കരഞ്ഞു കലങ്ങിയ കണ്ണുകൾക്ക്‌ മുകളിലൂടെ…തടിച്ചു വീർത്ത കവിളിലൂടെ അവരൊന്നു തലോടി…അവരുടെ കണ്ണുകൾ നിറഞ്ഞു….

Story written by MAAYA SHENTHIL KUMAR

മോള് എപ്പോ എത്തി… പത്മാവതിയമ്മ വീട്ടുജോലി കഴിഞ്ഞു വന്നു കയറുമ്പോഴാണ് ഉമ്മറത്തിരിക്കുന്ന മോളെ കണ്ടത്….

അതുവഴി വന്നാരുന്നേൽ താക്കോല് തന്നുവിടില്ലാരുന്നോ…. ഈ നിറവയറും വച്ചോണ്ട് പുറത്തു ഇങ്ങനെ ഇരിക്കണമായിരുന്നോ… അതും ഈ ഇരുട്ടിൽ മഞ്ഞത്തു…

അതൊന്നും സാരമില്ലമ്മേ… ഞാൻ വന്നിട്ട് ഒരുപാടു നേരമൊന്നും ആയില്ല…

ദേവൻ വന്നില്ലേ മോളെ..

എന്നെ കൊണ്ടുവിട്ടിട്ടു പോയതാമ്മേ …

വീട്‌തുറന്നു അകത്തുകയറി ലൈറ്റ് തെളിച്ചപ്പോഴാണ് അവൾ എന്നത്തേയും പോലെ തന്നെ വന്നുകയറിയതാണെന്നു അവർക്കു മനസ്സിലായത്…

ചാരു….അവൻ വീണ്ടും തല്ലി അല്ലെ മോളെ…

കരഞ്ഞു കലങ്ങിയ കണ്ണുകൾക്ക്‌ മുകളിലൂടെ… തടിച്ചു വീർത്ത കവിളിലൂടെ അവരൊന്നു തലോടി… അവരുടെ കണ്ണുകൾ നിറഞ്ഞു….

അതുകണ്ടു ചാരു ഒരു തേങ്ങലോടെ മുറിയിലേക്ക് പോയി…

****************************

അച്ഛനും അമ്മയും ചേട്ടനും താനും അടങ്ങുന്ന കുടുംബം… അച്ഛൻ കഷ്ടപ്പെട്ടാലും അതൊന്നും അറിയിക്കാതെ ഞങ്ങളെ വളർത്തി…പത്തൊന്പതാമത്തെ വയസ്സിൽ കല്യാണം…. അവിടെയും ഒരിക്കലും തനിക്കു കഷ്ടപ്പെടേണ്ടി വന്നിട്ടില്ല… അദ്ദേഹം ഒന്നും അറിയിച്ചിട്ടില്ല…. ചാരു ജനിച്ചതോടു കൂടി വീടൊരു സ്വർഗ്ഗമായിരുന്നു. അവളുടെ എട്ടാമത്തെ വയസ്സിൽ ദൈവം അദ്ദേഹത്തെ തിരിച്ചു വിളിക്കുന്നവരെ…

അതുവരെ ഒന്നും അറിയാതെ ജീവിച്ച താൻ ഇരുട്ടിൽ അകപ്പെട്ട കൊച്ചു കുട്ടിയെ പോലെ പകച്ചുപോയിരുന്നു…

താനും മോളും ഒറ്റപ്പെട്ടുപോയപ്പോൾ സ്വന്തം കൂടെപ്പിറപ്പു അകൽച്ച കാണിച്ചു തുടങ്ങിയപ്പോഴാണ് ആർക്കും ഒരു ഭാരമാവരുതെന്നു കരുതി അടുത്തുള്ള വീടുകളിൽ അവരെ ജോലിയിൽ സഹായിക്കാൻ പോയി തുടങ്ങിയത് പിന്നീട് അതുതന്നെ ജീവിതമാർഗവുമായി… അന്നുതൊട്ട് ഇന്നുവരെ ഒരു ദിവസം തന്നെ രണ്ടും മൂന്നും വീടുകളിൽ ജോലി ചെയ്താണ് ചാരുവിനെ പഠിപ്പിച്ചത്…

നീക്കിവയ്ക്കാൻ ബാക്കിയൊന്നുമില്ലാഞ്ഞിട്ടും അവളുടെ കല്യാണത്തിന് വേണ്ടി ഉറുമ്പരിക്കുന്ന പോലെ അരിച്ചരിച്ചാണ് ഓരോ രൂപയും കൂട്ടിവച്ചത്….

