സീമന്തരേഖ ~ ഭാഗം 06, എഴുത്ത്: രസ്ന (ഇന്ദ്ര)

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

എന്തോ ബിസിനസുമായുള്ള ചർച്ചയ്ക്കായി അശോകന് ദൂരേക്ക് പോവേണ്ട ആവശ്യം വന്നു. സരസ്വതിയെ വീട്ടിൽ ശാരദാമ്മയുടെ ഒപ്പം നിർത്താൻ അയാൾക്ക് പേടിയുള്ളതിനാൽ ജാനകി ചേച്ചിയെ ഏൽപ്പിച്ചാണ് പോയത്. അന്ന് ജാനകി ചേച്ചി ഇവിടെ ജോലിക്ക് വന്ന് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ..

ചെറുതായി അസ്വസ്ഥത കാണിക്കാൻ തുടങ്ങിയപ്പോൾ സരസ്വതിയെ അടുത്തുള്ള വൈദ്യൻറെ അടുത്ത് കാണിച്ചപ്പോഴാണ് ഗർഭിണി ആണെന്ന് മനസിലായത്.

അത് കൂടി കേട്ടതും ശാരദാമ്മ ആകെ ഭ്രാന്ത് പിടിച്ച മാനസികാവസ്ഥയിലായിരുന്നു. ഇനി സ്വത്തുകളും രണ്ടായി പങ്ക് വെക്കേണ്ടി വരുമോ എന്ന ഭയം അവരുടെ മനസിനെ പിടികൂടി. എല്ലാ സ്വത്തും തന്റെ മകളുടെ ചോരയ്ക്കാവണം എന്ന ദുരാഗ്രഹം.

ഏത് വിധേനയും കുഞ്ഞിനെ നശിപ്പിക്കാൻ തന്നെ അവർ തീരുമാനിച്ചു. എവിടെ നിന്നോ സംഘടിപ്പിച്ച ഗർഭം അലസുന്ന മരുന്ന് വൈദ്യൻ ദേഹം പുഷ്ടിപ്പെടുത്താൻ കൊടുത്ത മരുന്നുകളിൽ ചേർത്ത് കൊടുത്തു.

ജാനകി ചേച്ചിയായിരുന്നു അന്ന് സരസ്വതിയുടെ കാര്യമെല്ലാം നോക്കിയിരുന്നത്. ശാരദാമ്മയുടെ ഉള്ളിലെ ഉദ്ദേശ്യമൊന്നും അവർക്ക് അറിയില്ലായിരുന്നു. മരുന്ന് കൊടുത്തതും അതിന്റെ പ്രവർത്തനം എന്ന പോലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും വേഗം തന്നെ ജാനകി ചേച്ചി ആശുപത്രിയിൽ എത്തിച്ചു.

ഭാഗ്യത്തിന് കുഞ്ഞിനൊന്നും സംഭവിച്ചില്ല.

ഭാര്യ ആശുപത്രിയിലാണെന്ന് വിവരം കിട്ടിയതും തിരിച്ച് വരാൻ വേണ്ടിയുള്ള ധ്യതിയിൽ ആവും നിയന്ത്രണം തെറ്റി വണ്ടി കൊക്കയിലേക്ക് മറിഞ്ഞ് അശോകനും പോയി.

അതോടെ മാനസികമായി തളർന്നു പോയി സരസ്വതി. അതിൽ നിന്ന് അവരെ പിടിച്ച് കയറ്റിയത് അരവിന്ദനായിരുന്നു.

സ്വന്തം അമ്മയല്ലെങ്കിൽ കൂടിയും അരവിന്ദന് സരസ്വതിയെ വലിയ കാര്യമായിരുന്നു. അവന്റെ കുറുമ്പും സ്വന്തം അനിയനോടുള്ള വാത്സല്യവും അവരെ ഇരുത്തി ചിന്തിപ്പിച്ചിരിക്കാം.

അശോകന്റെ മരണത്തോടെ ശാരദാമ്മയും കുറച്ച് ഒതുങ്ങി കൂടിയിരുന്നു. സ്വന്തമെന്ന് കരുതിയ ഒരാളും കൂടി നഷ്ടപ്പെട്ടതോടെ അരവിന്ദൻ മാത്രമായി അവരുടെ പ്രതീക്ഷ. അരവിന്ദൻ സരസ്വതിയോട് അടുത്ത് പെരുമാറുന്നത് ശാരദാമ്മക്ക് പിടിച്ചിരുന്നില്ലെങ്കിലും കൊച്ചുമകനെയും വേദനിപ്പിക്കാൻ അവർക്ക് തോന്നിയില്ല. അത് കൊണ്ട് തന്നെ അവർ പിന്നീട് കൂടുതൽ കുതന്ത്രവുമായി വന്നില്ല.

അതിനിടയിൽ സരസ്വതി അനന്തന് ജന്മം നൽകി. അതോടെ അനന്തന് ചുറ്റുമായി അവരുടെ ലോകം. ഇടയ്ക്ക് മുറ പോലെ ശാരദാമ്മ വല്ലതും പറയും.. അടിമപണി ചെയ്യിപ്പിക്കും. എല്ലാം അവർ അനുസരണയോടെ പാലിച്ചു കൊണ്ടെയിരുന്നു.

അനന്തന് പത്ത് വയസായപ്പോഴാണ് കുഴഞ്ഞ് വീണ് സരസ്വതിയമ്മ മരിക്കുന്നത്. അതോടെ അവന്റെ അച്ഛനും അമ്മയും അരവിന്ദനായി.

അരവിന്ദന് പിന്നാലെ കൈയ്യിൽ തൂങ്ങി എല്ലായിടത്തും അനന്തൻ ഉണ്ടാവും. സ്വന്തം അച്ഛനെ പോലെയാ അവൻ അരവിന്ദനെ കണ്ടത്. ചേട്ടച്ഛാ എന്നായിരുന്നു വിളിക്കുക തന്നെ.

പക്ഷേ ഒരിക്കലും ശാരദാമ്മയുടെ വിരോധം മാറിയിരുന്നില്ല. ആളുകളുടെ മുമ്പിൽ വച്ച് സ്നേഹം പ്രകടിപ്പിക്കുമെങ്കിലും തനിച്ചാകുമ്പോൾ അവർ അനന്തനെ വേദനിപ്പിച്ച് കൊണ്ടിരുന്നു.

മകൾ നഷ്ടപ്പെട്ട വേദന ശാരദാമ്മ സരസ്വതിയിൽ തീർത്തത് പോലെ അത് പതിയെ അനന്തനിലേക്കും ചേക്കേറി..

പക്ഷേ അരവിന്ദന്റെ മുമ്പിൽ അവർ നല്ല പിള്ള ചമയാൻ കേമത്തിയായിരുന്നു. ശാരദാമ്മയുടെ ഭീഷണിപ്പെടുത്തൽ കാരണം സത്യം അരവിന്ദനോട് പറയാൻ അനന്തനും ഭയന്നിരുന്നു.

അനന്തൻ പിജി ക്ക് പഠിക്കുമ്പോഴാണ് ഞാൻ അവനെ പരിചയപ്പെടുന്നത്.

ഒന്ന് നിർത്തി കൊണ്ട് ഭദ്രൻ തുടർന്നു.

അന്ന് അരവിന്ദൻ ടീച്ചിംഗ് കോഴ്സ് ഒക്കെ കഴിഞ്ഞ് നാട്ടിലെ ഒരു സ്കൂളിൽ വർക്ക് ചെയ്യാൻ നിൽക്കുവായിരുന്നു. ഞാനിവിടെ നാട്ടിൽ പോസ്റ്റ് മാസ്റ്റർ ആയി വർക്ക് ചെയ്യായിരുന്നു. എന്തോ ജോബ് ഇന്റർവ്യൂ ന്റെ ലെറ്റർ വാങ്ങാൻ വന്നതായിരുന്നു രണ്ടാളും.

ഞാനും അരവിന്ദനും ഒരുമിച്ച് പഠിച്ചതായതിനാൽ സൗഹൃദം പുതുക്കി. അങ്ങനെയാ അനന്തനുമായും ബന്ധം സ്ഥാപിച്ചത്. അരവിന്ദനിൽ നിന്ന് വളരെ വ്യത്യസ്തമായ പ്രകൃതമായിരുന്നു അനന്തൻ. ആരോടും ആവശ്യമില്ലാതെ സംസാരിക്കില്ല. പുറലോകവുമായി അധികം ഇടപെടാത്ത ഒരു സ്വഭാവം. അരവിന്ദൻ നിർബന്ധിച്ചാൽ മാത്രം പുറത്തിറങ്ങും. അല്ലെങ്കിൽ മുഴുവനും പുസ്തകങ്ങളുടെ ലോകത്ത്. ഒരു വർഷത്തോളം വേണ്ടി വന്നു എനിക്കവനുമായി സൗഹൃദം സ്ഥാപിച്ചെടുക്കാൻ.. അവന്റെ ലോകം അരവിന്ദനും ഭാമയും മാത്രമായിരുന്നു.

