പുറമേക്ക് വലിയ തന്റേടവും ശൂരതയും കാണിച്ചിരുന്ന അവളിപ്പോൾ നാണവും സങ്കോചവും ഉള്ളൊരു പെണ്ണായി മാറിയത് അബുവറിഞ്ഞു…

Story written by ABDULLA MELETHIL

‘നല്ല ച രക്ക് ആണവൾ സണ്ണിയെ പോലെയൊക്കെ എന്നാ എടുപ്പാ, സമൂഹത്തിൽകുറച്ചു നിലയും വിലയും ഉള്ളവർക്കേ അവളെ കിട്ടൂ..ഒരു ദിവസത്തിന് നമ്മുടെയൊക്കെ ഒരു മാസത്തെ ശമ്പളം വരെ കൊടുക്കേണ്ടി വരും…’

അനിൽ ഗ്ലാസിൽ ഇരുന്ന അവസാന പെഗ്ഗ് വായിലേക്ക് കമഴ്ത്തി അങ്ങനെ പറഞ്ഞപ്പോൾ ശ്യാമും സുകുവും അത് ശരി വെക്കും പോലെ തലയാട്ടി..

എന്നാൽ അവളുടെ നമ്പർ ഒന്ന് തരൂ ഒന്ന് വിളിച്ചു നോക്കാല്ലോ..ഒരു ഗ്ലാസ് ബിയർ കൊണ്ട് അര മണിക്കൂർ നേരമായി ഇരിക്കുന്ന അബു ചോദിച്ചു..

മൂന്ന് പേരും ഞെട്ടി…

നിനക്കെന്തിനാ അവളെ, നിനക്ക് ഈ ഗതികേട് ഉണ്ടോ..? ചാരുത അറിഞ്ഞാൽ നിന്നെ വല്ല ഇഞ്ചക്ഷനും തന്ന് കൊല്ലും..അനിൽ ഉറക്കെ പൊട്ടിച്ചിരിച്ചു പറഞ്ഞു..

ചാരുത അബുവിന്റെ ഭാര്യയാണ് ഹോസ്പിറ്റലിൽ നഴ്സാണ്..അവളെ പേടിച്ചാണ് അവൻ കമ്പനി കൂടുമ്പോൾ മദ്യപാനം ബിയറിൽ ഒതുക്കുന്നത്. അവരുടേത് പ്രണയ വിവാഹമായിരുന്നു

അതല്ലെടാ…വേ ശ്യ, പോക്ക് കേസ്, എന്നൊക്കെ വിളിക്കപ്പെടുന്നവരെ ദൂരെ നിന്നേ നോക്കി കണ്ടിട്ടുള്ളൂ…വായിച്ചിട്ടുള്ള കഥകളിലും അവരുടെ പുറം മേനി തടവി പോയിട്ടേ ഉള്ളൂ…എന്നും തോന്നാറുണ്ട് ഇത്രയും പ്രമുഖ ആണെങ്കിൽ അവളെ ഒന്ന് നേരിൽ കാണണം..

അനിൽ ഒരു പത്ര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളാണ് സമൂഹത്തിലെ നാനാ തുറകളിൽ പെട്ട ആളുകളുമായും ബന്ധമുണ്ട്. അനിൽ നമ്പർ അബുവിന് കൊടുത്തു നമ്പർ കൊടുത്ത ആളുടെ പേരും പറഞ്ഞു കൊടുത്തു അല്ലാതെയൊന്നും അവൾ വിളിച്ച ആളെ വിശ്വസിക്കില്ല..

നീ എന്നിട്ട് ഒരു കഥ എഴുത്..ഞങ്ങൾക്കും വായിക്കാല്ലോ…നമ്പർ കൊടുക്കുമ്പോൾ
അനിൽ പറഞ്ഞിരുന്നു…എടാ അവളെ കാണുമ്പോൾ കഥ എഴുത്ത് മറക്കരുത് കേട്ടോ…സുകു അബുവിന്റെ തോളിൽ തട്ടി പറഞ്ഞു…

കൗമാരത്തിലേ വികാരം പെരുവിരലിൽ നിന്ന് തലയിലേക്ക് എടുത്ത സമയത്ത് പോലും ഇത്തരം ഒരു ബന്ധം അബു ആഗ്രഹിക്കുക ഉണ്ടായിട്ടില്ല.

