ഭദ്ര IPS ~ ഭാഗം 07, എഴുത്ത്: രജിത ജയൻ

ഭാഗം 06 വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മനസ്സിലൊരായിരം ചോദ്യങ്ങളുമായ് ഭദ്രയാ പുൽത്തകിടിയിലിരുന്നുപോയപ്പോൾ ദേവദാസുൾപ്പെടെ എല്ലാവരും അവളെ തന്നെ നോക്കി നിന്നു. .

ചിന്തകൾ കടന്നൽകൂടുകൂട്ടി മൂളിപായുന്നൊരവസ്ഥയിലകപ്പെട്ടതുപോലെയായിരുന്നു ഭദ്ര….

“ഭദ്രാ ..”…

ദേവദാസവളുടെ അരികിലിരുന്നു

“എന്തുപറ്റീടോ താനിത്രയും അപ്സെറ്റാവാൻ… ..? ആ പെൺകുട്ടികളുടെ മിസ്സിംഗിനും മർഡറിലുമെല്ലാം അസാധാരണമായതെന്തോ ഉണ്ടെന്ന് നമ്മൾ ആദ്യം തന്നെ കണക്കുകൂട്ടിയതല്ലേ, പിന്നെ താനിങ്ങനെ…

“യെസ് സാർ, അവരുടെ മരണത്തിൽ ദുരൂഹത ഞാൻ പ്രതീക്ഷിച്ചിരുന്നു ,പക്ഷേ ഇത്രത്തോളം കരുതിയില്ല …!!

“കരുതണം ഭദ്രാ.., കാരണംഇതിനു പിന്നിലുളള ശത്രുക്കൾ നിസാരകാരല്ല. ഒപ്പം തന്നെ അവരിൽ മനഃസാക്ഷി എന്നൊന്ന് ഇല്ല…”

” അറിയാം സാർ, എന്നാലും.., ഇതെങ്ങനെ ആണ് സാർ ..?

“ഒരാളിൽ ചിലപ്പോൾ ഇതുപോലെ അപൂർവ്വമായി ആറും ഏഴും കുട്ടികളൊക്കെ ഉണ്ടാവാറുണ്ട്,സമ്മതിച്ചു, പക്ഷേ ഇത് ഒരേസമയം മൂന്നു പേരിൽ…? ഭദ്ര തന്റെ മനസ്സിലെ സംശയങ്ങൾ ദേവദാസിനു മുമ്പിൽ കുടഞ്ഞിട്ടു…!!

“ഈ പോസ്റ്റ് മോർട്ടം റിപ്പോർട്ട് തന്നിലിത്തരം ധാരാളം സംശയങ്ങൾ ഉണ്ടാകും എന്നെനിക്കറിയാമായിരുന്നു ഭദ്രാ , അതുകൊണ്ട് തന്നെയാണ് തനിക്ക് തന്റ മനസ്സിലുളള സംശയങ്ങൾ മുഴുവൻ ചോദിക്കാനും ക്ളിയർ ചെയ്യാനുമൊരാളെ ഞാൻ ഇങ്ങോട്ട് ക്ഷണിച്ചത്…,,

അതാരാണെന്ന ഭാവത്തിൽ ഭദ്ര ദേവദാസിനെ നോക്കി …

“ഹരികുമാർ, അദ്ദേഹം എവിടെയെത്തി എന്നൊന്ന് വിളിച്ചു നോക്കിക്കേ…!!”

ദേവദാസ് ഹരിയോട് നിർദ്ദേശിച്ചു

ഹരികുമാർ ഫോണിൽ ആരെയോ വിളിക്കാൻ ശ്രമിക്കുന്നതിനിടയിൽ വളവുതിരിഞ്ഞൊരു വെളിച്ചം ഗസ്റ്റ് ഹൗസിന്റ്റെ മുറ്റത്തേക്ക് കയറി വന്നു

“ദേ അദ്ദേഹം എത്തി സാർ…,” ഹരികുമാർ പറഞ്ഞു

കാറിൽ നിന്നിറങ്ങിയ ആളെ ഭദ്ര തിരിച്ചറിഞ്ഞു , ‘റിട്ടയേർഡ് പോലീസ് സർജൻ ഇക്ബാൽ മുഹമ്മദ് ‘….!!

“ഹലോ ഇക്ബാൽ മുഹമ്മദ്…, ദേവദാസ് വിളിച്ചു

ഇക്ബാൽ ദേവദാസിനരികിലെത്തി , തുടർന്നവിടെ നിൽക്കുന്ന ഓരോരുത്തരിലും അയാളുടെ കണ്ണുകൾ പതിഞ്ഞു.

ഭദ്രയെ നോക്കിയതും അയാളുടെ കണ്ണിൽ ആശ്ചര്യം തെളിഞ്ഞത് ദേവദാസ് ശ്രദ്ധിച്ചു

“എന്തുപറ്റി ഇക്ബാൽ തനിക്ക്, എന്റെ കുട്ടിയെ കണ്ടപ്പോൾ ഒരു ആശ്ചര്യം പോലെ…,”അദ്ദേഹം ചോദിച്ചു… ..

“നത്തിംഗ് ദേവദാസ് , ഭദ്ര ഐപിഎസ് എന്ന് എല്ലാവരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ,പക്ഷേ കാണുന്നത് ആദ്യം ആണ് , ഇത്രയും ചെറിയ ഒരു പെൺകുട്ടി ആണോ ഈ കേസ് കൈകാര്യം ചെയ്യുന്നത് എന്നോർത്തപ്പോൾ ഒരു ആശ്ചര്യം അതാണ് …”

“സാർ, ഞാനൊറ്റയ്ക്കല്ല, എന്റ്റെ കൂടെ ഇവരെപോലെ കാക്കിയെ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന കുറച്ചു പേർ കൂടിയുണ്ട്. ..” ഭദ്ര പറഞ്ഞു

“ഓ….യെസ് , യെസ് സമ്മതിക്കുന്നു , പക്ഷേ ഇവൻ പത്രകാരനല്ലേ ഇവനെന്താ ഇവിടെ ..? പാതികളിയായും കാര്യമായും ഇക്ബാൽ ചോദിച്ചു

“സാർ ,ഹരി സാധാരണ പത്രകാരനല്ല, ഓരോ കേസിന്റ്റെയും പുറകെ പോലീസുകാരോടൊപ്പം ജോലിചെയ്ത് ശേഖരിക്കുന്ന വിവരങ്ങൾ ചേർത്ത് വിശദമായി സത്യസന്ധമായി വാർത്തകൾ നൽകുന്ന ഒരാളാണ് ഹരി. ., എന്റെ ആത്മ മിത്രം കൂടിയാണ്. ..” ഭദ്ര പറഞ്ഞു

“ഓകെ ഭദ്ര .., ഇനി നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം , തനിക്ക് ഒരു പാട് സംശയങ്ങൾ ഉണ്ടാകും ഇന്നത്തെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാലെന്ന് അറിയാവുന്നതുകൊണ്ടാണ് ദേവദാസ് അതുമായി ആദ്യം എന്റെ അരികിലെത്തിയത് ..,തനിക്കെന്നല്ല ആർക്കും ഉണ്ടാവും ധാരാളം സംശയങ്ങൾ കാരണം ഈവക കാര്യങ്ങൾ നമ്മൾ സാധാരണക്കാരുടെ ചിന്താശേഷിക്കും അപ്പുറമാണ്…, അതുകൊണ്ട് കൂടിയാണ് ഞാൻ എനിക്ക് അറിയുന്ന കാര്യങ്ങൾ പറഞ്ഞു തരാനായ് ഇങ്ങോട്ടു വന്നത്…,,

ഇക്ബാൽ ഭദ്രയുടെ കയ്യിൽ നിന്ന് ആ റിപ്പോർട്ടുകൾ വാങ്ങി

“ഭദ്രാ .., ഇതിലച്ചന്റ്റെയും തൊമ്മിയുടെയും മരണത്തെ പറ്റി തനിക്ക് എന്തെങ്കിലും കൂടുതൽ സംശയങ്ങൾ ഉണ്ടോ.. ..?

