ഭർത്താവ് മരിച്ച അവളെ പരിചയപ്പെടുന്നത് ഒരു സെമിനാറിൽ വെച്ചായിരുന്നു. അന്ന് ഭർത്താവ് മരിച്ച് ചെറിയ കുട്ടിയുമായി തനിച്ചു ജീവിക്കുന്ന ശ്രീജയോട് എന്തോ വല്ലാത്ത അലിവ് തോന്നി…

പെണ്ണ്

Story written by NAYANA SURESH

ഭാര്യക്ക് ഉറക്കഗുളിക കൊടുത്ത് മയക്കിയത് അവളായിരുന്നു….ഒന്നുമറിയാത്തതുകൊണ്ട് അന്ന് വിരുന്നിനു പോയപ്പോൾ ശ്രീജ നൽകിയ കറികളെല്ലാം കൂട്ടി അവൾ വയറുനിറയെ ഊണു കഴിച്ചു..എല്ലാമറിയാമായിരുന്നിട്ടും ശ്രീജയുടെ ഒരു പ്രവർത്തിയെയും ഞാൻ എതിർത്തില്ല …

കല്യാണം കഴിഞ്ഞ് ആദ്യ വിരുന്ന് ശ്രീജയുടെ വീട്ടിലേക്കായിരുന്നു … അതങ്ങനെ തീരുമാനിച്ചും അവളായിരുന്നു … ഭർത്താവ് മരിച്ച അവളെ പരിചയപ്പെടുന്നത് ഒരു സെമിനാറിൽ വെച്ചായിരുന്നു .അന്ന് ഭർത്താവ് മരിച്ച് ചെറിയ കുട്ടിയുമായി തനിച്ചു ജീവിക്കുന്ന ശ്രീജയോട് എന്തോ വല്ലാത്ത അലിവ് തോന്നി … ഒരു ചെറിയ പരിചയത്തിൽ നിന്നും അത് സൗഹൃദത്തിലേക്ക് പിന്നീട് പ്രണയത്തിലേക്കും എത്തി…

എന്നെക്കാൾ മൂത്തതായിരുന്നു ശ്രീജ … എങ്കിലും മറ്റൊന്നും വിഷയമാകാതെ ഞങ്ങളുടെ പ്രണയം നീണ്ടു പോയി .. മറ്റൊരു വിവാഹത്തെ കുറിച്ച് ഒരിക്കലും ചിന്തിക്കണമെന്ന് തോന്നിയില്ല ..

ഇരുട്ടിനെ കൂട്ടുപിടിച്ച് പല രാത്രികളിലും ഞങ്ങൾ ഒന്നായി .. കാമുകി എന്നതിനപ്പുറം അവൾ ഭാര്യയായി .. എങ്കിലും ഒരു കല്യാണത്തിൽ ഇതെത്തുമെന്ന ഉറപ്പ് രണ്ടു പേർക്കുമില്ല ,,

കൂടെ ജോലി ചെയ്യുന്നവർക്കിടയിലും വീട്ടിലും തന്റെ അനിയനെപ്പോലെയാണവനെന്ന് വിശ്വസിപ്പിച്ചും , മറ്റൊരു മതത്തിൽപ്പെട്ടതും ,ശ്രീജ രണ്ടാം കെട്ടുകാരിയായതും വിനയായി …രണ്ടു വീട്ടുകാരെയും വിഷമിപ്പിച്ച് ഒരു കല്യാണത്തിലേക്ക് എടുത്തു ചാടാനും എന്തോ കഴിയുമായിരുന്നില്ല ..

അതിനു കണ്ടു പിടിച്ച വഴിയാണ് അയാളെയും രണ്ടാം കെട്ടുകാരനാക്കുക എന്നത് … അവളുടെ ആ തീരുമാനത്തിന് അവനും കൂട്ടുനിന്നു..

………………

ഏതെങ്കിലും ഒരു പെണ്ണിനെ കെട്ടുക … കാരണങ്ങൾ കണ്ടെത്തി ഒഴിവാക്കുക ….

