മഴനൂലുകൾ ~ ഭാഗം 01, എഴുത്ത്: NIDHANA S DILEEP

“”ഒന്നുകിൽ ഇവളെ അല്ലേ ഈ വീട്…ഏതാന്നു വെച്ചാ നിങ്ങൾ തീരുമാനിച്ചോ..””
മഴയുടെ ഇമ്പമാർന്ന സ്വരത്തിന്റെ അകമ്പടിയോടെയുള്ള ജിതന്റെ വാക്കു കേട്ടതും പാത്തു മോളെ മുറുകെ പിടിച്ചു.

“”അടുത്ത മാസം ഇളയ മോൾടെ കല്യാണാണ്..പെട്ടെന്ന് വന്നു വീടൊഴിയണംന്നൊക്കെ പറഞ്ഞാ ഞങ്ങൾ കൊഴങ്ങി പോവും””അച്ഛൻ പറ്റാവുന്നത്രേം താഴ്ന്നു കൊണ്ട് പറഞ്ഞു.””ഞാൻ പറയേണ്ടതൊക്കെ പറഞ്ഞു..കൂടുതൽ ഒന്നും പറയാനില്ല”” അച്ഛൻ പറഞ്ഞത് അയാൾ ചെവിയിൽ പതിയാത്തത് പോലെ പറഞ്ഞു.ഒരു നോട്ടം തനുവിലേക്കും പായിച്ച് ഇറങ്ങി പോയി.

“”എല്ലാ ക്ലാസിലിരുന്നും ഒരുപാട് തവണയിരുന്ന് തഴക്കം വന്ന ആളാ””അവനെ കണ്ണു കൊണ്ട് കാണിച്ച് അവൻ കേൾക്കാതെ കൂട്ടുകാരി സ്വകാര്യം പറഞ്ഞപ്പോഴാണ് അലസമായ നോട്ടത്തോടെ ക്ലാസിലേക്ക് വരുന്ന ജിതനെ ആദ്യമായി കണ്ടത്.അച്ഛന് നാട്ടിൽ ട്രാൻസ്ഫറായതു കൊണ്ട് ഒൻപതിൽ ആ സ്കൂളിൽ ചേർത്തതാണ് തനുവിനേയും നന്ദൂനെയും.എല്ലാർക്കും അന്നേ അവനെ പേടിയായിരുന്നു.അവൻ സ്കൂളിൽ വന്ന ദിവസം ഉറപ്പായും തല്ലു നടക്കും.പോരാത്തതിന് പാർട്ടി പ്രവർത്തനവും.സ്കൂളിൽ ഇലക്ഷന്റെ തിരക്കിലായത് കൊണ്ട് മിക്ക ക്ലാസും ഫ്രീയായിരുന്നു.വന്ന ടീച്ചേർസും കാര്യമായി പഠിപ്പിച്ചതുമില്ല.ഒരു ദിവസം മൂന്നാം ബെഞ്ചിലിരുന്ന കൂട്ടുകാരി പട്ടീന്നോ മറ്റോ എഴുതി എന്റെ നേർക്കെറിഞ്ഞു.അതിൽ എന്തോ എഴുതി തിരിച്ചെറിഞ്ഞപ്പോൾ ചെന്ന് വീണത് ആ തെമ്മാടി ചെക്കന്റെ ദേഹത്തും.””ഇങ്ങോട്ട് വാടീ..””ആ ആഞ്ജ സ്വരത്തിൽ പേടിച്ച് അവന്റെടുത്തു പോയി.””എന്താടി എഴുതി വെച്ചിരിക്ക്ന്ന്വേ…”” പേടിച്ച് അക്ഷരങ്ങളൊക്കെ പിണങ്ങി പോയത് പോലെയായി.മിണ്ടാതെ തല കുനിച്ചു നിന്നു.ആകെ അറേഴു മാസത്തെ പരിചയമേ അവന്റെ മുഖത്ത് ഒരിക്കലും ചിരി കണ്ടിരുന്നില്ല.എപ്പോഴും ഗൗരവത്തിലായിരിക്കും.

“”ഞങ്ങളുടെ പാർട്ടിക്ക് ചെയ്തോണം അല്ലേ ഈ തെറിക്കത്ത് ടീച്ചറുടെ അടുത്തെത്തും.””

