സീമന്തരേഖ ~ ഭാഗം 08, എഴുത്ത്: രസ്ന (ഇന്ദ്ര)

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ധ്യതിയിൽ അടുക്കളയിലേക്ക് പാഞ്ഞടുത്ത് കൊണ്ടവൻ ചുറ്റുപാടും നിരീക്ഷിച്ച് കൊണ്ടിരുന്നു. അടുക്കളയുടെ പിൻഭാഗത്തായി കരഞ്ഞ് കൊണ്ടിരിക്കുന്ന ജാനകിയമ്മയിൽ അനന്തന്റെ കണ്ണ് പതിഞ്ഞു.

“”” സീതയെവിടെ?”””

യാതൊരു മുഖവുരയും കൂടാതെ അവരെ പിടിച്ച് കുലുക്കി കൊണ്ട് ചോദിക്കുന്ന അനന്തന് മുമ്പിൽ തലകുനിച്ചു നിന്നവർ.

“”” എന്നോട് ക്ഷമിക്ക് മോനെ.. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നിസഹായയായിരുന്നു ഞാൻ.. വീണ്ടും ആ നരകത്തിലേക്ക് ഞാനും കൂടി ചേർന്ന് ആ കുട്ടിയെ തള്ളി വിട്ടു.”””

“”” എന്താ ഉണ്ടായത്? കാര്യം പറ…”””

പൊട്ടിതെറിച്ച് കൊണ്ട് അനന്തൻ നിലത്തായി ഇരുന്നു.

“”” നനഞ്ഞ് കുതിർന്ന് കൊണ്ട് മാലു മോളെയും കൊണ്ട് വന്ന സീതയെ കണ്ടതും കാര്യമറിയാനായി ഞാൻ മുറ്റം തൂക്കുന്നത് കളഞ്ഞ് വന്നതായിരുന്നു. അപ്പോഴാ അപ്പുറത്തെ വീട്ടിലെ പ്രഭാവതി ചേച്ചി വന്നത്. കണ്ണൻ ആശുപത്രിയിൽ നിന്ന് വന്നോ.. വല്ലതും പറ്റിയോ? കുട്ടികളെ സൂക്ഷിക്കണ്ടേ അങ്ങനെ പല്ലതും പറഞ്ഞു. ശബ്ദം കേട്ട് അച്ഛമ്മ അകത്ത് നിന്ന് വന്നതും അവർ തന്നെ എല്ലാ കാര്യവും പൊലിപ്പിച്ച് പറഞ്ഞ് കൊടുത്തു. ആ പെണ്ണും പിള്ളയും അമ്പലത്തിൽ ഉണ്ടായിരുന്നു പോലും. കേട്ടതും സീതയെ വലിച്ചിഴച്ച് കുറേ തല്ലി. ഒന്നും മിണ്ടാതെ എല്ലാം കേട്ടു നിന്നു പാവം.. നല്ലോണം പേടിച്ചിരുന്നു എന്ന് തോന്നി. മാധവനെ വിളിച്ച് വരുത്തി എന്തൊക്കെയോ കുറ്റങ്ങൾ പറഞ്ഞു കൊടുത്തു. അപ്പോൾ തന്നെ അയാൾ കൊണ്ട് പോയി അവളെ..”””

സാരിതലപ്പിൽ കണ്ണീരൊപ്പി കൊണ്ട് ജാനകി ചേച്ചി പറയുന്നത് ഒന്നും പറയാതെ കേട്ടു നിന്നവൻ.

“”” അവൾ പോകുന്നില്ല എന്ന് പറഞ്ഞില്ലെ?”””

ചോദിക്കുമ്പോൾ അവന്റെ തൊണ്ട ഇടറിയിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു.

“”” ആ കുട്ടിക്കെന്താ മോനെ ഇവിടെ അവകാശം? വെറും ജോലിക്കാരിയാണത് എന്നെ പോലെ.. ഇവിടെ എന്ത് ബലത്തിൽ പിടിച്ച് തൂങ്ങി കഴിയാനാ..? ഇറക്കിവിട്ടാൽ പോകാതിരിക്കാൻ പറ്റുമോ? മാലു മോളെ കെട്ടിപിടിച്ച് കുറേ കരഞ്ഞു. കണ്ണനോടും നിന്നോടും പറയാൻ പറഞ്ഞു. അവൾ പോയശേഷം മാലു മോള് ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ല. പിണങ്ങി ഇരിക്കുവാ. നിന്നെ കണ്ടപ്പോഴാ ഒന്ന് ശരിയായത്”””

അനന്തന്റെ കണ്ണുകൾ അപ്പോഴും മുകളിലെ മുറിയിലേക്കായിരുന്നു. വീണ്ടും അനാഥത്വം അവനിൽ വന്ന് ചേരുന്നതവനറിഞ്ഞു. തന്റെ ആത്മാവിലെ ഒരംശം അടർന്ന്പോയിരിക്കുന്നു. നെഞ്ച് പൊട്ടി പിണരുന്ന വേദന..