അബു അനിൽ കൊടുത്ത നമ്പറിൽ അവളെ വിളിച്ചു അവൾ പറഞ്ഞ അക്കൗണ്ടിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്ത ശേഷമാണ് അവൾ അബുവിന് ചെല്ലേണ്ട സ്ഥലവും വീടും പറഞ്ഞു കൊടുത്തത്..

അനിൽ ആണ് അബുവിനെ അവളുടെ വീടിന് മുന്നിൽ കൊണ്ട് പോയി വിട്ടത്.

അബു വീടിന്റെ കോളിംഗ് ബെൽ അടിച്ചു ഒരു സ്ത്രീ വന്ന് ഡോർ തുറന്ന് അബു അകത്ത് കയറിയപ്പോൾ വാതിലടച്ചു…

നിങ്ങളാണോ ഞാൻ വിളിച്ച….അബു ആൾ അത് തന്നെയാണോ എന്നുറപ്പ് വരുത്താൻ വേണ്ടി ചോദിച്ചു …

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു, ഞാൻ തന്നെയാണ് ഇവിടെ വേറെ ആരുമില്ല. നമ്മൾ രണ്ട് പേർ മാത്രം. നാളെ ഈ നേരം വരെ ആരും ഇങ്ങോട്ട് വരില്ല..

അവൾ അടിച്ച പെർഫ്യൂം പോലും അവൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ പോലെയായിരുന്നു ഒരു വശ്യ ഗന്ധം..അത്യാവശ്യം നീണ്ട് പരന്ന് കിടക്കുന്ന മുടി, ചുവന്ന സാരി, ചുണ്ടിൽ ലിപ്സ്റ്റിക്ക് ഇല്ല അല്ലാതെ തന്നെ ചുവന്ന ചക്രവാള സീമ പോലെ ചുണ്ടും കവിളും ചുവപ്പ് അണിഞ്ഞു നിൽക്കുന്നു..

അവൾ മുകളിലെ ഒരു റൂമിലേക്ക് അബുവിനെയും കൊണ്ട് പോയി…

കഴിക്കാൻ എന്താണ് വേണ്ടത്…?

ഇപ്പോഴാണ് അവളുടെ അ ടിവയറിലെ ഞൊറിവുകൾ കണ്ടത് മാ റിലെ സാരിയും ലക്ഷ്യം തെറ്റി കിടന്നിരുന്നു. നിങ്ങൾ ചെലവാക്കിയ പണം നഷ്ടത്തിൽ ആവില്ലെന്ന് വിളിച്ചു പറയാൻ അവൾ അവയവങ്ങൾക്ക് ആജ്ഞ കൊടുത്ത പോലെ അവയെന്റെ മുന്നിൽ ഉയർന്നും ഇളകിയും നിന്നു..

ഇപ്പോഴൊന്നും വേണ്ട എന്ന് അബു പറയുമ്പോഴും തൊണ്ട വരണ്ട് ഒട്ടിയിരുന്നു.

കുറച്ചു വെള്ളം മതി…അബു പറഞ്ഞു..

അവൾ പോയി രണ്ട് ഗ്ലാസിൽ ജ്യൂസുമായി വന്ന് അവന്റെ അരികെ കട്ടിലിൽ ഇരുന്നു..

അവൾ അവളുടെ മുടി ഒന്നാകെ ഒരു സൈഡിലേക്ക് ഇട്ട് അതിനെ താലോലിച്ചു കൊണ്ട് അബുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

ജ്യൂസ് കുടിക്കൂ…

അബു പതിയെ ജ്യൂസ് സിപ്പ് ചെയ്തു കുടിച്ചു അവളും..

‘എന്തേ ഈ ഒരു തൊഴിലിലേക്ക് എത്തിപ്പെടാൻ ഉണ്ടായ കാരണം..?’

