രാവിലെ പത്തു മിനിറ്റ് വൈകി ഇറങ്ങിയതിന്റെ വെപ്രാളത്തോടെ ബസ് സ്റ്റോപ്പിലേക്ക് ഓടുമ്പോഴാണ് പിന്നിൽ നിന്നൊരു വിളി ഞാൻ കേട്ടത്…

പൊതിച്ചോറ്

Story written by BINDHYA BALAN

“മോളെ അച്ചൂസേ ഒന്ന് നിന്നേടി “

രാവിലെ പത്തു മിനിറ്റ് വൈകി ഇറങ്ങിയതിന്റെ വെപ്രാളത്തോടെ ബസ് സ്റ്റോപ്പിലേക്ക് ഓടുമ്പോഴാണ് പിന്നിൽ നിന്നൊരു വിളി ഞാൻ കേട്ടത്. തിരിഞ്ഞു നോക്കുമ്പോഴുണ്ട് പടിഞ്ഞാറ്റിലെ ജോബച്ചായൻ കയ്യിലൊരു പൊതിയുമായി ഓടിയണച്ചു വരുന്നു.

“എന്താ ജോബച്ചയാ… എന്തിനാ ഇങ്ങനെ ഓടിയെ “

എന്റെ അരികിൽ വന്ന് നിന്ന് വിയർത്തു കുളിച്ച് കിതയ്ക്കുന്ന ജോബച്ചായന്റെ മുഖം കണ്ടപ്പോൾ എനിക്കെന്തോ വല്ലായ്മ തോന്നി..

“എന്റെ മോളെ ഒന്നും പറയണ്ട, ജൂബിമോള് ഇന്ന് ചോറെടുക്കാതെയാ പോയത് ഓഫീസിൽ.. എൽസി ചോറ് പൊതിഞ്ഞു മേശപ്പുറത്തു വച്ചപ്പോ ഞാൻ പറഞ്ഞതാ അവളോട്‌ മേശപ്പുറത്തു വയ്ക്കാതെ അതെടുത്തു കൊച്ചിന്റെ ബാഗിലേക്ക് വയ്ക്കാൻ…”

കിതച്ചു കൊണ്ടാണ് ജോബച്ചയാൻ അത്രയും പറഞ്ഞത്..

“ആഹാ ജൂബിച്ചേച്ചി ഇന്ന് നേരത്തെ പോയോ..? ഞാൻ ഇപ്പൊ ആ വഴി വന്നപ്പോ ചേച്ചിയേ നോക്കേം ചെയ്താരുന്നു “

“ആ ഇന്ന് ഇത്തിരി നേരത്തെ പോയി അവള്.. കൊച്ച് ചോറെടുക്കാതെ പോയല്ലോന്നോർത്തു വെഷമിച്ചിരുന്നപ്പോഴാണ് മോള് പോകുന്നത് കണ്ടത്.. ദേ ഈ പൊതിയും കൊണ്ട് അവിടം മുതലുള്ള ഓട്ടമായിരുന്നു.. നിങ്ങൾ രണ്ടാളും ഒരേ സ്ഥലത്ത് ജോലി ചെയ്യണത് നന്നായി.. മോള് ദേ ഈ ചോറ്‌ ഒന്ന് ജൂബിക്ക് കൊടുത്തേക്കോ.. ഇല്ലേ കൊച്ച് ഇന്ന് പട്ടിണി ഇരിക്കേണ്ടി വരും “

എന്റെ നേരെ ആ പൊതി നീട്ടി ജോബച്ചയാൻ അത് പറയുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു.. ഇത്രയും നല്ലൊരു അച്ഛനെ കിട്ടിയ ആ ചേച്ചി എത്ര ഭാഗ്യം ചെയ്ത കുട്ടിയാണ്..

“അതിനെന്താ ജോബച്ചായാ ഇങ്ങ് തന്നേര് ഞാൻ കൊണ്ട് പോയി കൊടുത്തേക്കാട്ടോ ” എന്ന് പറഞ്ഞൊരു ചെറു ചിരിയോടെ ഞാൻ ആ പൊതി വാങ്ങി ബാഗിൽ വച്ചു. ബസ് വന്ന് ബസിൽ കയറുമ്പോഴും ജോബച്ചയാൻ പിന്നിൽ നിന്ന് പറയുന്നുണ്ടായിരുന്നു

“മറക്കാതെ കൊടുത്തേക്കണേ മോളെ “.

