സീമന്തരേഖ ~ ഭാഗം 09, എഴുത്ത്: രസ്ന (ഇന്ദ്ര)

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“””മോളെ…!”””

കരഞ്ഞ് തളർന്ന സീത അടുത്ത മുറിയിൽ നിന്ന് ശബ്ദം കേട്ടതും അങ്ങോട്ടേക്ക് പാഞ്ഞു.

“”” അമ്മ വിളിച്ചോ….?”””

കണ്ണുകൾ അമ്മ കാണാതെ തുടച്ച് കൊണ്ട് സീത അവർക്കരികിലായി ഇരുന്നു.

“”” പോകാമായിരുന്നില്ലേ കുഞ്ഞേ.. ആരും തടയില്ല എന്ന് നിനക്കും അറിയില്ലേ? പിന്നെ എന്തിനാ ഇങ്ങനെ കാണിച്ചത്?”””

അതിനവൾ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.

“”” അമ്മേ ഞാൻ ചെയ്തത് തെറ്റായി തോന്നാം. പക്ഷേ എനിക്കതാണ് ശരിയായി തോന്നിയത്. അനന്തേട്ടന്റെ കൂടെ തിരിച്ച് ചെല്ലണം എന്നുണ്ട് എനിക്ക്. മാലു മോളെയും കണ്ണനെയും ചേർത്ത് പിടിച്ച് താലോലിക്കാൻ മനസ് വെമ്പുവാണ്. പക്ഷേ വീണ്ടും ആ ശാരദാമ്മയുടെ മുമ്പിൽ തലകുനിച്ച് ജീവിക്കാനെ അനന്തേട്ടന് പറ്റൂ.. ഇപ്പോൾ ഞാനീ കാണിച്ചത് അനന്തേട്ടന്റെ നന്മയ്ക്കാ.. മാറി ചിന്തിച്ചേ പറ്റൂ അനന്തേട്ടൻ.. എന്ന് അനന്തേട്ടന് സ്വന്തം കാലിൽ പോരാടുവാൻ പ്രാപ്തിയുണ്ടെന്ന് എനിക്ക് തോന്നുന്നുവോ അന്ന് ഞാൻ പോവും. എനിക്കാരെയും പേടിയില്ല അമ്മേ ഇപ്പോൾ..അനന്തന് സീതയെ ഉപേക്ഷിക്കാൻ അത്ര പെട്ടെന്ന് സാധിക്കില്ല. അതീ കുറഞ്ഞ ദിനങ്ങൾ കൊണ്ട് ഞാൻ മനസിലാക്കിയതാണ്. അനന്തേട്ടൻ മാറും മക്കൾക്ക് വേണ്ടി, തനിക്ക് വേണ്ടി..””””

ചിരിച്ച് കൊണ്ട് അവൾ അമ്മയെ കെട്ടിപിടിച്ചു.

പുറത്ത് നിന്ന് ഉയരുന്ന രാധികേച്ചിയുടെയും ചേട്ടന്മാരുടെയും ശകാരങ്ങൾ അവളെ ബാധിച്ചതേ ഇല്ലായിരുന്നു.

ആദ്യമായി മനസിൽ ഒരു മഞ്ഞ് വീണ സുഖം അനുഭവപ്പെടുന്നു.

തന്നെയും തേടി വരാൻ ഒരാൾ ഉണ്ടായിരിക്കുന്നു. ഇത് മാത്രം മതി ഈ പെണ്ണിന്…

ജനൽ തുറന്നപ്പോൾ താഴെ തന്നെ പ്രതീക്ഷിച്ച് എന്ന പോലെ നിൽക്കുന്ന അനന്തനെ ഒന്ന് നോക്കി..

ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..

ഒരു വേള നോട്ടം ഇടഞ്ഞപ്പോൾ വേഗം ജനൽ കൊട്ടിയടച്ചു..

അനന്തേട്ടാ… അധികം വൈകിക്കരുത് എല്ലാം നേടി തിരിച്ച് വരാൻ..

മനസ്സിൽ പതിയെ മൊഴിഞ്ഞ് കൊണ്ടവൾ മയക്കത്തിലേക്ക് വീണു.

?????

“”” അനന്താ എന്താടാ പറ്റിയത്?”””

ജാനകിയമ്മയുടെ നിർത്താതെയുള്ള ചോദ്യത്തെ ഗൗനിക്കാതെ അവനാ അമ്മയെ വാരിപുണർന്നു.

“”” സീത വന്നില്ലേ മോനെ?”””

അവന്റെ മുടിയിൽ പതിയെ തലോടി കൊണ്ടവർ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“”” ഞാൻ എല്ലാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടല്ലെ?”””

“””എന്താടാ പറ്റിയേ? ആരെങ്കിലും വല്ലതും പറഞ്ഞോ നിന്നോട്?”””

അവന്റെ താടി തുമ്പിൽ പിടിച്ച് കൊണ്ടുള്ള ചോദ്യത്തിന് മറുപടി നൽകാതെ കുറച്ച് നേരം ആ മടിയിൽ തലചായ്ച്ചു അവൻ.