“” തനൂ…പിൻതിരിഞ്ഞു നിന്നാലും കൈ അനങ്ങുന്നത് നോക്കി ആരുടെ പേരാ എഴുതുന്നതെന്നു മനസിലാവും”” സീറ്റിൽ വന്നിരുന്നപ്പോൾ ലിമ പറഞ്ഞു.ടീച്ചറുടെ മേശയിൽ പേപ്പർ വെച്ച് പിൻ തിരിഞ്ഞു നിന്ന് സ്ഥാനാർത്ഥിയുടെ പേരെഴുതണം. കൂട്ടുകാരന് വോട്ട് കൊടുക്കാൻ പറ്റാതെ അവന്റെ സുഹൃത്തിന് വോട്ട് കൊടുക്കേണ്ടി വന്നപ്പോൾ അവനോടും അവന്റെ പാർട്ടിയോടുമെല്ലാം ദേഷ്യം തോന്നി.തുറിച്ചൊരു നോട്ടം എന്നും അവനുണ്ടായിരുന്നു.അതു കൊണ്ട് ഒരു ക്ലാസിലായിട്ടു കൂടി അവന്റെ കൺവെട്ടത്തു പെടാതിരിക്കാൻ പരമാവധി ശ്രമിച്ചു.ടീച്ചറുമായി എന്തോ പ്രശ്നമുണ്ടാക്കിയത് കൊണ്ട് അവന്റെ അമ്മ വീട്ടിനടുത്തുള്ള സ്കൂളിലേക്ക് മാറ്റി ചേർത്തൂന്നറിഞ്ഞപ്പോൾ മനസിനൊരു സമാധാനം തോന്നിയത്.അവന്റെ ആ തുറിച്ച നോട്ടം സഹിക്കേണ്ടല്ലോ.അതിനു ശേഷം ഇന്നാണ് അവനെ നേരിട്ടു കാണുന്നത്.

“”തനൂ…ഇപ്പോ എന്താ മോളെ ചെയ്യാ…നന്ദേടെ കല്യാണല്ലേ…കല്യാണം മൊടങ്ങിയ നല്ലൊരു ഭാവി പിന്നെ അവൾക്കുണ്ടാവ്വോ.അച്ഛൻ കുറേ പേരെ കൊണ്ട് സംസാരിപ്പിച്ച് നോക്കി അവനടുക്കുന്നില്ല.അവന്റെ മാനേജർ ചാക്കോ എന്റെ പരിചയക്കാരനാ മോൾക്ക് ഒരിക്കലും ഒരു പ്രശ്നവുമുണ്ടാവില്ല.നല്ല ബന്ധം തന്നെയാന്നാ പറയുന്നേ.ചാക്കോ അവനെ ചെറുതിലേ അറിയുന്നതാ പോലും…ധൈര്യത്തിൽ അയച്ചോന്നാ പറയുന്നേ..എന്താ ചെയ്യാന്നു ഒരു പിടീം ഇല്ല..””നെഞ്ച് തടവി കൊണ്ട് അച്ഛനത് പറയുമ്പോൾ വാതിൽ പടിയിൽ എന്റെ മറുപടി എന്താവുമെന്നറിയാൻ അമ്മയും കാത്തു നിൽക്കുന്നുണ്ടായിരുന്നു.

“” ജിതനോട് കല്യാണത്തിന് സമ്മതാന്നു പറഞ്ഞേക്ക് അച്ഛാ…””

“”അച്ഛനു വേറൊരു നിവൃത്തീം ഇല്ലാത്തോണ്ടാ അല്ലായിരുന്നേ…””ഒന്നും ചെയ്യാൻ പറ്റാത്തതിലുള്ള നിരാശ ആ സ്വരത്തിലുണ്ടായിരുന്നു.ജിതനെ പോലൊരാളോട് മത്സരിച്ച് നിക്കാൻ അച്ഛനാവില്ല.ഒരു വഴക്കുണ്ടാക്കാൻ പോലും ത്രാണി ഇല്ലാത്ത മനുഷനാണ്.ഒരുപാട് അസുഖങ്ങൾ കൂട്ടു കൂടിയിട്ട് നാളേറെയായി.നന്ദൂന്റെ കല്യാണത്തിനു തന്നെ ബാക്കിയുള്ള പറമ്പ് പണയം വെച്ചാണ്.അല്ലെങ്കിലും ഇത് എന്റെ കടമയാണ്.വീട് പണയം വച്ച് ജിതന്റെ അപ്പച്ചന്റെ കൈയീന്നു അച്ഛൻ പൈസ വാങ്ങിച്ചത് എന്റെ ജീവിതം ഭദ്രമാക്കാനായിരുന്നു.പക്ഷേ കൈപിടിക്കുള്ളിലെ പൂഴിമണൽ പോലെ ഊർന്നു പോയി ജീവിതം.

