ഈശ്വരാ പണ്ട് അവളുടെ പാവാടയിൽ മഷി ഒഴിച്ചതിന്റെ ശാപമായിരിക്കുമോ എന്നുപോലും ചിന്തിച്ചു…അവസാനം കാത്തിരിപ്പിനു വിരാമമിട്ടു…

Story written by MAAYA SHENTHIL KUMAR

എത്ര പെണ്ണ് കണ്ടു എന്ന് ചോദിച്ചാൽ എനിക്ക് തന്നെ ഒരു കണക്കില്ല.. അത്രയും പെണ്ണ് കണ്ടു, എല്ലാർക്കും ഗവണ്മെന്റ് ഉദ്യോഗസ്ഥനായോ, ബിസ്സിനെസ്സ്കാരെയോ മതി.പ്രൈവറ്റ് സ്ഥാപനത്തിലെ ജോലി എന്ന് കേട്ടാൽ തന്നെ എല്ലാരുടേം മുഖത്തൊരു സഹതാപം ആണ്…

അങ്ങനെ പോയി പോയി മടുത്തിരിക്കുമ്പോഴാണ് ബ്രോക്കർ വീണ്ടും ഒരു പെണ്ണിന്റെ കാര്യം പറയുന്നത്….അപ്പോഴേക്കും ഇനി ഞാൻ പെണ്ണ് കെട്ടുന്നില്ല എന്ന തീരുമാനത്തിലേക്കെത്തിയിരുന്നു. പക്ഷെ അമ്മയുടെ വഴക്ക് കേട്ട് അവസാനമായി ഇതും കൂടി പോകാം എന്ന് വീട്ടുകാരുമായി ധാരണയുണ്ടാക്കി ഇറങ്ങി…

അങ്ങനെ മീരയുടെ വീട്ടിലെത്തി ചായയൊക്കെ കുടിച്ച് അവളോട്‌ സംസാരിച്ചു തിരിച്ചിറങ്ങാൻ നേരത്താണ് ഭിത്തിയിൽ തൂക്കിയിട്ട സ്കൂൾ ഫോട്ടോ കണ്ടത്…

ഇവളുടെ ചേട്ടന്റെയാ, ഗൾഫിലുള്ള എന്റെ മൂത്തമോന്റെതു, അവൻ ഇതാണ് എന്ന് പറഞ്ഞു ഒരു കുട്ടിയെ തൊട്ടുകാണിച്ചു …. ഞാൻ ഫോട്ടോ നോക്കുന്നത് കണ്ട് അവളുടെ അച്ഛനതു പറഞ്ഞതും ഒരു നിമിഷം ഞാനൊന്നു തരിച്ചുപോയി… പിന്നെ മുഖത്തൊരു ചിരി വരുത്തി യാത്രപറഞ്ഞു ഇറങ്ങി…

വണ്ടിയിൽ കയറിയത് മുതൽ ബ്രോക്കർ കൃഷ്ണേട്ടൻ പെണ്ണിന്റെ വീട്ടുകാരുടെ കുടുംബമഹിമ വർണിക്കുന്നുണ്ടായിരുന്നു… പക്ഷെ എന്റെ മനസ്സില് മുഴുവൻ ആ ഫോട്ടോയായിരുന്നു… എന്റെ സ്കൂൾ ജീവിതമായിരുന്നു…

ക്ലാസ്സിലെ മാത്രമല്ല സ്കൂളിലെ തന്നെ തലതെറിച്ച പിള്ളേരുടെ ഗ്യാങ് ലീഡർ ആയിരുന്നു ഞാൻ… പത്താം ക്ലാസ്സിൽ ആയതുകൊണ്ട് സീനിയർ ആണെന്നുള്ള അഹങ്കാരവും.. എല്ലാ ദിവസവും പിള്ളേരുമായി വഴക്കുണ്ടാക്കുക, ഭീഷണിപ്പെടുത്തുക ഇതൊക്കെയായിരുന്നു പ്രധാന വിനോദം… അങ്ങനൊരു ദിവസം ക്ലാസ്സിലെ മനോജ്‌ എന്ന കുട്ടിയുമായി പൊരിഞ്ഞ വഴക്കായി… അവന് രണ്ടെണ്ണം കൊടുക്കുകയും ചെയ്തു…

സാധാരണ ആരും പരാതിയൊന്നും കൊടുക്കാറില്ലായിരുന്നു… പക്ഷെ ഇവിടെ ഞങ്ങൾക്ക് തെറ്റി… ഞങ്ങളെ ഹെഡ്മാഷ് വിളിപ്പിച്ചു… പരാതി കൊടുത്തത് അവനല്ല അവന്റെ അനിയത്തിയാണെന്നു മനസ്സിലായി… അവളുടെ മുന്നിൽ വച്ചു തന്നെ ചൂരലിന്റെ രുചി ഞങ്ങളറിഞ്ഞു….

