പ്രിയയുടെ പേടിയോടെയുള്ള സംസാരം എന്നിലെ മൃഗത്തെ കൂടുതൽ ആവേശഭരിതനാക്കി. അവളുടെ അടുത്തേക്ക് ചെന്നു….

Story written by അരുൺ നായർ

ആദ്യ രാത്രിയിലെ ആനന്ദത്തിലേക്ക് പഞ്ചാരി മേള ഹൃദയമിടിപ്പോടെ കയറി വന്ന പ്രിയയുടെ കരണകുറ്റിക്കു ഒരെണ്ണം കൊടുത്തുകൊണ്ടു ആയിരുന്നു ഞാൻ അവളെ വരവേറ്റത്, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ താഴെ വീണുകിടന്ന അവളെ ഒരു ഭ്രാന്തൻ നോക്കും പോലെ നോക്കികൊണ്ട്‌ ഞാൻ പറഞ്ഞു….

“” വേദനിച്ചോടി അസത്തെ നിനക്ക്, ഇനി ഈ ജീവിതം മുഴുവൻ അടി കൊള്ളാനുള്ളത് അല്ലേ അതുകൊണ്ട് ഭയങ്കര വേദന കാണിക്കാതെ…. “”

അത്രയും പറഞ്ഞു കൊണ്ടു വീണ്ടും ഞാനൊരു ഭ്രാന്തനെ പോലെ ചിരിച്ചു, എന്റെ ചിരിയുടെ ശബ്ദവും അടിയുടെ വേദനയും കൊണ്ടു പേടിച്ചരണ്ട പേടമാനെ പോലെയവൾ മുറിയുടെ ഒരു മൂലയിലേക്ക് ഓടി മാറി

“” എനിക്ക് പേടിയാകുന്നു വിമലേട്ട, എന്റെ അച്ഛൻ പോലും എന്നെയിങ്ങനെ തല്ലിയിട്ടില്ല, ദൈവത്തെയോർത്തു എന്നെ ഇനി ഒന്നും ചെയ്യരുതേ… “”

പ്രിയയുടെ പേടിയോടെയുള്ള സംസാരം എന്നിലെ മൃഗത്തെ കൂടുതൽ ആവേശഭരിതനാക്കി. അവളുടെ അടുത്തേക്ക് ചെന്നു മുടിയിൽ കുത്തി പിടിച്ചു കൊണ്ടു ഞാൻ ചോദിച്ചു

“” നീ എന്താണ് പറഞ്ഞത് ദൈവത്തെ ഓർത്തു ഒന്നും ചെയ്യരുതെന്നോ, അതിനു അങ്ങനെയൊരു പുളുന്താൻ ഈ ലോകത്തു ഉണ്ടോ…. പിന്നെ നിന്നെ എന്നല്ല ഏതവളെ കെട്ടിയാലും ഞാൻ ഇത് തന്നെ ചെയ്യുമായിരുന്നു…. ഒരുപക്ഷെ നീ പറഞ്ഞ ദൈവം തന്നെയെനിക്ക് നിന്നെ ഇങ്ങനെ ഇട്ടു തല്ലാനുള്ള അവസരം തന്നതായിരിക്കും…. “”

“” വിമലേട്ടനോട് വേറെ ഏതെങ്കിലും പെണ്ണ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് എന്തിനാണ് ദേഷ്യം, ഞാനും അവളും തമ്മിൽ എന്താണ് ബന്ധം … “”

കുപ്പിയിൽ നിന്നും ഗ്ലാസ്സിലേക്കു പകർന്ന റം ഒറ്റ വലിക്കു കുടിച്ചു തീർത്തുകൊണ്ട് ഞാൻ പറഞ്ഞു….