“””മോൻ വിഷമിക്കണ്ട. എല്ലാം ശരിയാകും. ക്ഷമയോടെ കാത്തിരിക്കാൻ ഞാൻ പറയില്ല.കാരണം ഒരാൾക്ക് സഹിക്കാവുന്നതിന്റെ പരിധിയുണ്ട്. ഇത്രയും കാലം ഞാൻ നിന്നെ തടഞ്ഞിട്ടേയുള്ളൂ. പക്ഷേ ഇന്ന് പൂർണ സമ്മതം തരുവാ.. പ്രതികരിച്ചൂടെ നിനക്ക്? ആ മക്കൾക്ക് വേണ്ടി.. പോയി നിന്റെ സ്വാതന്ത്ര്യം തിരിച്ച് പിടിക്ക്…””””

“”” അമ്മ എനിക്കൊരു വാക്ക് തരുമോ?”””

പതിവില്ലാത്ത അവന്റെ ചോദ്യം കേട്ട് ഒരു സംശയത്തോടെയവർ അവനെ നോക്കി.

“”” അഥവാ ഞാനൊരു തെറ്റ് ചെയ്താൽ മക്കളെ നോക്കണം.. അവർ അനാഥരാവാൻ പാടില്ല”””

“”” എന്താ അനന്താ കാര്യം? നീ എന്താ പറഞ്ഞ് വരുന്നത്?”””

“”” ഞാൻ തീരുമാനിച്ചു അമ്മേ.. എന്നെ മോചിപ്പിക്കാൻ…”””

ഒരു ചിരിയോടെ അവരുടെ കവിളിൽ മുത്തി കൊണ്ട് തിരിഞ്ഞ് നടക്കുന്ന അവനെ ഒരു തരം ഭീതിയോടെ അവർ നോക്കി. പിന്നെ രണ്ടും കൽപ്പിച്ച് ഭദ്രനെ വിളിച്ചു.

പതിവില്ലാതെയുള്ള തുടർച്ചയായ വാതിലിൽ മുട്ട് കേട്ടാണ് അനിഷ്ടത്തോടെ ശാരദാമ്മ എഴുന്നേറ്റ് വാതിൽ തുറന്നത്.

“””നിനക്ക് തോന്നുമ്പോൾ കയറി വരാൻ ഇത് സത്രം ഒന്നുമല്ല…”””

ഒന്നും പറയാതെ കേറാൻ ശ്രമിച്ച അനന്തൻ എന്തോ ഓർത്ത് അടുക്കളയിലേക്ക് നടന്നു.

മൂടിവച്ച പാത്രങ്ങൾ തുറന്ന് കൊണ്ട് അതിൽ അവശേഷിച്ച ഭക്ഷണം കഴിക്കാനായി നടന്നപ്പോഴാണ് കാറ്റ് പോലെ ശാരദാമ്മ അത് തട്ടി കളഞ്ഞത്. നിലത്ത് ചിതറി കിടക്കുന്ന വറ്റ് കണ്ടതും അവന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ശാരദാമ്മക്കിട്ട് ഒന്ന് കൊടുത്തു.

കണ്ണും തള്ളി കുറച്ച് നേരം നിന്നു പോയി ശാരദാമ്മ. ഒരിക്കൽ പോലും പ്രതിക്ഷിക്കാത്തത് സംഭവിച്ച ഞെട്ടലിൽ അവർ ഒരു ചെറിയ ഭയത്തോടെ പിറകോട്ട് വലിഞ്ഞു.

“”” കുറച്ച് നാളായി തരണം എന്ന് കരുതുന്നു. പ്രായത്തെ ഓർത്തിട്ടാ… ഇതിനു മാത്രം ദ്രോഹിക്കാൻ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. മരിക്കാൻ നേരത്ത് ചേട്ടൻ ആകെ ആവശ്യപ്പെട്ടത് എന്ത് വന്നാലും നിങ്ങളെ കൈവെടിയരുത് എന്നാ… അമ്മ മാരെ വൃദ്ധസദ്ദനത്തിലാക്കുന്ന കാലത്ത് മരിക്കാൻ കിടക്കുമ്പോൾ പോലും അവൻ വിഷമിച്ചത് നിങ്ങളെ ഓർത്താ.. നിങ്ങൾക്ക് ഒരു കുറവും ഉണ്ടാകരുത് എന്ന് എന്നെ പിടിച്ച് സത്യം ചെയ്യിച്ചതാ… അന്ന് തൊട്ട് ഒരു നിഴൽ പോലെ നിങ്ങളുടെ കൂടെ ഞാൻ ഉണ്ടായിരുന്നതല്ലെ… എത്ര ആട്ടിപായിച്ചിട്ടും ഒരിക്കൽ പോലും ഞാൻ നിങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടോ? ഉപദ്രവിച്ചിട്ടുണ്ടോ? നിങ്ങൾ എന്നെ വേദനിപ്പിക്കുമ്പോൾ പോലും എല്ലാം സഹിച്ചിട്ടല്ലേ ഉള്ളൂ.. എന്റെ സ്വപ്നം.. എനിക്ക് കിട്ടിയ ജോലി പോലും നിങ്ങൾ നിഷ്കരുണം ഇല്ലാതാക്കിയപ്പോൾ ഞാൻ പ്രതികരിച്ചോ? മതിയായില്ലേ നിങ്ങൾക്ക്… ഇനി എന്താ എന്നെ കൊല്ലണോ…? മകളുടെ കഥയും പറഞ്ഞ് എന്റെ അമ്മയെയും എന്നെയും തീരാ ദുഃഖത്തിലാഴ്ത്തി നിങ്ങൾ.. ഇനിയെങ്കിലും അവസാനിപ്പിച്ചൂടെ.. നിങ്ങളുടെ ക്രൂരതക്ക് ബാക്കിയുള്ളവരെ വേദനിപ്പിക്കുന്നത് എന്തിനാ?”””

