എത്ര വേണ്ടെന്ന് വെച്ചിട്ടും അവള് അറിയാതെ തന്നെ അതൊക്കെ ആസ്വദിച്ചു. ഒന്ന് രണ്ടു മാസങ്ങൾ കടന്നു പോയി…

എഴുത്ത്: നീതു നീതു

“”എന്ത് പറ്റി വിഷ്ണു ഏട്ടാ….!! സുന്ദരനും സുമുഖനും സർവോപരി സത്ഗുണ സമ്പന്നനും ആയ വിഷ്ണുവിന് നാട്ടിൽ വേറെ പെണ്ണുങ്ങളെ കിട്ടിയില്ലേ…?? അതോ ഓട്ടോകാരന് വിവാഹ മാർക്കറ്റിൽ ഡിമാൻഡ് കുറഞ്ഞു പോയോ??””

ദിവ്യയുടെ വാക്കുകളിലെ പരിഹാസം വിഷ്ണുവിന് മനസ്സിലായി എങ്കിലും അവൻ പ്രതികരിച്ചില്ല.

” പിന്നെ എന്തിനാണ് എന്നെപോലെ ഒരു രണ്ടാം കെട്ടുകാരിയെ തിരക്കി വന്നത്….?? അതും ഒരു കുട്ടി ഉള്ള ഒരുത്തി….”

” ദിവ്യ പ്ലീസ്….ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ…എന്നിട്ട് മറുപടി പറയൂ…”

“എനിക്കൊന്നും കേൾക്കാനും ഇല്ല പറയാനും ഇല്ല നിങ്ങളോട്…പണ്ടൊരിക്കൽ ഇഷ്‌ട്ടവും പറഞ്ഞു ഞാൻ വന്നപ്പോൾ നിങ്ങള് അന്ന് വലിയ ഹരിശ്ചന്ദ്രൻ
ആയിരുന്നല്ലോ…കൂട്ടുകാരന്റെ പെങ്ങളെ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ അതൊക്കെ മാറിയോ??”

വിഷ്ണു അവളെ ഒന്ന് നോക്കിയിട്ട് പോകാൻ ഒരുങ്ങി.

” പോകുന്നത് ഒക്കെ കൊള്ളാം….ഇനി മേലാൽ കൂട്ടുകാരന്റെ പെങ്ങളോട് ഉള്ള സഹതാപം പറഞ്ഞു വരരുത്…എനിക്ക് ആരുടേയും ഔദാര്യം വേണ്ട…ഞാനും എന്റെ മോളും എങ്ങനെ എങ്കിലും ജീവിച്ചോളാ”

വിഷ്ണു പുറത്തേക്ക് പോകുന്നത് കണ്ടൂ കൊണ്ട് ആണ് ലീല ദിവ്യയുടെ മുറിയിലേക്ക് വന്നത്..

” ഓഹോ…അമ്മ വന്നോ!!! ഞാൻ ഇപ്പൊ ഓർത്തെ ഒള്ളു…..നിങ്ങൾക്കൊക്കെ ഞാൻ ഒരു ഭാരം ആണെന്ന് അറിയാം….ഗതികേട് കൊണ്ട് ആണ് ഇവിടെ നിൽക്കുന്നത്…..അതും മോളെ ഓർത്ത് മാത്രം….അവള് ഒന്ന് അറിവാകുന്നത് വരെ സഹിച്ചാൽ മതി…വിശ്വസിച്ച് ഇട്ടിട്ടു പോകാൻ എനിക്ക് വേറെ ഇടം ഇല്ല..”

” ദിവ്യ….നിനക്ക് കുറച്ചു കൂടുന്നുണ്ട്….നീയും മോളും ഞങ്ങൾക്ക് ഭാരം ആണോ….? അങ്ങനെ ആണോ ഇവിടെ ഉള്ളവർ നിന്നോട് പെരുമാറുന്നത്??”

” പിന്നെ എന്തിനാണ്….ഇങ്ങനെ ഓരോ കാര്യങ്ങൽ പറഞ്ഞു ഓരോരുത്തരെ എന്റെ അടുത്തേക്ക് അയക്കുന്നത്?? കല്യാണം പോലും….” ദിവ്യ ഒന്ന് പുച്ഛിച്ചു ചിരിച്ചു

” വേറെ ആരും അല്ലല്ലോ…വിഷ്ണു അല്ലേ…അവൻ നിന്നെ അറിയാത്തത് ഒന്നും അല്ലല്ലോ …നീ ഇങ്ങനെ നിൽക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല മോളെ…അതാ…ഞങൾ…” ലീല അതും പറഞ്ഞു തേങ്ങി പോയി

” നിങ്ങൾക്കൊക്കെ എന്നെ ഒന്നു കെട്ടിച്ചു മതിയായില്ലേ?? ഇനീം വേണോ…??എന്തായാലും ഒന്ന് അറിഞ്ഞോ ഇനി എന്റെ ജീവിതത്തിൽ വേറെ വിവാഹം ഇല്ല….ഞാനും എന്റെ കുഞ്ഞും മാത്രം മതി….ഒരിക്കൽ എല്ലാവരും കൂടി ഒരുത്തനെ എന്റെ തലയിൽ കെട്ടി വച്ച് തന്നു…..ഇനി മതി….” ദിവ്യ ദേഷ്യം കൊണ്ട് വിറച്ചു

” മോളെ ഇങ്ങനെ ഒന്നും പറയല്ലേ…ആരെങ്കിലും മനപൂർവ്വം ചെയ്തത് ആണോ….അന്ന് അങ്ങനെ ഒക്കെ പറ്റിപ്പോയി…അതും പറഞ്ഞു നീ ഇങ്ങനെ കുറ്റപ്പെടുത്തി പറയല്ലേ.” ലീല കരഞ്ഞു കൊണ്ട് മുറി വിട്ടിറങ്ങി.

ദിവ്യക്ക് അപ്പോളും ദേഷ്യം മാറിയില്ല…കയ്യിൽ കിട്ടിയത് ഒക്കെ വലിച്ചു എറിഞ്ഞു….കുറെ ഏറെ ആരൊക്കെയോ പതം പറഞ്ഞു…വാതിൽ വലിച്ചു അടച്ചു കട്ടിലിൽ കയറി കണ്ണ്ടച്ച് കിടന്നു…

ഓർമ്മകൾ ഓരോന്ന് ആയി തലയിൽ വട്ടമിട്ടു പറകാൻ തുടങ്ങി….

അകന്ന ബന്ധു വഴി വന്ന ആലോചന ആണ് മനോജിന്റെ …ഗൾഫിൽ ജോലി, സുന്ദരൻ…ഒരു പെങ്ങൾ ഉള്ളതിനെ കെട്ടിച്ചു വിട്ടു….വീട്ടിൽ അമ്മ മാത്രം….എല്ലാത്തിനും ഉപരി അയാളുടെ വാക്ചാതുര്യം ആണ് ഏറ്റവും വിശേഷം….അച്ഛനും ചേട്ടനും ശരിക്കും അതിൽ വീണുപോയി എന്നത് ആണ് സത്യം…ആരെയും പറഞ്ഞു മയക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്. വിവാഹത്തിന് ശേഷം ജോലിക്ക് വിടാം എന്ന് സമ്മതിച്ചത് കൊണ്ട് എനിക്കും മനോജിനെ താൽപര്യം ആയി.