ജ്യൂസ് ഏകദേശം പകുതി ആയപ്പോൾ അബുവൊരു സംസാരത്തിന് തുടക്കമിട്ടു

അവൾ ഉത്തരം പറയേണ്ടതിന് പകരം തിരിച്ചൊരു ചോദ്യം അബുവിനോട് ചോദിച്ചു

‘എന്തേ നിങ്ങൾ എന്റെ അടുത്തേക്ക് വരാൻ കാരണം..!’

അവനൊന്നും മിണ്ടിയില്ല. ഒരു ഇളിഭ്യ ചിരി ചിരിച്ചു..

ഉത്തരമില്ലേ..? അവൾ വീണ്ടും ചോദിച്ചു..

വികാരത്തിന് ഒപ്പം കുറച്ചു മനുഷ്യത്വവും തുളുമ്പുന്ന അസുഖം ഉള്ളവർ അത് പ്രകടിപ്പിക്കാൻ എന്റെ അടുത്ത് വരുമ്പോൾ ചോദിക്കുന്ന പതിവ് കാപട്യം നിറഞ്ഞ ചോദ്യമാണ് ഇത്…തത്കാലം എന്താ വേണ്ടതെന്ന് വെച്ചാൽ ചെയ്ത് പോകാൻ നോക്കൂ..

അവൾ അവളുടെ നീളമുള്ള മുടിയിഴകളിൽ നിന്നും പറഞ്ഞു പോന്ന ഒരെണ്ണം കൈയ്യിൽ എടുത്ത് പറഞ്ഞു..

നിങ്ങളെ പോലെയുള്ള ആളുകളാണ് ഞങ്ങളെ കൂടുതൽ വെറുപ്പിക്കുന്നതും തന്ന പൈസ മുതലെടുക്കാൻ എന്ത്‌ വൃത്തിക്കേടും ചെയ്യിക്കുന്നതും..

വേ ശ്യയാണ് പൈസക്ക് ശരീരം വിൽക്കുന്നവൾ സുഖം വിൽക്കുന്നവൾ അതിലപ്പുറം ഒന്നുമില്ല..അവൾ ഒന്ന് കൂടി കടുപ്പത്തിൽ പറഞ്ഞു..

നിങ്ങൾക്ക് എന്റെ നമ്പർ തന്നവൻ പറഞ്ഞിട്ടുണ്ടാകുമല്ലോ എന്നെ കുറിച്ച് എന്താണ് പറഞ്ഞത് നല്ല ച രക്കാണ്…നല്ലസാധനമാണ്..

ഇപ്പോഴത്തെ ഫ്രീക്കന്മാർ പറയും കിടുവാണെന്ന്…അത് പറഞ്ഞപ്പോൾ അവളൊന്ന് ചിരിച്ചു അവനും..

ചിരിക്കുമ്പോൾ അവൾക്കൊരു പ്രത്യേക ഭംഗിയുണ്ട് അതവൻ അവളോട് പറയുകയും ചെയ്തു..

മോനെ അതൊന്നും ഇവിടെ ഏൽക്കില്ല പലതരം മനുഷ്യന്മാരുടെ ഉള്ളും ശരീരവും അഴിച്ചിട്ട് കണ്ടവളാണ് ഞാൻ. ഈ പറഞ്ഞത് നിന്റെ കാമുകിയോട് പറയ്..അല്ലെങ്കിൽ എപ്പോഴെങ്കിലും ഭാര്യയോടും പറയ് അവളും ഒന്ന് സന്തോഷിക്കട്ടെടാ..

മധുവിധു കാലം കഴിഞ്ഞ ശേഷം നിന്റെ അടുത്ത് നിന്ന് അവളൊന്നും ഇത്തരം വാക്കുകൾ കേട്ടിട്ടുണ്ടാക്കില്ല..

അവൾ വീണ്ടും ചിരിച്ചു…അബുവും അവളുടെ യാഥാർഥ്യം നിറഞ്ഞ തമാശ കേട്ടപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..

