തൊട്ടടുത്ത വീട്ടിലെ ആൺ കുട്ടികൾ പന്തുകളിക്കാൻ പോകുമ്പോൾ എനിക്ക് താൽപര്യം പെൺകുട്ടികളോടൊത്ത് കളിവീടുണ്ടാക്കി കളിക്കാനായിരുന്നു. പിന്നീട് വളർന്നപ്പോഴും കൂട്ട് കൂടുതൽ പെൺകുട്ടികളോടു തന്നെ. അവരുടെ വേഷം അണിയാനും, പെൺകുട്ടികളെ പോലെ അണിഞ്ഞൊരുങ്ങി നടക്കാനും ഞാൻ ആഗ്രഹിച്ചു.

ആദ്യമൊക്കെ മനസ്സിൽ അടക്കി വച്ചിരുന്ന ആഗ്രഹം പിന്നീട് ചേച്ചിമാരുടെ ദാവണിയൊക്കെ അവർ കാണാതെ എടുത്തിട്ടുന്നതിലേക്കെത്തി. ഒരു ദിവസം ചേച്ചിയുടെ ദാവണി എടുത്തണിഞ്ഞ് കണ്ണാടിയിൽ നോക്കി നിന്ന എന്നെ ചേച്ചി കൈയോടെ പിടിച്ചു. അച്ഛനോട് പറഞ്ഞു കൊടുത്തു.

ഒരു സ്കൂൾ അധ്യാപകനായിരുന്നു എൻ്റെ അച്ഛൻ. നാട്ടുകാരറിഞ്ഞാൽ ഉണ്ടാവുന്ന നാണക്കേടോർത്ത് അദ്ദേഹത്തിന് ഉറക്കമില്ലാതായി. പക്ഷേ ഒരിക്കലും അച്ഛൻ എന്നെ ശിക്ഷിച്ചിട്ടില്ല. അച്ഛനറിയാമായിരുന്നു ഇതൊക്കെ മനസിൻ്റെ അവസ്ഥകളാണെന്ന്. അതുകൊണ്ടു തന്നെ അമ്മയെന്നെ ഉപദേശിക്കുമ്പോഴും തടഞ്ഞിരുന്നത് അച്ഛനാണ്. പക്ഷേ നാട്ടുകാരും ബന്ധുക്കളുമെല്ലാം ഒളിഞ്ഞും തെളിഞ്ഞും പരിഹസിച്ചപ്പോൾ അതു താങ്ങാനുള്ള മന:ശക്തി എൻ്റെ അച്ഛനുണ്ടായില്ല. ഒറ്റക്കു പോകാനുള്ള പേടി കൊണ്ടോ, അതോ അമ്മയെ തനിച്ചാക്കാനുള്ള മടി കൊണ്ടോ അറിയില്ല ഒരു കുപ്പി വിഷത്തിൽ അവർ അഭയം തേടി.

പിന്നീടങ്ങോട്ട് കുറ്റപ്പെടുത്തലുകൾ മാത്രമായിരുന്നു ചേച്ചിമാരുടെ. അവരെ പറഞ്ഞിട്ടും കാര്യമില്ല. രണ്ടാമത്തെ ചേച്ചിയും കുടുംബവും വീട്ടിൽ തന്നെയായിരുന്നു താമസം. ആണിൻ്റെ ശരീരത്തിൽ പൊതിഞ്ഞുവച്ച എന്നിലെ പെണ്ണത്തം കണ്ട് ചേച്ചിയുടെ ഭർത്താവിനൊരു മോഹം തോന്നി. കറിക്കരിയുന്ന കത്തിയെടുത്ത് അയാളെ കുത്തി രായ്ക്കുരാമാനം നാടുവിട്ടതാണ്.ഒരുപാട് അലഞ്ഞു തിരിഞ്ഞു. ഒടുവിൽ എനിക്കഭയം തന്നത് എന്നെപ്പോലെ ആണുടലിൽ പൂത്ത ഒരു പെൺപൂവ് തന്നെയായിരുന്നു. സാന്ദ്ര എന്നാ അവളുടെ പേര്. അവളാണ് എന്നിലെ പുരുഷനെ സർജറിയിലൂടെ സ്ത്രീയാക്കി മാറ്റാൻ സഹായിച്ചത്. സാന്ദ്രയുടെ കൂടെത്തന്നെയായിരുന്നു താമസം. അടുത്തുള്ള ഒരു ബേക്കറിയിൽ ജോലി ചെയ്ത്. പിന്നീട് സാന്ദ്രയുടെ ജീവിതത്തിലേക്ക് ഒരു കൂട്ട് വന്നപ്പോഴാണ് അതുവരെ സ്വരൂപിച്ച പൈസ കൊണ്ട് വാടകവീടെടുത്തതും കഫെറ്റീരിയ തുടങ്ങിയതും എല്ലാം. ഇതാണ് ഞാൻ. പൂർണതയില്ലാത്ത ഒരിക്കലും അമ്മയാവാൻ കഴിയാത്ത സ്ത്രീ. പറ ശ്രാവൺ ഇനിയും നിനക്കെന്നെ വേണോ?”

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ കിതക്കുന്നുണ്ടായിരുന്നു. എങ്കിലും നെഞ്ചിലെ ഭാരം ഇറക്കി വച്ച പോലെ. ഒന്നും മിണ്ടാതെ കൈയും കെട്ടി ശ്രാവൺ അപ്പോഴും എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പിന്നെ പതിയേ മുറ്റത്തിറങ്ങി കിണറ്റുകരയിൽ ചെന്ന് റബ്ബർ പാളയിൽ വെള്ളം കോരി എനിക്കു നേരെ നീട്ടി. നല്ല ദാഹം ഉണ്ടായിരുന്നതുകൊണ്ട് ഞാൻ വേഗം കിണറ്റുകരയിൽ ചെന്ന് വെള്ളം ആവോളം കുടിച്ചു. ബാക്കി വന്ന വെള്ളം കിണറ്റുകരയിൽ നിന്ന മുല്ലയ്ക്കൊഴിച്ചു. തിരിഞ്ഞു നടക്കാനൊരുങ്ങിയ എന്നെ രണ്ടു കൈകൾ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു.

” അമ്മയാവാൻ പ്രസവിക്കണം എന്നൊന്നുമില്ല പെണ്ണേ, അമ്മ മനസുണ്ടായാൽ മതി. അതിനു സമയമാവുമ്പോൾ നമുക്കൊരു കുഞ്ഞിനെ ദത്തെടുക്കാം. എൻ്റെ മനസിൽ പ്രണയത്തിൻ്റെ വിത്തുകൾ പാകിയ ഈ പെണ്ണിനെ വിട്ടു കളയാൻ ഞാനൊരുക്കമല്ല. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ ഈ കഴുത്തിൽ ഞാനൊരു താലിചാർത്തും ഈ സുന്ദരിപ്പെണ്ണിനെ എൻ്റേതു മാത്രമാക്കാൻ. “

എൻ്റെ നെറുകയിൽ ചുംബിച്ച് ശ്രാവൺ പറയുമ്പോൾ മഞ്ഞുവീണു കുതിർന്ന രാത്രി മുല്ല ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ആ നെഞ്ചോടു ചേർന്നു നിൽക്കുമ്പോൾ എൻ്റെ ഉടലും പൂത്തു തുടങ്ങിയിരുന്നു.