എനിക്കു പ്രത്യേകിച്ച് ഒന്നും തോന്നി ഇല്ലാ…മാസങ്ങൾ ആയി നഷ്ടപെട്ട പരിഗണന ഇനി കിട്ടാൻ പോണില്ല എന്നു ഉറപ്പായി അത്രന്നെ..

Story written by SRUTHY MOHAN

സ്കൂൾ വിട്ടു കൂട്ടുകാരുടെ കൂടെ കളിച്ചു തിമിർത്തു ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മൂമ്മയും അപ്പൂപ്പനും വീട്ടിലുണ്ടായിരുന്നു. ചെളി പുരണ്ട വെളുത്ത ഷർട്ടും മുഷിഞ്ഞ ഇറക്കം കുറഞ്ഞ കറുത്ത ട്രൗസറും എന്നെ ലജ്ജിപ്പിച്ചു..

ഉമ്മറം വഴി കയറാതെ ഞാൻ പിന്നാമ്പുറത്തേക്ക് ഓടി.

അടുക്കളയിൽ പതിവായി അമ്മ ഉണ്ടാക്കുന്ന ഓട്ടട ഉണ്ടായിരുന്നില്ല.. പകരം പ്ലാസ്റ്റിക്‌ കൂടുകളിൽ എന്തൊക്കെയോ ബേക്കറി പലഹാരങ്ങൾ .. എനിക്കു ദേഷ്യവും വിഷമവും ഒന്നിച്ചു വന്നു. ഞാൻ പതുകെ അകത്തേക്കു നടന്നു. അകത്തു ഊണുമേശയിൽ കാലിയായ ചായ ഗ്ലാസുകളും പ്ലേറ്റുകളും ഇരിപ്പുണ്ടായിരുന്നു. മുറിയിലേക്ക് കടന്നപ്പോൾ അമ്മ കട്ടിലിൽ കിടപ്പുണ്ട്. അമ്മൂമ്മ അമ്മക്കരികിൽ ഇരിക്കുന്നു. ഞാൻ ബാഗ് താഴേക്കിട്ട് കട്ടിലിലേക് ചാടി കയറി.

ഡാ ഉണ്ണ്യേ എന്തുട്ടാ കാണിക്കണേ..അമ്മ ഇപ്പോ ഒറ്റക്കല്ലട്ടാ. നീ നിന്റെ കുറുമ്പൊന്ന് കുറക്കണം.. വല്യ ചെക്കനായില്ലേ..അഞ്ചാം ക്ലാസ്സിലാ പടിക്കണേന്നു ഓർമ്മ വേണം. കളിയും കുറുമ്പുമൊക്കെ നിർത്തി നല്ല കുട്ടി ആവാൻ നോക്ക്. അമ്മൂമ്മയുടെ ഉപദേശം കേട്ട് എനിക്കു ദേഷ്യം വന്നു. എന്നാൽ അമ്മ ഒന്നും മിണ്ടാത്തത് കണ്ടു എന്റെ കണ്ണ് നിറഞ്ഞു..

ഞാൻ പതുക്കെ അടുക്കള പുറത്തേക്ക് നടന്നു. നിറഞ്ഞുവന്ന കണ്ണുകൾ കൈപ്പത്തിയുടെ പുറം കൊണ്ട് തുടച്ചു അമ്മി തറയിൽ ചാരി നിന്നു.

ഉണ്ണി ഇവടെ നിക്കാർന്നോ? പുറം പണിക്കു വരണ ജാനൂന്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി..

ഉണ്ണിക്ക് ഒരു ഉണ്ണി വരാൻ പോവല്ലേ. .ഇനി ഉണ്ണി അല്ലാട്ടോ ഈ വീട്ടിലെ ഉണ്ണി ..ഇനി ഉണ്ണി ചേട്ടനാ…

ജാനൂന്റെ ചിരിയോടെ ഉള്ള വർത്താനം എനിക്കങ്ങട് പിടിച്ചില്ല..അല്ലെങ്കിലും എനിക്കതിനെ ഇഷ്ടല്ല..എല്ലാ ദിവസോം മുഷിഞ്ഞ ജാക്കറ്റും പുള്ളിമുണ്ടും ഉടുത്ത വന്നോളും.. അടുത്ത് വരുമ്പോ ഒരു വാട മണമുണ്ട്.. ഓഹ്.. ഓർമയിൽ തന്നെ ഞാൻ മൂക്ക് ചുളിച്ചു.

