ഓരോരുത്തരുടെയും കണ്ണുകൾ കനിഹ എന്ന പെൺകുട്ടിയിലേക്ക് തറഞ്ഞു നിന്നു. എന്തോ ഒരു പ്രത്യേകത നിറഞ്ഞ മുഖം ആയിരുന്നു അവളുടേത്….

കനിഹ

Story written by Tina Tnz & Bradley Bibin

” വെറുതെ പൊട്ടൻ കളിക്കരുത് കനിഹ.. മറ്റു കുട്ടികളുടെ മുന്നിൽ ഷോ കാണിക്കാനായി താനിനി മണ്ടൻ സംശയങ്ങളുമായി എന്റെ അടുത്ത് വരരുത്.. തന്റെ സംശയങ്ങൾ തീർത്തു തരാൻ നിന്നാൽ എനിക്ക് സിലബസ് കവർ ചെയ്യാൻ പറ്റില്ല. താൻ ഒരാൾ മാത്രമല്ല ക്ലാസ്സിൽ ഉള്ളത്. മറ്റു കുട്ടികൾക്കും പഠിക്കണം. Do you understand? “

മേശമേൽ കൈ ശക്തമായി ഇടിച്ചു കൊണ്ട് പ്രസാദ് പറഞ്ഞതും ക്ലാസ്സ്‌ ഒന്നടങ്കം നിശബ്ദമായി. പെട്ടന്നുള്ള അയാളുടെ ഭാവമാറ്റത്തിൽ കുട്ടികളെല്ലാം പകച്ചെങ്കിലും അവളുടെ മുഖത്തു യാതൊരു ഭാവഭേദങ്ങളും ഇല്ലായിരുന്നു.

” മനസിലാക്കാഞ്ഞിട്ടല്ലേ സർ ചോദിക്കുന്നത്.. ” കണ്ണുകൾ വിടർത്തിയുള്ള കനിഹയുടെ ചോദ്യം കേട്ടതും പ്രസാദിന്റെ സകല നിയന്ത്രണവും വിട്ടിരുന്നു.

” ഇത്രയും തവണ പറഞ്ഞിട്ടും മനസിലാക്കാത്ത തനിക്ക് ഇനി പറഞ്ഞാലും മനസിലാകാൻ പോകുന്നില്ല. ഏതൊരു കൊച്ചു കുട്ടിയ്ക്കും അറിയാലോടോ ഇതൊക്കെ, എത്ര തവണ ക്ലാസ്സിൽ പറഞ്ഞ കാര്യങ്ങളാ ഇതെല്ലാം. പുച്ഛത്തോടെ അവളെ നോക്കിയതും യാതൊരു കൂസലുമില്ലാതെ ചെറുചിരിയോടെ നിൽക്കുന്ന അവളെ കാൺകെ വീണ്ടും അവനിൽ ദേഷ്യം മുളപൊട്ടി.

” get out.. താനിനി എന്റെ പീരിയഡ് കഴിഞ്ഞു ക്ലാസ്സിൽ കയറിയാൽ മതി.”

മറുത്തൊന്നും പറയാതെ ക്ലാസിനു പുറത്തേക്ക് ഇറങ്ങുന്ന അവളെ ശ്രദ്ധിക്കാതെ പ്രസാദ് വീണ്ടും ബാക്കിയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിലേക്ക് തിരിഞ്ഞു

പാലക്കാട്‌ govt.സ്കൂളിൽ നിന്നും ട്രാൻസ്ഫർ ആയി ഈ സ്കൂളിലേക്ക് അധ്യാപകനായി വന്നപ്പോഴാണ് കനിഹയെന്ന പത്താം ക്ലാസുകാരിയെ പ്രസാദ് എന്ന ഗണിതം അധ്യാപകൻ ശ്രദ്ധിക്കുന്നത്. അയാളുടെ ക്ലാസ്സിലെ ഏറ്റവും ഊർജ്ജസ്വലയായ പെൺകുട്ടി.

