നീ ചെറുക്കനെ നേരിട്ട് കണ്ടിട്ട് തന്നെയാണോ ഈ കല്യാണത്തിന് സമ്മതിച്ചത്, അതോ അവളെയിങ്ങനെ…

Story written by NIKESH KANNUR

ജോലിയും കഴിഞ്ഞു വൈകുന്നേരം നേരെ വീട്ടിൽ ചെന്ന് കയറിയതും പതിവില്ലാതെ അമ്മ ഉമ്മറത്തേയ്ക്ക് ചായയുമായി വന്നപ്പോ തന്നെ എന്തോ പ്രധാനപ്പെട്ട കാര്യമുണ്ടെന്ന് മനസ്സിലായി,,,

മോനെ,,നമ്മുടെ അനൂനെ കാണാൻ ഒരു കൂട്ടർ വന്നിരുന്നു,,ദേ,,അവരിപ്പോ അങ്ങോട്ടിറങ്ങിയതേയുള്ളൂ,,

ചെറുക്കന് ഗൾഫിലാണ് ജോലി,,

നാട് നീളെ പെണ്ണ് കാണാൻ നടന്നു നടന്ന് ലീവൊക്കെ തീരാറായപ്പോഴാ ഇവിടെ ഒരു കുട്ടിയുണ്ടെന്നാരോ പറഞ്ഞറിഞ്ഞതത്രെ,, അങ്ങനാ അവരിവിടെ വന്നത് ,,

അനൂനെ കണ്ടിഷ്ട്ടമായെന്നും സമ്മതമാണെങ്കിൽ നിശ്ചയമായൊരു ചടങ്ങൊന്നും വയ്ക്കാതെ എത്രയും വേഗം ഈ കല്യാണം നടത്താമെന്നും അവരറിയിച്ചിട്ടുണ്ട്,,,

നാളെ രാവിലെ തന്നെ വിവരം അവരെ അറിയിച്ചാൽ അപ്പോൾ തന്നെ ഏതെങ്കിലും ജ്യോത്സനെ കണ്ടൊരു ദിവസം കാണാമെന്നും പറഞ്ഞിട്ടുണ്ട്,,

അതിന് അവൾക്കാ ചെറുക്കനെ ഇഷ്ടമായിക്കാണുമോ അമ്മേ,,,

അവൾക്ക് സമ്മതമാ,,എനിക്കും ഇഷ്ട്ടപെട്ടു,, നല്ല ചെറുക്കനാ,,

അമ്മേ,,എന്നാലും ചെറുക്കനെയും വീട്ടുകാരെയും കുറിച്ചൊക്കെ നല്ലോണം അന്വേഷിച്ചു നോക്കീട്ട് പോരെ,,ഇത്രയും ധൃതി കൂട്ടണോ,,

കൂടുതലൊന്നുമിനി ആലോചിക്കാനില്ല,,ഞാൻ പറയുന്നത് നീ അനുസരിച്ചാൽ മാത്രം മതി,,

നിന്റെ ചേച്ചിമാരുടെ കാര്യത്തിലും അങ്ങനെത്തന്നെയായിരുന്നല്ലോ,,

ഇനിയും ഇവളെ വീട്ടിലിങ്ങനെ നിർത്താൻ പറ്റില്ല,,

വയസ്സിപ്പോ ഇരുപത്താറായില്ലേ,,

രണ്ടെണ്ണത്തിനെ കെട്ടിച്ചു വിട്ടതിന്റെ കട ബാധ്യത തീർന്നിട്ട് മതി ഇവളുടെ കല്യാണമെന്നും വിചാരിച്ചു വരുന്ന ആലോചനകളൊന്നുമെടുക്കാൻ നിൽക്കാതെ ഇപ്പൊ തന്നെ ഒരുപാട് വൈകി,,

നിന്റെ ചേച്ചിമാരെ പോലെ അവൾക്കും വേണ്ടേ ഒരു കുടുംബ ജീവിതം,,

ഈ കല്യാണമൊന്നു ഭംഗിയായി കഴിഞ്ഞു വേണം അധികം വൈകാതെ നീയെനിക്കൊരു മരുമോളെ,, അല്ല എന്റെ മോളായി തന്നെയവളെ നന്നായി നോക്കും ഞാൻ,