വിവാഹം കഴിഞ്ഞു . ഒരു മാസത്തിന്റെ ലീവിന് വിവാഹത്തിന് വന്ന മനോജ് മൂന്ന് മാസം ആയിട്ടും തിരിച്ചു പോകാതെ വന്നപ്പോൾ ആണ് കാര്യങ്ങൽ ഓരോന്ന് ആയി പുറത്ത് വന്നത്…ജോലി പോയി പുതിയ വിസക്ക് കാശില്ല എന്നൊക്കെ തന്നോട് കരഞ്ഞു പറഞ്ഞു…അപ്പോളേക്കും ഒരു കുരുന്നു ജീവൻ തന്റെ ഉള്ളിൽ അവളുടെ വരവ് അറിയിചിരുന്നൂ…പിന്നെ അങ്ങോട്ട് വല്ലാത്ത അവസ്ഥയിൽ ആയിരുന്നു….ഗോൾഡ് ഒക്കെ ലോക്കറിൽ ആയതു കൊണ്ട് കയ്യിൽ കിടന്നതും കാലിലെ പദസ്വരവും പിന്നെ തന്റെ ചെറിയ സമ്പാദ്യവും ഒക്കെ കൊടുത്തു മനോജിനെ വീണ്ടും വിദേശത്തേക്ക് അയച്ചു…..

പിന്നീട് വീട്ടു ചിലവ് ഓക്കേ തന്റെ തലയിൽ ആയി….ജോലിക്ക് പോണം ,കാര്യങ്ങൽ ഓക്കേ നടത്തണം….പോരാത്തതിന് ഗർഭിണിയും….അതെല്ലാം സഹിക്കമായിരുന്നൂ അവരുടെ ആർഭാടം ആണ് താങ്ങാൻ പറ്റാത്തത്….വിലകൂടിയ വസ്ത്രങ്ങളും മറ്റും ധരിച്ചു ആണ്‌ വിവാഹം പോലുള്ള ചടങ്ങിന് പോകൂ….സ്വർണത്തിൽ കുറയാത്ത സമ്മാനങ്ങൾ മാത്രേ കൊടുക്കൂ…ആദ്യം ഒക്കെ അഡ്ജസ്റ്റ് ചെയ്യാൻ നോക്കിയിട്ടും പിന്നെ അതൊക്കെ താങ്ങാൻ പറ്റാതെ ആയി…നാട്ടുകാർക്കും ബന്ധുക്കൾക്കും ഇടയിൽ അവർ വലിയ വില ഉളളവർ ആണ്..അങ്ങനെ ആണ് പുറത്തുള്ള അവരുടെ പെരുമാറ്റം…

പോയതിന്റെ നാലാം മാസം ജോലി ഇല്ലാതെ മനോജ് തിരിച്ചു വന്നു….ഞാൻ അപ്പോളും ജോലിക്ക് പോയിരുന്നു….കല്യാണങ്ങൾ ആർഭാടം ആയി കൂടാൻ കടം വാങ്ങി തുടങ്ങി….കുറെ പറഞ്ഞു നോക്കി…അതൊക്കെ മനോജ് അയാളുടെ വാക്സാമത്യതിൽ ഒതുക്കി ..ജോലി ഇനി നാട്ടിൽ നോകുന്നുള്ളു എന്ന് തീരുമാനം ആയി …എന്നും രാവിലെ പോകും വൈകിട്ട് ഞാൻ വരുമ്പോൾ തിരിച്ചെത്തും….അത് പതിവാക്കി…..

ഏഴാം മാസം കൂട്ടികൊണ്ട് പോകൽ ചടങ്ങിന് സ്വർണ്ണം ലോക്കറിൽ നിന്നു എടുക്കാൻ പറഞ്ഞപ്പോൾ ആണ് കാര്യങ്ങൽ എന്റെ കൈവിട്ടു പോയത്….അതൊക്കെ അന്ന് തന്നെ കുറെ ഒക്കെ അയാൽ വിറ്റു …ബാക്കി ഒക്കെ പണയം വെച്ചു…എന്നോട് ഒരു വാക്കുപോലും പറയാതെ…അതും വിവാഹം കഴിഞ്ഞു ഒരാഴ്ചക്ക് ഇടയിൽ…സമനില തെറ്റിപ്പോയി ..വായിൽ വന്നത് ഒക്കെ വിളിച്ച് പറഞ്ഞു….പിന്നെ അയാളുടെ കരച്ചിൽ നാടകം ആയിരുന്നു…കാലു പിടിതവും…പറ്റിപ്പോയി എന്നൊക്കെ പറഞ്ഞു…ബാങ്കിൽ ലക്ഷങ്ങൾ കടം ഉണ്ട്… എങ്ങനെ വന്നു എന്ന് ചോദിച്ചാൽ അറിയില്ല…ഓരോ ആർഭാടത്തിന് എടുത്തു എന്ന് പറയുന്നത് ആകും ശരി….പെങ്ങളെ അച്ഛൻ ജീവിച്ചു ഇരുന്നപ്പോൾ കെട്ടിച്ചത് ആണ്…അതും സ്ഥലം വിറ്റ്….ഞങ്ങളുടെ കല്യാണത്തിനും മാസങ്ങൾ മുന്നേ ജോലി പോയത് ആണ് അയാളുടെ…അതൊക്കെ മറച്ചു വച്ച് ആയിരുന്നു വിവാഹം….കരഞ്ഞു കൊണ്ട് പടിയിറങ്ങി….

വീട്ടിൽ വന്നു കാര്യങ്ങൽ പറഞ്ഞു കരഞ്ഞു….അച്ഛനും അമ്മയും ഏട്ടനും ഒക്കെ തകർന്നു പോയി…ശരിക്കും അവർ പറ്റിച്ചത് ആണ്…കുഞ്ഞു ഉണ്ടായി നാലാം മാസം ആണ് പിന്നെ തിരിച്ചു മനോജിന്റെ വീട്ടിൽ പോയത്….അതും കാര്യങ്ങൽ ഒക്കെ ശരിയാകും എന്ന് അച്ഛനും ഏട്ടനും ഒക്കെ മനോജ് വാക്ക് കൊടുത്തതിനു ശേഷം

കുഞ്ഞിന് ആറ് മാസം ആയപ്പോൾ വീണ്ടും താൻ ജോലിക്ക് പോയിത്തുടങ്ങി….കാര്യങ്ങൽ അപ്പോളും പഴയ പോലെ തന്നെ..രാവിലെ എന്റെ കൂടെ ഇറങ്ങും …ഒത്തിരി വൈകിയേ തിരിച്ചു വരു….പകൽ ഒക്കെ നാട്ടിൽ തന്നെ ചുറ്റി നടക്കുന്നുണ്ട് എന്ന് പലരും എന്നോട് പറഞ്ഞു …ദേഷ്യപ്പെട്ടു നോക്കി…ശാസിച്ചു നോക്കി….മരിക്കും എന്ന് പറഞ്ഞു ഭീഷണി പെടുത്തി നോക്കി…അപേക്ഷിച്ച് നോക്കി…എന്നിട്ടും മാറ്റം ഇല്ല …