ആ പാവം അച്ഛനൊരു ടാറ്റയും കൊടുത്ത് ഞാൻ ഓഫീസിൽ എത്തുമ്പോഴേക്കും ഒത്തിരി ലേറ്റ് ആയിരുന്നു. സെക്ഷൻ ഹെഡിന്റെ ചീത്ത വിളിയും കേട്ട് സിസ്റ്റത്തിന് മുന്നിൽ വന്നിരിക്കുമ്പോൾ പിന്നെയും വൈകി.ചുറ്റുമുള്ളതെല്ലാം മറന്ന് ജോലിയിൽ മുഴുകി വളരെ ഇമ്പോര്ടന്റ്റ്‌ ആയിട്ടുള്ളൊരു ഇമെയിൽ അയക്കുമ്പോഴാണ് എന്റെ ഫ്രണ്ട് മായ വന്ന് വിളിച്ചത്

“ഡീ മതി ഇരുന്നത് ലഞ്ച് ബ്രേക്ക്‌ ആയി.. കഴിച്ചിട്ട് വരാം “

അപ്പോഴാണ് ഞാൻ സമയം നോക്കിയത്. സിസ്റ്റം ഷട്ട് ഡൗൺ ചെയ്ത് എണീക്കുമ്പോഴാണ് പെട്ടന്ന് ഓർമ്മ വന്നത് ദൈവമേ ജൂബിച്ചേച്ചിക്ക് ചോറ് കൊണ്ട് കൊടുത്തില്ലല്ലോ. ഞാൻ വേഗം ഫോണെടുത്തു ചേച്ചിയേ വിളിച്ചു. കാൾ അറ്റന്റ് ആയപ്പോ ഞാൻ പറഞ്ഞു

“ചേച്ചി ഞാനാ അച്ചു “

“എന്താടി പറ..?

“അത് ചേച്ചി ഇന്ന് ഞാൻ ബസ് സ്റ്റോപ്പിൽ നിക്കുമ്പോ ചേച്ചീടെ അപ്പച്ചൻ ചേച്ചി ഇന്നു ചോറെടുക്കാൻ മറന്നു പോയീന്നും പറഞ്ഞു ആ ചോറ് പൊതി എന്റെ കയ്യിൽ തന്നാരുന്നു ഇത്രേം നേരം ഞാൻ വർക്കിലാരുന്നു ഇപ്പോഴാണ് ഈ കാര്യം ഓർത്തത്..ഞാൻ കഫറ്റേരിയയിൽ ഉണ്ടാവും. ചേച്ചി അങ്ങൊട് വരാമോ? “

“അച്ചൂ ഞാൻ ഫ്രണ്ട്സിന്റെ ഒപ്പം പുറത്ത് പോയി കഴിക്കാൻ ഇറങ്ങുവാ.. നീയൊരു കാര്യം ചെയ്യ് ആ പൊതി ഒന്ന് കളഞ്ഞേക്കോ..? “

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ജൂബി ചേച്ചി പറഞ്ഞത് കേട്ട് സത്യത്തിൽ എന്റെ ചങ്ക് പൊള്ളിപ്പോയി. ദുർബലമായ സ്വരത്തിലൊന്നു മൂളിയിട്ട് ഫോൺ കട്ട്‌ ചെയ്യുമ്പോൾ തലയ്ക്കൊരു പെരുപ്പ് കയറുന്നത് പോലെ തോന്നിയെനിക്ക്. ബാഗിൽ നിന്ന് എന്റെ ലഞ്ച് ബോക്സ്‌ എടുത്ത് മായയെ ഏല്പിച്ചിട്ട്