“ഇല്ല സാർ കാരണം, അവരുടെ ദേഹത്ത് പുറമെ പരിക്കുകൾ കാണാതിരുന്നപ്പോൾ തന്നെ ഞാനിങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നു , പക്ഷേ ആ പെൺകുട്ടികൾ….അവരുടെ മരണമാണെന്നെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്…!!

” ഓകെ ഭദ്രാ .., ഇനി ഞാൻ പറയുന്നത് താനും തന്റെ സഹപ്രവർത്തകരും ശ്രദ്ധയോടെ കേൾക്കണം, കാരണം നിങ്ങളുടെ സംശയങ്ങൾക്കുളള ഉത്തരങ്ങളും നിങ്ങളുടെ മുന്നോട്ടുളള അന്വേഷണത്തെ സഹായിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ആണ് ഞാനിനി പറയാൻ പോവുന്നത് …!!

“യെസ് സാർ…”

“സാധാരണ ഒരു പരീക്ഷണം അല്ല ഈ കേസിലെ പ്രതികൾ ഈ പെൺകുട്ടികളിൽ നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്, കാരണം ഈ മരിച്ച പെൺകുട്ടികളെല്ലാം തന്നെ പതിനെട്ടിനും ഇരുപതിനും ഇടയിൽ പ്രായമുളളവരാണ് അല്ലേ..?

“അതെ സാർ…, ഷാനവാസ് പറഞ്ഞു

“അതായത് ഇത്ര ചെറുപ്രായത്തിൽ അതും ശരിയായ പോഷകാഹാരമോ മറ്റു വളർച്ചാഘടകങ്ങളോ കൃത്യമായി ലഭിക്കാത്ത ഈ കുട്ടികളെ ഇങ്ങനെ ഒരു പരീക്ഷണത്തിനായ് സജ്ജമാക്കിയിരിക്കുന്നത് ധാരാളം പരീക്ഷണങ്ങൾ ഇവരിൽ നടത്തിതന്നെയാണ്,,

“പലവിധ മരുന്നുകൾ പലപ്പോഴായി ഇവരിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്, അവയിൽ പലതും നമ്മുടെ ഈ രാജ്യത്ത് നിരോധിച്ചതും മറ്റു പലതും നിർമ്മിക്കാൻ പോലും അനുവാദം ഇല്ലാത്തവയും ആണ് …,അതായത് ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലീ മരുന്നുകൾ എല്ലാം തന്നെ മനുഷ്യ ജീവന് ആപത്താണ് ….ഇക്ബാൽ മുഹമ്മദ് തുടർന്നു.

“എക്സ്ക്യൂസ്മി സാർ…, അദ്ദേഹത്തിന്റെ സംഭാഷണത്തിനിടയിലേക്ക് പെട്ടെന്ന് ഭദ്ര കയറി …

“സാർ ഒരു സംശയം ഇവിടെ നിരോധിച്ച ആ മരുന്നുകൾവിദേശ രാജ്യങ്ങളിൽ ലഭ്യമല്ലേ..? അതായത് യുഎസ് പോലുള്ള രാജ്യങ്ങളിൽ…?

“ഷുവർ ഭദ്രാ, അവിടെ ലഭ്യമാണ് എന്ന് മാത്രമല്ല പലതരം പരീക്ഷണങ്ങൾ നിയമവിധേയമല്ലാതെ തന്നെ അവിടെ എല്ലാം നടക്കുന്നുമുണ്ട് …., ഇതിന്റെ ഒരു പ്രത്യകത എന്തെന്ന് വെച്ചാൽ ആദ്യഘട്ട പരീക്ഷണങ്ങൾ ഈ പെൺകുട്ടികൾ അതിജീവിച്ചാൽഅവരിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താം ആ പരീക്ഷണങ്ങളിൽ പരാജയപ്പെടുന്നവരാണ് ഈ പെൺകുട്ടികളെ പോലെ ദാരുണമായി കൊല്ലപ്പെടുന്നത്.

“സാർ ഒന്നുകൂടി വ്യക്തമായി പറയാമോ..?

ഭദ്ര ഇക്ബാലിനോട് ആവശ്യപ്പെട്ടു

“അതായത് ആദ്യ ഘട്ട പരീക്ഷണങ്ങൾ എല്ലാം തന്നെ നടന്നിട്ടുണ്ടാവുക പുറം രാജ്യങ്ങളിൽ എവിടെയെങ്കിലും വെച്ചിട്ടാവും, രണ്ടാം ഘട്ട പരീക്ഷണങ്ങൾ ഈ കുട്ടികൾ നേരിട്ടത് ഇവരുടെ കൃത്യമായ സുരക്ഷപോലുംഉറപ്പാക്കാത്തൊരവസ്ഥയിലാവും… !! രണ്ടാം ഘട്ട പരീക്ഷണമെന്ന് പറഞ്ഞാൽ ശാരീരികമായുളള പരീക്ഷണംആണ്, അതായത് ഒന്നോ രണ്ടോ കുട്ടികൾ കിടന്നു വളരേണ്ട ഇവരുടെ ഗർഭപാത്രത്തെ പരീക്ഷണമരുന്നുകൾ നൽകി വികസിപ്പിക്കുന്നു അതിനുശേഷം പുറത്തു വെച്ച് സങ്കലനം നടത്തിയ അഞ്ചും ആറും ഭ്രൂ ണങ്ങളെ ഇവരിൽ ഒരുമിച്ച് നിക്ഷേപിക്കുന്നു. ..!!

സാർ….., കേൾക്കുന്നത് വിശ്വസിക്കാൻ കഴിയാതെ ഭദ്രയും സംഘവും ഇക്ബാൽ മുഹമ്മദിനെയും പകച്ചു നോക്കി …

“യെസ് ഭദ്രാ, അതാണിവിടെ സംഭവിച്ചത് പക്ഷേ അതുകൊണ്ടും തീർന്നിട്ടില്ല ഇവരുടെ പരീക്ഷണങ്ങൾ ..!!