ആടി കുഴഞ്ഞ് കൊണ്ട് താഴേക്ക് വീഴാൻ പോയ അനന്തനെ ശാരദാമ്മ ഒന്ന് പിടിച്ചു. എന്നാൽ അവരെ തട്ടി മാറ്റി കൊണ്ട് അവൻ അടുത്തുള്ള കസേരയിലായി ഇരുന്നു.

“”” നിങ്ങൾ വിഷമാണ്..സീത പോലും പറഞ്ഞു ഞാൻ ഒന്നിനും കൊള്ളാത്തവനാണെന്ന്.. എന്നെ അങ്ങനെയാക്കിയതാരാ? ആർക്കും അനന്തനെ വേണ്ട… അനന്തൻ പാവം.. നിഷ്കു..എല്ലാം സഹിക്കുന്നവൻ… അനന്തനും ദേഷ്യമുണ്ട്, വെറുപ്പുണ്ട്.. പ്രകടിപ്പിച്ചിട്ടില്ല ഞാൻ.. പല രാത്രിയിലും നിങ്ങളെ ഈ കൈകൾ കൊണ്ട് കൊല്ലാൻ തോന്നിയിട്ടുണ്ട് എനിക്ക്. എനിക്ക് സ്വതന്ത്രനാവണം..എനിക്കും ആഗ്രഹമുണ്ട്.. ഇഷ്ടങ്ങളുണ്ട്. പക്ഷേ എല്ലാർക്കും അവരവരുടെ കാര്യം മാത്രം..””””

“”” നീ കുടിച്ചിട്ടുണ്ടോ അനന്താ…?”””

ദേഷ്യത്താൽ വിറച്ച് കൊണ്ട് ശാരദാമ്മ അനന്തനെ എഴുനേൽപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അപ്രതീക്ഷിതമായി അനന്തൻ അവരുടെ കഴുത്തിൽ കൈ മുറുക്കി.

“”” നിങ്ങൾ ഇന്ന് മരിക്കും. ഞാൻ കൊല്ലും….””””

കൈ മുറുക്കി കൊണ്ട് അനന്തൻ അട്ടഹസിച്ച് കൊണ്ടിരുന്നു. അവന്റെ ഭ്രാന്ത് കണ്ട് തരിച്ച് നിൽക്കുവായിരുന്നു ശാരദാമ്മ.

ശ്വാസം കിട്ടാതെ അവർ പുളഞ്ഞു കൊണ്ടിരുന്നു.

“”” അനന്താ….””””

പിറകിലായി മുഴങ്ങിയ ശബ്ദം കേട്ട് അനന്തൻ തന്റെ കൈ വിട്ടു. മുന്നിൽ ഞെട്ടലോടെ നിൽക്കുന്ന ഭദ്രനെ അവൻ ചിരിയോടെ നോക്കി.

“”” ഭദ്രാ.. നീ പറഞ്ഞത് ശരിയാ.. ഇവർ മരിച്ചാലെ മോക്ഷം കിട്ടൂ..ഞാനിവരെ കൊല്ലാൻ പോവാ….””””

ഒരു തരം ഭ്രാന്ത് പോലെ മുടിയിൽ കൈകൾ ചേർത്തവൻ പുലമ്പി കൊണ്ടിരുന്നു.

ഓടിവന്ന് കൊണ്ട് ഭദ്രൻ അവനെ ഇരുകെ പുണർന്നു.

“”” എനിക്ക് പറ്റുന്നില്ലടാ…. പറ്റുന്നില്ല. എന്നെ രക്ഷിക്ക്…..””””

തേങ്ങികരയുന്ന അവനെ ആശ്വസിപ്പിച്ച് കൊണ്ട് ഭദ്രൻ അവനെ മുറിയിൽ കൊണ്ട് ചെന്ന് കിടത്തി.

നിലത്ത് മുട്ടികുത്തിയിരിക്കുന്ന ശാരദാമ്മയെ വെറുപ്പോടെ ഒന്ന് നോക്കി കൊണ്ട് ഭദ്രൻ കൈയ്യിലെ വെള്ളം അവർക്ക് നേരെ നീട്ടി. ആർത്തിയോടെ കുടിക്കുന്ന അവരെ ഒരു പുച്ഛചിരിയോടെ അവൻ നോക്കി നിന്നു.