ജാനു ഒരു വഷളൻ ചിരിയോടെ എന്റെ അരയിൽ പിടിച്ചു അവരോട് ചേർത്ത് നിർത്തി സ്വകാര്യമായി പറഞ്ഞു .അമ്മക്ക് വിശേഷണ്ട് .. ഉണ്ണീടെ അമ്മേടെ വയറ്റിൽ ഒരു കുഞ്ഞുവാവ ഇണ്ട്..

എന്തോ എനിക്കു ഒരു സന്തോഷോം തോന്നീല്യ.എനിക്കെന്തോ പേടി തോന്നി i.

പിന്നീടങ്ങോട്ട് എന്റെ കുഞ്ഞു മനസ്സിൽ വിഷമങ്ങളുടെ ഉത്സവമായിരുന്നു..

എനിക്കു വേണ്ടി നിർമ്മിച്ച മരപ്പണികൾ ഉള്ള തോട്ടിൽ മച്ചിൽ നിന്നും ഇറക്കണ കണ്ടു ഞാൻ ഇതെന്റെയാ ന്ന് പറഞ്ഞപ്പോ..ഉണ്ണ്യേ മാറിനിക്ക്.. ഇത് ഇനി കുഞ്ഞിവാവ ക്കാ ന്നു പറഞ്ഞ് അച്ഛനെന്നെ മാറ്റി നിർത്തി..

എന്റെ കണ്ണിൽ നിന്നും കണ്ണീർ ചാലിട്ടൊഴുകിയതിനൊപ്പം കാണാത്ത കുഞ്ഞവയോട് ദേഷ്യവും വളരുകയായിരുന്നു.

അമ്മയുടെ വയർ വലുതാവണേനൊപ്പം എന്റെ ഇഷ്ടക്കേടും വലുതായി..

ചോറ് വേവുമ്പോ വരണ മണം എന്റെ അമ്മക്ക് വരണ മനം പെരട്ടല് കാണുമ്പോ, വയറു കൂടി എന്നെ അകറ്റി കിടത്തീപ്പൊ,എല്ലാം എനിക്കു അമ്മയുടെ വയറ്റിൽ വളരുന്ന കുഞ്ഞാവയോട് ദേഷ്യം കൂട്ടി..

സ്കൂളിൽ ന്നു വരുമ്പോ അമ്മ തരുന്ന ഓട്ടട കിട്ടാതെ ആയി.. എന്റെ കാര്യങ്ങൾ നോക്കുന്നത് ജാനൂന്റെ പണി ആയി..

അങ്ങനെ ഇരിക്കെ അത് സംഭവിച്ചു…

അമ്മക്ക് വേദന വന്നു… അമ്മയേം കൊണ്ട് അച്ഛൻ ആസ്പത്രിയിൽ പോയി..എന്നെ ആരും കൊണ്ടോയില്ല….ഞാൻ തൊടിയിലും മുറ്റത്തും തോണ്ടി നടന്നു..

കുറച്ചു കഴിഞ്ഞപ്പോ ജാനു ഓടി വന്നു..

ഉണ്ണ്യേ…. അമ്മ പ്രസവിച്ചു…മോളാ…..

എനിക്കു പ്രത്യേകിച്ച് ഒന്നും തോന്നി ഇല്ലാ… മാസങ്ങൾ ആയി നഷ്ടപെട്ട പരിഗണന ഇനി കിട്ടാൻ പോണില്ല എന്നു ഉറപ്പായി അത്രന്നെ..

രണ്ടീസം കഴിഞ്ഞു അമ്മയും കുഞ്ഞവയും വീട്ടിൽ വന്നു..ഞാൻ മുൻപ് തന്നെ അമ്മയുടെ മുറിയിൽ നിന്ന് പുറത്ത് ആയതിനാൽ മുറിയിൽ അമ്മയും കുഞ്ഞാവയും അച്ഛനും മാത്രമായി..

