കത്തുന്ന നിലവിളക്കുമായ് ഞാനീ വീടിന്റെ പടികയറുമ്പോ ആയിരം കണ്ണുകൾ എന്നെ തന്നെ നോക്കുന്നു. വിളക്കിലാണെങ്കിൽ നിറയെ എണ്ണയും…

ആചാരം

Story written by ANJALI MOHANAN

“രവിയേട്ടാ…” വേദനയും ആനന്ദവും നിറഞ്ഞ ആ വിളി കേട്ട് ഞാൻ ഓടി ചെന്നു…..

“എന്താ പാറൂ… എന്ത് പറ്റി..?????”

അവളുടെ തിളങ്ങുന്ന കണ്ണുകൾ കൊണ്ടെന്നെ നോക്കി കൊണ്ടവൾ പറഞ്ഞു…. “ദേ…. നമ്മുടെ മോൻ ചവിട്ടുന്നു….. “

ഞാനവളെ തോളിൽ പിടിച്ച് കട്ടിലിലിരുത്തി.. മെല്ലെ അവളുടെ നിറവയറിൽ ചെവി വെച്ചു… “മോനൂസേ….. നീയവിടെ ഫുട്ബോൾ കളിക്കാണോ..???.. നീയിങ്ങ് വാ, നമ്മുക്കൊരുമിച്ച് കളിക്കാം… അമ്മയെ വേദനിപ്പിച്ചാൽ അച്ഛന്റെന്ന് അടി കിട്ടൂട്ടോ…..”

അതും പറഞ്ഞ് 9 മാസം ഗർഭിണിയായ എന്റെ പാറൂസിന്റെ ഉദരത്തിൽ സംരക്ഷണത്തിന്റെ ചുംബനം നൽകി….. ആ നിമിഷം അവൾ വീണ്ടും നിലവിളിച്ചു….

ഈ പ്രാവശ്യം ഞാനവളെ കളിയാക്കി….. ” ഇവൻ കുറുമ്പനാ പാറൂ…… ഇവനെന്റെ മൂക്കിനിട്ട് ചവിട്ടി…. അല്ല പാറൂസേ ഇവനെന്റെ മൂക്കിൽ ചവിട്ടിപ്പോൾ നീയെന്തിനാ നിലവിളിച്ചത്..??????”….

പരിഭവനോട്ടത്തോടെ അവൾ പറഞ്ഞു…..”ഉവ്വ….. രവിയേട്ടനെല്ലാം തമാശയാ… ഈ വേദന അത് അനുഭവിക്കുന്നവർക്കേ അറിയൂ….. “

ഞാനവളുടെ കവിളിൽ ഒന്ന് നുള്ളി കൊണ്ട് പറഞ്ഞു… ” അച്ചോടാ… ഞാൻ ചുമ്മാ പറഞ്ഞതല്ലെ… നീയിവിടെയിരിക്ക് എന്റെ മോനെ ഞാൻ ഉപദേശിക്കാം…..”

ഞാൻ ഒരു വിരലകലം പാലിച്ച് മോനോടായി സംസാരിക്കുകയായിരുന്നു.. അവൾ കളിയാക്കി ചോദിച്ചു… ” മൂക്കിൽമേൽ ചവിട്ട് കിട്ടാതിരിക്കാനാണോ ഈ അകലം..?????”… മറുപടി പറയാതെ ഞാൻ ചിരിച്ചു കൊടുത്തു……

പെട്ടെന്നാണ് പാറൂന്റെ മുഖം വാടിയത്.. കാർമേഘം മൂടിയ ആകാശം പോലെ വെളിച്ചമില്ലാത്ത മുഖം നോക്കി ഞാൻ ചോദിച്ചു… “എന്താ എന്റെ പാറൂസിനൊരു സങ്കടം?????…. ഈ സമയത്ത് ഇങ്ങനെ മനസ്സ് വേദനിപ്പിക്കരുത്… എപ്പോഴും സന്തോഷായിട്ടിരിക്കണം…..”

ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവൾ പറഞ്ഞു… ” രവിയേട്ടാ…. ഈ മാസം 25-നാണ് ഡേറ്റ്… അമ്മ പറഞ്ഞു 25-ാം തീയ്യതി കരിംപൂരാടമാണ് നാളെന്ന്.. അന്ന് കുഞ്ഞ് ജനിച്ചാ കുഞ്ഞിന്റെ അച്ഛന് ദോഷമാണെന്ന്…. എനിക്ക് പേടിയാവുന്നു രവിയേട്ടാ…. ഒരോ അന്ധവിശ്വാസത്തിന്റേയും ആചാരത്തിന്റെയും പേരും പറഞ്ഞ് എല്ലാവരും കൂടി നമ്മുടെ കുഞ്ഞിനെ ഒറ്റപെടുത്തുമോ?????….”