അരിയും പഞ്ചസാരയും മുളകും കൊണ്ട് വരാൻ പറയനല്ലാതെ അവരും വായ തുറക്കാറില്ല..അബുവും വിട്ട് കൊടുത്തില്ല…

ഓഹോ അവൾ ഒന്ന് ചിറി കോട്ടി..

എടോ ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ അടുത്ത് കിട്ടിയിട്ടും താൻ ഒന്ന് തൊടുക പോലും ചെയ്യാതെ മഹാഭാരതം പറഞ്ഞിരിക്കുവാണോ…അവൾ അബുവിന്റെ കൈയ്യിൽ നിന്നും ജ്യൂസ് കുടിച്ച കാലി ഗ്ലാസ് വാങ്ങി വെക്കുമ്പോൾ ചോദിച്ചു..

എനിക്ക് മാനസികമായി അടുപ്പമുള്ള ഇഷ്ടമുള്ള ഒരാളുമായല്ലാതെ ശാരീരികമായി ബന്ധത്തിൽ ഏർപ്പെടാൻ തോന്നാറില്ല..അബു അവളോട് പറഞ്ഞു…

ആഹാ അപ്പൊ എന്നോട് മാനസികമായി അടുപ്പം ഉണ്ടാക്കാൻ ആണോ ഈ വക സംസാരങ്ങൾ ഒക്കെ…അവളൊരു കളിയാക്കി ചിരിയോടെ ചോദിച്ചു..

അല്ല…ഞാനൊരു കഥാകൃത്താണ്. എനിക്ക് ഒരു കഥ നിങ്ങളെ കുറിച്ചെഴുതണം. അബു മുഖത്ത് നിന്നും കണ്ണട എടുത്ത് തുടച്ചു കൊണ്ട് പറഞ്ഞു…

നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ നമുക്കൊന്ന് പുറത്ത് പോകാം കടൽക്കരയിൽ അല്ലെങ്കിൽ വിശാലമായ ഒരു പാർക്കിൽ…എന്റെ സമയം തീരും വരെ മതി..

നിങ്ങൾക്ക് കിറുക്ക് ഉണ്ടോ മനുഷ്യ എന്നെയും കൊണ്ട് കടൽക്കരയിൽ നടക്കാൻ…ഇനി നിങ്ങൾക്ക് വല്ല പ്രണയമോ മാങ്ങാത്തൊലിയോ തോന്നുന്നുണ്ടോ വല്ല മലയാള സിനിമയും പോലെ..അങ്ങനെ ആണേൽ നിങ്ങൾക്ക് ആൾ തെറ്റി കേട്ടൊ എനിക്ക് പ്രണയം എന്ന് കേൾക്കുമ്പോൾ വല്ല തളർന്ന് നിൽക്കുന്ന ലിം ഗമാകും ഓർമ്മ വരിക അത്രയും അരോചകമാണ്..

അബു ഒന്ന് ചിരിച്ചു…ഞാൻ ഇപ്പോഴും പ്രണയിക്കുന്നത് എന്റെ ചാരുതയെയാണ്. എന്നിൽ ഒരു കാൽ ഭാഗമേ ഞാനുള്ളൂ…ബാക്കിയൊക്കെ അവളാണ്..

ഞാൻ പറഞ്ഞില്ലേ പുറം മേനിയിൽ തലോടി പോകുന്ന കഥകൾ മാത്രമേ ഞാൻ വായിച്ചിട്ടുള്ളൂ. ഉള്ളിലേക്ക് ഇറങ്ങിയ ഒരു വാക്ക് എങ്കിലും എനിക്ക് എന്റേതായി അടയാളപ്പെടുത്തണം..

അവൾ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഇരുട്ടിന് പുറത്ത് പകൽ വെളിച്ചത്തിൽ ഒരു പുരുഷൻ ആദ്യമായി തന്നെ അംഗീകരിച്ചിരിക്കുന്നു. ഇരുട്ടിലേ സുഖലോലുപതയിൽ മുത്തേ കരളേ എന്നൊക്കെ വിളിക്കുന്ന കാപട്യത്തിന്റെ അകകാമ്പിന് അപ്പുറം പകൽ വെളിച്ചത്തിൽ ഒപ്പം നടക്കാൻ കഴിയുന്ന ഒരുവൾ ആയി ആദ്യമായി ഒരാൾ തന്നെ പരിഗണിച്ചിരിക്കുന്നു

ഈ സാരി തന്നെ മതിയോ അതോ ചുരിദാർ ആക്കണോ..അവൾ പോകാൻ തയ്യാറായി ചോദിച്ചു..