കാലുകളുടെ ബലം കുറയുന്നു. എത്ര നടന്നിട്ടും ലക്ഷ്യസ്ഥാനത്തെത്തുന്നില്ല. മുറിയിൽ കയറി വാതിലടച്ചു കൊണ്ട് നിലത്തേക്ക് ഊർന്നിരുന്നു.

എന്തിനാ ഇത്രമാത്രം താൻ വിഷമിക്കുന്നത്? തന്റെയാരുമല്ലല്ലോ.. എന്നാലും ഒന്നും പറയാതെ എങ്ങനെ പോകാൻ തോന്നി?

സ്വയം പതം പറഞ്ഞ് കൊണ്ട് പുറത്തേക്കിറങ്ങി.. കണ്ണുകൾ അടുത്തുള്ള മുറിയിലേക്ക് പാളി വീണു.

എന്നാലും പോയില്ലെ? പോകാതിരിക്കാമായിരുന്നല്ലോ? അല്ലെങ്കിലും ഞാനാരാ അവളുടെ കാര്യത്തിലിടപ്പെടാൻ.. എന്നും ആരെങ്കിലും കടന്ന് വരും. അത് പോലെ ഇറങ്ങി പോകും. ഒരിടത്തും അഭിപ്രായം പറയാൻ തനിക്കനുവാദമില്ല. എല്ലാം കണ്ടും കേട്ടും പ്രതികരിക്കാത്ത ഒരു പാവ.

തലമുടിയിൽ കോർത്തു വലിക്കുന്നതിനനുസരിച്ച് അവന്റെ ബലിഷ്ടമായ വലം കൈ വാതിലിൽ ആഞ്ഞടിച്ച് കൊണ്ടിരുന്നു..

തലയ്ക്കകത്ത് നാഡീ ഞരമ്പുകൾ വലിഞ്ഞു മുറുക്കുന്നത് പോലവന് തോന്നി തുടങ്ങിയിരുന്നു. തന്റെ പൈശാചികത പുറത്തു വരാൻ തുടങ്ങുന്നു എന്നവൻ ഭയന്നു. ആർത്ത് വിളിച്ച് കൊണ്ടവൻ താഴേക്ക് ഓടി..

അച്ഛമ്മയുടെ മുറിയിലേക്ക് പായുന്ന അവനെ ഒരു തരം ഭീതിയോടെയാണ് ജാനിയമ്മ നോക്കി കണ്ടത്.

ഇത്രയും കാലത്തെ സഹനവും ദേഷ്യവും വേദനയും ഇന്ന് നിയന്ത്രണങ്ങൾ ഭേദിച്ച് പുറത്ത് പ്രകടമാവാൻ പോവുന്നു എന്നവർ തിരിച്ചറിഞ്ഞിരിക്കാം.

നീരുവന്ന കാലുകൾ ഉഴിഞ്ഞ് കൊണ്ട് എന്തോ ഫയലുകൾ നോക്കുകയായിരുന്നു ശാരദാമ്മ.

മുണ്ട് മടക്കി കുത്തി മുഷ്ടിചുരുട്ടി നിൽക്കുന്ന അനന്തനെ ഒരു പുച്ഛത്തോടെ നോക്കിയതിന് ശേഷം വീണ്ടുമവർ ഫയലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

“”” സീതയെ എന്തിനാ പറഞ്ഞ് വിട്ടത്?”””

സ്വയമൊന്ന് നിയന്ത്രിച്ച് കൊണ്ടവൻ അവരോട് ചോദ്യം ഉന്നയിച്ചു.

“”” എന്റെ വീടാണിത്. എനിക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ട്. എന്നെ ധിക്കരിച്ചു. ഞാൻ പറഞ്ഞു വിട്ടു. അത്രേ യേ ഉള്ളൂ..”””

മുഖമുയർത്താതെ മറുപടി നൽകി കൊണ്ടവർ ഫയലിൽ ഒപ്പ് വച്ചു.

“”” എന്ത് കാരണത്തിന്റെ പേരിലാ അവളെ പുറത്താക്കിയത് എന്നാ ചോദിച്ചത്?”””

ശബ്ദം കുറച്ചുയർത്തി കൊണ്ടുള്ള ചോദ്യത്തിന് തല ചെരിച്ചവർ അവനെ ഒന്ന് നോക്കി.

“”” അത് ശരി.. അപ്പോ നീയും കൂടി ചേർന്നാണല്ലേ എന്റെ കൊച്ചുമോനെ കൊല്ലാൻ നോക്കിയത്?”””

പാതി നനഞ്ഞ് കുതിർന്ന അനന്തനെ ഒന്ന് നോക്കി എഴുന്നേറ്റ് കൊണ്ടവർ അവന്റെ കരണം പുകച്ചു.