താൻ കുടിക്കുന്നില്ല , വലിക്കുന്നില്ല, പെണ്ണ് പിടിക്കുന്നില്ല എന്നൊക്കെ ന്യായം പറയും…ഭാര്യയോട് കാട്ടുന്ന ഔദാര്യം..കുട്ടികളുടെ പഠിപ്പിന്റെ പേരും പറഞ്ഞു പെങ്ങൾ വീട്ടിൽ വന്നു നിൽക്കാൻ തുടങ്ങി….ചിലവ് എന്റെ കയ്യിൽ നിൽക്കാതെ വന്നു….എന്തേലും ബില്ലോ അല്ലെങ്കിൽ എന്തേലും വാങ്ങാനോ മറ്റോ ഉണ്ടേൽ അമ്മ നേരെ എന്റെ കയ്യിൽ തരും…അതിനിടക്ക് ബാങ്കിൽ നിന്ന് നോട്ടീസ് വന്നു…പണയം വച്ചത എടുത്ത് വിറ്റ് ലോൺ പുതുക്കി….കടത്തിന്റെ കാര്യം അമ്മയോട് ചോദിച്ചപ്പോൾ ഒന്നും അറിഞ്ഞുകൂട അതൊക്കെ അവൻ എടുത്തത് ആണെന്ന് പറഞ്ഞു ഒഴിഞ്ഞു….പതുക്കെ ഞാനും പലതും കണ്ടില്ലെന്നു നടിച്ച….പലതിനും പണം കൊടുത്തില്ല ..അതിന്റെ ദേഷ്യം അവർ എന്നോട് കാട്ടി തുടങ്ങി….നാട്ടിൽ എന്റെ കുറ്റം പറഞ്ഞു നടപ്പ് തുടങ്ങി…കുഞ്ഞിനെ ഓർത്ത് ഒക്കെ സഹിച്ചു…

ഒരു ദിവസം രാവിലെ കുഞ്ഞിന് ചെറുതായി ജലദോഷം കണ്ട് കൊണ്ട് ആണ് ജോലിക്ക് പോയത്….ഇടക്ക് ഉച്ചക്ക് വിളിച്ചിട്ട് ആരും എടുത്തില്ല…. വൈകിട്ട് വീട്ടിൽ ചെന്നപ്പോൾ പനിച്ചു വിറച്ചു കിടക്കുന്ന കുഞ്ഞിനെ ആണ് കണ്ടത്… അന്ന് നില വിട്ടു എന്തൊക്കെയോ പറഞ്ഞു പോയി…കുഞ്ഞിനെ എടുത്തു അന്ന് പോന്നത് ആണ് അവിടെ നിന്നും..

പിരിയണം എന്ന് കരുതി പോന്നത് അല്ല… തിരിച്ചു വിളിക്കാൻ വന്നിട്ട് മനോജിന്റെ കണ്ണീർ നാടകം കണ്ടപ്പോൾ അറപ്പ് തോന്നിപോയി…..ഏട്ടൻ അയാളെ തല്ലാൻ വരെ ചെന്നു….മടുത്തു പോയിരുന്നു ഞാൻ….ജീവിതം മൊത്തം അയാൽ എന്നെ പറഞ്ഞു പറ്റിച്ചു…ഇനിയും പറ്റിക്കപെടാൻ നിന്നു കൊടുക്കാൻ തോന്നിയില്ല… നാല് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു…ഒരു കൊല്ലം കഴിയുന്നു….കുഞ്ഞു അംഗൻവാടിയിൽ പോകുന്നുണ്ട്….

അച്ഛൻ ഇപ്പൊ എന്നോട് തീരെ മിണ്ടാറില്ല…ഏട്ടൻ ജോലിക്ക് വേണ്ടി ചെന്നൈ ആണ്….അമ്മ ഒന്ന് പറഞ്ഞു രണ്ടിന് കരയും…അതിനു ഇടക്ക് ആണ് വിഷ്ണു ഏട്ടന്റെ ആലോചന…ദേഷ്യം ആണ് എല്ലാവരോടും….ചിലപ്പോൾ എനിക്ക് ഒരു ഭർത്താവിനെ കിട്ടും പക്ഷേ ഒരിക്കലും എന്റെ മോൾക്ക് ഒരു അച്ഛനെ കിട്ടില്ല…സ്വന്തം അച്ഛനെ വിശ്വസിക്കാൻ പറ്റാത്ത ഇൗ കാലത്ത് …..വേണ്ട …വീണ്ടും ഒരു പരീക്ഷണം വേണ്ട….

വിഷ്ണുവിനെ പറ്റി ഓർത്തപ്പോൾ മനസ്സ് പണ്ടത്തെ ഒരു പട്ട്പാവാടകാരിയെ ഓർത്തു…മനസ്സിലുള്ള ഇഷ്ട്ടം കടലാസിൽ എഴുതി ഏട്ടന്റെ പ്രിയ കൂട്ടുകാരന് നേരെ നീട്ടി യ പൊട്ടി പെണ്ണ്…. അന്ന് വിഷ്ണു അത് വലിയ പ്രശ്നം ആക്കി. ….ആദ്യമായും അവസാനമായും ഏട്ടൻ തല്ലിയത് അതിനു വേണ്ടി ആയിരുന്നു …എല്ലാം സഹിക്കാം ആയിരുന്നു , ഏട്ടൻ ഒരുപാട് ദിവസം തന്നോട് മിണ്ടാതെ നടന്നു..കരഞ്ഞു പുറകെ നടന്നു കാലു പിടിച്ചത് കൊണ്ട് ആണ് തന്നോട് ഒന്ന് മിണ്ടാൻ പോലും കൂടാക്കിയെ… അന്ന് തൊട്ടേ വിഷ്ണു വിനോട് ഒരു ദേഷ്യം കിടപ്പുണ്ട് …അതാണ് ഇന്ന് ഇത്രക്ക് പറഞ്ഞു പോയത്…അന്നത്തെ സംഭവത്തിന് ശേഷം ഇന്നാണ് വിഷ്ണു വിനോടു സംസാരിക്കുന്നത് തന്നെ….ദേഷ്യം ആയിരുന്നു…. അന്നേ ആ ഇഷ്ട്ടം ഒക്കെ ഉപേക്ഷിച്ചത് ആണ്…ഇനി വയ്യ …ആരും വേണ്ട.

❤️❤️❤️❤️

കുഞ്ഞു വന്നു കയ്യിൽ പിടിച്ചപ്പോൾ ആണ് ഓർമകൾ വിട്ടത്…അവളുടെ മുഖം കാണുമ്പോൾ സങ്കടം വരും…നാളെ അവളും എന്നെ വെറുക്കും…അച്ഛനിൽ നിന്നു അകറ്റിയതിന്..