ഇത്തരം കാര്യങ്ങളിൽ പണ്ടേ വിശ്വാസമില്ലാത്ത എനിക്ക് അവളെ സമാധാനിപ്പിക്കാൻ എളുപ്പത്തിൽ കഴിഞ്ഞു…. ” ആരൊക്കെ ഒറ്റപ്പെടുത്തിയാലും നിനക്ക് ഞാനില്ലെ….. നീയും, ഞാനും നമ്മുടെ മോനും മാത്രം മതീ… “

അവളെന്റെ കയ്യിൽ ഇറുക്കി പിടിച്ചപ്പോൾ …വിശ്വാസമോ, ആശ്വാസമോ എന്ന് മനസ്സിലാക്കാൻ ഞാൻ ബുദ്ധിമുട്ടി…. അവളുടെ മൗനം ചിന്തകളിളേക്ക് തെന്നി മാറുന്നതിന് മുമ്പ് ഞാൻ ചോദിച്ചു…

“പാറൂ…. നിനക്ക് ടെൻഷനുണ്ടോ?????”

“എന്ത് ചോദ്യമാ ഇത്…. ടെൻഷനില്ലാതിരിക്കോ????… “

“ആദ്യത്തെ ആയതു കൊണ്ടാ പാറൂ ഈ ടെൻഷൻ…. അടുത്തതിൽ ഇത്രക്ക് ടെൻഷനുണ്ടാവില്ല…. “

“ഒന്ന് പോ രവിയേട്ടാ…” അവളെന്നെ തള്ളി മാറ്റി……

ഞാനവളുടെ കൈ പിടിച്ച് ചോദിച്ചു….. ” നീയിതിനു മുമ്പ് എപ്പോഴാ ഇത്രക്ക് ടെൻഷനടിച്ചിട്ടുള്ളെ??????….”

എന്റെ ചോദ്യത്തിന് മറുപടി പറയാൻ അവളെന്റെ കൈവിടീച്ച് എഴുന്നേറ്റു. അലമാര തുറന്ന് ഞങ്ങളുടെ കല്ല്യാണ ആൾബമെടുത്ത് ഓരോ പേജുകളും ധൃതിയിൽ മറിച്ചു…

അവസാനം അവൾ നിലവിളക്കുമായ് വലുതുകാൽ വച്ചു കയറുന്നത്ത ചിത്രം കാണിച്ചു കൊണ്ട് പറഞ്ഞു…

“ഈയൊരു നിമിഷമാണ് ഞാൻ ഏറ്റവും ടെൻഷനടിച്ച നിമിഷം…. കത്തുന്ന നിലവിളക്കുമായ് ഞാനീ വീടിന്റെ പടികയറുമ്പോ ആയിരം കണ്ണുകൾ എന്നെ തന്നെ നോക്കുന്നു.. വിളക്കിലാണെങ്കിൽ നിറയെ എണ്ണയും.. തട്ടി തടഞ്ഞ് വീഴാതിരിക്കാൻ ഇടതു കൈ കൊണ്ട് സാരിയുടെ ഞൊറിയും പൊക്കി പിടിച്ചു… ഓരോ കാലടി വെക്കുമ്പോഴും തിരി അനങ്ങുന്നുണ്ടായി.. തിരിയെങ്ങാനും എണ്ണയിൽ മുങ്ങി കെട്ടുപോയിരുന്നെങ്കിൽ അതോടെ തീർന്നേനെ എല്ലാം… നിങ്ങടെ അമ്മക്കും അമ്മായിമാർക്കും അത് മതി ഐശ്വരം കെട്ടവൾ എന്ന പേര് എന്റെ തലയിൽ മുദ്രകുത്താൻ… ഓരോരോ ആചാരങ്ങൾ.. ( പുച്ഛത്തോടെ)…..

രവിയേട്ടനറിയോ… ശാരദ അമ്മായിയെന്തിനാ എപ്പോഴും കറുപ്പ് സാരിയുടുക്കുന്നതെന്ന് ഞാൻ ചോദിച്ചതിന് അമ്മയെന്നെ ശകാരിച്ചു.. ഭർത്താവ് മരിച്ച സ്ത്രീകറുപ്പ് വസ്ത്രമേ ധരിക്കാൻ പാടൂത്രെ….. ( വീണ്ടും പുച്ഛം)… ഇത്തരം ആചാരവും വിശ്വാസവും എവിടെ നിന്നാ രവിയേട്ടാ ഉത്ഭവിച്ചത്..????..