“”തന്യേച്ചീ…എനിക്ക് വേണ്ടി ഏച്ചി ഈ കല്യാണത്തിന് സമ്മതിക്കേണ്ട.അങ്ങനെ അഖിലേട്ടൻ കല്യാണം വേണ്ടാന്നു വെക്കുവാണേ വേണ്ടാന്നു വെക്കട്ടേ..ഒരു ഗ്ലാസ് ചായ കൊടുത്ത ബന്ധല്ലേ ഉള്ളൂ..അല്ലാണ്ട് വർഷങ്ങളായുള്ള ദിവ്യ പ്രേമമൊന്നുമല്ലാലോ..””മോളെ തട്ടി ഉറക്കി കൊണ്ടിരിക്കുമ്പോഴാണ് നന്ദ വന്നത്.

നിസാരമായി അവളത് പറഞ്ഞുവെങ്കിലും എനിക്കറിയാം അവൾ അത്രയും ആഗ്രഹിക്കുന്നുണ്ട് ഈ ബന്ധം.അഖിൽ പെണ്ണു കണ്ടു പോയപ്പോ തൊട്ട് നല്ല സന്തോഷത്തിലായിരുന്നു.””തന്യേച്ചീ അവർക്ക് എന്നെ ഇഷ്ടപ്പെട്ട് കാണ്വോ…ഇഷ്ടപ്പെട്ട് കാണില്ല അല്ലേ”” അഖിലിന്റെ വീട്ടിൽ നിന്നും സമ്മതമറിയിച്ചു കൊണ്ട് വിളിക്കുന്നത് വരെ ഇത് തന്നെയായിരുന്നു പറച്ചിൽ.

“”ആരാ നിന്നോട് പറഞ്ഞത് എനിക്കീ കല്യാണത്തിന് ഇഷ്ടല്ലാന്നു.അത് നല്ല കാര്യാണല്ലോ..എനിക്കും വേണ്ടേ ജീവിതം.””അവളുടെ പഴയ തന്വേച്ചി ആവാൻ നോക്കി കൊണ്ട് പറഞ്ഞു.

“”നിന്റെ സൗണ്ട് കേട്ട് എന്റെ മോളെഴുന്നേറ്റു നീ പോയേ…മോളെ ഉറക്കട്ടേ…””
സംസാരം കേട്ടതും പാത്തു എഴുന്നേറ്റു.തട്ടി കൊട്ത്തു കൊണ്ടിരുന്നു.ഉറക്കം തടസ്സപ്പെട്ടതു കൊണ്ട് ഒന്നു ചിണുങ്ങി ചേർന്നു കിടന്നു.

“”ഞാൻ പൂർണ മനസോടെ സമ്മതിച്ചതാ..നീ പോയി ഉറങ്ങാൻ നോക്ക്..””പിന്നെയും നോക്കി നിന്ന നന്ദയെ നിർബന്ധിച്ചു മുറിയിലേക്ക് പറഞ്ഞു വിട്ടു.എന്ത് ധൈര്യത്തിലാ തെമ്മാടിയുടെ ജീവിതത്തിലേക്ക് പോവുന്നതെന്നറിയില്ല.