മൂന്നു നാലു ദിവസം ആരോടും മിണ്ടാതെ നടന്നു…ദേഷ്യം പലപ്പോളും നിയന്ത്രിക്കാൻ കഴിയാതെ വന്നു….കുഞ്ഞിനെ പോലും ഒത്തിരി വഴക്കിടും …..ഒരാഴ്ച കടന്നു പോയി…വിഷ്ണു ഇപ്പൊ തീരെ വരാറില്ല…അല്ലെങ്കിൽ മിക്കവാറും വീട്ടിൽ വരാറുണ്ട്. അമ്മക്കും അച്ഛനും വലിയ കാര്യം ആണ്…കുഞ്ഞിനും…ഞാൻ മാത്രം മുഖം കൊടുക്കാറില്ല……ഏട്ടനും വിളിക്കാറില്ല…ചിലപ്പോൾ കൂട്ടുകാരനെ അപമാനിച്ചത് കൊണ്ടുള്ള ദേഷ്യം ആകാം…

❤️❤️❤️❤️

ആ ഞായറാഴ്ച അമ്മയുടെ ഒരു ബന്ധുവിന്റെ വിവാഹം ഉണ്ട്….പോകാൻ അമ്മ നിർബധിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസം ആയി…തീരെ താല്പര്യം ഇല്ല…പണ്ടും തനിക്ക് ഒരു തന്റെടി ഇമേജ് ആണ് ബന്ധുക്കൾക്ക് ഇടയിൽ..ഇപ്പൊൾ വിവാഹ മോചനം കൂടി ആയപ്പോൾ പൂർത്തി ആയി. .പലരും ഒളിഞ്ഞും തെളിഞ്ഞും ഒക്കെ എന്നെ പറ്റി പലതും പറഞ്ഞു നടപ്പുണ്ട്….വഴിയിൽ വച്ച് കണ്ടാൽ പോലും ആരും ചിരിക്കില്ല….ഞാനും മനോജും പിരിഞ്ഞതിന്റെ കാരണം ആണ് പലർക്കും ബോധിക്കാതത്‌….എന്റെ അഹങ്കാരം ആണെന്ന് ആണ് വേറെ ചിലരുടെ അഭിപ്രായം….അതുകൊണ്ട് തന്നെ എങ്ങും പോകാറില്ല….ഇത് പക്ഷേ അമ്മ വിടുന്നില്ല…പോകാൻ തീരുമാനിച്ചു.

കല്യാണ വീട്ടിൽ ചെന്ന് കയറിയതെ പലരും അൽഭുത ജീവിയെ പോലെ നോക്കുന്നുണ്ട്…പലർക്കും സംസാരിക്കാൻ ഒരു മടി….ചിലർ സഹതാപത്തോടെ നോക്കുന്നു…മറ്റു ചിലർക്ക് മുഖത്ത് പരിഹാസം…ഓടി പോകാൻ തോന്നി പലപ്പോളും…മിണ്ടാതെ ഒരിടത്ത് മാറി ഇരുന്നു…

വകയിൽ ഒരു അമ്മായി ഉണ്ട്…ഒരു മാതിരി സ്വഭാവം ആണ്…അടുത്തേക്ക് വന്നു വിശേഷം ചോദിക്കൽ തുടങ്ങി ..പലതും കളിയാക്കി ചോദിച്ചു….കടുപ്പിച്ച് എന്തോ പറഞ്ഞു ഞാൻ…പിന്നെ തുടങ്ങി..

” അല്ലേലും നിനക്ക് ഒരു എല്ല് കൂടുതലാ…അഹങ്കാരം അല്ലാതെ എന്താ”

കുറച്ചു ഉച്ചത്തിൽ ആണ് അവരുടെ സംസാരം ..ആളുകൾ ശ്രദ്ധിച്ചു തുടങ്ങി. എവിടെയോ നിന്ന അമ്മ കുഞ്ഞിനെ എടുത്തു ഓടി വന്നു.

” നല്ലൊരു ചെറുക്കൻ ആയിരുന്നു മനോജ്…ഇപ്പൊ എന്തായി …അവന്റെ ജീവിതം തുലച്ചു……അതെങ്ങനെ മക്കളെ വളർത്തുമ്പോൾ അടക്കി ഒതുക്കി വളർത്തണം….ലീലെ , നിന്റെ സ്വഭാവം തന്നെടി മോൾക്കും”

അത്രയും നേരം മിണ്ടാതെ സഹിച്ചു നിന്നത് ആണ്…അമ്മയെ പറഞ്ഞപ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല…അമ്മ ആണേൽ മുഖം കുനിച്ച് നിൽപ്പുണ്ട്.

” അതിനു നിങ്ങൾക്ക് നഷ്ട്ടം ഒന്നും ഇല്ലല്ലോ ..നിങ്ങളുടെ മകന്റെ കൂടെ പൊറുതി ക്ക് വരുന്നില്ല ..പോരെ!!”

അത്രേം പറയാനേ പറ്റിയുള്ളൂ….ദേഷ്യം വന്നിട്ട് വാക്കുകൾ വന്നില്ല….അമ്മയെയും വലിച്ചു കൊണ്ട് ഇറങ്ങി …ഓട്ടോ പിടിച്ചു വീട്ടിൽ എത്തി.

” അമ്മക്ക് ഇപ്പൊൾ സമാധാനം ആയല്ലോ…ഞാൻ അപ്പോ പറഞ്ഞതല്ലേ വരുന്നില്ലെന്ന് …ഇപ്പൊ എന്തായി??”

ബഹളം കെട്ട് അച്ഛൻ ഇറങ്ങി വന്നു…വായിൽ തോന്നിയത് ഒക്കെ ഞാൻ വിളിച്ച് പറഞ്ഞു…കുഞ്ഞു പേടിച്ച് അച്ഛന്റെ തോളിൽ കയറി ..കുറെ സാധനങ്ങളും തട്ടി തെറിപ്പിച്ചു ആണ് മുറിയിലേക്ക് കയറിയത്….ദേഷ്യം പതുക്കെ സങ്കടം ആയി മാറി….ചെയ്തത് തെറ്റായി പോയി എന്നൊരു കുറ്റബോധം എപ്പോളും ഉണ്ട്…അച്ഛൻ മിണ്ടാൻ പോലും കൂട്ടാക്കാത്തത് അത് കൊണ്ട് ആകും….കൈകളിൽ മുഖം ചേർത്ത് കിടന്നു…കുറച്ചു സമയം കഴിഞ്ഞു കുഞ്ഞു തുള്ളിച്ചാടി വന്നു..കയ്യിൽ വലിയ ഒരു പാക്കറ്റ് ചോക്ക്ലറ് ഉണ്ട്…

” വിഷ്ണു അച്ഛൻ തന്നതാ ..അമ്മക്ക് വേണോ??”

കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു..അവളുടെ വിഷ്ണു അച്ഛൻ എന്നുള്ള വിളി ആണ് ചൊടിപ്പിച്ചത്.

” കണ്ടവരോക്കെ തരുന്നത് വാങ്ങി തിന്നരുത് എന്നല്ലേ നിന്നോട് പറഞ്ഞിട്ടുള്ളത്…പിന്നെ എന്തിനാടി ഇതൊക്കെ വാങ്ങി വരുന്നത്”

കയ്യിൽ കിട്ടിയ മാസിക മടക്കി കുഞ്ഞിനെ പൊതിരെ തല്ലി….കുഞ്ഞു പേടിച്ച് ഉറക്കെ കരഞ്ഞു…..ചോക്കലേറ്റ് വാങ്ങി ഒറ്റ വീക്ക് വച്ച് കൊടുത്തു…..അത് ചെന്ന് വീണത് ബഹളം കേട്ട് ഓട് വന്ന വിഷ്ണുവിന്റെ കാൽ ചുവട്ടിലാണ് …അവനത് കുനിഞ്ഞു എടുത്തു..കുഞ്ഞു ഓടി അവനെ വട്ടം പിടിച്ചു നിന്നു.