“”” തള്ളയുടെ അതേ സ്വഭാവം.. ദുശ്ശകുനം പിടിച്ച സാധനം. നിന്റെ തലവെട്ടം കണ്ടാൽ മതി വല്ല അപകടവും നടക്കാൻ. അത് കൊണ്ടല്ലേ എന്റെ അരവിന്ദൻ പോയത്.. ഇനി അവന്റെ മക്കളെ കൂടി നിനക്ക് കൊല്ലണോടാ ശാപം പിടിച്ചവനെ…”””

ഒരിക്കൽ കൂടി കൈയോങ്ങിയതും ജാനകി ചേച്ചി അവരുടെ മുമ്പിലായി വന്നു നിന്നു.

“”” അനന്തൻ മോനറിയാതെ പറ്റിയതാ.. ക്ഷമിച്ചേക്ക് അച്ഛമ്മേ..ഇനി ഉണ്ടാവില്ല. ഞാൻ ഉറപ്പ് തരാം”””

പിടിച്ച് വലിച്ച് കൊണ്ട് ജാനകിയമ്മ അനന്തന്റെ മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ അനങ്ങിയിരുന്നില്ല.

“”” അനന്താ… നീയെന്താ ചെയ്യുന്നത്?”””

അനന്തന് മാത്രം കേൾക്കാൻ സാധിക്കുന്ന രീതിയിൽ കാതോരം അവർ മൊഴിഞ്ഞു.

“””” കുറേ കാലമായി ഞാനിത് കേൾക്കുന്നു. അതെ ഞാൻ ശാപം പിടിച്ചവൻ തന്നെയാ. ഞാനത് നിഷേധിക്കുന്നില്ല. അത് കൊണ്ടാണല്ലോ ഇതെല്ലാം ഞാനനുഭവിച്ചതും..പക്ഷേ നിങ്ങൾ എന്നോട് കാണിച്ച് കൂട്ടുന്നത് എന്റെ ശാപത്തിന്റെ പരിഹാരമാണോ അതോ പൂർവ്വ വൈരാഗ്യം തീർക്കാണോ?”””

ഉറക്കെ ശാരദാമ്മയോട് കയർത്ത് സംസാരിക്കുന്ന അനന്തനെ ജാനകി ചേച്ചി ഞെട്ടലോടെ നോക്കി.

“”” അനന്താ… അടങ്ങ്…”””

“”” ഇല്ല ജാനകിയമ്മേ..ഇന്ന് അനന്തനെ തടയരുത്. ഒരിക്കലും അമ്മയുടെ വാക്കുകൾ ഞാൻ തള്ളി കളഞ്ഞിട്ടില്ല. പക്ഷേ ഇന്ന് എനിക്ക് പ്രതികരിക്കണം. അത് എനിക്ക് വേണ്ടിയല്ല.. ഇവിടെ ഒന്നും അറിയാതെ വിഷമിക്കുന്ന ആ കുഞ്ഞുങ്ങൾക്ക് വേണ്ടിയാ…”””

ഒന്ന് നിർത്തി കൊണ്ടവൻ ശാരദാമ്മയെ കത്തുന്ന കണ്ണുകളാൽ നോക്കി.

“”” എന്നോട് മുത്തശ്ശിക്കുള്ള ദേഷ്യം എനിക്ക് മനസിലാവും. പക്ഷേ അത് മറ്റുള്ളവരെ ദ്രോഹിക്കാനുള്ള ആയുധമായി കരുതരുത്. മക്കളെ ഓർത്തെങ്കിലും ഒന്ന് ക്ഷമിച്ചൂടെ..എന്നോട് എന്ത് വേണമെങ്കിലും കാണിച്ചോ.. ഞാൻ സഹിക്കാം. പക്ഷേ എന്നോടുള്ള വ്യക്തി വൈരാഗ്യം ആരോരും ഇല്ലാത്ത ആ മിണ്ടാപ്രാണി പെൺകുട്ടിയോടല്ല കാണിക്കേണ്ടത്”””

“”” നീ കിടന്ന് ഇത്ര തിളക്കാൻ മാത്രം അവൾ നിന്റെ ഭാര്യ ഒന്നുമലല്ലോ..എന്താ ഇനി വെപ്പാട്ടിയാക്കാൻ വല്ല മോഹവുമുണ്ടോ?”””

ആ ഒരു ചോദ്യം മതിയായിരുന്നു അവന്റെ മുഖത്തിലെയും ശരീരത്തിലെയും ഞരമ്പുകൾ വലിഞ്ഞു മുറുകാൻ…

കൈച്ചുരുട്ടി അവരുടെ നേരെ ആഞ്ഞ കൈകൾ ജാനകിയമ്മയുടെ അപേക്ഷ കലർന്ന നോട്ടത്തിൽ താനെ പിൻവലിഞ്ഞു..