ഇതും പറഞ്ഞമ്മ ഒരു പുഞ്ചിരിയോടെ അടുക്കളയിലേക്ക് തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ വാതിലിനു പിന്നിൽ മറഞ്ഞു നിൽക്കുകയായിരുന്ന അനു ധൃതിയിൽ അവിടെ നിന്നും അടുക്കളയിലേക്കൊരു മിന്നായം പോലെ പോകുന്നത് ഞാൻ കണ്ടു,,

കുടുംബത്തിന്റെ നെടും തൂണായിരുന്ന അച്ഛൻ ഒരപകടത്തിൽ മരിച്ചു പോയതിനു ശേഷം, ഒന്നുമില്ലായ്മയിൽ നിന്നും അടുത്തടുത്ത വർഷങ്ങളിലായി മൂത്ത രണ്ടു പെങ്ങന്മാരുടെ കല്യാണം നടത്തിയത് പഠിത്തം നിർത്തി കൂലിപ്പണിക്കിറങ്ങിയ ഞാൻ മുൻ കൈയെടുത്തായിരുന്നു,,

മൂന്ന് പേരിലും കാണാൻ ഏറ്റവും സുന്ദരിയും പഠിക്കാൻ മിടുക്കിയുമായിരുന്നു ഞങ്ങളേവരുടെയും അനിയത്തികുട്ടി അനുമോൾ,,

അവളെയൊരു ടീച്ചറാക്കാനായിരുന്നു അച്ഛന്റെ ആഗ്രഹം,,

എം എ ഉയർന്ന മാർക്കോടെ പാസ്സായി ബി എഡിന് ആപ്ലിക്കേഷൻ കൊടുത്തു കാത്തിരിക്കുമ്പോളായിരുന്നു അച്ഛന്റെ അപ്രതീക്ഷിതമായ മരണം,,

അതോടെ കുടുംബം നോക്കേണ്ടുന്ന ബാധ്യത മുഴുവൻ എന്റെ ചുമലിലായി,,

അത് വരെയും അച്ഛൻ ഞങ്ങളെ ബുദ്ധിമുട്ടൊന്നുമറിയിക്കാതെ നോക്കിയിരുന്നത് ഒരു കമ്പനിയിലെ സെക്യൂരിറ്റി ജോലിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു,,

അച്ഛനങ്ങിനെയായിരുന്നു,,, ഒരു വിഷമവും,,ബുദ്ധിമുട്ടും ആരോടും പറയാതെ എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തിക്കൊണ്ടു പോയിരുന്നു,,

പലരുടെയും കൈയിൽ നിന്നും കടം കൂടി വാങ്ങിയായിരുന്നു ഇതൊക്കെ നടന്നിരുന്നതെന്ന് അച്ഛന്റെ മരണ ശേഷം കടം വാങ്ങിയ കാശുമതിന്റെ പലിശയും തിരിച്ചു കിട്ടാനായി കടം കൊടുത്തവർ വീട്ടിൽ കയറിയിറങ്ങാൻ തുടങ്ങിയപ്പോഴാണ് മനസ്സിലായത്,,

ഗത്യന്തരമില്ലാതെ അമ്മയുടെ പേരിൽ ആകെയുണ്ടായിരുന്ന സ്വർണ്ണവും കുറച്ചു സ്ഥലവും വിറ്റിട്ടാണ് ആ കടമൊക്കെ തീർത്തത്,,

അതിൽ ബാക്കിയുണ്ടായിരുന്ന തുകയും ബാങ്ക് ലോണും പലരിൽ നിന്നും കടം വാങ്ങിയുമൊക്കെയാ രണ്ടു പെങ്ങന്മാരെ കെട്ടിച്ചു വിട്ടത്,,

ഇനി ആകെയുള്ളത് പതിനെട്ടു സെൻറ് സ്ഥലവും, വീടും മാത്രമാണ്,,

ഇത്രയുമായപ്പോൾ,എല്ലാത്തിനും മൂക സാക്ഷിയായി തുടർന്ന് പഠിക്കാൻ പോകാതെ വീട്ടിൽ കുട്ടികൾക്ക് ട്യൂഷനൊക്കെയായി അവൾ സ്വയം ഒതുങ്ങി കൂടുകയായിരുന്നു,,,