” ദിവ്യ നീ പറഞ്ഞത് ഞാൻ കേട്ടു ..നിന്റെ ദേഷ്യം നീ ഇൗ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനോട് തീർക്കരുത് …അതിന്റെ ഉള്ളിൽ നിന്റെ വിഷം കുത്തിവേക്കല്ലെ…പിന്നെ , ഞാൻ ഏതു പെണ്ണ് പിടിക്കാൻ പോയാലും ഇൗ കുഞ്ഞിനെ അങ്ങനെ കാണില്ല… അത്രക്ക് അധപതിച്ചിട്ടില്ല വിഷ്ണു….ഇനി മേലാൽ കുഞ്ഞിന്റെ ദേഹത്ത് കൈവക്കരുത്”

അത്രയും ദേഷ്യത്തോടെ പറഞ്ഞു അവൻ ഇറങ്ങി പോയി…ദിവ്യ തകർന്നു കട്ടിലിൽ വീണു കരഞ്ഞു എപ്പോളോ ഉറങ്ങി പോയി.

രാത്രി ഒരുപാട് നേരം ആയപ്പോൾ ആണ് അവള് കണ്ണ് തുറന്നത്….വല്ലാത്തൊരു കനം പോലെ തലക്ക് തോന്നി….പെട്ടെന്ന് കുഞ്ഞിനെ ഓർത്ത് ചാടി എഴുന്നേറ്റു…കുഞ്ഞു ചുറ്റി പിടിച്ചു കിടപ്പുണ്ട്…സൂഷിച്ച് നോക്കിയപ്പോൾ കുഞ്ഞിന്റെ ദേഹത്ത് കറുത്ത എന്തോ പോടിപോലെ …തലയിലും മുഖത്തും ഒക്കെ ഉണ്ട്….നോക്കിയപ്പോൾ തന്റെ ദേഹത്തും ഉണ്ട്…കുറെ തട്ടി നോക്കി പോയില്ല….കുഞ്ഞിനെ വാരി എടുത്ത് കുളിമുറിയിലേക്ക് ഓടി…ബക്കറ്റിൽ വെള്ളം എടുത്ത് കുഞ്ഞിന്റെയും തന്റെയും ദേഹത്തേക്ക് കമഴ്ത്തി …കുഞ്ഞു പേടിച്ച് ഉറക്കെ കരച്ചിൽ തുടങ്ങി…..കരച്ചിൽ കേട്ട് അച്ഛനും അമ്മയും ഓടി വരുമ്പോൾ ദിവ്യ പിന്നെയും കുഞ്ഞിന്റെ ദേഹത്തേക്ക് വെള്ളം ഒഴിക്കുക ആയിരുന്നു….

” എന്ത് ഭ്രാന്താടി കാട്ടുന്നെ ..???.നിനക്ക് സുഖമില്ലേ???” അതും പറഞ്ഞു ലീല അവളെ തള്ളിമാറ്റി കുഞ്ഞിനെ എടുത്തു …….കണ്ണിൽ ഇരുട്ടു നിറഞ്ഞു അവള് നിലത്തേക്ക് ഊർന്നു വീണു.

ബോധം വരുമ്പോൾ ദിവ്യ ഹോസ്പിറ്റലിൽ ആണ്… ട്രിപ് ഇട്ടിട്ടുണ്ട്….ആദ്യം കുറെ നേരത്തേക്ക് ഒന്നും മനസ്സിലായില്ല…വയറിൽ ചുറ്റി പിടിച്ച കയ്യിലേക്ക് ആണ് ശ്രദ്ധ പോയത്….കുഞ്ഞു അവളെ ചേർന്ന് കെട്ടിപിടിച്ചു ഉറങ്ങുന്നു…പതുക്കെ അവളുടെ തലയിൽ തലോടി….തൊട്ടടുത്ത് കട്ടിലിൽ തല വച്ച് കണ്ണടച്ച് കസേരയിൽ വിഷ്ണു ഇരിപ്പുണ്ട് ..ഒരു കൈ കൊണ്ട് കുഞ്ഞിനെ പിടിച്ചിരിക്കുന്നു… മറു കൈ കൊണ്ട് അവളുടെ കാലിൽ വട്ടം പിടിച്ചിട്ടുണ്ട്….വേറെ ആരെയും കാണാൻ ഇല്ല. .അവള് പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു …കാൽ അനക്കിയപ്പോൾ വിഷ്ണു പെട്ടെന്ന് ചാടി എഴുന്നേറ്റു ..അവളെ നോക്കി .

അവൾക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നി അവനെ നേരിടാൻ ..എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് …പക്ഷേ പറ്റുന്നില്ല…മുഖം കുനിച്ച് ഇരുന്നു..

” അമ്മ….??” അത്രയും അവള് എങ്ങനെയോ ചോദിച്ചു.

“അമ്മയും അച്ഛനും കൂടി ഇപ്പൊ ഇറങ്ങിയേ ഒള്ളു…ഒരു ചായ കുടിക്കാൻ…ഇത്രേം നേരം അമ്മ കരച്ചിൽ തന്നെ ആയിരുന്നു…ഇപ്പൊ നിർബന്ധിച്ച് പോയതാ.”

പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല …നടന്നത് ഓരോന്ന് ഓർക്കാൻ ശ്രമിച്ചു….അമ്മ വന്നു തള്ളിയതും പുറകോട്ടു വീണുപോയതും വരെയേ ഓർമ്മ ഉള്ളൂ…ഇടക്ക് തല പൊക്കി നോക്കിയപ്പോൾ വിഷ്ണു അവളെ തന്നെ നോക്കി ഇരിപ്പുണ്ട്…ചിരിക്കുന്നു…അവള് നോക്കിയപ്പോൾ അവൻ തുടങ്ങി..

” അല്ല ഞാൻ ഓർക്കുവായിരുന്നൂ …കഴിഞ്ഞ ദിവസം എനിക്ക് നേരെ ചാടിയ പുലി കുട്ടി ആണോ ഈ കിടപ്പ് കിടക്കുന്നത് എന്ന്!!”

അതും പറഞ്ഞു അവൻ തെല്ലുറക്കെ ചിരിച്ചു.

” എന്നാലും നീ ഇത്രേ ഒള്ളു അല്ലേ…കഷ്ട്ടം… എന്തേലും ആരേലും പറഞ്ഞാല് പനി പിടിച്ചു ഓരോന്ന് കാട്ടികൂട്ടും അല്ലേ”

എന്തോ ആ പരിഹാസം വേദനിപ്പിച്ചു…കണ്ണ് നിറഞ്ഞു പോയി …മുഖം പൊത്തി കരഞ്ഞു പോയി…അവള് കരയുന്നത് കണ്ട് അവനും വല്ലാതെ ആയി.