“സാർ വാട്ട് യൂ മീൻ …? ഭദ്ര ചോദിച്ചു

“അതായത് ഇവരിൽ നിക്ഷേപിച്ച ഓരോ ഭ്രൂ ണവും പ്രത്യേക പരീക്ഷണങ്ങൾക്ക് വിധേയമായതാവണം എന്നുവേണം നമുക്ക് അനുമാനിക്കാൻ, കാരണം ആ അഴുകിയ അവസ്ഥയിലും അവയുടെ വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്…,അതായത് പല ജീ നുകൾ ചേർന്നതാണ് അവയോരോന്നും..!!

അതുകൊണ്ടാണാ പെൺകുട്ടികൾ വയറുപിളർന്ന് മരിക്കേണ്ടി വന്നത് ,കാരണം പരീക്ഷണാർത്ഥം ഇവരിലുപയോഗിച്ച പലവിധ മരുന്നുകൾ ഇവരുടെ ശരീരത്തെ തീരെ നേർത്ത ബലമില്ലാത്ത രീതിയിലാക്കി എന്ന് വേണം അനുമാനിക്കാൻ, അല്ലെങ്കിൽ ഒരുപരിധിക്കപ്പുറം ആ കുഞ്ഞുങ്ങൾ ഗർഭപാത്രത്തിൽ കിടക്കാൻ പറ്റാത്ത വിധം വളർന്നു എന്നും കരുതണം…,എങ്ങനെയാണെങ്കിലും
ഇതിന്റെ കൂടുതൽ വിവരങ്ങൾ കൃത്യമായി നമുക്ക് ലഭിക്കണമെങ്കിൽ ഉടനെ തന്നെ നിങ്ങൾ യഥാർത്ഥ പ്രതിയെ പിടികൂടിയേ പറ്റുകയുളളു….!!

“മാത്രമല്ല ഇനിയും അവശേഷിക്കുന്ന ആ പെൺകുട്ടികൾ ഇപ്പോൾ ഏതവസ്ഥയിലാവുമെന്ന് നമ്മുക്ക് ഒരാൾക്കും അനുമാനിക്കാൻ കൂടി സാധിക്കില്ല..,മാത്രമല്ല ഇത്തരം പരീക്ഷണം വിജയിച്ചാൽ അതിലൂടെ ജനിക്കുന്ന കുട്ടികൾ ഒരു പക്ഷേ നാളെ ഈ നാടിനു പോലും അപകടമായി തീരും…!!

“സർ ഒരു സംശയം കൂടി “.. ഭദ്ര ഇക്ബാലിനെ നോക്കി

“ഇങ്ങനെ പലതരംജീനുകൾ ചേർത്ത ഒരു കുട്ടിയാണവരുടെ ലക്ഷ്യം എങ്കിൽ എന്തിനവർ ഒരാളിൽ തന്നെ ആറു കുട്ടികളെ നിക്ഷേപിക്കണം..,ഒന്നും പോരെ..?

“നല്ല ചോദ്യം ഭദ്രാ ,കുറഞ്ഞ ചിലവിൽ കൂടുതൽ വിത്തുല്പാദനം എന്ന് പറയുന്നത് പോലെ ഇതിന്റെ പുറകിൽ അവർക്കെന്തെങ്കിലും ലക്ഷ്യം കാണും തീർച്ച.., പിന്നെ ഒരുകാര്യം കൂടി ഇത്തരം പരീക്ഷണങ്ങൾ മനുഷ്യരിൽ നടത്തുന്നതിനു മുമ്പേ അവരാദ്യം പരീക്ഷിച്ചിട്ടുണ്ടാവുക എതെങ്കിലും മൃഗങ്ങളിൽ ആയിരിക്കും മിക്കവാറും അതു പശുക്കളാവാനാണ് സാധ്യത കൂടുതൽ ..!!

ഇക്ബാൽ മുഹമ്മദ് പറഞ്ഞു നിർത്തിയതും ഭദ്രയുടെ മനസ്സിൽ തേക്കിൻ തോട്ടം ബംഗ്ളാവിൽ വെച്ചു കണ്ട പശുകളോടിയെത്തി..

അതെ സാർ,താങ്കൾ പറഞ്ഞത് ശരിയാണ് അവരുടെ പരീക്ഷണം അതു പശുക്കളിൽ ആയിരുന്നു. …!!

ഭദ്രാ നിങ്ങൾ കണ്ടിരുന്നോ അത്തരം പശുക്കളെ..? ദേവദാസ് ചോദിച്ചു

“യെസ് സാർ…തേക്കിൻ തോട്ടം ബംഗ്ളാവിലുണ്ട് കുറച്ചു പശുകൾ, മറ്റുളളവയിൽ നിന്ന് അവയ്ക്കെന്തോ പ്രത്യേകതയുളളതായെനിക്ക് തോന്നിയിരുന്നു, ഇപ്പോൾ മനസ്സിലായ് അവയുടെ പ്രത്യേകത എന്തെന്ന്. ..!!

എന്താണ് പ്രത്യേകത…?

വലിയ തരം വയറുകളായിരുന്നു സാർ അവയ്ക്കോരോന്നിനും, കൂടാതെ പ്രത്യേക തരം വളർച്ചയും …”

ഭദ്ര പറഞ്ഞു. …

“അതേ മാഡം, ആ പശുകളെല്ലാം ലീനയുടെതാണെന്ന് അവിടത്തെ ജോലികാരൻ രാവിലെ പറഞ്ഞിരുന്നു ” ഷാനവാസ് പറഞ്ഞു ..

ഓകെ ദേവദാസ് അപ്പോൾ വേണ്ടത്ര തെളിവുകൾ നിങ്ങളുടെ കയ്യിലുണ്ട് പ്രതികളെ പിടിക്കാൻ, അപ്പോൾ എത്രയും പെട്ടെന്ന് അവരെ അറസ്റ്റു ചെയ്യാൻ നോക്കൂ…,കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ്. ..എന്റെ സഹായം എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി ..”

ഓകെ ഇക്ബാൽ. …, ദേവദാസ് പറഞ്ഞതും യാത്ര പറഞ്ഞു ഇക്ബാൽ മുഹമ്മദ് പോയി….

അദ്ദേഹം പോയതിനു ശേഷം ഭദ്രയും സംഘവും കാര്യങ്ങൾ കൃത്യമായ രീതിയിൽ ഒരേകോപനം നടത്തി ….

“അനാഥാലയത്തിൽ നിന്നു കൊണ്ടു പോയ പതിനൊന്ന് കുട്ടികളിൽ ആദ്യ പരീക്ഷണം നേരിട്ട നാലു പെൺകുട്ടികൾ പരീക്ഷണം പരാജയപ്പെട്ടതിനെ തുടർന്ന് നാട്ടിലെത്തിയെങ്കിലും ആരുടെയോ ഭീഷണിക്ക് വഴങ്ങി കാര്യങ്ങൾ എല്ലാം അച്ചനിൽ നിന്നുപോലും മറച്ചു വെച്ചു.., ഒരുപക്ഷെ മറ്റുള്ള കുട്ടികൾ തേക്കിൻ തോട്ടംകാരുടെ കയ്യിൽ തന്നെയായതിനാലാവാം അത്, പിന്നീടവർ കൊല്ലപ്പെട്ടുവെങ്കിലും അതൊരു സാധാരണ അപകടം മാത്രമായി തീർന്നു. ..