“” എന്നെ ചോദ്യം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല, നീ പോയി കിടന്നോ, ഇന്ന് ഇത്രയും ഉള്ളു തല്ലു, നാളെ മുതൽ അളവ് കൂടും കേട്ടോ അതു കൊള്ളാൻ തയ്യാറായി വേണം മുറിയിലേക്ക് വരാൻ…. പിന്നെ എന്റെ കട്ടിലിൽ കിടന്നേക്കരുത്, താഴെ ഇറങ്ങി കിടന്നോണം… “”

പ്രിയയുടെ മുറിയിലൂടെയുള്ള പേടിച്ചുള്ള നടപ്പ് കണ്ടപ്പോൾ തന്നെ എനിക്ക് മദ്യപിക്കുന്നതിനേക്കാൾ ലഹരി കിട്ടി, അവൾ ഒരു തുണിയും വിരിച്ചു താഴെ കിടക്കുന്നത് കണ്ടപ്പോൾ ഒരു പെണ്ണിനെ ദ്രോഹിക്കുന്ന ആനന്ദത്തിൽ എന്റെ മനസ്സു ആറാടുകയായിരുന്നു…. ഞങ്ങളുടെ ആദ്യ രാത്രി അങ്ങനെ അങ്ങ് തീർന്നു, അടുത്ത ദിവസം മുറിയിലേക്ക് വരും മുൻപ് അവൾ എന്റെ അമ്മയോട് ചോദിച്ചു എന്റെ പഴയ കഥകൾ എല്ലാം അറിഞ്ഞുവെന്നു തോന്നുന്നു, ഞാൻ മുറിയിൽ കയറി കുപ്പിയിൽ നിന്നും മദ്യം കുടിക്കും മുൻപ് തന്നെ എന്നെ തേടി അവളുടെ ചോദ്യമെത്തി….

“” വിമലേട്ട, ശ്രേയയോട് ഉള്ള ദേഷ്യം എന്നോട് ആണോ തീർക്കുന്നത്, ഞങ്ങൾ രണ്ടാളുകൾ അല്ലേ…. “”

“” അപ്പോൾ നീ കഥകൾ എല്ലാം അറിഞ്ഞു അല്ലേ, എങ്കിൽ നീ അറിഞ്ഞോ എല്ലാ പെണ്ണുങ്ങളെയും എനിക്ക് ഒരെ കണ്ണുകൾ കൊണ്ടേ കാണാൻ സാധിക്കികയുള്ളു…. നീ ഇവിടെ എന്റെ തല്ലു കൊണ്ടു വേദനിക്കുന്നത് കാണുമ്പോൾ എനിക്ക് എന്റെ മുൻപിൽ ശ്രേയ കിടന്നു പിടയുന്നതായാണ് തോന്നുന്നത്, അത് മതിയെടി എനിക്ക്, നീ കൂടെയുള്ള അത്രയും നാൾ ഞാൻ നിന്നെ കൊല്ലാതെ കൊല്ലുക തന്നെ ചെയ്യും….””

എന്റെ കണ്ണുകളിലെ പകയുടെ തിളക്കം കണ്ടു പ്രിയ പിന്നെയും പേടിക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സൊന്നു തണുത്തു, ആ തണുപ്പിന് ഇത്തിരി ചൂട് കിട്ടാൻ വേണ്ടി ഞാൻ അവളുടെ മുതുകിനിട്ടു ഒരു ചവിട്ടു കൊടുത്തു…. അടുത്ത രണ്ടു ദിവസവും ജോലി കഴിഞ്ഞു വന്നു ഈ ഉപദ്രവം പതിവായത്തോടു കൂടി അവൾ എന്റെ അച്ഛനോടും അമ്മയോടും പരാതി പറഞ്ഞു, പക്ഷെ അവരോടു ഇനി ഉപദ്രവിക്കില്ലെന്നു വാക്ക് കൊടുത്തു എങ്കിലും അവൾ മുറിയിലോട്ടു വരുമ്പോൾ ഞാൻ അവളെ ആക്രമിച്ചു പോകും…. ഒരാഴ്ച എന്റെ അടിയും തൊഴിയും കൊണ്ടശേഷം അവൾ അവസാനം എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്നു എന്നോട് പറഞ്ഞു….