അങ്ങനെ ബാല്യം അത്ര മാത്രം ധാരുണമായ , കഥകളെ അത്ര മാത്രം പ്രണയിച്ച… ഒരു ജീവിതം മോഹിച്ച് മായ അരുണിന്റെ ഭാര്യയായി കടന്നു വന്നു . സ്വപ്നങ്ങളൊക്കെ തകർത്ത് അവളെ ഒഴിവാക്കാൻ അവർ ഓരോരോ കാരണങ്ങൾ കണ്ടെത്തി .. പലരുടെ മുന്നിലും കുറ്റപ്പെടുത്തി …. എങ്കിലും എല്ലാ പെണ്ണിനെ പോലെയും ഒക്കെ ശരിയാവുമെന്ന ധാരണ അവളിലും ഉണ്ടായിരുന്നു ..അവളെയാണ് ഇന്ന് തന്റെ കാമുകിയുടെ വീട്ടിൽ വെച്ച് താൻ പറ്റിക്കാൻ പോകുന്നത് …

ഉറക്കഗുളികയുടെ ആലസ്യത്തിൽ അവൾ ഉറങ്ങി … ഇതൊന്നും ചെയ്യാൻ മനസ്സെന്തോ അനുവദിക്കാത്ത പോലെ ,, ഉള്ളിൽ മായയോട് ഒരുപാടിഷ്ടമുണ്ട് .. ശ്രീജ പറഞ്ഞ പോലെ താലികെട്ടി കാരണം കണ്ടെത്തി വലിച്ചെറിയാൻ എന്തോ പറ്റുന്നില്ല …

ആ രാത്രി ശ്രീജ എന്നോട് ചേർന്നിരുന്നു ..

എന്നാ അരുൺ നമ്മളൊന്നിച്ച് ഇനി ഒരു ദിവസം ?

ഇതൊന്നും ശരിയാവില്ല ശ്രീജ , എനിക്ക് പറ്റുന്നില്ല ..

എന്താപ്പോ നീ ഇങ്ങനെ

നീ വിചാരിക്കണപോലെ അവളെ ഒഴിവാക്കാൻ വയ്യ .. നോക്ക് , അവൾ ഉണരും മുൻപ് എനിക്ക് മുറിയിലേക്ക് ചെല്ലണം

ഇപ്പോ അങ്ങനായോ …. ഇതൊന്നും അല്ലല്ലോ മുന്നെ പറഞ്ഞെ …

ശ്രീജ പൊട്ടി കരഞ്ഞു … ഒന്നും പറയാതെ അരുൺ അവളെ ആശ്വാസിപ്പിച്ചു….എന്തോ തൊണ്ട വറ്റുന്ന പോലെ ,,, ഏതാണ് ശരി , ഏതാണ് തെറ്റ് …. അവൻ ജഗിലെ വെള്ളം ഒറ്റ വലിക്ക് കുടിച്ച് തീർത്തു ….

………………………..

വർഷങ്ങൾക്കിപ്പുറം പത്രത്തിൽ മായ എന്ന എഴുത്തുകാരിക്ക് കിട്ടിയ അവാർഡും അവളെ കുറിച്ചുള്ള വിവരണവും വായ്ച്ചപ്പോൾ നെഞ്ചിന് വലിയ കനം …

എത്ര പെട്ടെന്നാണ് അവൾ പട്ടമായി ഉയർന്നത് …

അന്നു രാത്രി ആ വെള്ളത്തിൽ അവൾ ഉറക്ക ഗുളിക ചേർത്തിരുന്നോ ? അറിയില്ല ,,, രാവിലെ ഞാനുണരുമ്പോൾ എന്റെ അടുത്ത് ശ്രീജയാണ് … ചാടിപ്പിടഞ്ഞ് വാതിൽ തുറന്നപ്പോൾ പുറത്ത് നിർവികാരയായി മായയുണ്ട്

വല്ലാത്ത ഒരവസ്ഥയായിരുന്നു അന്നവൾക്ക് … ഒന്നും പറയാനില്ലാതെ ഞാനവൾക്ക് മുന്നിൽ നിന്നു … അവളുടെ കണ്ണുകൾക്ക് അത്ര മാത്രം തീക്ഷ്ണതയുണ്ടായിരുന്നു അപ്പോൾ … കെട്ടിയ താലി പൊട്ടിച്ച് എന്റെ മുഖത്തെറിഞ്ഞ് അന്നു പോയതാണവൾ പിന്നെ കണ്ടില്ല …

പക്ഷേ കൺമുന്നിൽ അവൾ വളർന്നു … എഴുത്തുകാരിയായി തന്റെ ജീവിതം കഥയാക്കി എഴുതിയ പുസ്തകത്തിന് ഇന്നവൾക്ക് അവാർഡ് കിട്ടിയിരിക്കുന്നു…..വില്ലനായി ഞാനുമുണ്ട് ആ പുസ്തകത്തിൽ ….. അതിനവൾ പേരിട്ടു….

പെണ്ണ് ….

(അറിയാവുന്ന ഒരു ജീവിതം എന്റെ ഭാവനയിൽ )

വൈദേഹി…..