ഭാമ അരവിന്ദന്റെ സ്റ്റുഡന്റായിരുന്നു. അവൾക്ക് അരവിന്ദനോട് തീവ്രമായ പ്രണയവും. അങ്ങനെയാണവൾ അനന്തനുമായി കൂട്ടാവുന്നത്. അവളെങ്ങനെ അവനുമായി കൂട്ടായി എന്ന് ഇപ്പോഴും എനിക്കറിയില്ല. അനന്തന്റെ നിർബന്ധമായിരുന്നു അവളെ ചേടത്തിയമ്മയായി കിട്ടണം എന്ന്. സ്വാഭാവികമായും ശാരദാമ്മ എതിർത്തു. അവന്റെ എല്ലാ ആഗ്രഹങ്ങൾക്കും തടസ്സം നിൽക്കുകയാണല്ലോ അവരുടെ ലക്ഷ്യം.

അരവിന്ദന് വേണ്ടി ഏതോ കാശുകാരി പെണ്ണിനെ പറഞ്ഞ് വെച്ചിരിക്കാണെന്നും കല്യാണം നടന്നില്ലെങ്കിൽ ഞാൻ മരിച്ച് കളയുമെന്നും പറഞ്ഞ് അനന്തനെ അവർ മാനസികമായി തളർത്തി.

അനന്തനെ സ്വഭാവം നിനക്കറിയാലോ.. മറ്റുള്ളവരെ വേദനിപ്പിക്കുന്നതിലും നല്ലത് സ്വയം ഉരുകുന്നതാ എന്നാണ് അവന്റെ ന്യായം.

അരവിന്ദന് അവളെ ഇഷ്ടമല്ലെന്നും മറക്കണം എന്ന് പറയാൻ അനന്തനെ തന്നെ തള്ളി പറഞ്ഞ് വിട്ടു ആ പെരട്ട തള്ള.

ഭാമയുടെ മുമ്പിൽ എത്ര അഭിനയിക്കാൻ ശ്രമിച്ചാലും അനന്തന്റെ ഭാവം കാണുമ്പോളെ അവൾ കാര്യം മനസിലാക്കും. ശാരദാമ്മയാണവനെ പറഞ്ഞയച്ചത് എന്നറിഞ്ഞിട്ടും അവനെ വേദനിപ്പിക്കാതിരിക്കാൻ അവൾ അനന്തനോട് സമ്മതം അറിയിച്ചു.

അത്രയും കാലം ഭാമയെ കെട്ടണം എന്ന് പറഞ്ഞ് പിന്നാലെ നടന്ന് നിർബന്ധം പിടിച്ചവൻ ഇപ്പോൾ അച്ഛമ്മ പറഞ്ഞ ആളെ കെട്ടണം എന്ന് മാറ്റി പറഞ്ഞപ്പോൾ അതിന് പിറകിലെ ചേതോവികാരം കണ്ട് പിടിക്കാൻ അരവിന്ദൻ ഒരുപാടവനെ ചോദ്യം ചെയ്തെങ്കിലും ചേട്ടന് ഇഷ്ടമില്ലാത്തത് അനന്തന് വേണ്ട എന്ന് പറഞ്ഞവൻ ഒഴിഞ്ഞുമാറി.

ഒടുക്കം നിശ്ചയത്തിനന്ന് കുടുംബക്കാരുടെ മുമ്പിൽ വച്ച് അനന്തനെ നാണം കെടുത്തുന്ന രീതിയിൽ സംസാരിക്കുന്ന ആ കാശുകാരി പെണ്ണിനെയും അവൾക്കരുകിൽ ഒന്നും മിണ്ടാതെ എല്ലാം കേട്ട് നിൽക്കുന്ന അനന്തനെയും കണ്ട് അരവിന്ദന്റെ കണ്ണ് നിറഞ്ഞു.

അല്ലെങ്കിലും ശാരദാമ്മ കണ്ട് പിടിച്ച മുതലല്ലേ.. വല്ല സുനാമിയും ഉണ്ടായിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ..

അപ്പോൾ തന്നെ അവളുടെ കരണം നോക്കി രണ്ട് പൊട്ടിച്ചിട്ട് ഭാമയെയും ഇറക്കി കൊണ്ട് വന്ന് അവളുടെ കഴുത്തിയിൽ താലി ചാർത്തി അനന്തന്റെ മുമ്പിൽ കൊണ്ട് ചെന്ന് നിർത്തി കൊണ്ട് നിനക്കുള്ള സമ്മാനം എന്ന് പറഞ്ഞ് എല്ലാർക്കും അവളെ പരിചയപ്പെടുത്തി കൊടുത്തു അരവിന്ദൻ.

ശാരദാമ്മയ്ക്കത് വല്ലാത്ത ഒരു തിരിച്ചടിയായിരുന്നു. തന്നെക്കാളും അനന്തന് മനസിൽ സ്ഥാനം കൊടുത്ത പേരക്കുട്ടിയെ കാൺകെ അവർക്ക് അനന്തനോടുള്ള വെറുപ്പ് കൂടുകയല്ലാതെ ഒരു പരിധി പോലും കുറഞ്ഞിരുന്നില്ല.

ഭാമയുടെ വരവും കൂടി ആയതോടെ പക അതിന്റെ ഉച്ചസ്ഥായിയിൽ എത്തി എന്ന് വേണം പറയാൻ.

ഭാമയുടെയും അനന്തന്റെയും സഹോദര സ്നേഹം ശാരദാമ്മയെ അരിശം കൊള്ളിച്ച് കൊണ്ടിരുന്നു. അതിനൊരു അരുതി വരുത്താൻ അവർ തന്നെ അവരെ ചേർത്ത് നിർത്തി അവിഹിത കഥ പുറപ്പെടുവിച്ചു.

നമ്മുടെ നാട്ടുകാരല്ലെ.. വല്ലതും കിട്ടാൻ കാത്തിരിക്കുവാ.. ഏറ്റ് പിടിക്കാൻ.. സംഭവം കാറ്റ് പോലെ പറന്നു.

ഒരിക്കൽ അമ്പലത്തിൽ പോയ ഭാമ കരഞ്ഞ് കൊണ്ട് തിരിച്ച് വരുന്നത് കണ്ടാണ് അനന്തനും അരവിന്ദനും ഉമ്മറത്തേക്ക് വന്നത്.

വഴിയിൽ വച്ച് കുറച്ച് പേർ അവളോട് മോശമായി സംസാരിച്ചെന്ന്. ഭർത്താവിന്റെ അനിയനുമായി പങ്ക് വെക്കാമെങ്കിൽ അവരെ കൂടെ സുഖിപ്പിക്കാൻ..

കേട്ടപാതി കേൾക്കാത്ത പാതി രണ്ടാളും ഇറങ്ങി തിരിച്ച് അവരെ നടക്കാത്ത പരുവമാക്കി അടിച്ച് പിഴിഞ്ഞു.

എല്ലാർക്കും താക്കീതു നൽകി തിരിച്ച് വരുമ്പോൾ ശാരദാമ്മയാണ് പറഞ്ഞ് പറത്തിയെതെന്ന കാര്യം മാത്രം അനന്തൻ അരവിന്ദനോട് മറച്ച് പിടിച്ചു.

അച്ഛമ്മയെ അത്രയ്ക്കും ഇഷ്ടമായ അരവിന്ദൻ ഇതറിഞ്ഞാൽ വിഷമിക്കും എന്നവന് അറിയാമായിരുന്നു. ഇതറിയുന്നത് കൊണ്ട് തന്നെ അവർ അനന്തനെ കൂടുതൽ ചൂഷണം ചെയ്യാൻ തുടങ്ങി.

ഒരിക്കൽ ഭാമയും അരവിന്ദനും ദൂരെയുള്ള ആരെയോ കാണാൻ പോയ സമയം..,അനന്തനും ശാരദാമ്മയും തമ്മിൽ അന്നത്തെ അമ്പല പ്രശ്നത്തെ ചൊല്ലി ചെറിയ ഒരു വഴക്കുണ്ടായി.

ആദ്യമായി അനന്തൻ അവരോട് പൊട്ടിതെറിച്ച ദിവസം. ഇനി ഇങ്ങനെയുണ്ടാവരുത് എന്ന് താക്കീത് നൽകി പോകാൻ നിന്ന അനന്തനെ പിറകിൽ നിന്നവർ തലയ്ക്കടിച്ചു . ചോര വാർന്നൊഴുകുന്ന അവന്റെ ശരീരത്തിന് മുകളിൽ ഭാഷിണ്യമില്ലാതെ തല്ലി ആർമാധിക്കുന്ന അവരെ കണ്ടാണ് ജാനകി ചേച്ചി കടന്ന് വന്നത്. പേടിച്ച് വിറച്ച ചേച്ചി അന്ന് ആശ്രയത്തിനായി എന്റെ വീട്ടിലേക്കാണ് വന്നത്.

അനന്തനെയും കൊണ്ട് ആശുപത്രിയിൽ പോകുമ്പോഴാ ജാനകി ചേച്ചി എന്നോട് ആ ശാരദാമ്മയുടെ വെറുപ്പിന്റെ കഥകൾ പറയുന്നത്.

പോലീസ് കേസാക്കാൻ ശ്രമിച്ച എന്നെ ബോധം വന്ന അനന്തൻ തടഞ്ഞു. അരവിന്ദൻ അറിയാതെ വീട്ടിൽ എത്തിയെങ്കിലും ഇനിയും അവർ വല്ലതും ചെയ്താലോ എന്ന പേടി കൊണ്ട് ഞാൻ എല്ലാ കാര്യവും ഭാമയോട് പറഞ്ഞു.

ഭാമ അവരോട് തർക്കിച്ച് സംസാരിച്ചതിന്റെ ഫലമായിട്ടാവും കുറച്ച് ദിവസം അവരുടെ ഭാഗത്ത് നിന്ന് ഒരനക്കവും ഉണ്ടായില്ല.

