നിന്റെ പേര് പറയുമ്പോഴേ നീട്ടി തുപ്പുവാ എന്റെ മോൾ…ഇത്രയും കാലം ഇല്ലാത്തൊരു പ്രേമത്തിന്റെ പേരിൽ എന്റെ മോളേ നാറ്റിച്ചില്ലേ നീ…

മോഹം

Story written by Indu Rejith

പട്ടി മോങ്ങണപോലെ മോങ്ങീട്ടൊന്നും ഒരു കാര്യവുമില്ല ഉണ്ണി…

അവളെ വകതിരിവ് ഉള്ള പെണ്ണാ….കോട്ടക്കലെ പെണ്ണിനെ കെട്ടാനുള്ള പൂതി അങ്ങ് ആറ്റുവെള്ളത്തിൽ ഒഴുക്കുന്നതാ നല്ലത്…..

തൊലി വെളുപ്പ് കണ്ടു മയങ്ങണ അവളുമാര് ഈ നാട്ടിലുണ്ടാവും…

എന്റെ മോളേ നീ ആ കൂട്ടത്തിൽ കൂട്ടണ്ട…തേവരെ നീ നൂറു ജന്മം കുളിച്ചു തൊഴുതാലും അവൾ നിനക്ക് കഴുത്തു നീട്ടില്ല…..

കോളേജ് അദ്ധ്യാപികയെ കേറി പ്രേമിച്ച ജെസിബി ഡ്രൈവർ ഹാ തുഫ്ഫ്….

നിന്റെ പേര് പറയുമ്പോഴേ നീട്ടി തുപ്പുവാ എന്റെ മോൾ…ഇത്രയും കാലംഇല്ലാത്തൊരു പ്രേമത്തിന്റെ പേരിൽ എന്റെ മോളേ നാറ്റിച്ചില്ലേ നീ…

വേണിയുടെ അമ്മ ഇതൊക്കെ പറയുമ്പോഴൊന്നും എനിക്ക് മറുപടി ഇല്ലായിരുന്നു…പറമ്പിൽ മണ്ണെടുക്കാൻ പോയവൻ അവിടുത്തെ പെണ്ണിനെ മോഹിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കൂ…

ഞാനായിട്ട് അവളുടെ ജീവിതം നശിപ്പിക്കില്ല….അമ്മ പൊയ്ക്കോ…

ഇഷ്ടം തോന്നി പോയി…അർഹിക്കാത്തത് ആണെന്ന് അറിയാം….ബുദ്ധിമുട്ടിച്ചതിനൊക്കെ ആ കുട്ട്യേ നേരിൽ കണ്ടു മാപ്പ് പറയാനിരിക്കുവാ ഞാൻ…

സദാ സമയവും കള്ളുനാറണ നിന്റെ വായിന്ന് വെളിവുള്ള ഒരു കൂട്ടം ഞാൻ ആദ്യായിട്ട് കേൾക്കുവാ…

കള്ളോ…

ഇല്ലാത്തത്കൂടി പറയല്ലേ അമ്മേ ഞാനിത് വരെ കൈ കൊണ്ട് തൊട്ടിട്ടില്ല അതൊന്നും…

അതൂടൊക്കെ തൊടങ്ങ് അപ്പോ നിന്നേ പോലുള്ളവന്മാരെ തമ്പുരാൻ മനസ്സറിയാതങ്ങു കൊണ്ട് പോകും…

വരുന്ന ഞായർ ആണ് കല്യാണം…നീ വരണം….നിന്നേ ക്ഷണിച്ചത് കല്യാണം കൂടാനല്ല..ചവറു മൂടാൻ ഓഡിറ്റോറിയത്തിന്റെ വളപ്പിൽ ഒരു കുഴി മാന്തണം…അതിന് നീ തന്നെ വേണമെന്ന് മോൾക്ക് നിർബന്ധമാ…

നിനക്കത്തിനുള്ള യോഗ്യതയെ ഉള്ളെന്ന് കൂട്ടിക്കോ…

ആദ്യമായി അവൾ ക്ഷണിച്ചതല്ലേ ഞാൻ ഉണ്ടാവും അവിടെ…

കുറിതൊടീക്കാൻ ആയിരുന്നു മോഹം കുഴി വെട്ടാനാണ് വിധി….ഒരു ചിരിയും പാസ്സാക്കി അവർ അവിടുന്ന് പോയി…

നാട്ടിൽ ഹിറ്റായ ഒരു വൺവേ പ്രേമം ക്ലൈമാക്സിനോട് അടുക്കുന്നു…കേറണ ചായക്കടയിലെ ഭിത്തിയിൽ പോലും തന്നെ ഒരിക്കൽ പോലും മൈൻഡ് ചെയ്യാത്ത ഒരുത്തിയുടെ പേരിൽ കവിത കുറിച്ച കാമുകൻ, പോങ്ങൻ, കിറുക്കൻ, അങ്ങനെ അങ്ങനെ അവളുടെ പേരിൽ ചാർത്തപ്പെട്ട എണ്ണമില്ലാത്ത ചെല്ലപ്പേരുകൾ…