“” നമുക്ക് പിരിയാം, എനിക്ക് വയ്യാ ഇനിയും സഹിക്കാൻ…ഞാൻ ഇന്ന് അമ്മയുടെ കൂടിയാണ് കിടക്കുന്നത്, നാളെ ഞാൻ എന്റെ വീട്ടിലേക്കു പോകും, എനിക്കും ജീവിക്കണം…. “”

“” മോളെ നീയും തോറ്റു പോകുകയാണോ… “” എന്റെ അമ്മയുടെ ഇടറിയ ശബ്ദത്തിലുള്ള ചോദ്യത്തിന് അമ്മയുടെ മാറിലേക്ക് വീണു കരയാൻ മാത്രമേ അവൾക്കു സാധിച്ചുള്ളൂ….

ഞാൻ കൊതിച്ച വാക്കുകൾ അവളുടെ ശബ്ദത്തിൽ തന്നെ കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി, എങ്കിലും ഞാൻ ഒരുകാര്യം അവളോടു ആവശ്യപ്പെട്ടു….

“” ഞാൻ നിനക്കു ഡിവോഴ്സ് ഒക്കെ തരാം പക്ഷെ ഒരുകാര്യം നീ എന്നെ ഉപേക്ഷിച്ചിട്ട് പോകുന്നത് നിനക്കു വേറെ കാമുകൻമാർ ഉള്ളതുകൊണ്ടാണ് അല്ലാതെ എന്റെ കുഴപ്പം കൊണ്ടു അല്ല അങ്ങനെയേ പറയാവു അല്ലെങ്കിൽ ഡിവോഴ്സ് പേപ്പറിൽ ഞാൻ ഒപ്പിടില്ല … “”

പെട്ടന്ന് ഡിവോഴ്സ് കിട്ടാൻ വേണ്ടി അവൾ എന്തും സമ്മതിക്കുമെന്നു എനിക്ക് ഉറപ്പുണ്ടായിരുന്നത് കൊണ്ട് ഞാൻ അങ്ങനെ തന്നെ അവളെക്കൊണ്ട് അവളുടെ വീട്ടിലും പറയിച്ചു…. അവളുടെ വീട്ടിൽ ചെന്നിട്ടു ഇതുപോലെ കണ്ടവന്റെ കൂടെ നടക്കുന്ന ഒരുത്തിയെ എന്റെ തലയിൽ കയറ്റി വെക്കണ്ടയിരുന്നു പറഞ്ഞു അപമാനിച്ചുകൊണ്ട് ആ വീട്ടിൽ നിന്നും അവളുമായുള്ള ബന്ധത്തിന് തിരശീല ഇട്ടുകൊണ്ടു ഞാൻ ഇറങ്ങി…. വിവാഹം കഴിഞ്ഞു ഒരു വർഷം ആകുന്ന ഡേറ്റിൽ പരസ്പരധാരണയോടെ വിവാഹമോചിതരാകാമെന്നു അവർക്കു ഞാൻ ഉറപ്പും നൽകിയിരുന്നു….

അതിനു ശേഷം സമാധാനമായി ജോലിയും കള്ളുകുടിയുമായി ഒരു ഒരു മാസം മുൻപോട്ടു പോയി കഴിഞ്ഞപ്പോൾ ആണ് അമ്മ എന്നോട് പിന്നെയും പ്രിയയുടെ കാര്യം പറഞ്ഞത്….