നന്നായി എന്ന് കരുതിയിരിക്കുമ്പോഴാണ് ഭാമ ഗർഭിണി ആവുന്നത്.

അതോടെ പിന്നെ ശാരദാമ്മ അവളോടുള്ള ദേഷ്യം വിട്ടു. അവളെ ശുശ്രൂഷിക്കാൻ തുടങ്ങി.

പത്ത് മാസത്തോളം അവിടെ സന്തോഷം നിറഞ്ഞാടീ..

കണ്ണന്റെ ജനനത്തോടെ ശാരദാമയുടെ സ്വഭാവത്തിൽ മാറ്റം വന്നു.

അനന്തനോട് സംസാരിക്കാനും ചിരിക്കാനും തുടങ്ങി.

അനന്തനും വളരെ സന്തോഷത്തിലായിരുന്നു. കുട്ടികാലം മുതൽ നിഷേധമായ അവരുടെ സ്നേഹം അവന് കിട്ടി തുടങ്ങിയ പോലെ തന്നെ അവൻ കരുതി. ആവോളം അവനത് ആസ്വദിച്ചു.

മാലുവിനെ ഉദരത്തിൽ താങ്ങുമ്പോഴായിരുന്നു ഭാമയുടെ ആരോഗ്യം മോശമായത്. തുടർച്ചയായ രണ്ടാമത്തെ പ്രസവം ആയതിനാൽ അത് വേണ്ടെന്ന് വെക്കാൻ എല്ലാരും നിർബന്ധിച്ചെങ്കിലും ഭാമ തയ്യാറായില്ല.

മാലുവിനെ പ്രസവിച്ചതോടെ അവളുടെ അവസ്ഥ ആകെ തകരാറില്ലായി. ചോരയൊലിപ്പിച്ച് കിടക്കയിൽ കിടക്കുന്ന അവളെ കണ്ടാണ് ഒരിക്കൽ അരവിന്ദനും അനന്തനും ആശുപത്രിയിലേക്ക് തിരിച്ചത്.

ബോധം മറഞ്ഞിരുന്ന ഭാമയെ നോക്കാൻ അരവിന്ദൻ പിറകിലായി കയറി. അനന്തനായിരുന്നു വണ്ടിയോടിച്ചത്. വെപ്രാളവും പേടിയും കാരണം അവന്റെ ശ്രദ്ധയൊന്ന് പാളി.

അവരുടെ കാർ ലോറിയിലിടിച്ചു. ഭാമ അവിടെ വച്ച് തന്നെ മരിച്ചു. അരവിന്ദൻ ഒരാഴ്ചയോളം ഐസിയുവിൽ കിടന്ന ശേഷം പോയി..

ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത് അനന്തൻ മാത്രമായിരുന്നു.

രണ്ട് പിള്ളേരെ തന്റെ കൈകളിലേന്തി എന്ത് ചെയ്യണം എന്നറിയാതെ തളർന്നിരുന്ന അവന്റെ മുഖം എനിക്കിപ്പോഴും ഓർമയുണ്ട്.

അരവിന്ദന്റെയും ഭാമയുടെയും മരണം ശാരദാമ്മയെ വീണ്ടും മാനസികമായി വല്ലാത്ത അവസ്ഥയിലെത്തിച്ചു.

അനന്തൻ കാരണമാ എല്ലാം സംഭവിച്ചത് എന്ന ചിന്ത അവരിൽ ഉത്ഭവിച്ചു.

ഓരോ രാത്രിയും അവനെ തള്ളി പറഞ്ഞും ദേഹോപദ്രവം ചെയ്തും അവർ ആനന്ദം കണ്ടെത്തി.

അവരുടെ അവസ്ഥ മനസിലായത് കൊണ്ട് തന്നെ അനന്തൻ തടഞ്ഞില്ല.

അവന്റെ മനസും തളർന്ന് പോയിരുന്നു. എല്ലാം സ്വയം പഴിച്ച് കൊണ്ടവൻ ആ മുറിയിലെ ചുമരിൽ ഒതുങ്ങി കൂടി.

ഒരിക്കൽ വല്ലാത്ത ആക്രമമനോഭാവത്തോടെ അവനെ തല്ലി മെതിക്കുന്നത് കണ്ടാണ് ഞാൻ കയറി വന്നത്.

അന്ന് ആ തള്ളയെ നാല് പറഞ്ഞ് അവനെയും കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു. കുറച്ച് ദിവസം എന്റെ കൂടെയായിരുന്നവൻ. ഒരു മനോരോഗ വിദഗ്ദ്ധനെ കണ്ട് അവന്റെ അവസ്ഥ ഒന്ന് മാറ്റാൻ ശ്രമിച്ചു. പതിയെ പതിയെ അവൻ തിരിച്ച് പഴയ അനന്തനാവാൻ തുടങ്ങിയപ്പോഴാണ് ശാരദാമ്മ മരുന്ന് കുടിച്ച് ചാവാൻ ശ്രമിച്ചത്.

അതോടെ ഒരു മാതിരി ഭ്രാന്തിന്റെ വക്കിലായി അവന്റെ അവസ്ഥ. തനിക്കാകെയുള്ളയാൾ കൂടി നഷ്ടപ്പെടുമോ എന്ന ഭയത്താൽ ആർത്ത് കരഞ്ഞ് കൊണ്ട് ഓടിയ അവനെ എനിക്കിന്നും ഓർമയുണ്ട്.

ആശുപത്രിയിൽ അവരുടെ കാല് പിടിച്ച് കരഞ്ഞ അവനെ ആട്ടിപായിപ്പിക്കുകയായിരുന്നവർ.

അവൻ കാരണമാ എല്ലാം നശിച്ചത് എന്ന് ഓരോ തവണയും അവർ അവനെ ഓർമിപ്പിച്ച് കൊണ്ടിരുന്നു.

വീണ്ടും ചാവാൻ ശ്രമിക്കുമെന്ന് ഭീഷണി മുഴക്കിയ അവരുടെ അരികിൽ കരഞ്ഞ് കൊണ്ട് ചുമരിൽ തലയടിച്ച് ബോധം മറഞ്ഞവനോട് അവർ ആവശ്യപ്പെട്ടത് അവന്റെ ജീവീതം അവർക്ക് മുമ്പിൽ അടിയറവ് വെക്കണമെന്നായിരുന്നു.

ഒരു മടിയും കൂടാതെ അവനത് സ്വീകരിച്ചു. ഇപ്പോഴും അത് തന്നെയാ അവൻ തുടരുന്നത്.

ഭ്രാന്താണവർക്ക്.. അവരുടെ ഭ്രാന്തിന് കൂട്ട് നിൽക്കാൻ അവനും.

അവന്റെ ജാതകദോഷം കാരണമാ എല്ലാ അനിഷ്ടങ്ങളും ഉണ്ടാവുന്നത് എന്ന് കൂടി ഏതോ കണിയാർ വിധിയെഴുതിയതും..

കണ്ട ബാധ ഒഴിപ്പിക്കൽ ,പൂജ തുടങ്ങി പലതും ചെയ്ത് കൊണ്ട് അവനെ ഇഞ്ചിഞ്ചായവർ മരണത്തിലേക്ക് തള്ളിവിട്ടു.

ഭ്രാന്താശുപത്രിയിലെ ഇരുട്ട് മുറിയിൽ അടച്ചിട്ട അവനെ അവിടെ നിന്ന് രക്ഷിച്ചതിന് അവർ എനിക്കും തന്നു ശിക്ഷ.

എന്റെ ജോലി തെറിപ്പിച്ചു. അവരുടെ സ്വാധീനം ഉപയോഗിച്ച് വെറേ ഒരിടത്തും ജോലി കിട്ടാത്ത അവസ്ഥ സംജാതമാക്കിയപ്പോൾ എനിക്ക് ദൂരേക്ക് പോവേണ്ടി വന്നു.

അവനെയും കൊണ്ട് പോകാൻ എനിക്ക് കഴിയില്ലായിരുന്നു. വരുമാനമില്ലാത്ത ഞാനെങ്ങനെ നോക്കും അവനെയും മക്കളെയും.

അത് കൊണ്ടവനെ ഞാൻ ഉപേക്ഷിച്ചു. ചെയ്തത് തെറ്റാണെന്നെനിക്കറിയാം. പക്ഷേ വേറെ മാർഗമുണ്ടായിരുന്നില്ല. എന്നോടവൻ കാണിക്കുന്ന ഈ ദേഷ്യത്തിന് അവന് വ്യക്തമായ കാരണമുണ്ട്. പക്ഷേ എന്നെ ഏറ്റവും വേദനിപ്പിച്ചത് അവന്റെ ഈ അവസ്ഥയാണ്…

ആർക്കോ വേണ്ടി സ്വന്തം ജീവിതം ത്രാസിൽ തൂക്കുവാണവൻ. അവർ ഒരിക്കൽ പോലും അവനെ സ്നേഹിച്ചിട്ടില്ല. വെറുപ്പ് മാത്രമാണ് അവരിൽ നിറഞ്ഞിരിക്കുന്നത്.

“””സ്വന്തം ജീവിതം ഭീക്ഷയായി നൽകി അവൻ അറിയാതെ ചെയ്ത തെറ്റിന് പരിഹാരം കാണാം എന്ന് കരുതി കാണും..”””

സീതയുടെ മറുപടി കേട്ട് ഭദ്രൻ ഒന്ന് തലതിരിച്ചു.