ഈ വസ്ത്രത്തിൽ നീ അതീവ സുന്ദരിയാണ്…അബു തന്റെ ബാഗ് എടുത്ത് അവളുടെ കൂടെ നടന്നു..

ആദ്യം കണ്ട ഓട്ടോക്ക് കൈ കാണിച്ചു അവർ കടൽക്കരയിലേക്ക് യാത്രതിരിച്ചു..

പുറമേക്ക് വലിയ തന്റേടവും ശൂരതയും കാണിച്ചിരുന്ന അവളിപ്പോൾ നാണവും സങ്കോചവും ഉള്ളൊരു പെണ്ണായി മാറിയത് അബുവറിഞ്ഞു..

കടൽക്കരയിലൂടെ നടക്കുമ്പോൾ അവൾ ചോദിച്ചു ഞാൻ ഈ കൈ പിടിച്ചു നടക്കട്ടെ നിങ്ങളുടെ ചാരുത പിണങ്ങുമോ…

അബു അവളുടെ കൈ പിടിച്ചു ഒരുമ്മ വെച്ചു എന്നിട്ട് അവളുടെ കൈ പിടിച്ചു നടന്നു…

എന്താണ് പേര് പേര് ഞാനിത് വരെ ചോദിച്ചില്ല അബു ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു..

പേര് ആളുകൾ ഭൂരിപക്ഷവും എന്തിനാണ് ചോദിക്കുന്നതെന്നറിയോ അവരുടെ മതം അറിയാൻ വേണ്ടിയാണ്..

ഒരു ദിവസം കണ്ട് പിരിയുന്ന നമുക്കെന്തിനാ പേരും നാളും നിങ്ങളെന്നെഏയ്ഞ്ചൽ എന്ന് വിളിച്ചോളൂ…

മാലാഖമാരും ദൈവത്തെ പോലെയാണല്ലോ കണ്ടവർ ഇല്ല എന്നാലോ ഒരുപാട് വർണ്ണനകളും ഉണ്ട് അതിലൊരുത്തി…

ഒരിക്കൽ ഒരാൾ എന്റെ അരികിൽ വന്നു ഇതേ പോലെ ഒരുപാട് സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്നു അയാൾ വെത്തില മുറുക്കുമായിരുന്നു വെത്തില മുറുക്കുന്ന നേരത്ത് നല്ല മണമാകും. സിഗരറ്റ് വലിക്കുന്ന സമയത്തെ പോലെ..അത് കഴിഞ്ഞാൽ അതൊരു ശവകുഴി പോലെയാണ് വലിക്കുന്നവർക്കോ ചവക്കുന്നവർക്കോ ഇതൊക്കെ അറിയുമോ ഈ വായും കൊണ്ട് ഇണയുടെ അടുത്ത് ചെല്ലുമ്പോൾ അവരനുഭവിക്കുന്ന ദുരിതം എവിടുന്ന് അല്ലേ..എനിക്ക് പിന്നെ പൈസ വാങ്ങിയാൽ
അനുഭവിക്കകയല്ലാതെ തരമില്ലല്ലോ..

അന്ന് മുതലാണ് വിളിക്കുന്നവൻ വരുമ്പോൾ വലിക്കാനും മുറുക്കുന്നവൻ വരുമ്പോൾ മുറുക്കാനും കുടിക്കുന്നവർ വരുമ്പോൾ കുടിക്കാനും തുടങ്ങിയത്..