എല്ലാവരെയും പോലെ ഞാനും എത്ര നിർബന്ധിച്ചിട്ടും ഇനി പഠിക്കാൻ പോകുന്നില്ലെന്ന പിടിവാശിയിലവൾ ഉറച്ചു നിന്നത് ഈ കുടുംബം നോക്കാനും കടം വീട്ടാനും അവളുടെ ഈ ഏട്ടൻ അനുഭവിക്കുന്ന കഷ്ട്ടപ്പാടോർത്താണെന്നു ഉള്ളിന്റെയുള്ളിൽ ഞാനറിയുന്നുണ്ടായിരുന്നു,,

ഏതെങ്കിലും കാര്യത്തിൽ സ്വന്തമായി ഒരിഷ്ട്ടമൊ വാശിയോ,,പരാതിയോ ഒരിക്കലും കാണിക്കാത്തവൾ,,

വീട്ടിൽ എന്തുണ്ടാക്കിയാലും എല്ലാവരും കഴിച്ച ശേഷം മാത്രം സംതൃപ്തിയോടെ കഴിക്കുന്നവൾ,,

തുടങ്ങി ഏതു കാര്യത്തിലായാലും അമ്മയോടും സഹോദരങ്ങളോടുമുള്ള കരുതലും സ്നേഹവും കാരണം എല്ലാവർക്കും അവളെ അത്രയ്ക്കിഷ്ട്ടമായിരുന്നു,,

അന്ന് രാത്രി ഭക്ഷണം കൊണ്ട് വച്ചു വന്ന് വിളിച്ചപ്പോൾ എന്നത്തേയും പോലെ എനിക്ക് വിളമ്പി തന്ന് കഴിപ്പിക്കാൻ ഒരുങ്ങിയവളെ ഞാൻ കൂടെ പിടിച്ചിരുത്തി അന്നാദ്യമായി ഒരു പ്ളേറ്റിൽ അവൾക്കും വിളമ്പി കൊടുത്തു,,

ഇതും കണ്ടു വന്ന അമ്മ ഞങ്ങൾക്കരികിലായിരുന്നു,,

പരസ്പരം മുഖത്തോടു മുഖം നോക്കുമ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു,,

ഇടതു കൈ കൊണ്ട് കണ്ണീർ തുടച്ചു കൊണ്ട് ഇടറിയ ശബ്ദത്തിൽ ചെറുക്കൻ കാണാനെങ്ങിനെ,, നിനക്കിഷ്ട്ടായോ എന്നവളോടു ചോദിച്ചപ്പോൾ,ഉവ്വെന്ന അർത്ഥത്തിലവൾ തല കുലുക്കി,,

ഒരുരുള ചോറ് അവൾക്കായി വച്ച് നീട്ടിയപ്പോൾ അത്ഭുതത്തോടെ എന്റെ കണ്ണിലേക്കവൾ ഒരു നിമിഷം സൂക്ഷിച്ചു നോക്കി,,

പിന്നെ ഒരു ചെറു വിതുമ്പലോടെ ഒരു കൊച്ചു കുഞ്ഞിനെ പോലെയവൾ വാ തുറന്നു കാണിച്ചു,,,

അയ്യടാ,, അത്ര കുഞ്ഞാവണ്ട ട്ടാ,,മോള് ഒറ്റയ്ക്ക് വാരി തിന്നാൽ മതിയെന്നും പറഞ്ഞു ഞാൻ കൈ പിൻവലിക്കാൻ തുടങ്ങിയപ്പോൾ അവളെന്റെ കൈയിൽ ബലമായി പിടിച്ചു വലിച്ചാ ഉരുള വായിലാക്കി,,

ഇത് കണ്ടു അമ്മയും ഞാനും അവളും കണ്ണീരിനിടയിലൂടെ പൊട്ടി ചിരിച്ചു,,,

പിറ്റേന്ന് രാവിലെ തന്നെ ചെറുക്കന്റെ അച്ഛനെ വിളിച്ചു സമ്മതം അറിയിച്ചു,,

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു,,

തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന കൊച്ചച്ചന്റെ നേതൃത്വത്തിൽ കുടുംബക്കാരും അയൽവാസികളായ മൂന്നാല് പേരും ചേർന്ന് ചെറുക്കന്റെ വീട്ടിൽ ചെന്ന് ചെറുക്കനേം കണ്ട് അവരുടെ കുടുംബക്കാരോടൊക്കെ സംസാരിച്ചവിടെ നിന്നും ജ്യോത്സനേം കണ്ടു കല്യാണ തീയതിയും കുറിച്ചിങ്ങു തിരിച്ചെത്തി,,

