ആ നേരത്തെ നല്ല ഗുണം കൊണ്ട് ആ ശരി ഞാൻ പോയി മേടിച്ചിട്ട് വരാം പറഞ്ഞു പതിയെ അപ്പുറത്തെ വീട്ടിലെ ശശി മാമന്റെ വീട്ടിൽ ചെന്നു…

എഴുത്ത്: മായാ പ്രശാന്ത്

രാവിലെ തന്നെ ചെവിട് അടിച്ചു പോകുന്ന തരത്തിൽ പാട്ട് വച്ചാണ് ഉറക്കം എണീറ്റത്… അതും ഏതോ ഇംഗ്ലീഷ് പാട്ടിന്റെ റീമിക്സ്…. അപ്പോ പിന്നെ പറയേണ്ട കാര്യം ഇല്ലല്ലോ.. രാവിലത്തെ പ്രാഥമിക കാര്യങ്ങൾ എല്ലാം കഴിഞ്ഞു ഒരു ചായ കുടിക്കാൻ അടുക്കളയിൽ ചെല്ലുന്ന ശീലം പതിവ് ആണ്… റൂം തുറന്നു ഇറങ്ങിയപ്പോ തന്നെ ഏതാണ്ട് അമ്പല പറമ്പിലെ പ്രതീതി ആയിരുന്നു വീട്…

ഇറങ്ങി ചെന്നപ്പോ തന്നെ മുത്തശ്ശി പറയുന്നേ കേട്ടു “നല്ലൊരീസം ആയിട്ട് ഇമ്മാതിരി ചെവിട് പോകുന്ന പാട്ടുകൾ അല്ലാതെ വേറെ ഒന്നും നിനക്ക് കിട്ടീല്ലേ മോനെ” ആ മോനെ എന്ന് വിളിച്ചതിന്റെ മുന്നില് എന്തേലും ഉണ്ടായിരുന്നോ എന്നത് ശ്രദ്ധിച്ചില്ല…bass ലേശം കൂടുതൽ ആയിരുന്നു പാട്ടിനു.

അടുത്ത് വന്നിട്ട് മുത്തശ്ശി തുടർന്നു… ” ദീപാവലി അല്ലെ മോനെ നല്ല വല്ല പാട്ടും ഇടു നീ”

“മുത്തശ്ശി ന്റെല് ഇമ്മാതിരി പാട്ടുകൾ മാത്രമേ ഉള്ളൂ..”

“ശശി മാമന്റെല് നല്ല ഭക്തി ഗാനങ്ങൾ ഉള്ള കാസറ്റ് ഉണ്ട്, മോൻ പോയി മേടിച്ചിട്ട് വാ”

ആ നേരത്തെ നല്ല ഗുണം കൊണ്ട് ആ ശരി ഞാൻ പോയി മേടിച്ചിട്ട് വരാം പറഞ്ഞു പതിയെ അപ്പുറത്തെ വീട്ടിലെ ശശി മാമന്റെ വീട്ടിൽ ചെന്നു.

അവിടെ ചെന്നപ്പോ ശശി മാമൻ അമ്പലത്തിൽ എന്തോ പോയി എന്ന് ആന്റി പറഞ്ഞു, മുത്തശിക്ക് ഭക്തി ഗാന cd ചോയിക്കാൻ വന്നെയാ എന്ന് പറഞ്ഞപ്പോ മോൻ പോയി ഇഷ്ടം ഉള്ളത് എടുത്തോ എന്ന് ആന്റി പറഞ്ഞു.

ഞാൻ അകത്തു കയറി കുറെ ഏറെ ഭക്തി ഗാനം cd കൾ കിടക്കുന്നു…. അയ്യപ്പന്റെ കാനന യാത്ര എന്ന് എഴുതിയിരുന്ന ഒരു cd എടുത്തു ഞാൻ ഇങ്ങ് ഇറങ്ങി… അയ്യപ്പ ഭക്ത ആണ് മുത്തശി…

ചെന്ന് cd ഇട്ടു….. ഹാ നല്ല അയ്യപ്പ പാട്ടു അന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ട്…മുത്തശി ഇരുന്ന ഇരിപ്പിൽ ശബരിമല ദർശനം നടത്തിയ ഒരു പ്രതീതി….

ഞാൻ ചായ കുടി കഴിഞ്ഞു വീണ്ടും ടോയ്‌ലെറ്റിൽ ഇരിക്കുന്ന സമയം….

എന്തോ ഒരു മൂളൽ മാത്രം പാട്ടിനു പകരം…. ഇത് ഞാൻ എവിടോ എന്നോർത്തു ഇങ്ങനെ ഇരുന്നപ്പോ മൂളൽ മാറി നിലവിളി ശബ്ദം കേൾക്കാൻ തുടങ്ങി…. ഭക്തി ഗാനത്തിനിടയിൽ വേറെ എന്തോ ഒച്ച

ഞാൻ അന്തം വിട്ട് ടോയ്‌ലെറ്റിൽ നിന്നിറങ്ങി

മുത്തശ്ശി ശശി മാമനെ കൊടുങ്ങല്ലൂർ ഭരണി കേൾപ്പിച്ചു കൊണ്ടിരിക്കുവായിരുന്നു..

അതിമനോഹരം ആയ ഒരു ഭക്തിഗാന സുധ അതോടെ അവിടെ അവസാനിച്ചു….മേലിൽ കക്കൂസിൽ പോലും ഒരു മൂളി പാട്ട് ആരും പാടരുത് എന്ന് ആജ്ഞയും വീട്ടിൽ നിലവിൽ വന്നു ….

കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം…

നന്ദി