“”” അതിനെ വിഡ്ഢീത്തം എന്നാ പറയേണ്ടത്? അവന്റെ തെറ്റല്ല ഒരിക്കലും. എല്ലാ കുറ്റവും ആ തള്ള മനപ്പൂർവ്വം അവനിൽ സ്ഥാപിക്കുവാണ്. അവരാണ് തെറ്റ് കാരി. അവരുടെ ചിന്താഗതിയാണ് എല്ലാം വരുത്തി തീർത്തത്…”””

“”” ഇപ്പോഴും ശാരദാമ്മക്ക് മാനസികമായി പ്രശ്നമുണ്ടോ?”””

“”” ഇല്ലെന്ന് നിനക്ക് തോന്നുന്നുണ്ടോ. നീ കാണുന്നതല്ലേ അനന്തൻ അനുഭവിക്കുന്നത്..”””

“”” അവരെ ആശുപത്രിയിൽ കൊണ്ട് പോയി ചികിത്സിച്ചൂടെ?”””

സീതയുടെ ചോദ്യത്തിന് പൊട്ടിചിരിയായിരുന്നു ഭദ്രൻ കൊടുത്ത മറുപടി.

“”” എത്ര പ്രാവശ്യം ഞാനും ജാനകി ചേച്ചിയും അവരെ ഉറക്കികിടത്തി കൊണ്ട് പോകാൻ ശ്രമിച്ചതാണെന്നറിയോ? അപ്പോഴോക്കെ അനന്തൻ ഇടപെടും. അവരെ ഭ്രാന്തിയാക്കി തളയ്ക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ് ബഹളം വെക്കും. അവരെക്കാളും വട്ടാ അവന്. സ്നേഹം മൂത്ത് വട്ടായതാ..അതും ആർക്ക് വേണ്ടി.. ഒരിക്കൽ പോലും ചേർത്ത് പിടിക്കാതെ തള്ളി പറയുന്ന ആ തള്ളക്ക് വേണ്ടി..”””

അതിന് മറുപടിയായി സീത ഒന്ന് പുഞ്ചിരിച്ചു.

“”” ഭദ്രട്ടനത് മനസിലാവില്ല. നമ്മൾ ഇഷ്ടപ്പെടുന്നവർ വേദനിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ദുഃഖം അത് വലുതാണ്. അവർക്ക് വേണ്ടി എന്തും സഹിക്കാൻ നാം തയ്യാറാവും..അത് തിരിച്ചൊന്നും പ്രതീക്ഷിച്ചിട്ടല്ല. അങ്ങനെയെങ്കിലും അവർ സന്തോഷിക്കട്ടെ എന്ന് കരുതിയിട്ടാ.. അനന്തേട്ടൻ ചെയ്യുന്നത് അനന്തേട്ടന് ശരിയായി തോന്നുന്ന കാര്യമാ.. അനന്തേട്ടന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഇതാവും ചെയ്യുക. അവർക്ക് ഈ ലോകത്ത് ഇനി അനന്തേട്ടനല്ലെ തുണയായിട്ടുള്ളൂ.. എത്ര തള്ളി പറഞ്ഞാലും അനന്തേട്ടനവർ മുത്തശ്ശിയാണ്. അവർ പറയുന്നത് അനുസരിക്കുമ്പോൾ താൻ അനാഥനല്ല എന്ന തോന്നലാവും അനന്തേട്ടനിൽ ഉണ്ടാവുന്നത്.”””

ഒന്ന് നിർത്തി കൊണ്ട് സീത ഭദ്രനെ ഒന്ന് നോക്കിയതും കണ്ണും മിഴിച്ച് അവളെ തന്നെ നോക്കി നിൽക്കുവായിരുന്നവൻ.

“””നിനക്കും അവന്റേ അതേ വട്ട് ഉണ്ടോ? എനിക്കെന്തായാലും നിങ്ങളുടെ തത്വ പറച്ചിലും വീശദികരണവും കേൾക്കാൻ താൽപര്യമില്ല. ഒരാൾക്ക് മാത്രം പോരല്ലോ ഈ പരിചരണവും ലാളനയും. ആ കാര്യത്തിൽ ശാരദാമ്മ വൻ പരാജയമാണ്”””

മുന്നിലെ ചായക്കടയിലേക്ക് നോക്കി കൊണ്ട് ഭദ്രൻ ആംഗ്യം കാണിച്ചതും സീത വേഗം പാൽപാത്രം രാഘവേട്ടനെ ഏൽപ്പിച്ചു.

“”” ഭദ്രട്ടൻ നടന്നോ..എന്തോ വാങ്ങാൻ ഉള്ളതല്ലേ? ഞാനൊറ്റയ്ക്ക് തിരിച്ച് പോയ്ക്കോളാം”””

അവളെ തന്നെ വീക്ഷിക്കുന്ന ഭദ്രനെ നോക്കി കൊണ്ട് സീത മൊഴിഞ്ഞു.

“”” ഉറപ്പാണോ? നിനക്ക് കുറച്ച് നേരം കാത്ത് നിൽക്കാൻ പറ്റോ? നമുക്ക് ഒരുമിച്ച് പോവായിരുന്നു.”””

പലചരക്ക് കടയിലേക്ക് പാളിനോക്കുന്ന ഭദ്രന്റെ അവൾ തുറിപ്പിച്ച് നോക്കി.

“”” ഞാൻ കൊച്ച് കുഞ്ഞൊന്നുമല്ലല്ലോ. പെട്ടെന്ന് വീട്ടിൽ തിരിച്ചെത്തണം. മക്കളെ അനന്തേട്ടനെ ഏൽപ്പിച്ചാ വന്നത്. ശാരദാമ്മ തിരിച്ച് വരുന്നതിന് മുമ്പ് എത്തിയില്ലെങ്കിൽ പാവത്തിന്റെ അവസ്ഥ പരിതാപകരമാവും”””

“”” മ്മംമ്.. ശരി.. ഇപ്പോൾ വന്ന വഴി കൂടി തിരിച്ച് നടന്നാൽ മതി.. വല്ല പ്രശ്നവും വന്നാൽ ഫോൺ ഉണ്ടല്ലോ.. വിളിക്കണം..”””

“”” അയ്യോ എന്റെ അച്ഛാ… ഞാൻ ചെയ്തോളാം. ഇങ്ങനെ ടെൻഷനടിക്കാതെ…”””

അവനെ നോക്കി കളിചിരിയോടെ പറഞ്ഞു.

ഭദ്രൻ ആരോടോ സംസാരിക്കുന്നത് കുറച്ച് നേരം നോക്കി നിന്നുകൊണ്ട് സീത കയ്യിലെ പൈസയിലേക്കൊന്ന് നോക്കി.

“”” ചേട്ടാ… ഈ മുറുക്കിന് എത്രയാ?”””

മുമ്പിലെ പാക്കറ്റ് കാണിച്ച് കൊണ്ടവൾ ചോദിച്ചു.

“”” നാൽപ്പത് കുട്ടി. ആർക്കാ..? അനന്തൻ മോനാണോ?”””

ചിരിയോടെ പാക്ക് ഏൽപ്പിക്കുമ്പോൾ ചോദിച്ച അയാളെ അവൾ അതിശയത്തോടെ നോക്കി..

“”” ജാനകി ചേച്ചി അധികവും വാങ്ങാറുണ്ട്. അതാ ചോദിച്ചേ.. അനന്തൻ കുഞ്ഞ് വരുമ്പോൾ ഇതാ അധികവും ഇവിടുന്ന് വാങ്ങി കഴിക്കാറ്. ആളെ കണ്ടിട്ട് കുറേയായി ഇപ്പോൾ.. ജാനകി ചേച്ചി പറഞ്ഞു ജോലിസംബന്ധമായ തിരക്കിലാണെന്ന്..”””

അയാളുടെ സംസാരത്തിന് എന്ത് മറുപടി പറയുമെന്നറിയാതെ ഒന്ന് മൂളി സീത.

പുറത്തുള്ളവർ എല്ലാരും അനന്തേട്ടൻ ജോലിയുമായി ബന്ധപ്പെട്ട് പുറത്താണെന്നാണ് കരുതിയിരിക്കുന്നത്. ചിലപ്പോൾ ഇത് ശാരദാമ്മ പറഞ്ഞ് പറത്തിയതാവും. .

എന്നാൽ പാവം വർഷങ്ങളായി ആ മുറിയിൽ പുറലോകവുമായി ബന്ധമില്ലാതെ സ്വയം നരകിക്കുവാണ്.

എന്തിനാ ശാരദാമ്മ ഇങ്ങനെ കാണിക്കുന്നത്? അനന്തേട്ടനെ ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കാനല്ലേ ശ്രമിക്കുക? പക്ഷേ അവർ എന്തിനാ അനന്തേട്ടനെ വീട്ടിൽ തളച്ചിട്ടത്? അവരുടെ ഉദ്ദേശ്യമെന്താ? വെറും ഒരു പക മാത്രമായി കാണാൻ സാധിക്കുന്നില്ല.. ഇതിന് പിന്നിൽ വേറെന്തോ ഉള്ളത് പോലെ…

കൈയ്യിലെ പൊതിയും മുറുകിപ്പിടിച്ച് കൊണ്ട് തിരിച്ച് നടക്കുമ്പോഴും മനസ് പല ചോദ്യങ്ങൾ ആവർത്തിച്ച് കൊണ്ടിരുന്നു.