“നിങ്ങളുടെ ജീവിതത്തിലെ turning പോയിന്റ് ആണെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ. ഓരോ നിമിഷവും വിലപ്പെട്ടതാണ്. നഷ്ടപെടുത്താതെ പഠിച്ചു നല്ല മാർക്ക്‌ നേടിയാൽ ഭാവിയിൽ നല്ല പൊസിഷനിൽ എത്തും. 90% നു മുകളിൽ എങ്കിലും മാർക്ക്‌ വാങ്ങി പാസ്സ് ആയാലേ എന്തേലും പ്രയോജനം ഉള്ളു. അല്ലാതെ ജസ്റ്റ്‌ പാസ്സ് മാർക്ക്‌ കൊണ്ടൊന്നും നീയൊക്കെ എവിടെയും എത്താൻ പോണില്ല. പെൺപിള്ളേർക്ക് പിന്നെ തോറ്റുകിടന്നാലും കുഴപ്പമില്ലല്ലോ, വീട്ടുകാർ ആരുടെയെങ്കിലും കൂടെ കെട്ടിച്ചു വിട്ടോളും. നിങ്ങൾ ആൺപിള്ളേർ വല്ല ഓട്ടോ ഓടിക്കാനോ, കെട്ടിടം പണിയാനോ ഒക്കെ പോവേണ്ടി വരും. അതോർത്താൽ നല്ലത്. ഇപ്പോ തീരുമാനിക്കണം, കൂലിപ്പണിക്ക് പോണോ, അതോ പഠിച്ചു വല്ല ജോലിയും വാങ്ങി ജീവിക്കണോയെന്ന്. ജീവിതത്തിൽ വിജയിക്കണം എന്നുള്ളവർ ഇന്ന് മുതൽ പഠിച്ചു നല്ല മാർക്ക്‌ വാങ്ങാൻ ശ്രമിക്കുക . ആദ്യക്ലാസ്സിൽ ഓരോ കുട്ടികളെയും പരിചയപ്പെട്ടതിനു ശേഷം പ്രസാദ് സാർ പറഞ്ഞ വാചകങ്ങൾ ആണിത്.

” കൂലിപ്പണി അത്രയ്ക്ക് മോശപ്പെട്ട കാര്യമാണോ സാറേ.. സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവനും, ഓട്ടോ ഓടിക്കുന്നവനും കെട്ടിടം പണിയാൻ പോകുന്നവനും അധ്വാനിച്ചു തന്നെയല്ലേ ജീവിക്കുന്നത്.. അതും ഒരു തൊഴിലല്ലേ “

സാറിന്റെ ഉപദേശം കേട്ടു നിശബ്ദമായ ക്ലാസ്സിലേക്ക് ഒരു പെൺകുട്ടിയുടെ ശബ്ദം ഉയർന്നു കേട്ടു.

ക്ലാസ്സിലെ ഓരോരുത്തരുടെയും കണ്ണുകൾ കനിഹ എന്ന പെൺകുട്ടിയിലേക്ക് തറഞ്ഞു നിന്നു. എന്തോ ഒരു പ്രത്യേകത നിറഞ്ഞ മുഖം ആയിരുന്നു അവളുടേത്. തോളൊപ്പമുള്ള മുടി ബുഷിട്ടു കെട്ടിയുയർത്തി ചുണ്ടിൽ ചെറുതായി ചായം പൂശി കറുത്ത ഫ്രെയിം ഉള്ള ഒരു വട്ടകണ്ണടയും ധരിച്ചു ആത്മവിശ്വാസം നിറഞ്ഞ മുഖത്തോടെ മുൻബെഞ്ചിൽ സ്ഥാനം പിടിച്ചവൾ.

” above 90% മാർക്ക് വാങ്ങുന്നവർ മാത്രമേ ജീവിതത്തിൽ വിജയിക്കു എന്ന് എങ്ങനെ പറയാൻ പറ്റും? ഉയർന്ന മാർക്ക്‌ വാങ്ങിയ സർട്ടിഫിക്കറ്റ് ആണോ ജീവിതവിജയത്തിന്റെ അടിസ്ഥാനം…? ആരെയും അണ്ടർഎസ്റ്റിമേറ്റ് ചെയ്യാൻ പറ്റില്ലല്ലോ. ജസ്റ്റ്‌ പാസ്സ് മാർക്ക്‌ വാങ്ങി ജയിക്കുന്നവരും അല്ലെങ്കിൽ ഫെയിൽ ആയിപോയവരുമൊക്കെ ആകും ഒരുപക്ഷെ സാറേ ജീവിതത്തിൽ വിജയിക്കുക. പ്രസാദ് സാർ നെറ്റി ചുളിച്ചു അവളെ നോക്കി. ചില കുട്ടികളുടെ അടക്കിപിടിച്ച ചിരിയും കൂടിയായപ്പോൾ അയാൾ ആകെ ചൂളിപോയിരുന്നു

