മൊട്ടച്ചി
Story written by NAYANA SURESH
ഇരുപത്തൊന്ന് വയസ്സുള്ള മൊട്ടച്ചിയായിരുന്നു അവൾ. ജനിച്ച് ഇത്ര കൊല്ലത്തിനിടക്ക് വിരലിലെണ്ണാവുന്ന മുടിക്കപ്പുറം ഒന്നും അവളുടെ തലയിൽ കിളിർത്തില്ല ..ജാൻവി എന്ന പേരുണ്ടായിട്ടും വീട്ടീലും നാട്ടിലും ക്ലാസ്സിലും എല്ലാം അവൾ മൊട്ടച്ചിയായിരുന്നു ..
ഒട്ടും ആവതില്ലാത്ത .. ഒട്ടും നീളമില്ലാത്ത പന്ത്രണ്ട് മുടിയുണ്ട് അവളുടെ തലയിൽ .. വളരെ മിനുസ്സമായ തല … ഒരു പക്ഷേ പ്രായമായി മുടി കൊഴിഞ്ഞ് പെട്ട കാണുന്ന അപ്പൂപ്പൻമാരെപ്പോലെ …
സ്ക്കൂളിലേക്ക് നടന്നു പോകുമ്പോൾ ആൺപിള്ളാർ വെറുതെ വിളിക്കും ..
ഡീ …മൊട്ടച്ചി …മൊട്ടച്ചി പെണ്ണെ…മൊട്ടച്ചി പെണ്ണെ…മൊട്ടയിലെന്താണ്….നാല് മുടി നാല് മുടി തൊട്ടാൽ വീഴുന്നത്
അത് കേട്ട് ,മുടി രണ്ട് വശം ചീകി മടക്കി റിബൺ കെട്ടിയ പെൺപിള്ളാർ അടക്കം പറഞ്ഞ് ചിരിക്കും …ജനിച്ച കുഞ്ഞിനെ നോക്കിയും മരിച്ച അമ്മൂമ്മയെ നോക്കിയും അവൾ കരുതും. എനിക്ക് അത്രയെങ്കിലും മുടിയുണ്ടായിരുന്നെങ്കിൽ ..
കാണിക്കാത്ത ഡോക്ടർമാരില്ല …
പന്ത്രണ്ട് മുടിയിലെ ഒന്ന് പോലും കൊഴിയാതെ മിനുസ്സമുള്ള ആ തലയിൽ അവൾ കാച്ചെണ്ണ തേക്കുബോൾ അനിയത്തി കളിയാക്കി പറയും
എണ്ണ തേപ്പ് കണ്ടാ തോന്നും ചന്തി വരെ മുടിയങ്ങ് നീണ്ട് കിടക്കാന്ന് ..
വെറുതെ കണ്ണാടിയുടെ മുന്നിൽ നിന്ന് അപ്പോഴൊക്കെ മൊട്ടത്തലയിൽ അവൾ വെറുതെ ഉഴിയും …ച ന്തി വരെയൊന്നും വേണ്ട … ആൺ കുട്ടികളെപ്പോലെ മതി ..
എപ്പോഴും എന്തോ കുറവുണ്ടെന്ന് അവൾ സ്വയം വിശ്വസിച്ചു ..
പഠിക്കുന്ന കാലത്ത് ..
ഒപ്പനയിൽ നിന്ന് , തിരുവാതിരയിൽ നിന്ന് , ഗ്രൂപ്പ് ഡാൻസിൽ നിന്ന് എല്ലാത്തിൽ നിന്നും ഒഴിച്ചു നിർത്തി ..
ആ മൊട്ടച്ചിയുടെ ശരിക്കുള്ള പേരെന്താണെന്ന് ഒരിക്കൽ ഒരു ടീച്ചർ ചോദിക്കുക പോലുമുണ്ടായി ..ആരും വീട്ടിലില്ലാത്തപ്പോൾ കറുത്ത ഷാള് അവൾ നീളമുള്ള മുടിയാക്കി മാറ്റി ..
വളർന്നപ്പോൾ അനിയത്തിക്ക് പോലും കൂടെ കൂട്ടാൻ നാണമായി … പുറത്തു പോയി വരുബോൾ ഒരിക്കലവൾ തലയിലിടുന്ന തട്ടം കൊണ്ടുവന്നു ..
ജാൻവി നീ ഇതിട്ട് പുറത്തു പോയ മതി ഇനി , കാണുന്നവരൊക്കെ മൊട്ടച്ചിയുടെ അനിയത്തിയല്ലെ എന്നാ ചോദിക്കണെ ..