” ഏയ്…കരയല്ലേ ദിവ്യാ…ഞാൻ വെറുതെ പറഞ്ഞതാ……കരയല്ലേ.. മോളുണരും”

” കളിയാക്കിക്കോ..എത്ര വേണേലും…എനിക്കറിയാം എല്ലാവർക്കും എന്നോട് വെറുപ്പാണ്…മടുത്തു എനിക്ക്…കുഞ്ഞിനെ കൊണ്ട് ഞാൻ എവിടേലും പോയി ചാവും …നോക്കിക്കോ”

“നീ വെറുതെ ഓരോന്ന് പറയരുത് ദിവ്യ…ചാകുമത്രെ…എന്നിട്ടോ…നിന്റെ അച്ഛനും അമ്മയും ഏട്ടനും ഒക്കെ അത് സഹിക്കുമോ..”

” സഹിക്കും..എല്ലാവർക്കും ഞാൻ ഇപ്പൊൾ ഭാരം ആണ്…എനിക്ക് മതിയായി”

” കൊള്ളാം…ഭാരം പോലും…ഇത്രേം നേരം ആ അമ്മ ഇവിടെ നിന്ന് കരച്ചിൽ ആയിരുന്നു. ആ അച്ഛനും…പിന്നെ നിന്റെ ഏട്ടൻ…അവനോടു ഇതുവരെ പറഞ്ഞിട്ടില്ല. നീ മോളെ നോക്ക് ഇന്നലെ രാത്രി അത് ഉറങ്ങിയിട്ടില്ല…അമ്മക്ക് എന്തോ പറ്റി എന്നൊക്കെ പറഞ്ഞു കരച്ചിൽ ആയിരുന്നു…നീ ഈ പറയുന്നതും കാട്ടികൂട്ടുന്നതും അതിനെ എങ്ങനെ ബാധിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ??”

“എനിക്ക് ഒന്നും അറിയില്ല ഏട്ടാ…..എനിക്ക് ആരും ഇല്ല..എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നു…അത്രക്ക് വലിയ തെറ്റാണോ ഞാൻ ചെയ്തത്…ഏട്ടന് അറിയുമോ അച്ഛൻ എന്നോട് തീരെ മിണ്ടാറില്ല…ഏട്ടൻ വല്ലപോഴും വിളിക്കും.കുഞ്ഞിനോട് മിണ്ടും അത്രേ ഒള്ളു..അമ്മ ആണേൽ കരച്ചിൽ തന്നെ…ഞാൻ എന്താ പിന്നെ വേണ്ടത്”

വാക്കുകൾ കിട്ടാതെ ദിവ്യ പിന്നെയും കരഞ്ഞു….വിഷ്ണുവും വല്ലാതെ ആയിപ്പോയി.

” നീ കരച്ചിൽ നിർത്തൂ…എന്നിട്ട് ഞാൻ പറയുന്നത് കേൾക്കൂ…ആർക്കും നിന്നോട് ദേഷ്യം ഇല്ല.. മറിച്ച് വിഷമം മാത്രേ ഒള്ളു…നീ സ്വയം കണ്ടുപിടിച്ചു പോയത് ഒന്നും അല്ലല്ലോ മനോജിന്റെ കൂടെ..പിന്നെ നിന്നെ ആർക്കു കുറ്റം പറയാൻ പറ്റും??”

” എങ്കിൽ പിന്നെ അച്ഛനും ഏട്ടനും എന്നോട് സംസാരിക്കാത്തത് എന്തേ??”

” ദേവന് ഒത്തിരി വിഷമം ഉണ്ട് നിന്നെ ഓർത്ത്. നീ അവിടെ നിന്നും വന്ന ദിവസം അവൻ എന്നെ വന്നു കണ്ടിരുന്നു… അന്ന് ഒത്തിരി കരഞ്ഞു അവൻ…കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നേൽ നിന്റെ ജീവിതം ഇങ്ങനെ ആയി പോകില്ല എന്നൊക്കെ പറഞ്ഞ്…അവനു നിന്നോട് എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയില്ല….അച്ഛനും ചിലപ്പോൾ അതേ പോലെ ആകും..ഇത്രയും നേരം നിന്നെ നോക്കി തന്നെ ഇരുപ്പ് ആയിരുന്നു…ഞാൻ നിർബന്ധിച്ചിട്ടും പോകാൻ കൂട്ടാക്കിയില്ല….പിന്നെ അമ്മയുടെ കൂടെ ഉന്തി തള്ളി വിട്ടു.”

” എല്ലാവരും ഇങ്ങനെ വിഷമിച്ചു ഇരുന്നിട്ട് കാര്യം ഉണ്ടോ വിഷ്ണു ഏട്ടാ…എന്നോട് പഴയ പോലെ പെരുമാറിയാൽ എന്താ!!”

” ഓഹോ അപ്പോൽ നീ പഴയപോലെ ആണോ…എന്തൊരു ദേഷ്യം ആണ് നിനക്ക്…എപ്പോളും അ പാവം അമ്മയുടെ മെക്കിട്ട് കേറുന്നെ എന്തിനാ ..പിന്നെ എന്നോടും അന്ന് എന്തൊക്കെയാ പറഞ്ഞത്?? കുഞ്ഞിനോട് ഒക്കെ നിനക്ക് ദേഷ്യം അല്ലേ??”

” അങ്ങനെ പറയല്ലേ ഏട്ടാ…കുഞ്ഞു എന്റെ ജീവൻ ആണ്…അവൾക്ക് വേണ്ടി ആണ് ജീവിക്കുന്നത് തന്നെ….പിന്നെ പലപ്പോളും നിയന്ത്രിക്കാൻ പറ്റുന്നില്ല സങ്കടം…അപ്പോ ദേഷ്യം കൂടി വരും?” ദിവ്യ അതും പറഞ്ഞു ഉറങ്ങി കിടന്ന കുഞ്ഞിനെ പുണർന്നു കരഞ്ഞു.

” നിനക്ക് എന്തിനാണ് സങ്കടം?? നിനക്ക് ഒരു അമ്മയില്ലേ…അച്ചനില്ലേ…കൂട്ടുകാരൻ പോലെ ഏട്ടൻ ഇല്ലേ??പിന്നെ എന്താ…….?നിനക്ക് എന്റെ അച്ഛനെ പറ്റി അറിയുമോ?

” മ…മരിച്ചു …പോയില്ലേ..?”