പഠിപ്പ് നിർത്തി വീട്ടിലിരിക്കുമ്പോഴാണ് ദേവന്റെ ആലോചന വന്നത്…. ഞങ്ങളുടെ അവസ്ഥ അറിഞ്ഞിട്ടും ആ വീട്ടുകാർക്ക് എന്റെ മോളോടുള്ള സ്നേഹം കണ്ടിട്ടാണ് അവന്റെ കൈയിലേക്ക് അവളെ ഏൽപ്പിച്ചത്…

ആദ്യമൊക്കെ നല്ല സ്നേഹമായിരുന്നു…

കല്യാണം കഴിഞ്ഞ് ഒരു മാസം ആവും മുൻപേ പുതിയൊരു ബൈക്കിനു വേണ്ടി മനസ്സില്ലാ മനസ്സോടെ ചാരു വന്നു പറഞ്ഞപ്പോഴാണ് എന്റെ കണക്കുകൂട്ടൽ പിഴച്ചുപോയോ എന്ന് ആദ്യമായി ചിന്തിച്ചത്… പിന്നെ ദേവന്റെ അനിയന്റെ കല്യാണം കഴിഞ്ഞതോടുകൂടി ദേവന്റെ വീട്ടുകാരുടെ മനോഭാവം തീർത്തും മാറി…. പതിയെ ദേവന്റെയും… സ്വർണം കുറഞ്ഞെന്ന പേരിൽ തല്ലാനും ആരംഭിച്ചെന്നു അവിചാരിതമായി അവളെ കാണാൻ അവിടേക്കു പോയ അന്നാണ്‌ മനസ്സിലായത്…

അന്ന് വീർത്തകവിളുകളുമായി എന്റെ മുന്നിൽ കരയാനോ ചിരിക്കാനോ കഴിയാതെ നിസ്സംഗയായി നിൽക്കുന്ന ചാരുവിനെ നെഞ്ചുതകർന്നു കൊണ്ട് ഒന്ന് ചേർത്തുപിടിച്ചു ഒന്നും പറയാനാവാതെ അവിടെ നിന്നും ഇറങ്ങുമ്പോൾ മനസ്സുമുഴുവൻ വീണ്ടും ഇരുട്ടുകയറി തുടങ്ങിയിരുന്നു…

പിന്നീട് വീട് ദേവന്റെ പേരിൽ എഴുതികൊടുക്കാൻ വേണ്ടി അവളെ വീട്ടിൽ കൊണ്ട് നിർത്തുന്നത് പതിവായി…

അവൾ ഗർഭിണിയായപ്പോൾ അവളെക്കാളേറെ സന്തോഷിച്ചത് ഞാനായിരുന്നു…ഇനിയെങ്കിലും അവളോടുള്ള സ്വഭാവത്തിൽ മാറ്റം വരുമെന്ന് കരുതി…

ചോദിക്കുമ്പോഴൊക്കെയും ഇപ്പൊ അടിക്കറൊന്നും ഇല്ലമ്മേ എന്ന ഒറ്റ ഉത്തരത്തിൽ അവൾ എന്റെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറും

ഇന്ന് കള്ളങ്ങളൊന്നും പറയാനാവാത്ത വിധം അവളുടെ മുഖം നീരുവച്ചിരിക്കുന്നു…

എന്ത് ചെയ്യും…. ആരോട് പറയും…. മനസ്സിൽ മൂടിയ ഇരുട്ട് കണ്ണിലേക്കും ഇരച്ചുകയറുന്നു…

**********************

മോളെ.. അമ്മ ചോറെടുത്തു വച്ചിട്ടുണ്ട് വന്നു കഴിക്ക്…

വിശക്കുന്നില്ലമ്മേ… അമ്മ കഴിച്ചിട്ട് കിടന്നോ…

ചാരു… അമ്മ എല്ലാത്തിനും ഉള്ള വഴികണ്ടു വച്ചിട്ടുണ്ട്….പട്ടിണി കിടക്കുന്നത് വയറ്റികിടക്കുന്ന കുഞ്ഞിനാ കേട്…

ഞാൻ കഴിച്ചോളാം പക്ഷെ എന്തൊക്കെ വന്നാലും അമ്മ വീടെഴുതി കൊടുക്കരുത്… എന്തൊക്കെ കൊടുത്താലും അയാളുടെ ആവശ്യങ്ങൾ തീരില്ല… അവളുടെ വാക്കുകൾ ഇടറി…

നീ അവനെ വിളിച്ച് ഇത്രേടം വരെ ഒന്ന് വരാൻ പറയ്…

അത് വേണോ അമ്മേ.. ഇവിടെ വന്ന് ബഹളം ഉണ്ടാക്കിയ ഇവിടുള്ള ആള്ക്കാര് കൂടെ അറിയും… അവൾ തലതാഴ്ത്തി

ഒന്നുമില്ല…. മോളു വിളിച്ച് പറയ്

*************

ദേ തള്ളേ മോളെ തിരിച്ചു കൊണ്ടുപോകാനാണ് വിളിച്ചു വരുത്തിയതെങ്കിൽ അത് നടക്കില്ല…. വന്നുകയറിയതും ദേവന്റെ ശബ്ദം പൊങ്ങി…

അതിനല്ല മോൻ കയറി വരൂ…

അകത്തേക്ക് കയറിയതും അവർ വാതിലടച്ചു കുറ്റിയിട്ടു…

അവന്റെ രണ്ടുകവിളിലും ശക്തമായി അടിച്ചു…

പെട്ടെന്നുള്ള നീക്കമായതു കൊണ്ട് ദേവൻ പകച്ചുപോയി… ചാരുവും ആദ്യമായിട്ടാണ് അമ്മയെ ഇങ്ങനെ കാണുന്നത്..