വളരും തോറും അവളുടെ മനസ്സ് നൊന്തു …
ഒരിക്കൽ അച്ഛൻ വിഗ്ഗ് വാങ്ങി കൊണ്ടുവന്നു .. മൂന്നാം നാൾ തലയിൽ നിറയെ കുരുക്കൾ പൊന്തി .. അത് ചൊറിയാനും പഴുക്കുവാനും തുടങ്ങി … പന്ത്രണ്ട് മുടിയിലെ നാല് മുടി കൊഴിഞ്ഞു പോയി …
അന്ന് ഡോക്ടർ പറഞ്ഞു .. വിഗ്ഗ് ഈ കുട്ടിക്ക് അലർജിയാണ് ….
എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് മാറിയത് അപ്പോഴാണ് …എന്തെ എനിക്ക് ദൈവം മുടി തരാഞ്ഞെ റോഡിലൂടെ നടക്കുമ്പോൾ ഒളിക്കണ്ണിട്ട് അവൾ എല്ലാവരുടെ മുടിയും നോക്കും …
പെണ്ണ് കാണുന്നവർകൊക്കെ അനിയത്തിയെ മതിയത്രെ ..അങ്ങനെ അവളുടെ കല്യാണം ശരിയായി ..
ജാൻവി നിനക്ക് സങ്കടമുണ്ടോ ?
എന്തിനാടി …കല്യാണം ശരിയാവാത്തതിലോ
ഉം
ഒട്ടും ഇല്ല ….
കല്യാണത്തിരക്ക് പൊടിപൊടിക്കുമ്പോഴൊന്നും ജാൻവി രാത്രി ഉറങ്ങിയില്ല …
എല്ലാവർക്കും ജീവിതമായി .. ഞാൻ മാത്രം ഇങ്ങനെ ..അന്ന് രാത്രി ദൈവത്തിനു മുന്നിൽ അവൾ കണ്ണടച്ച് ഒരു പാട് നേരം നിന്നു ..തോൽക്കാൻ മനസ്സ് അനുവദിക്കുന്നില്ല
ജാൻവി .. നിനക്കിനി മുടിയൊന്നും വരാൻ പോണില്ല .. കരഞ്ഞ് ജീവിക്കാനാണെങ്കിൽ അങ്ങനെ , അല്ലെങ്കിൽ നിനക്ക് ഇഷ്ടമുള്ളത് തേടിപ്പോകാം .. നാളെ കളിയാക്കിയവർ നിന്നെ പുകഴ്ത്തും..മനസ്സു പറഞ്ഞ ഈ വരികൾ ശരിയാണെന്ന് അവൾക്കും തോന്നി ..
പിറ്റേന്ന് രാവിലെ എണീറ്റ് തലയിലെ ബാക്കി മുടിയും അവൾ ഷേവ് ചെയ്തു ….
ജീൻസും ടീ ഷർട്ടും ഇട്ട് ചിരിച്ച് അകത്തെക്കു വരുന്ന അവളെ അച്ചനും അമ്മയും അനിയത്തിയും മാറി മാറി നോക്കി ..
നിനക്ക് എന്ത് പറ്റി
ഒന്നും പറ്റീല്ല
പിന്നെന്താ നല്ല ഡ്രസ്സ് ഇട്ടേ
ഞാൻ പുറത്ത് പോവാ … ഡ്രൈവിങ്ങ് സ്കൂൾ വരെ
എന്തിന് ?
ആ … ഈ വീട് മാത്രമല്ലല്ലോ ലോകം …
പിന്നീട് വാശിയായിരുന്നു … ഒറ്റപ്പെടുത്തിയവരോട് , കളിയാക്കിയവരോട്
തന്റെ കുറവുകൾ എന്താണോ അതിലാണ് തന്റെ കഴിവെന്ന് അവൾ തെളിയിച്ചു…
മൊട്ടയടിച്ച പെണ്ണിനെ അംഗീകരിക്കാത്ത ലോകത്ത് .. അവൾ മുടിയില്ലാത്ത മോഡലായി മാറി .. ബുള്ളറ്റിൽ ഏറ്റവും കൂടുതൽ കിലോമീറ്റർ യാത്ര ചെയ്ത പെണ്ണായി മാറി …
പലർക്കും അവൾ മോട്ടിവേഷനായി … മുടിയുള്ള പലരും അത് മൊട്ടയടിച്ച് അവളെപ്പോലെയാകാൻ ശ്രമിച്ചു …
എല്ലാവരുടെ മുന്നിലും തലയുയർത്തി നിൽക്കുമ്പോഴും
രാത്രിയിൽ അവൾ തന്റെ മനുസ്സമുള്ള തല വെറുതെ തലോടും .. ഒരിക്കൽ കൂടി നിറഞ്ഞ കണ്ണുകൾക്കു മുന്നിൽ നിവർന്ന് നിന്ന് അവൾ പറയും
എന്റെ കുറവാണ് എന്റെ കഴിവ്
…വൈദേഹി…