” അല്ല…മരിച്ചത് അല്ല…അമ്മയെയും എന്നെയും ഉപേക്ഷിച്ച് വേറെ ജീവിതം തേടി പോയത് ആണ്…..അമ്മ അന്ന് ചെറുപ്പം…ഞാൻ തീരെ ചെറിയ ക്ലാസ്സിലും…നാട്ടുകാർ പലതും പറഞ്ഞു നടന്നു…അമ്മയുടെ പിടിപ്പുകേടു കൊണ്ട് ആണ് അച്ഛൻ ഇട്ടിട്ടു പോയത് എന്നൊക്കെ പറഞ്ഞു…അമ്മ നിന്നെ പോലെ ഒന്നും അല്ല…ആരേലും എന്തേലും പറഞ്ഞാല് കരയാൻ മാത്രേ അറിയൂ…പാവം..എന്നിട്ടും പിടിച്ചു നിന്നു. എന്നെ വളർത്തി…പഠിപ്പിച്ചു….അമ്മയെ ബുദ്ധിമുട്ടിക്കാൻ വയ്യാത്തത് കൊണ്ട് ആണ് ഞാൻ ഇടക്ക് പഠിപ്പ് നിർത്തി ഓട്ടോ ഓടിക്കാൻ തുടങ്ങിയത്…അത്രക്ക് ഒന്നും നിനക്ക് ഇല്ലല്ലോ….വിദ്യാഭ്യാസം ഉണ്ട്…ജോലി ഉണ്ട്….അതൊക്കെ പോരെ??…പിന്നെ മറ്റുള്ളവർ പറയുന്നത് കേൾക്കാൻ നിന്നാൽ അതിനു മാത്രമേ നേരം കാണൂ…അതുകൊണ്ട് അത് വിടു…അവർക്ക് ചെയ്യാൻ പറ്റാത്തത് നീ ചെയ്തു…അതിന്റെ ചൊരുക്ക് ആണ്….പിന്നെ എന്ത് ദേഷ്യം വന്നാലും കുഞ്ഞിനോട് അത് കാട്ടരുത്…അത് അതിനെ ബാധിക്കും …വളരെ മോശം ആയി….”

വിഷ്ണു പറയുന്നത് ഒക്കെ ദിവ്യ മൂളി കേട്ടു….പിന്നെ പറയാനുള്ളത് ഒക്കെ അവനോടു പറഞ്ഞു…തന്റെ ജീവിതത്തിൽ നടന്നത് എല്ലാം…ഒക്കെ കഴിഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി.

” വിഷ്ണു ഏട്ടനോട് അന്ന് അങ്ങനെ ഒക്കെ പറഞ്ഞു പോയതിൽ വിഷമം ഉണ്ട്…ഒന്നും മനസ്സിൽ വെക്കരുത്…”

” ഹേയ്. ..ഞാൻ അതൊക്കെ അപ്പോൾ വിട്ടു…അങ്ങനെ ഒരു തീരുമാനം എടുത്തപ്പോൾ ദേവനോട്‌ ആണ് ആദ്യം പറഞ്ഞത്…അവൻ പറഞ്ഞത് ആണ് നിന്റെ മറുപടി അതാകും എന്ന്….പക്ഷേ ഞാൻ കേട്ടില്ല …..സാരമില്ല പോട്ടെ.”

അപ്പോളേക്കും ദിവ്യയുടെ അച്ഛനും അമ്മയും അങ്ങോട്ട് വന്നു…അമ്മ ഓടി വന്നു അവളെ പുണർന്നു കരഞ്ഞു…അച്ഛന്റെയും കണ്ണുകൾ നിറഞ്ഞു…അവളോട് നിശ്ശബ്ദം ആയി ക്ഷമ ചോദിക്കും പോലെ. ഡിസ്ചാർജ് ആയി വീട്ടിൽ വന്നു….പഴയപോലെ അവള് ജോലിക്ക് പോകാൻ തുടങ്ങി …..

വിഷ്ണുവിന്റെ വാക്കുകൾ ഏറെക്കുറെ അവള് ഉൾക്കൊണ്ടു….ഒരു നിഴൽപോലെ അവന്റെ സാമിപ്യം അവളും അറിയാൻ തുടങ്ങി…ചിലപ്പോൾ രാവിലെ പോകുമ്പോൾ…… അല്ലെങ്കിൽ വൈകുന്ന ദിവസങ്ങളിൽ പറയാതെ സ്റ്റോപ്പിൽ ഓട്ടോ ആയി വരും….എത്ര വേണ്ടെന്ന് വെച്ചിട്ടും അവള് അറിയാതെ തന്നെ അതൊക്കെ ആസ്വദിച്ചു….ഒന്ന് രണ്ടു മാസങ്ങൾ കടന്നു പോയി.

❤️❤️❤️❤️

മൂന്നു നാലു ദിവസം ആയി വിഷ്ണുവിനെ തീരെ കാണുന്നില്ല …. രാവിലെ പോകുമ്പോൾ വരുമ്പോൾ ഒക്കെ അവള് അവനു വേണ്ടി പരതി. മനസ്സിന് വല്ലാത്ത ഒരു വിഷമം വന്നു കൂടി….അവന്റെ നമ്പർ കയ്യിൽ ഉണ്ടെങ്കിലും വിളിക്കാൻ തോന്നിയില്ല…മനസ്സ് വീണ്ടും താളം തെറ്റുന്ന പോലെ…പണ്ടത്തെ പോലെ ദേഷ്യം വരുന്നു…കാരണം ഇല്ലാതെ കരയാൻ തോന്നുന്നു…കുഞ്ഞും വിഷ്ണുവിനേ തിരക്കി തുടങ്ങി…

ഒരു അവധി ദിവസം കുഞ്ഞിനെ പഠിപ്പിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് അമ്മയുടെ അടുത്ത് അടുക്കളയിൽ സംസാരം കേട്ടത്…ദേവകി അമ്മയാണ്…വിഷ്ണുവിന്റെ അമ്മ….ഒറ്റ കുതിപ്പിന് അടുക്കളയിൽ എത്തി….കാലുകളെക്കാൽ വേഗത്തിൽ മനസ്സ് ഓടി….

” വിഷ്ണുവിനെ കണ്ടിട്ട് കുറെ ആയല്ലോ ദേവകി…അവൻ ഇവിടെ ഇല്ലേ??” അമ്മയാണ്.

“അവന്റെ കാര്യം ഒന്നും പറയണ്ട….രണ്ടു ദിവസം ഒരു കൂട്ടുകാരന്റെ കല്യാണത്തിന് പോയേക്കുവായിരുന്നു…ഇന്നലെ ആണ് എത്തിയത്…ഇന്ന് ആണേൽ ഒരു പെണ്ണ് കാണൽ ഉണ്ട്…..കല്യാണ കാര്യം പറയുമ്പോൾ ഓടുന്ന ചെക്കൻ ആണ്…ഇന്ന് എന്തോ ഭാഗ്യത്തിന് പോകാംന്നു സമ്മതിച്ചു. ഫോട്ടോ കണ്ട് ഇഷ്ട്ടായിന്നു തോന്നുന്നു…ഇതെങ്കിലും നടന്നാൽ മതി…ചെക്കന് വയസ്സ് 35 കഴിഞ്ഞു.”

നെഞ്ചില് എന്തോ കുത്തി ഇറക്കിയ പോലെ തോന്നി ദിവ്യക്കു….അതിൽ നിന്നും ചോര ഒഴുകും പോലെ…അവിടെ നിന്ന് കരയും എന്ന് തോന്നിയപ്പോൾ തിടുക്കത്തിൽ മുറിയിലേക്ക് പോന്നു….. കുഞ്ഞ് കട്ടിലിൽ ഇരുന്നു വായിക്കുന്നു….ബാത്ത്റൂമിൽ കയറി വായ പൊത്തി ശബ്ദമില്ലാതെ കരഞ്ഞു….കണ്ണിലൂടെ ചോരയാണ് വരുന്നത് എന്ന് അവൾക്ക് തോന്നി… മനസ്സിൽ എന്തോ അർഹിക്കാത്തത് കയറിപ്പോയിരുന്നു…സ്വപ്നം കണ്ടിരുന്നു …അതൊക്കെ കണ്ണുനീരിൽ ഒഴുക്കി കളഞ്ഞു…കുഞ്ഞു വന്നു വാതിലിൽ മുട്ടിയപ്പോൾ ആണ് ബോധം വന്നത് …മുഖം കഴുകി ഇറങ്ങി..കുഞ്ഞിനൊപ്പം ഇരിക്കുമ്പോൾ പോലും കരച്ചിൽ വന്നു പോയി..