“” മോനെ വിമലേ നമ്മുടെ പ്രിയക്ക് ഇങ്ങോട്ടു വരാൻ ഇനിയും കുഴപ്പം ഇല്ലെന്നാണ് പറയുന്നത്, ഞാൻ പോയി അവളെ വിളിച്ചോണ്ട് വരട്ടെ…. “”

അമ്മയുടെ സംസാരവും അവളുടെ തീരുമാനവും കേട്ടപ്പോൾ ഞാൻ ഞെട്ടി പോയി അറിയാതെ ഞാൻ പറഞ്ഞും പോയി

“” ഇവൾക്ക് കിട്ടിയതൊന്നും പോരെ, മതിയായില്ലെങ്കിൽ ഞാൻ ഇനിയും കൊടുക്കാം… “”

“” വേണ്ട മോനെ അവളൊരു പാവം പെണ്ണാണ് പോരാത്തതിന് വീട്ടിൽ വലിയ പൈസയും ഇല്ല, ഉള്ളത് മോനേക്കാൾ കള്ളുകുടിയൻ ആയ ഒരു ആങ്ങള, അച്ഛൻ തളർന്നു കിടക്കുന്നു, ഇനി ഒരു കല്യാണത്തിന് ഉള്ള വകയൊന്നും അവളുടെ വീട്ടിൽ ഇല്ല മോനെ, അതുകൊണ്ടാണ് മോൻ തല്ലി കൊല്ലാറാക്കിയിട്ടും പിന്നെയും ഇങ്ങോട്ടു വരാൻ അനുവാദം ചോദിച്ചത്….. “”

അമ്മയുടെ മറുപടി കേട്ടപ്പോൾ എന്റെ കണ്ണുകളിൽ ചോര പൊടിഞ്ഞു, ഇതാ ഈ വേട്ടക്കാരന്റെ മുൻപിലേക്ക് വീണ്ടുമൊരു പേടമാൻ… ഇഷ്ടം ഉള്ള അത്രയും ക്രൂരത കാട്ടി രസിക്കാം…

“” അമ്മ എന്തായാലും വിളിച്ചു കൊണ്ടു വാ, പിന്നെ മര്യാദക്ക് ഒക്കെ ആണെങ്കിൽ ഞാൻ ആയിട്ട് ഒന്നിനും പോകുന്നില്ല…. “”

അന്ന് വൈകുന്നേരം ഒരു പ്രേത്യേക ലഹരിയോടെയാണ് ഞാൻ വീട്ടിലേക്കു വന്നത്, കുറച്ചു നാളായി ഞാൻ പൂട്ടി ഇട്ടിരിക്കുന്ന എന്നിലെ മൃഗത്തിന് വേട്ടയാടാനുള്ള ഇരയെ കിട്ടുന്ന സന്തോഷം…. പതിവിലും കുടിച്ചിട്ട് ആണ് ഞാൻ വന്നത്…. എന്റെ വരവ് കണ്ടപ്പോൾ തന്നെ പന്തികേട് തോന്നിയ അമ്മ അവളെയൊന്നും ചെയ്യരുതെടാ മോനെയെന്നു പറഞ്ഞു… ഒന്നും ചെയ്യില്ല അമ്മേ ഞാൻ അവളെ ഒന്നു കാണട്ടെയെന്നു മറുപടിയും കൊടുത്തു മുറിയിലേക്ക് ഞാൻ പാഞ്ഞടുത്തു… എന്റെ വരവ് കണ്ടപ്പോൾ അവൾ കസേരയിൽ നിന്നും എഴുന്നേറ്റു…. പുച്ഛത്തോടെ ഞാൻ ചോദിച്ചു…

“”അല്ല എന്തൊക്കെയോ ഉണ്ടാക്കും പറഞ്ഞു പോയിട്ട് ഇപ്പോൾ എന്താണ് ഒരു നാണംകെട്ടു മടക്കം, എന്റെ സ്വഭാവത്തിന് മാറ്റം ഒന്നും സംഭവിച്ചിട്ടില്ല പഴയ മൃഗം തന്നെ, അത് താങ്ങാൻ കെൽപ്പു ഉണ്ടെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതിയെന്നും”” പറഞ്ഞു ഞാൻ അവളുടെ കഴുത്തിനു കയറി പിടിച്ചു…