“കൂടുതൽ തർക്കുത്തരമൊന്നും ഇങ്ങോട്ട് വേണ്ട, പറയുന്നത് കേട്ടനുസരിച്ചു പഠിച്ചാൽ മതി.” പ്രസാദ് മുഖത്തു ആവതും ഗൗരവം നിറച്ചു പറഞ്ഞു. ആദ്യദിവസം തന്നെ ഒരു കല്ലുകടി ഉണ്ടായതിൽ പിന്നെ അയാൾക്ക് അവളോട് പേരറിയാത്തൊരു ഇഷ്ടക്കേട് ഉടലെടുത്തിരുന്നു.കനിഹയുടെ ഓവർ സ്മാർട്നെസ്സും, ആരെയും കൂസാതെയുള്ള സംസാരവും പെരുമാറ്റവും പ്രസാദ് സാറിനു ദഹിക്കുന്നുണ്ടായിരുന്നില്ല.

എപ്പോഴും ചിരിച്ച മുഖത്തോടെയല്ലാതെ കനിഹയെ കണ്ടിട്ടേയില്ല. പ്രായഭേദമെന്യേ ആൺ പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരോടും ഇടിച്ചു കയറി സംസാരിക്കുന്ന പ്രകൃതം ആയിരുന്നു അവളുടേത്. മിക്കപ്പോഴും രാവിലെ വളരെ നേരത്തെ തന്നെ സ്കൂളിൽ വരികയും എല്ലാവരും പോയതിനു ശേഷം ഏറ്റവും വൈകി മാത്രം വീട്ടിലേക്ക് പോവുകയും ചെയുന്ന കുട്ടി. മിക്കപ്പോഴും എന്തേലും സ്‌പോർട്സ് ഐറ്റത്തിന്റെ പ്രാക്ടിസുമായി ഗ്രൗണ്ടിൽ ആയിരിക്കും അവൾ. ക്ലാസ്സിൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ സമയവും ഗ്രൗണ്ടിൽ തന്നെ.

ക്ലാസ്സിലിരുന്നുള്ള കമന്റടിയും പൊട്ടിച്ചിരികളും എന്ത് ചോദിച്ചാലും എടുത്തടിച്ചപോലുള്ള മറുപടികളുമൊക്കെ അവളെ ക്ലാസ്സിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആക്കിയെങ്കിലും അധ്യാപകൻ ആയ അയാൾക്കത് അസഹിഷ്ണുത തന്നെയായിരുന്നു . പോരാത്തതിന് എത്രയൊക്കെ സമയം എടുത്തു വിശദീകരിച്ചു കൊടുത്താലും “സർ.. ഈ പോഷൻ ഒന്നുടെ പറഞ്ഞു തരുമോ ” എന്നുള്ള അവളുടെ ചോദ്യം ചില നേരത്ത് സാറിൽ ദേഷ്യത്തിന് തിരി കൊളുത്തുകയും ചെയ്തു.

” ക്ലാസ്സിലെ എല്ലാർക്കും മനസിലായി.. എന്നിട്ട് തനിക്ക് മാത്രമെന്താ ഇനിയും തീരാത്ത സംശയം,.” ഉള്ളിലെ ഈർഷ്യ മറയ്ക്കാതെ ഇടയ്ക്ക് അവളോട് ചോദിക്കുമെങ്കിലും “അറിയാൻ പാടില്ലാത്തത് കൊണ്ടല്ലേ സാറെ ചോദിക്കുന്നതെന്ന അവളുടെ പതിവ് മറുപടിയിൽ അയാളുടെ ഉള്ളിലെ ദേഷ്യം അലതല്ലുമായിരുന്നു.” ഗ്രൗണ്ടിൽ കിടന്ന് ഉരുണ്ടു മറിഞ്ഞിട്ട് കാര്യമില്ല, ഇടയ്ക്ക് ക്ലാസ്സിൽ കയറിയാലേ പഠിക്കാൻ പറ്റൂവെന്ന് പറയുമ്പോഴും അവൾ പുഞ്ചിരിച്ചുകൊണ്ടിരുന്നു. മനഃപൂർവം മറ്റുള്ളവർക്ക് മുന്നിൽ ഷോ കാണിക്കാനുള്ള അവളുടെ പ്രകടനങ്ങളായി അയാൾ അതിനെ വ്യാഖ്യാനിച്ചു. എത്ര വഴക്ക് പറഞ്ഞാലും, തല ഉയർത്തി നിന്ന് ചെറു ചിരിയോടെ എല്ലാം കേൾക്കുന്ന അവളെ കാൺകെ ചില സമയങ്ങളിൽ വീണ്ടും പ്രസാദിൽ ദേഷ്യം നിറഞ്ഞു.