അബു രണ്ട് ഐസ് ക്രീം വാങ്ങി….സൂര്യൻ താഴ്ന്ന് തുടങ്ങിയിരിക്കുന്നു.എന്നാലും ചൂടിന് വലിയ കുറവില്ല. അവളിപ്പോൾ തന്നോട് കുറച്ചൂടെ അടുത്തിരിക്കുന്നു. ഇപ്പോൾ നെഞ്ചിൽ ചാരിയാണ് നടക്കുന്നത്…അതവൾ പോലും അറിയാതെ സംഭവിച്ചതാകണം…

ഇടക്കൊക്കെ വിരലും കൈകളും ഓരോന്നായി അമർത്തിയും ചെരിച്ചും കളിക്കുന്നുമുണ്ട്..

എന്റെ പേര് ഫാത്തിമ എന്നാണ്..മൂ ത്രം ഇറ്റ്‌വീണ് കരിമ്പൽ വീണ അ ടിവസ്ത്രത്തിന്റെ പുള്ളികളിൽ രക്ത തുള്ളികളും കാണാൻ തുടങ്ങിയപ്പോൾ മാതാപിതാക്കൾ ഉറപ്പിച്ചു അവളൊരു പുരുഷനെ സ്വീകരിക്കാൻ സമയം ആയെന്ന്…

രാത്രികളിൽ എന്നിലേക്ക് കയറി പോകുന്ന ചില ശബ്ദങ്ങളോട് കൂടിയ ചരക്ക് വണ്ടികൾ ചിലപ്പോൾ എഞ്ചിനുകളുടെ മാത്രം മുരൾച്ച മാത്രമായി പോകുന്നു. പിന്നെ ഒരുപാട് കൊല്ലങ്ങൾ അതും കൂടെ ഇല്ലായിരുന്നു…

അയാൾക്ക് എന്നോട് ഇഷ്ടമോ സ്നേഹമോ ഒന്നും ഇല്ലായിരുന്നെങ്കിലും ശരീരം പോലും വേണ്ടതായി…

അതിനിടയിൽ ആരെങ്കിലും വന്നെന്നെ തട്ടി കൊണ്ട് പോയി ഒന്ന് ബ ലാത്സംഗം ചെയ്തെങ്കിൽ എന്ന് വരെ ഞാൻ ചിന്തിച്ചു പോയിട്ടുണ്ട്..

ചിലർ ഗന്ധർവ്വൻ വരാൻ സ്വപനം കാണും പോലെ..

അവൾ തന്നെ പിടിക്കുന്നതിന്റെ മുറുക്കവും ചേർന്ന് നിൽക്കുന്നതിന്റെ അടുപ്പവും അബു കൂടുതൽ അറിയാൻ തുടങ്ങി…

അവർ തിരികെ വീട്ടിലേക്ക് തിരിച്ചു..അവളുടെ മുഖത്തൊരു നിരാശയുടെ നിഴൽ..അസ്തമയ സൂര്യൻ വിട പറയുമ്പോൾ തെങ്ങോലകൾ വൃക്ഷങ്ങൾ എല്ലാം കറുത്ത നിഴലിലേക്ക് വഴി മാറുന്നു..

വീട്ടിലെത്തുമ്പോൾ പരസപരം കാണാൻ കഴിയാത്ത ഇരുട്ടായിരുന്നു..

ഇപ്പോൾ അബു മൗനമാണ്. അവളാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. അവളുടെ സംസാരത്തിന്റെ വേലിയേറ്റ വേലിയിറക്കങ്ങൾക്കിടയിൽ അബു മൗനത്തിന്റെ പൊത്തിൽ ഒളിച്ചു..

ചാരുതയുടെ ഫോൺ വരുന്നുണ്ട്. രാത്രി ആകുമ്പോഴേക്കും എത്താം എന്ന് പറയുന്നത് അവൾ കേട്ടു..

ഇന്നിവിടെ നിൽക്കുന്നില്ലേ…പോകുകയാണോ..

എന്നാൽ ഭക്ഷണം ഒക്കെ കഴിച്ചു കുറച്ചു കഴിഞ്ഞു പോകാം. അവൾ അടുക്കളയിലേക്ക് നടന്നു അബുവും….കൂടെ നടന്നു അവൾ ഭക്ഷണം തയ്യാർ ചെയ്യുമ്പോൾ ചെറിയ സഹായം ഒക്കെയായി അബുവും അവിടെ നിന്നു..