“”” ഇതുപോലെ എന്റെ അനന്തനും നിങ്ങളോട് വെള്ളത്തിനായി പല തവണ കെഞ്ചിയിരുന്നില്ലേ? ഇപ്പോൾ കണ്ടോ ആ അവസ്ഥ എന്താണെന്ന്.. നിങ്ങളാ അവനെ ഈ ഗതിയിലാക്കിയത്. ഇത്രയും കാലത്തെ അവന്റെ വേദനയാ കുറച്ച് മുമ്പ് നിങ്ങൾ കണ്ടത്.. ആർക്ക് വേണ്ടിയാ ശാരദാമ്മേ? എന്ത് നേട്ടമാ നിങ്ങൾക്ക് കിട്ടിയത്? മരിച്ചിട്ട് ഈ സ്വത്തും കൂടി കൊണ്ട് പോവാനാണോ? ഒന്നും അറിയാതെ ഉറങ്ങുന്ന ആ മക്കളെ ശ്രദ്ധിച്ചോ നിങ്ങൾ? നിങ്ങളുടെ കാലശേഷം അവരെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അനന്തൻ മാത്രമേ അവർക്ക് ഉള്ളൂ..”””

“””ജാനകി ചേച്ചി പറഞ്ഞു ഇവിടത്തെ കാര്യം… ഒന്ന് അനന്തനെ കാണാൻ എനിക്കിപ്പോ വരാൻ തോന്നിയത് ഭാഗ്യം.”””

കൂടുതലൊന്നും പറയാതെ തിരിഞ്ഞ് നടന്ന ഭദ്രനെ തന്നെ നോക്കി നിൽക്കുകയായിരുന്നു ശാരദാമ്മ.

ആ കണ്ണുകൾ കുറ്റബോധത്താൽ നിറഞ്ഞു.

തെറ്റിലൂടെയായിരുന്നു ഞാൻ സഞ്ചരിച്ചത്. പക്ഷേ എനിക്ക് കഴിയുമായിരുന്നില്ല അനന്തനെ സ്നേഹിക്കാൻ.. ഭയമായിരുന്നു തനിക്ക്. ഒരു തരി സ്നേഹം പുറത്ത് വന്നാൽ… ചിലപ്പോൾ ഞാൻ സ്വാർത്ഥയായി മാറുമെന്ന്.തന്റെ സ്വാർത്ഥത കൊണ്ട് എല്ലാം നഷ്ടമായിട്ടേ ഉള്ളൂ.. ആദ്യം മകൾ..പിന്നെ പേരകുട്ടി. കൂടുതൽ സ്നേഹിക്കുന്നവർ എന്നെ വിട്ട് പോയിട്ടേ ഉള്ളൂ… എല്ലാം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ട് ആശുപത്രിയിൽ കിടക്കുമ്പോഴാ ഒരു പുതു പ്രതീക്ഷ പോലെ അനന്തനെ കാണുന്നത്. അന്ന് അവനെ കൊണ്ട് തന്റെ അടിമയായി കഴിയാൻ നിർബന്ധിച്ചപ്പോഴും മനസിൽ ഒരു ലക്ഷ്യമായിരുന്നു അവൻ എന്നും തന്റെ കൂടെ വേണമെന്ന്.

അവന്റെ സ്വപ്നങ്ങൾ കാറ്റിൽ പറത്തുമ്പോഴും അവനെ ഉപദ്രവിക്കുമ്പോഴും ഞാൻ ക്രൂരയാവുകയാണെന്നറിഞ്ഞിട്ടും സ്നേഹിക്കാൻ വെമ്പുന്ന തന്റെ സ്വന്തം മനസിനെ തളച്ചു നിർത്തി. അവൻ ഞങ്ങളെ ഉപേക്ഷിച്ച് പോകാതിരിക്കാൻ..

ഭദ്രനെ നാട് കടത്തിയതും പുറലോകവുമായുള്ള സഹവാസം അനന്തന് നിഷേധിച്ചതുമെല്ലാം പേടി കൊണ്ടായിരുന്നു.

ജനിച്ചപ്പോൾ മുതൽ ഞാനവനെ വേദനിപ്പിച്ചിട്ടേയുള്ളൂ.. ഒരിക്കലും അവന് നഷ്ടപ്പെട്ട ബാല്യം തിരിച്ച് നൽകാൻ എനിക്ക് സാധിക്കില്ല..
ആ ദേഷ്യം എന്നെ ദ്രോഹിക്കാൻ മുതലെടുക്കുമോ എന്ന് ചിന്തിച്ചു കൂട്ടി.

അവന്റെ ഉള്ളിലെ നന്മയെ അവഗണിച്ച് എന്റെ ഭയത്തിന് ഞാൻ പ്രാധാന്യം കൊടുത്തു.

മക്കളിൽ നിന്നവനെ അകറ്റിയത് മറ്റൊരു ഭയമായിരുന്നു. മക്കളെ കൊണ്ടവൻ കടന്ന് കളഞ്ഞ് തന്നെ തനിച്ചാക്കിയാലോ എന്ന് കരുതി.

ശരിക്കും അവൻ എന്നെയല്ല ഞാൻ അവനെയാണ് ഭയന്നത്.