അതിനുശേഷം ബാക്കിയുള്ള ഏഴുകുട്ടികൾ വിദേശത്തുളള പരീക്ഷണങ്ങൾ വിജയിച്ചതിനെതുടർന്ന് ഇവിടെ എത്തിയെങ്കിലുംതുടർ പരീക്ഷണങ്ങളിൽ അവരിൽ മൂന്നു പേർ ദാരുണമായി കൊല്ലപ്പെട്ടു.., ഇനിയവശേഷിക്കുന്ന നാലുകുട്ടികളേതവസ്ഥയിലാണെന്ന് പോലും അറിയില്ല ..,ഇത്രയും ആണ് സാർ നമ്മുടെ ഇപ്പോഴത്തെ നിഗമനങ്ങൾ.., ഇനി മുമ്പോട്ടു നീങ്ങണമെങ്കിൽ തേക്കിൻതോട്ടംക്കാർ നമ്മുടെ കസ്റ്റഡിയിലാവണം സാർ…

“ഓകെ ഭദ്രാ, ഇനി കൂടുതൽ തെളിവുകൾ കിട്ടാനായ് കാത്തിരിക്കേണ്ട കാര്യമില്ല കാരണം ആ വീട്ടിൽ കണ്ട പശുകളിലൂടെ തന്നെ നമ്മുക്ക് ജോസപ്പനിലേക്ക് വിരൽ ചൂണ്ടാം.. ഇനി ബാക്കി അവിടെനിന്ന് കണ്ടെത്താം നമുക്ക് ഓകെ …

“യെസ് സാർ, ബംഗ്ളാവും അവിടെയുളള ഓരോരുത്തരും നമ്മുടെ നിരീക്ഷണത്തിലാണ് സാർ , ഇപ്പോൾ തന്നെ ഞങ്ങൾ അങ്ങോട്ട് തിരിക്കുകയാണ്.., അതുപോലെ ആദ്യം കൊല്ലപ്പെട്ട ആ കുട്ടികളുടെ ശരീരംകൂടി നമ്മുക്ക് സെമിത്തേരിയിൽ നിന്നെടുക്കണം…!!

“ഓകെ ഭദ്രാ നിങ്ങൾ ബംഗ്ളാവിലേക്ക് പൊയ്ക്കോ വേണ്ടത്ര ഫോഴ്സിനെയും കൂട്ടുക , ഇവിടെ ബാക്കി എല്ലാം ഞാൻ റെഡിയാക്കിക്കോളാം …

“യെസ് സാർ.., ഡിജിപി ദേവദാസിന് സല്യൂട്ട് നൽകി ഭദ്രയും സംഘവും തേക്കിൻ തോട്ടത്തിലേക്ക് പുറപ്പെട്ടു….

തേക്കിൻ തോട്ടം ബംഗ്ളാവിൽ ഈ സമയം ജോസപ്പൻ ഡോക്ടറും മകൻ പീറ്ററും തമ്മിൽ ഗംഭീര വാക്കേറ്റം നടക്കുകയായിരുന്നു …!!

ലീനയുടെ മരണമറിഞ്ഞ് ബംഗ്ളാവിലെത്തിയ ആളുകൾക്കിടയിൽ നിന്നു മാറി അകത്തെ ഓഫീസുമുറിയിലായിരുന്നു അവരപ്പോൾ. ..,

“ഡാഡി എന്തൊക്കെ പറഞ്ഞാലും ശരി, ലീനയുടെ മരണത്തിൽ ഡാഡിക്ക് പങ്കില്ലെന്ന് ഡാഡിയെത്ര പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല..!!

പീറ്റർ ജോസപ്പനുനേരെ പതുക്കെ ശബ്ദം ഉയർത്തി …

“പീറ്റർ നീ വെറുതെ ഓരോന്നും വിളിച്ചു പറയുകയാണ്, ഞാനെന്തിന് അവളെ ഇല്ലാത്താകണം..?

ജോസപ്പൻ ചോദിച്ചു

“എന്തിനെന്ന് ചോദിച്ചാൽ അത് ഡാഡിക്ക് മാത്രമേ അറിയൂ , രാവിലെ പോലീസു വന്നപ്പോൾ എല്ലാകാര്യങ്ങളും ഡാഡി ലീനയുടെ തലയിൽ ബുദ്ധി പൂർവ്വം കെട്ടിവെച്ചപ്പോഴേ എനിക്ക് സംശയം തോന്നിയതാണ്..,,

“പീറ്റർ, അതന്നേരം അങ്ങനെ ഒരു ബുദ്ധിയാണ് എനിക്ക് തോന്നിയത്, അല്ലാതെ ഞാനൊരു വഴിയും അപ്പോൾ കണ്ടില്ല , പക്ഷേ അതിനു നീയെന്നെ ഇങ്ങനെ സംശയിക്കുന്നതാണ് എനിക്ക് വിഷമം മോനെ..

“എങ്ങനെ സംശയിക്കാത്തിരിക്കും ഡാഡി, എനിക്കും, ഡാഡിക്കും ലീനയ്ക്കും, മാത്രമേ നമ്മുടെ കാര്യങ്ങൾ ഇവിടെ അറിയുകയുളളു, പിന്നെ ഉള്ളത് ലീനയുടെ പാരന്റ്റ്സ് ആണ് അവർ യുഎസിലാണ് .., ലീനയുടെ മിസ്സിംഗ് പോലും നമ്മൾ അവരെ അറിയിച്ചിട്ടില്ല…!!

അതുകൊണ്ട് നീയെന്താണ് ഉദ്ദേശിക്കുന്നത്, ഞാൻ ലീനയെ ഇല്ലാതാക്കി എന്നോ…?

“അതെ ഡാഡി അങ്ങനെ സംശയിക്കാൻ ധാരാളം കാരണങ്ങൾ ഉണ്ട് ,നമ്മുടെ രഹസ്യങ്ങൾ മമ്മി കണ്ടു പിടിച്ചപ്പോൾ യാതൊരു ദയയും കാണിക്കാതെയാണ് മമ്മിയെ ഈ അവസ്ഥയിൽ ഡാഡി ആക്കിയത് അറിയാലോ..?

ഡാഡിയുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടയിലാണ് അപ്സ്റ്റെയറിൽ നിന്ന് മമ്മി വീണത് ..!!

അതുപോലെ നമ്മളിലേക്കെത്തിയ ശവകുഴി തൊമ്മിയേയും ജേക്കബ് അച്ചനെയും ഇല്ലാത്താക്കിയത് ഡാഡി തന്നെയാണ്..,ഇപ്പോൾ അവസാനം നമ്മുടെ പരീക്ഷണങ്ങൾ പരാജയത്തിലേക്ക് നീങ്ങുകയും പോലീസ് നമ്മളെ നിരീക്ഷിക്കുകയും ചെയ്തു തുടങ്ങിയപ്പോൾ ഡാഡി എല്ലാ കുറ്റവും ലീനയിലേക്കെത്തിച്ചവളെ ഇല്ലാതാക്കി .., ഇതല്ലേ സത്യം..?