വെറും പതിനഞ്ചു ദിവസത്തെ കുറഞ്ഞ സമയത്തിനുള്ളിൽ കല്യാണത്തിനായി ഇനി ആകെയുള്ള ഈ വീടിന്റെയും പതിനെട്ടു സെന്റ് സ്ഥലത്തിന്റെയും രേഖ പണയം വച്ച് കാശ് റെഡിയാക്കുന്നത് മുതൽ ഒരുപാട് കാര്യങ്ങൾ എനിക്ക് ഒറ്റയ്ക്ക് ചെയ്തു തീർക്കാനുണ്ടായിരുന്നു,,,

അങ്ങനെ കല്യാണ ദിവസമായി,,

താലി കെട്ടാൻ കതിർ മണ്ഡപത്തിലേക്ക്‌ കയറി വന്നപ്പോഴാണ് ഞാനാദ്യമായി ചെറുക്കനെ കാണുന്നത്,,

ചെറുക്കനെ കണ്ടപ്പോൾ തന്നെ ഞാൻ ഞെട്ടി പോയി,,,

ചെറുക്കനെ കാണാനൊരു ലുക്കില്ല,,

നല്ല ആരോഗ്യവാനാണെങ്കിലും ഒരു വല്ലാത്ത കോലം,,

കാഴ്ചയ്ക്ക് അവൾക്ക് ഒരു തരത്തിലും ചേരാത്ത ചെറുക്കൻ ,

അന്ന് കല്യാണം ഉറപ്പിക്കാൻ പോകുന്നവരുടെ കൂടെ ചെറുക്കനെ കാണാൻ ഞാനും പോയിരുന്നെങ്കിൽ ഇത് നടക്കില്ലായിരുന്നു,,,

ചെറുക്കനും പെണ്ണും ചേർന്നു നിന്നപ്പോൾ തന്നെ പന്തലിൽ പലരുടെയും മുഖം ചുളിഞ്ഞു,,,

കല്യാണം കൂടാൻ വന്നെത്തിയവരിൽ അവൾക്കായി മുൻപ് പലപ്പോഴായി ഒരുപാട് ആലോചനകൾ കൊണ്ട് വന്നവരുമുണ്ടായിരുന്നു,,,

അവരുടെ മുഖത്തെ ആ പുച്ഛ ഭാവം കണ്ടപ്പോൾ പിന്നെ ഞാൻ അങ്ങോട്ടൊന്നും ശ്രദ്ധിക്കാൻ പോയില്ല,,

ചേച്ചിമാർ രണ്ടാളും അവരുടെ ഭർത്താക്കന്മാരും എന്നെ അടുത്തേയ്ക്ക് വിളിച്ചു നീ ചെറുക്കനെ നേരിട്ട് കണ്ടിട്ട് തന്നെയാണോ ഈ കല്യാണത്തിന് സമ്മതിച്ചത്,,,അതോ,അവളെയിങ്ങനെ ആരുടെയെങ്കിലും തലയിൽ കെട്ടി വച്ചൊഴിവാക്കാനായിരുന്നോ ഉദ്ദേശിച്ചത് എന്ന് കൂടി ചോദിച്ചപ്പോൾ ഞാൻ അവിടെ തളർന്നു വീഴുമെന്ന് തോന്നി,,

പോകാൻ നേരം എന്റെ കൈപിടിച്ചു കൊണ്ടവൾ കരഞ്ഞപ്പോൾ ഞാനവളെ ചേർത്ത് പിടിച്ചു,,,

ചെറുക്കനെ നിനക്കിഷ്ട്ടപ്പെട്ടെന്ന് നീയെന്നോടന്ന് കള്ളം പറഞ്ഞതായിരുന്നോ മോളെയെന്നു ചോദിച്ചപ്പോൾ,,