എന്റെ ലോകത്ത് നിന്ന് എന്നെ പുറത്താക്കിയ എന്റെ അനിയത്തിയോട് ദേഷ്യം കൂടി വന്നു.

അവളുടെ കളി ചിരികൾ വീട്ടിൽ മുഴങ്ങിയപ്പോൾ നിശബ്ദമായത് ഞാൻ ആയിരുന്നു…

എല്ലാവരും അവളെ ഉണ്ണിമോൾ എന്ന് വിളിച്ചപ്പോൾ എനിക്കു എന്റെ പേര് കൂടെ നഷ്ടമായി….

പക്ഷെ…നടക്കാൻ തുടങ്ങിയപ്പോൾ അവൾ ആദ്യം വന്നത് എന്റെ നേർക്കായിരുന്നു…

സംസാരിച്ചപ്പോൾ അമ്മ എന്നതിന് പകരം തേത്താ എന്നായിരുന്നു അവൾ കൂടുതലും പറഞ്ഞത്….

അവൾക്കായി അച്ഛൻ വാങ്ങി നൽകിയത് എന്തും അവൾ എനിക്ക് നേരെ നീട്ടിയിരുന്നു.

എന്റെ വിരലിൽ തൂങ്ങി നടക്കാൻ ആഗ്രഹിച്ച അവളെ ഞാൻ എല്ലായ്‌പോഴും അവഗണിച്ചു..

എന്റെ കൂട്ടുകാർ അവരുടെ അനിയത്തിമാരെ എടുത്ത് നടന്നപ്പോൾ ഞാൻ അവൾ എന്റെ നേർക് നീട്ടിയ കൈ തട്ടി മാറ്റി നടന്നു…

വലുതാകും തോറും എനിക്കവളോടുള്ള ഇഷ്ടക്കേടും കൂടി വന്നു….

അവളെന്നെ ഏട്ടാ എന്നായിരുന്നു വിളിച്ചിരുന്നത്….

അവൾക്ക് കിട്ടുന്നത് എന്തും എനിക്കു നേരെ നീട്ടി അവൾ എന്നേക്കാൾ വലുതാവാൻ നോക്കിയപ്പോൾ….അവൾ നീട്ടുന്നതിനേക്കാൾ മുൻപ് തട്ടി പറിക്കുന്ന ശീലം ഉണ്ടാക്കി ഞാൻ…

കുഞ്ഞുടുപ്പിൽ നിന്നും പാവാടയിലേക്കും പിന്നേ ദാവണിയിലേക്കുമുള്ള അവളുടെ വളർച്ച എന്റെ കണ്മുന്നിലൂടെ ആയിരുന്നെങ്കിലും എന്നെ പുറകിലാക്കി കടന്നുവന്ന അവളോടുള്ള എന്റെ ഇഷ്ടക്കേട് അവളെ അറിയാൻ അനുവദിച്ചില്ല….

എന്റെ അവഗണനയും ദേഷ്യവും എല്ലാം അവളെ വേദനിപ്പിക്കുമെന്നും ഞാൻ ജയിക്കുമെന്നും ഞാൻ കരുതിയെങ്കിലും എല്ലാം അവൾ നിറം മങ്ങിയ പുഞ്ചിരിയോടെ നേരിട്ടു.

കോളേജിൽ വച്ച അവളോടാരോ മോശമായി പെരുമാറി എന്നറിഞ്ഞപ്പോൾ ഞാൻ കുറ്റം പറഞ്ഞത് അവളെയാണ്…

ഇന്നലെ വരെ അറിയാത്ത ഒരുത്തന്റെ കൂടെ അവളെ പറഞ്ഞയച്ചപ്പോൾ രണ്ടു പതിറ്റാണ്ടുകളായി കൂടെ കൊണ്ട് നടന്ന ദേഷ്യത്തിന് കുറവ് വന്നോ ?

അവളില്ലാത്ത വീട്ടിൽ അവളോട്‌ മത്സരിക്കാതെ, അവളോട് ദേഷ്യപ്പെടാതെ ഞാൻ ഞാനല്ലാതെ മാറാൻ തുടങ്ങിയതെപ്പോഴാണ്….