എന്റെ ഭയത്തെ എല്ലാരും ഭ്രാന്ത് എന്ന് വിളിക്കുമായിരിക്കും. പക്ഷേ ഒരമ്മയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അത് ഭ്രാന്തല്ല. എന്നും തണലായി ഒരാൾ ഉണ്ടാവണം എന്ന് മാത്രമേ ഞാനാഗ്രഹിച്ചിട്ടുള്ളൂ. അതിന് ഞാൻ തിരഞ്ഞെടുത്ത രീതി തെറ്റായിരുന്നു എന്ന് വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്.

ഒരു ശങ്കയോടെ അവർ വേച്ച് വേച്ച് മുകളിലേക്ക് കയറി.. ആദ്യമായി പൂർണ മനസോടെ യാതൊരു കുടിലതയും ഇല്ലാതെ അവർ അനന്തന്റെ മുറിയിൽ കയറി.

തളർന്നുറങ്ങുന്ന അവന്റെ കാലുകളിൽ നിറമിഴിയോടെ തൊട്ട് വണങ്ങി.

“”” ക്ഷമിക്കണം എന്ന് ഞാൻ പറയില്ല. വെറുക്കരുത് മോനെ… ഞാൻ ഒരിക്കലും നിന്നെ സ്നേഹിച്ചിട്ടില്ല എന്ന് പറയരുത്. പ്രകടിപ്പിച്ചിട്ടില്ല. ഭയമായിരുന്നു നിന്റെ മുത്തശ്ശിക്ക്. ഒരിത്തിരി സ്നേഹം കാണിച്ചാൽ നിന്നെയും നഷ്ടപ്പെടുമോ എന്ന ഭയം. എന്റെ മോന് നല്ലതേ വരൂ..”””

ആദ്യമായി അവരാ മകനെ തലോടി..ആകാശത്ത് താരങ്ങൾ അവരെ നോക്കി ചിമ്മുന്നുണ്ടായിരുന്നു.

ഒരുപക്ഷേ അതവരുടെ മകളും പേരക്കുട്ടിയുമാവാം…

?????

കണ്ണു തുറന്ന അനന്തൻ തനികരികിലായി മയങ്ങുന്ന ശാരദാമ്മയെ കണ്ട് ഒരു നിമിഷം തറഞ്ഞ് നിന്ന് പോയി..

കാണുന്നത് സ്വപ്നമാണോ അതോ യാഥാർത്ഥ്യമാണോ എന്നവൻ ചിന്തിച്ചു.

“”” മുത്തശ്ശി…..””””

വല്ലാത്ത ഒരു ഉണർവോടെ അവനാ സ്ത്രീയെ വിളിച്ചു

“””മോൻ എഴുന്നേറ്റോ.. തലവേദനയുണ്ടോ?”””

നെറ്റിയിൽ കൈ ചേർത്ത് നോക്കുന്ന ആ സ്ത്രീയെ അവൻ നിറകണ്ണുകളോടെ നോക്കി. ആ കൈപ്പടത്തിലെ തണുപ്പ് ശരീരമാകെ വ്യാപിക്കുന്നത് പോലെ.

“”” ഇന്നലെ കുടിച്ച് വന്നതും പോരാ.. തല ഉയർത്താൻ പറ്റുന്നുണ്ടാവില്ല. വാ… ഞാൻ പൊടിയരി കഞ്ഞി ഉണ്ടാക്കി തരാം.. ജാനകിയും പിണങ്ങി പോയതിനാൽ എല്ലായിടത്തും എന്റെ കൈ തന്നെ എത്തേണ്ടി വരും”””

സ്വയം പിറുപിറുത്ത് കൊണ്ട് മുറിക്ക് പുറത്തിറങ്ങുന്ന അവരെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു.

താഴേക്കിറങ്ങി വരുമ്പോഴും പുഞ്ചിരിയോടെ തന്നെ സ്വീകരിച്ച് ഭക്ഷണം വിളമ്പുന്ന അവരുടെ മാറ്റം വിശ്വസനീയമായവന് തോന്നിയിരുന്നില്ല.

“”” പുതിയ നാടകമാണോ ഇത്? എന്നെ ഉപദ്രവിച്ച് നിങ്ങളുടെ അടുത്ത് നിർത്താൻ കഴിയില്ലെന്ന് മനസിലായപ്പോൾ കള്ള സ്നേഹം കാണിച്ച് മയക്കാനാണോ? കുറച്ച് ദിവസം മുമ്പായിരുന്നെങ്കിൽ ഇത് ഞാൻ കണ്ണും പൂട്ടി വിശ്വസിച്ചേനെ.. ഇനി ഭക്ഷണത്തിൽ വല്ല വിഷവും ചേർത്തിട്ടുണ്ടോ?”””

“””” അനന്താ… ഞാനങ്ങനെയൊന്നും”””

“”” നിർത്ത്…. ഇത്രയും കാലം നിങ്ങളുടെ കഥ കേട്ട് നടന്നതല്ലേ..എന്താ പറയാൻ പോവുന്നത് എന്നറിയാം… ഇനി കണ്ണീർ പൊഴിച്ച് പറ്റിക്കാൻ ശ്രമിക്കണമെന്നില്ല. ഇന്നലെയോടെ നിങ്ങളുടെ മുമ്പിൽ ഓച്ഛാനിച്ച് നിന്ന അനന്തൻ മരിച്ചു. ഞാനിന്ന് വൈകീട്ട് തിരിക്കും ബാഗ്ലൂർ ക്ക്…””””

“”” അനന്താ… പോവല്ലേ… എനിക്കാരുമുണ്ടാവില്ല അനന്താ.. എന്നെ ഉപേക്ഷിക്കരുത്?”””