എന്നാൽ കനിഹയെക്കുറിച്ചുള്ള പ്രസാദിന്റെ ധാരണകൾ എല്ലാം മാറിയത് ഫസ്റ്റ് ടെം എക്സാമിന്റെ മാർക്ക്‌ വന്നപ്പോഴാണ്. 10ൽ താഴെ മാർക്കാണ് അവൾക്ക് ലഭിച്ചത്. ഇത്രയും നാൾ പഠിപ്പിച്ചതിൽ പലതും മനസിലാകാഞ്ഞിട്ടാണ് അവൾ വീണ്ടും വീണ്ടും സംശയം ചോദിച്ചുകൊണ്ടിരുന്നതെന്ന് മനസിലായിട്ടും കനിഹയ്ക്കിട്ടൊന്നു കൊട്ടാൻ കിട്ടിയ അവസരമായി അതിനെ കണ്ടു മറ്റു കുട്ടികൾക്ക് മുന്നിൽ വെച്ച് ഉറക്കെ മാർക്ക്‌ പറഞ്ഞു പേപ്പർ നൽകുമ്പോഴും, യാതൊരു ജാള്യതയും കൂടാതെ അവളാ പേപ്പർ വാങ്ങി അയാളെ നോക്കി പുഞ്ചിരിച്ചു.

ആർട്സ്, സ്പോർട്സ് തുടങ്ങിയ കാര്യങ്ങളിലെല്ലാം സ്കൂളിലെ സജീവസാനിധ്യമായി നിറഞ്ഞു നിന്ന് പ്രശംസകൾ സ്വീകരിക്കുമ്പോഴും പഠനമുറിയിൽ സാറിന്റെ ശകാരങ്ങൾ ഏറ്റു വാങ്ങാനും അവൾ വിധിക്കപ്പെട്ടു. സ്റ്റേജിൽ കയറി സമ്മാനം വാങ്ങുമ്പോളുള്ള അതെ നിറഞ്ഞ ചിരി തന്നെയാണ് താൻ പണിഷ്മെന്റ് കൊടുക്കുമ്പോഴും അവളുടെ മുഖത്തു കാണാൻ സാധിക്കുക എന്ന യാഥാർഥ്യം അയാളെ ചൊടിപ്പിക്കുന്നതിനോടൊപ്പം അതിശയിപ്പിക്കുകയും ചെയ്തു. എല്ലാവർക്കും പ്രിയങ്കരിയായി മാറുമ്പോഴും പ്രസാദ് സാർ മാത്രം അവളെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.

എന്നാൽ സെക്കന്റ്‌ ടെം പ്രോഗ്രസ്സ് കാർഡ് തയ്യാറാകുന്നതിനിടയിലാണ് കനിഹ വീണ്ടും പ്രസാദിനെ ഞെട്ടിച്ചത്. മറ്റു വിഷയങ്ങൾക്കെല്ലാം അത്യാവശ്യം നല്ല സ്കോർ ആണ് അവൾക്ക്. ചില വിഷയങ്ങൾക്ക് ഫുൾ മാർക്കും ഉണ്ട്.. മാത്ത്സിനു മാത്രമാണ് മാർക്ക്‌ ഇല്ലാത്തത്.. തന്റെ വിഷയത്തിന് മാത്രം…! താൻ സ്ഥിരം വഴക്ക് പറയുന്നതിലുള്ള വാശിയിൽ മനഃപൂർവം മാർക്ക്‌ കുറച്ചു വാങ്ങിയതാണെന്ന് ഉള്ളിൽ തോന്നിയതിനാലാണ് ആളേയയച്ചു കനിഹയെ സ്റ്റാഫ്റൂമിലേക്ക് വിളിപ്പിച്ചത്.

ഗ്രൗണ്ടിൽ ഏതോ കളിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നെന്ന് തോനുന്നു, വിയർത്തു കുളിച്ചാണ് അവൾ സ്റ്റാഫ്‌റൂമിലേക്ക് കയറി വന്നത്.

“എന്താ സാർ വിളിച്ചത് ” നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കൈയാൽ തുടച്ചു കൊണ്ട് അവൾ അയാളുടെ മുന്നിൽ നിന്നു.

” താനൊക്കെ എന്തിനാടോ സ്കൂളിലേക്ക് കെട്ടിഒരുങ്ങി വരുന്നത്.. വെറുതെ മനുഷ്യനെ മിനക്കെടുത്താൻ..”