ഓടികിതച്ച് കൊണ്ട് വീട്ടിലേക്ക് കയറിയതും മുമ്പിലായി കിടക്കുന്ന ശാരദാമ്മയുടെ ചെരുപ്പ് കണ്ടതും സീതയുടെ ഉളളിലൂടെ ഒരാന്തൽ കടന്ന് പോയി..

അകത്തെ കാഴ്ചയിൽ കണ്ണുകൾ നിറയുകയും ദേഷ്യം അതിന്റെ മൂർധനാവസ്ഥയിൽ എത്തുകയും ചെയ്തു.

ശാരദാമ്മയുടെ കാലിൽ പിടിച്ച് കൊണ്ട് കരയുന്ന അനന്തേട്ടൻ. ദേഷ്യത്താൽ അനന്തേട്ടനെ തട്ടി മാറ്റാൻ ശ്രമിക്കുന്ന ശാരദാമ്മയും.

ഒരു നിമിഷം ആ കാഴ്ച കണ്ട് പകച്ച് പോയെങ്കിലും സ്വബോധം വീണ്ടെടുത്ത് കൊണ്ട് അനന്തേട്ടനെ നിലത്ത് നിന്നെഴുന്നേൽപ്പിച്ചു.

“”” വേഗം കൊണ്ട് പോ ഈ അശ്ലീകരത്തെ…”””

വെറുപ്പോടെ അനന്തൻ വിടാതെ പിടിച്ച് വച്ച കാല് തട്ടിമാറ്റി കൊണ്ടവർ കാല് ഒന്നുഴിഞ്ഞു.

“”” മുത്തശ്ശി… വേദനയുണ്ടോ?”””

സീതയുടെ കൈ വിടുവിച്ച് കൊണ്ട് അനന്തൻ വീണ്ടും പരിഭ്രാന്തിയോടെ അവരുടെ കാല് മുന്നോട്ടേക്ക് ഉയർത്തി.

നീർ വന്ന് വീർത്തിരിക്കുന്ന കാൽ പാദവും ചോരയൊലിക്കുന്ന മുറിവും കണ്ടപ്പോൾ ഒരു ഞെട്ടലോടെ ജാനകി ചേച്ചിയെ നോക്കി. അപ്പോഴേക്കും കൈയ്യിലൊരു ചൂട് പിടിക്കാനുള്ള പാത്രവുമായി അടുക്കളയിൽ നിന്ന് ജാനകി ചേച്ചി കടന്ന് വന്നിരുന്നു.

“”” എന്താ പറ്റിയത്?”””

ഒന്നും മനസിലാവാതെ ഞാൻ ജാനകി ചേച്ചിയെ നോക്കി.

“”” വരുന്ന വഴിക്ക് വഴുക്കി വീണു. കാല് അടുത്തുള്ള പാറകല്ലിൽ ഇടിച്ചു.. ചെറിയ ഒരു മുറിവുണ്ട്. അതാ ചോര വരുന്നത്. കാലനക്കാൻ വയ്യാത്തത് കൊണ്ട് ക്ഷേത്ര ദർശനം നടത്താതെ ഞങ്ങളിങ്ങ് പോന്നു”””

സീതയുടെ നോട്ടത്തിന് മറുപടിയെന്നപോലെ ജാനകിയമ്മ പറഞ്ഞു.

അപ്പോഴും സീതയുടെ നോട്ടം അനന്തനിൽ തങ്ങി നിന്നു. ആട്ടിപായിക്കാൻ ശ്രമിച്ചിട്ടും തന്റെ യജമാനനെ വിട്ട് പോവാത്ത പട്ടിയെ പോലെ അനന്തനും അവർക്കരികിൽ കണ്ണ് നിറച്ച് കൊണ്ടിരിക്കുകയായിരുന്നു.

എന്ത് പാവമാണീ മനുഷ്യൻ? എത്രമാത്രം ഉപദ്രവിച്ചിട്ടും ആ കണ്ണുകൾ അവർക്ക് വേണ്ടി നിറയുന്നു…

വല്ലാത്ത ഒരു ബഹുമാനത്തോടെ ആ കാഴ്ച നോക്കി കണ്ടു പോയി.

“”” നമുക്ക് ഡോക്ടറുടെ അടുത്ത് പോവാം ജാനകിയമ്മേ..”””

പരിഭ്രാന്തിയോടെ ശാരദാമ്മയുടെ കാലിൽ പതിയെ തലോടി കൊണ്ട് അനന്തൻ ജാനിയമ്മയെ ദയനീയമായി നോക്കി.

“”” ഞാൻ എങ്ങോട്ടുമില്ല. നിന്റെ കൺവെട്ടം എന്ന് മുതൽ കണ്ട് തുടങ്ങിയോ അന്ന് തൊട്ട് അനുഭവിക്കല്ലേ… അസത്ത്.. മാറിനിൽക്കടാ..”””

അവനെ ഒന്ന് വെറുപ്പോടെ നോക്കി കൊണ്ടവർ നിലത്ത് കാല് വച്ച് നടക്കാൻ ശ്രമിച്ചതും വേദന കാരണം തിരിച്ച് ഇരുന്നിടത്തേക്ക് വീണു.

നെറ്റിയിൽ കൈയ്യും വച്ച് കുത്തിരിക്കുന്ന ശാരദാമ്മയെ എഴുന്നേൽപ്പിക്കാനായി ജാനകി ചേച്ചിയും സീതയും അടുത്തേക്ക് വന്നെങ്കിലും ശരവേഗത്തിൽ അനന്തൻ അവരെ തന്റെ കൈയ്യിലെടുത്തു.

ഒരു അമ്പരപ്പോടെ സീതയും ജാനകി ചേച്ചിയും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു പോയി. അടുത്തതായി നടക്കാൻ പോകുന്ന വഴക്ക് ഭയന്ന് അനന്തനെ തടയാനായി ജാനകിയമ്മ അവന്റെ കൈയ്യിലായി പിടിച്ചെങ്കിലും സീത അവരുടെ കൈ എടുത്ത് മാറ്റി കൊണ്ട് കണ്ണ് കൊണ്ട് തടയണ്ട എന്ന് ആംഗ്യം കാണിച്ചു.

“”” താഴെ നിർത്തടാ എന്നെ… ജാനകി.. ഈ ചെറുക്കന്റെ അഹങ്കാരം കണ്ടില്ലെ? നിന്റെ ധൈര്യം ഞാനിന്ന് ശരിയാക്കി തരാം.”””

അനന്തന്റെ കൈയ്യിൽ കിടന്ന് കൊണ്ട് ശാരദാമ്മ പലതും പറഞ്ഞ് കൊണ്ടിരുന്നു. അവനെ അടിക്കാനും തൊഴിക്കാനും തുടങ്ങിയിരുന്നു. എന്നാൽ അനന്തൻ അതൊന്നും ശ്രദ്ധിക്കാതെ അവരെ മുറിയിലായി കൊണ്ട് കിടത്തി.

“”” ഭഗവതി…ശാരദാമ്മ വല്ലതും ചെയ്യും..”””

ശാരദാമ്മയുടെ മുറിയിലേക്ക് ഓടാൻ തുനിഞ്ഞ ജാനകി ചേച്ചിയെ ഒരു ചിരിയോടെ സീത പിടിച്ച് വച്ചു.

“”” ഒന്നും ചെയ്യില്ല ജാനകി ചേച്ചി.. ഈ കള്ള നാടകം എത്ര നാൾ നീണ്ടു പോവാനാ…”””

ഒരു കള്ളചിരിയോടെ കണ്ണീരുക്കി കൊണ്ട് സീത പറഞ്ഞതും ഒന്നും മനസിലാവാതെ അന്തം വിട്ടിരിക്കുകയായിരുന്നു ജാനകി ചേച്ചി.

“”” കുട്ടി എന്താ പറയണേ…? കുട്ടിക്ക് സുഖമില്ലേ? അച്ഛമ്മയെ പറ്റി ശരിക്കും അറിയാഞ്ഞിട്ടാ കുട്ടിക്ക്”””

“”” എന്റെ ജാനകി ചേച്ചി.. കുറച്ച് ദിവസായില്ലേ ഞാനിവിടെ നിൽക്കുന്നു. അതിന്റെ ഒരു ധാരണ എന്തായാലും എനിക്കുണ്ട്. എന്തായാലും പലതും ഇനിയും നടക്കും. ചേച്ചി പോയി കഴിക്കാൻ വല്ലതും എടുത്തോളൂ..ശാരദാമ്മക്ക് വിശക്കുന്നുണ്ടാവും”””

അവരെ ഒന്ന് ഇറുകി പുണർന്ന് കൊണ്ടവൾ മുകളിലേക്ക് കയറി. മുകളിൽ നിന്ന് ഉയർന്ന് കേൾക്കുന്ന ശാരദാമ്മയുടെ ശബ്ദം കേട്ടപ്പോൾ തന്നെ അവൾ ഒന്ന് നിന്ന് കൊണ്ട് ദീർഘശ്വാസം വലിച്ച് വിട്ടു.

“”” കൃഷ്ണാ.. കാത്തോണേ…”””

മനസിൽ കുറേയാവർത്തി പ്രാർത്ഥിച്ച് കൊണ്ടവൾ മുറിയിലായി പതിയെ തട്ടി കൊണ്ട് അനുവാദം ആരാഞ്ഞു.

“”” കുട്ടി ഇവനെ കൊണ്ട് പോ പെട്ടെന്ന്..”””