അവൾ ഇടക് വീട്ടിൽ വരുമ്പോൾ അടുക്കളയുടെ ജനലിലൂടെയും കിണറിന്റെ ആൾമറക്ക് പുറകിൽ നിന്നും അവളെ ഞാൻ നോക്കി…ഇല്ല മാറ്റമൊന്നും ഇല്ല…

പിന്നേ അറിഞ്ഞു…. അവൾ ഒരമ്മയാവാൻ പോവുന്നു എന്ന്….എന്താണെനിക്ക് തോന്നിയത്?

ഇന്നും അറിയില്ല..

വയറു വീർത്തു ക്ഷീണത്തോടെ നടക്കുന്ന അവളെ ഞാൻ നോക്കിയത് അവളറിയാതെ പുറകെ നടന്നത് അവളുടെ ഇഷ്ടം ആദ്യമായി അമ്മയോട് അന്വേഷിച്ചറിഞ്ഞത്….. എല്ലാം എന്തിനായിരുന്നു….

എന്റെ ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടങ്ങളാക്കിയ അവൾക്കു വേണ്ടി ഞാൻ എന്തു ചെയ്യണമായിരുന്നു……

പ്രസവ വേദന വന്നു കരഞ്ഞ അവളെക്കാൾ വേദന എന്തിനാണ് എനിക്കു തോന്നിയത്…

അവളെ വാരിയെടുത്തു കാറിനടുത്തേക്ക് ഞാൻ ഓടുകയായിരുന്നോ…

സ്‌ട്രെച്ചറിൽ കിടത്തി അവളെ തീയേറ്ററിലേക്ക് കൊണ്ട് പോകുമ്പോൾ അവൾ എന്നെ നോക്കിയ നോട്ടത്തിൽ എന്നത്തേക്കാളും പ്രകാശവും, സന്തോഷവും ഉണ്ടായിരുന്നു..

അക്ഷമയോടെ പുറത്ത് ഇരിക്കുമ്പോൾ മനസ്സിൽ അവൾക്കായുള്ള പ്രാർത്ഥന ആയിരുന്നു.. …

തീയേറ്ററിലേക്ക് ഡോക്ടർസ് ഉം മറ്റും പരിഭ്രാന്തരായി പോകുന്നത് കണ്ടു ഞാൻ അവൾക്കായി കണ്ണു നിറച്ചു പ്രാർത്ഥിച്ചു..

ഒടുവിൽ അമിത രക്തസ്രാവം മൂലം അവളെ രക്ഷപെടുത്താനായില്ല എന്ന ഡോക്ടർ ന്റെ വാക്കുകൾ എന്റെ ചെവിയെ മാത്രമല്ല, ബോധമണ്ഡലത്തെയും മറച്ചു…

അവളില്ലാത്ത ലോകം എനിക്കു ഉൾക്കൊള്ളാനാവില്ല..

അവൾക്ക് വേണ്ടി ഞാൻ പൊഴിച്ച കണ്ണുനീർ വ്യർത്ഥമായെന്നോ…

സുബോധം നഷ്ടപെട്ട ഞാൻ നിൽക്കേ വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞു ജീവനെ നഴ്സ് എന്റെ കയ്യിലേക്ക് വെച്ചു തന്നു.

എന്റെ ഉള്ളം കയ്യിലിരുന്ന്‌ കരഞ്ഞ ജീവനെ ഞാൻ നോക്കി..

അത് അവളായിരുന്നു… എന്റെ ഉണ്ണിമോൾ….ചെറുപ്പം മുതൽക്കേ അവൾക്ക് എന്നിൽ നിന്നും കിട്ടേണ്ട സ്നേഹവും വാത്സല്യവും ലാളനയും വാങ്ങാൻ മറുജന്മം എടുത്തു അവൾ…

ഒരു ജൻമം മുഴുവൻ നൽകേണ്ട സ്നേഹം ഉള്ളിലൊതുക്കി ഞാൻ വിളിച്ചു…

ഉണ്ണിമോളേ…. ഏട്ടന്റെ ഉണ്ണിമോളേ……