പ്രോഗ്രസ്സ് കാർഡ് അവൾക്ക് മുന്നിലേക്ക് നീകിവെച്ചുകൊണ്ട് അയാൾ പറഞ്ഞു. “പഠിക്കാൻ അല്ല വരുന്നതെന്നു അറിയാം, ഇങ്ങനെ ഗ്രൗണ്ടിൽ കളിച്ചു മറിയാനും കൂട്ടുകൂടി നടക്കാനും ആണെങ്കിൽ താനിനി ഇങ്ങോട്ട് വരണം എന്നില്ല. മനസിലായോ” കണ്ണാടി ഊരി മേശമേൽ വെച്ചുകൊണ്ട് പ്രസാദ് സാർ ഗൗരവത്തിൽ പറഞ്ഞു.

” കഴിഞ്ഞ തവണത്തെക്കാൾ ഇമ്പ്രൂവ്മെന്റ് ഉണ്ട് സർ..” പ്രോഗ്രസ്സ് കാർഡിലെ മാർക്കിലൂടെ കണ്ണോടിച്ചു കൊണ്ട് പുഞ്ചിരിച്ച മുഖവുമായി പറയവേ അയാളിൽ കണ്ണിൽ കോപം കത്തിയെരിഞ്ഞു.

” ഈ നാലും മൂന്നും 7 മാർക്ക്‌ വാങ്ങിയതാണോ തന്റെ ഇമ്പ്രൂവ്മെന്റ്..ഇങ്ങനെ പോയാൽ താൻ sslc കടക്കില്ല. ഈ സ്കൂളിന്റെ 100% വിജയത്തിനു തടസം താൻ മാത്രമാ….തനിക്കു പഠിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ട് ആണോ, അതോ പഠിക്കേണ്ട എന്ന് തീരുമാനിച്ചിട്ടാണോ ഇങ്ങനെ പോകുന്നത് “

“എല്ലാവർക്കും പഠിക്കാനുള്ള കഴിവ് ഒരു പോലെ അല്ലല്ലോ സാർ. ഞാൻ എന്നെകൊണ്ട് പറ്റാവുന്നതിന്റെ മാക്സിമം ശ്രമിക്കുന്നുണ്ട്. അതിൽ ഇമ്പ്രൂവ്മെന്റ് ഉണ്ടല്ലോ ” കണ്ണുകൾ വിടർത്തി അവൾ പറഞ്ഞു.

” തന്റെ ന്യായീകരണം ഒന്നും എനിക്ക് കേൾക്കേണ്ട. ഇനി ഇങ്ങനെ മുന്നോട്ട് പോകാനും പറ്റില്ല.. നാളെ വരുമ്പോൾ അച്ഛനെയും അമ്മയെയും കൂട്ടികൊണ്ട് വന്നു എന്നെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതി ” അയാൾ കൈകൾ രണ്ടും മാറോടു കെട്ടി പറഞ്ഞു.

” my parents are divorced ” ഒട്ടും കൂസലില്ലാതെയുള്ള കനിയുടെ മറുപടി കേട്ടതും പ്രസാദിന്റെ നെറ്റി ചുളിഞ്ഞു.

” what…. ” ചെറിയൊരു പതർച്ചയോടെ അയാൾ ചോദിച്ചു

” എന്റെ ഡാഡിയും മമ്മിയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ” കുറച്ചു നേരം സ്റ്റാഫ്‌ റൂമിലാകെ നിശബ്ദത നിറഞ്ഞു നിന്നു.

” അപ്പോൾ…. കനിഹ ഇപ്പോൾ ആരുടെ കൂടെയാണ് താമസം.. അമ്മയോടൊപ്പമോ അതോ അച്ഛനോടൊപ്പമോ… ” അയാൾ മടിച്ചു ചോദിച്ചു.

” രണ്ടു പേരോടുംഒപ്പമല്ല.. “

അവളുടെ മറുപടി പ്രസാദിനെ തെല്ലു അമ്പരപ്പിച്ചു. ” കുട്ടിയുടെ അച്ഛനും അമ്മയും എന്ത് ചെയുന്നു ഇപ്പോ “പിന്നിലെ കസേരയിലേക്ക് അമർന്നിരുന്നു കൊണ്ട് ചോദിച്ചു

” രണ്ടു പേരും അവർക്ക് ചേരുന്ന ആളെ കണ്ടെത്തി ജീവിതത്തിൽ കൂടെ കൂട്ടി. ഇപ്പോ സ്വസ്ഥം, സമാധാനം.. ഇരുവരും പുതിയ ജീവിതം ആഘോഷിക്കുന്നു. ” കയ്യിലിരുന്ന പേന കറക്കികൊണ്ട് അവൾ നിസ്സാരമായി മറുപടി പറഞ്ഞു.

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….