അവളുടെ കഴുത്തിൽ പിടിച്ച എന്റെ വയറ്റിൽ പിടിച്ചു അവൾ എന്നെയൊരു തള്ള് തള്ളി, ഒന്നു പുറകോട്ടു പോയ ഞാൻ അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ മുൻപോട്ടു പോകാൻ നോക്കിയിട്ട് എനിക്ക് വയറ്റിലെ വേദന കാരണം അനങ്ങാൻ കഴിഞ്ഞില്ല, തറയിൽ കുത്തി ഇരുന്നു പോയ ഞാൻ അപമാനഭാരത്താൽ അലറി….

“” എടി ഡാഷ് മോളെ നീ എന്നെ തല്ലി അല്ലേ, നീ തീർന്നെന്നു കരുതിയാൽ മതി…. “”

എനിക്ക് വേദന കാരണം കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല, എന്റെ മുൻപിൽ വന്നു എന്റെയൊപ്പം ഇരുന്നുകൊണ്ട് അവൾ പറഞ്ഞു

“” അതെ വിമലേട്ടൻ എന്താണ് എന്നെ കുറിച്ച് കരുതിയത്, ഞാൻ ഇപ്പോൾ വിമലേട്ടന്റെ മർമത്തിൽ പണി തന്നിരിക്കുകയാണ്, ഈ ഒരു മാസം കൊണ്ടു പഠിച്ചതൊന്നും അല്ല കേട്ടോ ഇതൊക്കെ ചെറുപ്പം തൊട്ട് അറിയാം, അല്ലെങ്കിലും എന്നെപോലെയുള്ള പെണ്ണുങ്ങൾ ഇപ്പോൾ ഡാൻസും പാട്ടും ഒന്നും പഠിച്ചില്ലെങ്കിലും ഇതൊക്കെ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണന്നാണ് എനിക്ക് തോന്നുന്നത്… വിമലേട്ടന്റെ അഭിപ്രായം എന്താണ്…. “”

“” നീയൊക്കെ എന്ത് മലര് വേണമെങ്കിലും പഠിക്കു, ആദ്യം എന്നെ ഇതിൽ നിന്നും ഊരി താ… “”

“” ഊരിയൊക്കെ തരാം പക്ഷെ എന്നെ അക്രമിക്കില്ലെന്നു എനിക്ക് ഉറപ്പ് തരണം, പിന്നെ ആൺപിള്ളേർ വാക്ക് തന്നാൽ അത് പാലിക്കണം… “”

“” വാക്കോ തോക്കോ എന്ത് വേണമെങ്കിലും തരാം പക്ഷെ എനിക്ക് ഈ വേദന സഹിക്കാൻ പറ്റുന്നില്ല ജോലി കഴിഞ്ഞു വന്നതല്ലേ…. “”

എന്റെ പൂട്ട് അഴിച്ചു തരുന്ന കൂട്ടത്തിൽ അവൾ പറഞ്ഞു “” വേദനയൊക്കെ എല്ലാവർക്കും ഉള്ളതാണെന്ന് മനസിലാക്കാൻ കഴിഞ്ഞാൽ പിന്നെ ആർക്കും ആരെയും ഉപദ്രവിക്കാനാവില്ല വിമലേട്ട…. വിമലേട്ടനു ചോറ് എടുത്തു വെക്കണോ…””