“നീ കഫറ്റേരിയയിലേക്ക് പൊയ്ക്കോ ഞാൻ ഇപ്പൊ വരാം ” എന്ന് പറഞ്ഞ് അവളെ പറഞ്ഞയച്ചിട്ട് ആ ചോറ് പൊതിയുമായി ഞാൻ രണ്ടാം നിലയിലേക്ക് ചെന്നു. രണ്ടാം നിലയിലെ ലോബിയിൽ ലിഫ്റ്റ് ഓപ്പൺ ആകുമ്പോൾ ഞാൻ കണ്ടു കൂട്ടുകാരുടെ കൂടെ പുറത്ത് പോകാൻ നിൽക്കുന്ന ജൂബി ചേച്ചിയേ. എന്നെ കണ്ടതും ചേച്ചി ഓടി വന്നിട്ട് പറഞ്ഞു

“നിന്നോട് ഇത് കൊണ്ട് വരണ്ട എന്ന് പറഞ്ഞതല്ലേ.. നീ അത് കഫറ്റേരിയയിൽ പോകുമ്പോ വേസ്റ് ബിന്നിൽ ഇട്ടേക്കാൻ പറഞ്ഞിട്ട്… ശോ “

അസ്വസ്ഥമായ മുഖത്തോടെ ജൂബി ചേച്ചിയത് പറയുമ്പോൾ, ഉള്ളിൽ തിളച്ചു പൊന്തി വന്ന ദേഷ്യം കടിച്ചമർത്തി വളരെ ശാന്തമായി ഞാൻ പറഞ്ഞു

“ഈ പൊതിച്ചോറ് ഞാൻ ചേച്ചിയുടെ വീട്ടിൽ പോയി എടുത്തോണ്ട് വന്നതല്ല.. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോ ചേച്ചീടെ അപ്പച്ചൻ, ജോബച്ചയാൻ എന്റെ പിന്നാലെ ഓടിയണച്ചു വിയർത്തു കുളിച്ച് വന്ന് ഇത് ചേച്ചിക്ക് കൊടുത്തേക്കണേ മോളെ എന്നും പറഞ്ഞെന്റെ കയ്യിൽ ഏൽപ്പിച്ചതാണ്.. ചേച്ചി കുറച്ചു മുൻപ് പറഞ്ഞത് പോലെ ചവറ്റു കുട്ടയിൽ കൊണ്ട് കളയാൻ എനിക്കിത്തിരി ദെണ്ണം ഉണ്ട്.. രാവിലത്തെ ജോബച്ചയന്റെ മുഖം മനസ്സിൽ ഇപ്പോഴും ഉണ്ട്..ആ മുഖം മനസിന്നു മായണം ഈ ചോറ് വലിച്ചെറിയണമെങ്കില് … “

ഞാൻ പറഞ്ഞത് കേട്ട് തലകുനിച്ചു നിന്ന ജൂബിച്ചേച്ചിയുടെ കയ്യിലേക്ക് ആ ചോറ് പൊതി വച്ചു കൊടുത്തിട്ട് ഞാൻ പറഞ്ഞു

“ദേ ആ കാണുന്നതാണ് വെയ്‌സ്റ് ബിൻ.. ചേച്ചി തന്നെ ഇത് അതിനകത്തു കൊണ്ട് ഇട് കേട്ടോ. എനിക്കിപ്പോ സൗകര്യം ഇല്ല.. ജോബച്ചയാൻ ചോദിക്കുമ്പോ ഞാൻ പറഞ്ഞേക്കാം ചേച്ചി കഴിച്ചൂന്ന്….ജോബച്ചയാൻ വിശ്വസിച്ചോളും “

അത്രയും പറഞ്ഞിട്ട് തിരിഞ്ഞു നടക്കുമ്പോൾ അത്രയെങ്കിലും പറയാൻ കഴിഞ്ഞല്ലോ എന്നൊരു ആശ്വാസം തോന്നിയെങ്കിലും ഒരു നോവ്‌ പോലെ ഒരച്ഛന്റെ മുഖം മനസ്സിൽ നിറയുന്നുണ്ടായിരുന്നു….

മകൾ ഉച്ചയാഹാരമെടുക്കാതെ പോയതിൽ വിഷമിച്ചോടി വന്ന, അവൾ ഉച്ചയ്ക്ക് പട്ടിണിയാകുമോ എന്നാലോചിച്ച്‌ ചങ്ക് നീറ്റിയ ഒരു പാവം അച്ഛന്റെ തളർന്ന മുഖം…….