ശ്വാസം വിടാൻ പ്രയാസമനുഭവപ്പെട്ട് കൊണ്ടവർ സീതയോട് ആജ്ഞാപിച്ചു.

“”” മുത്തശ്ശിക്ക് വലിവ് വന്നു. ആ ഇൻഹേലർ ഒന്ന് തിരയോ ?”””

യാചനയോടെ സീതയെ ഒന്ന് നോക്കി കൊണ്ട് അനന്തൻ തട്ടി മാറ്റാൻ ശ്രമിക്കുന്ന ശാരദാമ്മയുടെ പുറംഭാഗത്തായി ഉഴിഞ്ഞ് കൊടുത്ത് കൊണ്ടിരുന്നു.

“”” അനന്തേട്ടാ… ഇതാണോ..?”””

മേശയിൽ നിന്ന് കിട്ടിയ ഇൻഹേലർ കൈയിൽ പിടിച്ച് കൊണ്ടവൾ ശാരദാമ്മക്ക് നേരെ പിടിച്ചു.

മൂന്ന് പ്രാവശ്യം ആഞ്ഞ് വലിച്ചതും ശ്വാസഗതി പഴയത് പോലായി..

“”” മരുന്ന് തീരാനായി അനന്തേട്ടാ..”””

കയ്യിലെ ചീട്ട് അവന് നേരെ നീട്ടികൊണ്ടവൾ കുസ്യതിയോടെ ചിരിച്ചു. കാര്യം മനസിലായില്ലെങ്കിലും അവൻ ഒന്നും ചിന്തിക്കാതെ ചീട്ടും വാങ്ങി താഴേക്കിറങ്ങി.

“”” ഞാൻ മരുന്ന് വാങ്ങി വരാം.. ഒന്ന് മുത്തശ്ശിയെ നോക്കണേ..!!!”””

ഓടി കൊണ്ട് പുറത്ത് നിന്ന് വിളിച്ച് പറയുന്ന അനന്തന്റെ ശബ്ദം അവ്യക്തമായി കാതിൽ അലയടിച്ചു. പുഞ്ചിരിയോടെ തിരിഞ്ഞ് നോക്കിയപ്പോൾ എല്ലാം ചുട്ടെരിക്കാനുള്ള കലിപ്പോടെ മുന്നിൽ നിൽക്കുന്ന ശാരദാമ്മയെ കണ്ട് മുഖത്ത് പുച്ഛം വിരിഞ്ഞു.

“”” കാലിന് വേദന കാണും. ഞാൻ കുറച്ച് തൈലം പുരട്ടി തരാം”””

ഒന്നും പറയാൻ നിൽക്കാതെ അടുത്തുള്ള തൈലം കൈയ്യിൽ എടുത്ത് കൊണ്ട് ശാരദാമ്മയുടെ കാലിൽ തേച്ച് കൊണ്ടിരുന്നു.

“”” എന്താ തന്റെ ഉദ്ദേശ്യം? പറഞ്ഞതാ കുട്ടികളെ നോക്കാൻ വന്നാൽ അത് മാത്രം ചെയ്യാൻ…”””

കേട്ടഭാവം നടിക്കാതെ വീണ്ടും കാലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച സീതയെ കണ്ടപ്പോൾ അവർക്ക് ദേഷ്യം ഇരച്ച് കയറി തുടങ്ങി.

“”” എന്താ കുറച്ച് സ്വാതന്ത്ര്യം തന്നപ്പോൾ ഇവിടത്തെ അവകാശിയെ വളച്ച് സ്വത്ത് തട്ടിയെടുക്കാം എന്ന ചിന്തയാണോ?”””

അത് വരെ കേട്ടിരുന്ന സീത വേഗം എഴുന്നേറ്റു..

“”” ച്ചെ.. ഇത്രയ്ക്കും തരം താണ ചിന്താഗതിയാണോ നിങ്ങൾക്ക്.. പ്രായത്തേ ബഹുമാനിക്കുന്നത് കൊണ്ടാ നിങ്ങളിത്രയും അധിക്ഷേപിച്ചിട്ടും ഞാൻ മിണ്ടാതിരിക്കുന്നത്. സ്വത്ത് കണ്ട് ഭ്രമം മൂക്കാൻ ഞാൻ ശാരദാമ്മയല്ല. അതിനാദ്യം ബന്ധങ്ങളുടെ വില മനസിലാവണം. അതെങ്ങനെ ഇപ്പോഴും നിങ്ങൾ അന്ധതയിലാ..”””

“””എന്താടീ പറഞ്ഞത്…!!”””

അവരുടെ കൈ കവിളിൽ പതിഞ്ഞെങ്കിലും സീതക്ക് വിഷമം തോന്നിയിരുന്നില്ല. പ്രതീക്ഷിച്ചത് കിട്ടിയ ചിരിയായിരുന്നവളിൽ.

“”” അല്ലെങ്കിലും നിങ്ങൾക്ക് എല്ലാരെയും തല്ലിയാണല്ലോ ശീലം. അനന്തേട്ടനെ ഇങ്ങനെ തല്ലി അവശനാക്കിയല്ലേ നിങ്ങൾ നിങ്ങളുടെ ആവശ്യം നിറവേറ്റിയത്. അതേ മാർഗം എന്നിലും അടിച്ചേൽപ്പിക്കാം എന്ന് കരുതി കാണുമല്ലേ..”””

“”” എന്റെ കുടുംബ കാര്യങ്ങളിൽ അഭിപ്രായം പറയാൻ എന്ത് യോഗ്യതയാ ടീ നിനക്കുള്ളത്? ആ ഭദ്രന്റെ വാക്ക് കേട്ട് എനിക്കെതിരെ കരുക്കൾ നീക്കാനാ ഭാവമെങ്കിൽ വെച്ചേക്കില്ല ഞാൻ..”””

അവൾക്ക് നേരെ ചൂണ്ടി കൊണ്ട് കോപാഗ്നിയാൽ വെന്തുരുകുന്ന ആ കണ്ണുകൾ അവളിൽ തെല്ലൊരു ഭയവും സൃഷ്ടിച്ചിരുന്നില്ല.

“”” അനന്തേട്ടന്റെ കാര്യങ്ങളിൽ ഇടപെടാൻ നിങ്ങൾക്കെന്താ അധികാരം? ഒരിക്കൽ പോലും സ്നേഹത്തോടെ ആ മനുഷ്യനെ പുണർന്നിട്ടുണ്ടോ? മയങ്ങുന്ന അയാളുടെ നെറുകയിൽ വാത്സല്യപൂർവ്വം ചുംബിച്ചിട്ടുണ്ടോ? ഭയത്താലും വേദനയാലും കരയുന്ന രാത്രിയിൽ ചേർത്ത് പിടിച്ച് താരാട്ട് പാടി ഉറക്കിയിട്ടുണ്ടോ? വെറും പേരകുട്ടി എന്ന നാമകരണം മാത്രം പോരാ ശാരദാമ്മേ.. ആദ്യം ആ വാക്കിന്റെ കടമയെങ്കിലും ചെയ്ത് കാണിക്ക്..എന്നിട്ട് എന്നെ മര്യാദ പഠിപ്പിച്ചാൽ മതി.”””

“”” അഹങ്കാരി.. ആപത്ത് കാലത്ത് സഹായിച്ചതിന് ഇങ്ങനെയാണോടീ പെരുമാറുക? ഉണ്ട ചോറിന് നന്ദിയില്ലാത്തവൾ..ത്ഫൂ”””

കാർക്കിച്ച് തൂപ്പി കൊണ്ടവർ പ്രതികരിച്ചെങ്കിലും മാറിൽ രണ്ട് കൈയ്യും കെട്ടി നോക്കി നിന്നതേയുള്ളൂ സീത.

“”” ആ നന്ദി ഉള്ളത് കൊണ്ട് മാത്രമാ ഞാനിപ്പോഴും നിങ്ങളെ സേവിക്കുന്നത്. ഒരിക്കലും സ്ഥാനം മറന്ന് ഞാൻ പെരുമാറിയിട്ടില്ല. എനിക്ക് ശരിയെന്ന് തോന്നിയതാണ് ഇത്രയും കാലവും ചെയ്തത്. ഇനിയും അങ്ങനെ തന്നെയായിരിക്കും ശാരദാമ്മേ..”””

“”” ഇതിനു മാത്രം രോഷം കൊള്ളാൻ നിനക്കെന്താ അനന്തനോട്?”””

തിരിഞ്ഞ് നടന്ന സീത ശാരദാമ്മയുടെ ചോദ്യം കേട്ട് ഒന്ന് നിന്നു.

പലവട്ടമായി താൻ തന്നോട് തന്നെ സ്വയം ചോദിച്ച ചോദ്യമാണിത്? ആരാണയാൾ തനിക്ക്?

ഒരുപാട് ന്യായീകരണങ്ങൾ നിരത്തി ആ ചോദ്യത്തെ താൻ തള്ളി കളഞ്ഞിട്ടെ ഉള്ളൂ.. പക്ഷേ ഇന്ന് തനിക്കതിന്റെ ഉത്തരമറിയാം എന്നൊരു തോന്നൽ.

“”” ചോദിച്ചത് കേട്ടില്ലേ? നിനക്കെന്താ അനന്തനോട് പ്രണയമാണോ?”””

ഒരു പുഞ്ചിരിയോടെ അവൾ ഒന്ന് തിരിഞ്ഞു നോക്കി.