സ്വബോധം വീണ്ടെടുത്ത് ദേവൻ അലറിവിളിച്ചുകൊണ്ട് അവരുടെ നേർക്കു കൈ ഓങ്ങിയതും പിറകിലായി ഒളിപ്പിച്ച കത്തി വലിച്ചൂരി അവനു നേരെ ചൂണ്ടി…

നീ വീടും പറമ്പും ചോദിച്ചതിനല്ല ഇപ്പോ തന്നത് ഇത് എന്റെ മോൾടെ മേൽ കൈവച്ചതിനുള്ളതാ…. അവൾക്കു അച്ഛനെ ഇല്ലാതായിട്ടുളളൂ അമ്മ ഇപ്പോഴും ജീവനോടെ ഉണ്ട്…

ഇനി വീട് ചോദിച്ചതിനുള്ള പരാതി ഞാൻ വേറെ തയ്യാറാക്കി വച്ചിട്ടുണ്ട് പോലീസ് സ്റ്റേഷനിൽ കൊടുക്കാൻ… പിന്നെ അവളെ കൈവച്ചതിനുള്ളത് നിനക്ക് മാത്രല്ല കെട്ടിക്കാറായ പെങ്ങളില്ലേ അവളുവരെ കോടതികയറും മോനെ….

ആരുമില്ലതായിപോയ പദമാവതിയുടെ ഒരു മുഖമേ നീ കണ്ടിട്ടുള്ളൂ… ഒറ്റയ്ക്ക് ഒരു പെൺകുട്ടിയെയും കൊണ്ട് പടവെട്ടി ജീവിക്കുന്ന മറ്റൊരു മുഖം കൂടെ ഉണ്ടെനിക്ക്…

അത്രേം കേട്ടപ്പോഴേക്കും ദേവന്റെ ധൈര്യമെല്ലാം ചോർന്നു തുടങ്ങിയിരുന്നു…

നിനക്ക് ഇവളെ വേണമെങ്കിൽ ഇവിടെ ജീവിക്കാം… അല്ലാതെ നിന്റെ വീട്ടിലിട്ടു കൊല്ലാകൊല ചെയ്യാൻ എന്റെ മോളെ കിട്ടില്ല…. ഒന്നുകിൽ ഇവിടെ ജീവിക്കാം അല്ലെങ്കിൽ കുടുംബത്തോടെ ജയിലിൽ പോകാം… ഇത് തന്നെ മോളു പൂർണ്ണ ഗര്ഭിണിയായതുകൊണ്ടു മാത്രം ഞാൻ നിനക്കു തരുന്ന ഔദാര്യം ആണ്… അവരുടെ കണ്ണിൽ തീ പാറി..

ചാരു ഇതുകൊണ്ടാണ് ഞാൻ പണ്ട് നിന്നോട് പറഞ്ഞത് പഠിക്കേണ്ട കാലത്തു പഠിക്കണമെന്നും സ്വന്തം കാലിൽ നിക്കണമെന്നും… അന്ന് നിനക്ക് പഠിക്കാൻ താല്പര്യം ഉണ്ടായില്ല…. ഇന്ന് നിനക്കൊരു ജോലി ഉണ്ടായിരുന്നെങ്കിൽ എന്ന് നീ ആഗ്രഹിക്കുന്നില്ലേ…

അവളുടെ തല താഴ്‌ന്നു…. കണ്ണുകൾ നിറഞ്ഞു…

************

ജോലി കഴിഞ്ഞ് വരുമ്പോൾ എന്നത്തേയും പോലെ ഉമ്മറത്തിരിക്കുന്ന പദ്മാവതിയെ ഒന്ന് ഇടംകണ്ണിട്ടു നോക്കി….

ദേവൻ കിട്ടിയ ശമ്പളം ചാരുവിനെ ഏല്പിച്ചു… പിന്നെ പതിയെ അവളുടെ വയറൊന്നു തടവി

സൂക്ഷിച്ചു വച്ചേക്കു ആശുപത്രിയിൽ ചിലവുണ്ടാവും…. അതും പറഞ്ഞ് അവൻ
കുളിക്കാൻ പോയി…

ചാരു അമ്മയെ നോക്കി പുഞ്ചിരിച്ചു…

ശുഭം