പീറ്റർ കിതച്ചു കൊണ്ട് ചോദിച്ചു

“ഒരിക്കലും ഞാൻ ലീനയെ ഒന്നും ചെയ്തിട്ടില്ല മോനെ , ലീനയെ ഉപയോഗിച്ച് അച്ചനെ ഇവിടെ ബംഗ്ളാവിൽ നമ്മൾ വിളിച്ചു വരുത്തി, അതിനുശേഷം മരുന്ന് കുത്തിവെച്ച് അച്ചനെ ഞാനുംനീയ്യും ചേർന്നാണ് കൊന്നതും പിന്നീട് നമ്മൾ ഒരുമ്മിച്ചാണ് സെമിത്തേരിയിലേക്ക് കൊണ്ടു പോയതും.. ..,,നമ്മൾ പോവുമ്പോൾ ഇവിടെ ഉണ്ടായിരുന്നു ലീന മോൾ, അപ്പോഴാണ് ഞാനവളെ അവസാനം കാണുന്നത് നിന്നെ പോലെ തന്നെ …,പിന്നീട് അവൾക്ക് സംഭവിച്ചതെന്താണെന്ന് എനിക്ക് അറിയില്ല , നമ്മുക്കിടയിൽ നമ്മൾ അറിയാത്ത ആരോ ഉണ്ട് മോനെ, നീയാണേ സത്യം…!!

പീറ്ററിന്റ്റെ തലയിൽ കൈവെച്ച് സത്യം ചെയ്യാൻ പോയ ജോസപ്പൻ പെട്ടെന്ന് ഞെട്ടിതരിച്ചു നിന്നു പോയി..!!

കയ്യിലെ ഫോണിൽ അവരെയും അവരുടെ സംഭാഷണങ്ങളെയും പകർത്തികൊണ്ട് ഓഫീസു റൂമിനുളളിലെ ഷെൽഫിനു പുറകിൽ ഫിലിപ്പ് നിൽക്കുന്നുണ്ടായിരുന്നു ..,
കത്തികാളുന്ന മുഖവുമായ്….!!

എടാ…, തങ്ങൾ സംസാരിച്ചതെല്ലാം ഫിലിപ്പ് കേട്ടുവെന്ന് മനസ്സിലാക്കിയ ജോസപ്പൻ അലറിക്കൊണ്ട് ഫിലിപ്പിനുനേരെ ചെന്നതും തനിക്ക് നേരെ പാഞ്ഞു വരുന്ന ഡാഡിയെ പീറ്ററിന്റ്റെ നേരെ ഊക്കോടെ തളളിയിട്ട് ഫിലിപ്പ് വാതിൽ തുറന്നു പുറത്തേക്ക് ഓടി…..

ഓഫീസ് റൂമിന്റ്റെ വാതിൽ തുറന്നു പുറത്തേക്ക് കുതിക്കുന്ന ഫിലിപ്പിനു പുറകെ അവനെപിടിക്കാനായ് പീറ്ററും ഓടി ….

“പീറ്ററേ…, വിടരുതവനെ പുറത്തോട്ട് ….,, വേഗം പിടിക്ക്…!! വീണുകിടന്നിടത്തു നിന്ന് എഴുന്നേഴുന്നേൽക്കുന്നതിനിടയിൽ ജോസപ്പൻ പീറ്ററിനെ നോക്കി വിളിച്ചു പറഞ്ഞു .

ഓഫീസ് റൂമും ഹാളും പിന്നിട്ട് ഫിലിപ്പ് മുറ്റത്തേക്ക് ചാടി പരിഭ്രമത്തോടെ ഓടുന്നതും അവനുപിന്നാലെ പിടിക്കാനെന്നവണ്ണം പീറ്ററോടുന്നതും കണ്ടു അവിടെ കൂടിയിരുന്നവർ കാരണം അറിയാതെ പരസ്പരം പകച്ചുനോക്കി. ..

തേക്കിൻ തോട്ടം ബംഗ്ളാവിനു പുറത്തുകടക്കുകയാണ് ഫിലിപ്പിന്റ്റെ ലക്ഷ്യമെന്ന് മനസ്സിലാക്കിയതും പീറ്റർ ഓട്ടം നിർത്തി ,

“അൻവറേ…, തങ്കച്ചാ … പിടിയവനെ..”.,,,,

ഓട്ടം നിർത്തി ബംഗ്ളാവിനു നേരെ തിരിഞ്ഞു പീറ്ററലറിയതും ബംഗ്ളാവിനവിടെവിടെ അലസമായി നിന്നിരുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ഫിലിപ്പിനു നേരെ കുതിക്കുന്നതു കണ്ട് ബംഗ്ളാവിലുളളവർ ചോദ്യ ഭാവത്തിൽ, അവിടേക്ക് വന്ന ജോസപ്പനെ നോക്കിയെങ്കിലും അയാളുടെ നോട്ടം ഫിലിപ്പിലായിരുന്നു. ..! !

തനിക്ക് പിന്നാലെ പാഞ്ഞടുക്കുന്നവരെ ഫിലിപ്പൊരുവട്ടം തിരിഞ്ഞു നോക്കിയതും മുമ്പിലുണ്ടായിരുന്ന ചെടിച്ചട്ടിയിൽ തട്ടിമറിഞ്ഞവൻ പുൽത്തകിടിയിലേക്ക് വീണു…

‘അൻവറേ…., പിടിയവനെ…പീറ്റർ അലറി…”

ഓടിയടുത്തവർ ഫിലിപ്പിനുചുറ്റും നിരന്നുനിന്നപ്പോൾ പല്ലിറുമ്മി കൊണ്ട് പീറ്റർ അവനുനേരെ ചെന്നതും കൈവീശിയവന്റ്റെ മുഖത്തൊന്ന് പൊട്ടിച്ചതുംക്ഷണനേരത്തിനുളളിലായിരുന്നു…!!

അടികൊണ്ട ഫിലിപ്പ് പുറകിലേക്ക് വേച്ചു പോയി ..

“കളള നായേ .., വായിൽ വന്നൊരു തെറിയോടെ പീറ്റർ ഫിലിപ്പിനെ വീണ്ടും ആക്രമിക്കാൻ ഒരുങ്ങിയതും അതിനെ തടഞ്ഞു കൊണ്ട് ജോസപ്പൻ സിറ്റൗട്ടിൽ നിന്നവർക്കരികിലേക്ക് വന്നു .

“എടാ പീറ്ററേ.., അവന്റെ കയ്യിൽ നിന്നാ ഫോൺ ഇങ്ങെടുക്ക്, എന്നിട്ടവനെ അവന്റെ തളളയുടെ മുറിയിൽ കൊണ്ടു പോയി പൂട്ടിയിട്ട്…”!!

ജോസപ്പൻ പറഞ്ഞതും പീറ്റർ ഫിലിപ്പിന്റ്റെ ജീൻസിലിരിക്കുന്ന ഫോണെടുക്കാനായി കൈനീട്ടി, സർവ്വ ശക്തിയും ഉപയോഗിച്ചപ്പോൾ ഫിലിപ്പ് പീറ്ററിനെ പുറകിലേക്കാഞ്ഞുതളളി…,,

വലിയൊരു ശബ്ദത്തോടെ പീറ്റർ പുറക്കോട്ടു വീണതും അവനുചുറ്റും നിന്നവരുടെ ശ്രദ്ധയൊന്ന് പാളി …ആ സമയം ഫിലിപ്പ് വീണ്ടും മുന്നോട്ടു കുതിച്ചു ,പുറകെ പീറ്ററിന്റ്റെ അനുയായികളും..