എനിക്ക് ഒന്നും വേണ്ടെന്നു പറഞ്ഞു വൈരാഗ്യബുദ്ധിയോടെ ഞാൻ ഉറങ്ങാൻ കിടന്നു പക്ഷെ ഇനി അവളെ നേരിട്ട് ആക്രമിക്കാൻ സാധിക്കില്ല അവൾ ലോക്ക് ഇടും അല്ലെങ്കിൽ പിന്നെ കൊന്നു കളയണം പക്ഷെ അത് ബാക്കി ഉള്ള ജീവിതം ജയിലിൽ ആക്കും, പിന്നെയൊരു മാർഗം അവളിലെ പെണ്ണിനെ നശിപ്പിച്ചിട്ടു ഉപേക്ഷിക്കുക എന്നതാണ് അതാകും നല്ലത് അങ്ങനെ പലതും മനസ്സിൽ ചിന്തിച്ചുകൊണ്ടു ഞാൻ കിടന്നപ്പോൾ അവൾ വന്നു എന്റെ കട്ടിലിന്റെ സൈഡിൽ കിടന്നു…. എനിക്ക് ദേഷ്യം വന്നുവെങ്കിലും എന്റെ പ്ലാൻ നടത്താൻ അതാണ് സൗകര്യം എന്നുള്ളത്കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല….

“”അതെ വിമലേട്ട, ഞാൻ ഇവിടെ കിടക്കുന്നുണ്ടെന്നു കരുതി എന്റെ ശരീരത്തിൽ തൊടരുത് അതൊക്കെ മാനസികമായി സ്നേഹം ആയി കഴിഞ്ഞാൽ മാത്രം മതി അല്ലാതെ കെട്ടിയോൾ ആണെന്റെ മാലാഖ സിനിമയിലെ പോലെ എന്നോട് പെരുമാറാൻ വിമലേട്ടൻ വന്നാൽ ഞാൻ 22 ഫീമെയിൽ കോട്ടയത്തിൽ കാണിച്ചത് പോലെ ചെയ്യും, അപ്പോൾ എല്ലാം പറഞ്ഞതുപോലെ ഗുഡ് നൈറ്റ്‌….. “”

ഞാൻ മനസ്സിൽ ആലോചിച്ചത് അവൾ മുളയിലേ നുള്ളി കളഞ്ഞെന്ന് പറഞ്ഞാൽ മതി, എന്തായാലും എന്റെ ഭാര്യ ആകാനുള്ള വരവ് അല്ലേ അത് നൽകാതെയിരിക്കാം…. ഭർത്താവിന്റെതായ ഒരു സ്നേഹവും പരിഗണനയും കിട്ടാതെയാകുമ്പോൾ തന്നെ പൊയ്ക്കോളും…. അന്ന് മുതൽ ഞാൻ പ്രിയയുടെ മുഖത്തു പോലും നോക്കാതെയായി… എന്നോട് ഒന്നും മിണ്ടില്ലേ എന്നു പലപ്രാവശ്യം അവൾ ചോദിച്ചു എങ്കിലും അതിനു പോലും ഞാൻ മറുപടി കൊടുത്തില്ല, അവൾ ഭയങ്കരമായി അസ്വസ്ഥ ആകുന്നത് ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി അതെ എന്റെ ബുദ്ധി ഫലം കാണുന്നു…. സങ്കടത്തോടെ അവൾ വീട്ടിൽ നിന്നും ഇറങ്ങുമെന്ന നിലയിലേക്ക് ആയപ്പോളാണ് എന്നെ ഞെട്ടിച്ചുകൊണ്ടു എന്റെ അമ്മ മരണപ്പെട്ടത്, ഹൃദയാഘാതം ആയിരുന്നുവെന്നു ഡോക്ടറും എന്നെയോർത്താണ് ആ ഹൃദയം പൊട്ടിയതെന്നു നാട്ടുകാരും പറഞ്ഞു…

അമ്മയുടെ വിയോഗം എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് ജീവിതത്തിൽ ഉണ്ടാക്കി, അടുക്കളയിൽ അതു വരെ കയറിയിട്ടില്ല, തുണി അലക്കിയിട്ടില്ല ഇനി ഇതൊക്കെ എങ്ങനെ ചെയ്യുമെന്ന് ഓർത്തു വിഷമിച്ചിരുന്നപ്പോൾ ഞാൻ കണ്ടു പ്രിയ എന്റെ അച്ഛൻറെയും അവളുടെയും കാര്യങ്ങൾ ഭംഗിയായി ചെയ്യുന്നു, അവളോടു ചെയ്തു തരുമോ ചോദിക്കുന്നതിലും നല്ലത് ആത്മഹത്യാ ചെയ്യുന്നതാണെന്നും ഓർത്തു ഇരുന്ന എന്റെ അടുത്തേക്ക് പ്രിയ വന്നു….