നിങ്ങളുടെ ചാരുത ഭാഗ്യവതിയാണല്ലോ..അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു..

എല്ലാവരോടും ഫാത്തിമ എന്ന് തന്നെയാണോ പേര് ചോദിച്ചാൽ പറയുക..അബു ചോദിച്ചു..

അല്ല അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..ശരീരം നഷ്ടപ്പെട്ട പോലെ പേരും നഷ്ടപ്പെട്ടു എന്താണോ വായിൽ തോന്നിയ പേര് അത് പറയും..

ഒരിക്കൽ ഒരാളോട് ഫാത്തിമ്മ എന്ന് തന്നെ പറഞ്ഞു…അയാൾ ആട് ഇല തിന്നുന്നത് പോലെ എന്നെ നക്കി തോർത്തി നനഞ്ഞു ഒട്ടി കിടന്നുറങ്ങി ഉണർന്ന ശേഷം എന്നോട് പറയുകയാണ് മോളെ ഈ പണി നിർത്തണം അല്ലെങ്കിൽ നരകം കിട്ടുമെന്ന്…

അവളതും പറഞ്ഞു ഉറക്കെ ചിരിച്ചു അബുവിനും ചിരി ഒതുക്കാൻ കഴിഞ്ഞില്ല..സ്ത്രീകൾക്ക് മാത്രം സംവരണം ചെയ്തൊരു നരകം.. ഞാൻ മൂപ്പരോടും പറഞ്ഞു ഇങ്ങളും ഇത് നിർത്തിക്കൊളീ..അല്ലെങ്കിൽ ഞാനൊക്കെ കിടക്കുന്ന നരകത്തിൽ നിങ്ങളും കിടക്കേണ്ടി വരുമെന്ന്..അപ്പോൾ അയാൾ പറയുകയാണ് സ്വർഗ്ഗത്തിലും കിട്ടാൻ പോകുന്നത് പെണ്ണും കള്ളും ഒക്കെ തന്നെയാണെന്ന്..

അവൾ വീണ്ടും ചിരിച്ചു..അവൾ അബുവിന് ഒരു ഡയറി എടുത്തു കൊടുത്തു നിങ്ങൾ എഴുത്തുകാരൻ അല്ലേ ഇതൊന്ന് വായിച്ചു നോക്കൂ എന്നും പറഞ്…

അബു അതുമായി നടന്നു..അവളും ഭക്ഷണം എടുത്ത് വെച്ചു..രണ്ട് പേരും ഒരുമിച്ചു കഴിച്ചു മുകളിലേക്ക് പോയി…

അബു ഡയറി എടുത്ത് വായിച്ചു നോക്കി..വേ ശ്യയുടെ ചാരിത്ര പ്രസംഗം ഒന്നും അതിലില്ല ഒരുപാട് പകൽ മാന്യമാരുടെ തനി നിറങ്ങൾ…അബുവിന് വിരസത തോന്നി ഡയറി മടക്കാൻ തുടങ്ങുമ്പോഴാണ് മറ്റൊരു എഴുത്ത് കണ്ടത്..

അതൊരു പ്രണയ വരികൾ ആയിരുന്നു….

“”നീയെന്നെ നിനക്ക് മാത്രം ആക്കുന്നത് സ്വപ്നം കാണാതെ നിനക്ക് കൂടി ഉള്ളതാണെന്ന് സ്വപ്നം കാണൂ….

നീയെന്നെ രക്ഷപ്പെടുത്തുകയാണെന്ന് പറഞ്ഞിട്ട് നിന്റെ അടിമയാക്കി ഒരു കൂടിനുള്ളിൽ ഒതുക്കിയിടല്ലേ..

നിങ്ങളുടെ എല്ലാവരുടെയും വിയർപ്പ് തുള്ളികളും കിതപ്പുകളും ഊർദ്ധ ശ്വാസവും തളർച്ചയും അറിഞ്ഞു ആ അവസാന നിമിഷത്തിലേ അവസാന തുള്ളിക്ക് മുമ്പുള്ള നിങ്ങളുടെ പ്രിയപ്പെട്ടവളായി ഞാൻ ജീവിക്കട്ടെ..