പൊട്ടിക്കരഞ്ഞുകൊണ്ട്, “എല്ലാം എന്റെ വിധിയാണേട്ടാ”, എന്നുള്ള അവളുടെ ആ മറുപടി എന്നെ വീണ്ടും തകർത്തു,,,

എന്നോട് യാത്ര പറയാനൊന്നും നിൽക്കാതെ കെട്ടിയോനെയും കൂട്ടി ചേച്ചിമാര് രണ്ടും അവരവരുടെ വീട്ടിലേക്ക് മടങ്ങി പോയപ്പോൾ മനസ്സിലായി,,ഞാൻ എല്ലാവർക്കും വെറുക്കപ്പെട്ടവനായെന്ന്,,,

അമ്മയുടെ വാശിയായിരുന്നു ഈ കല്യാണം,, ഒടുക്കം പഴി മൊത്തം കേൾക്കുന്നത് ഞാനും,,

അന്നാദ്യമായി ആ രാത്രി ഞാൻ അമ്മയോട് വഴക്കുണ്ടാക്കി,,,

ഒന്നും മിണ്ടാതെ എല്ലാം കേട്ട് ഉമ്മറത്തെ ചാരൂ പടിയിൽ കണ്ണീർ വാർത്തുകൊണ്ട് അമ്മയിരുന്നു,,

കല്യാണം കഴിഞ്ഞൊരാഴ്ച്ച കഴിഞ്ഞപ്പോൾ പെങ്ങളും അളിയനും അവരുടെ കുറച്ചു ബന്ധുക്കളും വീട്ടിൽ വിരുന്നിന് വന്നു,,

കുറ്റബോധം കൊണ്ട് അവളുടെ മുഖത്ത് നോക്കാൻ വയ്യാതെ മാറി നടന്നയെന്നെ അവൾ പിന്നാലെ വന്നൊടുവിൽ പിടികൂടി,,,

എന്റെ പൊന്നേട്ടാ,, ഇതെന്തിനാ ഇങ്ങനെ മാറി നടക്കുന്നതെന്നെനിക്കറിയാം,,,

എന്നാൽ ഏട്ടൻ മനസ്സിൽ കരുതിയത് പോലെയല്ല കാര്യങ്ങൾ,,,എല്ലാം ഞാൻ അമ്മയോടും ചേച്ചിമാരോടും ഇപ്പോൾ തുറന്നു പറഞ്ഞതേയുള്ളൂ,,അവരെല്ലാം ഇപ്പോൾ ഹാപ്പിയാണ്,,

ശ്രീയേട്ടൻ കാണാനൊരു ലുക്കില്ലെന്നേയുള്ളു, ആള് ശുദ്ധനാണ്,,,ഒരുപാട് സ്നേഹമുള്ളോനാണ്,,ഒരു ദുശീലവുമില്ലാത്ത വളരെ നല്ലവനാണ്,,

ഒന്നുമില്ലായ്മയിൽ നിന്നും ആ കുടുംബത്തെ മൊത്തം രക്ഷപെടുത്തിയത് ഏട്ടൻ ഗൾഫിൽ കിടന്നു കഷ്ട്ടപ്പെട്ട കാശു കൊണ്ടാണ്,,അവർക്കെല്ലാവർക്കും ശ്രീയേട്ടനെ ഭയങ്കര കാര്യമാണ്,,അതു പോലെ ഇപ്പോൾ എന്നെയും,,

ഇങ്ങനെയൊരു ഭർത്താവിനെ കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്,,,

വളരെ സന്തോഷത്തോടെയുള്ള അവളുടെ ആ വാക്കുകൾ കേട്ടപ്പോൾത്തന്നെ താൻ ഇത്രേം ദിവസം മനസ്സിൽ കൊണ്ട് നടന്ന ഒരു വലിയ വേദന അലിഞ്ഞില്ലാതായി,,

പിന്നേയും പിന്നെയും അവിടുത്തെ അവളോരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുമ്പോൾ,അതുവരെ ഇഷ്ട്ടമില്ലാതിരുന്ന അവളുടെ ശ്രീയേട്ടനെ ആ നിമിഷം മുതൽ ഞാനും ഇഷ്ട്ടപ്പെട്ടു തുടങ്ങി,,,