അവൾക്കു എങ്ങനെ പണി കൊടുക്കാം എന്നോർത്ത് അവസാനം അവളെ നാണം കെടുത്താനുള്ള ഒരു വഴി കിട്ടി… ബുധനാഴ്ച്ച യൂണിഫോം വെള്ളയാണ്…അതുകൊണ്ട് അവളോടുള്ള പ്രതികാരം അന്നത്തേക്കു മാറ്റി…. അങ്ങനെ ബുധനാഴ്ച രാവിലെ അവളറിയാതെ അവളിരിക്കുന്ന സ്ഥലത്ത് ചുവന്നമഷി ഒഴിച്ചു വച്ചു… അവളുടെ ക്ലാസ്സിലെ കുട്ടിയെ തന്നെ അതിനു കൂട്ടുപിടിച്ചു…

ഇന്റെർവെല്ലിനു പുറത്തിറങ്ങിയ അവളെ ഞങ്ങളെല്ലാം കൂകിവിളിച്ചു… അപ്പോഴാണ് അവളുടെ കൂട്ടുകാരി കണ്ടിട്ട് അവളോട്‌ കാര്യം പറഞ്ഞത്….സംഭവിച്ചതെന്തെന്നറിയാതെ അവൾ കരഞ്ഞു കൊണ്ട് ക്ലാസ്സിലേക്കോടി…. തൊട്ടുപിറകിൽ കളിയാക്കികൊണ്ട് ഞങ്ങളും….

അതിൽപിന്നെ അവള് സ്കൂളിൽ വന്നിട്ടില്ല… പത്താം ക്ലാസ്സ്‌ കഴിഞ്ഞതിൽ പിന്നെ അവളുടെ ചേട്ടനെയും കണ്ടിട്ടില്ല…

ഉറങ്ങുവാണോ.. എണീക്കു മോനെ.. വീടെത്തി… കൃഷ്ണേട്ടന്റെ വിളി കേട്ടാണ് ഞെട്ടിയുണർന്നത്…എന്തായാലും ഇതുവരെയുള്ള അനുഭവം വച്ച് ഇത് നടക്കില്ല എന്നുള്ളതുകൊണ്ട് വീട്ടുകാരോട് എതിർത്തൊന്നും പറഞ്ഞില്ല… പക്ഷെ പ്രതീക്ഷകളെല്ലാം തെറ്റിച്ചു കൊണ്ട്.. അവർക്ക് ഇഷ്ടമായെന്നു പറഞ്ഞു… പിന്നെ കാര്യമായി എതിർത്തെങ്കിലും അച്ഛനും അമ്മയും ഇത് നടത്തുമെന്ന വാശിയിൽ നിന്നു… അമ്മയുടെ അവസാന അടവായ ആത്മഹത്യ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കേണ്ടിവന്നു…

നിശ്ചയം കഴിഞ്ഞ അന്ന് തന്നെ പഴയ സ്കൂൾ ഫോട്ടോയൊക്കെ പെറുക്കിയെടുത്തു അമ്മയുടെ മുറിയിൽ പഴയ ഇരുമ്പുപെട്ടിയിൽ കൊണ്ടുവച്ചു… അധികം വൈകാതെ കല്യാണവും നടന്നു…അവൾ ഒരു തന്റേടി ആണെന്ന് വിചാരിച്ചെങ്കിലും അതൊന്നുമല്ലെന്നു അവൾ പെട്ടെന്ന് തന്നെ തെളിയിച്ചു… ഇപ്പൊ അച്ഛനും അമ്മയ്ക്കും എന്നേക്കാൾ ഇഷ്ടം അവളോടായി… പലപ്പോഴും പഴയകാര്യങ്ങൾ തുറന്നുപറയണമെന്നു വിചാരിച്ചെങ്കിലും അവളെ കാണുമ്പോൾ അതൊന്നും തൊണ്ടയിൽ നിന്നു പുറത്തുവരില്ല…