“”” ഈ ചോദ്യം വെറാരുടെയെങ്കിലും നാവിൽ നിന്നായിരുന്നു ഞാൻ കേട്ടതെങ്കിൽ അരിഞ്ഞെടുത്തേനെ ആ നാവ്”””

“”” എന്താ എന്നെ തൊട്ടാൽ നിന്റെ കൈ വിറയ്ക്കുമോ.. ധൈര്യം കാണില്ല. എനിക്കാരുടെയും സഹതാപം ആവശ്യമില്ല. ഇത്രയും കാലം സ്വന്തം കാലിലാ ഞാൻ ജീവിച്ചത്. ഇപ്പോഴും അങ്ങനെ തന്നെ. നിന്റെ തന്തയുടെ കമ്പനിയും എല്ലാം ഇപ്പോഴും നോക്കി നടത്തുന്നത് എന്റെ ഈ കരുത്ത് കൊണ്ടാ…”””

“”” അറിയാം… എനിക്കതിൽ ഒരു വിഷമവുമില്ല..അല്ലെങ്കിലും ഒരിക്കലും ഞാനാ സ്വത്ത് മോഹിച്ചിട്ടുമില്ല. ഇനി എന്റെ പേരിൽ വല്ലതും ഉണ്ടെങ്കിൽ അതും ഞാൻ പൂർണ്ണമനസോടെ നിങ്ങൾക്ക് എഴുതി തരും. പക്ഷേ ഒരിറ്റു ദയ കാണിച്ചൂടെ നിങ്ങൾക്ക്? ഒരിക്കല്ലെങ്കിലും എന്നെ സ്നേഹിക്കാൻ നിങ്ങളെ കൊണ്ട് പറ്റില്ലേ? ഒന്ന് ചേർത്ത് പിടിച്ചാൽ മാത്രം മതി… ഞാനത്രയെ കൊതിച്ചിട്ടുള്ളൂ. അത് പോലും ആഗ്രഹിക്കാൻ നിങ്ങളെന്താ സമ്മതിക്കാത്തത്?”””

ഒരു തേങ്ങലോടെ കേണപേക്ഷിക്കുകയായിരുന്നു അനന്തൻ. ആ കാലിലേക്ക് വീണു പോയിരുന്നു ഒരിറ്റു ദയക്കായി… സ്നേഹത്തിനായി…

“”” വേണ്ട മോനെ… നിർത്ത്….”””

ഓടി വന്നു കൊണ്ട് ജാനകിയമ്മ അവനെ ചേർത്ത് പിടിച്ചു.

“”” ഇത്രയും കാലം നിങ്ങൾ പറയുന്നതെല്ലാം അക്ഷരംപ്രതി അനുസരിച്ചിട്ടേയുള്ളൂ ശാരദാമ്മേ.. അത് എന്റെ അനന്തൻ കുഞ്ഞിന് വേണ്ടിയായിരുന്നു. ജന്മം കൊണ്ടല്ലെങ്കിലും കർമം കൊണ്ട് ഇവന് ഞാൻ ഒരമ്മയാണ്. ആ അമ്മയ്ക്ക് ഇനി എന്റെ കുട്ടി നീറുന്നത് കാണാൻ പറ്റില്ല.”””

“”” മതി… ഞാൻ കൊണ്ട് പോവാണ് അനന്തനെ.. നിങ്ങളുടെ ദയാദാക്ഷിണ്യം കൊണ്ട് പടുതുയർത്തിയ ഒരു കൊച്ച് വീടുണ്ട് എനിക്ക്. അവിടെ താമസിച്ചോളും ഞങ്ങൾ രണ്ടാളും.”””

“”” നിന്നെയും ഇവൻ മയക്കി എടുത്തോ ജാനകി? ഇത്രയും കാലം എന്റെ പണത്തിൽ തിന്നുറങ്ങിയിട്ട്.. സ്വന്തമായി നാല് കാശ് വന്നപ്പോൾ തിരിച്ച് കൊത്തി. ഗുണമില്ലാത്ത ജന്മം. കാൽ കാശ് കയ്യിൽ കാണില്ല. ഏന്തിനും എന്റെ മുന്നിൽ വന്ന് ഓച്ഛാനിച്ച് നിൽക്കണമായിരുന്നല്ലോ? ഇനി എങ്ങനെ ജീവിക്കും? ഒരു ചില്ലി കാശ് ഇവിടെ നിന്ന് കിട്ടില്ല. എല്ലാം എന്റെ കൊച്ച് മക്കൾക്കാ…”””

“”” ഒന്നും വേണ്ട… ഇനി ഇവിടത്തെ ജോലിയും വേണ്ട.. ഇത്രയും കാലം അനന്തനെ ഓർത്താ ഇവിടെ വന്നത്.. ഞാൻ കൂടി ഉപേക്ഷിച്ച് പോയാൽ നിങ്ങളിവനെ പട്ടിണി കിട്ട് കൊല്ലില്ലേ?”””