“” വിമലേട്ട ഒരു കാര്യം പറയാനുണ്ട്, സത്യം പറഞ്ഞാൽ അമ്മ നമ്മളെ വിട്ടു പിരിഞ്ഞില്ലായിരുന്നുവെങ്കിൽ ഞാൻ ഈ വീട്ടിൽ നിന്നും ഇറങ്ങിയേനെ പക്ഷെ അമ്മ എന്നെ തോൽപിച്ചു കളഞ്ഞു, ആഹ് അത് പോട്ടെ, പറയാൻ വന്നത് വേറെയൊരു കാര്യമാണ് ഞാൻ ഉണ്ടാക്കുന്ന ആഹാരം കഴിക്കുമെങ്കിൽ ഞാൻ അലക്കുന്ന തുണി ഇടുമെങ്കിൽ അതൊക്കെ ഞാൻ ചെയ്തു തരാം, എന്നോട് മിണ്ടിയില്ലെങ്കിലും എനിക്ക് പരാതി ഇല്ല…. “”

ഒന്നു രണ്ടു ദിവസം ഒരു പരാതിയും കൂടാതെ അവൾ എന്റെ കാര്യങ്ങൾ നോക്കി കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി തുടങ്ങുക ആയിരുന്നു ഈ ലോകത്തു തേച്ചിട്ടു പോകുന്ന പെണ്ണുങ്ങൾ മാത്രമല്ല ഉള്ളതെന്നു…… ഇനി തേച്ചിട്ടു പോകുന്ന പെണ്ണുങ്ങളിൽ പോലും എവിടെ എങ്കിലും നൻമ ഉണ്ടാകുമെന്നു, ഇത്രയും കാലം നല്ല പെണ്ണുങ്ങളെ കണ്ടാൽ അവരിൽ എന്തെങ്കിലും തിന്മ കണ്ടെത്തി കുറ്റപ്പെടുത്താൻ ആയിരുന്നു ഇഷ്ടം പക്ഷെ ഇപ്പോൾ എല്ലാവരിലും എന്തൊക്കെയോ നന്മ കാണാൻ കഴിയുന്നു അപ്പോൾ സത്യത്തിൽ പെണ്ണുങ്ങൾക്ക്‌ അല്ലായിരുന്നു പ്രശ്നം, പ്രശ്നം എന്റെ കണ്ണുകൾക്ക്‌ ആയിരുന്നു…… അന്ന് ജോലി കഴിഞ്ഞു വീട്ടിൽ ചെന്നിട്ടു ഞാൻ പ്രിയയെ എന്റെ അടുത്തേക്ക് വിളിച്ചിട്ട് ചോദിച്ചു…

“” എന്നോട് ദേഷ്യം ഉണ്ടാകുമെന്നു അറിയാം കാരണം അത്രയും വലിയ പോക്രിത്തരം ആണ് ഞാൻ ചെയ്തു കൂട്ടിയത് ….. എന്നോട് പൊറുക്കാൻ ആകുമെങ്കിൽ എന്നെ സ്നേഹിക്കാൻ ആകുമെങ്കിൽ ഇനി മുതൽ പ്രിയ എന്റേത് മാത്രം ആയിരിക്കും… “”