അങ്ങനെ വർഷം മൂന്ന് നാലു കഴിഞ്ഞു… എന്നിട്ടും ഞങ്ങൾക്കൊരു കുഞ്ഞുണ്ടാവാത്തത് കുടുംബക്കാർ അടക്കം പറയാൻ തുടങ്ങി…. ഓരോ മാസവും ഞങ്ങൾ കാത്തിരുന്നു പക്ഷെ പിരിയഡ്‌സ് കൃത്യമായി വന്നു… ഈശ്വരാ പണ്ട് അവളുടെ പാവാടയിൽ മഷി ഒഴിച്ചതിന്റെ ശാപമായിരിക്കുമോ എന്നുപോലും ചിന്തിച്ചു… അവസാനം കാത്തിരിപ്പിനു വിരാമമിട്ടു അഞ്ചാം വർഷം അവളുടെ കുളിതെറ്റി…

പിന്നെ സന്തോഷത്തിന്റെ നാളുകളായിരുന്നു… ഞങ്ങൾക്കൊരു ഉണ്ണി പിറന്നു…പിറ്റേത്ത വർഷവും കുളിതെറ്റി… അതിൽ ഞങ്ങളുടെ മോളും.. പക്ഷെ അടുത്തവർഷങ്ങളിലും വീണ്ടും രണ്ടു പ്രാവശ്യം കുളിതെറ്റിയപ്പോൾ എല്ലാരും എന്നെ ഒരു അന്യഗ്രഹ ജീവിയെ പോലെ നോക്കാൻ തുടങ്ങി…എനിക്കുറപ്പായി ഇതു പാവാടയിൽ മഷി ഒഴിച്ചതിന്റെ ശാപം തന്നെ…

ഒന്ന് രണ്ടുപ്രാവശ്യം ഈ കാര്യം അവളോട്‌ പറയാൻ തുടങ്ങിയതാ പക്ഷെ സ്കൂളിന്റെ പേര് കേൾക്കുമ്പോ തന്നെ അവള് കലിതുള്ളി എഴുനേറ്റുപോവും…പിന്നെ ഞാനും അത് മനസ്സിൽനിന്ന് കളഞ്ഞു…

ഒരു ദിവസം രാവിലെ എഴുന്നേക്കുമ്പോൾ മുന്നിൽ മീൻചട്ടിയുമായി ഭദ്രകാളിയെ പോലെ മീര നിൽക്കുന്നു… എന്തെങ്കിലും ചോദിക്കും മുൻപേ മീൻചട്ടി എന്റെ തലയിൽ പതിഞ്ഞു എന്റെ ബോധം പോയി… ഓർമ വരുമ്പോൾ ആശുപത്ര്യിലാണ്… തലക്കു നല്ല വേദനയുണ്ട്… അവളാണെങ്കിൽ കരഞ്ഞുകൊണ്ട് അടുത്തിരിപ്പുണ്ട്… കൈയിൽ എന്റെ ഫോണും… അവൾ അതെനിക്ക് നീട്ടി… അപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്…

സ്കൂൾ കലോത്സവത്തിന്റെ ഫോട്ടോയിൽ എന്നെയും അവളെയും മാർക്ക് ചെയ്ത് ഇപ്പോഴത്തെ പിള്ളേരുടെ പരിപാടി ഒന്നുകാണിച്ചതാ… ഫേസ്ബുക്കിൽ ഇന്നലെ രാത്രി ഒരു 40 year ചാലഞ്ചു ഇട്ടതാ…

ശത്രുവിന് കൊടുക്കാൻ കരുതിവച്ചതാണ് മീൻചട്ടിയുടെ രൂപത്തിൽ എന്റെ തലയിൽ പതിച്ചത്… എന്നാലും അത് മാത്രം അവളിൽ നിന്നു മറച്ചുവയ്ച്ചപ്പോ ഉള്ളിലൊരു നീറ്റലുണ്ടായിരുന്നു…ഇപ്പോ അത് മാറിക്കിട്ടി…

പിന്നെപ്പോഴും ഞാനെന്തെങ്കിലും വഴക്കുപറയുമ്പോൾ അവൾ ചോദിക്കും മീഞ്ചടി എടുക്കട്ടേന്ന്.. അതോടെ ഞാൻ പിന്മാറും… അല്ലെങ്കിലും കല്യാണം കഴിച്ചാൽ ഗുണ്ടകൾക്ക് പോലും ഇതാ അവസ്ഥ…