“”” നാശം പിടിച്ചത്… ഇവിടെ നിന്ന് നിനക്ക് വേണമെങ്കിൽ പോകാം. പക്ഷേ ഇവൻ ഇവിടെ തന്നെ നിൽക്കും.. നിൽക്കില്ലെ?”””

അധികാര ചുവയോടെ അവന് നേരെ ആക്രോശിച്ചതും അനന്തൻ ജാനകിയമ്മയെ നോക്കി.

“”” അമ്മ ഇപ്പോൾ എനിക്ക് വേണ്ടി പറഞ്ഞത് മാത്രം മതി ഇനിയുള്ള കാലം ആരെങ്കിലും കൂടെയുണ്ടല്ലോ എന്ന ബലത്തിൽ കഴിയാൻ. ഞാൻ വരുന്നില്ല അമ്മേ… അതൊരിക്കലും അമ്മയെയോ അമ്മയുടെ അവസ്ഥ കൊണ്ടോ അല്ല..ഞാൻ കാരണം അമ്മയുടെ ജീവിതവും ഇവർ നരകമാക്കുമോ എന്ന ഭയത്താലാ.. കൊടും വിഷമാണ് എന്റെ മുത്തശ്ശിയുടെ ഉള്ളിൽ. എന്ന് വച്ച് വെറുക്കരുത്. രക്ത ബന്ധമില്ലെങ്കിലും എനിക്ക് മുത്തശ്ശി ആണ്. ശപിക്കാൻ പറ്റില്ല. മക്കൾക്ക് എന്നെ ആവശ്യമുണ്ട് അമ്മേ.. അവരെ തനിച്ചാക്കാൻ കഴിയില്ല. എന്റെ ചേട്ടന് ഞാൻ കൊടുത്ത വാക്കാ.. അത് പാലിക്കണം എനിക്ക്. ചാവുന്നത് വരെ ഇവരുടെ കീഴിൽ പട്ടിയെ പോലെ ജീവിക്കാനാവും വിധി. ഞാൻ തന്നെ തിരഞ്ഞെടുത്തതല്ലേ ഈ വിധി. ഈ ജന്മം അനുഭവിച്ച് തീർക്കുക തന്നെ…”””

“””നിന്റെ തീരുമാനത്തിൽ ഞാൻ കൈകടത്തുന്നില്ല അനന്താ… പക്ഷേ ഒരു പാവം കുട്ടിയുണ്ട്.. ചെയ്യാത്ത തെറ്റിന്റെ പേരിൽ സ്വന്തം വീട്ടിൽ നരകിക്കുകയാവും.. അതിനെ നീ കൂട്ടികൊണ്ട് വരാമോ.. ഞാൻ നോക്കിക്കോളാം.. സ്വന്തം മോളെ പോലെ..”””

അത്ഭുതത്തോടെ അതിനുപരി ബഹുമാനത്തോടെ അനന്തനാ സ്ത്രീയെ നോക്കി നിന്നു പോയി. തന്റെ മനസ് അറിഞ്ഞെന്ന രീതിയിൽ ആ വേദനയും പരിഹരിച്ചിരിക്കുന്നു.

അല്ലെങ്കിലും മക്കളുടെ വേദന മനസിലാക്കാൻ ഒരമ്മയ്ക്ക് പെട്ടെന്ന് കഴിയും.

വെറുപ്പോടെ ശാരദാമ്മയെ അവരൊന്ന് നോക്കി.

“””സീതയെ പറഞ്ഞ് വിട്ടാൽ അനന്തനെ നിങ്ങളുടെ ചിറകിൽ നിന്ന് ആരും തട്ടി പറിക്കില്ല എന്ന് കരുതിയല്ലേ. അതല്ലേ കണ്ണൻ വീണത് അവളുടെ തെറ്റല്ല എന്നറിഞ്ഞിട്ടും അവളെ പറഞ്ഞ് വിട്ടത്. എന്ത് കുടിലതയാണ് നിങ്ങൾക്ക്.. സ്വാർത്ഥ താൽപര്യത്തിന് ഒരു പാവം പെൺകുട്ടിയുടെ കണ്ണീരാ ഈ മുറ്റത്ത് വീണത്. സൂക്ഷിച്ചോ ശാരദാമ്മേ.. ആ ശാപം നിങ്ങളുടെ തലയിൽ പതിച്ചാൽ ഒരിക്കലും ഗതി പിടിക്കില്ല നിങ്ങൾ”””

അവർക്ക് നേരെ കാർക്കിച്ച് തുപ്പി കൊണ്ട് ജാനകി ചേച്ചി അനന്തനെ വാരിപുണർന്നു. സാധനങ്ങളെല്ലാം എടുത്ത് പടിയിറങ്ങുമ്പോഴും ഒന്നുമറിയാതെ അവരെയും നോക്കി കണ്ണുനീർ പൊഴിക്കുകയായിരുന്നു ആ കുഞ്ഞികണ്ണുകൾ..