രാത്രി കുഞ്ഞിനെ ഉറക്കി കിടത്തി തിരിയുമ്പോൾ ആണ് ഫോൺ അടിച്ചത്…ദേവേട്ടൻ ആണ്….ഇപ്പൊൾ എന്നും വിളിക്കും….പഴയപോലെ സന്തോഷം ആയി സംസാരിക്കും….പക്ഷേ ഇന്ന് വയ്യ….വേഗം വെക്കാൻ വേണ്ടി ആണ് ഫോൺ എടുത്തത്.

“ഹലോ… ആ …നീ ഉറങ്ങിയായിരുന്നോ?? ഞാൻ താമസിച്ചു പോയി വിളിക്കാൻ…വിഷ്ണു വിളിച്ചു..അതാ….”

ഒരുവേള കാര്യം അറിയാൻ മനസ്സ് തുടിച്ചു….ഏട്ടന്റെ അടുത്ത വാക്കുകൾക്ക് കാതോർത്തു.

” അവനു എന്തോ കല്യാണം ….ഇന്ന് പെണ്ണ് കാണാൻ പോയെക്കുവായിരുന്നു….നിന്നോട് പറഞ്ഞില്ലേ??”

” ഇല്ല..ഇല്ല….. എന്നിട്ടു??? മനസ്സു അറിയാതെ തന്നെ വാക്കുകൾ പുറത്തേക്ക് ചാടി.

” എന്നിട്ട് എന്താകാൻ…അവൻ ഇപ്പോളും ഒരു ദിവ്യ പ്രേമവും ആയി തപസ്സ് ഇരിപ്പാ….അതും ഒന്ന് കെട്ടി ഒരു കുഞ്ഞുള്ള ഒരുത്തിയെ”

അതും പറഞ്ഞു ഏട്ടൻ പൊട്ടിച്ചിരിച്ചു.

മനസ്സ് തുള്ളിച്ചാടി പോയി…..അതിന്റെ ഭാരം കുറഞ്ഞു ഒരു അപ്പൂപ്പൻതാടി പോലെ പാറി നടക്കുന്നു … സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു … എട്ടനോട് ഒന്നും പറയാതെ ഫോൺ വെച്ചു…

നേരം എങ്ങനെയോ വെളുപ്പിച്ചു…ഉറങ്ങാതെ ..ഒരുങ്ങി നേരെത്തെ ഇറങ്ങി…..പതിവില്ലാത്ത ചിരി കണ്ട് അമ്മയുടെ മുഖം വിടരുന്നത് കണ്ടൂ….കുഞ്ഞിനെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു കൊണ്ട് ആണ് ഇറങ്ങിയത്…സ്റ്റോപ്പിൽ വിഷ്ണുവിന്റെ ഓട്ടോ കിടക്കുന്നു….അവൻ അതിൽ ചാരി നിൽപ്പുണ്ട്….

വിഷ്ണുവിന്റെ മുഖത്തെ പ്രതീക്ഷ കണ്ട് ഒരു നിമിഷം മനസ്സ് പതറി…കുഞ്ഞിന്റെ കാര്യം ഓർമ്മവന്നു…നാളെ അവള് വിഷ്ണുവിന് ഒരു തടസ്സം ആയാലോ….സഹിക്കാൻ പറ്റില്ല…പൊങ്ങി വന്ന സന്തോഷം എല്ലാം ആ ഒറ്റ ചിന്തയിൽ തണുത്തു പോയി….

ദിവ്യയുടെ മുഖം മാറിയത് കണ്ട് വിഷ്ണുവും വല്ലാതെ ആയി…ഇന്നലെ ദേവൻ വിളിച്ച് പറഞ്ഞത് പോലെ അല്ല അവളുടെ ഭാവം. ദിവ്യ നടന്നു ഓട്ടോയ്ക്ക് അടുത്ത് എത്തി.

” വാ . കയറൂ…സംസാരിക്കാൻ ഉണ്ട്”

അവൻ ഓട്ടോ സ്റ്റാർട്ട് ആക്കി…അവള് തല താഴ്ത്തി അതിൽ കയറി ഇരുന്നു.

ആൾ സഞ്ചാരം കുറഞ്ഞ ഒരിടത്ത് ഓട്ടോ നിർത്തി അവൻ ഇറങ്ങി…അവളും

” നിന്റെ മനസ്സിൽ ഇപ്പൊൾ എന്താണെന്ന് എനിക്ക് അറിയാം ദിവ്യ….കുഞ്ഞല്ലെ??”

അവള് അൽഭുതത്തോടെ അവനെ നോക്കി.അവൻ അവളെ നോക്കി ചിരിച്ചു.

“എന്തൊക്കെ പറഞ്ഞാലും സ്വന്തം അച്ചനോളം വരില്ല ഞാൻ…എങ്കിലും ഞാൻ ശ്രമിക്കും..ലോകത്തിലെ ഏറ്റവും നല്ലൊരു അച്ഛനാകാൻ….അവൾക്ക് വേണ്ടി…അവൾക്ക് വേണ്ടി മാത്രം…ഞാൻ പറഞ്ഞത് മനസ്സിലായോ??”

” ഉവ്വ്”

” നമുക്കിടയിൽ അവള് മാത്രം മതി…നമ്മുടെ മോൾ ആയി..പോരെ?”

ദിവ്യക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു…..അവള് അവനെ നന്ദിയോടെ നോക്കി.

” പിന്നെ …ഞാൻ കുഞ്ഞിന് നല്ലൊരു അച്ഛന് ആകാൻ പ്രാപ്തം ആയി എന്ന് എപ്പോൾ നിനക്ക് തോന്നുന്നു അപ്പോൽ മതി നമ്മുടെ വിവാഹം….. കാരണം പൂർണമായ മനസ്സോടെ വേണം നിങൾ എന്റെ ജീവത്തിൽ വരാൻ…. കേട്ടോ?””

വാക്കുകൾ കിട്ടാതെ ദിവ്യ വിഷമിച്ചു….അവൻ പറഞ്ഞത് വീണ്ടും വീണ്ടും മനസ്സിലേക്ക് ആവർത്തിച്ചു.

” എനിക്ക് ഇതിൽ കൂടുതൽ ഒന്നും വേണ്ട …. നിങൾ ഉണ്ടായാൽ മതി ഞങ്ങളെ ഇത് പോലെ ചേർത്ത് പിടിക്കാൻ….”

വാക്കുകൾ ഇടറി ദിവ്യ അവന്റെ നെഞ്ചില് ചാരി….അവൻ അവളെ ചേർത്ത് പിടിച്ചു.