അതിന് ശേഷമുള്ള പി ഴച്ചവൾ, വേ ശ്യ പോ ക്ക് കേസ് എന്നുള്ള നിങ്ങളുടെ വിളികളൊക്കെ നിങ്ങളുടെ എല്ലാവരുടെയും അപകർഷതാ ബോധങ്ങളിൽ ഞെളി പിരി കൊള്ളട്ടെ…””

അബു വരികളെയും അവളെയും മാറി മാറി നോക്കി അവളൊരു ധ്യാനം പോലെ എന്തൊക്കെയോ കുറിച്ചിട്ടിരിക്കുന്നു…

അബു പോകാൻ തയ്യാറായി നിന്നു..

ആദ്യമായാണ് പൈസയും തന്നൊരുത്തൻ ശരീരം തൊടാതെ മനസ്സ് മാത്രം തൊട്ട് പോകുന്നത്..അവളുടെ ശബ്ദം ഒന്നിടറിയോ…അവളും ഒരു മനുഷ്യ ജീവിയല്ലേ….പെണ്ണല്ലേ..

എനിക്കൊരു ചുംബനം എങ്കിലും തന്നിട്ട് പോകൂ…നിങ്ങൾ പറഞ്ഞ മാനസിക അടുപ്പം
എന്നോടായില്ലേ…

അബു ബാഗ് തിരികെ വെച്ചു..അവളുടെ അടുത്തേക്ക് ചെന്നു…അവളുടെ ഞൊറിവുകൾ ഉള്ള വയറിന് പുറത്ത് കൈകൾ ചേർത്തു..അവളെ തന്നോട് ചേർത്ത് പിടിച്ചു..

അവളുടെ ചുണ്ടുകൾ തണുപ്പിനാൽ ഒന്ന് വിറച്ചു..അബു ആ ചുണ്ടുകൾക്ക് മേലേക്ക് ഒരു പുതപ്പ് വിരിച്ചു..

അവളൊരു സ്വപ്നത്തിൽ എന്ന പോലെ അങ്ങനെ നിന്നു..അവൾ അബുവിനെ പുണർന്നു..

തന്നെയും കാത്തിരിക്കുന്ന ചാരുതയുടെ മുഖം അബുവിന്റെ മനസ്സിലേക്ക് വന്നു..നേരം വൈകിയതിന് ഞാൻ വെച്ചിട്ടുണ്ട് എന്നുള്ള തമാശ നിറഞ്ഞ ശാസനയും അബുവിന്റെ കൈകൾ പതിയെ അയഞ്ഞു…

അവളും തല താഴ്ത്തി നിന്നു..

അബു അവളോട് യാത്ര പറഞ്ഞു..

അവൾ അബുവിനോട് പറഞ്ഞു…എന്നെ കുറിച്ചു ആദ്യമേ പറഞ്ഞില്ലേ…അത് തന്നെയാണ് ശരീരം വിൽക്കുന്ന ഒരു പെണ്ണ് അത്ര തന്നെ..വരുന്നവർക്ക് എല്ലാം ഉണ്ടാകും അവരുടെ സ്വന്തം ചാരുതമാർ…പൊയ്ക്കോളൂ അവൾ അബുവിനെ
യാത്രയാക്കി..

അബു മുറ്റം കടക്കും മുമ്പ് അവൾ അബുവിനെ വിളിച്ചു..

‘നിങ്ങൾ ചുംബിച്ചത് എന്റെ ചുണ്ടിൽ ആയിരുന്നെങ്കിലും പതിഞ്ഞത് എന്റെ ഹൃദയത്തിലാണ്…’

അബു ഒന്ന് ചിരിച്ചു..കഥക്ക് പേര് തിരയേണ്ടി വന്നില്ല…

ആത്മാവിന്റെ ചുംബനം

സ്നേഹത്തോടെ Abdulla Melethil