ഗേറ്റ് കടന്നു പുറത്തേക്ക് പാഞ്ഞ ഫിലിപ്പ് പെട്ടെന്ന് മുന്നിൽ വന്നു ബ്രേക്കമർത്തിയൊരു വാഹനത്തിൽ തട്ടി താഴേക്ക് വീണു ..

അപ്രതീക്ഷിതമായി പോലീസ് വാഹനം ബ്രേക്കമർത്തിയപ്പോൾ ഭദ്രയുടെ തല വണ്ടിയുടെ മുന്നിൽ ഇടിച്ചു അവളുടെ നെറ്റിയിലെ മുറിവിൽ ചോര കിനിഞ്ഞു ..

“മാഡം , മാഡത്തിനെന്തെങ്കിലും പറ്റിയോ” എന്ന ഷാനവാസിണ്റ്റെ ചോദ്യത്തെ അവഗണിച്ചവൾ വേഗം വണ്ടിയിൽ നിന്നിറങ്ങി. ..

വണ്ടിയുടെ ബോണറ്റിൽ പിടിച്ചെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഫിലിപ്പിനെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി..പെട്ടെന്നാണവനെ പിടിക്കാനോടി വന്ന് മുന്നിൽ പോലീസിനെ കണ്ടു പതറിപോയ പീറ്ററിന്റ്റെ ആളുകളെ ഭദ്ര കണ്ടത്. .

“ഷാനവാസ്…, പിടിക്കവരെ…!!

ഭദ്ര പറഞ്ഞതും ഗുണ്ടകൾ നാലുപാടും ചിതറിയോടി അവരുടെ കൂടെ ഇരുളിൽ മറയുന്ന പീറ്ററിന്റ്റെയും ജോസപ്പന്റ്റെയുംഅവ്യക്ത രൂപം കണ്ടതും ഷാനവാസും രാജീവും അവർക്ക് നേരെ കുതിച്ചു. ..

“രാജീവ്…,ഷാനവാസ് വിടരുതൊരാളെയും …, പീറ്ററിനെയും ജോസപ്പനെയും നമ്മുക്ക് വേണം…” ഭദ്ര അലറി കൊണ്ട് മുന്നോട്ട് കുതിക്കാനൊരുങ്ങിയതും പെട്ടെന്ന് ഫിലിപ്പ് അവളുടെ കയ്യിൽ കയറി പിടിച്ചു. .

വെട്ടിതിരിഞ്ഞ ഭദ്ര കണ്ടു തന്റെ നേരെ മൊബൈൽ ഫോൺ നീട്ടി നിൽക്കുന്ന ഫിലിപ്പിനെ …!!

“ഇതിലുണ്ട് മാഡം, നിങ്ങളന്വേഷിക്കുന്ന കാര്യങ്ങളൊക്കെയും. ..” അവൻ പറഞ്ഞു

ഫിലിപ്പ് സംസാരിക്കുന്നത് എന്തിനെക്കുറിച്ചാണെന്നൊരു സംശയത്തോടെ ഭദ്ര അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി

ഭദ്രാ…… മാഡം…….,,,

പെട്ടെന്ന് പോലീസുകാരിലൊരാൾ ഭദ്രയെ വിളിച്ചലറിയതും ഭദ്ര വെട്ടിതിരിഞ്ഞു..

പെട്ടന്നവളുടെ ചെവികരികിലൂടൊരു വടിവാൾ മൂളിപോയി …!!

ഫിലിപ്പ് ഞെട്ടി ഭദ്രയ്ക്ക് നേരെ വടിവാൾ വീശിയടുത്ത രണ്ടാളുകളെ കണ്ട്…,,,

തനിക്ക് നേരെ വടിവാൾ വീശിയവനെ ഭദ്രയൊന്നു നോക്കിയതും മിന്നൽ വേഗത്തിലവളുടെ കാലുകൾ വായുവിൽ ഉയർന്നു താണൂ…

“അമ്മേ…,, അമർത്തിയ നിലവിളിയോടെ അടിവയർ പൊത്തിയയാൾ നിലത്തേക്കൂർന്നു വീഴുന്നതുകണ്ട ഫിലിപ്പയാളെ പകച്ചുനോക്കിയപ്പോൾ കണ്ടു, അയാളുടെ വസ്ത്രം നനച്ചുകൊണ്ട് മൂ ത്രം നിലത്തേക്കൊഴുകി പരക്കുന്നത്…!!

ദ്രുതഗതിയിൽ ഭദ്രയുടെ കൈകാലുകൾ വായുവിലൂടെ പലവട്ടം ഉയർന്നു താണതും രണ്ടാമനും അടിപതറി നിലത്തുവീണു …

“ഇവരെയെടുത്ത് വണ്ടിയിലിട്ടേക്കെടോ ..”

ഓടിയടുത്ത കോൺസ്റ്റബിളിനോട് ഭദ്ര പറഞ്ഞതു കേട്ട് ഫിലിപ്പ് ആരാധനയോടെ അവളെ നോക്കി.., തന്നെക്കാൾ പ്രായം കുറഞ്ഞൊരു പെണ്ണാണ് മിന്നൽ വേഗത്തിൽ ശക്തരായ രണ്ട് പേരെ അടിച്ചിട്ടത്…,താനോ ഓടുകയായിരുന്നു അല്പം മുമ്പ്, ഇവരുടെ കയ്യിൽ നിന്ന് പ്രാണരക്ഷാർത്ഥം…,, അവനോർത്തു..

“മാഡം , ജോസപ്പനെവിടെ പോയെന്ന് കണ്ടെത്താൻ പറ്റിയില്ല .., പീറ്ററിനെ നിലത്തൂടെ വലിച്ചിഴച്ച് കൊണ്ട് വന്ന് ഗിരീഷ് പറഞ്ഞു

പീറ്റനിന്റ്റെ മുഖം അടി കൊണ്ട് ചുവന്നിരുന്നു.

കയ്യിൽ കിട്ടിയ പാടെ ഗിരീഷ് രണ്ടെണ്ണം അവനിട്ട് പൊട്ടിച്ചെന്ന് ഭദ്രയ്ക്ക് മനസ്സിലായി…

“ഏക്കറകണക്കിന് പരന്നുകിടക്കുന്ന ഈ പറമ്പിനുളളിൽ തന്നെ അവനുണ്ടാകും ഗിരീഷേ…,ഭദ്ര പറഞ്ഞു നിർത്തിയപ്പോൾ തന്നെ ഷാനവാസും ഗിരീഷും മടങ്ങി വന്നു ,അവരുടെ മുഖത്ത് നിരാശ നിറഞ്ഞിരുന്നു. …,,,

“സോറി മാഡം, അവനെ കണ്ടെത്താൻ പറ്റിയില്ല…!!

ഇവിടെ മുഴുവൻ തിരഞ്ഞു ഞങ്ങൾ ,പക്ഷെ എവിടെ മറഞ്ഞെന്നീ രാത്രിയിൽ കണ്ടുപിടിക്കാൻ പറ്റുന്നില്ല..!!