കരഞ്ഞ് കൊണ്ട് അവരാ മകന്റെ കാലിലേക്ക് വീണു.

“”” മാപ്പ്… എന്നെ വീട്ട് പോകല്ലേ അനന്താ..”””

“”” നിങ്ങൾ എന്നും തനിച്ചായിരുന്നു മുത്തശ്ശി. ഒരിക്കലും നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഞങ്ങൾക്കാർക്കും സ്ഥാനം നൽകിയിട്ടില്ല. നിങ്ങൾക്ക് വേണ്ടത് വെറും അവകാശിയായിരുന്നു. ഇതെല്ലാം നോക്കി നടത്താൻ ഒരാൾ.. എന്ന് നിങ്ങളുടെ മനസ് മാറുന്നോ അന്ന് തിരിച്ച് വരും ഞാൻ…””””

“””” മക്കളെ ഞാൻ കൊണ്ട് പോവാണ്… നിങ്ങളുടെ കൂടെ നിന്നാൽ ചിലപ്പോൾ അവരും ദുഷിച്ച് പോവും”””

അവരെ ഒന്നും കൂടി നോക്കി കൊണ്ടവൻ പുറത്തേക്ക് നടന്നു. ആദ്യമായി അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി നിന്നിരുന്നു.

ഭദ്രന്റെ വീട്ടിൽ ചെന്ന് എല്ലാരോടും യാത്ര ചോദിച്ചു.. മുത്തശ്ശിയെ നോക്കാൻ അവൻ ജാനകി ചേച്ചിയെ ഏർപ്പാടാക്കിയിരുന്നു.

പോകുന്നതിന് മുമ്പ് സീതയെ ഒന്ന് കാണണമെന്നവന് തോന്നിയെങ്കിലും ആ ശ്രമം ഉപേക്ഷിച്ചു.

എന്ന് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയാവുന്നോ അന്ന് ഞാൻ വരും നിന്നെ കൂട്ടാൻ…

സ്വയം ആത്മഗതിച്ച് കൊണ്ട് യാത്രയ്ക്കുള്ള സാധനങ്ങൾ മിച്ചമുള്ള പണം കൊണ്ട് വാങ്ങി കൂട്ടി.

ഭദ്രൻ അവിടൊരു ജോലി അനന്തന് വേണ്ടി ഏർപ്പാടാക്കിയിരുന്നു. കൂടെ തന്നെ മുടങ്ങി പോയ ലക്ഷ്യം പൂർത്തികരിക്കാനും അവൻ തീരുമാനിച്ചു. പരീക്ഷ എഴുതി ഒരു ബാങ്കിൽ വർക്ക് ചെയ്യണം അവന്. മക്കളെ ഒരു ബുദ്ധിമുട്ടും വരുത്താതെ നോക്കണം.

മക്കളെയും കൂട്ടി കാറിൽ കയറുമ്പോഴും ശാരദാമ്മ തന്റെ മുറിയുടെ വാതിൽ തുറന്നിരുന്നില്ല. വേദന തോന്നിയിരുന്നെങ്കിലും അനന്തനത് മറച്ച് പിടിച്ചു.

ഇത്രയും കാലം തന്റെ ദുഃഖവും സന്തോഷവും നിറഞ്ഞ് നിന്ന ആ വീട്ടിലേക്ക് അവസാനമായി ഒരിക്കൽ കൂടിയവൻ മിഴികൾ പായിച്ചു.

ഒരു തിരിച്ച് വരവ് മനസിൽ കുത്തി കുറിച്ച് കൊണ്ട്…

?????

വർഷങ്ങൾ കടന്ന് പോയിരിക്കുന്നു.

കാലചക്രത്തിന്റെ പരിക്രമണം അനന്തനെ വർഷങ്ങൾക്കപ്പുറം വീണ്ടും ഒരിക്കൽ കൂടി ആ മുറ്റത്ത് എത്തിച്ചു.

ചെയ്ത തെറ്റിന് സ്വന്തം ജീവൻ കൊണ്ട് തന്നെ ശാരദാമ്മ പ്രായശ്ചിത്തം ചെയ്തു.

ഒറ്റപ്പെടൽ ഒരു മനുഷ്യനെ ഭ്രാന്തനാക്കും എന്നല്ലെ… ആ ഒറ്റപ്പെടൽ അവസാനിപ്പിച്ച് കൊണ്ടവർ ലോകം വെടിഞ്ഞു…

ഇന്ന് അവരുടെ സഞ്ചയനമാണ്. അനന്തനും മക്കളും എത്തിയിട്ടുണ്ട്. എല്ലാത്തിനുമായി ഓടി നടന്ന് അവശനായ അനന്തന് പിറകെ അവനെ അനുകരിച്ച് കൊണ്ട് കുട്ടികളും ഓരോ ആവശ്യത്തിനായി ഓടി നടക്കുന്നുണ്ട്.