എന്റെയൊരു വാക്ക് കേൾക്കാൻ നോക്കി ഇരിക്കും പോലെയവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു അപ്പോൾ ഞാൻ ആലോചിച്ചു എന്നെ തേച്ച ശ്രേയ എന്നോട് ചെയ്ത നന്മ വീട്ടിൽ നിന്നും ഇറങ്ങി കല്യണം കഴിക്കാൻ തീരുമാനിച്ചു എല്ലാം റെഡി ആക്കിയിട്ട് അവസാനം നാട്ടുകാരുടെയും വീട്ടുകാരുടെയും മുൻപിൽ എന്നെ നാറ്റിച്ചു ഇറങ്ങി വരാതെയിരുന്നതാണെന്നു എനിക്ക് തോന്നി….ഒരുമിച്ചു കെട്ടിപിടിച്ചു കിടന്നപ്പോൾ ഞാൻ അവളോടു ചോദിച്ചു…

“” അല്ല പ്രിയേ എനിക്കൊരു സംശയം, ആദ്യം വന്നപ്പോൾ തന്നെ നിനക്കു എന്നെ തിരിച്ചു ഉപദ്രവിച്ചു കൂടാരുന്നോ എന്തിനാണ് എന്റെ ഉപദ്രവം ഏറ്റു വാങ്ങിയത്…. “”

ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞു

“” ആദ്യം വന്നപ്പോൾ എനിക്ക് ഭർത്താവ് ദൈവത്തെ പോലെ ആയിരുന്നു അതുകൊണ്ട് മുൻപിൽ കൈകൂപ്പാൻ മാത്രമേ ആഗ്രഹിച്ചുള്ളു പക്ഷെ ദൈവം ഇല്ലന്ന് വിമലേട്ടൻ അല്ലേ പറഞ്ഞത് അതുകൊണ്ട് രണ്ടാമത് വന്നപ്പോൾ ഭർത്താവിനെ ഭർത്താവ് ആയി കണ്ടു അതുകൊണ്ട് ഇങ്ങോട്ട് എങ്ങനെ ആണോ അങ്ങനെ തന്നെ അങ്ങോട്ടും, എന്നും പറഞ്ഞു സ്നേഹത്തോടെ എന്റെ ഏട്ടൻ എന്തെങ്കിലും ചെയ്താൽ ഞാൻ തിരിച്ചു ഒന്നും ചെയ്യില്ല കേട്ടോ അതോർത്തു പേടിക്കേണ്ട…. പിന്നെ രണ്ടാമത് വരാൻ കാരണം ഏട്ടന്റെ അമ്മയാണ് അമ്മക്ക് ഞാൻ വാക്ക് കൊടുത്തിരുന്നു ഞാൻ നന്നാക്കി എടുക്കുമെന്ന് ഈ താന്തോന്നിയെ….””

എന്റെ നെഞ്ചിലെ രോമങ്ങളിൽ വിരലുകൾ മീട്ടികൊണ്ട് അവളെന്റെ കവിളുകൾ ഉമ്മകൾ കൊണ്ടു മൂടി എന്നിട്ട് ചോദിച്ചു…

“”അതെ വിമലേട്ടനെ ഇത്രയും ക്രൂരനാക്കാൻ വേണ്ടി ആ പെണ്ണ് എന്താണ് ചെയ്തത്…. “”

“” എന്റെ പൊന്നു പ്രിയേ ചെറിയൊരു തേപ്പ് പക്ഷെ ഇപ്പോൾ എനിക്ക് അറിയാം തേച്ച അവൾ അല്ല എന്നെ ക്രൂരൻ ആക്കിയത് ഞാൻ തന്നെ ആയിരുന്നുവെന്ന്, ഇനി നമ്മുടെ ജീവിതത്തിൽ ആ നശിച്ച നാളുകളെ കുറിച്ചുള്ള ഓർമ്മകൾ വേണ്ട പ്രിയേ…””

“” ഇല്ല വിമലേട്ട ഒരിക്കലും ഇല്ല, നമ്മൾ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടു സ്വർഗത്തിൽ ഇരുന്നെങ്കിലും ഏട്ടന്റെ അമ്മ സന്തോഷിക്കട്ടെ…. “”

ശുഭം