പട്ടട വരെ അത്‌ അങ്ങനെ ഉണ്ടാവും….ഉണ്ടാവണം…

നിറഞ്ഞ മിഴികളെ കൈലിയുടെ തലപ്പുകൊണ്ട് കൂടെ കൂടെ തുടച്ചു…

തന്തയില്ല തള്ളയില്ല… ആകെ ഉള്ളതെന്താ പ്രേമം ആർക്കും ആരോടും തോന്നാവുന്ന പ്രേമം…തത്ത്വങ്ങളൊക്കെ പറയാൻ കൊള്ളാം…തോന്നേണ്ടവരോടെ പ്രേമം തോന്നാവൂ അല്ലെങ്കിൽ ഇതൊക്കെയാണ് സ്ഥിതി…

ഞായർ കാലത്ത് തന്നെ അമ്പലത്തിലെ ഓഡിറ്റോറിയത്തിന്റെ ചരുവിൽ ആഴത്തിൽ തന്നെ ഒരു കുഴിയങ്ങു മാന്തി…എന്റെ മോഹങ്ങൾക്കും എച്ചിലിലകൾക്കും ഒരെ സ്ഥാനം ആയിരുനെന്ന് നേരിട്ടറിഞ്ഞ നിമിഷങ്ങൾ…

ചെറുക്കൻ ആ നാട്ടുകാരൻ തന്നെ ആയിരുന്നതിനാൽ വിവാഹത്തിന് പൊതുവെ തിരക്ക് കുറവ്…ദൂരെ നിന്നാലും പുതുമോടിയിൽ അവളെ ഒരു നോക്ക് കാണാം…അതുമതി….

കെട്ടു കഴിഞ്ഞ് മണവാളനൊപ്പം പുറത്തേക്ക് ഇറങ്ങിയ അവളുടെ മുഖത്ത് ഒരു തെണ്ടിയെ തോൽപിച്ചതിന്റെ ആത്മനിർവൃതി മാത്രമാണ് പൂത്തുനിന്നത്…..

ആ ചിരിയും അവൾക്ക് അഴകാണെന്നു ഞാനും…

ചില കാമുകന്മാർക്ക് അങ്ങനെ തോന്നു…ഈ എന്നേ പോലെ….

അവൾക്കായി വാങ്ങിയ താലി അമ്പലത്തിന്റെ കാണിക്ക വഞ്ചിയിലിട്ട് ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു…ഇനി അതിന്റെ ആവിശ്യം ഇല്ലല്ലോ… എല്ലാം അവസാനിച്ചത് പോലെ…

ദിനങ്ങൾ പലതു കടന്നു… നെറുകയിൽ സിന്ദൂരവും… മുടിയിൽ ഒരു കുഞ്ഞ് റോസാപ്പൂവും ചൂടി കെട്ട്യോനോപ്പം ഒരു ബുള്ളറ്റിൽ ഇടയ്ക്ക് ഇടയ്ക്ക് അവൾ അമ്പലത്തിൽ വരാറുണ്ടായിരുന്നു…

എന്തിനെന്നറിയാതെ…ആലിനു മറഞ്ഞു നിന്ന് ഞാനും ആ കാഴ്ച കാണും…

പിന്നെ പിന്നെ അവൾ ഒറ്റയ്ക്കായി വരവ്…പതിയെ പതിയെ അവളിലെ സന്തോഷത്തിന്റെ മിന്നലാട്ടങ്ങൾക്ക് പകിട്ടു കുറയുന്നത് ഞാൻ കണ്ടിരുന്നു…നിറ മിഴിയോടെ പടികൾ കയറിപോകുന്ന അവളുടെ കാലുകൾക്ക് പഴയ വേഗത നഷ്ടപ്പെട്ടിരുന്നു…കരിനീലിച്ച കഴുത്തിൽ ഒരു നൂല് മാല അതിന് താങ്ങാവുന്നതിനപ്പുറം ഭാരമായി ഒരു മിന്ന്…

എന്നേ കാണുമ്പോൾ ആ പഴയ പുച്ഛ ഭാവം കുറഞ്ഞു കുറഞ്ഞു വന്നിരുന്നു…

പിന്നീട് ഒരു സന്ധ്യ നേരത്ത് അന്നു ഞാൻ ചെയ്തത് പോലെ കഴുത്തിലെ താലി കാണിക്ക വഞ്ചിയിലേക്ക് ഇട്ട് തിരികെ നടക്കുന്നത് കണ്ടു…ഞാൻ നടന്ന അതേ നടത്തം…

എന്ത് പറ്റിയെന്നു അന്യോഷിക്കണമെന്ന് ഉണ്ടായിരുന്നു…മോശവസ്ഥയിൽ അവളെ നോവിക്കാൻ ചെന്നതാണെന്നു കരുതിയാലോ എന്നോർത്ത് ചോദിച്ചില്ലെന്നു മാത്രം..