?????

“”” സീതേ………..!!!!!”””””

നിർത്താതെയുള്ള ആരുടെയോ ശബ്ദം കേട്ടാണ് എല്ലാരും മുറ്റത്തേക്കിറങ്ങിയത്.

ആരെയും ഗൗനിക്കാതെ അപ്പോഴും അനന്തൻ അവളെ വിളിച്ച് കൊണ്ടിരുന്നു.

“””ആരാടാ നീ…? അസ്തമയ നേരത്ത് നിനക്കെന്താടാ എന്റെ വീട്ടിൽ കാര്യം?”””

ഷർട്ടിന്റെ കൈ മടക്കി കേറ്റി കൊണ്ട് സൂര്യകാന്ത് എന്ന സീതയുടെ വല്യേട്ടൻ അനന്തന്റെ കോളറിൽ കടന്ന് പിടിച്ചു.

“”” എനിക്ക് നിങ്ങളോട് സംസാരിക്കാൻ താൽപര്യമില്ല. സീതയെവിടെ? അവളെ കൊണ്ട് പോവാനാ ഞാൻ വന്നത്…”””

“”” എന്റെ വീടിന്റെ മുറ്റത്ത് വന്ന് എന്റെ പെങ്ങളെ കൊണ്ട് പോകാൻ നിനക്കത്ര ധൈര്യമോ? എന്നാലതൊന്ന് കാണണമല്ലോ?”””

അനന്തന്റെ കഴുത്തിലെ പിടി മുറുക്കി കൊണ്ട് സൂര്യകാന്ത് ചീറി കൊണ്ടിരുന്നു. പിറകിലായി വന്ന സീതയുടെ ഇളയ ചേട്ടന്മാർ സത്യജീത്തും സംസ്കൃത് ഉം അനന്തനെ തൊഴിച്ചു കൊണ്ടിരുന്നു. നിലത്ത് വീണ അനന്തൻ വീറോടെ സത്യജിത്ത് ന്റെ വയറിലായി കാല് കൊണ്ട് ഒന്ന് ചവിട്ടി. സംസ്കൃത് അനന്തന്റെ കൈ പിടിച്ച് തിരിക്കാൻ ശ്രമിച്ചു. എന്നാൽ അവന്റെ കാലിനിട്ട് ഉഗ്രൻ ചവിട്ട് കൊടുത്ത് കൊണ്ട് അനന്തനവനെ തൂക്കിയെറിഞ്ഞു.

കുറച്ച് നിമിഷം കൊണ്ട് തന്നെ അവിടമാകെ ഒരു പൂരത്തിനുള്ള ആളുകൾ കൂടിയിരുന്നു.

അനന്തനോട് മല്ലിടാൻ പാടാണെന്ന് മനസിലാക്കിയതിനാൽ മൂവരും കളറി മുറ അവനിൽ പ്രയോഗിച്ച് കൊണ്ടിരുന്നു. ഒരു വിധം തടയാൻ ശ്രമിച്ച് കൊണ്ടിരുന്നെങ്കിലും മൂവരുടെയും ബലപ്രയോഗത്തിൽ അനന്തൻ ക്ഷീണിതനായി തുടങ്ങിയിരുന്നു. എങ്കിലും സൂര്യകാന്തിന്റെ കഴുത്ത് പിടിച്ചവൻ തിരിച്ചിരുന്നു.

“”” അയ്യോ എന്റെ ഭർത്താവിന്റെ കഴുത്തേ…..””””

വേദന കൊണ്ട് നിലത്ത് കിടന്ന് പുളയുന്ന സൂര്യകാന്തിനെ കണ്ടതും ബാക്കിയുള്ള രണ്ടാളും അനന്തന്റെ മേലുള്ള പിടി വിട്ടുകൊണ്ട് സൂര്യനെ എഴുന്നേൽക്കാൻ സഹായിച്ചു.

“”” ഞാൻ ഒരു വഴക്കിനോ കയ്യാംങ്കളിക്കോ വന്നതല്ല. നിങ്ങൾക്ക് ഇവിടെ വേണ്ടാത്ത ഒരാളില്ലേ.. അവളെ കൊണ്ട് പോവാനാ ഞാൻ വന്നത്”””

“”” നശിച്ചവൾ കാരണം ഓരോ ഗുണ്ടകൾ വീടും കേറി തുടങ്ങി. നിങ്ങൾക്കിപ്പോ സമാധാനമായല്ലോ മനുഷ്യാ.. ഞാനന്നേ പറഞ്ഞതാ അതിനെ വല്ല കുപ്പയിലേക്കും വലിച്ചെറിയാൻ. ഇതിപ്പോൾ കുടുംബത്തിന് മാനക്കേടുണ്ടാക്കാൻ. കണ്ടില്ലേ ഓരോന്ന് അന്വേഷിച്ച് വന്ന് തുടങ്ങിയിരിക്കുന്നു. എന്തായാലും മച്ചി പെണ്ണല്ലേ… വില കൂടും.”””