“”ഇനി കല്യാണം കഴിയുന്ന വരെ ഇവ്ടെ നിന്നൂടെ…””.മോൾടെ കുപ്പായം മടക്കി വെക്കുന്നത് നിർത്തി അമ്മയെ നോക്കി. “”ഓഫീസിൽ ലീവ് പറഞ്ഞിട്ടില്ലമ്മേ…മോൾടെ ക്ലാസും പോവില്ലേ…ഇവ്ടുന്നു പോവാംന്നു വെച്ച എത്രയാ ദൂരം…ഞാൻ കല്യാണത്തിന്റെ ഒരാഴ്ച മുമ്പ് എത്തിക്കോളാം…””അവിടുന്നു ഓടി രക്ഷപ്പെടണമെന്നേ ഉണ്ടായിരുന്നുള്ളൂ.എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും വേറെ ആരു മനസിലാക്കിയില്ലേലും നന്ദു മനസിലാക്കും .പാത്തൂന് തിരിച്ചു പോവാൻ ഒട്ടും ഇഷ്ടമല്ലാത്തതു കൊണ്ട് പോണ്ടമ്മേന്നു പറഞ്ഞു ചിണുങ്ങാൻ തുടങ്ങി.അവ്ടെ മേരിയമ്മയും തനുവും മാത്രമേ ഉള്ളൂ.ഇവ്ടെയാവുമ്പോൾ അവളുടെ താളത്തിനൊത്ത് തുള്ളാൻ അച്ഛനും അമ്മയും നന്ദയുമുണ്ടല്ലോ.ഉച്ചക്ക് ഭക്ഷണം കഴിച്ചിറങ്ങി.അച്ഛനൊന്നും നന്ദയും പറഞ്ഞില്ല.ഒരു പക്ഷേ അവർക്ക് മനസിലായിക്കാണും.നന്ദയാണ് പാത്തൂനെ ഒരുക്കിയത്.””രണ്ടാഴ്ച കഴിഞ്ഞ് വരണംട്ടോ..്‌അമ്മ വന്നില്ലേ വാശി പിടിച്ചങ്ങ് കരഞ്ഞേക്കണം പാത്തുക്കുഞ്ഞ്..””നന്ദ പറയുന്നത് കേട്ട് പാത്തു തലയാട്ടുന്നത് കണ്ടു.

“‘ആ..നീ ഓരോന്ന് പറഞ്ഞു കൊട്ക്ക് അല്ലേ തന്നെ വേണ്ടാത്തതിനും വേണ്ടുന്നതിനുമെല്ലാം വാശിയാ പെണ്ണിന്..””

“”കല്യാണത്തിന് രണ്ടാഴ്ച മുൻപെങ്കിലും വരില്ലേ തന്വേച്ചി…”‘

“” വരാംന്നോക്കാം…ഓഫീസിൽ ലീവ് പറയണം…ഓഡിറ്റ് സമയായോണ്ട് കിട്ട്വോന്നറീലാ…ഞാൻ ഇടക്കിടക്ക് വരാം””അമ്മയും നന്ദൂം പാത്തൂന് ഉമ്മ കൊടുത്തു.

“”എത്തീട്ട് വിളിക്കണം…പിന്നെ സീറ്റുള്ള ബസ് നോക്കി കേറിയാ മതി..”” ഇറങ്ങാൻ നോക്കുമ്പോൾ അമ്മ ഉപദേശങ്ങളുടെ കെട്ടഴിച്ചു.എല്ലാം കേട്ട് മനപാഠമായതാണ്.

അച്ഛൻ ബസ്സ്റ്റോപ്പ് വരെ വന്നു.അതുവരെ പാത്തു അച്ഛന്റെ കൈയിലായിരുന്നു. വയ്യാത്തതല്ലെ മോളെ എടുക്കേണ്ട എന്നു പറഞ്ഞാൽ കേൾക്കില്ല.

**********************

എങ്ങനെ പാത്തൂനെ പറഞ്ഞു മനസിലാക്കും അമ്മേടെ കല്യാണമാണെന്ന്.വീട്ടിലെത്തിയിട്ടും ഒരു മനസമാധാനവുമില്ല.

“”അമ്മേ…താ…”” അതും പറഞ്ഞ് വാ തുറന്നു.പാത്തൂന് ഭക്ഷണം വാരിക്കൊടുക്കുന്നതിനിടയിലായിരുന്നു ചിന്ത.പാത്തൂനാണേ വീട്ടിൽ നിന്നും വന്നതിന്റെ സങ്കടത്തിലാണ്.മോളെ നോക്കാനും വീട്ട് ജോലിക്കായും നിൽക്കുന്ന മേരിയമ്മ നാളെയെ വരൂ.ഇന്ന് മോളും തനൂം മാത്രം.അവൾക്ക് വാരി കൊടുത്ത് ബാക്കി വന്നത് കഴിച്ചു.അടുക്കളയൊക്കെ മേരിയമ്മ വൃത്തിയാക്കി വെച്ചിട്ടുണ്ട്.