“”” ആദരവാണ് ആ മനുഷ്യനോട്. ആ മനുഷ്യനിൽ വിരിയുന്ന ഓരോ ചിന്തകളോടും ബഹുമാനമാണ്. എന്റെ കാഴ്ചപ്പാടിനെ സ്വാധീനിച്ച വ്യക്തിത്വമാണത്. ആ മനുഷ്യനിലും ഒരു സീത ഒളിഞ്ഞിരിപ്പുണ്ട്. അനന്തൻ ഈ ഞാൻ തന്നെയാണ്. ഒരു വിശേഷണത്തിന്റെ ആവശ്യം ഞങ്ങളുടെ ബന്ധത്തിനാവശ്യമില്ല. അയാളുടെ ആത്മാവിൽ ഈ സീതയുടെ ഒരംശം കുടിയിരിപ്പുണ്ട് ശാരദാമ്മേ.. ഒരു അതിർവരമ്പാൽ അതിന് തടസം സൃഷ്ടിച്ചാൽ രൗദ്രഭാവം പൂണ്ടുന്ന മനസാണ് ഞങ്ങളുടേത്.. അമ്മയുടെ മേൽ ആ ഭാവം എന്നും മറഞ്ഞിരിക്കും. കാരണം അമ്മ പ്രപഞ്ചശക്തിയാണ്. അതിന് മുമ്പിൽ ഒരു രൗദ്രതയും താണ്ഡവമാടില്ല. അനന്തേട്ടൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഒരിക്കലും നിങ്ങളെ അദ്ദേഹം വേദനിപ്പിക്കില്ല. പിന്നെയെന്തിനാ ഇങ്ങനെ അഭിനയിക്കുന്നത്?”””

ഒരത്ഭുതത്തോടെ തന്നെ നോക്കുന്ന ശാരദാമ്മയെ ഒട്ടും കൂസാതെ സീത പുറത്തേക്ക് നടന്നു.

“”” ഒരിക്കലും ഒന്നും പിടിച്ച് വാങ്ങാൻ പറ്റില്ല ശാരദാമ്മേ.. നിങ്ങളിപ്പോൾ കാണിക്കുന്നത് സ്വാർത്ഥതയാണ്. നിങ്ങളതിൽ സ്വന്തം ചെറുമക്കളുടെ ഭാവിയാണ് ഉദ്ദേശിക്കുന്നത്.. പക്ഷേ അതിന് പേരക്കുട്ടിയുടെ ജീവിതമല്ല ഹോമിക്കേണ്ടത്.”””

മറുപടിക്ക് കാത്ത് നിൽക്കാതെ തന്നെ താഴേക്കിറങ്ങുമ്പോഴും നെഞ്ച് നീറി കൊണ്ടിരുന്നു.

കൈകൾ അറിയാതെ തന്റെ അണിവയറിൽ തലോടി കൊണ്ടിരുന്നു.

ഇല്ല. അനക്കമില്ല. ഒരിക്കലും അനങ്ങാനും പോവുന്നില്ല…

ചെവികളിൽ ആരുടെയോ ശബ്ദങ്ങൾ അലയടിച്ച് കൊണ്ടിരിക്കുന്നു. ചെവി രണ്ട് കയ്യാലും പൊത്തി പിടിച്ച് കൊണ്ടവൾ പടവിലായി ഇരുന്നു. ശരീരമാകെ തളരുന്നത് പോലെ തോന്നി തുടങ്ങിയിരിക്കുന്നു.

ഇടുപ്പിലെ കൈപാടിലേക്ക് നിർവികാരതയോടെ നോക്കി കണ്ണുനീർ ചാലിച്ചു കൊണ്ടിരുന്നു.

“”” സീതേ മുത്തശ്ശിക്ക് എങ്ങനെയുണ്ട്?”””

ഓടികിതച്ച് കൊണ്ട് നെറ്റിയിലെ വിയർപ്പ് കൈതലപ്പാൽ ഒപ്പുന്ന അവനെ പെട്ടെന്ന് കണ്ടപ്പോൾ അവളൊന്ന് ഞെട്ടിയിരുന്നു. കണ്ണുനീർ രണ്ട് കയ്യാലും തുടച്ച് നീക്കി കൊണ്ടവൾ അവനായി ഒരു വരണ്ട പുഞ്ചിരി സമ്മാനിച്ചു.

അവളെ ഒരു സംശയത്തോടെ നോക്കി കൊണ്ടവൻ മുകളിലേക്കുള്ള പടിയിലായി നിന്നു.

“”” ഇപ്പോൾ കുഴപ്പമില്ല അനന്തേട്ടാ. വിശ്രമിക്കാണ്.. ഞാൻ കഴിക്കാൻ വല്ലതും എടുക്കാൻ പോവായിരുന്നു. മരുന്ന് കിട്ടിയോ അനന്തേട്ടാ.. പൈസ കയ്യിലുണ്ടായിരുന്നോ?”””

മുഖം കണ്ടാൽ കരഞ്ഞത് കണ്ട് പിടിച്ചാലോ എന്ന തോന്നൽ കാരണം അവന്റെ മുഖത്തേക്ക് നോക്കാതെയായിരുന്നവൾ സംസാരിച്ചത്.

“”” എനിക്ക് അറിയുന്ന ചേട്ടന്റെ മരുന്ന് ഷോപ്പായിരുന്നു. പൈസ നാളെ കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഇതാ മരുന്ന്. മുത്തശ്ശിക്ക് ശ്രദ്ധ കുറവുണ്ട്. നിർബന്ധിച്ച് മരുന്ന് കൊടുക്കണം.”””

അവളുടെ കൈയ്യിലായി മരുന്ന് ഏൽപ്പിച്ച് കൊണ്ടവൻ മുകളിലെ പടികൾ കയറി..

“”” പിന്നെ… മുത്തശ്ശിക്ക് ചില നേരത്ത് മൂക്കത്താ ശുണ്ഠി. പറയുന്ന കാര്യം എന്താണെന്ന് പോലും ബോധമുണ്ടാവില്ല. അപ്പോഴത്തെ ദേഷ്യത്തിന് വല്ലതും പറയുന്നതാ.. താനത് കാര്യാക്കല്ലേ.. ആള് പാവമാ..പിന്നെ പ്രായമായവരല്ലേ. അതിന്റെ ചില സ്വഭാവ ദൂഷ്യവും ഉണ്ട്. സങ്കടായെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു”””

“”” അനന്തേട്ടനെന്താ പറയണേ… അതിന് ശാരദാമ്മ എന്നെ ഒന്നും പറഞ്ഞിട്ടില്ല. പിന്നെ ഇത് കണ്ണിൽ കരട് പോയതാ…”””

ചുവന്ന കണ്ണുകൾ ഒന്ന് തിരുമ്മി കൊണ്ടവൾ അവനെ നോക്കി പുഞ്ചിരിച്ചു.

“”” കണ്ണ് നീർ എത്ര മറക്കാൻ ശ്രമിച്ചാലും എനിക്ക് കാണാൻ സാധിക്കും സീതേ.. ഒരു പാട് വേദന മറച്ച് പിടിച്ചത് കൊണ്ടാവും എനിക്കിപ്പോൾ മറ്റൊരാളുടെ വേദന പോലും തിരിച്ചറിയാൻ പറ്റുന്നു””

“”” സ്വന്തം വേദന സ്വയം ക്ഷമിപ്പിക്കാൻ കഴിയാത്തവരാ നമ്മൾ.. മറ്റുള്ളവരുടെ മുമ്പിൽ എന്തിനോ കോലം കെട്ടിയാടുന്നു”””

എന്തോ ചിന്തയിൽ മുഴുകി കൊണ്ട് സ്വയം ആത്മഗതിച്ചു സീത.

????

ഉച്ചഭക്ഷണസമയത്ത് പതിവിന് വിപരീതമായി അനന്തേട്ടനെ നിർബന്ധിച്ച് കുട്ടികൾ ഭക്ഷണമുറിയിൽ കൊണ്ട് വന്നിരുന്നു.ശാരദാമ്മ കാലിന് വയ്യാത്തത് കാരണം മുറിയിലായിരുന്നു കഴിപ്പ്.

“”” കാട്ടുമാക്കാനെ… നിക്ക് ബാരി താ…”””

അനന്തന്റെ മടിയിലായി സ്ഥാനം പിടിച്ച് കൊണ്ട് കൊഞ്ചുന്ന മാലുവിനെ നോക്കി ചിരിച്ച് കൊണ്ട് ഒരു ഉരുള ചോറ് അവൾക്ക് നേരെയവൻ നീട്ടി.

“”” നിച്ചും ബേനം…”””

കണ്ണന് വാരി കൊടുക്കുന്ന സീതയുടെ കൈ തട്ടി മാറ്റി കൊണ്ട് കണ്ണനും അനന്തന്റെ അരികിലായി ഇരുന്നു.

രണ്ടാളെയും കൊഞ്ചിച്ച് കൊണ്ട് ഊട്ടുന്ന അനന്തനെ നോക്കി ജാനകി ചേച്ചിയെ സഹായിച്ച് കൊണ്ടിരുന്നപ്പോഴാണ് മാലു കൈയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് അനന്തന്റെ അരികിലായവളെ ഇരുത്തിയത്.

“”” കാട്ടുമാക്കാനെ ചേച്ചിയമ്മക്കും”””

അനന്തന്റെ കൈ വറ്റിലേക്ക് വച്ച് കൊണ്ട് അവനെ നോക്കി മാലു കണ്ണ് വിടർത്തി.