കണ്ണനിപ്പോൾ 8 വയസ്സാണ്.. മാലുവിന് 6 ഉം.. തിരിച്ച് പോകണ്ട എന്ന തീരുമാനത്തിലാണ് അനന്തൻ. രണ്ടാളെയും അടുത്തുള്ള വിദ്യാലയത്തിൽ യഥാക്രമം ഒന്നിലും മൂന്നിലുമായി ചേർക്കാൻ തീരുമാനിച്ചിരിക്കാണ്.

അനന്തനിപ്പോൾ ബാങ്ക് ലെ ട്രെഷറർ ആയി ജോലി ചെയ്യാണ്. നാട്ടിലേക്ക് ഒരു സ്ഥലമാറ്റത്തിന് അപ്ലൈ ചെയ്തിട്ടുണ്ട്.

“”” അച്ഛായി……””””

ഓടിവന്ന് കൊണ്ട് മാലു അനന്തന്റെ മടിയിലായി ഇരുന്നു.

രണ്ട് മക്കൾക്കും അനന്തൻ സ്വന്തം അച്ഛനാണ്.

“”” ടീ പീക്കിരി… നിന്നോട് പഠിക്കാൻ പറഞ്ഞതല്ലേ ഞാൻ. കണ്ണ് തെറ്റിയാൽ കളിക്കാനോടും.. വാ ഇന്ന് ഞാൻ പഠിപ്പിച്ച് തരാം”””

“”” കൊച്ച് നേരം കളിക്കട്ടെ…മാലുന് പഠിച്ചിട്ട് ഉറക്കം വരുവാ…”””

മുഖം ചുളുക്കി കൊണ്ട് അവൾ അനന്തനെ ഒളികണ്ണിട്ട് നോക്കി. കുറച്ച് വിശ്വസനീയതയ്ക്കായി കോട്ടുവായിട്ട് കാണിക്കുന്നുമുണ്ട് കുറുമ്പി.

അനന്തന് അവളുടെ കാട്ടികൂട്ടലുകൾ കണ്ട് ചിരി വരുന്നുണ്ടെങ്കിലും ഗൗരവം പിടിച്ചു നിന്നു.

“”” പോയി പഠിക്ക് മാലു.. ഞാൻ തന്ന പരീക്ഷ പോലും നീ എഴുതിയിട്ടില്ല.”””

പിറകിലായി നടന്ന് വന്ന് കൊണ്ട് കണ്ണൻ മാലുവിനെ നോക്കി കണ്ണുരുട്ടി.

കണ്ണൻ ഇപ്പോഴേ ഒരു മാഷിനെ പോലെയാ പെരുമാറുന്നത്. അരവിന്ദന്റെ അതേ പകർപ്പാണ് കണ്ണന്റെ സ്വഭാവത്തിനും ഇപ്പോൾ.

“”” അത് എനിക്കൊന്നും തിരിയണില്ല. ഈ കണ്ണേട്ടൻ വലിയ ചോദ്യമാ തരുന്നത്..”””

“”” നീ പഠിക്കാഞ്ഞിട്ടാ..ഞാൻ തന്നത് കുഞ്ഞി ചോദ്യമാ… Cat, dog എന്ന് പോലും എഴുതാൻ അറിയില്ല എന്ന് വച്ചാൽ…”””

നെറ്റിയിൽ കൈ വയ്ച്ച് കൊണ്ട് മാലുവിനെ ചീത്ത പറയുന്ന കണ്ണനെയും അതിന് തർക്കുത്തരം വിളിച്ച് പറയുന്ന മാലുവിനെയും കുസ്യതി യോടെ നോക്കി കാണുകയായിരുന്നു അനന്തൻ.

ഓർമകളിൽ സീതയുടെ മുഖം തെളിഞ്ഞതും ആ കണ്ണുകൾ നിറഞ്ഞു.

നിനക്കായുള്ള കാത്തിരിപ്പിലാണ് പെണ്ണേ.. ഈ കഴിഞ്ഞ നാല് വർഷങ്ങളാണ് എനിക്ക് ബോധ്യപ്പെടുത്തി തന്നത് നിന്റെ സാന്നിധ്യം എത്രത്തോളം എന്നെ സ്വാധീനിച്ചിരുന്നുവെന്ന്…

മുറിയിൽ കയറി അവസാനമായി തനിക്ക് കിട്ടിയ കത്തവൻ വീണ്ടും വായിച്ചു.