സൂര്യകാന്തിന്റെ ഭാര്യ രാധികയുടെ സംസാരം അനന്തനെ കോപിഷ്ടനാക്കുകയായിരുന്നു. എങ്കിലും കൂടുതൽ പ്രശ്നം രൂക്ഷമാക്കാനവൻ ആഗ്രഹിച്ചിരുന്നില്ല.

“”” നീ പോയി അവളെ വിളിച്ച് കൊണ്ട് വാ…””””

ഒരു ശാസനപോലെ അനന്തനെ രൂക്ഷമായി ഒന്നും കൂടി നോക്കി കൊണ്ട് സൂര്യകാന്ത് പറഞ്ഞു.

ഇഷ്ടക്കേടോടെ അകത്തേക്ക് കയറി പോയ രാധികേച്ചിക്ക് പിന്നാലെ അകത്തേക്ക് നോട്ടം പായിച്ച് കൊണ്ട് അനന്തൻ നിന്നു.

“”” സമാധാനമായല്ലോ നിനക്ക്… നീ എവിടെ പോയാലും ശല്യം ഞങ്ങൾക്കാണല്ലോ… ദേ വന്നിരിക്കുന്നു നിന്റെ പുതിയ കേസ് കെട്ട്…”””

മുമ്പിലായി പലതും പറഞ്ഞ് കുത്തുന്ന രാധികേച്ചിയുടെ പിറകിലായി പമ്മി പമ്മി തല കുനിച്ച് കൊണ്ട് കടന്ന് വരുന്ന സീതയെ അനന്തൻ കൺനിറയെ നോക്കി നിന്നു.

മനസ്സിൽ അത്രയും നേരം ഉണ്ടായിരുന്നു ഭാരം കുറഞ്ഞത് പോലെ. ആകെ ഒരു കുളിർമ ശരീരമാകെ വ്യാപിക്കുന്ന പ്രതീതിയായിരുന്നു അവനിൽ.

“”” ടീ സീതേ…. ഏതവനാ ടീ ഇത്? വീട്ടിൽ കേറി ഇത്രയും പോക്കീത്തരം കാണിക്കാൻ എന്ത് അധികാരമാ ഇവന് നിന്നിൽ?”””

കൈ മാറിൽ പിണച്ച് കെട്ടി കൊണ്ടുള്ള സത്യജീത്ത് ന്റെ ചോദ്യത്തിന് ചുറ്റുപാടും ഒന്ന് നോക്കി കൊണ്ടവൾ ഭീതിയോടെ അനന്തനെ നോക്കി.

കണ്ണ് ചിമ്മി കൊണ്ട് ഒന്നുമില്ല എന്ന് കാണിക്കുന്ന അവനെ കാൺകെ അവളുടെ നെഞ്ച് കലങ്ങി മറിഞ്ഞ് കൊണ്ടിരുന്നു.

ഞാനും കൂടി ചേർന്ന് ഈ മനുഷ്യനെ വേദനിപ്പിക്കുകയാണല്ലോ ഈശ്വരാ.. ഈ പാപം ഏത് പുഴയിൽ മുങ്ങിയാലാ തീരുക?

സ്വയം ആത്മഗതിച്ച് കൊണ്ട് സൂര്യ കാന്തിനെ ഒന്ന് പാളി നോക്കി. അവളെ തന്നെ കൂർപ്പിച്ച് നോക്കുന്ന അവനെയും അരയിലായി അവ്യക്തമായി കാണാവുന്ന കത്തിയും കാൺകെ ഒരു ഭയം അവളിൽ നിറഞ്ഞു.

“”” നിന്നോടല്ലടീ ചോദിക്കുന്നേ ഉത്തരം പറയടീ അസത്തെ…”””

അവളുടെ കരണം പുകച്ച് കൊണ്ട് സംസ്കൃത് അലറിയതും അനന്തൻ അവനെ തല്ലാനായി കൈ ഓങ്ങിയെങ്കിലും സീത അവനെ പിറകിലേക്ക് തള്ളി മാറ്റി..