“”അമ്മേ…ഒറക്കം വരണൂ…”” പാത്രം കഴുകി കൊണ്ടിരിക്കുമ്പോഴാണ് പാത്തു കാലിൽ ചുറ്റിപ്പിടിച്ചത്.കഴുകി കൊണ്ടിരുന്ന പാത്രം സിങ്കിൽ തന്നെ ഇട്ട് ടവലിൽ കൈ തുടച്ച ശേഷം മോളെ എട്ത്തു.വയസ് കഴിഞ്ഞു എന്നാലും എടുത്തു നടന്നാലേ ഉറങ്ങൂ.ഭക്ഷണം നന്നായി കഴിക്കുന്നോണ്ട് പാറ്റേടെ അത്രേ ഭാരമുള്ളൂ അമ്മേടെ പാറ്റകുഞ്ഞിന്.പാത്തൂനെ എട്ത്ത് മുഖം കുഞ്ഞി കവിളിൽ ചേർത്തു വെച്ചു.നന്നായി ഉറക്കം വന്നത് കൊണ്ടാവാം എടുത്ത പാടെ ചുമലിൽ തല ചായ്ച്ചു കിടന്നു.
പാത്തുവിനെ കട്ടിലിൽ കിടത്തി.അടുക്കളയിൽ ബാക്കി വെച്ച ജോലി തീർത്തു പാത്തുവിന്റെ അടുത്ത് തന്നെ കിടന്നു.

“”ഹേയ്….യൂ…ദ റെഡ് വൺ…ചുറ്റും നോക്കേണ്ട നിന്നെ തന്നെയാ….””ധ്രുവന്റെ ശബ്ദം ചെവിയിൽ അലയടിച്ചു.ഓർമയിൽ ധ്രുവന്റെ മുഖം തെളിഞ്ഞതും കണ്ണുകൾ ഇറകിയടച്ചു.നെഞ്ച് പുകയുന്നത് പോലെ .കരയാനിനി ഒരിറ്റു കണ്ണുനീരു പോലും ബാക്കിയില്ല.പാത്തുവിനെ ഒന്നു കൂടി ചേർത്തു പിടിച്ചു.ഒരു പാട് തളർന്നു…തോറ്റു…കണ്ണുനീർ വറ്റും വരെ കരഞ്ഞു ഇനി വയ്യ.ജീവിക്കണം.പപ്പയുടെ വാക്കകൾ മനസിലേക്ക് ഓടിയെത്തി. വേട്ടക്കാരനു മുൻപിൽ ഇരയായി നിന്നു കൊടുക്കര്ത് എതിരാളിയായി നിൽക്കണം.നിന്റെ നോട്ടത്തിൽ അവൻ പതറുന്ന നിമിഷത്തിൽ അവനെ ആക്രമിക്കണം.ഫോൺ റിങ് ചെയ്യുന്ന കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്. സമയം പത്തര കഴിഞ്ഞു ഈ നേരത്ത് ആരാണാവോ???പരിചയമില്ലാത്ത നംമ്പർ.അറ്റന്റ് ചെയ്ത് ഹലോ പറയാനുള്ള സാവകാശം പോലുമില്ലാതെ മറുഭാഗത്തു നിന്നും പറഞ്ഞു തുടങ്ങി

”’എനിക്ക് കാണണം..സംസാരിക്കാനുണ്ട്..””

ജിതൻ…….ആരാണോന്നു പറയാതെ തന്നെ ഒട്ടും മയമില്ലാത്ത ശബ്ദത്തിൽ നിന്നും ആരാണെന്നു മനസിലായി.

“”നാളെ എനിക്ക് ഓഫീസ് ഉണ്ട്…””

“”സൺഡെ മോണിങ് പത്തുമണിക്ക് മാളിലെ ഫുഡ് കോർട്ടിൽ ഉണ്ടാവും..””അത്ര മാത്രം…തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപ് ഫോൺ കട്ടായി.

തുടരും….