“ഇറ്റ്സോകെ രാജീവ് , തൽക്കാലം നമ്മുടെ കയ്യിലിവനുണ്ടല്ലോ..? ഇവനെകൊണ്ടു പറയിപ്പിക്കാം നമ്മുക്ക് കാര്യങ്ങളെല്ലാം.,, പീറ്ററിനിട്ടൊന്ന് പൊട്ടിച്ചു കൊണ്ട് ഭദ്ര പറഞ്ഞു. ..

“ഇന്ന് കുറച്ചധികം പോലീസുകാർ ഇവിടെ നിൽക്കട്ടേ. ..,ഈ പരിസരം വിട്ടു പോവാൻ ജോസപ്പനു പറ്റരുത്. ഗിരീഷ് , ഷാനവാസ് നിങ്ങളും ഈ രാത്രി ഇവിടെ ഉണ്ടാവണം, ഭദ്ര പറഞ്ഞു

“യെസ് മാഡം…,,

“ഹരിയെവിടെ ഷാനവാസ് ..? പെട്ടെന്ന് ഭദ്ര ചോദിച്ചു. ..

” മാഡം ഹരി ഇവിടെ ഉണ്ടായിരുന്നല്ലോ …പറഞ്ഞു കൊണ്ട് രാജീവൻ ചുറ്റും നോക്കിയതും പെട്ടെന്ന് കുറച്ചു ദൂരെനിന്നൊരു അലറികരച്ചിൽ അവിടെ മുഴങ്ങി..!!

പ്രാണൻ ശരീരത്തിൽ നിന്ന് വേർപ്പെടുന്ന പോലെയുള്ള ആ അലർച്ചയിൽ ഭദ്രയും കൂട്ടരും നടുങ്ങി…ബംഗ്ളാവിലുണ്ടായിരുന്നവരെല്ലാം ഞെട്ടി വിറച്ചുപോയി ആ അലർച്ച കേട്ട് ….

“ഷാനവാസ് …,,, വിളിച്ചു കൊണ്ട് ഭദ്രയും ഗിരീഷുംശബ്ദം കേട്ടിടത്തേക്ക് കുതിച്ചപ്പോൾ പീറ്ററിന്റ്റെയും അനുയായികളുടെയും കയ്യിൽ വിലങ്ങിട്ടു മുറുകി അവർക്കരികിൽ കാവലിനാളെയാക്കി രാജീവനും കുതിച്ചു ശബ്ദം കേട്ടിടത്തേക്ക്…!!

“ബംഗ്ളാവിൽ നിന്നു കുറച്ചു മാറിയൊരിടത്തു നിന്നാണ് ശബ്ദം കേട്ടത്.” ..,ആരോ പറയുന്നത് കേട്ട ഭദ്രയും കൂട്ടരും നാലും പാടും നോക്കി മുന്നോട്ട് കുതിച്ചു. .

“ഭദ്രാ മാഡം ,ദാ ഇവിടെ…, ഇവിടെ യാണ്…,,പെട്ടെന്ന് ഹരികുമാറിന്റ്റെ ശബ്ദം കേട്ട് ഭദ്ര നിന്നു. ..

കുറച്ചു ദൂരെയൊരിടത്തേക്ക് കൈചൂണ്ടി ഹരിനിൽക്കുന്നതു കണ്ട ഭദ്ര അങ്ങോട്ട് ചെന്നു.. ..

അവിടെ ചോരയിൽ കുളിച്ചു നിലത്തു കിടന്നു പിടയുന്ന രൂപം കണ്ടതും ഭദ്ര ഞെട്ടി

ജോസപ്പൻ….!!

ഡോക്ടർ ജോസപ്പന്റ്റെ ശരീരമാകെ വെട്ടി പരിക്കേൽപ്പിച്ചിരിക്കുന്നു….!!

അയാളുടെ രണ്ടു കൈവിരലുകൾ വെട്ടേറ്റ് നിലത്തു കിടക്കുന്നുണ്ടായിരുന്നു. ….!

ഭദ്രയുടെ കണ്ണുകൾ നാലുപാടും സഞ്ചരിച്ചു .., കഥയിലില്ലത്തൊരാ പുതിയ ആളെ തേടി ..!!

ആരാണ് ജോസപ്പനെ വെട്ടി പരിക്കേൽപ്പിച്ചു കൊല്ലാറാക്കിയ ആൾ…?

ചുറ്റും കൂടി നിന്ന ഓരോ മുഖങ്ങളിലും ഭദ്രയുടെ മിഴികൾ ആഴ്ന്നിറങ്ങി…

അല്പ പ്രാണൻ ബാക്കിയുള്ള ജോസപ്പനെയും വഹിച്ചു കൊണ്ട് പോലീസ് ജീപ്പ് ആശുപത്രി ലക്ഷ്യമാക്കി നീങ്ങുമ്പോഴും ഭദ്രയുടെ മനസ്സിലാ ചോദ്യം ബാക്കി നിന്നു…,

“ആരാണത് ..? ഇതുവരെ രംഗത്ത് വരാത്തൊരു ശത്രു കൂടിയുണ്ടപ്പോഴീ കഥയിൽ തീർച്ച…” അവളുടെ ചുണ്ടുകൾ പിറുപിറുത്തു….

**********************

ഭദ്രയും ഷാനവാസും മാറി മാറി ചോദിച്ചിട്ടും പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാൻ പീറ്റർ കൂട്ടാക്കിയില്ല.

ഷാനവാസിന്റ്റെ അടിയേറ്റ് പീറ്ററിന്റ്റെ ശരീരംചുവന്നു തടിച്ചിരുന്നു പലയിടത്തും. ..

മാഡം, ജോസപ്പനും ഇവനും തമ്മിൽ നടന്ന സംഭാഷണങ്ങളിൽ നമ്മൾ കേട്ട ആ കാര്യങ്ങൾ മാത്രമാണ് ഇത്രനേരമായിട്ടും ഇവൻ സമ്മതിച്ചത്. ., കൂടുതൽ ഒന്നും തന്നെ ഇവനിങ്ങനെ ചോദിച്ചാൽ പറയുമെന്ന് എനിക്ക് തോന്നുന്നില്ല .., ഷാനവാസ് പീറ്ററെ നോക്കി പല്ലുകടിച്ചുകൊണ്ട് പറഞ്ഞു. ..

“വെയിറ്റ് ഷാനവാസ്, ഇവനെകൊണ്ട് എങ്ങനെ പറയിപ്പിക്കാമെന്ന് നമ്മുക്കറിയാലോ.., തൽക്കാലം ഇവനിവിടെ കിടക്കട്ടെ ,പച്ച വെള്ളം കൊടുക്കണ്ട …!!

ശരി മാഡം…

പിറ്റേന്ന് പുലർച്ചെ ഡിജിപി ദേവദാസിനു മുമ്പിൽ നിൽക്കുമ്പോൾ ഭദ്രയുടെ മുഖത്ത് നിറയെ ആശങ്കകൾ മാത്രമായിരുന്നു.

“എന്താണ് ഭദ്രാ മൊത്തത്തിലുള്ള അവസ്ഥ. ..? ജോസപ്പന്റ്റെ കാര്യം എങ്ങനെ.. രക്ഷപ്പെടുമോ അവൻ..?