ഒരു ചമ്മലോടെ രണ്ടാളും പരസ്പരം മുഖത്തോട് മുഖം നോക്കി.

“”” ചേച്ചിയമ്മ കഴിച്ചതാ മാലു.. കാട്ടുമാക്കാൻ കഴിച്ചോട്ടെ.. ശല്യം ചെയ്യാതെ…”””

അനന്തനെ ഒന്ന് നോക്കി എഴുന്നേറ്റ് പോവാൻ ശ്രമിച്ച സീതയെ വീണ്ടും മാലു നിർബന്ധിച്ചിരുത്തി.

“”” ഇല്ല.. ചേച്ചിയമ്മക്കും കൊക്ക്..”””

പിണക്കത്തോടെ അനന്തന്റെ കയ്യിൽ തൂങ്ങി കൊണ്ടവൾ ചിണുങ്ങി.

“””മാലു.. വാശി കാണിക്കാതെ..നല്ല അടി കിട്ടും എന്നോട്..”””

പെട്ടെന്ന് വന്ന ദേഷ്യത്തിൽ ഒന്ന് ചൂടായതും മാലു ചിണുങ്ങി കരഞ്ഞിരുന്നു.

“”” അയ്യോ മാലു മോള് കരയണ്ട.. ഞാൻ കൊടുക്കാലോ..”””

സീതയെ ഒന്ന് നോക്കി ആംഗ്യം കാണിച്ച് കൊണ്ട് അനന്തൻ അവൾക്ക് നേരെ ഭക്ഷണം നീട്ടി. ഇഷ്ടക്കേടോടെ ഒന്ന് കഴിച്ചെന്ന് വരുത്തി കൊണ്ടവൾ എഴുന്നേറ്റ് നടക്കാൻ ഒരുങ്ങുമ്പോഴാണ് അനാവൃതമായ അവളുടെ ഇടുപ്പിലെ കൈപ്പാടിലേക്ക് അവന്റെ ശ്രദ്ധ പതിഞ്ഞത്.

“”” ഇതെന്താ പറ്റിയത്?”””

വേഗം എഴുന്നേറ്റ് കൊണ്ടവൻ അവളുടെ കൈയ്യിൽ പിടിച്ച് നിർത്തി.

“”” അ… അത്… ഒന്നുമില്ല…”””

സാരി കൊണ്ട് വേഗം മറച്ച് കൊണ്ടവൾ തിരിഞ്ഞ് നടന്നതും തടസ്സമായവൻ മുന്നിൽ വന്ന് നിന്നു.

“”” കാര്യം പറഞ്ഞിട്ട് പോയാ മതി.. ആ പാട് കണ്ടിട്ട് എനിക്ക് ഒന്നുമില്ലെന്ന് തോന്നുന്നില്ല. ആരാ നിന്നെ ഉപദ്രവിക്കാൻ ശ്രമിച്ചത്?”””

അവളുടെ കൈയിലായി മുറുകിപ്പിടിച്ച് കൊണ്ടവൻ ചോദ്യം ആരാഞ്ഞതും അവന്റെ കരണം പുകച്ച് കൊണ്ടവൾ അവനെ തള്ളിമാറ്റി.

“”” ദേഹത്ത് തൊടരുത്..എന്റെ കാര്യം നോക്കാൻ എനിക്കറിയാം.. അതിനാരുടെയും സഹായം എനിക്കാവശ്യമില്ല. മേലാൽ എന്റെ കാര്യങ്ങളിൽ ഇടപെടരുത്”””

“”” തനിക്ക് എന്റെ കാര്യത്തിലിടപ്പെടാം പക്ഷേ ഞാൻ ചെയ്യാൻ പാടില്ല. എവിടത്തെ മര്യാദയാ ഇത്.. അല്ലെങ്കിലും തന്നെയൊക്കെ കുറച്ച് നേരത്തെക്കെങ്കിലും ഒരു സുഹൃത്തിനെ പോലെ കരുതിയ എന്നെ വേണം പറയാൻ. ഇത്രയും കാലം തനിച്ച് തന്നെയാ അനന്തൻ ജീവിച്ചത്. ആരും തുണക്കില്ലായിരുന്നു. ഇനി വേണമെന്നും ഇല്ല. കുറച്ച് ദിവസത്തെ മാറ്റം കൊണ്ട് മനസൊന്ന് ചാഞ്ഞു.. അത് വീണ്ടും പഴയപടിയായി.. അതേയുള്ളൂ…”””

ദേഷ്യത്തിൽ മുന്നിലെ ചെയർ തട്ടിയിട്ട് കൊണ്ടവൻ മുകളിലേക്ക് കയറി വാതിൽ കൊട്ടിയടച്ചു..

എല്ലാം കണ്ട് പേടിച്ച് നിൽക്കുന്ന കുട്ടികളിൽ അപ്പോഴാണ് സീതയുടെ കണ്ണ് പാഞ്ഞത്. നിറഞ്ഞ കണ്ണ് അടക്കി നിർത്തി കൊണ്ട് അവരെ മാടി വിളിച്ച് കൊണ്ട് കവിളിലായി ചുണ്ടുകൾ ചേർത്തു.

“”” ഒന്നുമില്ലാട്ടോ.. ചേച്ചിയമ്മ ഭക്ഷണം കഴിക്കാഞ്ഞിട്ട് കാട്ടുമാക്കാൻ വഴക്ക് പറഞ്ഞതാ…”””

കരയാൻ വെമ്പുന്ന മുഖങ്ങളെ ഒന്ന് തലോടി കൊണ്ട് പുറത്തേക്ക് നടന്നതും തങ്ങളെ വിക്ഷീക്കുന്ന ജാനകി ചേച്ചിയെ നോക്കിയൊന്ന് പുഞ്ചിരി വരുത്തി.

രാത്രി ഭക്ഷണം കഴിക്കാനും അനന്തേട്ടൻ മുറി തുറന്നിരുന്നില്ല. ജാനകിയമ്മ മുറിയിൽ കൊണ്ട് കൊടുത്തോളാം എന്ന് പറഞ്ഞിരുന്നെങ്കിലും ഒരു നിമിഷം കൊണ്ട് ആ മുഖത്ത് ഇത്രയും ദിവസം നിലനിന്നിരുന്ന സന്തോഷം നശിപ്പിച്ചതിന്റെ കുറ്റബോധത്താൽ നീറുകയായിരുന്നു ഉള്ളം.

ശാരദാമ്മയോട് വാദിക്കാൻ താൽപര്യമില്ലാത്തതിനാൽ മരുന്ന് ജാനകി ചേച്ചിയെ ഏൽപ്പിച്ച് കൊണ്ട് മുറിയിലേക്ക് വലിഞ്ഞു.

തലയിണയിൽ മുഖം ചേർത്ത് കിടക്കുമ്പോഴും മനസിൽ ഭയം വന്ന് മൂടുകയായിരുന്നു.

മരിക്കാൻ ഒരിക്കലും ഭയന്നിരുന്നില്ല. വീട്ടുകാരുടെ ക്രൂരതക്ക് പാത്രമാകുമ്പോഴും ഒന്ന് മരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഓരോ നാളും മുറവിളി കൂട്ടിയതാണ്.

പക്ഷേ ഇപ്പോൾ എന്ത് കൊണ്ടോ മരണത്തിന് മുമ്പിലും തോൽക്കാൻ മനസ്സനുവദിക്കുന്നില്ല.

മയക്കത്തിലേക്ക് പതിയെ വഴുതി വീഴുമ്പോഴും ശരീരം വിറയ്ക്കുകയായിരുന്നു.

അയാളുടെ രൂപം ഓർമകളിലേക്ക് വരുന്നു. പൈശാചികത ആദ്യമായി ഇന്നറിഞ്ഞു. കാമം പൂണ്ട ആ നോട്ടവും ബലപ്രയോഗവും ഒരിക്കൽ കൂടി അനുഭവിക്കുന്നത് പോലെ. ശരീരം തളർന്ന് പോവുന്നു. ശ്വാസം നഷ്ടമാവുന്നു.

പേടിച്ചരണ്ട് കിടക്കയിൽ നിന്നെഴുന്നേറ്റ് കരഞ്ഞ് കൊണ്ടവൾ അനന്തന്റെ വാതിലിലായ് തുരുതുരാ മുട്ടി.

ദേഷ്യത്തോടെ മുറിവിട്ടിറങ്ങിയ അവന്റെ നെഞ്ചിലേക്ക് ഒട്ടും അമാന്തിക്കാതെ തല ചായ്ക്കുമ്പോഴും അവൾ വിറയ്ക്കുകയായിരുന്നു.

“”” അനന്തേട്ടാ… അയാൾ… എന്നെ… ഇനിയും വരോ… പേടിയാവുന്നു…”””

തളർന്ന് കൊണ്ട് പിച്ചും പേയും പറയുന്ന അവളെ അടർത്തിമാറ്റി നെറ്റിയിലും കഴുത്തിലും ഒന്ന് തൊട്ടതും കൈപ്പത്തി ചൂടാൽ അറിയാതെ മാറ്റിയിരുന്നവൻ..

“”” പനിക്കുന്നുണ്ട് തനിക്ക്…”””

അവളെ താങ്ങി കൊണ്ട് അനന്തൻ മുറിയിലേക്ക് നടന്നു.

തുടരും…