അവൾ തുടർന്നും പറഞ്ഞു കൊണ്ടിരുന്നു…..

നല്ല മരുമകൾ എന്ന പേര് ഞാൻ എന്നെ വഞ്ചിച്ച് നേടിയതാണ് രവിയേട്ടാ…. ഓരോ ആചാരങ്ങൾക്ക് നേരേ എൻറ ചുണ്ടുകൾ അടക്കേണ്ടി വന്നപ്പോഴും മനസ്സ് ഉറക്കെ ചോദിച്ചു കൊണ്ടിരുന്നു… ഇതെല്ലാമെന്തിന്????? ആർക്ക് വേണ്ടി???? ഇതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്????….. ചോദിക്കേണ്ടത് ചോദിക്കേണ്ടിടത്ത് ചോദിക്കാൻ എനിക്ക് കഴിയുന്നില്ല രവിയേട്ടാ….

അവൾ തുടർന്ന് സംസാരിക്കാതിരിക്കാൻ ഞാൻ ഇടക്കുകേറി പറഞ്ഞു… “എന്റെ പൊന്നുമോളേ….. അമ്മക്ക് ഇപ്പൊ നിന്നെ ഒരുപാടിഷ്ടാ…. ഓരോന്ന് പറഞ്ഞ് ഇനി നീയായിട്ട് അത് കളയണ്ട….. ഒന്നും കണ്ടില്ല കേട്ടില്ല എന്ന് വിചാരിച്ചാൽ മതി… “

ഒരാഴ്ച കഴിഞ്ഞു.. ടെൻഷനടിച്ച് ലേബർ റൂമിന്റെ പുറത്ത് നിക്കുന്ന എന്നോട് അമ്മ പറഞ്ഞു. “എന്റെ മോനേ നിനക്കെന്തിനാ ഇത്ര ക്ക് ആവലാതി… നിന്റെ മുഖം കണ്ടാ തോന്നൂലോ നീയാണ് പ്രസവിക്കാൻ പോണേന്ന്…… നിന്നേപ്പോലുള്ള ആറെണ്ണത്തിനെ പെറ്റതാ ഞാനും… അന്ന് നിന്റെ അച്ഛനേ പാടത്ത് വളമിടാൻ പോയക്കായിരുന്നു…. “

അപ്പോഴാണ് നഴ്സ് വന്ന് ചോദിച്ചത്…” ആരാ രവികുമാർ???” ഞാൻ ഓടി ചെന്നു… “ഞാനാ.. ഞാനാ സിസ്റ്റർ.”

” പാർവ്വതി പ്രസവിച്ചു.. ആൺകുഞ്ഞാണ്…. ഇപ്പൊ കാണാൻ പറ്റില്ല ഒരു മണിക്കൂർ വെയ്റ്റ് ചെയ്യണം… പേടിക്കാനൊന്നുമില്ല അമ്മക്കും കുഞ്ഞിനും സുഖമാണ്…”

അത് കേട്ടപ്പോഴത്തെ എന്റെ ആശ്വാസത്തെ ഉപമിക്കാൻ വാക്കുകളില്ല…. ഒരു മണിക്കൂറിന് ഒരു വർഷത്തെ ദൈർഖ്യമുണ്ടെന്ന് തോന്നി…..

വാതിൽ തുറന്നതും ഞാൻ ധൃതിയിൽ ഓടി കയറി ഒപ്പം അമ്മയും… ഞാൻ എന്റെ പാറൂനെ നോക്കിയപ്പോൾ അമ്മ ഓടിചെന്ന് എന്റെ മോനെ വാരിയെടുത്ത് പറഞ്ഞു…

“ഉത്രം നാളിലാ എന്റെ പൊന്നുമോന്റെ ജനനം.അയ്യപ്പസ്വാമീടെ നാളാ….ഇവൻ വീട്ടുക്കാർക്ക് വേണ്ടി എന്തും ചെയ്യും…. അമ്മക്ക് വേണ്ടി പുലിപാൽ തേടി പോയവനാ അയ്യപ്പസ്വാമി….”