“സാർ അയാളുടെ കാര്യത്തിൽ ഡോക്ടർമാർ ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല , പന്ത്രണ്ട് വെട്ടാണ് അയാളുടെ ശരീരത്തിൽ… ,അതിൽ തന്നെ കഴുത്തിനേറ്റ മുറിവ് മാരകമാണ്…,ജോസപ്പനെ ഇല്ലാതാക്കാൻ വേണ്ടി തന്നെ വെട്ടിയതാണ് ശത്രു .., ഭദ്ര പറഞ്ഞു

“ആരാണ് ഭദ്ര അത്. .? നിങ്ങളെല്ലാം അവിടെ ഉള്ളപ്പോൾ തന്നെ ഇങ്ങനെ ചെയ്യണമെങ്കിൽ അവൻ നിസ്സാരക്കാരനല്ല…!! ദേവദാസ് പറഞ്ഞു

നമ്മൾ ഓരോന്നും കണ്ടു പിടിച്ച് വരുമ്പോഴും വേറൊന്ന് രൂപം കൊളളുകയാണല്ലോ ഭദ്രാ…,പീറ്റർ പറഞ്ഞോ മറഞ്ഞിരിക്കുന്ന ആ ശത്രു ആരെന്ന് ..? ദേവദാസ് ഭദ്രയോട് ചോദിച്ചു

“ഇല്ല സാർ.., അവനുമറിയില്ല മറഞ്ഞിരിക്കുന്നതാരാണെന്ന്, അതു സത്യമാണെന്നാണ് സാർ തോന്നുന്നത് ,കാരണം ഫിലിപ്പ് പിടിച്ച ആ വീഡിയോ സംഭാഷണത്തിലും ലീനയെ കൊന്നത് ആരാണെന്ന ചോദ്യം ജോസപ്പനും പീറ്ററും പരസ്പരം ചോദിക്കുന്നുണ്ട് ..,

“ജോസപ്പനെ ആരോ അക്രമിച്ചത് അറിയുന്നതുവരെ പീറ്റർ കരുതിയത് ഡാഡിയാണ് തെളിവുകൾ ഇല്ലാതാക്കാൻ ലീനയെ കൊന്നതെന്നായിരുന്നു …!!

“ആകെ കൺഫ്യൂഷൻ ആണല്ലോ ഭദ്രേ , ഫിലിപ്പും പീറ്ററും നിങ്ങളുടെ അരികെ നിൽക്കേ ഓടിപോയ ജോസപ്പൻ ആക്രമിക്കപ്പെടുക, അപ്പോൾ പ്രബലനായൊരു ശത്രു പുറത്തു തന്നെയുണ്ട് ഭദ്രാ.., ദേവദാസ് പറഞ്ഞു

“ഇല്ല സാർ, അങ്ങനെ ഒരാൾ ഇല്ല എന്നാണ് പീറ്റർ പറയുന്നത് .., എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ജോസപ്പനും ലീനയും പീറ്ററും ചേർന്നാണ് …,,

അവൻ സമ്മതിച്ചോ എല്ലാം.., ബാക്കി പെൺകുട്ടികൾ എവിടെ എന്ന് അവൻ പറഞ്ഞോ..?

“ഇല്ല സാർ എത്ര തല്ലിയിട്ടും, എങ്ങനെ എല്ലാം ചോദിച്ചിട്ടും അവൻ അതു മാത്രം പറഞ്ഞു തരുന്നില്ല …,ഒരു പക്ഷേ കുറ്റങ്ങൾ എല്ലാം ഡാഡിയുടെയും ലീനയുടെയും തലയിൽ കെട്ടി വെച്ചവനു രക്ഷപ്പെടാൻ വേണ്ടി ആവും അവനത് പറയാത്തത്. .!!

“ഫിലിപ്പ് എടുത്ത വീഡിയോയിലുളളതല്ലാം അവൻ സമ്മതിച്ചു , തൊമ്മിയുടെയും അച്ചന്റ്റെ കൊലപാതകങ്ങൾ ഉൾപ്പെടെ, പക്ഷേ ആ പെൺകുട്ടികളെകുറിച്ച്, അവരെവിടെ എന്നതിനെ കുറിച്ച് അവനൊന്നും തന്നെ പറയുന്നില്ല സാർ….!!

ഭദ്ര നിരാശയോടെ പറഞ്ഞു നിർത്തിയതും പെട്ടെന്നവളുടെ ഫോൺ ബെല്ലടിച്ചു….

“ഭദ്രാ ഹിയർ…ഫോൺ കാതോടു ചേർത്തവൾ പറഞ്ഞു

“മാഡം ഞാൻ തെന്മല സുനിയാണ് .., മറുവശത്തു നിന്ന് സുനി പറഞ്ഞു

“പറ സുനീ എന്താണ് കാര്യം?

“മാഡം , മാഡത്തെ രാത്രിയിൽ ആക്രമിച്ച ആ ആളുകൾ ജോസപ്പൻ ഡോക്ടർ പറഞ്ഞയച്ചവരാണ്. ..സുനി പറഞ്ഞതും ഭദ്രയുടെ മുഖത്തെ തെളിച്ചം നഷ്ടപ്പെട്ടു

“അത് അപ്പോൾ തന്നെ എനിക്ക് ബോധ്യമായകാര്യം ആണ് സുനി.,,

“അതല്ല മാഡം ഞാൻ പറയാൻ വന്ന കാര്യം…,

പിന്നെ …?

“അനാഥാലയത്തിലെ, കാണാതായീന്ന് എല്ലാവരും പറയുന്ന ആ പെൺകുട്ടികളെ തേക്കിൻ തോട്ടം ബംഗ്ളാവിലെത്തിച്ചത് അവരു തന്നെയാണ് മാഡം…,,,

എവിടെ നിന്ന് സുനീ…?

എയർപോർട്ടിൽ വന്നിറങ്ങിയ ആ പെൺകുട്ടികളെ രഹസ്യമായി അവിടെ നിന്ന് അവർ കൂട്ടി കൊണ്ടു വന്നു വിട്ടത് തേക്കിൻ തോട്ടം ബംഗ്ളാവിൽ തന്നെയാണ് മാഡം…,മാത്രമല്ല ആ കുട്ടികൾ, അവരവിടെ തന്നെയുണ്ട് ആ ബംഗ്ളാവിൽ…,, ഇതു സത്യമാണ് മാഡം…!!

സുനിയുടെ വാക്കുകൾ കേട്ട് ഭദ്രയുടെ കണ്ണുകൾ തിളങ്ങി …!!

കലാശക്കൊട്ടിലേക്കുളള കാലടികളുമായ് ഭദ്രയും സംഘവും വീണ്ടും യാത്ര തിരിച്ചൊരിക്കൽ കൂടി ,ആ ബംഗ്ളാവിലേക്ക്

ബാക്കിയുള്ള പെൺകുട്ടികളെ തേടിയൊരു യാത്ര കൂടി….!!

രഹസ്യങ്ങൾ പരസ്യമാക്കാനുളള സത്യങ്ങൾ തേടിയൊരു യാത്ര. ….!!

തുടരും…