ആ മനസ്സ് നോവുമ്പോൾ ഇന്നും എനിക്ക് നോവുന്നതു പോലെ…

പിറ്റേന്ന് കേട്ടു കോട്ടക്കലെ വേണിയെ കാണാനില്ലെന്ന്…നെഞ്ചിൽ ഒന്ന് കൈ ചേർത്ത് വെച്ചു ഞാൻ സർവ്വ ദൈവങ്ങളെയും വിളിച്ചു പോയിരുന്നു…എന്റെ പെണ്ണ്….

അവളെവിടെ പോകാൻ…എങ്ങും പോകില്ല… പോകാൻ അനുവദിക്കില്ല…

വേണിയെ കാണാതായതോടെ അതുവരെ കോട്ടക്കലെ തറവാടിനുള്ളിൽ ഒതുങ്ങിയ വിവരങ്ങൾ പലതും നാട്ടിൻപുറത്തു വാർത്തയായി…പരസ്ത്രീ ബന്ധമുള്ള അവളുടെ യോഗ്യനായ ഭർത്താവ് അവളെ ഉപദ്രവിച്ചിരുന്നു പോലും…പലരുടെയും മുന്നിൽ അവളെ ഒരുക്കി നിർത്തിയിരുന്നു പോലും…സഹികെട്ടു ചത്തു കാണും ആ പെണ്ണ്…

കവലയിൽ ആരോ പറഞ്ഞു…

അമ്പലക്കടവിൽ മുങ്ങിയും പൊങ്ങിയും പലരും അരിച്ചു പെറുക്കുന്നുണ്ടായിരുന്നു….പൊടി പോലും കിട്ടിയില്ല….ഒന്ന് രണ്ടു ദിവസത്തിന് ശേഷം ഓഡിറ്റോറിയത്തിന്റെ ചരുവിലെ എച്ചിൽ കുഴിയിൽ ചാവാലി പട്ടികൾ കുരച്ചു കൊണ്ട് ചാടി വീഴുന്നത് കണ്ട് പലരും കൂട്ടം കൂടി…നിലവിളിച്ച് അവളുടെ അമ്മയും അവിടെത്തി…

സാരിയുടെ ഒരറ്റം അവറ്റകൾ കടിച്ചു പുറത്തിട്ടിരുന്നു…വേണി ആണെന്ന് ഉറപ്പായത്തോടെ ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു. എനിക്ക്…ജെസിബി കൊണ്ട് വന്ന് അഴുക്ക് നീക്കാൻ ആരൊക്കെയോ എന്നോട് പറഞ്ഞിരിരുന്നു…

അവളെ തോണ്ടിയെടുക്കാനോ…

ദേഹത്തു കൊണ്ടാൽ അവൾക്ക് നോവില്ലേടാ..ഞാൻ ഇറങ്ങി എടുത്തോളാം ചീഞ്ഞാലും പഴുത്താലും എനിക്ക് ഉപേക്ഷിക്കാൻ പറ്റില്ല…

കുഴിയിലേക്കിറങ്ങി എച്ചില് വകഞ്ഞു മാറ്റി ഒടുവിൽ വേണിയെ കണ്ടെത്തി….

എന്തേ പുച്ഛിക്കുന്നില്ലേ ഇന്നെന്നെ…

അവന്റെ ചോദ്യം കേട്ടതും…കൂടിനിന്നവരുടെ ഇടയിൽ നിന്ന് അവളുടെ അമ്മയുടെ നിലവിളി ഉയർന്നിരുന്നു…

ഇനി നിങ്ങൾ കരയരുത് അതിനുള്ള യോഗ്യത നിങ്ങൾക്കില്ല…

ചോദിച്ചതല്ലേ ഞാൻ തന്നില്ലല്ലോ എനിക്ക്…അറിയിക്കണ്ടവരെ അറിയിക്ക് അല്ലെങ്കിൽ ആ കൊലപാതകി എങ്ങോട്ടെങ്കിലും പോയി രക്ഷപെടും…

ഇവളെ ഞാൻ തരില്ല ആർക്കും…ചീയാൻ തുടങ്ങിയ മുഖത്ത് ആഴ്ത്തിൽ ചുംബിച്ചപ്പോൾ അവന്റെ കവിളിലും പുഴുവും ചലവും പടർന്നിരുന്നു…

എന്നോട് ക്ഷമിക്കട പൊന്നുമോനേ… നിനക്ക് മുന്നിൽ ഞങ്ങൾ ഒന്ന് തോറ്റി രുന്നെങ്കിൽ….

ഹേയ്…ഇനി അതൊക്കെ പറഞ്ഞിട്ട് എന്താ അമ്മേ….അവൾ പോയില്ലേ….

ശുഭം