“”” എന്തിനാ ഇങ്ങോട്ടേക്ക് വന്നത്? കൊല്ലാൻ നോക്കിയെന്ന് പറഞ്ഞ് പ്രതികാരം ചെയ്യാനാണോ? എന്നെ വീട്ടിൽ നിന്ന് അടിച്ചിറക്കിയില്ലേ? ഇനി എന്താ നിങ്ങൾക്ക് വേണ്ടത്.. ജീവൻ കൂടിയേ ബാക്കിയുള്ളൂ.. അതും ഇല്ലാതാക്കണോ നിങ്ങൾക്ക്”””

അറുത്തുമുറിച്ച് കൊണ്ടുള്ള അവളുടെ വാക്കുകൾ കേട്ട് തറഞ്ഞ് നിന്ന് പോയിരുന്നു അനന്തൻ..

“”” സീതേ… താനിതെന്തൊക്കെയാ പറയണേ…? ഞാൻ നിന്നെ എന്തിന് ഉപദ്രവിക്കാനാ… മാലുവും കണ്ണനും കാത്തിരിക്കുവാ… നീ വരാതെ ഭക്ഷണം പോലും കഴിക്കില്ല എന്നാ പറയണേ.. വാശി പിടിക്കാതെ വാ…””””

ഉള്ളിലെ പകപ്പ് മറച്ച് പിടിച്ച് കൊണ്ടവൻ അപേക്ഷിച്ചു കൊണ്ടിരുന്നു.

“”” ഞാൻ എങ്ങോട്ടുമില്ല. അവിടെ വന്ന് ഇനിയും നാണം കെടാൻ എന്നെ കിട്ടില്ല. ഞാൻ ദേവകൃഷ്ണപുരത്തെ കൃഷ്ണരാജന്റെ മകൾ സീതാലക്ഷ്മിയാണ്. ആരുടെ മുമ്പിലും ഓച്ഛാനിച്ച് നിൽക്കേണ്ട ഗതിയില്ല എനിക്ക്. ഇതൊക്കെ എന്റെ വീട്ടുകാരാ.. എന്റെ കാര്യത്തിൽ പൂർണ്ണ ഉത്തരവാദിത്തം ഇവർക്കുണ്ട്. നിങ്ങളാരാ എന്റെ ചേട്ടന്മാരുടെ മേലെ കൈ ഉയർത്താൻ.. എന്റെ കെട്ട്യോൻ ഒന്നുമല്ലല്ലോ… ഒരു ജോലിക്കാരിയെ വേറെ കിട്ടുമോ എന്നന്വേഷിച്ചാൽ മതി. കൂടുതൽ ശല്യം ചെയ്യാതെ പോവണം അനന്തേട്ടൻ…”””

എടുത്തടിച്ച പോലുള്ള അവളുടെ പെരുമാറ്റം കണ്ട് തളർന്ന് പോയിരുന്നു അനന്തൻ.

നിറയുന്ന കണ്ണുകൾ അടക്കി നിർത്താൻ ശ്രമിച്ച് കൊണ്ടിരുന്നവൻ..

“””ഇത്രയും കാലം ഞങ്ങളുടെ മുമ്പിൽ വേഷമാടുകയായിരുന്നോ സീതേ നീ…? ഇത് ഒരിക്കലും നീയല്ല. തമാശ കളിക്കാതെ വരാൻ നോക്ക്. നീയാരെയാ പേടിക്കുന്നത്? ഇവർ ഒന്നും ചെയ്യില്ല. ഞാനാ പറയുന്നത്..”””

അവളുടെ കൈയ്യിൽ കടന്ന് പിടിച്ച് കൊണ്ട് അനന്തൻ നടക്കാൻ ശ്രമിച്ചതും പിറകിൽ നിന്ന് സൂര്യകാന്ത് കത്തിയുമായി രംഗപ്രവേശനം ചെയ്തിരുന്നു.

“””” ഞാൻ വരുന്നില്ല എന്ന് പറഞ്ഞില്ലെ..”””

അനന്തന്റെ മുഖത്തടിച്ച് കൊണ്ടവൾ സൂര്യകാന്തിന്റെ കൈയ്യിലെ കത്തി ബലപ്രയോഗത്തോടെ അനന്തൻ കാണാതെ മറച്ചു പിടിച്ചു.

“””” സീതേ……””””

“””” ദയവ് ചെയ്ത് പോയി തരോ അനന്തേട്ടാ… ഞാനെങ്ങനെ എങ്കിലും ജീവിച്ചോട്ടെ.. സ്വന്തമായി ഒന്നും ചെയ്യാൻ ത്രാണിയില്ലാത്ത നിങ്ങൾക്കെന്നെ രക്ഷിക്കാൻ പറ്റില്ല. പോയി രക്ഷപ്പെട്ടോളൂ…”””

തൊണ്ട ഇടറി കൊണ്ട് പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഓടി മുറിയിൽ കയറി പൊട്ടികരയുമ്പോഴും ആദ്യമായവൾ തന്റെ വിധിയെ പഴിചാരുകയായിരുന്നു.

തുടരും…