അവളുടെ കൈയും പിടിച്ച് പതുക്കെ ഞാൻ ശ്രീയേട്ടനരികിലേക്ക് നടന്നു,,

ഭക്ഷണം കഴിക്കാൻ വിളിക്കും വരെയും ഞങ്ങളുടെ കൂടെ മറ്റു രണ്ടളിയന്മാരും ചേർന്നിരുന്ന് ഒരുപാട് സംസാരിച്ചു,,

നിറഞ്ഞ മനസ്സോടെ വിരുന്നും കഴിഞ്ഞെല്ലാവരുമന്ന് യാത്ര പറഞ്ഞിറങ്ങിയതിനു ശേഷം അതുവരെ എനിക്കമ്മയോടുണ്ടായിരുന്നുള്ള പിണക്കമൊക്കെ മാറി ഞങ്ങൾ പരസ്പരം സംസാരിച്ചു,,

അങ്ങനെ വീട്ടിൽ ഞങ്ങൾക്കാ പഴയ സന്തോഷം തിരിച്ചു കിട്ടി..

ലീവ് കഴിഞ്ഞ ശ്രീയേട്ടൻ ഗൾഫിലേക്ക് തിരിച്ചു പോയതിനു ശേഷമവൾ വീണ്ടും ഞങ്ങളുടെ കൂടെ വന്നു താമസമായി,,

കുറച്ചു മാസങ്ങൾക്ക് ശേഷമൊരു സുഹൃത്ത് മുഖാന്തരം ഫ്രീയായൊരു വിസ കിട്ടിയപ്പോൾ കഴുത്തോളം കടത്തിൽ മുങ്ങിയിരുന്ന ഞാൻ അതിൽ നിന്നും കരകയറാൻ ഒരു പിടിവള്ളിക്കായി ഗൾഫിലേക്ക് വിമാനം കയറിയത് അമ്മയുടെ കൂടെ വീട്ടിൽ അവളുണ്ടെന്ന ധൈര്യത്തിൽ കൂടിയായിരുന്നു,,,

ഗൾഫിലെത്തി സുഹൃത്തിനോടൊത്തവന്റെ റൂമിൽ ചെന്നപ്പോൾ അവിടെ ഞാൻ ശ്രീയേട്ടനെ കണ്ടമ്പരന്നു,,,

എനിക്കായ് ഒരു നല്ല കമ്പനിയിൽ ജോലിയും ശരിയാക്കി സുഹൃത്തിന്റെ കൈയിൽ ആരുമറിയാതെ വിസ കൊടുത്തത് ശ്രീയേട്ടനായിരുന്നത്രെ,,കൂടാതെ ഇങ്ങോട്ട് കേറിവരാനുള്ള ടിക്കറ്റിനും അത്യാവശ്യ ചിലവിനുമായൊരു തുകയും,

ഇവിടെ കിട്ടുന്ന ശമ്പളം മൊത്തം വീടിന്റെ കടം തീർക്കാൻ അടച്ചു കൊണ്ടിരുന്നാൽ അവനെപ്പോഴാ ഒരു കല്യാണമൊക്കെ കഴിച്ചൊരു ജീവിതം തുടങ്ങുകായെന്നും,,

തല്ക്കാലം നിന്റെ സ്വർണ്ണമൊക്കെ വിറ്റ് അത് കൊണ്ട് കുറച്ചൊക്കെ കടം തീർക്കാനവളോട് പറഞ്ഞതും അവളത് അക്ഷരം പ്രതി അനുസരിച്ചതും ഞാനറിയാൻ വൈകി,,,

അങ്ങനെ ഞാനറിഞ്ഞതും അറിയാത്തതുമായ ഒരുപാട് നന്മകളിലൂടെ അവളുടെ ശ്രീയേട്ടൻ ഇപ്പോഴുമെന്നെ തോൽപ്പിച്ചു കൊണ്ടിരിക്കുകയാണ്….

ഒരുപാട് നാളുകൾക്ക് ശേഷമുള്ള എന്റെയൊരു ശ്രമമാണ്,,, തെറ്റു കുറ്റങ്ങളുണ്ടെങ്കിൽ ക്ഷമിക്കുമല്ലോ അല്ലെ,, ?