അനന്തേട്ടന്….,

സുഖമാണെന്ന് കരുതുന്നു. കാര്യങ്ങളെല്ലാം ഒരിക്കൽ ഭദ്രേട്ടൻ വന്നപ്പോൾ പറഞ്ഞു. മക്കൾക്ക് എല്ലാം സുഖമല്ലേ അനന്തേട്ടാ? ജോലിയൊക്കെ എങ്ങനെ പോകുന്നു? വലിയ ബുദ്ധിമുട്ടുള്ള ജോലിയാണോ? എന്നോട് ദേഷ്യം കാണുമെന്നറിയാം. എന്തായാലും വൈകിയാണെങ്കിലും ശരിയായ തീരുമാനമെടുത്തല്ലോ.. സന്തോഷമായിരിക്കണം. ആരെക്കുറിച്ചോർത്തും വേദനിക്കരുത്. എനിക്കിവിടെ പ്രശ്നമൊന്നുമില്ല. അതോർത്ത് പേടിക്കേണ്ട. അവിടന്ന് തിരിച്ച് വരുമ്പോൾ എല്ലാം നേരിടാനുള്ള കരുത്തും ഞാൻ പഠിച്ചെടുത്തു എന്ന് പറയാം…അമ്മയുടെ ആസുഖം കൂടിയിരിക്കാണ്. മനസിന് വല്ലാത്ത ഒരു തളർച്ച പോലെ തോന്നി. അതാ അനന്തേട്ടന് കത്തെഴുതാം എന്ന് കരുതിയത്. അനന്തേട്ടനോട് സംസാരിച്ചാൽ വിഷമമെല്ലാം ഞാൻ പോലുമറിയാതെ ആവിയായി പോകും. വല്യേട്ടൻ വീട് ഭാഗം വയ്ക്കാൻ തീരുമാനിച്ചിരിക്കാണ്. ചേട്ടന്മാർ തമ്മിൽ കുടുംബ സ്വത്തിന്റെ പേരിൽ വഴക്കാണിപ്പോൾ.. അമ്മയുടെ മരണത്തിന് മുമ്പ് വിൽപത്രം എഴുതിപ്പിക്കാനാ പറയുന്നത്. ഒന്നും മിണ്ടുന്നില്ലെങ്കിൽ കൂടിയും ഉള്ളിൽ പൊട്ടികരയുവാണ് അമ്മ. സ്വന്തം മക്കൾക്ക് പോലും വേണ്ടാതായിരിക്കുന്നു. അമ്മയുടെ അവസ്ഥ കണ്ടിരിക്കാൻ കഴിയുന്നില്ല. തറവാട് നഷ്ടമായാൽ അമ്മയെയും കൊണ്ട് എങ്ങോട്ട് ഇറങ്ങുമെന്നാ.. മരണം വരെ എങ്കിലും അമ്മയെ നോക്കണം എന്നുണ്ട്. ഇവിടെ എത്ര കാലം എന്നറിയില്ല. ഒരു ജോലി അമ്മാവൻ വഴി പറഞ്ഞ് വച്ചിട്ടുണ്ട്. ദൂരെ ഒരു വൃദ്ധസദ്ധനത്തിലെ അമ്മമാരെ നോക്കുന്ന ജോലിയാ.. ശരിയായാൽ അമ്മയെയും കൊണ്ട് അങ്ങോട്ട് മാറും. അനന്തേട്ടൻ ഇനി എന്നാ നാട്ടിലേക്ക് വരിക? പോകുന്നതിന് മുമ്പ് കാണാൻ ഒരു മോഹം.. തിരക്കാണെങ്കിൽ വേണ്ട.. അനന്തേട്ടനും മക്കൾക്കും നല്ലത് മാത്രമേ വരൂ….

സ്നേഹപൂർവ്വം, സീത

കത്ത് ലഭിച്ച ശേഷം ഒരുപാട് അന്വേഷിച്ചതാ നിന്നെ.. പക്ഷേ നീയും അമ്മയും അപ്പോഴേക്കും വീട് വിട്ട് പോയിരുന്നു. നീ പറഞ്ഞ വ്യദ്ധസദ്ധനത്തിൽ അന്വേഷിച്ചെങ്കിലും കണ്ട് കിട്ടിയില്ല.

എവിടെയാണ് നീ….? തിരിച്ച് വരില്ലേ?

കത്ത് നെഞ്ചോട് ചേർത്ത് മയക്കത്തിലേക്ക് അനന്തൻ വീഴുമ്പോഴും ഒരു കള്ള ചിരിയോടെ ആരും കാണാതെ സ്കൂൾ പുസ്തകത്തിൽ കുറിച്ച് വച്ച നമ്പരിലേക്ക് ഫോൺ വിളിച്ച് മെല്ലെ കണ്ണൻ മൊഴിഞ്ഞു.

“”” ചേച്ചിയമ്മേ…. വേഗം കയറി പോര്.. നമുക്ക് പറ്റിക്കണ്ടേ….”””

തുടരും…

ഒരുപാട് പോരായ്മ നിറഞ്ഞ ഒരു കഥയാണിത്. എന്റെ ശ്രദ്ധകുറവും ഉണ്ട്. വിവരമില്ലായ്മ കുറച്ച് ഉണ്ട് എനിക്ക്??. അതിന്റെ പ്രശ്നമാ… ക്ഷമിക്കുക. ഞാൻ ഈ എഴുത്തിന്റെ ലോകത്ത് പിച്ച വച്ച് തുടങ്ങിയിട്ടേയുള്ളൂ.. പതിയെ പതിയെ പഠിച്ച് ശരിയാവുമായിരിക്കും.

എന്റെ ഭാഗത്ത് നിന്ന് വല്ല തെറ്റും കണ്ടിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.

അപ്പോൾ വായിച്ച് അഭിപ്രായം അറിയിക്കുക.