അത് കേട്ടതും ഞാൻ പാറുവിനെ നോക്കി ചിരിച്ചു… അവൾ സമാധാനത്തിന്റെ നെടുവീർപ്പിട്ടു കൊണ്ട് എന്നേയും നോക്കി.. അവളുടെ നോട്ടത്തിൽ നിന്ന് ആ മനസ്സിലെ ചോദ്യങ്ങൾ ഞാൻ വായിച്ചറിഞ്ഞു…. അന്ധവിശ്വാസങ്ങൾ… ആചാരങ്ങൾ……

പെട്ടെന്ന് ഡോക്ടർ വന്നു പറഞ്ഞു… “മറ്റന്നാൾ ഡിസ്ചാർജ് ചെയ്യും ട്ടോ…. “

അത് കേട്ടതും അമ്മ അൽപം ശബ്ദംകൂട്ടി പറഞ്ഞു… ” മറ്റന്നാളോ???? മറ്റന്നാൾ പറ്റില്ല…. വെള്ളിയാഴ്ചയാണ്… വെള്ളിയാഴ്ച കുഞ്ഞിനേയും കൊണ്ട് യാത്രയൊന്നും പാടില്ലെന്നാണ് ആചാരം…”

ഞാൻ വീണ്ടും പാറുവിനെ നോക്കി… അവളുടെ കണ്ണിൽ ചോദ്യങ്ങളും ചുണ്ടിൽ പരിഹാസവും….. ഞാനത് കണ്ടില്ലെന്ന് നടിച്ചു…..

അങ്ങനെ ശനിയാഴ്ച ഞങ്ങൾ വീട്ടിലെത്തി… മോനെ കാണാൻ അയൽവക്കക്കാരൊക്കെ വന്നു… അവരെന്റെ മോന്റെ കണ്ണിനേയും കാതിനേയും മുടിയേയും പുകഴ്ത്തുന്നത് അമ്മ ദേഷ്യം പുറത്ത് കാണിക്കാതെ അടക്കിപിടിച്ച് നിന്നു…..

അമ്മയുടെ സ്വഭാവം അറിയാവുന്നതുകൊണ്ടാവാം സന്ധ്യക്ക് ശേഷം മോനെ കാണാൻ ആരും വന്നില്ല….

അമ്മ വേഗം പാണനിലയും ഉപ്പും, മുളകും, കടുകുമെല്ലാം കൊണ്ട് റൂമിൽ വന്നു….

ഞാൻ കളിയാക്കി ചോദിച്ചു… ” അമ്മയെന്താ റൂമിൽ കറിവെക്കാൻ വന്നതാണോ ????……” അത് കേട്ടതും അമ്മയെന്നെ ഒരുപാട് വഴക്ക് പറഞ്ഞു…

അമ്മ പറഞ്ഞു “ഇതെന്റെ കുഞ്ഞിനേയും എന്റെ മേളേയും ഉഴിഞ്ഞിടാനാണ്….കരിംകണ്ണുക്കാരുടെ ദൃഷ്ടിദോഷം മാറാൻ വേണ്ടിയാ… ” അമ്മ അവളേയും മോനേയും വട്ടത്തിൽ ഉഴിഞ്ഞു കൊണ്ട് കയ്യിലുള്ള സാധങ്ങൾ അടുപ്പിലിടാൻ പോയി….

പാറുവിനെ ഞാൻ ഒളികണ്ണിട്ടു നോക്കി…. അൽഭുതം… ഈ പ്രാവശ്യം പാറുവിന്റെ ചുണ്ടിൽ വിരിഞ്ഞത് നിറഞ്ഞ പുഞ്ചിരിയായിരുന്നു…. അവളുടെ കണ്ണിൽ വാത്സല്യവും സ്നേഹവും മാത്രം…. അവൾ മോനെ നോക്കി കിടക്കുന്നു….

ആ പുഞ്ചിരിയിൽ നിന്നും അവളുടെ പഴയ ചോദ്യങ്ങളുടെ ഉത്തരം ഞാൻ കണ്ടെത്തി….

” കാക്കക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് “…

അമ്മക്ക് വലുത് അമ്മയുടെ കുടുംബമായിരുന്നു.. കുടുംബത്തിന്റെ ഐശ്വര്യത്തിനും നന്മക്കും വേണ്ടിയായിരുന്നു അമ്മ മുറുകെ പിടിച്ച വിശ്വാസങ്ങൾ…..

ഇവിടെ എന്റെ മോൻ വന്നപ്പൊ എന്റെ പാറുവും അവന്റെ നന്മക്ക് വേണ്ടി ഓരോ ആചാരങ്ങളിലും വിശ്വസിച്ചു തുടങ്ങി…….

ഓരോരോ സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്ന മനുഷ്യന്റെ മനസ്സ് എത്ര വിചിത്രമാണല്ലെ……….